2020ലെ പ്രഥമ പ്രഗതി യോഗം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ നടന്നു. പ്രതികരണാത്മക ഭരണത്തിനും കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ സമയബന്ധിതമായി തീരുമാനങ്ങള്‍ നടപ്പാക്കുന്നതു വിലയിരുത്താനുമുള്ള ബഹുതല ഐ.സി.ടി. അധിഷ്ഠിത വേദിയായ പ്രഗതി വഴി പ്രധാനമന്ത്രി നടത്തുന്ന 32ാമത് ആശയവിനിമയമാണ് ഇത്.
ഇന്നു പ്രധാനമന്ത്രി ചര്‍ച്ച ചെയ്തത് 11 ഇനങ്ങളെ കുറിച്ചാണ്. ഇതില്‍ ഒന്‍പതെണ്ണം നടപ്പാക്കുന്നതില്‍ കാലതാമസം നേരിട്ട പദ്ധതികളാണ്. 24,000 കോടിയിലേറെ രൂപ മൂല്യം വരുന്ന ഈ ഒന്‍പതു പദ്ധതികള്‍ ഒഡിഷ, തെലങ്കാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ബിഹാര്‍, കര്‍ണാടക, ആന്ധ്രാപ്രദേശ്, കേരളം, ഉത്തര്‍പ്രദേശ് എന്നീ ഒന്‍പതു സംസ്ഥാനങ്ങളില്‍ ഉള്ളവയും മൂന്നു കേന്ദ്ര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടവയും ആണ്. മൂന്നെണ്ണം റെയില്‍വേ മന്ത്രാലയത്തിലെയും അഞ്ചെണ്ണം റോഡ് ഗതാഗത, ഹൈവേസ് മന്ത്രാലയത്തിലെയും ഒരെണ്ണം പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെയും ആണ്.
ഇന്‍ഷുറന്‍സ് പദ്ധതികളില്‍ പുരോഗതി- പി.എം.ജെ.ജെ.ബി.വൈ., പി.എം.എസ്.ബി.വൈ. പദ്ധതികള്‍ അവലോകനം ചെയ്തു
സാമ്പത്തിക സേവന വകുപ്പിനു കീഴിലുള്ള ഇന്‍ഷുറന്‍സ് പദ്ധതികളായ പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന (പി.എം.ജെ.ജെ.ബി.വൈ.), പ്രധാനമന്ത്രി സുരക്ഷ ബീമ യോജന (പി.എം.എസ്.ബി.വൈ) എന്നിവ സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിലുള്ള പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി.
ഇ-ഗവേണന്‍സിലൂടെ ഫലപ്രദമായ പൊലീസിങ് നടപ്പാക്കുന്നതിനുള്ള സമഗ്ര സംവിധാനമായ ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ് വര്‍ക്ക് ആന്‍ഡ് സിസ്റ്റംസി(സി.സി.ടി.എന്‍.എസ്.)ന്റെ പുരോഗതിയും അദ്ദേഹം പരിശോധിച്ചു.
മുന്‍പേ നടന്ന പ്രഗതിയുടെ 31ാമതു യോഗത്തില്‍ പ്രധാനമന്ത്രി 12.30 ലക്ഷം കോടി രൂപ നിക്ഷേപമുള്ള 269 പദ്ധതികളുടെ അവലോകനം നടത്തിയിരുന്നു. 17 മേഖലകളിലായുള്ള 47 ഗവണ്‍മെന്റ് പദ്ധതികളുമായി ബന്ധപ്പെട്ട പരാതിപരിഹാരവും അദ്ദേഹം വിലയിരുത്തിയിരുന്നു.