ജവാദ് ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ള സാഹചര്യം നേരിടാൻ സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും ബന്ധപ്പെട്ട ഏജൻസികളുടെയും തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ന് ഒരു ഉന്നതതല യോഗം ചേർന്നു.
ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതിനും വൈദ്യുതി, വാർത്താവിനിമയം , ആരോഗ്യം, കുടിവെള്ളം തുടങ്ങിയ എല്ലാ അവശ്യ സേവനങ്ങളുടെയും അറ്റകുറ്റപ്പണികൾ ഉറപ്പാക്കുന്നതിനും എന്തെങ്കിലും തടസ്സമുണ്ടായാൽ ഉടൻ പുനഃസ്ഥാപിക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. അവശ്യമരുന്നുകളുടെയും സപ്ലൈകളുടെയും മതിയായ സംഭരണം ഉറപ്പാക്കാനും തടസ്സമില്ലാത്ത നീക്കത്തിന് ആസൂത്രണം ചെയ്യാനും അദ്ദേഹം അവരോട് നിർദ്ദേശിച്ചു. കൺട്രോൾ റൂമുകളുടെ മുഴുവൻ സമയ പ്രവർത്തനത്തിനും അദ്ദേഹം നിർദ്ദേശം നൽകി.
![](https://cdn.narendramodi.in/cmsuploads/0.42616700_1638441460_684-1-prime-minister-narendra-modi-chairs-high-level-meeting-to-review-preparedness-to-deal-with-cyclone-jawad.png)
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ജവാദ് ചുഴലിക്കാറ്റായി മാറുമെന്നും 2021 ഡിസംബർ 4 ശനിയാഴ്ച രാവിലെയോടെ വടക്കൻ ആന്ധ്രാപ്രദേശ് - ഒഡീഷ തീരത്ത് എത്തുമെന്നും കാറ്റിന്റെ വേഗത മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആന്ധ്രാപ്രദേശ്, ഒഡീഷ, ബംഗാൾ എന്നിവയുടെ തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങൾക്കും ഏറ്റവും പുതിയ പ്രവചനവുമായി ഐഎംഡി പതിവായി ബുള്ളറ്റിനുകൾ പുറപ്പെടുവിക്കുന്നു.
കാബിനറ്റ് സെക്രട്ടറി എല്ലാ തീരദേശ സംസ്ഥാനങ്ങളുടെയും കേന്ദ്ര മന്ത്രാലയങ്ങളുടെയും/ഏജൻസികളുടെയും ചീഫ് സെക്രട്ടറിമാരുമായി സാഹചര്യങ്ങളും തയ്യാറെടുപ്പും അവലോകനം ചെയ്തിട്ടുണ്ട്.
ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികൾ 24 മണിക്കൂറും അവലോകനം ചെയ്യുകയും സംസ്ഥാന ഗവൺമെന്റുകൾ / കേന്ദ്ര ഭരണ പ്രദേശങ്ങൾ, ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾ എന്നിവയുമായി ബന്ധപ്പെടുകയും ചെയ്യുന്നു. എസ് ഡി ആർഎഫിന്റെ ആദ്യ ഗഡു എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട് . സംസ്ഥാനങ്ങളിൽ ബോട്ടുകൾ, മരം മുറിക്കുന്ന യന്ത്രങ്ങൾ, ടെലികോം ഉപകരണങ്ങൾ തുടങ്ങിയ സജ്ജീകരണങ്ങളുള്ള 29 ടീമുകളെ എൻഡിആർഎഫ് മുൻകൂട്ടി നിയോഗിച്ചിട്ടുണ്ട്, കൂടാതെ 33 ടീമുകളെ തയ്യാറാക്കി നിലനിർത്തിയിട്ടുണ്ട്.
![](https://cdn.narendramodi.in/cmsuploads/0.67511800_1638441717_684-2-prime-minister-narendra-modi-chairs-high-level-meeting-to-review-preparedness-to-deal-with-cyclone-jawad.png)
ഇന്ത്യൻ തീരദേശ സേനയും നാവികസേനയും ദുരിതാശ്വാസ, തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ എന്നിവയ്ക്കായി കപ്പലുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്. കരസേനയുടെ എയർഫോഴ്‌സ്, എഞ്ചിനീയർ ടാസ്‌ക് ഫോഴ്‌സ് യൂണിറ്റുകൾ, ബോട്ടുകളും രക്ഷാപ്രവർത്തന ഉപകരണങ്ങളും വിന്യാസത്തിനായി സജ്ജമാണ്. നിരീക്ഷണ വിമാനങ്ങളും ഹെലികോപ്റ്ററുകളും തീരത്ത് തുടർച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്. കിഴക്കൻ തീരത്തുള്ള സ്ഥലങ്ങളിൽ ദുരന്തനിവാരണ സംഘങ്ങളും മെഡിക്കൽ ടീമുകളും സജ്ജമാണ്.
വൈദ്യുതി മന്ത്രാലയം അടിയന്തര പ്രതികരണ സംവിധാനങ്ങൾ സജീവമാക്കി, വൈദ്യുതി അടിയന്തരമായി പുനഃസ്ഥാപിക്കുന്നതിനായി റെഡിനസ് ട്രാൻസ്‌ഫോർമറുകൾ, ഡീസൽ ജനറേറ്ററുകൾ , ഉപകരണങ്ങൾ തുടങ്ങിയവ ശേഖരിച്ചതിട്ടുണ്ട്. വാർത്താവിനിമയ മന്ത്രാലയം എല്ലാ ടെലികോം ടവറുകളും എക്‌സ്‌ചേഞ്ചുകളും നിരന്തര നിരീക്ഷണത്തിൽ സൂക്ഷിക്കുകയും ടെലികോം ശൃംഖല പുനഃസ്ഥാപിക്കാൻ പൂർണ്ണമായും സജ്ജമാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുള്ള സംസ്ഥാനങ്ങൾക്ക്/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ആരോഗ്യ മേഖലയുടെ തയ്യാറെടുപ്പുകൾക്ക് ആവശ്യമായ മാർഗ്ഗ നിർദേശം നൽകിയിട്ടുണ്ട് .
![](https://cdn.narendramodi.in/cmsuploads/0.74098800_1638441489_684-3-prime-minister-narendra-modi-chairs-high-level-meeting-to-review-preparedness-to-deal-with-cyclone-jawad.png)
തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം എല്ലാ കപ്പലുകളും സുരക്ഷിതമാക്കാൻ നടപടികൾ കൈക്കൊള്ളുകയും അടിയന്തര യാനങ്ങൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. തീരത്തിനടുത്തുള്ള കെമിക്കൽ, പെട്രോകെമിക്കൽ യൂണിറ്റുകൾ പോലുള്ള വ്യവസായ സ്ഥാപനങ്ങൾക്കും ജാഗ്രതാനിർദ്ദേശം നൽകാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ എൻ ഡി ആർ എഫ് സംസ്ഥാന ഏജൻസികളെ സഹായിക്കുകയും ചുഴലിക്കാറ്റ് സാഹചര്യത്തെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ചുള്ള സാമൂഹ്യ അവബോധ കാമ്പെയ്‌നുകൾ തുടർച്ചയായി നടത്തുകയും ചെയ്യുന്നു.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, എൻഡിആർഎഫ്, കേന്ദ്ര കാലാവസ്ഥാ വകുപ്പ് എന്നിവയുടെ ഡയറക്ടർ ജനറൽമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.