ലചിത് ബർഫുകന്റെ 400-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനച്ചടങ്ങിനെ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ‘ലചിത് ബർഫുകൻ - മുഗളരെ തടഞ്ഞ അസമിന്റെ വീരനായകൻ’ എന്ന പുസ്തകവും പ്രധാനമന്ത്രി പ്രകാശനംചെയ്തു.
മുഗളരെ പരാജയപ്പെടുത്തിയ അസമിലെ അഹോം രാജ്യത്തിന്റെ രാജസൈന്യത്തിന്റെ പ്രസിദ്ധനായ ജനറൽ ലചിത് ബർഫുകന്റെ 400-ാം ജന്മവാർഷികം ആഘോഷിക്കുന്നത്, വാഴ്ത്തപ്പെടാത്ത വീരന്മാരെ ഉചിതമായ രീതിയിൽ ആദരിക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ്. ഔറംഗസീബിനു കീഴിലുള്ള മുഗളരുടെ എക്കാലവും വിപുലീകരിക്കണമെന്ന ആഗ്രഹങ്ങൾക്കാണ് അഹോം രാജ്യം തടയിട്ടത്.
വീരനായ ലചിതിനെപ്പോലുള്ള ധീരപുത്രന്മാരെ നൽകിയ അസമിനോടുള്ള ആദരം പ്രകടിപ്പിച്ചാണു പ്രധാനമന്ത്രി സംസാരിച്ചു തുടങ്ങിയത്. “400-ാം ജന്മവാർഷികത്തിൽ ധീരനായ ലചിത് ബർഫുകനെ നാം വണങ്ങുന്നു. അസമിന്റെ സംസ്കാരം സംരക്ഷിക്കുന്നതിൽ അദ്ദേഹം നിർണായകപങ്കാണു വഹിച്ചത്” - പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷിക്കുന്ന സമയത്താണ് ഇന്ത്യ ലചിത് ബർഫുകന്റെ 400-ാം ജന്മവാർഷികം ആഘോഷിക്കുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. വീരനായ ലചിതിന്റെ സാഹസകൃത്യങ്ങളെ അസമിന്റെ ചരിത്രത്തിലെ മഹത്തായ അധ്യായമെന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, “ഇന്ത്യയുടെ ശാശ്വത സംസ്കാരത്തിന്റെയും ശാശ്വതവീര്യത്തിന്റെയും ശാശ്വത അസ്തിത്വത്തിന്റെയും ആഘോഷവേളയിൽ ഈ മഹത്തായ പാരമ്പര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു”വെന്നും വ്യക്തമാക്കി. അടിമത്തമനോഭാവത്തിൽനിന്നു മുക്തിനേടാനും രാജ്യത്തിന്റെ പൈതൃകത്തിൽ അഭിമാനംകൊള്ളാനുമുള്ള ഇന്ത്യയുടെ മാനസികാവസ്ഥ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യ അതിന്റെ സാംസ്കാരിക വൈവിധ്യം ആഘോഷിക്കുക മാത്രമല്ല, രാജ്യചരിത്രത്തിലെ വാഴ്ത്തപ്പെടാത്ത നായകന്മാരെയും നായികമാരെയും അംഗീകരിക്കുകയും ചെയ്യുന്നു. “അമൃതകാലത്തിന്റെ ദൃഢനിശ്ചയങ്ങൾ പൂർത്തീകരിക്കാനുള്ള പ്രചോദനമാണു ലചിത് ബർഫുകനെപ്പോലെയുള്ള ഭാരതമാതാവിന്റെ അനശ്വര പുത്രന്മാർ. അവർ നമ്മുടെ ചരിത്രത്തിന്റെ സ്വത്വവും മഹത്വവും നമുക്കു പരിചിതമാക്കുകയും രാഷ്ട്രത്തിനായി സ്വയംസമർപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
“ആയിരം വർഷം പഴക്കമുള്ള മനുഷ്യരുടെ നിലനിൽപ്പിന്റെ ചരിത്രത്തിൽ“, ഭൂമിയിൽ നിരവധി നാഗരികതകൾ ഉണ്ടായിരുന്നുവെന്നും, പലതും ശാശ്വതമായി തോന്നിയെങ്കിലും കാലചക്രം അവരെ മുട്ടുകുത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റു നാഗരികതകളും ഇന്ത്യയും തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അത്തരം നാഗരികതകളുടെ അവശിഷ്ടങ്ങളെ അടിസ്ഥാനമാക്കിയാണു ലോകം ഇന്നു ചരിത്രത്തെ വിലയിരുത്തുന്നതെന്നു വ്യക്തമാക്കി. എന്നാൽ, ചരിത്രത്തിൽ അപ്രതീക്ഷിത പ്രതികൂലസാഹചര്യങ്ങൾ നേരിടുകയും വിദേശ ആക്രമണകാരികളുടെ സങ്കൽപ്പിക്കാൻപോലുമാകാത്ത ഭീകരതയെ അതിജീവിക്കുകയും ചെയ്ത ഇന്ത്യ ഇപ്പോഴും അത ഊർജത്തോടും ബോധത്തോടുമൊപ്പം അനശ്വരമായി നിലകൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധികൾ ഉണ്ടാകുമ്പോഴെല്ലാം അതിനെ നേരിടാൻ കഴിയുന്ന വ്യക്തിത്വങ്ങൾ ഉയർന്നുവന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഓരോ യുഗങ്ങളിൽ, ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ സ്വത്വം സംരക്ഷിക്കാൻ സന്ന്യാസിമാരും പണ്ഡിതരുമെത്തി. മതഭ്രാന്തിന്റെയും ഭീകരതയുടെയും ശക്തികൾ നശിക്കുമ്പോഴും ഇന്ത്യൻ ജീവിതത്തിന്റെ അനശ്വരമായ വെളിച്ചം ശാശ്വതമായി നിലനിൽക്കുമെന്നു ലചിത് ബർഫുകനെപ്പോലുള്ള ധീരർ കാണിച്ചുതന്നു- പ്രധാനമന്ത്രി പറഞ്ഞു.
അസമിന്റെ ചരിത്രത്തിലേക്കു വെളിച്ചംവീശി, ഇന്ത്യയുടെ സാംസ്കാരികയാത്രയുടെ വിലയേറിയ പൈതൃകത്തിൽപെട്ടതാണ് അസമെന്നു പ്രധാനമന്ത്രി പറഞ്ഞു. ചിന്തയുടെയും പ്രത്യയശാസ്ത്രത്തിന്റെയും സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും വിശ്വാസങ്ങളുടെയും പാരമ്പര്യങ്ങളുടെയും സമന്വയമാണിത്. അസമിന്റെയും വടക്കുകിഴക്കൻ പ്രദേശത്തിന്റെയും സമാനതകളില്ലാത്ത ധീരതയെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, തുർക്കികളെയും അഫ്ഗാനികളെയും മുഗളരെയും പല അവസരങ്ങളിലും ആട്ടിയോടിക്കുന്നതു രാജ്യത്തെ ജനങ്ങൾ കണ്ടിട്ടുണ്ടെന്നു വ്യക്തമാക്കി. മുഗളർ ഗുവാഹത്തി പിടിച്ചടക്കിയെങ്കിലും, മുഗൾ സാമ്രാജ്യത്തിലെ സ്വേച്ഛാധിപത്യ ഭരണാധികാരികളുടെ പിടിയിൽനിന്നു ലചിത് ബർഫുകനെപ്പോലുള്ള ധീരർ സ്വാതന്ത്ര്യംനേടി. സരായ്ഘാട്ടിൽ വീരനായ ലചിത് ബർഫുകാൻ കാണിച്ച ധീരത മാതൃരാജ്യത്തോടുള്ള സമാനതകളില്ലാത്ത സ്നേഹത്തിന്റെ ഉദാഹരണമാണ്. മാത്രമല്ല, ആവശ്യമെങ്കിൽ മാതൃരാജ്യത്തെ സംരക്ഷിക്കാൻ, ഓരോ പൗരനും സജ്ജമായിരുന്ന, അസം പ്രദേശത്തെ മുഴുവൻ ഒന്നിപ്പിക്കാനുള്ള ശക്തിയും അദ്ദേഹത്തിനുണ്ടായിരുന്നു. “ലചിത് ബർഫുകന്റെ ധീരതയും നിർഭയത്വവുമാണ് അസമിന്റെ വ്യക്തിത്വം”- പ്രധാനമന്ത്രി പറഞ്ഞു.
“അടിമത്തം മാത്രമല്ല ഇന്ത്യയുടെ ചരിത്രം”- പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയുടെ ചരിത്രം ഉദിച്ചുയർന്ന വിജയങ്ങളിലാണ്; എണ്ണമറ്റ മഹാരഥരുടെ വീര്യങ്ങളിലാണ്”. അഭൂതപൂർവമായ വീര്യത്തോടും ധൈര്യത്തോടുംകൂടി സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊണ്ടതാണ് ഇന്ത്യയുടെ ചരിത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “നിർഭാഗ്യവശാൽ, അടിമത്തത്തിന്റെ കാലത്തു ഗൂഢാലോചനയുടെപേരിൽ എഴുതപ്പെട്ട അതേ ചരിത്രമാണു സ്വാതന്ത്ര്യത്തിനുശേഷവും നമ്മെ പഠിപ്പിച്ചത്. സ്വാതന്ത്ര്യാനന്തരം, നമ്മെ അടിമകളാക്കിയ വിദേശികളുടെ അജണ്ട മാറ്റിയെഴുതേണ്ടത് ആവശ്യമായിരുന്നു, എന്നാൽ അതു നടന്നില്ല”- അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സ്വേച്ഛാധിപത്യത്തിനെതിരെയുണ്ടായ ശക്തമായ ചെറുത്തുനിൽപ്പിന്റെ കഥകൾ മനഃപൂർവ്വം അടിച്ചമർത്തപ്പെട്ടു. “ദീർഘമായ അടിച്ചമർത്തൽ കാലഘട്ടത്തിൽ സ്വേച്ഛാധിപത്യത്തിനെതിരായ വിജയത്തിന്റെ എണ്ണമറ്റ കഥകളുണ്ട്. അവ മുഖ്യധാരയിൽ നൽകാതിരുന്നതിന്റെ തെറ്റ് ഇപ്പോൾ തിരുത്തപ്പെടുകയാണ്”- പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ ഈ പരിപാടി നടക്കുന്നത് ആ മാറ്റത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വീരന്മാരുടെ പൈതൃകം ആഘോഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതിന് അസം ഗവണ്മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. അസമിലെ ധീരരെ ആദരിക്കുന്നതിനായുള്ള മ്യൂസിയം, സ്മാരകം തുടങ്ങിയ പദ്ധതികൾ അദ്ദേഹം പരാമർശിച്ചു. ത്യാഗത്തിന്റെയും ധീരതയുടെയും ചരിത്രം അറിയാൻ ഇത്തരം നടപടികൾ യുവതലമുറയെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യം ആദ്യം’ എന്ന തത്വത്തിൽ ജീവിക്കാൻ ലചിത് ബർഫുകന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. സ്വന്തംകാര്യമെന്ന നിലയിൽനിന്ന് ഉയർന്നുവരാനും ദേശീയ താൽപ്പര്യത്തിന് ഏറ്റവും ഉയർന്ന പരിഗണന നൽകാനും അദ്ദേഹത്തിന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നു. സ്വജനപക്ഷപാതത്തിനും കുടുംബവാഴ്ചയ്ക്കും പകരം രാജ്യമാകണം പരമോന്നതമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. വീരനായ ലചിത് ബർഫുകന്റെ ജീവിതം ഉദാഹരണമാക്കി പ്രധാനമന്ത്രി പറഞ്ഞു: “ഒരുവ്യക്തിയോ ബന്ധമോ രാജ്യത്തിനു മേലെയല്ല”.
ഒരു രാഷ്ട്രത്തിന് അതിന്റെ യഥാർഥ ഭൂതകാലം അറിയാനായാൽ മാത്രമേ, അനുഭവങ്ങളിൽനിന്നു പാഠം ഉൾക്കൊണ്ട് ഭാവിയിൽ ശരിയായ ദിശയിലേക്കു മുന്നേറാൻ കഴിയൂ എന്നു പ്രധാനമന്ത്രി വ്യക്തമാക്കി. “നമ്മുടെ ചരിത്രബോധം ഏതാനും ദശാബ്ദങ്ങളിലും നൂറ്റാണ്ടുകളിലും ഒതുങ്ങാതിരിക്കേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്”- അദ്ദേഹം പറഞ്ഞു. ആവർത്തിച്ച് ഓർമിച്ചാൽ മാത്രമേ വരും തലമുറയ്ക്കു ചരിത്രത്തിന്റെ ശരിയായ ചിത്രം നൽകാൻ കഴിയൂ- ഭാരതരത്ന ഭൂപൻ ഹസാരികയുടെ വരികൾ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു.
ഛത്രപതി ശിവാജി മഹാരാജിന്റെ മാതൃകയിൽ ലചിത് ബർഫുകനെക്കുറിച്ചു വലിയ നാടകമൊരുക്കാനും അതു രാജ്യത്തിന്റെ എല്ലാ കോണുകളിലും അവതരിപ്പിക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. ഇത് ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന പ്രമേയത്തിനു വലിയ ഉത്തേജനമേകും. “നമുക്ക് ഇന്ത്യയെ വികസിതമാക്കുകയും വടക്കുകിഴക്കിനെ ഇന്ത്യയുടെ വളർച്ചയുടെ കേന്ദ്രമാക്കുകയും വേണം. വീരനായ ലചിത് ബർഫുകന്റെ 400-ാം ജയന്തിയുടെ സത്ത നമ്മുടെ ദൃഢനിശ്ചയത്തിനു ശക്തി പകരുമെന്നും രാഷ്ട്രം അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുമെന്നും എനിക്കുറപ്പുണ്ട്”- പ്രധാനമന്ത്രി ഉപസംഹരിച്ചു.
വിജ്ഞാൻ ഭവന്റെ പടിഞ്ഞാറേമുറ്റത്തുള്ള ഗ്രാമീണ അസമിന്റെ സജ്ജീകരണങ്ങൾ വീക്ഷിച്ച പ്രധാനമന്ത്രി ചരിത്രദർശനങ്ങൾ ഉൾക്കൊള്ളുന്ന പ്രദർശനം സന്ദർശിക്കുകയുംചെയ്തു. തുടർന്ന്, ദീപംതെളിച്ച പ്രധാനമന്ത്രി ലചിത് ബർഫുകന്റെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
അസം ഗവർണർ പ്രൊഫ. ജഗദീഷ് മുഖി, മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ, കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, പാർലമെന്റ് അംഗങ്ങൾ, ജസ്റ്റിസ് (റിട്ട.) രഞ്ജൻ ഗൊഗോയ്, ശ്രീ ടോപോൺ കുമാർ ഗൊഗോയ്, അസം മന്ത്രിസഭാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
പശ്ചാത്തലം:
വാഴ്ത്തപ്പെടാത്ത ധീരതെ ഉചിതമായ രീതിയിൽ ആദരിക്കുന്നതിനു പ്രധാനമന്ത്രിയുടെ നിരന്തരമായി പരിശ്രമിക്കുന്നു. അതിന്റെ ഭാഗമായാണു രാജ്യം 2022 ലചിത് ബർഫുകന്റെ 400-ാം ജന്മവാർഷികം ആഘോഷിച്ചത്. ഈ വർഷം ഫെബ്രുവരിയിൽ അന്നത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദാണു ഗുവാഹത്തിയിൽ ആഘോഷങ്ങൾ ഉദ്ഘാടനംചെയ്തത്.
മുഗളരെ പരാജയപ്പെടുത്തുകയും ഔറംഗസേബിന്റെ കീഴിലുള്ള മുഗളരുടെ വിപുലീകരണമോഹങ്ങളെ വിജയകരമായി തടയുകയും ചെയ്ത അസമിലെ അഹോം രാജ്യത്തിന്റെ രാജസൈന്യത്തിന്റെ പ്രശസ്തനായ ജനറലായിരുന്നു ലചിത് ബർഫുകൻ (നവംബർ 24, 1622 - ഏപ്രിൽ 25, 1672). 1671-ൽ നടന്ന സരായ്ഘാട്ട് യുദ്ധത്തിൽ ലചിത് ബർഫുകാൻ അസം സൈനികർക്കു പ്രചോദനമേകി, മുഗളരുടെ ദയനീയ പരാജയം ഉറപ്പാക്കി. ലചിത് ബർഫുകന്റെയും സൈന്യത്തിന്റെയും വീരോചിത പോരാട്ടം നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രചോദനാത്മകമായ ചെറുത്തുനിൽപ്പിന്റെ സൈനിക നേട്ടമായി തുടരുന്നു.
PM @narendramodi begins his speech by bowing to the great land of Assam. pic.twitter.com/rCgewISras
— PMO India (@PMOIndia) November 25, 2022
India is celebrating the 400th birth anniversary of Lachit Borphukan at a time when the country is marking 'Azadi Ka Amrit Mahotsav.' pic.twitter.com/vrRP15l3Ej
— PMO India (@PMOIndia) November 25, 2022
Saints and seers have guided our nation since time immemorial. pic.twitter.com/40cuMiZWzc
— PMO India (@PMOIndia) November 25, 2022
The history of India is about emerging victorious, it is about the valour of countless greats. pic.twitter.com/pG58Mn7CZ0
— PMO India (@PMOIndia) November 25, 2022
Countless greats fought the evil forces but unfortunately their valour wasn't recognised. pic.twitter.com/ZhNY88JO0Q
— PMO India (@PMOIndia) November 25, 2022
Lachit Borphukan's life inspires us to live the mantra of 'Nation First.' pic.twitter.com/nsSfwcR6VT
— PMO India (@PMOIndia) November 25, 2022