പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ ഗുണഭോക്താക്കളുമായി വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി സദസിനെയും അഭിസംബോധന ചെയ്തു.
‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കെടുത്തു. പരിപാടിയിൽ കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പ്രാദേശികതല പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു. പിഎം ആവാസ്, ഉജ്ജ്വല, സൗജന്യ ശൗചാലയം എന്നിവയുടെ ഗുണഭോക്താവായ ത്രിപുരയിലെ തേയിലത്തോട്ട തൊഴിലാളി ശ്രീ അർജുൻ സിങ്, 1.3 ലക്ഷം രൂപയുടെ സഹായം നേടിയശേഷം വാസയോഗ്യമല്ലാത്ത വസതിയിൽ നിന്ന് വാസയോഗ്യമായ വീട്ടിലേക്കു മാറുകയും വിറകടുപ്പിൽനിന്ന് ഗ്യാസ് അടുപ്പിലേക്കു മാറുകയും ചെയ്തിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ജീവിതം മാറിമറിഞ്ഞു. തന്റെ ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും 'മോദിയുടെ ഉറപ്പ് വാഹന’ത്തെക്കുറിച്ചുള്ള ആവേശം അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു. ഗവണ്മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗുണഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ ലഭിക്കുന്നതിൽ പ്രധാനമന്ത്രി സംതൃപ്തി രേഖപ്പെടുത്തി.