പ്രക്ഷേപണ മേഖലയുമായി ബന്ധപ്പെട്ട ഏകദേശം 250 കോടി രൂപയുടെ പദ്ധതികള്‍ക്ക് തുടക്കമിടുകയും തറക്കല്ലിടുകയും ചെയ്തു
“മനോഹരമായ ചെന്നൈ നഗരത്തില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നത് വളരെ സന്തോഷകരമായ കാര്യമാണ്”
“2024നു തുടക്കമിടാനുള്ള മികച്ച മാര്‍ഗമാണു ഖേലോ ഇന്ത്യ ഗെയിംസ്”
“ചാമ്പ്യന്മാരെ സൃഷ്ടിച്ച നാടാണ് തമിഴ്‌നാട്”
“ഇന്ത്യയെ മികച്ച കായിക രാഷ്ട്രമാക്കി മാറ്റുന്നത‌ിന് ബൃഹത്തായ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കേണ്ടതു നിര്‍ണായകമാണ്”
“വീരമങ്കൈ വേലു നാച്ചിയാര്‍ സ്ത്രീശക്തിയുടെ പ്രതീകമാണ്. ഇന്ന് ഗവണ്മെന്റിന്റെ പല തീരുമാനങ്ങളിലും അവരുടെ വ്യക്തിത്വം പ്രതിഫലിക്കുന്നു”
“കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ഗവണ്മെന്റ് പരിഷ്കരണങ്ങൾ വരുത്തി. കായികതാരങ്ങൾ മികച്ച പ്രകടനം നടത്തി. ഇന്ത്യയൊട്ടാകെ കായികസമ്പ്രദായവും രൂപാന്തരപ്പെട്ടു”
“ഇന്ന്, യുവാക്കള്‍ കായികരംഗത്തേക്ക് വരാൻ ഞങ്ങള്‍ കാത്തിരിക്കുന്നില്ല; ഞങ്ങള്‍ യുവാക്കളിലേക്ക് കായികരംഗത്തെ എത്തിക്കുന്നു”
“ഇന്ന്, സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന നമ്മുടെ യുവജനങ്ങള്‍ കായികരംഗവുമായി ബന്ധപ്പെട്ട മേഖലകളില്‍ കരിയര്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരുടെ മികച്ച ഭാവിയും മോദിയുടെ ഗ്യാരൻ്റിയാണ്”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ ചെന്നൈയില്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ഉദ്ഘാടനം ചെയ്തു. പ്രക്ഷേപണ മേഖലയുമായി ബന്ധപ്പെട്ട ഏകദേശം 250 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ശ്രീ മോദി നിര്‍വഹിച്ചു. സാംസ്‌കാരിക പരിപാടിക്കും അദ്ദേഹം സാക്ഷ്യം വഹിച്ചു. രണ്ട് കായികതാരങ്ങള്‍ കൈമാറിയ ഗെയിംസിന്റെ ദീപശിഖ സ്ഥാപിച്ചുകൊണ്ട് അദ്ദേഹം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് തുടക്കം കുറിച്ചു. 13-ാം ഖേലോ ഇന്ത്യാ ഗെയിംസിലേക്ക് ഏവരെയും സ്വാഗതം ചെയ്ത പ്രധാനമന്ത്രി, 2024നു തുടക്കംകുറിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ഈ അവസരത്തില്‍ ഒത്തുകൂടിയവർ യുവ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് പറഞ്ഞ അദ്ദേഹം അത് കായിക ലോകത്ത് രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള ഊര്‍ജമുള്ള പുതിയ ഇന്ത്യയാണെന്നും ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ചെന്നൈയിലെത്തിയ എല്ലാ കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു. “നിങ്ങള്‍ ഒരുമിച്ച്, ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ യഥാര്‍ഥ ചൈതന്യം പ്രദര്‍ശിപ്പിക്കുന്നു” എന്ന് പറഞ്ഞ പ്രധാനമന്ത്രി തമിഴ്നാട്ടിലെ സ്നേഹനിർഭരരായ ജനങ്ങൾ, മനോഹരമായ തമിഴ് ഭാഷ, അതിന്റെ സംസ്‌കാരം, പാചകരീതി എന്നിവ കായികതാരങ്ങള്‍ക്ക് സ്വന്തം വീട്ടിലേന്നതുപോലെ അനുഭവപ്പെടുമെന്ന് കൂട്ടിച്ചേര്‍ത്തു. തമിഴ്‌നാടിന്റെ ആതിഥേയത്വം എല്ലാ ഹൃദയങ്ങളെയും കീഴടക്കുമെന്നും കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നല്‍കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “ഇവിടെ സൃഷ്ടിക്കുന്ന പുതിയ സൗഹൃദങ്ങള്‍ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും” – ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയും തറക്കല്ലിടുകയും ചെയ്ത ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ പദ്ധതികളെക്കുറിച്ച് പരാമര്‍ശിക്കവെ, 1975ല്‍ പ്രക്ഷേപണം ആരംഭിച്ച ചെന്നൈ കേന്ദ്രം ഇന്ന് പുതിയ യാത്ര ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. എട്ട് സംസ്ഥാനങ്ങളിലായി 12 ആകാശവാണി എഫ്എം പദ്ധതികള്‍ 1.5 കോടി പേരിലേക്ക് എത്തും.

 

ഇന്ത്യയിലെ കായികരംഗത്തിനു തമിഴ്‌നാട് നൽകുന്ന സംഭാവനകള്‍ എടുത്തുകാട്ടി, ചാമ്പ്യന്മാരെ സൃഷ്ടിക്കുന്ന നാടാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ടെന്നീസ് ചാമ്പ്യന്‍മാരായ അമൃതരാജ് ബ്രദേഴ്സ്, ഒളിമ്പിക്സില്‍ ഇന്ത്യയെ സ്വര്‍ണമെഡലിലേക്ക് നയിച്ച ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ ഭാസ്‌കരന്‍, ചെസ് താരങ്ങളായ വിശ്വനാഥന്‍ ആനന്ദ്, പ്രജ്ഞാനന്ദ, പാരാലിമ്പിക്സ് ചാമ്പ്യന്‍ മാരിയപ്പന്‍ എന്നിവരെ പരാമര്‍ശിച്ച പ്രധാനമന്ത്രി, എല്ലാ കായികതാരങ്ങള്‍ക്കും തമിഴ്‌നാടിന്റെ മണ്ണില്‍നിന്ന് പ്രചോദനം ലഭിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കായികതാരങ്ങൾക്കു കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അതിനായി രാജ്യത്ത് വലിയ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ പ്രയോജനം ചൂണ്ടിക്കാട്ടുകയും ചെയ്തു. ഈ ബൃഹദ് പരിപാടികളിൽ പങ്കെടുക്കുന്ന താഴേത്തട്ടിലുള്ള പ്രതിഭകളെ കണ്ടെത്തുന്നതിൽ ‘ഖേലോ ഇന്ത്യ അഭിയാൻ’ പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 12 ഖേലോ ഇന്ത്യ ഗെയിംസ്, ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ്, ഖേലോ ഇന്ത്യ സർവകലാശാല ഗെയിംസ്, ഖേലോ ഇന്ത്യ ശൈത്യകാല ഗെയിംസ്, ഖേലോ ഇന്ത്യ പാരാ ഗെയിംസ് എന്നിവ കളിക്കാനും പ്രതിഭകളെ കണ്ടെത്താനുമുള്ള മികച്ച അവസരങ്ങളെന്ന് പ്രധാനമന്ത്രി പരാമർശിച്ചു. തമിഴ്‌നാട്, ചെന്നൈ, തിരുച്ചിറപ്പള്ളി, മധുര, കോയമ്പത്തൂർ എന്നീ നാലു വലിയ നഗരങ്ങൾ കായികതാരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. “പങ്കെടുക്കുന്നവരോ കാഴ്ചക്കാരോ ആരുമാകട്ടെ, ചെന്നൈയിലെ മനോഹരമായ കടൽത്തീരങ്ങൾ ഏവരെയും ആകർഷിക്കും” - പ്രധാനമന്ത്രി പറഞ്ഞു. മധുരയിലെ പ്രൗഢഗംഭീരമായ ക്ഷേത്രങ്ങൾ, തിരുച്ചിറപ്പള്ളിയിലെ ക്ഷേത്രങ്ങളും അതിന്റെ കലാരൂപങ്ങളും, കോയമ്പത്തൂർ നഗരം എന്നിവയുടെ പ്രഭാവം പരാമർശിച്ച അദ്ദേഹം തമിഴ്‌നാട്ടിലെ ഓരോ പട്ടണങ്ങളിലെയും അനുഭവങ്ങൾ അവിസ്മരണീയമാണെന്നും പറഞ്ഞു.

ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള കായികതാരങ്ങൾ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ 5000-ത്തിലധികം കായികതാരങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ അന്തരീക്ഷം ഒരനുഭവം തന്നെയായിരിക്കും”- തമിഴ്‌നാട്ടിൽ ഉത്ഭവിച്ച ആയോധന കലയായ ചിലമ്പാട്ടത്തിനൊപ്പം ഖേലോ ഇന്ത്യ ഗെയിംസിൽ ഇതാദ്യമായി ഉൾപ്പെടുത്തിയ അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റൺ, സ്ക്വാഷ് എന്നിവയെ പരാമർശിച്ച് പ്രധാനമന്ത്രി പറഞ്ഞു. “ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് എല്ലാ കായികതാരങ്ങളുടെയും ദൃഢനിശ്ചയവും പ്രതിബദ്ധതയും വിശ്വാസവും ഒരുമിച്ച് കൊണ്ടുവരും. രാജ്യം അവരുടെ അർപ്പണബോധത്തിനും ആത്മവിശ്വാസത്തിനും ഒരിക്കലും അണയാത്ത മത്സരബുദ്ധിക്കും അസാധാരണമായ പ്രകടനങ്ങളോടുള്ള അഭിനിവേശത്തിനും സാക്ഷിയാകും”- പ്രധാനമന്ത്രി പറഞ്ഞു.

 

മഹാജ്ഞാനിയായ തിരുവള്ളുവരെ അനുസ്മരിച്ച പ്രധാനമന്ത്രി, അദ്ദേഹം രചനകളിലൂടെ യുവാക്കളെ പ്രചോദിപ്പിക്കുകയും അവർക്ക് ദിശാബോധം നൽകുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ ഉദ്ധരിച്ച്, പ്രതികൂല സാഹചര്യങ്ങളിലും ഉറച്ചുനിൽക്കാനുള്ള അദ്ദേഹത്തിന്റെ ശിക്ഷണങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഖേലോ ഇന്ത്യയുടെ ലോഗോയും അദ്ദേഹത്തിന്റെ ചിത്രം ഉൾക്കൊള്ളുന്നു. വീരമങ്കൈ വേലു നാച്ചിയാർ ഗെയിംസിന്റെ ഈ പതിപ്പിന്റെ ഭാഗ്യചിഹ്നമായതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. “യഥാർഥ ജീവിതത്തിലെ വ്യക്തിത്വത്തെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുത്തത് അഭൂതപൂർവമായ കാര്യമാണ്. സ്ത്രീശക്തിയുടെ പ്രതീകമാണ് വീരമങ്കൈ വേലു നാച്ചിയാർ. ഇന്ന് ഗവണ്മെന്റിന്റെ പല തീരുമാനങ്ങളിലും അവരുടെ വ്യക്തിത്വം പ്രതിഫലിക്കുന്നു. അവരുടെ പ്രചോദനത്താൽ, വനിതാ കായികതാരങ്ങളെ ശാക്തീകരിക്കാൻ ഗവണ്മെന്റ് തുടർച്ചയായി പ്രവർത്തിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. 20 കായിക ഇനങ്ങളിലെ വനിതാ ലീഗുകളും വനിതാ താരങ്ങളുടെ കായിക വൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള അവസരങ്ങളായി ‘ദസ് കാ ദം’ പോലുള്ള സംരംഭങ്ങളും അദ്ദേഹം പട്ടികപ്പെടുത്തി.

2014നു ശേഷമുള്ള കായികരംഗത്തെ ഇന്ത്യയുടെ സമീപകാല വിജയങ്ങളിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ടോക്കിയോ ഒളിമ്പിക്‌സിലും പാരാലിമ്പിക്‌സിലും ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം, ഏഷ്യൻ ഗെയിംസിലും പാരാ ഗെയിംസിലും ചരിത്രപരമായ പ്രകടനം, സർവകലാശാല ഗെയിംസിലെ മെഡലുകളുടെ പുതിയ റെക്കോർഡ് എന്നിവ പരാമർശിച്ചു. ഇത് ഒറ്റരാത്രികൊണ്ട് നേടിയ വിജയമല്ലെന്നും മുൻകാലങ്ങളിൽ പോലും കായികതാരങ്ങൾ ആവേശഭരിതരായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കഴിഞ്ഞ 10 വർഷത്തിനിടയിൽ ഗവണ്മെന്റിൽനിന്ന് അവർക്ക് ഉത്സാഹവും പിന്തുണയും വർധിച്ചതായും പറഞ്ഞു. “കഴിഞ്ഞ 10 വർഷത്തിനുള്ളിൽ, ഗവണ്മെന്റ് പരിഷ്കരണങ്ങൾ വരുത്തി. കായികതാരങ്ങൾ മികച്ച പ്രകടനം നടത്തി. ഇന്ത്യയൊട്ടാകെ കായികസമ്പ്രദായവും രൂപാന്തരപ്പെട്ടു” - പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ആയിരക്കണക്കിന് കായികതാരങ്ങൾക്കു പ്രതിമാസം 50,000 രൂപ സഹായം നൽകുന്ന ഖേലോ ഇന്ത്യ യജ്ഞത്തെക്കുറിച്ചും, മികച്ച കായികതാരങ്ങൾക്ക് പരിശീലനവും അന്താരാഷ്ട്ര മത്സരപരിചയവും വലിയ കായിക ഇനങ്ങളിൽ പങ്കാളിത്തവും ഉറപ്പാക്കുന്ന 2014-ൽ ആരംഭിച്ച ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീം (ടോപ്‌സ്) സംരംഭത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “ഈ വർഷം നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സും 2028ലെ ലൊസാഞ്ജലസ് ഒളിമ്പിക്സും ലക്ഷ്യമിടുന്ന ഇന്ത്യയുടെ കായികതാരങ്ങൾക്ക്, ടോപ്‌സ്(TOPS) സംരംഭത്തിന് കീഴിൽ സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ട്” - അദ്ദേഹം പറഞ്ഞു.

“ഇന്ന് യുവാക്കൾ കായികരംഗത്തേക്ക് വരാൻ നാം  കാത്തിരിക്കുകയല്ല,മറിച്ച്  കായികരംഗത്തെ യുവാക്കളിലേക്ക് കൊണ്ടുപോവുകയാണ്” എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യ പോലുള്ള പ്രചാരണ പരിപാടികളിലൂടെ ഗ്രാമീണ, ദരിദ്ര, ആദിവാസി, താഴ്ന്ന ഇടത്തരം കുടുംബങ്ങളിലെ യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതായി  അദ്ദേഹം എടുത്തുപറഞ്ഞു. വോക്കൽ ഫോർ ലോക്കൽ മന്ത്രയുടെ ഭാഗമായി തദ്ദേശീയരായ പ്രതിഭകളെ കണ്ടെത്തുന്നതിനും ,അവരെ അന്താരാഷ്ട്രതലത്തിൽ തുറന്നുകാട്ടുന്നതിനുമുള്ള തന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി ആവർത്തിച്ചു. കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യയിൽ നിരവധി അന്താരാഷ്ട്ര ടൂർണമെന്റുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദിയുവിൽ അടുത്തിടെ നടന്ന ബീച്ച് ഗെയിംസിനെ പരാമർശിച്ച് , 8 പരമ്പരാഗത ഇന്ത്യൻ കായിക ഇനങ്ങളിൽ 1600 അത്‌ലറ്റുകൾ പങ്കെടുത്തതായും , ഈ ഗെയിമുകൾ ബീച്ച് ഗെയിമുകളുടെയും സ്‌പോർട്‌സ് ടൂറിസത്തിന്റെയും പുതിയ യുഗത്തിന് തുടക്കമിട്ടതിനാൽ തീരദേശ നഗരങ്ങൾക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ യുവ കായികതാരങ്ങൾക്ക് അന്താരാഷ്ട്ര ബന്ധം സ്ഥാപിക്കാനും രാഷ്ട്രം ആഗോള കായിക ആവാസവ്യവസ്ഥയുടെ ഒരു പ്രധാന കേന്ദ്രമായി മാറാനുമുള്ള ഗവൺമെന്റിന്റെ ദൃഢനിശ്ചയത്തിന് പ്രധാനമന്ത്രി അടിവരയിട്ടു. അതിനാൽ 2029-ലെ  യൂത്ത് ഒളിമ്പിക്‌സും 2036-ലെ ഒളിമ്പിക്‌സും ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത് കാണാൻ നമ്മൾ  ഉത്സാഹത്തോടെ പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കായികരംഗം കേവലം ഫീൽഡിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഒരു വലിയ സമ്പദ്‌വ്യവസ്ഥയാണെന്നും ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാക്കുമെന്ന തന്റെ ഗ്യാരൻ്റി ആവർത്തിച്ചു. കഴിഞ്ഞ 10 വർഷമായി സ്‌പോർട്‌സ് സമ്പദ്‌വ്യവസ്ഥയുടെ വിഹിതം വർദ്ധിപ്പിക്കുന്നതിനും സ്‌പോർട്‌സുമായി ബന്ധപ്പെട്ട മേഖലകൾ വികസിപ്പിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കായിക വിദഗ്ധരെ പരിപോഷിപ്പിക്കുന്നതിനുള്ള നൈപുണ്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും രാജ്യത്ത് ഒരു കായിക ഉപകരണ നിർമ്മാണ, സേവന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. രാജ്യത്ത് കായിക ശാസ്ത്രം, കായികരംഗത്തെ നൂതന ആശയ രൂപീകരണം, കായിക ഉപകരണ നിർമ്മാണം, കായിക പരിശീലനം, കായിക മനഃശാസ്ത്രം , കായിക  പോഷകാഹാരം എന്നിവയുമായി ബന്ധപ്പെട്ട പ്രൊഫഷണലുകൾക്ക് സർക്കാർ ഒരു വേദിയൊരുക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യയിലെ ആദ്യത്തെ നാഷണൽ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയുടെ സൃഷ്ടി, ഖേലോ ഇന്ത്യ പ്രചരണ പരിപാടിയുടെ കീഴിൽ രാജ്യത്ത് 300-ലധികം അഭിമാനകരമായ അക്കാദമികൾ, 1,000 ഖേലോ ഇന്ത്യ കേന്ദ്രങ്ങൾ , 30-ലധികം മികവിൻ കേന്ദ്രങ്ങൾ എന്നിവ അദ്ദേഹം പരാമർശിച്ചു. രാജ്യത്തിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ, കുട്ടിക്കാലത്ത് തന്നെ കായിക വിനോദങ്ങളെ ഒരു കരിയറായി തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ സഹായിക്കുന്ന തരത്തിൽ സ്പോർട്സിനെ പ്രധാന പാഠ്യപദ്ധതിയുടെ ഭാഗമാക്കിയതായും പ്രധാനമന്ത്രി അറിയിച്ചു.

 

ഇന്ത്യയുടെ കായിക വ്യവസായത്തിൽ  ഒരു ലക്ഷം കോടി രൂപയുടെ വളർച്ചയുടെ പ്രതീക്ഷയെക്കുറിച്ചു   സംസാരിച്ച പ്രധാനമന്ത്രി, കായിക മേഖലയെക്കുറിച്ചുള്ള പുതിയ അവബോധവും അതിനെ തുടർന്നുള്ള  വിളംബരവും, കായിക ഉൽപ്പന്നങ്ങൾ, കായിക വിനോദസഞ്ചാരം , കായിക വസ്ത്ര വ്യാപാരം എന്നിവയിലെ വളർച്ചയും പ്രത്യേകം പരാമർശിച്ചു . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക ഉപകരണങ്ങൾക്കായി നിർമ്മാണ ക്ലസ്റ്ററുകൾ സൃഷ്ടിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ശ്രീ മോദി പറഞ്ഞു.ഖേലോ ഇന്ത്യക്ക് കീഴിൽ സൃഷ്ടിക്കപ്പെട്ട കായിക അടിസ്ഥാന സൗകര്യങ്ങൾ മികച്ച തൊഴിൽ സ്രോതസ്സായി മാറുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ കായിക ലീഗുകളും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ന്, സ്‌പോർട്‌സുമായി ബന്ധപ്പെട്ട മേഖലകളിൽ കരിയർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന നമ്മുടെ യുവാക്കൾക്ക് അവരുടെ മികച്ച ഭാവിയും മോദിയുടെ ഗ്യരൻ്റിയാണ്", പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

'ഇന്ത്യ കായികരംഗത്ത് മാത്രമല്ല, എല്ലാ മേഖലകളിലും തരംഗം സൃഷ്ടിക്കുന്നു', പുതിയ ഇന്ത്യ പഴയ റെക്കോര്‍ഡുകൾ തകർക്കുന്നുവെന്നു മാത്രമല്ല പുതിയവ സൃഷ്ടിക്കുവാനും തുടങ്ങിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ യുവാക്കളുടെ കഴിവ്, വിശ്വാസം, ദൃഢനിശ്ചയം, മനശക്തി, വിജയിക്കാനുള്ള അതിയായ ആഗ്രഹം എന്നിവയില്‍ അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു. ഇന്നത്തെ ഇന്ത്യക്ക് വലിയ ലക്ഷ്യങ്ങള്‍ സ്ഥാപിക്കാനും അവ നേടാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുന്നതിനും രാജ്യത്തിനും ലോകത്തിനും പുതിയ നേട്ടങ്ങള്‍ കൈവരിക്കുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''നിങ്ങള്‍ മുന്നേറണം, അതിനോടൊപ്പം ഇന്ത്യയും നിങ്ങൾക്കൊപ്പം മുന്നേറും. ഒന്നിക്കുക, വിജയിക്കുക, രാജ്യത്തെ വിജയിപ്പിക്കുക. ഞാന്‍ ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 തുടങ്ങിയതായി പ്രഖ്യാപിക്കുന്നു'', പ്രധാനമന്ത്രി പറഞ്ഞു.
തമിഴ്നാട് ഗവര്‍ണര്‍, ശ്രീ ആര്‍ എന്‍ രവി, തമിഴ്നാട് മുഖ്യമന്ത്രി, ശ്രീ എം കെ സ്റ്റാലിന്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, യുവജനകാര്യ, കായിക വകുപ്പ് മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂര്‍, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എല്‍ മുരുകന്‍, കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രി ശ്രീ നിസിത് പ്രമാണിക് ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

പശ്ചാത്തലം

അടിസ്ഥാന കായിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ന്നുവരുന്ന കായിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് തുടക്കമിട്ടത്. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് 2023 ന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി മുഖ്യാതിഥിയായി. ദക്ഷിണേന്ത്യയില്‍ ഇതാദ്യമായാണ് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നടക്കുന്നത്. 2024 ജനുവരി 31 വരെ തമിഴ്നാട്ടിലെ ചെന്നൈ, മധുരൈ, ട്രിച്ചി, കോയമ്പത്തൂര്‍ എന്നീ നാല് നഗരങ്ങളിലായാണ് ഗെയിംസ് നടക്കുന്നത്.

ഗെയിംസിന്റെ ഭാഗ്യചിഹ്നം വീര മംഗൈ ആണ്. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരെ യുദ്ധം ചെയ്ത ഒരു ഇന്ത്യന്‍ രാജ്ഞിയാണ് വീര മംഗൈ എന്ന് വിളിക്കപ്പെടുന്ന റാണി വേലു നാച്ചിയാര്‍. ഈ ഭാഗ്യചിഹ്നം ഇന്ത്യന്‍ സ്ത്രീകളുടെ വീരത്തിന്റെയും ചൈതന്യത്തിന്റെയും പ്രതീകമാണ്. കവി തിരുവള്ളുവരുടെ രൂപം ഉള്‍പ്പെടുത്തിയ ലോഗോയാണ് ഗെയിംസിനുളളത്.

 

15 വേദികളില്‍ 13 ദിവസങ്ങളിലായി 26 കായിക ഇനങ്ങളും 275-ലധികം മത്സര ഇനങ്ങളും 1 ഡെമോ സ്പോര്‍ട്സുമുള്ള ഗെയിംസിന്റെ ഈ പതിപ്പില്‍ 5600-ലധികം അത്ലറ്റുകളാണ് പങ്കെടുക്കുന്നത്. 26 കായിക ഇനങ്ങള്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാഡ്മിന്റണ്‍ തുടങ്ങിയ പരമ്പരാഗത കായിക ഇനങ്ങളുടെയും കളരിപ്പയറ്റ്, ഗട്ക, താങ്ട, കബഡി, യോഗാസനം തുടങ്ങിയ പരമ്പരാഗത കായിക ഇനങ്ങളുടെയും വൈവിധ്യമാര്‍ന്ന മിശ്രിതമാണ്. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ ചരിത്രത്തിലാദ്യമായി തമിഴ്നാടിന്റെ പരമ്പരാഗത കായിക ഇനമായ സിലംബം ഒരു ഡെമോ കായിക ഇനമായി അവതരിപ്പിക്കും.

 

പ്രക്ഷേപണ മേഖലയുമായി ബന്ധപ്പെട്ട 250 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി നിര്‍വഹിച്ചു. നവീകരിച്ച ഡിഡി പൊതിഗൈ ചാനല്‍ ഡിഡി തമിഴായി സമാരംഭിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു; 8 സംസ്ഥാനങ്ങളിലായി 12 ആകാശവാണി എഫ്എം പദ്ധതികള്‍; കൂടാതെ ജമ്മു കശ്മീരിലെ 4 ഡിഡി ട്രാന്‍സ്മിറ്ററുകളും. കൂടാതെ, 12 സംസ്ഥാനങ്ങളിലായി 26 പുതിയ എഫ്എം ട്രാന്‍സ്മിറ്റര്‍ പദ്ധതികള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."