കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉള്‍പ്പെടുന്ന സജീവമായ ഭരണത്തിനും സമയബന്ധിതമായ പദ്ധതി നടപ്പാക്കലിനുള്ള , വിവരസാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ ബഹുമാതൃക വേദിയായ പ്രഗതിയുടെ 35-ാമത് ആയവിനിമയത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആദ്ധക്ഷ്യം വഹിച്ചു.
ഒന്‍പത് പദ്ധതികളും ഒരു പരിപാടിയും ഉള്‍പ്പെടെ പത്ത് വിഷയങ്ങളുടെ അവലോകനമായിരുന്നു യോഗത്തിന്റെ അജണ്ട. ഒന്‍പത് പദ്ധതികളില്‍ മൂന്നെണ്ണം റെയിവേ മന്ത്രാലയത്തില്‍ നിന്നുള്ളതും, മൂന്നെണ്ണം റോഡ് ഹൈവേ മന്ത്രാലയത്തില്‍ (എം.ഒ.ആര്‍.ടി.എച്ച്) നിന്നുള്ളതും ഓരോ പദ്ധതികള്‍ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്റ് ഇന്റേണല്‍ ട്രേഡ് (ഡി.പി.ഐ.ഐ.ടി), ഊര്‍ജ്ജ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ളതുമായിരുന്നു. ഒഡീഷ, കര്‍ണ്ണാടക, ആന്ധ്രാ പ്രദേശ്, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, പഞ്ചാബ്, ജാര്‍ഖണ്ഡ്, ബിഹാര്‍, തെലുങ്കാന, രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, ഹരിയാന, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നിങ്ങനെ പതിനഞ്ച് സംസ്ഥാനങ്ങളുമായി ബന്ധപ്പെടുന്ന ഈ പദ്ധതികള്‍ക്ക് 54,675 കോടിരൂപയുടെ സഞ്ചിത ചെലവുണ്ടാകും.
ആശയവിനിമയത്തില്‍ പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയും പ്രധാനമന്ത്രി അവലോകനം ചെയ്തു.
പശ്ചാത്തല സൗകര്യ പദ്ധതികളെ തടസപ്പെടുത്തുന്ന പ്രശ്‌നങ്ങള്‍ക്ക് അതിവേഗത്തിലുള്ള പരിഹാരം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയ്ക്ക് വിശാലമായ പ്രചരണങ്ങള്‍ നല്‍കുന്നതും അതിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നതും ഉറപ്പാക്കുന്നതിന് ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിനേയും സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണപ്രദേശങ്ങളേയും അദ്ദേഹം പ്രാത്സാഹിപ്പിച്ചു.
ഇതുവരെ 34 പ്രഗതി യോഗങ്ങളില്‍ മൊത്തം 13.14 ലക്ഷം കോടി രൂപ ചെലവുവരുന്ന 283 പദ്ധതികള്‍ അവലോകനം ചെയ്തുകഴിഞ്ഞു.