140 കോടി പൗരന്മാർക്കായി പുരസ്കാരം സമർപ്പിച്ചു
സമ്മാനത്തുക നമാമി ഗംഗേ പദ്ധതിക്ക് സംഭാവന ചെയ്തു
"ലോകമാന്യ തിലക് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലെ 'തിലക'മാണ്"
"ലോകമാന്യ തിലക് മികച്ച സ്ഥാപനനിർമാതാവും പാരമ്പര്യങ്ങളുടെ പരിപാലകനുമായിരുന്നു"
"ഇന്ത്യക്കാർക്കിടയിലെ അപകർഷതാബോധം എന്ന മിഥ്യാധാരണ തിലക് തകർക്കുകയും അവരുടെ കഴിവുകളുടെ കാര്യത്തിൽ ആത്മവിശ്വാസം വളർത്തുകയും ചെയ്തു"
"ഇന്ത്യ വിശ്വാസക്കമ്മിയിൽനിന്ന് വിശ്വാസമിച്ചത്തിലേക്ക് മാറി"
"വർധിച്ചുവരുന്ന പൊതുജനവിശ്വാസം ഇന്ത്യയിലെ ജനങ്ങളുടെ പുരോഗതിയുടെ മാധ്യമമായി മാറുന്നു"

മഹാരാഷ്ട്രയിലെ പുണെയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് ഇന്ന് ലോകമാന്യ തിലക് ദേശീയ പുരസ്കാരം സമ്മാനിച്ചു. ലോകമാന്യ തിലകിന്റെ പാരമ്പര്യത്തെ ആദരിക്കുന്നതിനായി 1983-ൽ തിലക് സ്മാരക് മന്ദിർ ട്രസ്റ്റാണ് പുരസ്കാരം സമ്മാനിച്ചുതുടങ്ങിയത്. പുരസ്കാര സമ്മാനത്തുക പ്രധാനമന്ത്രി നമാമി ഗംഗേ പദ്ധതിക്ക് സംഭാവന ചെയ്തു.

 

വേദിയിൽ എത്തിയ പ്രധാനമന്ത്രി ലോകമാന്യ തിലകിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ലോകമാന്യ തിലകിന്റെ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ച പ്രധാനമന്ത്രി, ഇത് തന്നെ സംബന്ധിച്ചിടത്തോളം സവിശേഷ ദിനമാണെന്നു പറഞ്ഞു. ലോകമാന്യ തിലകിന്റെ ചരമവാർഷിക ദിനവും അണ്ണ ഭാവു സാഠേയുടെ ജന്മവാർഷികദിനവുമാണ് ഇന്ന് ആഘോഷിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. "ലോകമാന്യ തിലക് ജി ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ 'തിലക'മാണ്" - പ്രധാനമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ ഉന്നമനത്തിനായി അണ്ണ ഭാവു സാഠെ നൽകിയ അസാധാരണവും സമാനതകളില്ലാത്തതുമായ സംഭാവനകളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഛത്രപതി ശിവാജി, ചാപേക്കർ സഹോദരർ, ജ്യോതിബ ഫൂലെ, സാവിത്രിഭായ് ഫൂലെ എന്നിവരുടെ നാടിന് പ്രധാനമന്ത്രി ആദരമർപ്പിച്ചു. നേരത്തെ ദഗ്ഡുഷേഠ് ക്ഷേത്രവും പ്രധാനമന്ത്രി സന്ദർശിച്ചു.

ലോകമാന്യയുമായി നേരിട്ട് ബന്ധമുള്ള സ്ഥലവും സ്ഥാപനവും ഇന്ന് തനിക്ക് നൽകിയ ബഹുമതിയെ ‘അവിസ്മരണീയം’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കാശിയും പുണെയും സ്കോളർഷിപ്പിന്റെ കേന്ദ്രങ്ങളായതിനാൽ അവയ്ക്കിടയിലുള്ള പൊതുവായ കാര്യങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഒരാൾക്ക് ഒരു പുരസ്കാരം ലഭിക്കുമ്പോൾ, പ്രത്യേകിച്ചും ലോകമാന്യ തിലകിന്റെ പേര് പുരസ്കാരത്തിനൊപ്പം ചേർക്കുമ്പോൾ, ഉത്തരവാദിത്വങ്ങൾ വന്നുചേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ലോകമാന്യ തിലക് പുരസ്‌കാരം ഇന്ത്യയിലെ 140 കോടി പൗരന്മാർക്കായി പ്രധാനമന്ത്രി സമർപ്പിച്ചു. അവരുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കുന്നതിന് ഗവണ്മെന്റ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. നമാമി ഗംഗേ പദ്ധതിക്ക് സമ്മാനത്തുക സംഭാവന ചെയ്യാനുള്ള തീരുമാനവും പ്രധാനമന്ത്രി അറിയിച്ചു.

 

ലോകമാന്യ തിലകിന്റെ സ്വാധീനം സ്വാതന്ത്ര്യ സമരത്തിലെ എല്ലാ നേതാക്കളിലും സംഭവങ്ങളിലും പ്രകടമായതിനാൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ലോകമാന്യ തിലക് നൽകിയ സംഭാവനകൾ ഏതാനും വാക്കുകളിലോ സംഭവങ്ങളിലോ ഒതുക്കാനാകില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ബ്രിട്ടീഷുകാർക്ക് പോലും അദ്ദേഹത്തെ 'ഇന്ത്യൻ അശാന്തിയുടെ പിതാവ്' എന്ന് വിളിക്കേണ്ടി വന്നു" - പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘സ്വരാജ്യമാണ് എന്റെ ജന്മാവകാശം’ എന്ന അവകാശവാദത്തിലൂടെ ലോകമാന്യ തിലക് സ്വാതന്ത്ര്യ സമരത്തിന്റെ ദിശ മാറ്റിയെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ത്യൻ പാരമ്പര്യങ്ങളെ പിന്തിരിപ്പൻ എന്നു ബ്രിട്ടീഷുകാർ മുദ്ര കുത്തുന്നതു തെറ്റാണെന്ന് തിലക് തെളിയിച്ചു. മഹാത്മാഗാന്ധി അദ്ദേഹത്തെ ആധുനിക ഇന്ത്യയുടെ ശിൽപ്പിയെന്നാണു വിശേഷിപ്പിച്ചത് - പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രനിർമാണത്തിനുള്ള ലോകമാന്യ തിലകിന്റെ കഴിവുകൾക്കു പ്രധാനമന്ത്രി ആദരമേകി. ലാലാ ലജ്പത് റായ്, ബിപിൻ ചന്ദ്ര പാൽ എന്നിവരുമായുള്ള അദ്ദേഹത്തിന്റെ സഹകരണം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ സുവർണ അധ്യായമാണ്. തിലകിന്റെ പത്രങ്ങളുടെയും പത്രപ്രവർത്തനത്തിന്റെയും ഉപയോഗത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. കേസരി ഇപ്പോഴും മഹാരാഷ്ട്രയിൽ പ്രസിദ്ധീകരിക്കുകയും വായിക്കപ്പെടുകയും ചെയ്യുന്നു. "ഇതെല്ലാം ലോകമാന്യ തിലകിന്റെ ശക്തമായ സ്ഥാപന നിർമാണത്തിന് സാക്ഷ്യം വഹിക്കുന്നു" - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

തിലക് പാരമ്പര്യങ്ങളെ പരിപോഷിപ്പിച്ചതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഛത്രപതി ശിവാജിയുടെ ആദർശങ്ങൾ ആഘോഷിക്കുന്നതിനായി ഗണപതി മഹോത്സവവും ശിവജയന്തിയും അദ്ദേഹം ആരംഭിച്ച കാര്യവും പ്രധാനമന്ത്രി പരാമർശിച്ചു. “ഈ പരിപാടികൾ ഇന്ത്യയെ ഒരു സാംസ്കാരികമായി ഇഴചേർക്കുന്നതിനുള്ള യജ്ഞവും പൂർണ സ്വരാജിന്റെ സമ്പൂർണ സങ്കൽപ്പവുമായിരുന്നു. സ്വാതന്ത്ര്യം പോലുള്ള മഹത്തായ ലക്ഷ്യങ്ങൾക്കായി നേതാക്കൾ പോരാടുകയും സാമൂഹിക പരിഷ്കരണങ്ങളുടെ പ്രചാരണം നടത്തുകയും ചെയ്ത ഇന്ത്യയുടെ പ്രത്യേകതയാണ‌‌ിത്” - അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ യുവജനങ്ങളിലുള്ള ലോകമാന്യ തിലകിന്റെ വിശ്വാസത്തെ പരാമർശിക്കവേ, വീരസവർക്കറെ ഉപദേശിച്ചതും ലണ്ടനിൽ ഛത്രപതി ശിവാജി സ്‌കോളർഷിപ്പും മഹാറാണ പ്രതാപ് സ്‌കോളർഷിപ്പും നടത്തിയിരുന്ന ശ്യാംജി കൃഷ്ണ വർമയോട് അദ്ദേഹം ശുപാർശ ചെയ്തതും പ്രധാനമന്ത്രി അനുസ്മരിച്ചു. പുണെയിൽ ന്യൂ ഇംഗ്ലീഷ് സ്കൂൾ, ഫെർഗൂസൺ കോളേജ്, ഡെക്കാൻ എജ്യുക്കേഷൻ സൊസൈറ്റി എന്നിവ സ്ഥാപിച്ചത് ആ കാഴ്ചപ്പാടിന്റെ ഭാഗമാണ്. “വ്യവസ്ഥിതി നിർമാണം മുതൽ സ്ഥാപന നിർമാണംവരെ, സ്ഥാപനനിർമിതി മുതൽ വ്യക്തിത്വവികസനം വരെ, വ്യക്തിത്വ നിർമിതി മുതൽ രാഷ്ട്രനിർമാണം വരെയുള്ള കാഴ്ചപ്പാട് രാജ്യത്തിന്റെ ഭാവിയിലേക്കുള്ള മാർഗരേഖ പോലെയാണ്. രാജ്യം ഈ മാർഗരേഖ ഫലപ്രദമായി പിന്തുടരുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു.

ലോകമാന്യ തിലകുമായി മഹാരാഷ്ട്രയിലെ ജനങ്ങൾക്കുള്ള സവിശേഷ ബന്ധം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഗുജറാത്തിലെ ജനങ്ങളും അദ്ദേഹവുമായി സമാനമായ ബന്ധം പങ്കിടുന്നുവെന്നു വ്യക്തമാക്കി. ലോകമാന്യ തിലക് അഹമ്മദാബാദിലെ സബർമതി ജയിലിൽ ഏകദേശം ഒന്നര മാസത്തോളം ചെലവഴിച്ചത് അദ്ദേഹം അനുസ്മരിച്ചു. 1916 ൽ സർദാർ വല്ലഭായ് പട്ടേലുൾപ്പെടെ 40,000-ത്തിലധികം പേർ അദ്ദേഹത്തെ സ്വാഗതം ചെയ്യാനും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാനും എത്തിയിരുന്നു. അഹമ്മദാബാദ് മുനിസിപ്പാലിറ്റിയുടെ തലവനായിരിക്കെ സർദാർ പട്ടേൽ അഹമ്മദാബാദിൽ ലോകമാന്യ തിലകിന്റെ പ്രതിമ സ്ഥാപിക്കുന്നതിലേക്ക് നയിച്ചത് പ്രസംഗത്തിന്റെ സ്വാധീനമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സർദാർ പട്ടേലിൽ ലോകമാന്യ തിലകിന്റെ ഉരുക്കുമുഷ്ടി പ്രതിച്ഛായ കണ്ടെത്താൻ കഴിയും- പ്രധാനമന്ത്രി പറഞ്ഞു. വിക്ടോറിയ ഗാർഡനിലെ പ്രതിമയുടെ സ്ഥാനത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, 1897-ൽ വിക്ടോറിയ രാജ്ഞിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്കായി ബ്രിട്ടീഷുകാരാണ് മൈതാനം വികസിപ്പിച്ചതെന്ന് പറയുകയും ലോകമാന്യ തിലകിന്റെ പ്രതിമ സ്ഥാപിക്കാനുള്ള സർദാർ പട്ടേലിന്റെ വിപ്ലവകരമായ പ്രവർത്തനത്തിന് ഊന്നൽ നൽകുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ ചെറുത്തുനിൽപ്പ് നേരിട്ടിട്ടും 1929ൽ മഹാത്മാഗാന്ധിയാണ് പ്രതിമ ഉദ്ഘാടനം ചെയ്തതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമയെക്കുറിച്ച് സംസാരിക്കവേ, തിലക് ജി സ്വതന്ത്ര ഇന്ത്യയുടെ ശോഭനമായ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതുപോലെ വിശ്രമിക്കുന്ന ഭാവത്തിൽ ഇരിക്കുന്നത് കാണാൻ കഴിയുന്ന ഗംഭീരമായ പ്രതിമയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. "അടിമത്തത്തിന്റെ കാലത്ത് പോലും, ഇന്ത്യയുടെ പുത്രനെ ബഹുമാനിക്കാൻ സർദാർ സാഹിബ് ബ്രിട്ടീഷ് ഭരണത്തെയാകെ വെല്ലുവിളിച്ചു"- ഒരു വിദേശ ആക്രമണകാരിക്ക് പകരം ഒരു ഇന്ത്യൻ വ്യക്തിത്വത്തിന്റെ പേരു നൽകാൻ ഗവണ്മെന്റ് ശ്രമിക്കുമ്പോൾ ചിലർ ബഹളം വയ്ക്കുന്ന ഇന്നത്തെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

ഗീതയിലുള്ള ലോകമാന്യയുടെ വിശ്വാസത്തെ പ്രധാനമന്ത്രി പരാമർശിച്ചു. ദൂരെയുള്ള മണ്ഡാലയിൽ തടവിലാക്കപ്പെട്ടപ്പോഴും ലോകമാന്യ ഗീതാ പഠനം തുടരുകയും ഗീതാ രഹസ്യത്തിന്റെ രൂപത്തിൽ അമൂല്യമായ സമ്മാനം നൽകുകയും ചെയ്തു.

എല്ലാവരിലും ആത്മവിശ്വാസം വളർത്താനുള്ള ലോകമാന്യയുടെ കഴിവിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. സ്വാതന്ത്ര്യത്തിനും ചരിത്രത്തിനും സംസ്കാരത്തിനും വേണ്ടിയുള്ള പോരാട്ടത്തിൽ തിലക് ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചു. ജനങ്ങളിലും തൊഴിലാളികളിലും സംരംഭകരിലും അദ്ദേഹത്തിന് വിശ്വാസമുണ്ടായിരുന്നു. "ഇന്ത്യക്കാർക്കിടയിലെ അപകർഷതാ ബോധമെന്ന മിഥ്യാധാരണ തിലക് തകർക്കുകയും അവരുടെ കഴിവുകൾ അവർക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു"- അദ്ദേഹം പറഞ്ഞു.

അവിശ്വാസത്തിന്റെ അന്തരീക്ഷത്തിൽ രാജ്യത്തിന്റെ വികസനം സാധ്യമല്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. പുണെയിൽ നിന്നുള്ള ശ്രീ മനോജ് പോചാറ്റ് ജിയുടെ ട്വീറ്റ് വായിച്ച് പ്രധാനമന്ത്രിയെ പരാമർശിക്കുകയും 10 വർഷം മുമ്പ് പുണെ സന്ദർശനത്തെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്തത് അദ്ദേഹം അനുസ്മരിച്ചു. തിലക് ജി സ്ഥാപിച്ച ഫെർഗൂസൻ കോളേജിൽ അക്കാലത്ത് ഇന്ത്യയിലെ വിശ്വാസ്യതയില്ലായ്മയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി അനുസ്മരിച്ചു. വിശ്വാസക്കമ്മിയുടെ പ്രശ്നം ഉന്നയിച്ചതിന് നന്ദി അറിയിച്ച പ്രധാനമന്ത്രി, രാജ്യം വിശ്വാസക്കമ്മിയിൽ നിന്ന് വിശ്വാസ മിച്ചത്തിലേക്ക് മാറിയെന്നും പറഞ്ഞു.

കഴിഞ്ഞ 9 വർഷത്തിനിടയിൽ ഉണ്ടായ പ്രധാന മാറ്റങ്ങളിൽ ഈ വിശ്വാസ മിച്ചത്തിന്റെ ഉദാഹരണങ്ങൾ പ്രധാനമന്ത്രി നൽകി. ഈ വിശ്വാസത്തിന്റെ ഫലമായി ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് അദ്ദേഹം പരാമർശിച്ചു. രാജ്യങ്ങൾക്കുള്ള വിശ്വാസത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. മെയ്ഡ് ഇൻ ഇന്ത്യ കൊറോണ വാക്സിൻ പോലുള്ള വിജയങ്ങളെക്കുറിച്ച് പരാമർശിക്കുകയും ചെയ്തു. ഇതിൽ പുണെ വലിയ പങ്ക് വഹിച്ചു. ഇന്ത്യക്കാരുടെ കഠിനാധ്വാനത്തിലും അഖണ്ഡതയിലും വിശ്വാസത്തിന്റെ അടയാളമായി മുദ്ര യോജനയ്ക്ക് കീഴിലുള്ള ഈടുരഹിത വായ്പകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അതുപോലെ, മിക്ക സേവനങ്ങളും ഇപ്പോൾ മൊബൈലിൽ ലഭ്യമാണ്. കൂടാതെ ജനങ്ങൾക്ക് അവരുടെ രേഖകൾ സ്വയം സാക്ഷ്യപ്പെടുത്താനും കഴിയും. ഈ വ്യാപാര മിച്ചം മൂലം ശുചിത്വ യജ്ഞവും  ബേട്ടി ബച്ചാവോ-ബേട്ടി പഠാവോയും ജനകീയ പ്രസ്ഥാനമായി മാറിയെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതെല്ലാം രാജ്യത്ത് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ചുവപ്പുകോട്ടയിൽ നിന്നുള്ള തന്റെ പ്രസംഗത്തിനിടെ പ്രധാനമന്ത്രി പാചകവാതക സബ്‌സിഡി ഉപേക്ഷിക്കാൻ കഴിയുന്നവരോട് അതിനായി ആഹ്വാനം ചെയ്തപ്പോൾ ലക്ഷക്കണക്കിനുപേർ സബ്‌സിഡി ഉപേക്ഷിച്ചുവെന്ന് അദ്ദേഹം അനുസ്മരിച്ചു. പല രാജ്യങ്ങളിലും നടത്തിയ സർവേയിൽ ഇന്ത്യക്കാർക്കാണ് അവരുടെ സർക്കാരിൽ ഏറ്റവും കൂടുതൽ വിശ്വാസം ഉള്ളതെന്ന് വെളിപ്പെട്ടതായി അദ്ദേഹം പറഞ്ഞു. പൊതുജനവിശ്വാസം വർധിപ്പിന്നത് ഇന്ത്യയിലെ ജനങ്ങളുടെ പുരോഗതിയുടെ മാധ്യമമായി മാറുകയാണെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷം, രാജ്യത്തിന്റെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും മനസ്സിൽവച്ച് ഓരോ പൗരനും അവരവരുടെ തലത്തിൽ നിന്ന് പ്രവർത്തിക്കുന്ന കർത്തവ്യ കാലമായാണ് രാജ്യം അമൃതകാലത്തെ വീക്ഷിക്കുന്നതെന്ന് പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഇന്നത്തെ നമ്മുടെ പ്രയത്‌നങ്ങൾ മുഴുവൻ മാനവരാശിക്കും ഒരു ഉറപ്പായി മാറുന്നത്. ഇന്ന് ലോകം ഇന്ത്യയിലും ഭാവിക്ക് സാക്ഷ്യം വഹിക്കുന്നുണ്ട് -പ്രധാനമന്ത്രി പറഞ്ഞു. ലോകമാന്യ തിലകിന്റെ ചിന്തകളുടെയും അനുഗ്രഹങ്ങളുടെയും ശക്തിയാൽ ശക്തവും സമൃദ്ധവുമായ ഇന്ത്യ എന്ന സ്വപ്നം പൗരന്മാർ തീർച്ചയായും യാഥാർത്ഥ്യമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകമാന്യ തിലകിന്റെ ആദർശങ്ങളുമായി ജനങ്ങളെ ബന്ധിപ്പിക്കുന്നതിൽ ഹിന്ദ് സ്വരാജ്യ സംഘം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

മഹാരാഷ്ട്ര ഗവർണർ ശ്രീ രമേഷ് ബൈസ്, മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്‌നാവിസ്, ശ്രീ അജിത് പവാർ, പാർലമെന്റ് അംഗം ശ്രീ ശരദ്ചന്ദ്ര പവാർ, തിലക് സ്മാരക ട്രസ്റ്റ് പ്രസിഡന്റ് ഡോ. ദീപക് തിലക്, വൈസ് പ്രസിഡന്റ് ഡോ രോഹിത് തിലക്, ട്രസ്റ്റി ശ്രീ സുശീൽകുമാർ ഷിൻഡെ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ലോകമാന്യ തിലകിന്റെ പൈതൃകത്തെ ആദരിക്കുന്നതിനായി 1983-ല്‍ തിലക് സ്മാരക മന്ദിര്‍ ട്രസ്റ്റ് രൂപീകരിച്ചതാണ് ഈ അവാര്‍ഡ്. രാഷ്ട്രത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി പ്രയത്‌നിക്കുന്നവരും ആരുടെ സംഭാവനകള്‍ മാത്രമാണോ ശ്രദ്ധേയവും അസാധാരണവുമായി കാണാന്‍ കഴിയുന്നതും അത്തരം വ്യക്തികള്‍ക്കാണ് ഈ പുരസ്‌ക്കാരം സമ്മാനിക്കുന്നത്. ലോകമാന്യ തിലകന്റെ ചരമവാര്‍ഷികദിനമായ ഓഗസ്റ്റ് 1-നാണ് എല്ലാ വര്‍ഷവും ഇത് സമ്മാനിക്കുന്നത്.

പുരസ്‌കാരം നേടുന്ന 41-ാമത് വ്യക്തിയാണ് പ്രധാനമന്ത്രി. ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ, ശ്രീ പ്രണബ് മുഖര്‍ജി, ശ്രീ അടല്‍ ബിഹാരി വാജ്‌പേയി, ശ്രീമതി ഇന്ദിരാഗാന്ധി, ഡോ. മന്‍മോഹന്‍ സിംഗ്, ശ്രീ എന്‍. ആര്‍. നാരായണ മൂര്‍ത്തി, ഡോ. ഇ. ശ്രീധരന്‍ തുടങ്ങിയ ഉജ്ജ്വലവ്യക്തിത്വങ്ങള്‍ക്ക് മുന്‍പ് ഈ പുരസ്‌ക്കാരം സമ്മാനിച്ചിട്ടുണ്ട്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'You Are A Champion Among Leaders': Guyana's President Praises PM Modi

Media Coverage

'You Are A Champion Among Leaders': Guyana's President Praises PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates hockey team for winning Women's Asian Champions Trophy
November 21, 2024

The Prime Minister Shri Narendra Modi today congratulated the Indian Hockey team on winning the Women's Asian Champions Trophy.

Shri Modi said that their win will motivate upcoming athletes.

The Prime Minister posted on X:

"A phenomenal accomplishment!

Congratulations to our hockey team on winning the Women's Asian Champions Trophy. They played exceptionally well through the tournament. Their success will motivate many upcoming athletes."