ലോകം ആശങ്കയിൽ മുങ്ങുമ്പോൾ ഇന്ത്യ പ്രത്യാശ പരത്തുന്നു: പ്രധാനമന്ത്രി
ഇന്ന് ഇന്ത്യ എല്ലാ മേഖലയിലും അഭൂതപൂർവമായ വേഗതയിൽ പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി
വികസിക്കുന്ന രാജ്യവും ഉയർന്നുവരുന്ന ശക്തിയുമാണ് ഇന്ന് ഇന്ത്യ: പ്രധാനമന്ത്രി
വലിയ ഉയരങ്ങൾ താണ്ടാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും ചെറുപ്പമാർന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ: പ്രധാനമന്ത്രി
ദീർഘവീക്ഷണത്തോടെയാണ് ഇന്ത്യ ഇപ്പോൾ മുന്നോട്ടുപോകുന്നത്: പ്രധാനമന്ത്രി
ഇന്ത്യയിലെ 140 കോടി ജനങ്ങൾ വികസിതഭാരതം എന്ന ദൃഢനിശ്ചയത്തിൽ ഒത്തുചേർന്നു; അവർ തന്നെയാണ് അതു നയിക്കുന്നതും: പ്രധാനമന്ത്രി
നിർമിത ബുദ്ധി (Artificial Intelligence), വികസനം കാംക്ഷിക്കുന്ന ഇന്ത്യ (Aspirational India) എന്നിങ്ങനെ ഇരട്ട AI കരുത്താണിപ്പോൾ ഇന്ത്യക്കുള്ളത്: പ്രധാനമന്ത്രി
ബന്ധങ്ങളെ നിസാരമായി കാണുന്നതിൽ ഇന്ത്യ വിശ്വസിക്കുന്നില്ല; നമ്മുടെ ബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസവും വിശ്വാസ്യതയുമാണ്: പ്രധാനമന്ത്രി
സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിച്ച ഇന്ത്യ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങളിലേക്കുള്ള പുതിയ പാത ലോകത്തിനു കാട്ടിക്കൊടുത്തു: പ്രധാനമന്ത്രി
ഡിജിറ്റൽ നവീകരണത്തിനും ജനാധിപത്യമൂല്യങ്ങൾക്കും ഒരുമിച്ചു നിലനിൽക്കാനാകുമെന്ന് ഇന്ത്യ തെളിയിച്ചു: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ NDTV ലോക ഉച്ചകോടി 2024-നെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, എല്ലാ വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്യുകയും ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുമെന്നു വ്യക്തമാക്കുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള ആഗോള നേതാക്കളുടെ സാന്നിധ്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ ഉയർത്തിക്കാട്ടുമെന്നും പറഞ്ഞു.

കഴിഞ്ഞ 4-5 വർഷങ്ങളെക്കുറിച്ചു പരാമർശിക്കവേ, ഭാവി ആശങ്കകളെക്കുറിച്ചുള്ള ചർച്ചകൾ പൊതുവിഷയമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് മഹാമാരി, കോവിഡിനുശേഷമുള്ള സാമ്പത്തികസമ്മർദം, പണപ്പെരുപ്പവും തൊഴിലില്ലായ്മയും, കാലാവസ്ഥാവ്യതിയാനം, നിലവിൽ തുടർന്നുകൊണ്ടിരികുന്ന യുദ്ധങ്ങൾ, വിതരണശൃംഖലയുടെ തടസ്സം, നിരപരാധികളുടെ മരണം, ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, സംഘർഷങ്ങൾ എന്നീ സമീപകാല വെല്ലുവിളികൾ എല്ലാ ആഗോള ഉച്ചകോടികളിലും ചർച്ചാവിഷയമായതായി അദ്ദേഹം സൂചിപ്പിച്ചു. അക്കാലത്ത് ഇന്ത്യയിൽ നടന്ന ചർച്ചകളുമായുള്ള താരതമ്യം ചൂണ്ടിക്കാട്ടി, ഇന്ത്യയുടെ നൂറ്റാണ്ടിനെക്കുറിച്ചു രാജ്യം ചിന്തിക്കുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “ആഗോള സംഘർഷങ്ങളുടെ ഈ കാലഘട്ടത്തിൽ ഇന്ത്യ പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുന്നു. ലോകം ആശങ്കാകുലരാകുമ്പോൾ ഇന്ത്യ പ്രത്യാശ പരത്തുകയാണ്” - പ്രധാനമന്ത്രി പറഞ്ഞു. ആഗോള സാഹചര്യവും അതിനു മുന്നിലുള്ള വെല്ലുവിളികളും ഇന്ത്യയെ ബാധിച്ചിട്ടുണ്ടെങ്കിലും, ശുഭചിത്തത അനുഭവിക്കാനാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

“ഇന്ന്, ഇന്ത്യ എല്ലാ മേഖലകളിലും അഭൂതപൂർവമായ വേഗതയിൽ പ്രവർത്തിക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു. ഗവണ്മെന്റിന്റെ മൂന്നാം ഊഴത്തിന്റെ 125 ദിവസം പൂർത്തിയാകുന്നതു ചൂണ്ടിക്കാട്ടി, രാജ്യത്തു നടത്തിയ പ്രവർത്തനങ്ങളിലേക്കു ശ്രീ മോദി വെളിച്ചംവീശി. ദരിദ്രർക്കായി അടച്ചുറപ്പുള്ള 3 കോടി പുതിയ വീടുകൾക്കുള്ള ഗവണ്മെന്റ് അംഗീകാരം, 9 ലക്ഷം കോടി രൂപയുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ ആരംഭിക്കൽ, 15 പുതിയ വന്ദേ ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്, 8 പുതിയ വിമാനത്താവളങ്ങളുടെ തറക്കല്ലിടൽ, യുവാക്കൾക്കായി 2 ലക്ഷം കോടി രൂപയുടെ പാക്കേജ്, കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 21,000 കോടി കൈമാറിയത്, 70 വയസ്സിനു മുകളിലുള്ള പൗരന്മാർക്കുള്ള സൗജന്യ ചികിത്സാപദ്ധതി, ഏകദേശം 5 ലക്ഷം വീടുകളിൽ പുരപ്പുറ സോളാർ പ്ലാന്റുകൾ സ്ഥാപിക്കൽ, 'ഏക് പേഡ് മാ കേ നാം’ യജ്ഞത്തിലൂടെ 90 കോടി വൃക്ഷത്തൈകൾ നടൽ, 12 പുതിയ വ്യാവസായിക നോഡുകൾക്ക് അംഗീകാരം നൽകൽ, സെൻസെക്സിന്റെയും നിഫ്റ്റിയുടെയും ഏകദേശം 5-7 ശതമാനം വളർച്ച, ഇന്ത്യയുടെ ഫോറെക്സ് 700 ബില്യൺ ഡോളറായി ഉയർന്നത് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം പരാമർശിച്ചു. കഴിഞ്ഞ 125 ദിവസത്തിനിടെ ഇന്ത്യയിൽ നടന്ന ആഗോളപരിപാടികളെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, അന്താരാഷ്ട്ര എസ്എംയു, ആഗോള ഫിൻടെക് മേള, ആഗോള സെമികണ്ടക്ടർ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ചർച്ച, പുനരുപയോഗ ഊർജത്തെയും വ്യോമയാനമേഖലയെയും കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനം എന്നിവ ഉദാഹരണമാക്കി. “ഇതു കേവലം പരിപാടികളുടെ പട്ടികയല്ല, രാജ്യത്തിന്റെ ദിശയും ലോകത്തിന്റെ പ്രതീക്ഷകളും വ്യക്തമാക്കുന്ന ഇന്ത്യയുമായി ബന്ധപ്പെട്ട പ്രതീക്ഷകളുടെ പട്ടികയാണ്”- ലോകത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന വിഷയങ്ങളാണിതെന്നും ഇന്ത്യയിൽ ഇവ ചർച്ച ചെയ്യപ്പെടുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.

മൂന്നാം ഊഴത്തിൽ ഇന്ത്യയുടെ വളർച്ച ത്വരിതഗതിയിലായതിനാൽ പല റേറ്റിങ് ഏജൻസികളും അവരുടെ വളർച്ചാപ്രവചനങ്ങൾ ഉയർത്തിയെന്നു പ്രധാനമന്ത്രി പറഞ്ഞു. ആഗോള നിക്ഷേപകർ അവരുടെ തുകയുടെ 50 ശതമാനമെങ്കിലും ഇന്ത്യയുടെ ഓഹരിവിപണിയിൽ നിക്ഷേപിക്കണമെന്നു നിർദേശിച്ച മാർക്ക് മൊബിയസിനെപ്പോലുള്ള വിദഗ്ധരുടെ ആവേശവും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇത്തരത്തിലുള്ള പരിചയസമ്പന്നരായ വിദഗ്ധർ ഇന്ത്യയിൽ വലിയ നിക്ഷേപങ്ങൾക്കായി വാദിക്കുമ്പോൾ, അതു നമ്മുടെ സാധ്യതകളെക്കുറിച്ചുള്ള ശക്തമായ സന്ദേശം നൽകുന്നു” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

“ഇന്നത്തെ ഇന്ത്യ വികസിക്കുന്ന രാഷ്ട്രവും വളർന്നുവരുന്ന ശക്തിയുമാണ്” എന്നു പറഞ്ഞ പ്രധാനമന്ത്രി ദാരിദ്ര്യത്തിന്റെ വെല്ലുവിളികൾ ഇന്ത്യ മനസ്സിലാക്കുന്നുണ്ടെന്നും പുരോഗതിയുടെ പാത എങ്ങനെ നയിക്കാമെന്ന് ഇന്ത്യക്കറിയാമെന്നും കൂട്ടിച്ചേർത്തു. ഗവൺമെന്റിന്റെ ദ്രുതഗതിയിലുള്ള നയരൂപീകരണവും തീരുമാനങ്ങളെടുക്കുന്ന പ്രക്രിയകളും പുതിയ പരിഷ്‌കാരങ്ങളും അദ്ദേഹം എടുത്തുകാട്ടി. അലംഭാവമെന്ന പ്രശ്‌നത്തെ അഭിസംബോധന ചെയ്യവെ, ഈ ചിന്താഗതി രാഷ്ട്രത്തെ മുന്നോട്ടു നയിക്കില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടെ 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്നു കരകയറുകയും 12 കോടി ശൗചാലയങ്ങൾ നിർമിക്കുകയും 16 കോടി പാചകവാതക കണക്ഷനുകൾ നൽകുകയും ചെയ്തു. എന്നാൽ അത് പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

 

കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇന്ത്യ 350-ലധികം മെഡിക്കൽ കോളേജുകളും 15-ലധികം എയിംസുകളും നിർമിച്ചുവെന്നും 1.5 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ചെന്നും 8 കോടി യുവാക്കൾക്ക് മുദ്ര വായ്പകൾ നൽകിയെന്നും പ്രധാനമന്ത്രി അറിയിച്ചു. “ഇതുമാത്രം പോര” എന്നു പറഞ്ഞ പ്രധാനമന്ത്രി ഇന്ത്യയുടെ യുവജനങ്ങളുടെ തുടർച്ചയായ പുരോഗതിയുടെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി. ലോകത്തിലെ ഏറ്റവും ചെറുപ്പമാർന്ന രാഷ്ട്രങ്ങളിലൊന്നെന്ന നിലയിൽ ഇന്ത്യയുടെ സാധ്യതകൾ നമ്മെ വലിയ ഉയരങ്ങളിലെത്തിക്കുമെന്നും, വേഗത്തിലും കാര്യക്ഷമമായും നമുക്ക് ഇനിയും ഒരുപാടു നേട്ടങ്ങൾ കൈവരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.


രാജ്യത്തിന്റെ ചിന്താഗതിയിലെ മാറ്റം എടുത്തുകാട്ടിയ പ്രധാനമന്ത്രി, ഗവൺമെന്റുകൾ പലപ്പോഴും തങ്ങളുടെ നേട്ടങ്ങളെ മുൻ ഭരണസമിതികളുമായി താരതമ്യം ചെയ്യുന്നുവെന്നും, 10-15 വർഷം പിന്നിലേക്കു നോക്കുമ്പോൾ അവയെ മറികടക്കുന്നത് വിജയമായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ ഈ സമീപനം മാറ്റുകയാണെന്നും വിജയത്തെ അളക്കുന്നത് നേട്ടങ്ങൾ അടിസ്ഥാനമാക്കിയല്ലെന്നും ഭാവിയുടെ ദിശയെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ദീർഘവീക്ഷണത്തെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനത്തിലൂടെയാണ് ഇന്ത്യ ഇപ്പോൾ മുന്നോട്ടുപോകുന്നതെന്നും കൂട്ടിച്ചേർത്തു. “2047-ഓടെ വികസിതഭാരതമാകുക എന്ന നമ്മുടെ ലക്ഷ്യം ഗവൺമെന്റിന്റെ കാഴ്ചപ്പാട് മാത്രമല്ല, 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ഇത് ഇനി കേവലം പൊതുജനപങ്കാളിത്തത്തിനായുള്ള യഞ്ജമല്ല; മറിച്ച്, ദേശീയ ആത്മവിശ്വാസത്തിന്റെ പ്രസ്ഥാനമാണ്”- ശ്രീ മോദി അഭിപ്രായപ്പെട്ടു. വികസിതഭാരതത്തിനായി ഗവൺമെന്റ് ദർശനരേഖ തയ്യാറാക്കാൻ തുടങ്ങിയപ്പോൾ ലക്ഷക്കണക്കിന് പൗരന്മാർ അവരുടെ നിർദേശങ്ങൾ നൽകിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങൾ, കലാലയങ്ങൾ, സർവകലാശാലകൾ, വിവിധ സംഘടനകൾ എന്നിവിടങ്ങളിൽ സംവാദങ്ങളും ചർച്ചകളും നടന്നിട്ടുണ്ടെന്നും ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അടുത്ത 25 വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ ഗവൺമെന്റ് നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ന്, വികസിതഭാരതത്തെക്കുറിച്ചുള്ള ചർച്ചകൾ നമ്മുടെ ദേശീയ ബോധത്തിന്റെ ഭാഗമാണെന്നും പൊതുശക്തിയെ ദേശീയ ശക്തിയായി പരിവർത്തനം ചെയ്യുന്നതിന്റെ യഥാർഥ ഉദാഹരണമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർമിതബുദ്ധിയെക്കുറിച്ചു സംസാരിക്കവേ നിർമിതബുദ്ധിയുടെ യുഗമാണിതെന്നും ലോകത്തിന്റെ വർത്തമാനവും ഭാവിയും നിർമിതബുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നിർമിത ബുദ്ധി (Artificial Intelligence), വികസനം കാംക്ഷിക്കുന്ന ഇന്ത്യ (Aspirational India) എന്നിങ്ങനെ ഇരട്ട AI കരുത്താണിപ്പോൾ ഇന്ത്യക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വികസനം കാംക്ഷിക്കുന്ന ഇന്ത്യയുടെയും നിർമിതബുദ്ധിയുടെയും ശക്തി സംയോജിക്കുമ്പോൾ വികസനത്തിന്റെ വേഗത വർധിക്കുന്നതു സ്വാഭാവികമാണെന്നു ശ്രീ മോദി പറഞ്ഞു. നിർമിതബുദ്ധി എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സാങ്കേതികവിദ്യ മാത്രമല്ല; മറിച്ച്, ഇന്ത്യയിലെ യുവാക്കൾക്കു പുതിയ അവസരങ്ങളിലേക്കുള്ള കവാടമാണെന്നും ശ്രീ മോദി പറഞ്ഞു. ഈ വർഷം ഇന്ത്യ നിർമിതബുദ്ധി ദൗത്യം ആരംഭിച്ചതിനെക്കുറിച്ചു പരാമർശിച്ച അദ്ദേഹം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ മേഖലകളിൽ നിർമിതബുദ്ധി ഉപയോഗം വർധിപ്പിക്കുന്നതിന് ഊന്നൽ നൽകുകയും ചെയ്തു. “ലോകോത്തര നിർമിതബുദ്ധി പരിഹാരങ്ങൾ നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ക്വാഡ് പോലുള്ള വേദികളിലൂടെ ഇതു മുന്നോട്ടു കൊണ്ടുപോകുന്നതിനു ഞങ്ങൾ വലിയ മുൻകൈ എടുക്കുന്നു” - അദ്ദേഹം പറഞ്ഞു.

 

വികസനം കാംക്ഷിക്കുന്ന ഇന്ത്യയെക്കുറിച്ചു പരാമർശിക്കവേ, മധ്യവർഗം, സാധാരണ പൗരന്മാർ, ജീവിതനിലവാരം ഉയർത്തൽ, ചെറുകിട വ്യാപാരത്തെയും എംഎസ്എംഇകളെയും യുവാക്കളെയും സ്ത്രീകളെയും ശാക്തീകരിക്കൽ എന്നിവയാണു ഗവൺമെന്റിന്റെ നയരൂപീകരണ പ്രക്രിയയുടെ കാതൽ എന്ന് പ്രധാനമന്ത്രി പറഞ്ഞു.

സമ്പർക്കസൗകര്യത്തിലെ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതി ദേശീയ അഭിലാഷങ്ങൾ നിറവേറ്റുന്നതിന്റെ പ്രധാന ഉദാഹരണമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസ്വര സമൂഹത്തിന്, പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള വിശാലവും വൈവിധ്യപൂർണവുമായ രാജ്യത്ത്, അത്യന്താപേക്ഷിതമായ വേഗതയേറിയതും ഏവരെയും ഉൾക്കൊള്ളുന്നതുമായ നേരിട്ടുള്ള ഗതാഗതസൗകര്യത്തിൽ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇക്കാരണത്താലാണ് വിമാനയാത്രയ്ക്ക് പ്രത്യേക ഊന്നൽ നൽകുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. താങ്ങാനാകുന്ന നിരക്കിലുള്ള വിമാനയാത്രയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അനുസ്മരിച്ച അദ്ദേഹം, ‘ഹവായ് ചെരിപ്പ്’ ധരിക്കുന്നവർക്കും വിമാനയാത്ര താങ്ങാനാകുന്നതാക്കണമെന്ന് പറഞ്ഞു. ഒപ്പം, പ്രവർത്തനം ആരംഭിച്ച് 8 വർഷം പൂർത്തിയാക്കിയ ഉഡാൻ പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലെ പുതിയ വിമാനത്താവളശൃംഖലകൾ സാധാരണക്കാർക്കു താങ്ങാനാകുന്ന വിമാനയാത്ര സാധ്യമാക്കിയതായി അദ്ദേഹം പറഞ്ഞു. ഉഡാൻ പദ്ധതിയുടെ വിജയം എടുത്തുകാട്ടി, പദ്ധതിക്കുകീഴിൽ ഇതുവരെ 3 ലക്ഷം വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ടെന്നും 1.5 കോടി സാധാരണ പൗരന്മാർ ഇതിൽ യാത്ര ചെയ്തുവെന്നും പ്രധാനമന്ത്രി പരാമർശിച്ചു. ചെറുപട്ടണങ്ങളെ ഏറ്റവും കൂടുതൽ ബന്ധിപ്പിക്കുന്ന ഈ സംരംഭത്തിന് കീഴിൽ 600-ലധികം പാതകൾ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014ൽ 70 വിമാനത്താവളങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം ഇപ്പോൾ 150ലധികം ആയി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഗോള വളർച്ചയുടെ ചാലകശക്തിയായി മാറുന്നതിന് ഇന്ത്യയിലെ യുവാക്കളെ ശാക്തീകരിക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത പ്രധാനമന്ത്രി ഊന്നിപ്പറയുകയും വിദ്യാഭ്യാസം, നൈപുണ്യ വികസനം, ഗവേഷണം, തൊഴിൽ എന്നിവയിൽ ഗവൺമെൻ്റിനുള്ള ശ്രദ്ധ ഉയർത്തിക്കാട്ടുകയും ചെയ്തു. കഴിഞ്ഞ 10 വർഷത്തെ പരിശ്രമത്തിൻ്റെ ഫലം ഇപ്പോൾ ദൃശ്യമാണെന്നും ടൈംസിന്റെ ഉന്നത വിദ്യാഭ്യാസ റാങ്കിം​ഗ് പ്രകാരം ഗവേഷണ നിലവാരത്തിൽ ആഗോളതലത്തിൽ ഇന്ത്യ കൈവരിച്ച ഏറ്റവും ഉയർന്ന പുരോഗതിയെ കുറിച്ചും അദ്ദേഹം പറഞ്ഞു. അന്താരാഷ്‌ട്ര റാങ്കിംഗിൽ ഇന്ത്യൻ സർവ്വകലാശാലകളുടെ പങ്കാളിത്തം കഴിഞ്ഞ 8-9 വർഷത്തിനിടയിൽ 30-ൽ നിന്ന് 100-ലധികമായി വളർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ക്യുഎസ് വേൾഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ സാന്നിധ്യം 300 ശതമാനത്തിലധികം വർധിച്ചിട്ടുണ്ടെന്നും അതേസമയം ഇന്ത്യയിൽ ഫയൽ ചെയ്യുന്ന പേറ്റൻ്റുകളുടെയും വ്യാപാരമുദ്രകളുടെയും എണ്ണം എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു. ലോകമെമ്പാടുമുള്ള 2,500-ലധികം കമ്പനികൾക്ക്  ഗവേഷണ കേന്ദ്രങ്ങളുള്ള ഇന്ത്യ ഇപ്പോൾ ഗവേഷണത്തിനും വികസനത്തിനുമുള്ള ആഗോള കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തിൻ്റെ സ്റ്റാർട്ടപ്പ് മേഖല അഭൂതപൂർവമായ വളർച്ച കൈവരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

വിശ്വസ്‌ത സുഹൃത്തെന്ന നിലയിൽ ഇന്ത്യയുടെ ആഗോള പ്രാധാന്യം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ആഗോള ഭാവിയിലേക്കായി പല മേഖലകളിലും ദിശാബോധം നൽകുന്നതിൽ രാജ്യം മുൻകൈ എടുക്കുകയാണെന്ന് വ്യക്തമാക്കി. അവശ്യ മരുന്നുകളുടെയും വാക്സിനുകളുടെയും ശേഷി ഉപയോഗപ്പെടുത്തി ഇന്ത്യക്ക് ദശലക്ഷക്കണക്കിന് ഡോളർ സമ്പാദിക്കാമായിരുന്നുവെന്ന് കോവിഡ് -19 മഹാമാരിയെ  പരാമർശിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. “ഇന്ത്യയ്ക്ക് അതിൽ നിന്ന് പ്രയോജനം ലഭിക്കുമായിരുന്നു, പക്ഷേ മനുഷ്യരാശിക്ക് അത് വലിയ പരാജയമായി മാറി‌‌യേനെ.  വെല്ലുവിളി നിറഞ്ഞ ആ  സമയങ്ങളിൽ നാം നൂറുകണക്കിന് രാജ്യങ്ങളിലേക്ക് മരുന്നുകളും ജീവൻരക്ഷാ വാക്‌സിനുകളും വിതരണം ചെയ്തു,' അദ്ദേഹം പറഞ്ഞു," പ്രയാസകരമായ നിമിഷങ്ങളിൽ ലോകത്തെ സഹായിക്കാൻ ഇന്ത്യക്ക് കഴിഞ്ഞതിൽ ഞാൻ സംതൃപ്തനാണ്. ശക്തമായ അന്താരാഷ്‌ട്ര ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഊട്ടിയുറപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ ബന്ധങ്ങളുടെ അടിസ്ഥാനം വിശ്വാസവും വിശ്വാസ്യതയുമാണെന്നും, ബന്ധങ്ങളെ നിസ്സാരമായി കാണുന്നതിൽ വിശ്വസിക്കുന്നില്ലെന്നും  ലോകവും ഇത് മനസ്സിലാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിൻ്റെ മറ്റു ഭാഗങ്ങളുമായുള്ള ഇന്ത്യയുടെ കൂട്ടായ ബന്ധത്തെ പരാമർശിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു, “മറ്റുള്ളവരിൽ അസൂയ ഉണ്ടാക്കാത്ത ഒരു രാജ്യമാണ് ഇന്ത്യ. നമ്മുടെ പുരോഗതിയിൽ ലോകം സന്തോഷിക്കുന്നു, കാരണം ലോകം മുഴുവൻ അതിൽ നിന്ന് പ്രയോജനം നേടുന്നു." ലോകത്തിന് ഇന്ത്യ നൽകിയ കനത്ത സംഭാവനകൾ  ഉയർത്തിക്കാട്ടിയ ശ്രീ മോദി, ആഗോള വളർച്ച വർദ്ധിപ്പിക്കുന്നതിൽ ഭാരതം  അനുകൂല  പങ്ക് വഹിച്ചിട്ടുണ്ടെന്നും നമ്മുടെ  ആശയങ്ങളും നൂതനത്വങ്ങളും ഉൽപ്പന്നങ്ങളും നൂറ്റാണ്ടുകളായി ലോകത്ത് മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. കോളനിവൽക്കരണം മൂലം വ്യാവസായിക വിപ്ലവം പ്രയോജനപ്പെടുത്താൻ ഭാരതത്തിന് കഴിഞ്ഞില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇത് വ്യവസായത്തിന്റെ 4.0 യുഗമാണ്. ഇന്ത്യ ഇനി അടിമയല്ല. നമുക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷമായി, അതിനാൽ, ഞങ്ങൾ അരയും തലയും മുറുക്കി തയ്യാറായിരിക്കുകയാണ്, ”ശ്രീ മോദി കൂട്ടിച്ചേർത്തു.

വ്യവസായം 4.0ന്  ആവശ്യമായ നൈപുണ്യ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കുമായി ഇന്ത്യ അതിവേഗം പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇക്കഴിഞ്ഞ ദശകത്തിൽ, ജി-20, ജി-7 ഉച്ചകോടികൾ ഉൾപ്പെടെ വിവിധ ആഗോള വേദികളിൽ താൻ പങ്കെടുത്തിട്ടുണ്ടെന്നും ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള  സുപ്രധാന ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആധാർ, ഡിജിലോക്കർ തുടങ്ങിയ ഇന്ത്യയുടെ ഉദ്യമങ്ങളെ പ്രശംസിച്ച പോൾ റോമറുമായുള്ള ചർച്ചയെ പ്രധാനമന്ത്രി പരാമർശിച്ചു. "ഇന്ന് ലോകം മുഴുവൻ ഇന്ത്യയുടെ ഡിപിഐയിലേക്ക് ഉറ്റു നോക്കുകയാണ്," അദ്ദേഹം പറഞ്ഞു. "ഇൻ്റർനെറ്റിൻ്റെ യുഗത്തിൽ ഇന്ത്യക്ക് ആദ്യ നേട്ടം ഉണ്ടായിരുന്നില്ല", കൂടുതൽ നേട്ടങ്ങളുള്ള രാജ്യങ്ങളിലെ ഡിജിറ്റൽ ഇടത്തെ, സ്വകാര്യ പ്ലാറ്റ്‌ഫോമുകൾ നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ശ്രീ മോദി പറഞ്ഞു. സാങ്കേതികവിദ്യയെ ജനകീയമാക്കിക്കൊണ്ട് ഇന്ത്യ ലോകത്തിന് ഒരു പുതിയ മാതൃക നൽകിയിട്ടുണ്ടെന്നു പരാമർശിച്ച അദ്ദേഹം, വേഗതയേറിയതും സുരക്ഷിതവുമായ സേവന വിതരണത്തിന് ശക്തമായ സംവിധാനം നൽകുന്ന ജൻ ധൻ, ആധാർ, മൊബൈൽ എന്നീ ജെ എ എം  ത്രിത്വത്തെ ഉയർത്തിക്കാട്ടുകയും ചെയ്തു. 500 ദശലക്ഷത്തിലധികം പ്രതിദിന ഡിജിറ്റൽ ഇടപാടുകൾ സുഗമമാക്കുന്ന യുപിഐയെ കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഇതിന് പിന്നിലെ പ്രേരകശക്തി വൻകിട കോർപ്പറേറ്റുകളല്ല, മറിച്ച് നമ്മുടെ ചെറുകിട കച്ചവടക്കാരും വഴിയോര കച്ചവടക്കാരുമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണത്തിലെ നിസ്സഹകരണം ഇല്ലാതാക്കാൻ സൃഷ്ടിച്ച പിഎം ഗതി ശക്തി പ്ലാറ്റ്‌ഫോമും അദ്ദേഹം പരാമർശിച്ചു, അത് ഇപ്പോൾ സാധന-സേവന വിതരണ സാഹചര്യങ്ങൾ പരിവർത്തനം ചെയ്യാൻ സഹായിക്കുന്നു. അതുപോലെ, ഓഎൻഡിസി  പ്ലാറ്റ്‌ഫോം ഓൺലൈൻ ചില്ലറ വ്യാപാരത്തെ ജനകീയമാക്കുകയും സുതാര്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു നൂതന സംവിധാനമാണെന്നു തെളിയിക്കുന്നു. ഡിജിറ്റൽ നവീകരണവും ജനാധിപത്യ മൂല്യങ്ങളും ഒരുമിച്ച് നിലനിൽക്കുമെന്ന് ഇന്ത്യ തെളിയിക്കുകയും നിയന്ത്രണത്തിനും വിഭജനത്തിനും പകരം ഉൾച്ചേർക്കൽ, സുതാര്യത, ശാക്തീകരണം എന്നിവയ്ക്കുള്ള ഉപകരണമാണ് സാങ്കേതികവിദ്യയെന്ന ധാരണ ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് ശ്രീ മോദി അടിവരയിട്ടു.

ഈ യുഗത്തിൻ്റെ അടിയന്തിര ആവശ്യങ്ങളായ ദൃഢത, സുസ്ഥിരത, പരിഹാരങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന 21-ാം നൂറ്റാണ്ട് മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണെന്ന് ശ്രീ മോദി പ്രസ്താവിച്ചു.  ഈ ഘടകങ്ങൾ മാനവരാശിയുടെ മെച്ചപ്പെട്ട ഭാവിക്ക് അത്യന്താപേക്ഷിതമാണെന്നും അവ പരിഹരിക്കാൻ ഇന്ത്യ പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  തുടർച്ചയായി മൂന്നാം തവണയും ഒരു ഗവൺമെൻ്റിന് അധികാരം നൽകി, ആറ് പതിറ്റാണ്ടിനിടെ ആദ്യമായി സ്ഥിരതയുടെ ശക്തമായ സന്ദേശം നൽകി. ഇത്  ഇന്ത്യൻ ജനതയുടെ അചഞ്ചലമായ പിന്തുണയാണ്.  ഈ വികാരം  കൂടുതൽ  ബലപ്പെടുകയാണെന്ന് ഹരിയാനയിലെ സമീപകാല തെരഞ്ഞെടുപ്പുകളെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഗോള പ്രതിസന്ധിയെകുറിച്ച്  എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇത് മുഴുവൻ മനുഷ്യരാശിയും നേരിടുന്ന പ്രതിസന്ധിയാണെന്ന് പ്രസ്താവിച്ചു. ആഗോള കാലാവസ്ഥാ വെല്ലുവിളിയിൽ ഇന്ത്യയുടേത് വളരെ ചെറിയ സംഭാവനയാണെങ്കിലും, അത് പരിഹരിക്കുന്നതിൽ രാജ്യം മുൻകൈ എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസന ആസൂത്രണത്തിൻ്റെ കാതൽ സുസ്ഥിരതയാണെന്നും ഹരിത പരിവർത്തനത്തെ വളർച്ചയുടെ പ്രധാന ചാലകമായി ഗവണ്മെന്റ് മാറ്റിയിരിക്കുകയാണെന്നും  ശ്രീ മോദി വിശദീകരിച്ചു. പ്രധാനമന്ത്രി സൂര്യഘർ സൗജന്യ വൈദ്യുതി പദ്ധതി, കൃഷിക്കുള്ള സൗരോർജ്ജ പമ്പ് പദ്ധതികൾ, ഇ വി വിപ്ലവം, എത്തനോൾ സംയോജന  പ്രോഗ്രാം, വൻകിട കാറ്റാടി ഫാമുകൾ, എൽഇഡി ലൈറ്റ് മൂവ്‌മെൻ്റ്, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങൾ, ബയോഗ്യാസ് പ്ലാൻ്റുകൾ എന്നിവ അദ്ദേഹം ഈ പ്രതിബദ്ധതയുടെ ഉദാഹരണങ്ങളായി  പരാമർശിച്ചു. ഹരിത ഭാവിക്കും ഹരിത തൊഴിലിനുമുള്ള ശക്തമായ പ്രതിബദ്ധതയാണ് ഓരോ പദ്ധതിയും പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദൃഢതയ്ക്കും, സുസ്ഥിരതയ്ക്കും ഒപ്പം, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള പരിഹാരങ്ങൾ നൽകുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കഴിഞ്ഞ ദശകത്തിൽ, അന്താരാഷ്ട്ര സൗരോർജ്ജ കൂട്ടായ്മ, കോളിഷൻ ഫോർ ഡിസാസ്റ്റർ റസിലിയൻ്റ് ഇൻഫ്രാസ്ട്രക്ചർ, ഇന്ത്യ-മദ്ധ്യേഷ്യ സാമ്പത്തിക ഇടനാഴി, ആഗോള ജൈവ ഇന്ധന കൂട്ടായ്മ എന്നിവയുൾപ്പെടെ ഈ വെല്ലുവിളികളെ നേരിടാൻ ആവശ്യമായ നിരവധി സംരംഭങ്ങളിൽ ഇന്ത്യ പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യോഗ, ആയുർവേദം, മിഷൻ ലൈഫ്, മിഷൻ മില്ലറ്റ് എന്നിവ‌യും അത്തരം സംരംഭങ്ങളിൽ ചിലതാണ്. "ലോകത്തെ സമ്മർദപൂരിതമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയാണ് ഈ സംരംഭങ്ങളെല്ലാം സൂചിപ്പിക്കുന്നത്," അദ്ദേഹം പറഞ്ഞു. 

 

ഇന്ത്യയുടെ വളർച്ചയിൽ അഭിമാനം പ്രകടിപ്പിച്ച പ്രധാനമന്ത്രി, "ഇന്ത്യ പുരോഗമിക്കുമ്പോൾ, ലോകത്തിന് കൂടുതൽ പ്രയോജനം ലഭിക്കും" എന്നും വ്യക്തമാക്കി. ഇന്ത്യയുടെ നൂറു വർഷങ്ങൾ മനുഷ്യരാശിയുടെയാകെ വിജയമായി മാറുന്ന ഒരു ഭാവിയാണ്  വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും കഴിവുകൾ ഉപയോ​ഗപ്പെടുത്തിക്കൊണ്ട്, നൂതനാശയങ്ങളാൽ സമ്പന്നമായിക്കൊണ്ട്, ഇന്ത്യയുടെ നൂറു വർഷങ്ങൾ അഭിവൃദ്ധി പ്രാപിക്കുകയാണ്. ആഗോള സ്ഥിരതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ പ്രാധാന്യം ശ്രീ മോദി ഊന്നിപ്പറഞ്ഞു.  "കൂടുതൽ സുസ്ഥിരമായ ലോകത്തിന് ഇന്ത്യയുടെ  ഉദ്യമങ്ങൾ സംഭാവന നൽകുകയും ആഗോള സമാധാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു," പ്രസം​ഗം ഉപസംഹരിച്ചുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi