ക്ഷയരോഗമുക്ത പഞ്ചായത്ത് സംരംഭത്തിനു തുടക്കം കുറിച്ചു; ക്ഷയരോഗ പ്രതിരോധത്തിനുള്ള ഹ്രസ്വ ചികിത്സ(ടിപിടി)യുടെയും ക്ഷയരോഗത്തിനുള്ള കുടുംബ കേന്ദ്രീകൃത പരിചരണ മാതൃകയുടെയും ദേശീയതല ഉദ്ഘാടനം നിർവഹിച്ചു
ക്ഷയരോഗമുക്ത സമൂഹം ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യ ആവർത്തിച്ചു
2025-ഓടെ ക്ഷയരോഗം ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും മികച്ച പദ്ധതിയും അഭിലാഷവും പ്രവർത്തനങ്ങളുടെ മഹത്തായ നിർവഹണവും ഇന്ത്യക്കുണ്ട്: സ്റ്റോപ്പ് ടിബി എക്സിക്യൂട്ടീവ് ഡയറക്ടർ
"ക്ഷയം പോലുള്ള രോഗത്തിനെതിരായ പോരാട്ടത്തിൽ ആഗോള ദൃഢനിശ്ചയങ്ങളിൽ കാശി പുതിയ ഊർജം പകരും"
"ഏകലോക ക്ഷയരോഗ ഉച്ചകോടിയിലൂടെ ഇന്ത്യ ആഗോള നന്മയുടെ മറ്റൊരു തീരുമാനം നിറവേറ്റുകയാണ്"
"ക്ഷയരോഗത്തിനെതിരായ ആഗോള യുദ്ധത്തിന് ഇന്ത്യയുടെ ശ്രമങ്ങൾ പുതിയ മാതൃകയാണ്"
"ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഇന്ത്യയുടെ വലിയ സംഭാവനയാണ്"
"2025-ഓടെ ക്ഷയരോഗം നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ ഇപ്പോൾ പ്രവർത്തിക്കുന്നത്"
"ഇന്ത്യയുടെ എല്ലാ യജ്ഞങ്ങളുടെയും നവീകരണങ്ങളുടെയും ആധുനിക സാങ്കേതികവിദ്യയുടെയും പ്രയോജനം കൂടുതൽ കൂടുതൽ രാജ്യങ്ങൾക്ക് ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു"

ഏക ലോക ക്ഷയരോഗ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വാരാണസയിലെ രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്ററിലായിരുന്നു ഉച്ചകോടി. ക്ഷയരോഗമുക്ത പഞ്ചായത്ത് സംരംഭം ഉൾപ്പെടെ വിവിധ സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ക്ഷയരോഗ പ്രതിരോധത്തിനുള്ള ഹ്രസ്വ ചികിത്സ(ടിപിടി)യുടെ ദേശീയതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ക്ഷയരോഗത്തിനുള്ള കുടുംബ കേന്ദ്രീകൃത പരിചരണ മാതൃകയും 2023ലെ ഇന്ത്യയുടെ വാർഷിക ക്ഷയരോഗ റിപ്പോർട്ടും അദ്ദേഹം പുറത്തിറക്കി. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് ഹൈ കണ്ടെയ്ൻമെന്റ് ലബോറട്ടറി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങും അദ്ദേഹം നിര്‍വഹിച്ചു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ക്ഷയരോഗ മുക്തമാക്കി രാജ്യത്തെ മാറ്റുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്തു. സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ കര്‍ണാടകത്തിനും ജമ്മു കശ്മീരിനും ലഭിച്ചപ്പോള്‍ ജില്ലാതല പുരസ്കാരത്തിന് നീലഗിരി, പുല്‍വാമ, അനന്ത്‌നാഗ് ജില്ലകള്‍ അര്‍ഹമായി.

സ്റ്റോപ് ടിബി (ക്ഷയരോഗത്തെ തടയൂ) പദ്ധതിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ ലൂഷിക്ക ഡിറ്റ്യു ചടങ്ങില്‍ സംസാരിച്ചു. ലോകത്തെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നിലാണ്  ആയിരത്തോളം വര്‍ഷം പഴക്കമുള്ള  രോഗമായ ക്ഷയത്തെക്കുറിച്ചു ചർച്ച ചെയ്യാനുള്ള ഉച്ചകോടി നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇന്ത്യയെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിച്ച ഈ അസുഖത്തിനെതിരായി മികച്ച ആസൂത്രണം, പരിശ്രമം, കൃത്യമായ പദ്ധതികള്‍ നടപ്പിലാക്കല്‍ എന്നിവ ഇന്ത്യക്കുണ്ടെന്നും അവര്‍ പറഞ്ഞു. ജി20 ഉച്ചകോടിയില്‍ ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഘട്ടത്തില്‍ ഏക ലോകം ഏകാരോഗ്യം എന്ന ആശയം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും അവർ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം 2025ഓടെ ക്ഷയരോഗം നിർമാർജനം ചെയ്യുന്നതിലേക്കു മുന്നേറുകയാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യയുടെ പരിശ്രമത്തിന്റെ ഫലമായി രോഗ നിര്‍ണയത്തിലെത്തി ചികിത്സ തേടുന്നവരുടെ എണ്ണം ചരിത്രത്തിലാദ്യമായി മൂന്ന് ദശലക്ഷത്തിന് താഴെയെത്തി. രാജ്യത്ത് ക്ഷയരോഗ നിര്‍ണയം, ചികിത്സ എന്നിവയുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതിനെ അവര്‍ അഭിനന്ദിച്ചു. ക്ഷയരോഗമുക്ത ഇന്ത്യ സംരംഭത്തെ അവർ പ്രശംസിച്ചു. 2023 സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയിലെ ഉന്നതതലയോഗത്തില്‍ ക്ഷയരോഗം ചര്‍ച്ചാവിഷയമാണ്. ന്യൂയോര്‍ക്കില്‍ നടക്കുന്ന ഈ യോഗത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ സാന്നിധ്യം ഉണ്ടാകണമെന്നും അവര്‍ അഭ്യര്‍ഥിച്ചു. മറ്റ് ലോകനേതാക്കളെ ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാക്കണമെന്നും അവരെ പ്രചോദിപ്പിക്കണമെന്നും അവർ പ്രധാനമന്ത്രിയോട് അഭ്യർഥിച്ചു.

ഉച്ചകോടി തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ നടക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. മാനവരശിയുടെ ആയിരത്തോളം വര്‍ഷത്തെ കഠിനാധ്വാനത്തിന് സാക്ഷിയായ നഗരമാണ് കാശിയെന്നും അദ്ദേഹം പറഞ്ഞു. "പ്രതിബന്ധങ്ങള്‍ എത്ര കഠിനമായതായാലും കൂട്ടായ ശ്രമത്തിലൂടെ അതിനെ മറികടക്കാന്‍ കഴിയുമെന്ന് തെളിയിച്ച നഗരമാണ് കാശി" - അദ്ദേഹം പറഞ്ഞു. സമാനമായ രീതിയില്‍ ക്ഷയരോഗത്തെ പ്രതിരോധിച്ച് തോല്‍പ്പിക്കുന്നതിലും മാതൃകാപരമായ പ്രവര്‍ത്തനം ഈ നഗരത്തില്‍ നിന്ന് ഉണ്ടാകുമെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു രാജ്യമെന്ന നിലയില്‍ ലോകം ഒരു കുടുംബമാണെന്ന ആശയത്തെ കൃത്യമായ വീക്ഷണത്തോടെയണ് ഇന്ത്യ നോക്കിക്കാണുന്നത്. പുരാതനമായ ഈ ആശയം ലോകത്തിനാകമാനം കൃത്യമായ കാഴ്ചപ്പാടും പരിഹാരവും നിര്‍ദേശിക്കുന്നതാണ്. തങ്ങളുടെ ജി20 അധ്യക്ഷതയില്‍ ലോകം ഒരു കുടുംബം ഒരേ ഭാവി എന്ന ആശയമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്നത്. ഏക ലോകം ഏകാരോഗ്യം എന്ന ആശയവും കാഴ്ചപ്പാടുമാണ് ലോകത്തിന് മുന്നില്‍ ഇന്ത്യ വയ്ക്കുന്നത്. ലോക ക്ഷയരോഗ വിമുക്ത ഉച്ചകോടിയും മുന്നോട്ടുവയ്ക്കുന്നത് ആഗോള സൗഖ്യമാണെന്നും ലോകം ഇതു തിരിച്ചറിയുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്ഷയരോഗ നിര്‍മാര്‍ജനത്തിനായി സമാനതകളില്ലാത്ത പ്രതിബദ്ധതയും ദൃഢനിശ്ചയവുമാണ് 2014ന് ശേഷം ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്. ഈ വിഷയത്തില്‍ ഇന്ത്യയുടെ പരിശ്രമങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ക്ഷയരോഗത്തിനെതിരെ നടക്കുന്നത് കൂട്ടായ പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങുടെ പങ്കാളിത്തം, പോഷകാഹാരലബ്ധി, പുത്തന്‍ ചികിത്സാ രീതികള്‍, സാങ്കേതിക ഇടപെടലുകൾ, ആരോഗ്യം, ഫിറ്റ് ഇന്ത്യ, യോഗ, ഖേലോ ഇന്ത്യ തുടങ്ങിയവയെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.

ജനപങ്കാളിത്തത്തെ കുറിച്ചും ക്ഷയരോഗികൾക്കു സഹായമേകുന്ന നി-ക്ഷയ് മിത്ര യജ്ഞത്തെക്കുറിച്ചും  പ്രധാനമന്തി സംസാരിച്ചു. ക്ഷയ രോഗത്തിനെതിരായ ക്യാമ്പയിനില്‍ പത്തുലക്ഷത്തോളം  രോഗികളെ സഹായ‌ിക്കാനും സാമ്പത്തികമായി പിന്തുണയ്ക്കാനും വളരെയധികം പേർ മുന്നോട്ടുവന്നു. പത്ത് മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ പോലും സാമ്പത്തിക സഹായത്തിന്റെ ഭാഗമായി ആയിരം കോടിയോളം രൂപയാണ് വിതരണം ചെയ്തത്. വളരെ ആവേശകരവും മാതൃകാപരവുമായി സംഘടിപ്പിച്ച ഈ ക്യാമ്പയിനില്‍ പ്രവാസികളും ഭാഗമായെന്നും അദ്ദേഹം പറഞ്ഞു.

ക്ഷയ രോഗികളെ സംബന്ധിച്ച് പോഷകാഹാരത്തിന്റെ കുറവ് പരിഹരിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു.  ഇത് പരിഹരിക്കുന്നതിനായി നി-ക്ഷയ് മിത്രാ ക്യാമ്പയിന്‍ വലിയ ഇടപെടല്‍ നടത്തി. 2018ല്‍ ക്ഷയ രോഗികളെ സാമ്പത്തികമായി സഹായിക്കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി 2000 കോടി രൂപ വിനിയോഗിച്ചു. 75 ലക്ഷം രോഗികള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴി നേരിട്ട് പണം എത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നി-ക്ഷയ് മിത്രാ ക്യാമ്പയിന്‍ ഇന്ന് ക്ഷയ രോഗികള്‍ക്ക് ആശ്വാസമായി മാറി കഴിഞ്ഞു. പുത്തന രീതികളാണ് ഗവണ്മെന്റ്  ആവിഷ്‌കരിച്ചത്. അതിലൂടെ ലക്ഷ്യം വെച്ചത് രോഗികള്‍ക്ക് ചികിത്സ മുടങ്ങരുതെന്നാണ്. ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ കഴിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ആയുഷ്മാന്‍ ഭാരത്  ഉള്‍പ്പെടെയുള്ള പദ്ധതികള്‍ സഹായകമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗ നിര്‍ണയം നടത്തുന്നതിനായി രാജ്യത്ത് ലാബുകളുടെ എണ്ണം വര്‍ധിപ്പിച്ചുവെന്നും ഇത് രോഗികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യമൊരുക്കാന്‍ അനിവാര്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി ക്ഷയരോഗമുക്ത പഞ്ചായത്ത് അഭിയാന്‍ എന്ന പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിട്ടു. മൂന്ന് മാസത്തെ ചികിത്സാ സംവിധാനമാണ് പുതിയതായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ആറ് മാസത്തോളം ദിവസവും മരുന്ന് കഴിക്കണമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് ആഴ്ചയില്‍ ഒന്ന് എന്ന നിലയിലേക്ക് മാറിയിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.

ക്ഷയരോഗമുക്ത ഇന്ത്യ കാമ്പെയ്‌നിലെ സാങ്കേതിക സംയോജനത്തെക്കുറിച്ചും പ്രധാനമന്ത്രി  സംസാരിച്ചു.  നി-ക്ഷയ് പോർട്ടലും ഡാറ്റാ സയൻസിന്റെ ഉപയോഗവും ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ മന്ത്രാലയം-ഐസിഎംആർ നിരീക്ഷണത്തിനായി ഒരു പുതിയ രീതി വികസിപ്പിച്ചെടുത്തു. ഇത് ലോകാരോഗ്യ സംഘടനയെ കൂടാതെ ഇത്തരത്തിലുള്ള മാതൃകയുള്ള ഒരേയൊരു രാജ്യമായി ഇന്ത്യയെ മാറ്റി.

സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കുമുള്ള പുരസ്‌കാരം വിതരണം ചെയ്ത അദ്ദേഹം ഇന്ന് ക്ഷയരോഗികളുടെ എണ്ണം ഗണ്യമായി കുറയുകയാണെന്ന് പറഞ്ഞു. 2030ല്‍ ലോകത്ത് നിന്ന് ക്ഷയരോഗത്തെ ഇല്ലാതാക്കുകയെന്നതാണ് ആഗോളതലത്തിലെ ലക്ഷ്യമെങ്കില്‍ 2025ല്‍ ഇന്ത്യയില്‍ നിന്ന് ഈ രോഗത്തെ തുടച്ച് നീക്കുകയെന്നതാണ് ലക്ഷ്യമെന്നും അതിനായി എല്ലാവരും ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കോവിഡ് മഹാമാരിക്കാലത്തെ ചികിത്സാ രീതിയെക്കുറിച്ചും ഇന്ത്യയുടെ ആരോഗ്യമേഖലയുടെ വിപുലമായ പ്രാപ്തിയെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗിച്ചു. ഇന്ത്യയുടെ കോവിഡ് പോരാട്ട രീതി ലോകം മുഴുവന്‍ അഭിനന്ദിച്ചതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 'ഇന്ത്യയുടെ പ്രാദേശിക സമീപനത്തിൽ വലിയ ആഗോളസാധ്യതയുണ്ട്' - അദ്ദേഹം പറഞ്ഞു. ആ സാധ്യത കൂട്ടായി ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷയ രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകളില്‍ 80 ശതമാനവും ഇന്ത്യയില്‍ തന്നെ നിര്‍മിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ഇത്തരം ഉന്നമനങ്ങളുടെ നേട്ടം മറ്റ് രാജ്യങ്ങള്‍ക്ക് കൂടി പ്രയോജനം ഉണ്ടാക്കുന്നതാകണം എന്ന രീതിയിലാണ് കേന്ദ്ര ഗവണ്മെന്റ് കാണുന്നതെന്നും ശ്രീ നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. 'നമ്മുടെ തീരുമാനങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്ന് എനിക്കുറപ്പുണ്ട്. നമുക്ക് ക്ഷയരോഗം പൂർണമായും നിർമാർജനം ചെയ്യാനാകും' - പ്രധാനമന്ത്രി പറഞ്ഞു.

കുഷ്ഠരോഗ നിര്‍മാര്‍ജനത്തിനായി മഹാത്മാഗാന്ധി നടത്തിയ പോരാട്ടങ്ങളെ പ്രധാനമന്ത്രി അനുസ്മരിച്ചു. അഹമ്മദാബാദിൽ  കുഷ്ഠരോഗാശുപത്രി ഉദ്ഘാടനം ചെയ്യാനെത്തിയ മഹാത്മാഗാന്ധി ജനക്കൂട്ടത്തോട് വ‌ിളിച്ചുപറഞ്ഞത് എത്രയും വേഗം ഈ കെട്ടിടം താഴിട്ടുകിടക്കുന്നത് കാണാനായാല്‍ താന്‍ സന്തുഷ്ടനാകുമെന്നാണ്. എന്നാല്‍ ഒരുപാട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആശുപത്രിയുടെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടേയിരുന്നു. 2001ല്‍ താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം കുഷ്ഠരോഗത്തിനെതിരായ ക്യാമ്പയിന്‍ കൂടുതല്‍ ശക്തമാക്കി. രോഗബാധിതരുടെ എണ്ണം വളരെ വൈകാതെ 23ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. 2007ല്‍ താന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് അന്ന് ഗാന്ധിജി ആഗ്രഹിച്ചത് പോലെ ആശുപത്രിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും താഴിട്ട് പൂട്ടാനും കഴിഞ്ഞതെന്നും ശ്രീ മോദി പറഞ്ഞു. ക്ഷയ രോഗ നിര്‍മാര്‍ജനത്തില്‍ സാമൂഹിക സംഘടനകള്‍ക്കും പൊതു പങ്കാളിത്തത്തിനും വലിയ ഉത്തരവാദിത്വമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ആധുനിക ഇന്ത്യക്ക് അതിന്റെ ലക്ഷ്യങ്ങള്‍ സഫലമാക്കുന്നത് എങ്ങനെയാണെന്ന് കൃത്യമായി അറിയാം- പ്രധാനമന്ത്രി പറഞ്ഞു. തുറസ്സായ സ്ഥലങ്ങളിലെ മലവിസര്‍ജനമുക്തമാക്കി രാജ്യത്തെ മാറ്റുകയെന്ന ലക്ഷ്യം വിജയകരമായി പൂര്‍ത്തിയാക്കിയത് ഇതിന് ഉദാഹരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗരോര്‍ജ ഉൽപ്പാദനം വര്‍ധിപ്പിക്കുയെന്ന ലക്ഷ്യവും ഇന്ത്യ പ്രാപ്തമാക്കിയതും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുജന പങ്കാളിത്തമാണ് ഇന്ന് ലോകത്തിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന ഘടകം. ക്ഷയരോഗത്തിനെതിരായ ഇന്ത്യയുടെ പോരാട്ടവിജയത്തിന്റെ മുഴുവന്‍ അഭിനന്ദനങ്ങളും പൊതുജനപങ്കാളിത്തത്തിന് അര്‍ഹതപ്പെട്ടതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രോഗത്തെ കുറിച്ച് രോഗികള്‍ക്ക് കാര്യങ്ങള്‍ കൃത്യമായി ബോധ്യപ്പെടുത്തി നല്‍കേണ്ടത് ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാശിയിലെ ആരോഗ്യമേഖലയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി സ്വീകരിക്കുന്ന നടപടികളെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ദേശീയ രോഗനിയന്ത്രണ കേന്ദ്രത്തിന്റെ വാരാണസിയിലെ ശാഖ ഇന്ന് ഉദ്ഘാടനം ചെയ്തു. പൊതുജന ആരോഗ്യ നിരീക്ഷണ കേന്ദ്രവും പ്രവര്‍ത്തനം ആരംഭിച്ചു. ബനാറസ് ആരോഗ്യ സര്‍വകലാശാലയിലെ ശിശു പരിരക്ഷണ കേന്ദ്രം, രക്തബാങ്കുകളുടെ ആധുനികവത്കരണം, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ക്യാന്‍സര്‍ സെന്ററിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് എന്നിവയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കബീര്‍ ചൗര ആശുപത്രി, ജില്ലാ ആശുപത്രി, ഡയാലിസിസ് സംവിധാനങ്ങള്‍, സിടി സ്‌കാന്‍  തുടങ്ങിയവ കാശിയുടെ ഗ്രാമീണ മേഖലയിലേക്ക് കൂടി ഏര്‍പ്പെടുത്തിയതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ആയുഷ്മാന്‍ ഭാരത് സ്‌കീമിന്റെ ഭാഗമായി ഒന്നരലക്ഷത്തോളം രോഗികള്‍ക്ക് ചികിത്സാ സൗകര്യം സൗജന്യമായി ഒരുക്കിയെന്നും വാരാണസിയില്‍ 70 ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ മിതമായ വിലയ്ക്ക് മരുന്നുകള്‍ ലഭ്യമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് നിന്ന് ക്ഷയരോഗത്തെ തുടച്ചുനീക്കാനുള്ള തീവ്രമായ ശ്രമമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നു പ്രസംഗം ഉപസംഹര‌ിക്കവേ അദ്ദേഹം പറഞ്ഞു. അനുഭവജ്ഞാനം, വിദഗ്ധരുടെ ഉപദേശം, ഇച്ഛാശക്തി എന്നിവയാണ് ഈ കാര്യത്തിൽ ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. മറ്റ് രാജ്യങ്ങളെ ഇക്കാര്യത്തില്‍ സഹായിക്കാന്‍ ഇന്ത്യ എല്ലായ്പ്പോഴും തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 'ഏവരുടേയും കൂട്ടായ ശ്രമമുണ്ടായാല്‍ ക്ഷയരോഗത്തിനെതിരായ പോരാട്ടത്തില്‍ വിജയിക്കുമെന്ന് തീര്‍ച്ചയാണ്. അതിലൂടെ ഭാവി തലമുറയ്ക്ക് മെച്ചപ്പെട്ട ലോകത്തെ കൈമാറാന്‍ കഴിയുമെന്ന് ഉറപ്പാണ്' - പ്രധാനമന്ത്രി ഉപസംഹരിച്ചു.

ഉത്തര്‍പ്രദേശ് ഗവര്‍ണർ ശ്രീമതി ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ മന്‍സുഖ് മാണ്ഡവ്യ, ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ ബ്രിജേഷ് പഥക്, സ്റ്റോപ്പ് ടിബി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടര്‍ ലൂഷിക്ക ഡിറ്റ്യു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

പശ്ചാത്തലം

ലോക ക്ഷയരോഗ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഏകലോക ക്ഷയരോഗ ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പും ചേർന്നാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. 2001-ൽ സ്ഥാപിച്ച സ്റ്റോപ്പ് ടിബി പാർട്ണർഷിപ്പ് ഐക്യരാഷ്ട്രസഭയുടെ ആതിഥേയത്വം വഹിക്കുന്ന സംഘടനയാണ്. അത് ക്ഷയരോഗബാധിതരുടെയും സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ശബ്ദത്തിനു കരുത്തേകുന്നു.

പരിപാടിയിൽ, ക്ഷയരോഗമുക്ത പഞ്ചായത്ത് സംരംഭം ഉൾപ്പെടെ വിവിധ സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ക്ഷയരോഗ പ്രതിരോധത്തിനുള്ള ഹ്രസ്വ ചികിത്സ(ടിപിടി)യുടെ ദേശീയതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ക്ഷയരോഗത്തിനുള്ള കുടുംബ കേന്ദ്രീകൃത പരിചരണ മാതൃകയും 2023ലെ ഇന്ത്യയുടെ വാർഷിക ക്ഷയരോഗ റിപ്പോർട്ടും അദ്ദേഹം പുറത്തിറക്കി. ക്ഷയരോഗ നിർമാർജനത്തിൽ പുരോഗതി കൈവരിച്ചതിന് തെരഞ്ഞെടുത്ത സംസ്ഥാനങ്ങൾ, കേന്ദ്രഭരണപ്രദേശങ്ങൾ, ജില്ലകൾ എന്നിവയ്ക്കും പ്രധാനമന്ത്രി പുരസ്കാരം നൽകി.

2018 മാർച്ചിൽ, ന്യൂഡൽഹിയിൽ നടന്ന 'ക്ഷയരോഗം അവസാനിപ്പിക്കൂ' ഉച്ചകോടിയിൽ, നിശ്ചിത സമയത്തിന് അഞ്ചുവർഷം മുമ്പ്, 2025ഓടെ ക്ഷയരോഗവുമായി ബന്ധപ്പെട്ട എസ്‌ഡിജി ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രധാനമന്ത്രി ഇന്ത്യയോട് ആഹ്വാനം ചെയ്തിരുന്നു. ക്ഷയരോഗ നിർമാർജന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി രാജ്യം മുന്നോട്ട് പോകുമ്പോൾ ലക്ഷ്യങ്ങളെക്കുറിച്ച് കൂടുതൽ ആലോചന നടത്താൻ ഏകലോക ക്ഷയരോഗ ഉച്ചകോടി അവസരം നൽകും. ദേശീയ ക്ഷയരോഗ നിർമാർജന പരിപാടികളിൽ നിന്നുള്ള പഠനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരം കൂടിയാണിത്. 30 രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കും.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage