ഒരു ലക്ഷത്തിലധികം സ്വയം സഹായക സംഘാംഗങ്ങള്‍ക്ക് സീഡ് ക്യാപിറ്റല്‍ സഹായം വിതരണം ചെയ്തു
വേള്‍ഡ് ഫുഡ് ഇന്ത്യ 2023 ന്റെ ഭാഗമായി ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു
'സാങ്കേതികവിദ്യയുടെയും അഭിരുചിയുടെയും സംയോജനം ഭാവിയുടെ സമ്പദ്വ്യവസ്ഥയ്ക്ക് വഴിയൊരുക്കും'
'ഗവണ്മെന്റിന്റെ നിക്ഷേപ സൗഹൃദ നയങ്ങള്‍ ഭക്ഷ്യമേഖലയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു'
'ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ എല്ലാ മേഖലകളിലും ഇന്ത്യ ശ്രദ്ധേയമായ വളര്‍ച്ച കൈവരിച്ചു'
'ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ചയുടെ മൂന്ന് തൂണുകള്‍ ചെറുകിട കര്‍ഷകരും ചെറുകിട വ്യവസായങ്ങളും സ്ത്രീകളുമാണ്'
'ഒരു ജില്ല ഒരു ഉല്‍പ്പന്നം' പോലുള്ള പദ്ധതികള്‍ ചെറുകിട കര്‍ഷകര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും പുതിയ വ്യക്തിത്വം നല്‍കുന്നു.
'ഭക്ഷ്യ സംസ്‌കരണ വ്യവസായത്തെ നയിക്കാന്‍ ഇന്ത്യന്‍ സ്ത്രീകള്‍ക്ക് സ്വാഭാവിക കഴിവുണ്ട്'
'ഇന്ത്യയുടെ ഭക്ഷ്യ വൈവിധ്യം ആഗോള നിക്ഷേപകര്‍ക്ക് ലാഭവിഹിതമാണ്'
'ഇന്ത്യയുടെ സുസ്ഥിര ഭക്ഷണ സംസ്‌കാരം ആയിരക്കണക്കിന് വര്‍ഷങ്ങളായി പരിണമിച്ചതാണ്. നമ്മുടെ പൂര്‍വ്വികര്‍ ഭക്ഷണ ശീലങ്ങളെ ആയുര്‍വേദവുമായി ബന്ധിപ്പിച്ചിരുന്നു'
'ഇന്ത്യയുടെ 'സൂപ്പര്‍ഫുഡ് ബക്കറ്റിന്റെ' ഭാഗമാണ് മില്ലറ്റുകള്‍, സര്‍ക്കാര്‍ അതിനെ ശ്രീ അന്ന എന്ന് തിരിച്ചറിഞ്ഞു'
'ഭക്ഷണം പാഴാക്കുന്നത് ലഘൂകരിക്കുന്നത് സുസ്ഥിര ജീവിതശൈലിയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ഒരു പ്രധാന ശ്രമമാണ്'

'വേള്‍ഡ് ഫുഡ് ഇന്ത്യ 2023' എന്ന മെഗാ ഫുഡ് ഇവന്റിന്റെ രണ്ടാം പതിപ്പ് ഇന്ന് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സ്വയം സഹായ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ഒരു ലക്ഷത്തിലധികം സ്വയം സഹായക സംഘാംഗങ്ങള്‍ക്ക് അദ്ദേഹം സീഡ് ക്യാപിറ്റല്‍ സഹായം വിതരണം ചെയ്തു. ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച എക്‌സിബിഷന്‍ ശ്രീ മോദി നടന്നു കണ്ടു. ഇന്ത്യയെ 'ലോകത്തിന്റെ ഭക്ഷണക്കൂട' ആയി പ്രദര്‍ശിപ്പിക്കാനും 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആഘോഷിക്കാനും ഇവന്റ് ലക്ഷ്യമിടുന്നു.

 

ചടങ്ങില്‍ പ്രദര്‍ശിപ്പിച്ച സാങ്കേതികവിദ്യയെയും സ്റ്റാര്‍ട്ടപ്പ് പവലിയനെയും ഫുഡ് സ്ട്രീറ്റിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി, സാങ്കേതികവിദ്യയുടെയും രുചിയുടെയും സംയോജനം ഭാവിയിലെ സമ്പദ്വ്യവസ്ഥയ്ക്ക് വഴിയൊരുക്കുമെന്ന് പറഞ്ഞു. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, ഭക്ഷ്യ സുരക്ഷയുടെ പ്രധാന വെല്ലുവിളികളിലൊന്ന് പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുകയും വേള്‍ഡ് ഫുഡ് ഇന്ത്യ 2023 ന്റെ പ്രാധാന്യം അടിവരയിടുകയും ചെയ്തു.

ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ മേഖല 'സണ്‍റൈസ് സെക്ടറായി' അംഗീകരിക്കപ്പെട്ടത്,  വേള്‍ഡ് ഫുഡ് ഇന്ത്യയുടെ ഫലത്തിന്റെ വലിയ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. സര്‍ക്കാരിന്റെ വ്യവസായ-കര്‍ഷക അനുകൂല നയങ്ങളുടെ ഫലമായി കഴിഞ്ഞ 9 വര്‍ഷത്തിനിടെ 50,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെട്ടതായി പ്രധാനമന്ത്രി അറിയിച്ചു. വ്യവസായത്തിലെ പുതിയ സംരംഭകര്‍ക്ക് ഇത് വലിയ സഹായം നല്‍കുന്നുണ്ടെന്ന് ഭക്ഷ്യ സംസ്‌കരണ മേഖലയിലെ പി എല്‍ ഐ പദ്ധതിയിലേക്ക് വെളിച്ചം വീശിക്കൊണ്ട്  പ്രധാനമന്ത്രി പറഞ്ഞു. അഗ്രി-ഇന്‍ഫ്രാ ഫണ്ടിന് കീഴില്‍ വിളവെടുപ്പിന് ശേഷമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 50,000 കോടി രൂപയിലധികം നിക്ഷേപിച്ചിട്ടുണ്ടെന്നും മത്സ്യബന്ധന, മൃഗസംരക്ഷണ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി ആയിരക്കണക്കിന് കോടികളുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

 

'സര്‍ക്കാരിന്റെ നിക്ഷേപ സൗഹൃദ നയങ്ങള്‍ ഭക്ഷ്യമേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കൂകയാണ്', ശ്രീ മോദി അഭിപ്രായപ്പെട്ടു. കഴിഞ്ഞ 9 വര്‍ഷത്തിനിടയില്‍, ഇന്ത്യയുടെ കാര്‍ഷിക കയറ്റുമതിയില്‍ സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ പങ്ക് 13 ശതമാനത്തില്‍ നിന്ന് 23 ശതമാനമായി വര്‍ധിച്ചു, ഇത് കയറ്റുമതി ചെയ്ത സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ മൊത്തത്തില്‍ 150 ശതമാനം വര്‍ധിച്ചുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. 'ഇന്ന്, 50,000 മില്യണ്‍ ഡോളര്‍ കയറ്റുമതി മൂല്യവുമായി കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൊത്തത്തിലുള്ള കയറ്റുമതിയില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്', അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സംസ്‌കരണ വ്യവസായത്തില്‍ ഇന്ത്യ അഭൂതപൂര്‍വമായ വളര്‍ച്ച കാണിക്കാത്ത ഒരു മേഖലയുമില്ലെന്ന് അടിവരയിട്ട അദ്ദേഹം ഭക്ഷ്യ സംസ്‌കരണ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് സുവര്‍ണാവസരമാണെന്നും പറഞ്ഞു.

ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിലെ വേഗത്തിലുള്ളതും വേഗത്തിലുള്ളതുമായ വളര്‍ച്ചയ്ക്ക് പിന്നില്‍ ഗവണ്‍മെന്റിന്റെ സ്ഥിരവും സമര്‍പ്പിതവുമായ പരിശ്രമങ്ങളെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. ഇന്ത്യയിലാദ്യമായി കാര്‍ഷിക-കയറ്റുമതി നയം രൂപീകരിക്കല്‍, രാജ്യവ്യാപകമായി ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യ വികസനം, ജില്ലയെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്ന നൂറിലധികം ജില്ലാതല ഹബുകള്‍ സൃഷ്ടിക്കല്‍, രണ്ടില്‍ നിന്ന് 20ലേക്ക് വളര്‍ന്ന മെഗാ ഫുഡ് പാര്‍ക്കുകളുടെ എണ്ണത്തിലെ വര്‍ദ്ധനവ് എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യയുടെ ഭക്ഷ്യ സംസ്‌കരണ ശേഷി 12 ലക്ഷം മെട്രിക് ടണ്ണില്‍ നിന്ന് 200 ലക്ഷം മെട്രിക് ടണ്ണായി വര്‍ധിച്ചു, ഇത് കഴിഞ്ഞ 9 വര്‍ഷത്തിനിടെ ഉണ്ടായ 15 മടങ്ങ് വര്‍ദ്ധനവാണ്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കറുത്ത വെളുത്തുള്ളി, ജമ്മു കശ്മീരില്‍ നിന്നുള്ള ഡ്രാഗണ്‍ ഫ്രൂട്ട്, മധ്യപ്രദേശില്‍ നിന്നുള്ള സോയ പാല്‍പ്പൊടി, ലഡാക്കില്‍ നിന്നുള്ള കര്‍കിച്ചൂ ആപ്പിള്‍, പഞ്ചാബില്‍ നിന്നുള്ള കാവന്‍ഡിഷ് വാഴപ്പഴം, ജമ്മുവില്‍ നിന്നുള്ള ഗുച്ചി കൂണ്‍, കര്‍ണാടകയില്‍ നിന്നുള്ള അസംസ്‌കൃത തേന്‍ തുടങ്ങി ഇന്ത്യയില്‍ നിന്ന് ആദ്യമായി കയറ്റുമതി ചെയ്യുന്ന കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഉദാഹരണങ്ങളും പ്രധാനമന്ത്രി എടുത്തു പറഞ്ഞു, 

 

ഇന്ത്യയിലെ ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം ചൂണ്ടിക്കാട്ടി, പാക്കേജുചെയ്ത ഭക്ഷണത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യകതയിലേക്ക് ശ്രദ്ധ ആകര്‍ഷിച്ച പ്രധാനമന്ത്രി,  കര്‍ഷകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട സംരംഭകര്‍ക്കും ഇത് ഇനിയും കണ്ടെത്താത്ത അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ചൂണ്ടിക്കാട്ടി. ഈ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യബോധത്തോടെയുള്ള ആസൂത്രണത്തിന്റെ ആവശ്യകത ശ്രീ മോദി ഊന്നിപ്പറഞ്ഞു


ചെറുകിട കര്‍ഷകര്‍, ചെറുകിട വ്യവസായങ്ങള്‍, സ്ത്രീകള്‍ എന്നിവരാണ് ഭക്ഷ്യ സംസ്‌കരണ മേഖലയിലെ ഇന്ത്യയുടെ വളര്‍ച്ചയുടെ മൂന്ന് പ്രധാന തൂണുകളെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. ചെറുകിട കര്‍ഷകരുടെ പങ്കാളിത്തവും ലാഭവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഫാര്‍മര്‍ പ്രൊഡ്യൂസ് ഓര്‍ഗനൈസേഷനുകളുടെ (എഫ്പിഒ) ഫലപ്രദമായ ഉപയോഗം അദ്ദേഹം എടുത്തുപറഞ്ഞു. ''ഞങ്ങള്‍ ഇന്ത്യയില്‍ 10,000 പുതിയ എഫ്പിഒകള്‍ നിര്‍മ്മിക്കുന്നു, അതില്‍ 7000 ഇതിനകം നിര്‍മ്മിച്ചു,'' അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്കുള്ള വര്‍ധിച്ച വിപണി ലഭ്യതയും സംസ്‌കരണ സൗകര്യങ്ങളുടെ ലഭ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി, ചെറുകിട വ്യവസായങ്ങളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി ഭക്ഷ്യ സംസ്‌കരണ വ്യവസായത്തില്‍ ഏകദേശം 2 ലക്ഷം സൂക്ഷ്മ സംരംഭങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. 'ഒരു ജില്ല ഒരു ഉല്‍പ്പന്നം'- ODOP പോലുള്ള പദ്ധതികള്‍ ചെറുകിട കര്‍ഷകര്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും ഒരു പുതിയ വ്യക്തിത്വം നല്‍കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ സ്ത്രീകള്‍ നയിക്കുന്ന വികസനത്തിന്റെ പാതയിലേക്ക് വെളിച്ചം വീശിക്കൊണ്ട്, സമ്പദ്വ്യവസ്ഥയില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന സംഭാവനകളും, അതുവഴി ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന് പ്രയോജനം ലഭിക്കുന്നതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയിലെ 9 കോടിയിലധികം സ്ത്രീകള്‍ ഇന്ന് സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയിലെ ഭക്ഷ്യ ശാസ്ത്രത്തില്‍ സ്ത്രീകള്‍ മുന്‍നിരയില്‍ നില്‍ക്കുന്നുണ്ടെന്ന് അടിവരയിട്ട് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയിലെ ഭക്ഷണ വൈവിധ്യവും ഭക്ഷ്യ വൈവിധ്യവും ഇന്ത്യന്‍ സ്ത്രീകളുടെ കഴിവുകളുടെയും അറിവിന്റെയും ഫലമാണെന്ന് പറഞ്ഞു. അച്ചാര്‍, പപ്പടം, ചിപ്സ്, മുറബ്ബ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളുടെ വിപണി സ്ത്രീകള്‍ അവരുടെ വീടുകളില്‍ നിന്ന് നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യന്‍ സ്ത്രീകള്‍ക്ക് ഭക്ഷ്യ സംസ്‌കരണ വ്യവസായത്തെ നയിക്കാനുള്ള സ്വാഭാവിക കഴിവുണ്ട്', കുടില്‍ വ്യവസായങ്ങളും സ്വയം സഹായ സംഘങ്ങളും സ്ത്രീകള്‍ക്കായി എല്ലാ തലത്തിലും പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇന്നത്തെ അവസരത്തില്‍ ഒരു ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വിത്ത് മൂലധനം വിതരണം ചെയ്യുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു.

 

'സാംസ്‌കാരിക വൈവിധ്യം പോലെ തന്നെ ഭക്ഷ്യ വൈവിധ്യവും ഇന്ത്യയില്‍ ഉണ്ട്. ഇന്ത്യയുടെ ഭക്ഷ്യ വൈവിധ്യം ലോകത്തിലെ എല്ലാ നിക്ഷേപകര്‍ക്കും ലാഭവിഹിതമാണ്,' പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയോടുള്ള ജിജ്ഞാസയില്‍ വര്‍ദ്ധിച്ച താല്‍പര്യം ചൂണ്ടിക്കാട്ടി, ലോകമെമ്പാടുമുള്ള ഭക്ഷ്യ വ്യവസായത്തിന് ഇന്ത്യയുടെ ഭക്ഷണ പാരമ്പര്യത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സുസ്ഥിര ഭക്ഷ്യ സംസ്‌കാരം ആയിരക്കണക്കിന് വര്‍ഷത്തെ വികസന യാത്രയുടെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയുടെ സുസ്ഥിര ഭക്ഷ്യ സംസ്‌കാരത്തിന്റെ പരിണാമത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, ഇന്ത്യയുടെ പൂര്‍വ്വികര്‍ ഭക്ഷണശീലങ്ങളെ ആയുര്‍വേദവുമായി ബന്ധിപ്പിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. 'ആയുര്‍വേദത്തില്‍, 'ഋത-ഭുക്' എന്ന് പറയുന്നു, അതായത് ഋതുക്കള്‍ക്കനുസരിച്ച് ഭക്ഷണം കഴിക്കുക, 'മിത് ഭുക്ക്' അതായത് സമീകൃതാഹാരം, 'ഹിത് ഭുക്ക്' അതായത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍, ഇവ ഇന്ത്യയുടെ ശാസ്ത്രീയ ധാരണയുടെ പ്രധാന ഭാഗങ്ങളാണ്,' അദ്ദേഹം വിശദീകരിച്ചു. ഭക്ഷ്യധാന്യങ്ങളുടെ, പ്രത്യേകിച്ച് ഇന്ത്യയില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വ്യാപാരത്തില്‍ നമ്മുടെ സ്ഥിരമായ സ്വാധീനവും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള ഭക്ഷ്യസുരക്ഷയെക്കുറിച്ച് സംസാരിക്കവേ, പ്രധാനമന്ത്രി, സുസ്ഥിരവും ആരോഗ്യകരവുമായ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള പുരാതന അറിവ് മനസ്സിലാക്കി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.  ലോകം 2023 നെ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷമായി ആചരിക്കുന്നതായി ശ്രീ മോദി അംഗീകരിച്ചു. 'ഇന്ത്യയുടെ 'സൂപ്പര്‍ഫുഡ് ബക്കറ്റിന്റെ' ഭാഗമാണ് ചെറു ധാന്യങ്ങള്‍, അത് ശ്രീ അന്നയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്,' ശ്രീ മോദി പറഞ്ഞു. നൂറ്റാണ്ടുകളായി മിക്ക നാഗരികതകളിലും ചെറുധാന്യങ്ങള്‍ക്ക് വലിയ മുന്‍ഗണന നല്‍കിയിരുന്നെങ്കിലും, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും ഈ ഭക്ഷ്യ ശീലത്തില്‍ നിന്ന് പുറത്തുകടന്നിട്ടുണ്ടെന്നും അതുവഴി ആഗോള ആരോഗ്യത്തിനും സുസ്ഥിരമായ കൃഷിക്കും സുസ്ഥിര സമ്പദ് വ്യവസ്ഥക്കും വന്‍ നാശം സംഭവിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  'ഇന്ത്യയുടെ മുന്‍കൈയില്‍, ലോകത്ത് തിനയെക്കുറിച്ചുള്ള ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു', അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രഭാവത്തിന് സമാനമായി ലോകത്തിന്റെ എല്ലാ കോണുകളിലും തിനകള്‍ എത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ നടന്ന ജി-20 ഉച്ചകോടിക്കിടെ ഇന്ത്യ സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍ക്കായി മില്ലറ്റില്‍ നിന്ന് ഉണ്ടാക്കുന്ന വിഭവങ്ങളെക്കുറിച്ചും മില്ലറ്റില്‍ നിന്ന് നിര്‍മ്മിച്ച സംസ്‌കരിച്ച ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ശ്രീ അന്നയുടെ വിഹിതം വര്‍ധിപ്പിക്കുന്നതിനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനും വ്യവസായത്തിന്റെയും കര്‍ഷകരുടെയും പ്രയോജനത്തിനായി ഒരു കൂട്ടായ റോഡ്മാപ്പ് തയ്യാറാക്കാന്‍ പ്രധാനമന്ത്രി മോദി ഈ അവസരത്തില്‍ വിശിഷ്ടാതിഥികളോട് അഭ്യര്‍ത്ഥിച്ചു.

ഡല്‍ഹി പ്രഖ്യാപനത്തില്‍ ജി-20 ഗ്രൂപ്പ് സുസ്ഥിര കൃഷി, ഭക്ഷ്യസുരക്ഷ, പോഷകാഹാര സുരക്ഷ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും ഭക്ഷ്യ സംസ്‌കരണവുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികളുടെയും പങ്ക് എടുത്തുകാണിച്ചുവെന്നും ശ്രീ മോദി പറഞ്ഞു. ഭക്ഷണ വിതരണ പരിപാടിയെ വൈവിധ്യമാര്‍ന്ന ഭക്ഷണക്കൂടയിലേക്ക് മാറ്റുന്നതിനും  വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിനും ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പാഴാക്കല്‍ കുറയ്ക്കണമെന്നും  പെട്ടെന്ന് നശിക്കുന്ന ഉല്‍പ്പന്നങ്ങളുടെ സംസ്‌കരണം വര്‍ധിപ്പിച്ച് പാഴാക്കുന്നത് കുറയ്ക്കണമെന്നും അതുവഴി വിലയിലെ ഏറ്റക്കുറച്ചിലുകള്‍ തടയണമെന്നും് കര്‍ഷകര്‍ക്ക് ഗുണം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷകരുടെ താല്‍പ്പര്യങ്ങളും ഉപഭോക്താക്കളുടെ സംതൃപ്തിയും തമ്മില്‍ സന്തുലിതാവസ്ഥ കൈവരിക്കേണ്ടതിന്റെ ആവശ്യകത പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി അടിവരയിട്ടു. ഇവിടെയുള്ള നിഗമനങ്ങള്‍ ലോകത്തിന് സുസ്ഥിരവും ഭക്ഷ്യസുരക്ഷിതവുമായ ഭാവിയുടെ അടിത്തറയിടുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍, കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രി ശ്രീ പശുപതി കുമാര്‍ പരസ്, കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, കേന്ദ്ര മൃഗസംരക്ഷണം, ക്ഷീരവികസന, മത്സ്യബന്ധനം സഹമന്ത്രി ശ്രീ. പര്‍ഷോത്തം രൂപാല, കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ സഹമന്ത്രി ശ്രീ പ്രഹ്ലാദ് സിംഗ് പട്ടേല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം

സ്വയം സഹായ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി ഒരു ലക്ഷത്തിലധികം എസ്എച്ച്ജി അംഗങ്ങള്‍ക്ക് സീഡ് ക്യാപിറ്റല്‍ സഹായം വിതരണം ചെയ്തു. മെച്ചപ്പെട്ട പാക്കേജിംഗിലൂടെയും ഗുണനിലവാരമുള്ള ഉല്‍പ്പാദനത്തിലൂടെയും വിപണിയില്‍ മെച്ചപ്പെട്ട വില സാക്ഷാത്കാരം നേടാന്‍ ഈ പിന്തുണ എസ്എച്ച്ജികളെ സഹായിക്കും. വേള്‍ഡ് ഫുഡ് ഇന്ത്യ 2023-ന്റെ ഭാഗമായി ഫുഡ് സ്ട്രീറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പ്രാദേശിക പാചകരീതികളും രാജകീയ പാചക പൈതൃകവും ഒത്തുചേരുന്ന, ഈ വേദിയില്‍  200-ലധികം പാചകക്കാര്‍ പങ്കെടുക്കുകയും പരമ്പരാഗത ഇന്ത്യന്‍ വിഭവങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും, ഇത് ഒരു സവിശേഷമായ പാചക അനുഭവമായിരിക്കും.

ഇന്ത്യയെ 'ലോകത്തിന്റെ ഭക്ഷ്യക്കൂട'യായി പ്രദര്‍ശിപ്പിക്കാനും 2023 അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി ആഘോഷിക്കാനും ഇവന്റ് ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യവസായ പ്രൊഫഷണലുകള്‍, കര്‍ഷകര്‍, സംരംഭകര്‍, മറ്റ് പങ്കാളികള്‍ എന്നിവര്‍ക്ക് ചര്‍ച്ചകളില്‍ ഏര്‍പ്പെടാനും പങ്കാളിത്തം സ്ഥാപിക്കാനും കാര്‍ഷിക-ഭക്ഷ്യ മേഖലയിലെ നിക്ഷേപ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ഇത് ഒരു നെറ്റ്വര്‍ക്കിംഗ്, ബിസിനസ് പ്ലാറ്റ്‌ഫോം നല്‍കും. സിഇഒമാരുടെ വട്ടമേശ ചര്‍ച്ചകള്‍ നിക്ഷേപത്തിലും എളുപ്പത്തില്‍ വ്യവസായം ചെയ്യുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

 

ഇന്ത്യന്‍ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ നൂതനത്വവും കരുത്തും പ്രദര്‍ശിപ്പിക്കുന്നതിനായി വിവിധ പവലിയനുകള്‍ സ്ഥാപിക്കും. ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ വിവിധ വശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, സാമ്പത്തിക ശാക്തീകരണവും ഗുണനിലവാരവും ഉറപ്പാക്കുന്ന, യന്ത്രസാമഗ്രികളിലെയും സാങ്കേതികവിദ്യയിലെയും നൂതനത്വം ചര്‍ച്ച ചെയ്യുന്ന 48 സെഷനുകള്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

പ്രമുഖ ഭക്ഷ്യ സംസ്‌കരണ കമ്പനികളുടെ സിഇഒമാര്‍ ഉള്‍പ്പെടെ 80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളികള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ പരിപാടി ഒരുങ്ങുന്നു. 80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 1200-ലധികം ഉപഭോക്തൃക്കളുമായി ഒരു റിവേഴ്സ് ബയര്‍ സെല്ലര്‍ മീറ്റും സംഘടിപ്പിക്കും. പങ്കാളി രാജ്യമായി നെതര്‍ലാന്‍ഡ്സ് പ്രവര്‍ത്തിക്കുന്ന പരിപാടിയില്‍ ജപ്പാനാണ് ശ്രദ്ധാകേന്ദ്രമായ രാജ്യം.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.

Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.