ബീബീനഗർ എയിംസിനു തറക്കല്ലിട്ടു
സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ പുനർവികസനത്തിനു തറക്കല്ലിട്ടു
"സെക്കന്ദരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്‌പ്രസ് വിശ്വാസം, ആധുനികത, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയെ വിജയകരമായി കൂട്ടിയിണക്കും"
"തെലങ്കാനയുടെ വികസനവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പൗരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടത് കേന്ദ്ര ഗവണ്മെന്റിന്റെ കടമയാണ്"
"ഈ വർഷത്തെ ബജറ്റിൽ ഇന്ത്യയിലെ ആധുനിക അടിസ്ഥാനസൗകര്യ വികസനത്തിന് 10 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്"
"തെലങ്കാനയിലെ ദേശീയ പാതകളുടെ ദൈർഘ്യം 2014-ൽ സംസ്ഥാന രൂപീകരണ സമയത്തെ 2500 കിലോമീറ്ററിൽ നിന്ന് 5000 കിലോമീറ്ററെന്ന നിലയിൽ ഇന്ന് ഇരട്ടിയായി"
"തെലങ്കാനയിൽ വ്യവസായത്തിന്റെയും കാർഷിക മേഖലയുടെയും വികസനത്തിന് കേന്ദ്ര ഗവണ്മെന്റ് ഊന്നൽ നൽകുന്നു"
"സ്വജനപക്ഷപാതവും അഴിമതിയും വളർത്തുന്നവർക്ക് രാജ്യത്തിന്റെ താൽപ്പര്യവുമായോ സമൂഹത്തിന്റെ ക്ഷേമവുമായോ ബന്ധമേതുമില്ല"
"ഇന്ന് അഴിമതിയുടെ ഈ യഥാർഥ കാരണത്തെ മോദി ആക്രമിക്കുന്നു"
"യഥാർഥ അർഥത്തിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന കൂട്ടായ വികസനത്തിനായി പ്രവർത്തിക്കുമ്പോഴാണ് ഭരണഘടനയുടെ യഥാർഥ സത്ത സാക്ഷാത്കരിക്കപ്പെടുന്നത്"
ഹൈദരാബാദിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തെലങ്കാനയിലെ ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ 11,300 കോടി രൂപയുടെ വിവിധ പദ്ധതികൾക്കു തറക്കല്ലിടുകയും രാജ്യത്തിന് സമർപ്പിക്കുകയും ചെയ്തു. ഹൈദരാബാദിലെ ബീബീനഗർ എയിംസിന്റെ തറക്കല്ലിടൽ, അഞ്ച് ദേശീയ പാതാ പദ്ധതികൾ, സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ പുനർവികസനം എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് വികസന പദ്ധതികളും അദ്ദേഹം സമർപ്പിച്ചു. നേരത്തെ, ഹൈദരാബാദിലെ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്‌പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു.

 

സദസിനെ അഭിസംബോധന ചെയ്യവേ, തെലങ്കാന സംസ്ഥാനത്തിന്റെ വികസനത്തിന്റെ വേഗത വർധിപ്പിക്കാൻ അവസരം ലഭിച്ചതിൽ പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി. ഐടി നഗരമായ ഹൈദരാബാദിനെ വെങ്കിടേശ്വര ഭഗവാന്റെ വാസസ്ഥലമായ തിരുപ്പതിയുമായി ബന്ധിപ്പിക്കുന്ന സെക്കന്തരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്‌‌പ്രസ് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ രാവിലെ ഫ്ലാഗ് ഓഫ് ചെയ്ത കാര്യവും അദ്ദേഹം അനുസ്മരിച്ചു. "സെക്കന്ദരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്‌‌പ്രസ് വിശ്വാസം, ആധുനികത, സാങ്കേതികവിദ്യ, വിനോദസഞ്ചാരം എന്നിവയെ വിജയകരമായി കൂട്ടിയിണക്കും" - ശ്രീ മോദി പറഞ്ഞു. റെയിൽവേ, റോഡ് ഗതാഗതം, ആരോഗ്യ അടിസ്ഥാനസൗകര്യ വികസനം എന്നിവയുമായി ബന്ധപ്പെട്ടുള്ള 11,300 കോടി രൂപയുടെ പദ്ധതികൾക്ക് തെലങ്കാനയിലെ പൗരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

തെലങ്കാന സംസ്ഥാനം നിലവിൽ വന്നത് കേന്ദ്രത്തിൽ നിലവിലുള്ള ഗവണ്മെന്റിന്റെ ഏതാണ്ട് അതേ സമയത്താണെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, സംസ്ഥാന രൂപീകരണത്തിന് സംഭാവന നൽകിയവർക്കു മുന്നിൽ ശിരസു നമിച്ചു. "തെലങ്കാനയുടെ വികസനവുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ പൗരന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടത് കേന്ദ്ര ഗവണ്മെന്റിന്റെ കടമയാണ്" -  'ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം' എന്ന മനോഭാവം ഉയർത്തിക്കാട്ടി ശ്രീ മോദി പറഞ്ഞു. കഴിഞ്ഞ ഒമ്പതു വർഷമായി രൂപകൽപ്പനചെയ്ത ഇന്ത്യയുടെ വികസനമാതൃക പരമാവധി പ്രയോജനപ്പെടുത്താൻ തെലങ്കാനയ്ക്കു പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഗരങ്ങളിലെ വികസനത്തിന്റെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ 70 കിലോമീറ്റർ മെട്രോ ശൃംഖലയും ഹൈദരാബാദ് ബഹുതല ഗതാഗത സംവിധാനം (എംഎംടിഎസ്) വികസിപ്പിക്കുന്നതിൽ കൈവരിച്ച പുരോഗതിയും പരാമർശിച്ചു. ഇന്ന് 13 എംഎംടിഎസ് സേവനങ്ങൾ ആരംഭിച്ചത് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഹൈദരാബാദ്, സെക്കന്തരാബാദ്, സമീപ ജില്ലകളിലെ ലക്ഷക്കണക്കിന് പൗരന്മാർക്ക് പ്രയോജനം ചെയ്യുന്ന തരത്തിൽ തെലങ്കാനയുടെ വിപുലീകരണത്തിനായി 600 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പുതിയ വ്യാവസായിക കേന്ദ്രങ്ങൾക്കും നിക്ഷേപങ്ങൾക്കും വഴിയൊരുക്കുമെന്നും അറിയിച്ചു.

 

കോവിഡ് -19 മഹാമാരിയും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും കാരണം ലോക സമ്പദ്‌വ്യവസ്ഥ പ്രവചനാതീതമെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ആധുനിക അടിസ്ഥാനസൗകര്യങ്ങൾക്കായി റെക്കോർഡ് നിക്ഷേപം നടത്തിയ ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് വ്യക്തമാക്കി. ഈ വർഷത്തെ ബജറ്റിൽ ഇന്ത്യയിലെ ആധുനിക അടിസ്ഥാനസൗകര്യ വികസനത്തിന് 10 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ തെലങ്കാനയുടെ റെയിൽവേ ബജറ്റ് പതിനേഴു മടങ്ങ് വർധിച്ചതായും പുതിയ റെയിൽ പാതകൾ സ്ഥാപിക്കൽ, റെയിൽ പാത ഇരട്ടിപ്പിക്കൽ, വൈദ്യുതവൽക്കരണം എന്നിവ റെക്കോർഡ് സമയത്താണ് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "സെക്കന്തരാബാദ്-മഹബൂബ്‌നഗർ പദ്ധതിയുടെ വൈദ്യുതവൽക്കരണം ഇതിന്റെ പ്രധാന ഉദാഹരണമാണ്" - അദ്ദേഹം പറഞ്ഞു. ഹൈദരാബാദും ബംഗളൂരുവും തമ്മിലുള്ള ബന്ധം ഇതു മെച്ചപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുള്ള യജ്ഞത്തിന്റെ ഭാഗമാണ് സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷന്റെ പുനർവികസനം എന്നും പ്രധാനമന്ത്രി പറഞ്ഞു.

റെയിൽവേയ്ക്കൊപ്പം, തെലങ്കാനയിലെ ഹൈവേ ശൃംഖലയും അതിവേഗം വികസിപ്പിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ന് തറക്കല്ലിട്ട നാല് ഹൈവേ പദ്ധതികളെക്കുറിച്ചും പരാമർശിച്ചു. 2300 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഹൈവേയുടെ അക്കൽകോട്ട്-കർണൂൽ ഭാഗം, 1300 കോടി രൂപ ചെലവുവരുന്ന  മഹബൂബ്‌നഗർ-ചിഞ്ചോളി ഭാഗം, 900 കോടി രൂപ ചെലവിലുള്ള കൽവകുർത്തി-കൊല്ലപ്പൂർ ഭാഗം,  2700 കോടി രൂപ ചെലവിൽ നിർമിക്കുന്ന ഖമ്മം-ദേവരപ്പള്ളി ഭാഗം എന്നിവ പരാമർശിക്കവേ, തെലങ്കാനയിലെ ആധുനിക ഹൈവേ വികസനത്തിന് കേന്ദ്ര ഗവണ്മെന്റ് പൂർണ്ണ ശക്തിയോടെ നേതൃത്വം നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിലെ ദേശീയ പാതകളുടെ ദൈർഘ്യം 2014-ൽ സംസ്ഥാന രൂപീകരണ സമയത്തെ 2500 കിലോമീറ്ററിൽ നിന്ന് 5000 കിലോമീറ്ററെന്ന നിലയിൽ ഇന്ന് ഇരട്ടിയായി. കേന്ദ്ര ഗവണ്മെന്റ് ഇതിനായി 35,000 കോടി രൂപ ചെലവഴിച്ചുവെന്നും ശ്രീ മോദി പറഞ്ഞു. ഹൈദരാബാദ് റിങ് റോഡ് ഉൾപ്പെടെ 60,000 കോടി രൂപയുടെ റോഡ് പദ്ധതികളുടെ പ്രവർത്തനങ്ങൾ തെലങ്കാനയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

തെലങ്കാനയിലെ വ്യവസായത്തിന്റെയും കാർഷിക മേഖലയുടെയും വികസനത്തിന് കേന്ദ്ര ഗവണ്മെന്റ് ഊന്നൽ നൽകുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. കർഷകർക്കും തൊഴിലാളികൾക്കും ഒരുപോലെ കരുത്ത് പകരുന്ന വ്യവസായമാണ് തുണിവ്യവസായം എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, രാജ്യത്തുടനീളം 7 മെഗാ ടെക്സ്‌റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ടെന്നും അതിലൊന്ന് തെലങ്കാനയിലായിരിക്കുമെന്നും അറിയിച്ചു. യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എയിംസ് ബീബീനഗറിന് ഇന്നു തറക്കല്ലിട്ടതു പരാമർശിക്കവേ, തെലങ്കാനയിലെ വിദ്യാഭ്യാസ - ആരോഗ്യ മേഖലകളിൽ ഗവണ്മെന്റ് നിക്ഷേപം നടത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഇന്നത്തെ പദ്ധതികൾ തെലങ്കാനയിൽ യാത്രാസൗകര്യവും ജീവിത സൗകര്യങ്ങളും വ്യവസായനടത്തി‌പ്പു സൗകര്യങ്ങളും മെച്ചപ്പെടുത്തും" - അദ്ദേഹം കൂട്ടിച്ചേർത്തു.  എന്നാൽ സംസ്ഥാന ഗവണ്മെന്റിന്റെ നിസഹരണത്താൽ നിരവധി  കേന്ദ്രപദ്ധതികൾ വൈകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാനയിലെ ജനങ്ങൾക്കാണ് ഇതിൽ നഷ്ടമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ അനുവദിക്കരുതെന്നും വേഗത കൂട്ടണമെന്നും സംസ്ഥാന ഗവണ്മെന്റിനോട് അഭ്യർഥിച്ചു.

രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിന് നമ്മുടെ ഗവൺമെന്റ് മുൻഗണന നൽകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസനത്തിന്റെ പുരോഗതിയിൽ വിരലിലെണ്ണാവുന്ന ചിലർ വളരെ അസ്വസ്ഥരാണെന്ന് ചൂണ്ടിക്കാട്ടി. സ്വജനപക്ഷപാതവും അഴിമതിയും വളർത്തുന്നവർക്ക് രാജ്യത്തിന്റെ താൽപ്പര്യവുമായോ സമൂഹത്തിന്റെ ക്ഷേമവുമായോ ബന്ധമേതുമില്ലെന്നും സത്യസന്ധമായി ജോലി ചെയ്യുന്നവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാനയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി, എല്ലാ പദ്ധതികളിലും നിക്ഷേപങ്ങളിലും തങ്ങളുടെ കുടുംബത്തിന്റെ താൽപ്പര്യം മാത്രമാണ് അവർ തേടുന്നതെന്നും പറഞ്ഞു.

അഴിമതിയും സ്വജനപക്ഷപാതവും തമ്മിലുള്ള സാമ്യതകൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സ്വജനപക്ഷപാതം ഉണ്ടാകുമ്പോഴാണ് അഴിമതി തഴച്ചുവളരാൻ തുടങ്ങുന്നതെന്ന് ആവർത്തിച്ചു. "കുടുംബവാദത്തിന്റെയും കുടുംബവാഴ്ചയുടെയും പ്രധാന മന്ത്രമാണ് നിയന്ത്രണം" - പ്രധാനമന്ത്രി പറഞ്ഞു. അത്തരം തത്വങ്ങളെ വിമർശിച്ചുകൊണ്ട്, നാടുവാഴുന്നവർ എല്ലാ വ്യവസ്ഥിതികളിലും തങ്ങളുടെ നിയന്ത്രണം നിലനിർത്താൻ ആഗ്രഹിക്കുന്നുവെന്നും ആരെങ്കിലും തങ്ങളുടെ നിയന്ത്രണത്തെ വെല്ലുവിളിക്കുമ്പോൾ അതിനെ വെറുക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റ സംവിധാനത്തിന്റെയും ഡിജിറ്റൽ പണമിടപാടുകൾക്ക് രാജ്യത്തുടനീളമേകുന്ന പ്രോത്സാഹനത്തിന്റെയും ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഏത് ഗുണഭോക്താവിന് എന്ത് പ്രയോജനം ലഭിക്കുമെന്ന കാര്യം നിയന്ത്രിക്കുന്ന കുടുംബവാഴ്ചക്കാരിലേക്ക് വിരൽ ചൂണ്ടുകയും ഈ സാഹചര്യത്തിൽ നിന്ന് ഉയർന്നുവരുന്ന മൂന്ന് കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. ഒന്നാമതായി, കുടുംബത്തെ പ്രശംസിക്കുന്നത് തുടരണം. രണ്ടാമതായി, അഴിമതിയുടെ പണം കുടുംബത്തിലേക്ക് വന്നുകൊണ്ടേയിരിക്കണം. മൂന്നാമതായി, പാവപ്പെട്ടവർക്ക് അയക്കുന്ന പണം അഴിമതി നിറഞ്ഞ ആവാസവ്യവസ്ഥയ്ക്ക് ലഭിക്കുന്നത് തുടരണം. “അഴിമതിയുടെ ഈ യഥാർഥ കാരണത്തെയാണ് ഇന്ന് മോദി കടന്നാക്രമിച്ചത്. അതുകൊണ്ടാണ് അവർക്ക് ഇളക്കംതട്ടിയത്. അവർ ചെയ്യുന്നതെന്തും കോപം കൊണ്ടാണ്” - പ്രതിഷേധമെന്ന നിലയിൽ കോടതിയെ സമീപിച്ച രാഷ്ട്രീയ കക്ഷികളെ പരാമർശിച്ച് ശ്രീ മോദി പറഞ്ഞു.

 

“ശരിയായ അർത്ഥത്തിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന 'എല്ലാവരുടെയും വികസനം' എന്ന മനോഭാവത്തോടെ പ്രവർത്തിക്കുമ്പോഴാണ് ഭരണഘടനയുടെ യഥാർഥ സത്ത സാക്ഷാത്കരിക്കപ്പെടുന്നത്. 2014ൽ കുടുംബവാഴ്ചയുടെ കെട്ടുപാടുകളിൽ നിന്ന് കേന്ദ്രഗവണ്മെന്റിനെ മോചിപ്പിച്ചതിന്റെ ഫലം രാജ്യം മുഴുവൻ ഉറ്റുനോക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ 11 കോടി അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും കക്കൂസ് സൗകര്യം ലഭിച്ചു. തെലങ്കാനയിൽ നിന്നുള്ള 30 ലക്ഷത്തിലധികം കുടുംബങ്ങൾ ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്തെ 9 കോടിയിലധികം സഹോദരിമാർക്കും പെൺമക്കൾക്കും സൗജന്യ ഉജ്വല ഗ്യാസ് കണക്ഷനുകൾ ലഭിച്ചിട്ടുണ്ടെന്നും തെലങ്കാനയിലെ 11 ലക്ഷത്തിലധികം പാവപ്പെട്ട കുടുംബങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് നമ്മുടെ ഗവണ്മെന്റ് 80 കോടി ദരിദ്രർക്ക് സൗജന്യ റേഷൻ നൽകുന്നു. പാവപ്പെട്ടവർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ നൽകുന്നു. തെലങ്കാനയിലെ 1 കോടി കുടുംബങ്ങൾ ഇതാദ്യമായി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുറന്നു. തെലങ്കാനയിലെ രണ്ടരലക്ഷം ചെറുകിട സംരംഭകർക്ക് ജാമ്യമില്ലാതെ മുദ്ര വായ്പ ലഭിച്ചു. 5 ലക്ഷം തെരുവോരകച്ചവടക്കാർക്ക് ഇതാദ്യമായി ബാങ്ക് വായ്പ ലഭിച്ചു. തെലങ്കാനയിലെ 40 ലക്ഷത്തിലധികം ചെറുകിട കർഷകർക്ക് പിഎം കിസാൻ സമ്മാൻ നിധി പ്രകാരം ഏകദേശം 9,000 കോടി രൂപ ലഭിച്ചുവെന്നും ശ്രീ മോദി പറഞ്ഞു.

 

രാജ്യം 'പ്രീണന'ത്തിൽ നിന്ന് 'ഏവരുടെയും സംതൃപ്തി'യിലേക്കു നീങ്ങുമ്പോഴാണ് യഥാർഥ സാമൂഹിക നീതി പിറവിയെടുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. തെലങ്കാന ഉൾപ്പെടെ, രാജ്യം മുഴുവനും സംതൃപ്ത‌ിയുടെ പാതയിലൂടെ സഞ്ചരിക്കാനും  കൂട്ടായ പരിശ്രമത്തിലൂടെ വികസനത്തിന് സംഭാവനയേകാനും ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "'ആസാദി കാ അമൃത് കാലി'ൽ വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് തെലങ്കാനയുടെ ദ്രുതഗതിയിലുള്ള വികസനം വളരെ പ്രധാനമാണ്" - തെലങ്കാനയുടെ വികസന യാത്രയിൽ അടുത്ത 25 വർഷത്തെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഉപസംഹരിച്ചു.

തെലങ്കാന ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര വിനോദസഞ്ചാര മന്ത്രി ശ്രീ ജി കിഷൻ റെഡ്ഡി, മൽക്കാജ്ഗിരിയിൽ നിന്നുള്ള പാർലമെന്റ് അംഗം ശ്രീ എ രേവന്ത് റെഡ്ഡി, തെലങ്കാന മന്ത്രിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

പശ്ചാത്തലം

ലോകോത്തര സൗകര്യങ്ങളോടും സൗന്ദര്യാത്മകമായ രൂപകല്‍പ്പനയിലൂടെയും പ്രതികാത്മക സ്റ്റേഷന്‍ കെട്ടിടമാക്കി വലിയ നവീകരണം ആസൂത്രണം ചെയ്തിരിക്കുന്ന സെക്കന്തരാബാദ് റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനം 720 കോടി രൂപ ചെലവിട്ടാണ് നിര്‍വഹിക്കുന്നത്. പുനര്‍വികസിപ്പിക്കുന്ന സ്റ്റേഷനില്‍ എല്ലാ യാത്രാ സൗകര്യങ്ങളുമുള്ള ഡബിള്‍ ലെവല്‍ റൂഫ് പ്ലാസയും അതോടൊപ്പം യാത്രക്കാര്‍ക്ക് റെയില്‍വേ മുതല്‍ മറ്റ് എല്ലാതരം യാത്രസൗകര്യങ്ങളും തടസമില്ലാതെ ലഭ്യമാകുന്ന ബഹുമാതൃക സമ്പർക്കസംവിധാനവും ഉണ്ടായിരിക്കും.

പരിപാടിയില്‍, ഹൈദരാബാദ് - സെക്കന്തരാബാദ് ഇരട്ട നഗര മേഖലയിലെ സബര്‍ബന്‍ വിഭാഗത്തിലെ 13 പുതിയ ബഹുമാതൃകാ ഗതാഗത (എം.എം.ടി.എസ്) സര്‍വീസുകള്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇത് യാത്രക്കാര്‍ക്ക് വേഗതയേറിയതും സൗകര്യപ്രദവും സുഖപ്രദവുമായ യാത്രാ സ്വാതന്ത്ര്യവും നല്‍കും. പാത ഇരട്ടിപ്പിച്ചതും വൈദ്യുതവല്‍ക്കരിച്ചതുമായ സെക്കന്തരാബാദ്-മഹബൂബ് നഗര്‍ പദ്ധതിയും അദ്ദേഹം രാജ്യത്തിന് സമര്‍പ്പിച്ചു. 85 കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ള പദ്ധതി ഏകദേശം 1,410 കോടി രൂപ ചെലവിലാണ് പൂര്‍ത്തിയാക്കിയത്. ഈ പദ്ധതി ട്രെയിനുകളുടെ ശരാശരി വേഗത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും തടസരഹിതമായ സമ്പർക്കസൗകര്യം ലഭ്യമാക്കുകയും ചെയ്യും.

പ്രധാനമന്ത്രി ഹൈദരാബാദിലെ ബീബീനഗര്‍ എയിംസിനും തറക്കല്ലിട്ടു. രാജ്യത്തുടനീളം ആരോഗ്യ അടിസ്ഥാനസൗകര്യങ്ങള്‍ ശക്തിപ്പെടുത്തണമെന്നുള്ള പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ സാക്ഷ്യമാണിത്. 1,350 കോടിയിലധികം രൂപ ചെലവഴിച്ചാണ് എയിംസ് ബീബീനഗര്‍ വികസിപ്പിക്കുന്നത്. എയിംസ് ബീബീനഗര്‍ സ്ഥാപിക്കുന്നത് തെലങ്കാനയിലെ ജനങ്ങള്‍ക്ക് അവരുടെ വീട്ടുവാതില്‍ക്കല്‍ സമഗ്രവും ഗുണമേന്മയുള്ളതും സമഗ്രവുമായ തൃതീയ പരിചരണ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ്.

പരിപാടിയില്‍, 7,850 കോടിയിലധികം രൂപയുടെ ദേശീയപാതാ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. ഈ റോഡ് പദ്ധതികള്‍ തെലങ്കാനയുടെയും ആന്ധ്രാപ്രദേശിന്റെയും റോഡ് ഗതാഗത സൗകര്യം ശക്തിപ്പെടുത്തുകയും മേഖലയുടെ സാമൂഹിക-സാമ്പത്തിക വികസനത്തിന് സഹായിക്കുകയും ചെയ്യും.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage