അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ ഭരണ സമിതിയുടെ ആദ്യ യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അധ്യക്ഷനായി. ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ ഏഴാം നമ്പർ വസതിയിൽ നടന്ന യോഗത്തിൽ ഇന്ത്യയുടെ ശാസ്ത്ര - സാങ്കേതിക ഭൂപ്രകൃതിയെക്കുറിച്ചും ഗവേഷണ വികസന പരിപാടികളുടെ പുനർരൂപകൽപ്പനയെ കുറിച്ചും ചർച്ച ചെയ്തു.
അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷൻ ഭരണസമിതിയുടെ ആദ്യ യോഗത്തോടെ ഇന്ന് പുതിയ തുടക്കമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിൻ്റെ ഗവേഷണ ആവാസവ്യവസ്ഥയിലെ തടസ്സങ്ങൾ കണ്ടെത്തി നീക്കം ചെയ്യേണ്ടതിൻ്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. വലിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ചും അവ നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും പുതിയ പാത വെട്ടിത്തുറന്ന് ഗവേഷണം നടത്തുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. നിലവിലുള്ള പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കണ്ടെത്തുന്നതിലാണ് ഗവേഷണം ഊന്നൽ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നങ്ങൾ ആഗോള സ്വഭാവമുള്ളതായിരിക്കാമെന്നും എന്നാൽ അവയുടെ പരിഹാരങ്ങൾ ഇന്ത്യൻ ആവശ്യങ്ങൾക്കനുസൃതമായി പ്രാദേശികവൽക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തേണ്ടതിൻ്റെ ആവശ്യകതയും പ്രധാനമന്ത്രി ചർച്ച ചെയ്തു. അവരുടെ വൈദഗ്ധ്യത്തിൻ്റെ അടിസ്ഥാനത്തിൽ മേഖലയിലെ വിദഗ്ധരുടെ പട്ടിക തയ്യാറാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്ത് നടക്കുന്ന ഗവേഷണവും വികസനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എളുപ്പത്തിൽ പിന്തുടരാൻ കഴിയുന്ന ഡാഷ്‌ബോർഡ് വികസിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ഗവേഷണത്തിനും നവീകരണത്തിനുമുള്ള വിഭവങ്ങളുടെ വിനിയോഗം ശാസ്ത്രീയമായി നിരീക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയ്ക്ക് പ്രധാനമന്ത്രി ഊന്നൽ നൽകി. ഇതൊരു മഹത്തായ തുടക്കമാണെന്ന് പറഞ്ഞ അദ്ദേഹം, തങ്ങളുടെ പരിശ്രമങ്ങൾക്ക് വിഭവങ്ങളുടെ ക്ഷാമം ഉണ്ടാകില്ലെന്ന് രാജ്യത്തെ ശാസ്ത്ര സമൂഹം വിശ്വസിക്കണമെന്നും അദ്ദേഹം പറഞ്ഞു. അടൽ ടിങ്കറിംഗ് ലാബുകളുടെ ഗുണപരമായ സ്വാധീനത്തെക്കുറിച്ചു ചർച്ച ചെയ്ത്, ഈ ലാബുകളുടെ ഗ്രേഡിംഗ് നടത്താമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. പരിസ്ഥിതി മാറ്റത്തിന് പുതിയ പരിഹാരങ്ങൾ തേടൽ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ബാറ്ററി ഘടകങ്ങൾ , ലാബിൽ വികസിപ്പിച്ച വജ്രങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ഗവേഷണങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു.
മാർഗനിർദ്ദേശകരെന്ന തരത്തിൽ ഉയർന്ന തലത്തിലുള്ള സ്ഥാപനങ്ങൾ ഗവേഷണ നവീകരണ സർവകലാശാലകളുമായി കൂട്ടുചേർന്ന് ഹബ് ആൻഡ് സ്‌പോക്ക് മോഡിൽ ഉദ്യമത്തിനു തുടക്കം കുറിക്കാനും യോഗത്തിൽ ധാരണയായി.
ഗവേഷണ-വികസനത്തെ ദേശീയ മുന്‍ഗണനകളുമായി വിന്യസിക്കല്‍, സമഗ്രമായ വളര്‍ച്ച പ്രോത്സാഹിപ്പിക്കല്‍, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, ശാസ്ത്രീയ മുന്നേറ്റങ്ങളേയും നൂതനാശ ആവാസവ്യവസ്ഥയേയും മുന്നോട്ടു നയിക്കുക, അതോടൊപ്പം ഗവേഷണങ്ങളെ വ്യവസായങ്ങള്‍ക്ക് പ്രായോഗികമാക്കാവുന്ന തരത്തില്‍ മാറ്റികൊണ്ട് അക്കാദമിക് ഗവേഷണങ്ങളും വ്യാവസായിക പ്രവർത്തനങ്ങളും (ഇന്‍ഡസ്ട്രിയല്‍ ആപ്ലിക്കേഷന്‍) തമ്മിലുള്ള വിടവ് നികത്തുക എന്നിങ്ങനെയുള്ള സുപ്രധാനമായ മേഖലകളില്‍ ഇന്ത്യയെ ആഗോളതലത്തില്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നിരവധി മേഖലകളിലെ തന്ത്രപരമായ ഇടപെടലുകളെക്കുറിച്ച് എ.എന്‍.ആര്‍.എഫ് ഭരണസമിതി ചര്‍ച്ചചെയ്തു.
ഇലക്ട്രിക് വാഹന (ഇ.വി) ചലനക്ഷതമ, അഡ്വാന്‍സ്ഡ് മെറ്റീരിയലുകള്‍, സൗരോര്‍ജ്ജ സെല്ലുകള്‍, സ്മാര്‍ട്ട് അടിസ്ഥാനസൗകര്യങ്ങള്‍, ആരോഗ്യവും മെഡിക്കല്‍ സാങ്കേതിക വിദ്യകളും, സുസ്ഥിര കൃഷിയും ഫോട്ടോണിക്‌സും തുടങ്ങിയ തെരഞ്ഞെടുത്ത മുന്‍ഗണനാ മേഖലകളില്‍ ദൗത്യമാതൃകയില്‍ പരിഹാര കേന്ദ്രീകൃത ഗവേഷണ പരിപാടികളും എ.എന്‍.ആര്‍.എഫ് ആരംഭിക്കും. സ്വയം പര്യാപ്ത ഭാരതത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന് ഈ പരിശ്രമങ്ങള്‍ ഗുണപരമായി സഹായകമാകുമെന്ന് ഭരണസമിതി നിരീക്ഷിച്ചു.
വ്യവസായത്തില്‍ നിന്നുള്ള സജീവ പങ്കാളിത്തത്തോടെ ഗവേഷണത്തിനെ പരിഭാഷപ്പെടുത്തണമെന്നതിന് അടിവരയിടുമ്പോള്‍ തന്നെ, അറിവിന്റെ പുരോഗതിക്കായി അടിസ്ഥാന ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഭരണസമിതി ഊന്നല്‍ നല്‍കി. ഹ്യുമാനിറ്റീസ്, സാമൂഹികശാസ്ത്രം എന്നിവയില്‍ ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണത്തെ പിന്തുണയ്ക്കുന്നതിനായി മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. ഗവേഷണം സുഗമമാക്കുന്നതിന് വഴക്കമുള്ളതും സുതാര്യവുമായ ഫണ്ടിംഗ് സംവിധാനം ഉപയോഗിച്ച് നമ്മുടെ ഗവേഷകരെ ശാക്തീകരിക്കേണ്ട ആവശ്യകതയുണ്ടെന്നതും അംഗീകരിച്ചു.
വികസിത് ഭാരത് 2047 ന്റെ ലക്ഷ്യങ്ങളുമായി എ.എന്‍.ആര്‍.എഫിന്റെ തന്ത്രങ്ങള്‍ യോജിപ്പിക്കണമെന്നും ലോകമെമ്പാടുമുള്ള ഗവേഷണ വികസന ഏജന്‍സികള്‍ സ്വീകരിക്കുന്ന മികച്ച ആഗോള സമ്പ്രദായങ്ങള്‍ നടപ്പിലാക്കണമെന്നും ഭരണസമിതി നിര്‍ദ്ദേശിച്ചു.
ഭരണസമിതിയുടെ ഉപാധ്യക്ഷനായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍, മെമ്പര്‍ സെക്രട്ടറി, മെമ്പര്‍ (ശാസ്ത്രം) നിതി ആയോഗ് എന്ന നിലയില്‍ കേന്ദ്ര ഗവൺമെൻ്റിൻ്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്, ശാസ്ത്ര സാങ്കേതിക വകുപ്പ് , ജൈവ സാങ്കേതിക വകുപ്പ് , ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സെക്രട്ടറിമാര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളുമായി യോഗത്തില്‍ പങ്കെടുത്തു. ഇവരോടൊപ്പം പ്രൊഫ. മഞ്ജുള്‍ ഭാര്‍ഗവ (പ്രിന്‍സ്ടണ്‍ യൂണിവേഴ്‌സിറ്റി, യു.എസ്.എ), ഡോ. റൊമേഷ് ടി വാധ്വാനി (സിംഫണി ടെക്‌നോളജി ഗ്രൂപ്പ്, യു.എസ്.എ), പ്രൊഫ. സുബ്ര സുരേഷ് (ബ്രൗണ്‍ യൂണിവേഴ്‌സിറ്റി, യു.എസ്.എ), ഡോ. രഘുവേന്ദ്ര തന്‍വാര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ച്) , പ്രൊഫ. ജയറാം എന്‍. ചെങ്ങാലൂര്‍ (ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്), പ്രൊഫ. ജി രംഗരാജന്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്) എന്നീ പ്രമുഖരും പങ്കെടുത്തു.
അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനെ കുറിച്ച്
ഇന്ത്യയിലെ സര്‍വകലാശാലകള്‍, കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഗവേഷണ-വികസന ലബോറട്ടറികള്‍ എന്നിവയിലുടനീളം ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണത്തിന്റെയും നൂതനാശയത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനുമായി സ്ഥാപിച്ചതാണ് അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ (എ.എന്‍.ആര്‍.എഫ്). ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശിപാര്‍ശകള്‍ പ്രകാരം രാജ്യത്തെ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് തന്ത്രപരമായ ഉന്നതതല ദിശാബോധം നല്‍കുന്നതിനുള്ള ഒരു ഉന്നത സ്ഥാപനമായാണ് എ.എന്‍.ആര്‍.എഫ് പ്രവര്‍ത്തിക്കുന്നത്. വ്യവസായം, അക്കാദമിക്, ഗവണ്‍മെന്റ് വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയില്‍ സഹകരണവും എ.എന്‍.ആര്‍.എഫ് ശക്തിപ്പെടുത്തുന്നു.