ഏകദേശം 5000 കോടി രൂപയുടെ സമഗ്ര കാർഷിക വികസന പരിപാടി രാഷ്ട്രത്തിനു സമർപ്പിച്ചു
സ്വദേശ് ദർശൻ, പ്രസാദ് പദ്ധതി എന്നിവയ്ക്കു കീഴിൽ 1400 കോടിയിലധികം രൂപയുടെ 52 വിനോദസഞ്ചാരപദ്ധതികൾ സമർപ്പിക്കുകയും ആരംഭിക്കുകയും ചെയ്തു
ശ്രീനഗർ ‘ഹസ്രത്ബാൽ ദേവാലയത്തിന്റെ സംയോജിത വികസന’ പദ്ധതി രാഷ്ട്രത്തിനു സമർപ്പിച്ചു
കഴിവുപരീക്ഷിക്കൽ അടിസ്ഥാനമാക്കി പ്രത്യേക ഇടങ്ങൾ വികസിപ്പിക്കുന്ന പദ്ധതിക്കു കീഴിൽ തിരഞ്ഞെടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു
‘ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്സ് 2024’, ‘ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്പോറ ക്യാമ്പെയ്ൻ’ എന്നിവയ്ക്കു തുടക്കംകുറിച്ചു
ജമ്മു കശ്മീരിലെ പുതിയ ഗവണ്മെന്റ് നിയമനങ്ങൾക്കുള്ള ഉത്തരവുകൾ പ്രധാനമന്ത്രി വിതരണം ചെയ്തു
“ഈ സ്നേഹത്തിന്റെ കടം വീട്ടാനുള്ള എല്ലാ ശ്രമവും മോദി നടത്തും. നിങ്ങളുടെ ഹൃദയങ്ങൾ കീഴടക്കാനാണ് ഞാൻ ഈ കഠിനാധ്വാനമെല്ലാം ചെയ്യുന്നത്; ഞാൻ ശരിയായ പാതയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു”
“വികസനത്തിന്റെ ശക്തി, വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ, കർഷകരുടെ കഴിവുകൾ, ജമ്മു കശ്മീരിലെ യുവാക്കളുടെ നേതൃത്വം എന്നിവ വികസിത ജമ്മു കശ്മീരിനു വഴിയൊരുക്കും”
“ജമ്മു കശ്മീർ വെറുമൊരു സ്ഥലമല്ല, ജമ്മു കശ്മീർ ഇന്ത്യയുടെ ശിരസാണ്. ​ശിരസുയർത്തിപ്പിടിക്കുന്നതു വികസനത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമാണ്. അതിനാൽ, വികസിത ജമ്മു കശ്മീരാണ് വികസിത ഭാരതത്തിന്റെ മുൻഗണന”
“ഇന്ന്, ജമ്മു കശ്മീർ വിനോദസഞ്ചാരമേഖലയിലെ എല്ലാ റെക്കോർഡുകളും തകർക്കുകയാണ്”
“ജമ്മു കശ്മീർ വലിയ ബ്രാൻഡാണ്”
“ഇന്ന് ജമ്മു കശ്മീർ വികസനത്തിന്റെ പുതിയ ഉയരങ്ങൾ തൊടുകയാണ്; കാരണം ജമ്മു കശ്മീർ ഇന്ന് സ്വതന്ത്രമായി ശ്വസിക്കുന്നു. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷമാണ് നിയന്ത്രണങ്ങളിൽ നിന്നുള്ള ഈ സ്വാതന്ത്ര്യം ലഭിച്ചത്”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ ‘വികസിത് ഭാരത് വികസിത് ജമ്മു കശ്മീർ’ പരിപാടിയെ അഭിസംബോധന ചെയ്തു. ഏകദേശം 5000 കോടി രൂപയുടെ സമഗ്ര കാർഷിക വികസന പരിപാടി അദ്ദേഹം രാജ്യത്തിനു സമർപ്പിച്ചു. ശ്രീനഗറിലെ ഹസ്രത്ബാൽ ദേവാലയത്തിന്റെ സംയോജിത വികസന പദ്ധതി ഉൾപ്പെടെ, സ്വദേശ് ദർശൻ-പ്രസാദ് പദ്ധതികൾക്കു കീഴിൽ വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട 1400 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികൾക്കു തുടക്കം കുറിച്ചു. ‘ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്‌സ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പോൾ’, ‘ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്‌പോറ ക്യാമ്പെയ്ൻ’ എന്നിവയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കഴിവുപരീക്ഷിക്കൽ അടിസ്ഥാനമാക്കി പ്രത്യേക ഇടങ്ങൾ വികസിപ്പിക്കുന്ന പദ്ധതി(Challenge Based Destination Development - CBDD)ക്കു കീഴിൽ തിരഞ്ഞെടുത്ത വിനോദസഞ്ചാരകേന്ദ്രങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ജമ്മു കശ്മീരിലെ 1000 പുതിയ ഗവണ്മെന്റ് നിയമനങ്ങൾക്കുള്ള ഉത്തരവുകൾ വിതരണം ചെയ്ത അദ്ദേഹം നേട്ടം കൊയ്ത വനിതകൾ, ‘ലഖ്പതി ദീദി’കൾ, കർഷകർ, സംരംഭകർ തുടങ്ങി വിവിധ ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി.

 

തേനീച്ച വളർത്തുന്ന, പുൽവാമയിൽ നിന്നുള്ള നസീം നസീർ 50 ശതമാനം സബ്‌സിഡിയിൽ തേനീച്ച വളർത്തലിനായി 25 പെട്ടികൾ വാങ്ങി സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി കച്ചവടം വിപുലീകരിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രിയോട് വിവരിച്ചു. പ്രധാനമന്ത്രിയുടെ തൊഴിലവസരം സൃഷ്ടിക്കൽ പരിപാടിക്കു കീഴിൽ 5 ലക്ഷം രൂപ പ്രയോജനപ്പെടുത്തി തേനീച്ച വളർത്തൽ ക്രമേണ 200 പെട്ടികളിലേക്ക് വ്യാപിപ്പിച്ച യാത്രയിലുടനീളം ത​ന്റെ സാമ്പത്തിക വളർച്ചയിലേക്കും അദ്ദേഹം വെളിച്ചം വീശി. ഇത് ശ്രീ നസീർ സ്വന്തമായി ഒരു ബ്രാൻഡ് കെട്ടിപ്പടുക്കുന്നതിലേക്കും രാജ്യത്തുടനീളം 5000 കിലോഗ്രാം മൂല്യമുള്ള ആയിരക്കണക്കിന് ഓർഡറുകൾ സൃഷ്‌ടിക്കുന്ന വെബ്‌സൈറ്റ് സൃഷ്‌ടിക്കുന്നതിലേക്കും നയിച്ചു. തന്റെ കച്ചവടം ഏകദേശം 2000 തേനീച്ച വളർത്തൽ പെട്ടികളാക്കി വളർത്തിയെടുക്കുകയും മേഖലയിലെ 100 ഓളം യുവാക്കളെ ഇതിന്റെ ഭാഗമാക്കുകയും ചെയ്തു. 2023-ൽ എഫ്‌പിഒ ലഭിച്ചതിനെക്കുറിച്ച് അദ്ദേഹം പ്രധാനമന്ത്രിയെ അറിയിച്ചു, അത് തന്റെ കച്ചവടം വളരാൻ സഹായിച്ചു. രാജ്യത്തെ ഫിൻടെക് ആവാസവ്യവസ്ഥയെ  മാറ്റിമറിച്ച ഡിജിറ്റൽ ഇന്ത്യ സംരംഭം ആരംഭിച്ചതിന് പ്രധാനമന്ത്രിയോട് അദ്ദേഹം നന്ദി പറഞ്ഞു. ജമ്മു കാശ്മീരിൽ മധുരവിപ്ലവത്തിന് വഴിയൊരുക്കിയ നസീമിന്റെ ശ്രമത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും അദ്ദേഹത്തിന്റെ വിജയത്തെ അഭിനന്ദിക്കുകയും ചെയ്തു. വ്യവസായ നടത്തിപ്പിനു ഗവണ്മെന്റിൽ നിന്ന് പ്രാഥമിക പിന്തുണ ലഭിച്ചതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ അന്വേഷണത്തിൽ, തനിക്ക് പ്രാഥമിക ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും കൃഷി വകുപ്പ് മുന്നോട്ട് വരികയും തന്റെ ലക്ഷ്യത്തെ പിന്തുണയ്ക്കുകയും ചെയ്തുവെന്ന് നസീം പറഞ്ഞു. തേനീച്ച വളർത്തൽ ഒരു പുതിയ മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, തേനീച്ചകൾ ഒരു തരത്തിൽ കർഷകത്തൊഴിലാളികളെപ്പോലെ പ്രവർത്തിക്കുന്നുണ്ടെന്നും അത് വിളകൾക്ക് പ്രയോജനകരമാകുന്നുവെന്നും പറഞ്ഞു. കർഷകർക്കും ഈ പ്രക്രിയ പ്രയോജനപ്രദമായതിനാൽ ഭൂവുടമകൾ തേനീച്ച വളർത്തലിനായി ഭൂമി സൗജന്യമായി നൽകാൻ തയ്യാറാണെന്ന് നസീം പറഞ്ഞു. മധ്യേഷ്യയിൽ ഹിന്ദുകുഷ് പർവതനിരകൾക്ക് ചുറ്റും ഉൽപ്പാദിപ്പിക്കുന്ന തേനിനെക്കുറിച്ച് ഗവേഷണം നടത്താൻ നസീമിനോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു, കൂടാതെ ഇത് ഒരു പ്രധാന വിപണിയായതിനാൽ പെട്ടികൾക്ക് ചുറ്റും പ്രത്യേക പൂക്കൾ വളർത്തി തേനിന് ഒരു പുതിയ രുചി രൂപപ്പെടുത്താൻ ശ്രമിക്കണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലും സമാനമായ വിജയകരമായ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. ലോകമെമ്പാടുമുള്ള ഉയർന്ന ആവശ്യകത കാരണം അക്കേഷ്യ ഹണിയുടെ വില കിലോയ്ക്ക് 400 രൂപയിൽ നിന്ന് 1000 രൂപയിലേക്ക് ഉയർന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ചിന്തയുടെയും കാഴ്ചപ്പാടിന്റെയും വ്യക്തതയെയും തന്റെ പദ്ധതി മുന്നോട്ടു​കൊണ്ടുപോകുന്നതിൽ ശ്രീ നസീം കാണിച്ച ധൈര്യത്തെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. നസീമിന്റെ മാതാപിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു. നസീം ഇന്ത്യയിലെ യുവാക്കൾക്ക് ദിശാബോധം നൽകുകയും പ്രചോദനമായി മാറുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

ഫുഡ് ടെക്‌നോളജി സ്‌കിൽ ഡെവലപ്‌മെന്റ് പ്രോഗ്രാമിലൂടെ ബേക്കറിയിൽ പുതിയ കണ്ടുപിടിത്തങ്ങൾ കൊണ്ടുവന്ന ബേക്കറി സംരംഭകയാണ് ശ്രീനഗറിലെ അഹ്‌തേഷാം മജീദ് ഭട്ട്. വനിതാ നൈപുണ്യ വികസനത്തിനായുള്ള ഗവൺമെന്റ് പോളിടെക്നിക്കിലെ ഇൻകുബേഷൻ സെന്റർ അവർക്ക് പിന്തുണ നൽകി. വിവിധ വകുപ്പുകളിൽ നിന്നുള്ള എല്ലാ എൻഒസികളും ലഭിക്കുന്നതിന് ഗവൺമെന്റിന്റെ ഏകജാലക സംവിധാനം അവരെയും അവരുടെ ടീമിനെയും സഹായിച്ചു. കഴിഞ്ഞ 10 വർഷമായി കോടിക്കണക്കിന് യുവാക്കൾക്ക് അവരുടെ സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് ഗവണ്മെന്റ് എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് പ്രധാനമന്ത്രി അവ​രോട് പറഞ്ഞു. തന്റെ സംരംഭങ്ങളിൽ വിവിധ ജില്ലകളിലുള്ള സുഹൃത്തുക്കളെ ഉൾപ്പെടുത്തിയതിന് പ്രധാനമന്ത്രി അവരെ പ്രശംസിച്ചു. “നമ്മുടെ യുവാക്കളുടെ ആശയങ്ങൾ വിഭവങ്ങളുടെയും സാമ്പത്തികത്തിന്റെയും പോരായ്മയിൽ നിന്ന് കഷ്ടപ്പെടാതിരിക്കാനുള്ള ഞങ്ങളുടെ പരിശ്രമമാണ്. അവർ ആത്മവിശ്വാസത്തോടെ നീങ്ങണം. ജമ്മു കശ്മീരിലെ ഈ പെൺമക്കൾ രാജ്യത്തിന്റെ മുഴുവൻ യുവാക്കൾക്കും പ്രചോദനാത്മകമായ പുതിയ മാതൃകകൾ സൃഷ്ടിക്കുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു. നിരാലംബരായ പെൺമക്കളെ പരിപാലിക്കുന്നതിന് അദ്ദേഹം അവരെ പ്രശംസിച്ചു.

ഗാന്ദർബലിലെ ഹമീദ ബാനോ പാൽ ക്ഷീരവ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എൻആർഎൽഎം) പ്രയോജനപ്പെടുത്തിയതായും പാൽ ഉൽപന്നങ്ങൾക്കായി സംസ്കരണ യൂണിറ്റ് തുറന്നതായും അവർ പ്രധാനമന്ത്രിയെ അറിയിച്ചു. അവർ മറ്റ് സ്ത്രീകൾക്കും ജോലി നൽകി. ഉൽപ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന, പാക്കേജിംഗ്, വിപണനം എന്നിവയെക്കുറിച്ചും അവർ പ്രധാനമന്ത്രിയെ അറിയിച്ചു. അവളുടെ പാലുൽപ്പന്നങ്ങളിൽ പ്രിസർവേറ്റീവുകൾ ഇല്ല, മാത്രമല്ല, വിൽപ്പന കുറവുള്ള ഉൽപ്പന്നം വിപണനം ചെയ്യുന്നതിനുള്ള വിപുലമായ രീതിയെക്കുറിച്ച് അവർ പ്രധാനമന്ത്രിയെ അറിയിച്ചു. അവളുടെ കച്ചവട മനോഭാവത്തെയും പോഷകാഹാര പ്രവർത്തനങ്ങൾ തുടരുന്നതിലും പ്രധാനമന്ത്രി അവരെ പ്രശംസിച്ചു. ഗുണനിലവാരം പരിപാലിക്കുന്നതിനും പരിസ്ഥിതിസൗഹൃദമായ രീതിയിൽ കച്ചവടം നടത്തുന്നതിനും അദ്ദേഹം അവരെ അഭിനന്ദിച്ചു.

 

സദസിനെ അഭിസംബോധന ചെയ്യവേ, ഭൂമിയിലെ സ്വർഗത്തിൽ എത്തിയതിന്റെ വികാരം വാക്കുകളിൽ വിവരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. “സമാനതകളില്ലാത്ത പ്രകൃതിയുടെ രൂപം, വായു, താഴ്‌വര, പരിസ്ഥിതി, കശ്മീരി സഹോദരങ്ങളുടെ സ്നേഹവും വാത്സല്യവും”- അദ്ദേഹം പറഞ്ഞു. വേദിക്ക് പുറത്തെ പൗരന്മാരുടെ സാന്നിധ്യത്തെക്കുറിച്ചും 285 ബ്ലോക്കുകളിൽ നിന്നുള്ള ഒരുലക്ഷത്തിലധികം പേർ വീഡിയോ സംവിധാനത്തിലൂടെ പങ്കെടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ദശാബ്ദങ്ങളായി കാത്തിരിക്കുന്ന ഒന്നാണ് പുതിയ ജമ്മു - കശ്മീർ എന്ന് പ്രധാനമന്ത്രി പറഞ്ഞു, “ഡോ. ശ്യാമ പ്രസാദ് മുഖർജി ഈ ജമ്മു കശ്മീരിന് വേണ്ടി ത്യാഗം ചെയ്തിട്ടുണ്ട്”- അദ്ദേഹം പറഞ്ഞു. പുതിയ ജമ്മു കശ്മീരിന്റെ കണ്ണുകളിൽ ഭാവിയിലേക്കുള്ള തിളക്കമുണ്ടെന്നും എല്ലാ തടസ്സങ്ങളും നീക്കാനുള്ള നിശ്ചയദാർഢ്യമുണ്ടെന്നും അദ്ദേഹം പ്രസ്താവിച്ചു. “ജമ്മു കശ്മീരിലെ ജനങ്ങളുടെ ചിരിക്കുന്ന മുഖം കാണുമ്പോൾ 140 കോടി പൗരന്മാർക്ക് സമാധാനം തോന്നുന്നു”- പ്രധാനമന്ത്രി പറഞ്ഞു.

ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്‌നേഹത്തിന് പ്രധാനമന്ത്രി നന്ദി പ്രകടിപ്പിച്ചു. “ഈ സ്നേഹത്തിന്റെ കടം വീട്ടാനുള്ള ശ്രമങ്ങളെല്ലാം മോദി ചെയ്യും. നിങ്ങളുടെ ഹൃദയങ്ങൾ കീഴടക്കാനാണ് ഞാൻ ഈ കഠിനാധ്വാനമെല്ലാം ചെയ്യുന്നത്. ഞാൻ ശരിയായ പാതയിലാണെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ ഹൃദയങ്ങൾ കീഴടക്കാനുള്ള എന്റെ ശ്രമങ്ങൾ ഞാൻ തുടരും. ഇതാണ് മോദിയുടെ ഉറപ്പ്. മോദിയുടെ ഉറപ്പ് എന്നാൽ ഉറപ്പുകൾ നിറവേറ്റുന്നതിന്റെ ഉറപ്പാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം.” – അദ്ദേഹം പറഞ്ഞു.

32,000 കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസന പദ്ധതികളും വിദ്യാഭ്യാസ പദ്ധതികളും ആരംഭിക്കാനായി അടുത്തിടെ ജമ്മു സന്ദർശിച്ചതു പരാമർശിച്ച പ്രധാനമന്ത്രി, ഇന്ന് വിതരണം ചെയ്ത നിയമനപത്രങ്ങൾക്കൊപ്പം വിനോദസഞ്ചാരം, വികസനം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട ഇന്നത്തെ പദ്ധതികളെക്കുറിച്ചും വിവരിച്ചു. “വികസനത്തിന്റെ ശക്തി, വിനോദസഞ്ചാരത്തിന്റെ സാധ്യതകൾ, കർഷകരുടെ കഴിവുകൾ, ജമ്മു കശ്മീരിലെ യുവാക്കളുടെ നേതൃത്വം എന്നിവ വികസിത ജമ്മു കശ്മീരിന് വഴിയൊരുക്കും”- പ്രധാനമന്ത്രി പറഞ്ഞു. “ജമ്മു കശ്മീർ വെറുമൊരു സ്ഥലമല്ല, ജമ്മു കശ്മീർ ഇന്ത്യയുടെ ശിരസാണ്. ശിരസുയർത്തിപ്പിടിക്കുന്നത് വികസനത്തിന്റെയും ബഹുമാനത്തിന്റെയും പ്രതീകമാണ്. അതിനാൽ, വികസിത ജമ്മു കശ്മീരിനാണ് വികസിത ഭാരതത്തിന്റെ മുൻഗണന”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

രാജ്യത്ത് നടപ്പാക്കിയ നിയമങ്ങൾ ജമ്മു കശ്മീരിൽ നടപ്പാക്കാത്ത കാലത്തെ പ്രധാനമന്ത്രി അനുസ്മരിക്കുകയും പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ നിരാലംബർക്കു പ്രയോജനപ്പെടുത്താൻ കഴിയാത്തതിനെക്കുറിച്ചു പരാമർശിക്കുകയും ചെയ്തു. ഭാഗധേയം മാറിയതു ചൂണ്ടിക്കാട്ടി, ശ്രീനഗറിൽ നിന്ന് ഇന്ന് മുഴുവൻ രാജ്യത്തിനും വേണ്ടിയുള്ള പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും ജമ്മു കശ്മീർ രാജ്യത്ത് വിനോദസഞ്ചാരത്തിനു വഴിയൊരുക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനാല് ഇന്ത്യയിലെ 50-ലധികം സ്ഥലങ്ങളിൽ നിന്നുള്ളവർ ഈ അവസരത്തിൽ പങ്കുചേർന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വദേശ് ദർശൻ പദ്ധതിക്ക് കീഴിൽ ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്ന ആറ് പദ്ധതികളെക്കുറിച്ചും അതിന്റെ അടുത്ത ഘട്ടത്തിന്റെ തുടക്കത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ശ്രീനഗർ ഉൾപ്പെടെ രാജ്യത്തെ വിവിധ നഗരങ്ങൾക്കായി 30 ഓളം പദ്ധതികൾ ആരംഭിച്ചതായും പ്രസാദ് പദ്ധതിക്കു കീഴിൽ 3 പദ്ധതികളുടെ ഉദ്ഘാടനവും 14 എണ്ണത്തിന്റെ സമാരംഭവും നിർവഹിച്ചതായും അദ്ദേഹം അറിയിച്ചു. വിശുദ്ധ ഹസ്രത്ബാൽ ദർഗയിൽ ജനങ്ങളുടെ സൗകര്യാർഥം നടത്തിവരുന്ന വികസന പ്രവർത്തനങ്ങളും പൂർത്തിയായതായി അദ്ദേഹം വ്യക്തമാക്കി. അടുത്ത രണ്ടു വർഷത്തിനുള്ളിൽ 40 സ്ഥലങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി വികസിപ്പിക്കാൻ ഗവണ്മെന്റ് കണ്ടെത്തിയ ‘ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്‌സ്’ ക്യാമ്പയിനെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഈ ക്യാമ്പയിനു കീഴിൽ പൊതുജനാഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഗവണ്മെന്റ് വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. എൻആർഐകളെ ഇന്ത്യയിലേക്ക് വരാൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ‘ചലോ ഇന്ത്യ’ ക്യാമ്പയിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇന്നത്തെ വികസന പ്രവർത്തനങ്ങൾക്ക് ജമ്മു കശ്മീരിലെ പൗരന്മാരെ അഭിനന്ദിച്ച പ്രധാനമന്ത്രി, പ്രദേശത്തെ വിനോദസഞ്ചാര വ്യവസായം വികസിപ്പിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് സഹായിക്കുമെന്ന് പറഞ്ഞു.

''ഉദാത്തമായ ഉദ്ദേശ്യങ്ങളും പ്രതിബദ്ധതകൾ നിറവേറ്റാനുള്ള ദൃഢനിശ്ചയവും ഉള്ളപ്പോൾ, ഫലങ്ങൾ അവയെ പിന്തുടരാൻ ബാദ്ധ്യസ്ഥമാകും'', പ്രധാനമന്ത്രി പ്രസ്താവിച്ചു. ജമ്മു കശ്മീരിൽ ജി-20 ഉച്ചകോടി വിജയകരമായി സംഘടിപ്പിച്ചതും അദ്ദേഹം ഉയർത്തിക്കാട്ടി.

''വിനോദസഞ്ചാരത്തിനായി ആര് ജമ്മു കശ്മീർ സന്ദർശിക്കുമെന്ന് ജനങ്ങൾ ചോദ്യം ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ജമ്മു കശ്മീർ എല്ലാ ടൂറിസം റെക്കോർഡുകളും ഭേദിക്കുകയാണ്'' വിനോദസഞ്ചാര രംഗത്തെ പരിവർത്തനപരമായ വളർച്ചയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''മുൻകാല റെക്കാർഡുകൾ മറികടന്നുകൊണ്ട് 2023-ൽ മാത്രം ജമ്മു-കശ്മീർ 2 കോടിയിലധികം വിനോദസഞ്ചാരികളെ സ്വീകരിച്ചു. കഴിഞ്ഞ 10 വർഷമായി, അമർനാഥ് യാത്ര വളരെയധികം തീർഥാടകരുടെ സാന്നിദ്ധ്യത്തിന് സാക്ഷ്യം വഹിച്ചു, മാത്രമല്ല വൈഷ്‌ണോ ദേവിയിലേക്കുള്ള ഭക്തരുടെ പദന്യാസത്തിലെ എണ്ണത്തിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി'' അദ്ദേഹം തുടർന്ന് വിശദീകരിച്ചു. ''വീഡിയോകൾക്കും റീലുകൾക്കും വേണ്ട അന്വേഷണങ്ങൾ നടത്തുന്നതിനും അവ തയ്യാറാക്കുന്നതിനുമായി ഇപ്പോൾ, പ്രമുഖ സെലിബ്രിറ്റികളും വിദേശ അതിഥികളും പോലും ജമ്മു കശ്മീരിലെ താഴ്‌വരകൾ സന്ദർശിക്കുന്നു'' വിദേശ വിനോദസഞ്ചാരികളുടെ വരവിലെ കുതിച്ചുചാട്ടവും സെലിബ്രിറ്റികൾക്കും അന്താരാഷ്ട്ര അതിഥികൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന ആകർഷണവും ഉയർത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു.

കാർഷിക മേഖലയിലേക്ക് നീങ്ങികൊണ്ട്, കുങ്കുമപ്പൂവ്, ആപ്പിൾ, ഡ്രൈ ഫ്രൂട്ട്‌സ്, ചെറി എന്നിവയുൾപ്പെടെയുള്ള ജമ്മു കശ്മീരിന്റെ കാർഷിക ഉൽപ്പന്നങ്ങളുടെ കരുത്ത് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി , ഈ പ്രദേശത്തെ ഒരു പ്രധാന കാർഷിക കേന്ദ്രമായി പ്രസ്താവിക്കുകയും ചെയ്തു. ഹോർട്ടികൾച്ചറിലും കന്നുകാലി വികസനത്തിലും പ്രത്യേകിച്ച് ശ്രദ്ധ കേന്ദ്രീകരിക്കുന്ന 5,000 കോടി രൂപയുടെ കാർഷിക വികസന പരിപാടി, അടുത്ത 5 വർഷത്തിനുള്ളിൽ ജമ്മു കശ്മീരിലെ കാർഷിക മേഖലയിൽ മുൻപൊന്നുമുണ്ടായിട്ടില്ലാത്ത വളർച്ചയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ''ഈ മുൻകൈ ആയിരക്കണക്കിന് പുതിയ അവസരങ്ങൾ സൃഷ്ടിക്കും, പ്രത്യേകിച്ച് ഹോർട്ടികൾച്ചർ, മൃഗസംരക്ഷണ മേഖലകളിൽ'', അദ്ദേഹം പറഞ്ഞു.

 

അതിനുപുറമെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് കീഴിൽ ഏകദേശം 3,000 കോടി രൂപ ജമ്മു കശ്മീരിലെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറിയതായും അദ്ദേഹം പരാമർശിച്ചു. പഴങ്ങളുടെയും പച്ചക്കറികളുടെയും സംഭരണശേഷി വർദ്ധിപ്പിക്കുന്നതിനും അവയുടെ ദീർഘകാല സംരക്ഷണം ഉറപ്പാക്കുന്നതിനും ജമ്മു കശ്മീരിൽ സംഭരണ സൗകര്യങ്ങൾ ഉയർത്തുന്നതിനായി കാര്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. അതുകൂടാതെ, 'ലോകത്തിലെ ഏറ്റവും വലിയ വെയർഹൗസിംഗ് പദ്ധതി' ആരംഭിക്കുന്നതോടെ ജമ്മു കശ്മീരിലുടനീളമുള്ള നിരവധി വെയർഹൗസുകളുടെ നിർമ്മാണം അതിൽ ഉൾപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിലെ ദ്രുതഗതിയിലുള്ള വികസനം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 2 എയിംസുകളുടെയും ഉദ്ഘാടനം ചെയ്യപ്പെട്ട എയിംസ് ജമ്മുവിന്റെയും പണികൾ പുരോഗമിക്കുന്ന എയിംസ് കശ്മീരിന്റെയും കാര്യങ്ങൾ പരാമർശിച്ചു. ഈ മേഖലയിലെ 7 പുതിയ മെഡിക്കൽ കോളേജുകൾ, 2 കാൻസർ ആശുപത്രികൾ, ഐ.ഐ.ടി, ഐ.ഐ.എം പോലുള്ള സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ജമ്മു കശ്മീരിൽ ഓടുന്ന 2 വന്ദേ ഭാരത് ട്രെയിനുകളെക്കുറിച്ചും ശ്രീനഗർ മുതൽ സംഗൽദാൻ വരേയും സംഗൽദാനിൽ നിന്ന് ബാരാമുള്ള വരേയും റെയിൽ സർവീസുകൾ ആരംഭിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ബന്ധിപ്പിക്കലിലെ ഈ വിപുലീകരണം സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉത്തേജനം നൽകി. ''വരും നാളുകളിൽ ജമ്മു കശ്മീരിന്റെ വിജയഗാഥ ലോകത്തിനാകെ മാതൃകയാകും'' ജമ്മുവിനെയും ശ്രീനഗറിനെയും സ്മാർട്ട് സിറ്റികളാക്കാനുള്ള പുതിയ പദ്ധതികളെക്കുറിച്ച് പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ഈ മേഖലയിലെ കരകൗശല വസ്തുക്കളെയും ശുചിത്വത്തെയും കുറിച്ചുള്ള തന്റെ മൻ കി ബാത്ത് പരിപാടിയിലെ പരാമർശങ്ങൾ അനുസ്മരിച്ച പ്രധാനമന്ത്രി, ജമ്മു കശ്മീരിന് താമരയുമായുള്ള ബന്ധത്തിനും അടിവരയിട്ടു.

എല്ലാ മേഖലകളിലും ജമ്മു കശ്മീരിലെ യുവജനങ്ങളുടെ വികസനത്തിന് ഗവൺമെന്റ് നടത്തുന്ന പരിശ്രമങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, നൈപുണ്യ വികസനം മുതൽ കായികമേഖലയിൽ വരെ പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയാണെന്നും ജമ്മു കശ്മീരിലെ എല്ലാ ജില്ലകളിലും ആധുനിക കായിക സൗകര്യങ്ങൾ നിർമ്മിക്കുകയാണെന്നും പറഞ്ഞു. 17 ജില്ലകളിൽ നിർമ്മിച്ച വിവിധോദ്ദേശ ഇൻഡോർ സ്‌പോർട്‌സ് ഹാളുകൾ ജമ്മു കശ്മീരിൽ നിരവധി ദേശീയ കായിക ടൂർണമെന്റുകൾക്ക് ആതിഥ്യമരുളുന്നതിന്റെ ഉദാഹരണവും അദ്ദേഹം നൽകി. '' ജമ്മു കശ്മീർ ഇപ്പോൾ രാജ്യത്തിന്റെ ശൈത്യകാല കായിക തലസ്ഥാനമായി ഉയർന്നുവരികയാണ്. അടുത്തിടെ നടന്ന ഖേലോ ഇന്ത്യ വിന്റർ ഗെയിംസിൽ ഏകദേശം 1000 കായികതാരങ്ങൾ പങ്കെടുത്തു'', പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

 

''ജമ്മു കശ്മീർ ഇന്ന് സ്വതന്ത്രമായി ശ്വസിക്കുന്നു, അതിനാൽ പുതിയ ഉയരങ്ങൾ കൈയടക്കുന്നു'', യുവജനങ്ങളുടെ പ്രതിഭകളേയും തുല്യ അവകാശങ്ങളേയും എല്ലാവർക്കുമുള്ള തുല്യ അവസരങ്ങളേയും ബഹുമാനിക്കുന്നതിലേക്ക് നയിച്ച അനുച്‌ഛേദം 370 റദ്ദാക്കിയത് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനിൽ നിന്നുള്ള അഭയാർത്ഥികൾ, വാൽമീകി സമുദായം, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് വോട്ടവകാശം ലഭിക്കുന്നത്, എസ്.സി വിഭാഗമാക്കണമെന്നുള്ള വാൽമീകി സമുദായത്തിന്റെ ആവശ്യം നിറവേറ്റൽ, പട്ടികവർഗ്ഗക്കാർക്കും പദ്ദാരി ഗോത്രക്കാർക്കും നിയമസഭയിലെ സീറ്റ് സംവരണം, പദ്ദാരി ഗോത്രം, പഹാരി വംശീയ ഗോത്രം ഗദ്ദാബ്രാഹ്‌മീൺ, കോലി സമൂഹങ്ങളെ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെടുത്തിയത് എന്നിവയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിൽ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് ഗവൺമെന്റ് നൽകിയിട്ടുള്ളതുപോലെ സംവരണത്തിനുള്ള അവകാശം ജമ്മു കശ്മീരിലെ കുടുംബ രാഷ്ട്രീയം ഇല്ലാതാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഇന്ന് എല്ലാ വർഗ്ഗത്തിനും അവരുടെ അവകാശങ്ങൾ തിരികെ ലഭിക്കുന്നു'', പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

ജമ്മു കശ്മീർ ബാങ്കിന്റെ പരിവർത്തനത്തെക്കുറിച്ച് വിശദമായി പ്രതിപാദിച്ച പ്രധാനമന്ത്രി, മുൻകാലങ്ങളിലെ കെടുകാര്യസ്ഥതയെ അനുസ്മരിക്കുകയും കുടുംബ രാഷ്ട്രീയത്തിന്റേയും അഴിമതിയുടേയും ഇരയെന്ന് അതിനെ വിശേഷിപ്പിക്കുകയും ചെയ്തു. ബാങ്കിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പട്ടികയും പ്രധാനമന്ത്രി നൽകി. ബാങ്കിന് നൽകിയ 1000 കോടി രൂപയുടെ സഹായവും തെറ്റായ നിയമനങ്ങൾക്കെതിരെയുള്ള നടപടിയും അദ്ദേഹം പരാമർശിച്ചു. അത്തരത്തിലുള്ള ആയിരക്കണക്കിന് നിയമനങ്ങളെക്കുറിച്ച് അഴിമതി വിരുദ്ധ ബ്യൂറോ ഇപ്പോഴും അന്വേഷിക്കുകയാണ്. കഴിഞ്ഞ 5 വർഷത്തെ സുതാര്യമായ റിക്രൂട്ട്‌മെന്റുകളും അദ്ദേഹം എടുത്തുപറഞ്ഞു. അതിന്റെ ഫലമായി, ജമ്മു കശ്മീർ ബാങ്കിന്റെ ലാഭം 1700 കോടി രൂപയാകുകയും 5 വർഷം മുമ്പ് 1.25 കോടി രൂപയായിരുന്ന ബിസിനസ് ഇപ്പോൾ 2.25 ലക്ഷം കോടി രൂപയിൽ എത്തുകയും ചെയ്തു. നിക്ഷേപം 80,000 കോടിയിൽ നിന്ന് 1.25 ലക്ഷം കോടിയായി ഉയർന്നു. അഞ്ച് വർഷം മുമ്പ് 11 ശതമാനം കടന്ന നിഷ്‌ക്രിയാസ്തി (എൻ.പി.എ) അഞ്ച് ശതമാനത്തിൽ താഴെയാക്കി കൊണ്ടുവന്നു. 5 വർഷം മുമ്പ് 12 രൂപയുണ്ടായിരുന്ന ബാങ്കിന്റെ ഓഹരിയുടെ മൂല്യം 12 മടങ്ങ് വർദ്ധിച്ച് ഏകദേശം 140 രൂപയായി. ''സത്യസന്ധമായ ഒരു ഗവൺമെന്റ് ഉള്ളപ്പോൾ, ജനങ്ങളുടെ ക്ഷേമമാണ് ഉദ്ദേശ്യമെങ്കിൽ, അപ്പോൾ ജനങ്ങളെ എല്ലാ പ്രയാസങ്ങളിൽ നിന്നും കരകയറ്റാൻ കഴിയും'', പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കുടുംബ രാഷ്ട്രീയത്തിന്റെ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇരയാണ് ജമ്മു കശ്മീർ എന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ജമ്മു കശ്മീരിന്റെ വികസനത്തിനുള്ള സംഘടിതപ്രവർത്തനം ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും അടുത്ത 5 വർഷത്തിനുള്ളിൽ പ്രദേശം കൂടുതൽ വേഗത്തിൽ വികസിക്കുമെന്നും ജനങ്ങൾക്ക് ഉറപ്പ് നൽകി.

 

വിശുദ്ധ റംസാൻ മാസത്തിൽ മുഴുവൻ രാജ്യത്തിനും ആശംസകൾ നേർന്നുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. 'റമദാൻ മാസത്തിൽ നിന്ന് എല്ലാവർക്കും സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. നാളെ മഹാശിവരാത്രിയാണ്, എല്ലാവർക്കും ഈ വിശുദ്ധ ഉത്സവത്തിന്റെ ആശംസ നേരുന്നു'', പ്രധാനമന്ത്രി മോദി പറഞ്ഞു.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ ശ്രീ മനോജ് സിൻഹ, കേന്ദ്ര സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ജമ്മു കശ്മീരിന്റെ കാർഷിക സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നൽകുന്ന ഒരു ചുവടുവയ്പായി, പ്രധാനമന്ത്രി 'ഹോളിസ്റ്റിക് അഗ്രികൾച്ചർ ഡെവലപ്മെന്റ് പ്രോഗ്രാം' (എച്ച്എഡിപി) രാജ്യത്തിന് സമർപ്പിച്ചു. ജമ്മു കശ്മീരിലെ ഹോർട്ടികൾച്ചർ, അഗ്രികൾച്ചർ, കന്നുകാലി വളർത്തൽ എന്നീ കാർഷിക സമ്പദ്വ്യവസ്ഥയുടെ മൂന്ന് പ്രധാന മേഖലകളിലെ പ്രവർത്തനങ്ങളുടെ മുഴുവൻ കാമ്പും ഉൾക്കൊള്ളുന്ന ഒരു സംയോജിത പരിപാടിയാണ് എച്ച്എഡിപി. സമർപ്പിത ദക്ഷ് കിസാൻ പോർട്ടൽ വഴി 2.5 ലക്ഷം കർഷകരെ നൈപുണ്യ വികസനത്തിന് ഈ പരിപാടി സജ്ജരാക്കും. പരിപാടിക്ക് കീഴിൽ, 2000 ഓളം കർഷിക സേവന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും കർഷക സമൂഹത്തിന്റെ ക്ഷേമത്തിനായി ശക്തമായ മൂല്യ ശൃംഖലകൾ സ്ഥാപിക്കുകയും ചെയ്യും. ജമ്മു കശ്മീരിലെ ലക്ഷക്കണക്കിന് ചെറുകിട കുടുംബങ്ങൾക്ക് തൊഴിലവസരം സൃഷ്ടിക്കുന്നതിലേക്ക് ഈ പരിപാടി നയിക്കും.

ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും സൗകര്യങ്ങളും നിർമ്മിച്ച് രാജ്യവ്യാപകമായി പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെയും തീർഥാടകരുടെയും മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട്. ഇതിന് അനുസൃതമായി, സ്വദേശ് ദർശൻ, പ്രസാദ് പദ്ധതികൾക്ക് കീഴിൽ 1400 കോടിയിലധികം രൂപയുടെ ഒന്നിലധികം സംരംഭങ്ങൾ ആരംഭിക്കുകയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്ന പദ്ധതികളിൽ ജമ്മു കശ്മീരിലെ ശ്രീനഗറിലെ 'ഹസ്രത്ബാൽ ദേവാലയത്തിന്റെ സംയോജിത വികസനം' ഉൾപ്പെടുന്നു; മേഘാലയയിലെ വടക്കു കിഴക്കൻ മേഖലയിൽ വികസിപ്പിച്ച ടൂറിസം സൗകര്യങ്ങൾ; ബീഹാറിലും രാജസ്ഥാനിലും ആത്മീയ സർക്യൂട്ട്; ബീഹാറിലെ ഗ്രാമീ, തീർത്ഥങ്കർ സർക്യൂട്ട്; തെലങ്കാനയിലെ ജോഗുലാംബ ഗഡ്വാൾ ജില്ലയിലെ ജോഗുലാംബ ദേവി ക്ഷേത്രത്തിന്റെ വികസനം; മധ്യപ്രദേശിലെ അന്നുപൂർ ജില്ലയിലെ അമർകണ്ടക് ക്ഷേത്രത്തിന്റെ വികസനവും.

 

ഹസ്രത്ബാൽ ദേവാലയം സന്ദർശിക്കുന്ന തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിനും അവരുടെ സമഗ്രമായ ആത്മീയ അനുഭവം വർദ്ധിപ്പിക്കുന്നതിനുമായി 'ഹസ്രത്ബാൽ ദേവാലയത്തിന്റെ സംയോജിത വികസനം' എന്ന പദ്ധതി നടപ്പിലാക്കി. പദ്ധതിയുടെ പ്രധാന ഘടകങ്ങളിൽ ദേവാലയത്തിന്റെ അതിർത്തി ഭിത്തിയുടെ നിർമ്മാണം ഉൾപ്പെടെ മുഴുവൻ പ്രദേശത്തിന്റെയും സൈറ്റ് വികസനം ഉൾപ്പെടുന്നു; ഹസ്രത്ബാൽ ആരാധനാലയ പരിസരത്തിന്റെ പ്രകാശം; ദേവാലയത്തിനു ചുറ്റുമുള്ള പടികളുടെയും ദേവ്രി പാതകളുടെയും മെച്ചപ്പെടുത്തൽ; സൂഫി വ്യാഖ്യാന കേന്ദ്രത്തിന്റെ നിർമ്മാണം; ടൂറിസ്റ്റ് സേവന കേന്ദ്ര നിർമാണം; അടയാളങ്ങൾ സ്ഥാപിക്കൽ; ബഹുനില നിലയുള്ള കാർ പാർക്കിംഗ്; ആരാധനാലയത്തിന്റെ പൊതു സേവന ബ്ലോക്കിന്റെയും പ്രവേശന കവാടത്തിന്റെയും നിർമ്മാണം എന്നിവയും ഇതിലുണ്ട്.

രാജ്യത്തുടനീളമുള്ള തീർത്ഥാടന കേന്ദ്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും വികസിപ്പിക്കുന്ന 43 ഓളം പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനഡ ജില്ലയിലെ അന്നവാരം ക്ഷേത്രം പോലെയുള്ള പ്രധാനപ്പെട്ട മതപരമായ സ്ഥലങ്ങൾ ഇതിൽ ഉൾപ്പെടുന്നു; തമിഴ്നാട്ടിലെ തഞ്ചാവൂർ, മയിലാടുതുറൈ ജില്ലയിലും പുതുച്ചേരിയിലെ കാരക്കൽ ജില്ലയിലും ഉള്ള നവഗ്രഹ ക്ഷേത്രങ്ങൾ; കർണാടകത്തിൽ മൈസൂർ ജില്ലയിലെ ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം, രാജസ്ഥാനിൽ ബിക്കാനീർ ജില്ലയിലെ കർണി മാതാ മന്ദിർ, ഹിമാചൽ പ്രദേശ് ഉന ജില്ലയിലെ മാ ചിന്ത്പൂർണി ക്ഷേത്രം, ഗോവയിലെ ബോം ജീസസ് ചർച്ചിന്റെ ബസിലിക്കയും മറ്റും ഇതിൽപ്പെടുന്നു. അരുണാചൽ പ്രദേശിലെ മെചുക സാഹസിക പാർക്ക് പോലുള്ള മറ്റ് വിവിധ സ്ഥലങ്ങളുടെയും അനുഭവ കേന്ദ്രങ്ങളുടെയും വികസനവും പദ്ധതികളിൽ ഉൾപ്പെടുന്നു; ഉത്തരാഖണ്ഡിലെ പിത്തോരഗഢിലെ ഗുഞ്ചിയിലെ ഗ്രാമീണ ടൂറിസം ക്ലസ്റ്റർ അനുഭവം; തെലങ്കാനയിൽ അനന്തഗിരി വനത്തിലെ ഇക്കോടൂറിസം മേഖല; മേഘാലയത്തിൽ സോഹ്റയിലെ മേഘാലയ ഗുഹ അനുഭവവും വെള്ളച്ചാട്ട പാതകളുടെ അനുഭവവും; സിന്നമര ടീ എസ്റ്റേറ്റ്, അസമിലെ ജോർഹട്ട്, പഞ്ചാബിലെ കപൂർത്തലയിലെ കഞ്ജലി തണ്ണീർത്തടത്തിൽ ഇക്കോടൂറിസം അനുഭവം; ജുല്ലി ലേ ജൈവവൈവിധ്യ പാർക്ക് തുടങ്ങിയവയാണ് മറ്റുള്ളവ.

 

പരിപാടിയിൽ, ചാലഞ്ച് ബേസ്ഡ് ഡെസ്റ്റിനേഷൻ ഡെവലപ്മെന്റ് (സിബിഡിഡി) സ്‌കീമിന് കീഴിൽ തിരഞ്ഞെടുത്ത 42 വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 2023-24 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നൂതന പദ്ധതി, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം ഉത്തേജിപ്പിക്കുകയും വിനോദസഞ്ചാര മേഖലയിൽ സുസ്ഥിരതയും മത്സരക്ഷമതയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് വിനോദസഞ്ചാര അനുഭവങ്ങൾ നൽകാനാണ് ലക്ഷ്യമിടുന്നത്. 42 ലക്ഷ്യസ്ഥാനങ്ങളെ നാല് വിഭാഗങ്ങളിലായി കണ്ടെത്തിയിട്ടുണ്ട് - 16 സാംസ്‌കാരിക, പൈതൃക ലക്ഷ്യസ്ഥാനം, 11 ആത്മീയ കേന്ദ്രങ്ങൾ, 10 ഇക്കോടൂറിസം, അമൃത് ധരോഹർ, 5 വൈബ്രന്റ് വില്ലേജ്.

'ദേഖോ അപ്നാ ദേശ് പീപ്പിൾസ് ചോയ്സ് 2024' എന്ന പേരിൽ വിനോദസഞ്ചാരത്തിൽ രാജ്യത്തിന്റെ സ്പന്ദനം തിരിച്ചറിയുന്നതിനുള്ള ആദ്യ രാജ്യവ്യാപക സംരംഭം പ്രധാനമന്ത്രി ആരംഭിച്ചു. ആത്മീയം, സാംസ്‌കാരികം, പൈതൃകം, പ്രകൃതി, വന്യജീവി, സാഹസികത, മറ്റ് വിഭാഗങ്ങൾ എന്നിങ്ങനെ 5 വിനോദസഞ്ചാര വിഭാഗങ്ങളിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെ തിരിച്ചറിയുന്നതിനും വിനോദസഞ്ചാരികളുടെ ധാരണകൾ മനസ്സിലാക്കുന്നതിനും പൗരന്മാരുമായി ഇടപഴകുക എന്നതാണ് രാജ്യവ്യാപകമായി ലക്ഷ്യമിടുന്നത്. നാല് പ്രധാന വിഭാഗങ്ങൾക്ക് പുറമേ, 'മറ്റൊരു' വിഭാഗത്തിലും വ്യക്തികൾക്ക് അവ‍ർക്ക് വ്യക്തിപരമായി പ്രിയപ്പെട്ടതിനെ തെരഞ്ഞെടുക്കാനും അതിൽ മറഞ്ഞിരിക്കുന്ന ടൂറിസം രത്‌നങ്ങൾ കണ്ടെത്താനും കഴിയും.

വൈബ്രന്റ് ബോർഡർ വില്ലേജുകൾ, ആരോഗ്യ പരിരക്ഷാ ടൂറിസം, വിവാഹ ടൂറിസം തുടങ്ങിയ പര്യവേക്ഷണം ചെയ്യപ്പെടാത്ത വിനോദസഞ്ചാര ആകർഷണങ്ങളുടെയും ലക്ഷ്യസ്ഥാനങ്ങളുടെയും രൂപത്തിലുള്ള രത്‌നങ്ങളാണ് ഇവ. കേന്ദ്ര ഗവൺമെന്റിന്റെ സിറ്റിസൺ എൻഗേജ്മെന്റ് പോർട്ടലായ മൈഗവ് പ്ലാറ്റ്ഫോമിലാണ് ഈ വോട്ടെടുപ്പ് പരിശീലനം നടത്തുന്നത്.

ഇൻക്രെഡിബിൾ ഇന്ത്യയുടെ അംബാസഡർമാരാകാനും ഇന്ത്യയിലേക്ക് ടൂറിസം പ്രോത്സാഹിപ്പിക്കാനും ഇന്ത്യൻ പ്രവാസികളെ പ്രചോദിപ്പിക്കുന്നതിനായി പ്രധാനമന്ത്രി 'ചലോ ഇന്ത്യ ഗ്ലോബൽ ഡയസ്പോറ കാമ്പെയ്ൻ' ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ അടിസ്ഥാനമാക്കിയാണ് കാമ്പയിൻ ആരംഭിക്കുന്നത്. അതിൽ ഇന്ത്യക്കാരല്ലാത്ത അഞ്ച് സുഹൃത്തുക്കളെയെങ്കിലും ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ഇന്ത്യൻ പ്രവാസികളോട് അഭ്യർത്ഥിച്ചു. 3 കോടിയിലധികം വിദേശ ഇന്ത്യക്കാരുള്ള ഇന്ത്യൻ പ്രവാസിലോകം ഇന്ത്യൻ ടൂറിസത്തിന്റെ ശക്തമായ ഉത്തേജകമാകാനാകും വിധം സാംസ്‌കാരിക അംബാസഡർമാരായി പ്രവർത്തിക്കുന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”