പ്രധാനമന്ത്രി ആവാസ് യോജനയ്ക്കും മറ്റു ഭവന പദ്ധതികൾക്കും കീഴിൽ ഗുജറാത്തിലുടനീളം നിർമ്മിച്ച 1.3 ലക്ഷത്തിലധികം വീടുകളുടെ ഉദ്ഘാടനവും ഭൂമിപൂജയും നടത്തി
"ഇത്രയും വലിയ അളവിൽ നിങ്ങളുടെ അനുഗ്രഹങ്ങൾ ലഭിക്കുന്നതു ഞങ്ങളുടെ തീരുമാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു"
"ഇന്നത്തെ സമയം ചരിത്രം സൃഷ്ടിക്കുന്ന സമയമാണ്"
"എല്ലാവർക്കും മുകളിൽ അടച്ചുറപ്പുള്ള മേൽക്കൂരയുണ്ടെന്ന് ഉറപ്പാക്കാനാണു ഞങ്ങളുടെ ഗവണ്മെന്റിന്റെ ശ്രമം"
"അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യ വികസിത രാഷ്ട്രമായി മാറണമെന്നാണ് ഓരോ പൗരനും ആഗ്രഹിക്കുന്നത്. ഇതിനായി എല്ലാവരും സാധ്യമായ എല്ലാ സംഭാവനകളും നൽകുന്നു"
"വേഗത്തിൽ വീടുകൾ നിർമ്മിക്കുന്നതിനായി ഞങ്ങളുടെ ഭവന പദ്ധതികളിൽ ആധുനിക സാങ്കേതികവിദ്യ വിന്യസിച്ചുകൊണ്ടിരിക്കുന്നു"
"വികസിത ഭാരതത്തിന്റെ നാലു സ്തംഭങ്ങളായ യുവാക്കൾ, സ്ത്രീകൾ, കർഷകർ, ദരിദ്രർ എന്നിവരുടെ ശാക്തീകരണത്തിനു ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്"
"ഒരുറപ്പും ഇല്ലാത്തവർക്കു മോദി ഉറപ്പായി"
"എല്ലാ ദരിദ്രക്ഷേമ പദ്ധതിയുടെയും ഏറ്റവും വലിയ ഗുണഭോക്താക്കൾ ദളിത്-ഒബിസി-ഗോത്രവർഗ കുടുംബങ്ങളാണ്”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിദൂരദൃശ്യസംവിധാനത്തിലൂടെ ‘വികസിത ഭാരതം വികസിത ഗുജറാത്ത്’ പരിപാടിയെ അഭിസംബോധന ചെയ്തു. പരിപാടിയിൽ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കും (പിഎംഎവൈ) മറ്റ് ഭവന പദ്ധതികൾക്കും കീഴിൽ ഗുജറാത്തിലുടനീളം നിർമ്മിച്ച 1.3 ലക്ഷത്തിലധികം വീടുകളുടെ ഉദ്ഘാടനവും ഭൂമിപൂജയും അദ്ദേഹം നിർവഹിച്ചു. ആവാസ് യോജന ഗുണഭോക്താക്കളുമായും അദ്ദേഹം സംവദിച്ചു.

സദസിനെ അഭിസംബോധന ചെയ്യവേ, ഗുജറാത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള ജനങ്ങൾ ഗുജറാത്തിന്റെ വികസന യാത്രയുമായി ബന്ധപ്പെട്ടിരിക്കുന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. 20 വർഷം പൂർത്തിയാക്കിയ ‘വൈബ്രന്റ് ഗുജറാത്തി’ൽ അടുത്തകാലത്ത് പങ്കെടുത്തത് അദ്ദേഹം അനുസ്മരിച്ചു. മഹത്തായ നിക്ഷേപ പരിപാടിയായ ‘വൈബ്രന്റ് ഗുജറാത്ത്’ സംഘടിപ്പിച്ചതിന് അദ്ദേഹം ഗുജറാത്തിനെ പ്രശംസിച്ചു.

പാവപ്പെട്ടവരുടെ ഉടമസ്ഥതയിലുള്ള വീട് അവരുടെ ശോഭനമായ ഭാവിയുടെ ഉറപ്പാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. എന്നാൽ കാലം കടന്നുപോകുകയും കുടുംബങ്ങൾ വളരാൻ തുടങ്ങുകയും ചെയ്തതോടെ, ഓരോ പാവപ്പെട്ടവർക്കും പുതിയ വീടുകൾ നിർമ്മിക്കാനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി ഊന്നൽ നൽകുകയും ഇന്ന് ഭൂമിപൂജ നടത്തിയ 1.25 ലക്ഷം പേരെ പരാമർശിക്കുകയും ചെയ്തു. ഇന്ന് പുതിയ വീട് ലഭിച്ച എല്ലാ കുടുംബങ്ങളെയും അദ്ദേഹം അഭിനന്ദിക്കുകയും അവർക്ക് ശോഭനമായ ഭാവി ആശംസിക്കുകയും ചെയ്തു. "ഇത്രയും വലിയ ജോലികൾ പൂർത്തിയാകുമ്പോൾ, രാജ്യം അതിനെ 'മോദിയുടെ  ഗ്യാരന്റി' എന്ന് വിളിക്കുന്നു, അതായത് ഉറപ്പു നിറവേറ്റുന്നതിനുള്ള ഉറപ്പ് "- ശ്രീ മോദി പറഞ്ഞു.

 

സംസ്ഥാനത്തെ 180 ലധികം സ്ഥലങ്ങളിൽ നിരവധി ജനങ്ങൾ ഒത്തുകൂടിയ ഇന്നത്തെ പരിപാടിയുടെ സംഘാടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. “ഇത്രയും വലിയ തോതിൽ നിങ്ങളുടെ അനുഗ്രഹങ്ങൾ ലഭിക്കുന്നത് ഞങ്ങളുടെ തീരുമാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു”. പ്രദേശത്തെ ജലക്ഷാമം അനുസ്മരിച്ച പ്രധാനമന്ത്രി, ബനാസ്കാന്ത, മെഹ്‌സാന, അംബാജി, പാടൺ എന്നിവിടങ്ങളിലെ കൃഷിയെ സഹായിച്ച ‘ഓ​രോ തുള്ളിക്കും കൂടുതൽ വിള’, തുള്ളിനന തുടങ്ങിയ സംരംഭങ്ങളെ പ്രധാനമന്ത്രി പരാമർശിച്ചു. അംബാജിയിലെ വികസന പ്രവർത്തനങ്ങൾ തീർഥാടകരുടെ എണ്ണത്തിൽ വലിയ ഉത്തേജനം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് കാലഘട്ടം മുതൽ മുടങ്ങിക്കിടന്നിരുന്ന, അഹമ്മദാബാദ് മുതൽ ആബു റോഡ് വരെയുള്ള, ബ്രോഡ്‌ഗേജ് പാത വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തന്റെ ഗ്രാമമായ വഡ്‌നഗറിനെക്കുറിച്ച് സംസാരിക്കവെ, വിനോദസഞ്ചാരികളെ വൻതോതിൽ ആകർഷിക്കുന്ന 3000 വർഷം പഴക്കമുള്ള പുരാതന പുരാവസ്തുക്കളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഹട്‌കേശ്വർ, അംബാജി, പാടൺ, തരംഗാജി തുടങ്ങിയ സ്ഥലങ്ങളെ പരാമർശിച്ച അദ്ദേഹം വടക്കൻ ഗുജറാത്ത് ക്രമേണ ഏകതാപ്രതിമ പോലെ വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണെന്നും പറഞ്ഞു.

നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിൽ മോദിയുടെ ഗ്യാരന്റി വാഹനം രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിൽ എത്തിയ ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യുടെ വിജയകരമായ സംഘാടനത്തെ സ്പർശിച്ച പ്രധാനമന്ത്രി, ഗുജറാത്തിൽ നിന്നുള്ള കോടിക്കണക്കിന് പേർ യാത്രയുമായി ബന്ധപ്പെട്ടതായി പറഞ്ഞു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ സഹായിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. കൂടാതെ പദ്ധതികളിൽ നിന്ന് പ്രയോജനം നേടുന്നതിനും ഫണ്ട് വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിനും ദാരിദ്ര്യത്തെ തുടച്ചുനീക്കുന്നതിനുള്ള പദ്ധതികൾക്കനുസൃതമായി അവരുടെ ജീവിതം രൂപപ്പെടുത്തിയതിന് അവരെ പ്രശംസിക്കുകയും ചെയ്തു. ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഗുണഭോക്താക്കളോട് മുന്നോട്ട് വരാനും ഈ സംരംഭത്തെ പിന്തുണയ്ക്കാനും ദാരിദ്ര്യം തുടച്ചുനീക്കുന്നതിന് സംഭാവന നൽകാനും അഭ്യർഥിച്ചു. നേരത്തെ ഗുണഭോക്താക്കളുമായി നടത്തിയ ആശയവിനിമയത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, അവരുടെ പുതിയ വീടുകൾ അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനെ പ്രശംസിച്ചു.

“ഇന്നത്തെ സമയം ചരിത്രം സൃഷ്ടിക്കുന്ന സമയമാണ്” - പ്രധാനമന്ത്രി പറഞ്ഞു. ഈ കാലഘട്ടത്തെ സ്വദേശി പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, സ്വാതന്ത്ര്യം ഓരോ പൗര​ന്റെയും ലക്ഷ്യമായി മാറിയ ദണ്ഡി മാർച്ച് എന്നിവയുടെ കാലഘട്ടവുമായി അദ്ദേഹം താരതമ്യം ചെയ്തു. വികസിത ഭാരതം സൃഷ്ടിക്കുക എന്നത് രാജ്യത്തിന് സമാനമായ ദൃഢനിശ്ചയമായി മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘സംസ്ഥാനത്തിന്റെ പുരോഗതിയിലൂടെ ദേശീയ വികസനം’ എന്ന ഗുജറാത്തിന്റെ ചിന്തയെ അദ്ദേഹം എടുത്തുകാട്ടി. ഇന്നത്തെ പരിപാടി ‘വികസിത ഭാരതത്തിനായി വികസിത ഗുജറാത്ത്’ എന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

പ്രധാനമന്ത്രി ആവാസ് യോജനയിൽ ഗുജറാത്ത് കൈവരിച്ച മുന്നേറ്റം പരാമർശിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ 9 ലക്ഷത്തിലധികം വീടുകൾ നിർമിച്ചതായി അറിയിച്ചു. പിഎം ആവാസ് – ഗ്രാമീണ പദ്ധതിക്കുകീഴിൽ ഗ്രാമപ്രദേശങ്ങളിൽ 5 ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചു. ഗുണനിലവാരവും വേഗത്തിലുള്ള നിർമാണവും ഉറപ്പാക്കാൻ പുതിയ സാങ്കേതികവിദ്യ വിന്യസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ലൈറ്റ്ഹൗസ്’ പദ്ധതിപ്രകാരം 1100 വീടുകൾ നിർമിച്ചുവെന്നും അദ്ദേഹം പരാമർശിച്ചു.

2014ന് മുമ്പുള്ള കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ പാവപ്പെട്ടവര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം അതിവേഗത്തിലാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. പാവപ്പെട്ടവരുടെ വീടുകള്‍ക്കായി കൈമാറുന്ന തുക ഇപ്പോള്‍ 2.25 ലക്ഷം രൂപയിലേറെയായെന്നും ഇടനിലക്കാരില്ലാതെ അത് നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് കൈമാറുന്നതെന്നും പാവപ്പെട്ടവരുടെ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള തുച്ഛമായ ധനസഹായവും മുന്‍കാലങ്ങളില്‍ കമ്മീഷനുകളുടെയും മറ്റും രൂപത്തിലുണ്ടായിട്ടുള്ള ചോര്‍ച്ചയും ചൂണ്ടിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ശൗചാലയങ്ങള്‍, ടാപ്പ് വാട്ടര്‍ കണക്ഷനുകള്‍, വൈദ്യുതി വിതരണം, ഗ്യാസ് കണക്ഷനുകള്‍ എന്നിവയ്‌ക്കൊപ്പം കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വീടുകള്‍ നിര്‍മ്മിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ഈ സൗകര്യങ്ങള്‍ പണം ലാഭിക്കുന്നതിന് പാവപ്പെട്ടവരെ സഹായിച്ചു'', അദ്ദേഹം പറഞ്ഞു. സ്ത്രീകളെ വീട്ടുടമകളാക്കികൊണ്ട് വീടുകള്‍ ഇപ്പോള്‍ സ്ത്രീകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
യുവജനങ്ങള്‍, കര്‍ഷകര്‍, സ്ത്രീകള്‍, പാവപ്പെട്ടവര്‍ എന്നിവര്‍ വികസിത് ഭാരതിന്റെ നാല് തൂണുകളാണെന്ന് ആവര്‍ത്തിച്ച പ്രധാനമന്ത്രി, അവരുടെ ശാക്തീകരണം ഗവണ്‍മെന്റിന്റെ ഉയര്‍ന്ന പ്രതിബദ്ധതയാണെന്നും പറഞ്ഞു. പാവങ്ങള്‍ എല്ലാ സമുദായങ്ങളേയും ഉള്‍ക്കൊള്ളുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. പദ്ധതികളുടെ പ്രയോജനം വിവേചനമില്ലാതെ എല്ലാവരിലേയ്ക്കും എത്തുകയാണ്. ''ഒരു ഗ്യാരണ്ടിയും ഇല്ലാത്തവര്‍ക്ക് മോദി ഗ്യാരണ്ടി നല്‍കിയിട്ടുണ്ട്'', അദ്ദേഹം പറഞ്ഞു. എല്ലാ സമുദായത്തിലേയും സംരംഭകര്‍ക്ക് ഈട് രഹിത വായ്പ ലഭിക്കുന്ന മുദ്ര യോജനയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. അതുപോലെ വിശ്വകര്‍മജര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും സാമ്പത്തിക സഹായവും വൈദഗ്ധ്യവും ലഭ്യമാക്കുന്നു. ''പാവപ്പെട്ടവര്‍ക്കുള്ള എല്ലാ ക്ഷേമ പദ്ധതിയുടെയും ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ദളിതര്‍, ഒ.ബി.സി (മറ്റ് പിന്നോക്ക വിഭാഗങ്ങള്‍), ഗോത്രവര്‍ഗ്ഗ കുടുംബങ്ങള്‍ എന്നിവരാണ്. മോദിയുടെ ഉറപ്പില്‍ ആര്‍ക്കെങ്കിലും കൂടുതല്‍ പ്രയോജനം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഈ കുടുംബങ്ങള്‍ക്കാണ്'' അദ്ദേഹം പറഞ്ഞു.
''ലാഖ്പതി ദീദിമാരെ സൃഷ്ടിക്കുമെന്ന് മോദി ഉറപ്പ് നല്‍കിയിട്ടുണ്ട്'', ഗുജറാത്തില്‍ നിന്നുള്ള വലിയ എണ്ണം സ്ത്രീകളടക്കം 1 കോടി ലാഖ്പതി ദീദിമാര്‍ ഇപ്പോള്‍ തന്നെ രാജ്യത്തുണ്ടെന്ന് അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 3 കോടി ലാഖ്പതി ദീദിമാരെ സൃഷ്ടിക്കാനുള്ള ഗവണ്‍മെന്റിന്റെ ശ്രമത്തെക്കുറിച്ച് ആവര്‍ത്തിച്ച അദ്ദേഹം, ഇത് പാവപ്പെട്ട കുടുംബങ്ങളെ വന്‍തോതില്‍ ശാക്തീകരിക്കുമെന്നും പറഞ്ഞു. ആശാ, അംഗണവാടി പ്രവര്‍ത്തകരെ ഈ വര്‍ഷത്തെ ബജറ്റില്‍ ആയുഷ്മാന്‍ യോജനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതും അദ്ദേഹം പരാമര്‍ശിച്ചു.
പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ചെലവ് കുറയ്ക്കുന്നതിന് ഗവണ്‍മെന്റ് നല്‍കുന്ന ഊന്നലിനും പ്രധാനമന്ത്രി അടിവരയിട്ടു. സൗജന്യ റേഷന്‍, ആശുപത്രികളിലെ ചെലവുകുറഞ്ഞ ചികില്‍സാ സൗകര്യങ്ങള്‍, കുറഞ്ഞ നിരക്കില്‍ മരുന്നുകള്‍, വിലകുറഞ്ഞ മൊബൈല്‍ ഫോണ്‍ ബില്ലുകള്‍, ഉജ്ജ്വല യോജന പ്രകാരമുള്ള ഗ്യാസ് സിലിണ്ടറുകള്‍, വൈദ്യുതി ബില്‍ കുറയ്ക്കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ എന്നിവയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. വൈദ്യുതി ബില്ലുകള്‍ കുറയ്ക്കുന്നതിനും ഉല്‍പ്പാദിപ്പിക്കുന്ന അധിക വൈദ്യുതിയില്‍ നിന്ന് വരുമാനം ഉണ്ടാക്കുന്നതിനും സഹായിക്കുന്ന ഒരു കോടി വീടുകള്‍ക്കുള്ള പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയേയും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു. പദ്ധതി പ്രകാരം ഏകദേശം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ഓരോ വര്‍ഷവും ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ഗവണ്‍മെന്റ് വാങ്ങുമെന്നും അദ്ദേഹം അറിയിച്ചു. മൊധേരയില്‍ നിര്‍മ്മിച്ച സൗരോര്‍ജ്ജ ഗ്രാമത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി, അത്തരമൊരു വിപ്ലവത്തിന് ഇനി രാജ്യം മുഴുവന്‍ സാക്ഷ്യം വഹിക്കുമെന്നും പറഞ്ഞു. തരിശായി കിടക്കുന്ന ഭൂമിയില്‍ സൗരോര്‍ജ്ജ പമ്പുകളും ചെറിയ സൗരോര്‍ജ്ജ പ്ലാന്റുകളും സ്ഥാപിക്കാന്‍ ഗവണ്‍മെന്റ് കര്‍ഷകരെ സഹായിക്കുന്നതും അദ്ദേഹം പരാമര്‍ശിച്ചു. ഗുജറാത്തില്‍ സൗരോര്‍ജ്ജം വഴി പകല്‍സമയത്തും ജലസേചനത്തിനായി കര്‍ഷകര്‍ക്ക് വൈദ്യുതി ലഭിക്കുന്നതിന് പ്രത്യേക ഫീഡര്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗുജറാത്ത് ഒരു വ്യാപാര സംസ്ഥാനമായി തിരിച്ചറിയപ്പെട്ടിട്ടുണ്ടെന്നും അതിന്റെ വികസന യാത്ര വ്യാവസായിക വികസനത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുന്നുവെന്നതിനും അടിവരയിട്ട പ്രധാനമന്ത്രി, ഗുജറാത്തിലെ യുവജനങ്ങള്‍ക്ക് ഒരു വ്യാവസായിക ശക്തികേന്ദ്രമെന്ന നിലയില്‍ മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള അവസരങ്ങളുണ്ടെന്നും പറഞ്ഞു. ഗുജറാത്തിലെ യുവജനങ്ങള്‍ ഇന്ന് സംസ്ഥാനത്തെ എല്ലാ മേഖലകളിലും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുകയാണെന്നും ഓരോ ഘട്ടത്തിലും ഇരട്ട എഞ്ചിന്‍ ഗവണ്‍മെന്റിന്റെ പിന്തുണ എല്ലാവര്‍ക്കും ഉറപ്പുനല്‍കുന്നതായും പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു.

പശ്ചാത്തലം
പ്രധാന പരിപാടി ബനസ്‌കന്ത ജില്ലയില്‍ നടത്തികൊണ്ട് ഗുജറാത്തിലെ എല്ലാ ജില്ലകളിലുമായി 180-ലധികം സ്ഥലങ്ങളില്‍ പരിപാടി സംഘടിപ്പിച്ചു. ഭവന പദ്ധതികളുള്‍പ്പെടെ വിവിധ ഗവണ്‍മെന്റ് പദ്ധതികളിലെ ആയിരക്കണക്കിന് ഗുണഭോക്താക്കളുടെ പങ്കാളിത്തത്തിന് സംസ്ഥാനതല പരിപാടി സാക്ഷ്യം വഹിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി, ഗുജറാത്ത് ഗവണ്‍മെന്റിലെ മറ്റ് മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, പ്രാദേശികതല പ്രതിനിധികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Indian Markets Outperformed With Positive Returns For 9th Consecutive Year In 2024

Media Coverage

Indian Markets Outperformed With Positive Returns For 9th Consecutive Year In 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 24
December 24, 2024

Citizens appreciate PM Modi’s Vision of Transforming India