മണിപ്പുർ, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ 55,600 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രാജ്യത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു
അരുണാചൽ പ്രദേശിലെ ദിബാങ് വിവിധോദ്ദേശ്യ ജലവൈദ്യുതപദ്ധതിക്കു തറക്കല്ലിട്ടു
തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലുമുള്ള ഗതാഗതസൗകര്യം ഉറപ്പാക്കുന്ന സെല തുരങ്കം രാജ്യത്തിനു സമർപ്പിച്ചു
ഏകദേശം 10,000 കോടി രൂപയുടെ ‘ഉന്നതി’ പദ്ധതിക്കു തുടക്കം കുറിച്ചു
ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിൽ യാത്രക്കാരുടെയും ചരക്കുകളുടെയും സഞ്ചാരം സുഗമമാക്കുന്നതിനായി സബ്റൂം ലാൻഡ് പോർട്ട് ഉദ്ഘാടനം ചെയ്തു
‘വികസിത അരുണാചൽ കെട്ടിപ്പടുക്കൽ’ കൈപ്പുസ്തകം പ്രകാശനം ചെയ്തു
“വടക്കുകിഴക്കാണ് ഇന്ത്യയുടെ ‘അഷ്ടലക്ഷ്മി’”
“വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനു ഞങ്ങളുടെ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്”
“വികസനപ്രവർത്തനങ്ങൾ സൂര്യന്റെ ആദ്യ കിരണങ്ങൾ പോലെ അരുണാചലിലേക്കും വടക്കുകിഴക്കൻ മേഖലയിലേക്കും എത്തുന്നു”
“ഉന്നതി യോജന വടക്കുകിഴക്കൻ മേഖലയിലെ വ്യവസായവികസനം പ്രോത്സാഹിപ്പിക്കും”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അരുണാചൽ പ്രദേശിലെ ഇറ്റാനഗറിൽ ‘വികസിത ഭാരതം വികസിത വടക്കുകിഴക്കൻ മേഖല’ പരിപാടിയെ അഭിസംബോധന ചെയ്തു. മണിപ്പുർ, മേഘാലയ, നാഗാലാൻഡ്, സിക്കിം, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ 55,600 കോടി രൂപയുടെ വിവിധ വികസനപദ്ധതികൾ ശ്രീ മോദി ഉദ്ഘാടനം ചെയ്യുകയും രാഷ്ട്രത്തിനു സമർപ്പിക്കുകയും തറക്കല്ലിടുകയും ചെയ്തു. സെല തുരങ്കം രാജ്യത്തിനു സമർപ്പിച്ച അദ്ദേഹം, ഏകദേശം 10,000 കോടി രൂപയുടെ ‘ഉന്നതി’ പദ്ധതിക്കും തുടക്കം കുറിച്ചു. ഇന്നത്തെ വികസനപദ്ധതികൾ റെയിൽ, റോഡ്, ആരോഗ്യം, പാർപ്പിടം, വിദ്യാഭ്യാസം, അതിർത്തി അടിസ്ഥാനസൗകര്യങ്ങൾ, ഐടി, വൈദ്യുതി, എണ്ണ, വാതകം തുടങ്ങിയ മേഖലകൾ ഉൾക്കൊള്ളുന്നു.

 

സദസിനെ അഭിസംബോധന ചെയ്യവേ, 'വികസിത സംസ്ഥാനത്തു നിന്നും വികസിത ഭാരത'മെന്ന ദേശീയോത്സവത്തെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. വികസിത വടക്കുകിഴക്കൻ മേഖലയ്ക്കായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനതയ്ക്കുള്ള പുത്തൻ ആവേശത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഈ ഉദ്യമത്തിനു നാരീശക്തി നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനായുള്ള ‘അഷ്ടലക്ഷ്മി’ എന്ന തന്റെ കാഴ്ചപ്പാട് ആവർത്തിച്ച പ്രധാനമന്ത്രി, ദക്ഷിണ-തെക്കുകിഴക്കൻ ഏഷ്യയുമായുള്ള വിനോദസഞ്ചാര-വ്യാവസായിക-സാംസ്കാരിക ബന്ധങ്ങളുടെ കരുത്തുറ്റ കണ്ണിയെന്നാണ് ഈ മേഖലയെ വിശേഷിപ്പിച്ചത്. ഇന്നത്തെ 55,000 കോടി രൂപയുടെ പദ്ധതികളെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, അരുണാചൽ പ്രദേശിലെ 35,000 കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകളും, അരുണാചൽ, ത്രിപുര എന്നിവിടങ്ങളിലെ ആയിരക്കണക്കിനു കുടുംബങ്ങൾക്കു ടാപ്പിലൂടെ കുടിവെള്ള കണക്ഷനുകളും, മേഖലയിലെ പല സംസ്ഥാനങ്ങൾക്കും സമ്പർക്കസൗകര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളും ലഭിച്ചുവെന്നു പറഞ്ഞു. വിദ്യാഭ്യാസം, റോഡ്, റെയിൽവേ, അടിസ്ഥാനസൗകര്യങ്ങൾ, ആശുപത്രികൾ, വിനോദസഞ്ചാരം എന്നീ മേഖലയിലെ പദ്ധതികൾ വികസിത വടക്കുകിഴക്കൻ മേഖലയെന്ന ഉറപ്പോടെയാണു വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ അനുവദിച്ച ധനസഹായം മുൻകാലങ്ങളെ അപേക്ഷിച്ചു നാലിരട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ മുൻനിർത്തി കേന്ദ്രഗവണ്മെന്റ് നടത്തുന്ന പ്രത്യേക യജ്ഞമായ പാം ഓയിൽ ദൗത്യത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഈ ദൗത്യത്തിനു കീഴിലുള്ള ആദ്യത്തെ ഓയിൽ മിൽ ഇന്ന് ഉദ്ഘാടനം ചെയ്യുകയാണെന്നും അറിയിച്ചു. “പാം ഓയിൽ ദൗത്യം ഇന്ത്യയെ ഭക്ഷ്യ എണ്ണ മേഖലയിൽ സ്വയംപര്യാപ്തമാക്കുകയും കർഷകരുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യും” – ഈന്തപ്പനക്കൃഷി ഏറ്റെടുത്തതിനു കർഷകരോടു നന്ദി രേഖപ്പെടുത്തി പ്രധാനമന്ത്രി പറഞ്ഞു.

 

“ഇവിടെ നടക്കുന്ന വികസനപ്രവർത്തനങ്ങളിലൂടെ മോദിയുടെ ഉറപ്പിന്റെ അർഥത്തിനു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കാകെ സാക്ഷ്യം വഹിക്കാനാകും” - പ്രധാനമന്ത്രി പറഞ്ഞു. 2019ൽ തറക്കല്ലിട്ട സെല തുരങ്കവും ഡോണി പോളോ വിമാനത്താവളും ഉദ്ഘാടനം ചെയ്തതും അദ്ദേഹം ചൂണ്ടിക്കാട്ടി. “സമയം ഏതുമാകട്ടെ, മാസമോ വർഷമോ എന്തുമാകട്ടെ, രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനായി മാത്രമാണു മോദി പ്രവർത്തിക്കുന്നത്” - അദ്ദേഹം പറഞ്ഞു.

വടക്കുകിഴക്കൻ മേഖലയുടെ വ്യാവസായിക വികസനത്തിനായുള്ള ‘ഉന്നതി’ (UNNATI) പദ്ധതിക്കു പുതിയ രൂപത്തിലും വ്യാപ്തിയിലും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിനെ പരാമർശിച്ച പ്രധാനമന്ത്രി, പദ്ധതി ഒരുദിവസംകൊണ്ടു വിജ്ഞാപനം ചെയ്യുകയും മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്ത ഗവണ്മെന്റിന്റെ പ്രവർത്തനശൈലി അടിവരയിട്ടു. കഴിഞ്ഞ പത്തു വർഷത്തിനിടെ ആധുനിക അടിസ്ഥാനസൗകര്യങ്ങൾ, ഒരു ഡസനോളം സമാധാന ഉടമ്പടികൾ നടപ്പിലാക്കൽ, അതിർത്തിതർക്കങ്ങൾ പരിഹരിക്കൽ എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത ഘട്ടം, മേഖലയിലെ വ്യവസായ വിപുലീകരണമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “10,000 കോടി രൂപയുടെ ഉന്നതി പദ്ധതി നിക്ഷേപത്തിന്റെയും തൊഴിലവസരങ്ങളുടെയും പുതിയ സാധ്യതകൾ കൊണ്ടുവരും” - പ്രധാനമന്ത്രി പറഞ്ഞു. മേഖലയിലെ യുവാക്കൾക്കായി സ്റ്റാർട്ടപ്പുകൾ, പുതിയ സാങ്കേതികവിദ്യകൾ, ഹോംസ്റ്റേകൾ, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട അവസരങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

 

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ത്രീകളുടെ ജീവിതം സുഗമമാക്കുന്നതിനുള്ള ഗവണ്മെന്റിന്റെ മുൻഗണനയിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, ഇന്നലെ അന്താരാഷ്ട്ര വനിതാദിനത്തിൽ ഗ്യാസ് സിലിൻഡർ വില 100 രൂപ കുറച്ചതിനെക്കുറിച്ചു പരാമർശിച്ചു. ജനങ്ങൾക്കു ടാപ്പിലൂടെ കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിനു നടത്തിയ ശ്രദ്ധേയ പ്രവർത്തനങ്ങൾക്ക് അരുണാചൽ പ്രദേശ് മുഖ്യമന്ത്രിയുടെ സംഘത്തെ അദ്ദേഹം അഭിനന്ദിച്ചു. അരുണാചലും വടക്കുകിഴക്കും നിരവധി വികസന മാനദണ്ഡങ്ങളിൽ മുന്നേറുന്നതിൽ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, “വികസനപ്രവർത്തനങ്ങൾ സൂര്യന്റെ ആദ്യ കിരണങ്ങൾപോലെ അരുണാചലിലേക്കും വടക്കുകിഴക്കൻ മേഖലയിലേക്കും എത്തുന്നു” എന്നു പറഞ്ഞു. സംസ്ഥാനത്തെ 45,000 വീടുകൾക്കുള്ള കുടിവെള്ള വിതരണ പദ്ധതിയുടെ ഉദ്ഘാടനത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. അമൃതസരോവരം യജ്ഞത്തിനു കീഴിൽ നിർമിച്ച വിവിധ ജലാശയങ്ങളെക്കുറിച്ചും സ്വയംസഹായസംഘങ്ങളുടെ സഹായത്തോടെ ഗ്രാമങ്ങളിൽ ‘ലഖ്പതി ദീദി’കളെ സൃഷ്ടിച്ചതും അദ്ദേഹം പരാമർശിച്ചു. “രാജ്യത്തു മൂന്നുകോടി ‘ലഖ്പതി ദീദി’കളെ സൃഷ്ടിക്കാനാണു ഞങ്ങൾ ലക്ഷ്യമിടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സ്ത്രീകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും” - അദ്ദേഹം കൂട്ടിച്ചേർത്തു.

അതിർത്തിഗ്രാമങ്ങളുടെ വികസനത്തിൽ നേരത്തെയുണ്ടായിരുന്ന അവഗണനയെ പ്രധാനമന്ത്രി വിമർശിച്ചു. സെല തുരങ്കത്തെക്കുറിച്ചു പരാമർശിക്കവേ, തിരഞ്ഞെടുപ്പു പരിഗണനകൾക്കുവേണ്ടിയല്ല; മറിച്ച്, രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചാണു തന്റെ പ്രവർത്തനശൈലിയെന്നു പ്രധാനമന്ത്രി പറഞ്ഞു. തന്റെ അടുത്ത കാലയളവിൽ ഈ എൻജിനിയറിങ് വിസ്മയത്തിൽ പ്രതിരോധ ഉദ്യോഗസ്ഥരെ കാണാൻ വരുമെന്നു പ്രധാനമന്ത്രി ഉറപ്പുനൽകി. തുരങ്കം എല്ലാ കാലാവസ്ഥയിലും ഗതാഗതസൗകര്യം ഒരുക്കുകയും തവാങ്ങിലെ ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഈ മേഖലയിൽ നിരവധി തുരങ്കങ്ങളുടെ ജോലി പുരോഗമിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

മുന്‍കാല സമീപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അതിര്‍ത്തി ഗ്രാമങ്ങളെ പ്രഥമ ഗ്രാമങ്ങളായാണ് താന്‍ എല്ലായ്‌പ്പോഴും കണക്കാക്കിയിട്ടുള്ളതെന്നും ഈ ചിന്ത അംഗീകാരിക്കുന്നതാണ് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് ഏകദേശം 125 ഗ്രാമങ്ങളിലെ റോഡ് പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കുകയും 150 ഗ്രാമങ്ങളിലെ ടൂറിസവുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു.

ഏറ്റവും ദുര്‍ബലരും ഏറ്റവും പിന്നോക്കം നില്‍ക്കുന്നതുമായ ഗോത്രങ്ങളുടെ പ്രശ്‌നങ്ങള്‍ പി.എം-ജന്‍മന്‍ പദ്ധതിക്ക് കീഴില്‍ പരിഹരിക്കപ്പെടുന്നു. ഇന്ന് ഇത്തരം ഗോത്രവര്‍ഗ്ഗക്കാര്‍ക്കായി മണിപ്പൂരില്‍ അങ്കണവാടികള്‍ക്ക് തറക്കല്ലിട്ടു.

ബന്ധിപ്പിക്കല്‍, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ ജീവിതം സൗകര്യപ്രദവും വ്യാപാരം സുഗമവുമാക്കുന്നുവെന്നതിന് പ്രധാനമന്ത്രി മോദി അടിവരയിട്ടു. സ്വാതന്ത്ര്യലബ്ധി മുതല്‍ 2014 വരെ ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളും 2014ന് ശേഷമുള്ള പ്രവര്‍ത്തനങ്ങളും താരതമ്യം ചെയ്ത പ്രധാനമന്ത്രി, ഏഴു പതിറ്റാണ്ടുകൊണ്ട് 10,000 കിലോമീറ്റര്‍ ഹൈവേകള്‍ നിര്‍മ്മിച്ചതുമായി താരതമ്യം ചെയ്യുമ്പോള്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 6,000 കിലോമീറ്റര്‍ ഹൈവേകള്‍ നിര്‍മ്മിക്കുകയും 2000 കിലോമീറ്റര്‍ റെയില്‍വേ ലൈനുകള്‍ സ്ഥാപിക്കുകയും ചെയ്തുവെന്ന് അറിയിച്ചു. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട് അരുണാചല്‍ പ്രദേശിലെ ദിബാംഗ് വിവിധോദ്ദേശ ജലവൈദ്യുത പദ്ധതിയിലും ത്രിപുരയിലെ സൗരോര്‍ജ പദ്ധതിയിലും ഇന്ന് ആരംഭിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ''ദിബാംഗ് അണക്കെട്ട് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായിരിക്കും'', ഏറ്റവും ഉയരമുള്ള പാലവും ഏറ്റവും ഉയരം കൂടിയ അണക്കെട്ടും വടക്കുകിഴക്കൻ മേഖലയ്ക്ക് സമര്‍പ്പിച്ചത് ചൂണ്ടിക്കാട്ടികൊണ്ട് അദ്ദേഹം പറഞ്ഞു.

 

അരുണാചല്‍ പ്രദേശ്, അസം, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെയുള്ള തന്റെ ഇന്നത്തെ ഷെഡ്യൂളിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ഓരോ ഇന്ത്യക്കാരനും തന്റെ കുടുംബമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മറ്റുള്ളവയ്‌ക്കൊപ്പം പക്കാ വീട്, സൗജന്യ റേഷന്‍, ശുദ്ധമായ കുടിവെള്ളം, വൈദ്യുതി, ശുചിത്വമുറികള്‍, ഗ്യാസ് കണക്ഷന്‍, സൗജന്യ ചികിത്സ, ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നത് വരെ താന്‍ വിശ്രമിക്കില്ലെന്ന് പ്രധാനമന്ത്രി പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കി. ''നിങ്ങളുടെ സ്വപ്‌നങ്ങളാണ് എന്റെ പ്രതിജ്ഞകള്‍'' എന്ന് പറഞ്ഞുകൊണ്ട് പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, ഇന്നത്തെ വികസന പദ്ധതികള്‍ക്ക് വടക്കുകിഴക്കന്‍ മേഖലയ്ക്കു മുഴുവന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന മാനിച്ച്, വികസനത്തിന്റെ ഉത്സവം ആഘോഷിക്കാന്‍ ജനക്കൂട്ടം തങ്ങളുടെ മൊബൈല്‍ ഫോണുകളുടെ ഫ്‌ളാഷ്‌ലൈറ്റുകള്‍ മിന്നിപ്പിച്ചു. ''ഈ കാഴ്ച രാജ്യത്തിന് കരുത്തുപകരും'', അദ്ദേഹം ഉപസംഹരിച്ചു.

അരുണാചല്‍ പ്രദേശ് ഗവര്‍ണര്‍, (റിട്ട) ലെഫ്റ്റനന്റ് ജനറല്‍ കൈവല്യ ത്രിവിക്രം പര്‍നായിക്ക്, അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ശ്രീ പേമ ഖണ്ഡു എന്നിവരും മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം


മണിപ്പുര്‍, മേഘാലയ, നാഗാലാന്‍ഡ്, സിക്കിം, ത്രിപുര, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ റെയില്‍വേ, റോഡ്, ആരോഗ്യം, പാര്‍പ്പിടം, വിദ്യാഭ്യാസം, അതിര്‍ത്തി അടിസ്ഥാനസൗകര്യങ്ങള്‍, ഐ.ടി. ഊര്‍ജ്ജം, എണ്ണയും വാതകവും പോലുള്ള മേഖലകളുമായി ബന്ധപ്പെട്ട നിരവധി വികസന സംരംഭങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഇറ്റാനഗറിലെ വികസിത് ഭാരത് വികസിത് നോര്‍ത്ത് ഈസ്റ്റ് പരിപാടി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസനവും പുരോഗതിയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ വീക്ഷണത്തിന് കരുത്തുപകര്‍ന്നു.

വടക്ക് കിഴക്കന്‍ മേഖലകള്‍ക്കായുള്ള പുതിയ വ്യവസായ വികസന പദ്ധതിയായ ഉന്നതി (ഉത്തര്‍ പൂര്‍വ ട്രാന്‍സ്‌ഫോര്‍മേറ്റീവ് ഇന്‍ഡസ്ട്രിയലൈസേഷന്‍ സ്‌കീം)യുടെ ഉദ്ഘാടനവും പരിപാടിയില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. ഈ പദ്ധതി വടക്കുകിഴക്കന്‍ മേഖലയിലെ വ്യാവസായിക ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുകയും പുതിയ നിക്ഷേപം ആകര്‍ഷിക്കുകയും പുതിയ ഉല്‍പ്പാദന, സേവന യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സഹായിക്കുകയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തൊഴിലവസരങ്ങള്‍ക്ക് ഉത്തേജനം നല്‍കുകയും ചെയ്യും. എട്ടുവടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പദ്ധതിക്ക് വേണ്ട 10,000 കോടിരൂപ പൂര്‍ണമായും കേന്ദ്ര സഹായമായാണ് നല്‍കുന്നത്. അംഗീകൃത യൂണിറ്റുകള്‍ക്ക് മൂലധന നിക്ഷേപം, പലിശ ഇളവ്, ഉല്‍പ്പാദന, സേവനങ്ങള്‍ എന്നിവയ്ക്ക് പ്രോത്സാഹന ആനുകൂല്യ സഹായങ്ങളും ഈ പദ്ധതിയിലൂടെ ലഭ്യമാകും. യോഗ്യതയുള്ള യൂണിറ്റുകളുടെ സുഗമവും സുതാര്യവുമായ രജിസ്‌ട്രേഷനായി ഒരു പോര്‍ട്ടലും ആരംഭിച്ചിട്ടുണ്ട്. വടക്കുകിഴക്കിന്റെ വ്യാവസായിക വികസനത്തിന് ഉള്‍പ്രേരകമാകാനും സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ഉന്നതി സഹായകമാകും.

ഏകദേശം 825 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചിരിക്കുന്ന ഒരു എഞ്ചിനീയറിംഗ് വിസ്മയമാണ് സെല ടണല്‍ പദ്ധതി. അരുണാചല്‍ പ്രദേശിലെ ബലിപാറ-ചാരിദുവാര്‍-തവാങ് റോഡിലെ സെലാ ചുരത്തിലൂടെ തവാങ്ങിലേക്ക് എല്ലാ കാലാവസ്ഥയിലും ഇത് ബന്ധിപ്പിക്കല്‍ നല്‍കും. പുതിയ ഓസ്ട്രിയന്‍ ടണലിംഗ് രീതി ഉപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. മാത്രമല്ല, ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷാ സവിശേഷതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയില്‍ വേഗമേറിയതും കാര്യക്ഷമവുമായ ഗതാഗത മാര്‍ഗ്ഗം പ്രദാനം ചെയ്യുമെന്ന് മാത്രമല്ല, രാജ്യത്തിന് തന്ത്രപരമായ പ്രാധാന്യമുള്ളതുമാണ് ഈ പദ്ധതി. പ്രധാനമന്ത്രി 2019 ഫെബ്രുവരിയിലാണ് സെല ടണലിന് തറക്കല്ലിട്ടത്.
അരുണാചല്‍ പ്രദേശില്‍ 41,000 കോടിയിലധികം രൂപ ചെലവുവരുന്ന വിവിധ വികസന പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു.

അരുണാചല്‍ പ്രദേശിലെ ലോവര്‍ ദിബാംഗ് വാലി ജില്ലയില്‍ ദിബാംഗ് വിവിധോദ്ദേശ ജലവൈദ്യുത പദ്ധതിക്ക് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തി. 31,875 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ഇത് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായിരിക്കും. ഇത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയും വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ സഹായിക്കുകയും മേഖലയിലെ തൊഴിലവസരങ്ങള്‍ക്കും സാമൂഹിക സാമ്പത്തിക വികസനത്തിനും വഴിയൊരുക്കുകയും ചെയ്യും.

വൈബ്രന്റ് വില്ലേജ് പരിപാടിക്ക് കീഴിലുള്ള അനവധി റോഡ്, പരിസ്ഥിതി, ടൂറിസം പദ്ധതികള്‍ എന്നിവയാണ് തറക്കല്ലിട്ട മറ്റ് പ്രധാന പദ്ധതികള്‍; മറ്റുള്ളവയ്‌ക്കൊപ്പം 50 സ്‌കൂളുകളെ സുവര്‍ണ ജൂബിലി സ്‌കൂളുകളായി ഉയര്‍ത്തി, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളിലൂടെ സമഗ്ര വിദ്യാഭ്യാസം നല്‍കുക; ഡോണി-പോളോ വിമാനത്താവളത്തില്‍ നിന്ന് നഹര്‍ലഗണ്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് ബന്ധിപ്പിക്കല്‍ നല്‍കുന്നതിനുള്ള ഇരട്ടവരി പാത എന്നിവയും ഇവയിലുണ്ട്.

നിരവധി റോഡ് പദ്ധതികളും ജല്‍ ജീവന്‍ മിഷന്റെ ഏകദേശം 1100 പദ്ധതികളും ഉള്‍പ്പെടെ അരുണാചല്‍ പ്രദേശിലെ വിവിധ സുപ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ടിന് (യുഎസ്ഒഎഫ്) കീഴിലുള്ള 170 ടെലികോം ടവറുകള്‍ 300 ലധികം ഗ്രാമങ്ങള്‍ക്ക് പ്രയോജനം ചെയ്യും. പ്രധാനമന്ത്രി ആവാസ് യോജന (നഗരവും ഗ്രാമവും) പ്രകാരം 450 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച 35,000-ത്തിലധികം വീടുകള്‍ പ്രധാനമന്ത്രി ഗുണഭോക്താക്കള്‍ക്ക് കൈമാറി.

മണിപ്പൂരില്‍ 3400 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. തറക്കല്ലിട്ട പ്രധാന പദ്ധതികളില്‍ നിലാകുത്തിയിലെ യൂണിറ്റി മാള്‍ നിര്‍മ്മാണവും ഉള്‍പ്പെടുന്നു; മന്‍ട്രിപുഖ്രിയിലെ മണിപ്പുര്‍ ഐടി പ്രത്യേക സാമ്പത്തിക മേഖലാ പദ്ധതി മേഖലയുടെ അടിസ്ഥാന സൗകര്യ വികസനം; വിദഗ്ധ മനോരോഗ പരിരക്ഷ നല്‍കുന്നതിനായി ലാംജെല്‍പട്ടില്‍ 60 കിടക്കകളുള്ള സംസ്ഥാന ആശുപത്രിയുടെ നിര്‍മ്മാണം; വെസ്റ്റ് ഇംഫാല്‍ ജില്ലയിലെ മണിപ്പൂര്‍ സാങ്കേതിക സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയും മണിപ്പൂരിലെ വിവിധ റോഡ് പദ്ധതികളും നിരവധി ജലവിതരണ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

നാഗാലാന്‍ഡില്‍ 1700 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. തറക്കല്ലിട്ട പ്രധാന പദ്ധതികളില്‍ ഒന്നിലധികം റോഡ് പദ്ധതികള്‍ ഉള്‍പ്പെടുന്നു; ചുമൗകെഡിമ ജില്ലയില്‍ യൂണിറ്റി മാള്‍ നിര്‍മാണം; ദിമാപൂരിലെ നാഗാര്‍ജനിലെ 132 കെവി സബ് സ്റ്റേഷനില്‍ ശേഷി പരിവര്‍ത്തനത്തിന്റെ നവീകരണം, ചെന്താങ് സാഡില്‍ മുതല്‍ നോക്ലാക്ക് (ഘട്ടം-1) വരെയുള്ള റോഡ് നവീകരിക്കുന്നതിനുള്ള പദ്ധതി, കൊഹിമ-ജെസ്സാമി റോഡ് ഉള്‍പ്പെടെയുള്ള നിരവധി റോഡ് പദ്ധതികള്‍ എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

മേഘാലയയില്‍ 290 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും തുറയിലെ ഐടി പാര്‍ക്കിന്റെ നിര്‍മ്മാണവും  പ്രധാനമന്ത്രി നിര്‍വഹിച്ചു. തറക്കല്ലിടുന്ന പ്രധാന പദ്ധതികള്‍; ന്യൂ ഷില്ലോങ് ടൗണ്‍ഷിപ്പില്‍ പുതിയ നാലുവരിപ്പാതയുടെ നിര്‍മ്മാണവും നിലവിലുള്ള രണ്ടുവരിപ്പാത നാലുവരിപ്പാതയാക്കി മാറ്റലും. അപ്പര്‍ ഷില്ലോങ്ങില്‍ ഫാര്‍മേഴ്സ് ഹോസ്റ്റല്‍ കം ട്രെയിനിംഗ് സെന്ററും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

സിക്കിമില്‍ 450 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. പ്രധാനമന്ത്രി തറക്കല്ലിട്ട പ്രധാന പദ്ധതികളില്‍ രംഗ്പോ റെയില്‍വേ സ്റ്റേഷന്റെ പുനര്‍വികസനവും നിരവധി റോഡ് പദ്ധതികളും ഉള്‍പ്പെടുന്നു. സിക്കിമിലെ തര്‍പ്പുവിനെയും ദറാംദീനെയും ബന്ധിപ്പിക്കുന്ന പുതിയ പാതയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.

ത്രിപുരയില്‍ 8,500 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിച്ചു. അഗര്‍ത്തല വെസ്റ്റേണ്‍ ബൈപാസിന്റെ നിര്‍മ്മാണവും സംസ്ഥാനത്തുടനീളമുള്ള ഒന്നിലധികം റോഡ് പദ്ധതികളുമാണ് തറക്കല്ലിട്ട പ്രധാന പദ്ധതികള്‍. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പുതിയ ഡിപ്പോ സെക്കര്‍കോട്ടില്‍ നിര്‍മിക്കും; മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ക്കായി സംയോജിത പുനരധിവാസ കേന്ദ്രത്തിന്റെ നിര്‍മ്മാണവും ഇവയിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തെ വിവിധ റോഡ് പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; 1.46 ലക്ഷം ഗ്രാമീണ പ്രവര്‍ത്തനക്ഷമമായ ഗാര്‍ഹിക ടാപ്പ് കണക്ഷനുകള്‍ക്കുള്ള പദ്ധതി; ദക്ഷിണ ത്രിപുര ജില്ലയിലെ സബ്‌റൂമിലെ ലാന്‍ഡ് പോര്‍ട്ടും ഏകദേശം 230 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ചു.

ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് പുതുതായി വികസിപ്പിച്ച സബ്‌റൂം ലാന്‍ഡ് പോര്‍ട്ട് സ്ഥിതി ചെയ്യുന്നത്. ലാന്‍ഡ് പോര്‍ട്ട് പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗ്, കാര്‍ഗോ അഡ്മിനിസ്ട്രേറ്റീവ് ബില്‍ഡിംഗ്, വെയര്‍ഹൗസ്, ഫയര്‍ സ്റ്റേഷന്‍ കെട്ടിടം, ഇലക്ട്രിക്കല്‍ സബ്സ്റ്റേഷന്‍, പമ്പ് ഹൗസ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും. പുതിയ തുറമുഖത്തിലൂടെ ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള യാത്രക്കാരുടെയും ചരക്കുകളുടെയും ഗതാഗതം ഇത് സുഗമമാക്കും. 1700 കിലോമീറ്റര്‍ അകലെയുള്ള പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത/ഹാല്‍ദിയ തുറമുഖത്തേക്ക് നീങ്ങുന്നതിന് പകരം 75 കിലോമീറ്റര്‍ അകലെയുള്ള ബംഗ്ലാദേശിലെ ചിറ്റഗോങ് തുറമുഖത്തേക്ക് നേരിട്ട് നീങ്ങാന്‍ സാധിക്കും. 2021 മാര്‍ച്ചില്‍ സബ്‌റൂം ലാന്‍ഡ് പോര്‍ട്ടിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നിര്‍വഹിച്ചിരുന്നു.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”