പിഎം കിസാൻ പദ്ധതിയുടെ 17-ാം ഗഡുവായി 20,000 കോടിയിലധികം രൂപ വിതരണം ചെയ്തു
സ്വയംസഹായസംഘങ്ങളിലെ 30,000-ത്തിലധികം സ്ത്രീകൾക്ക് കൃഷിസഖികളായി സർട്ടിഫിക്കറ്റ് നൽകി
"തുടർച്ചയായ മൂന്നാം തവണയും എന്നെ പ്രതിനിധിയായി തെരഞ്ഞെടുത്ത് കാശിയിലെ ജനങ്ങൾ എന്നെ അനുഗ്രഹിച്ചു"
"തെരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ് തുടർച്ചയായി മൂന്നാം തവണയും അധികാരത്തിൽ വരുന്നത് ലോകത്തിലെ ജനാധിപത്യ രാജ്യങ്ങളിൽ അപൂർവമായി മാത്രമേ കാണാനാകൂ"
"ഇന്ത്യയെ 21-ാം നൂറ്റാണ്ടിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ കാർഷിക സമ്പ്രദായത്തിനാകെ വലിയ പങ്കുണ്ട്"
"പിഎം കിസാൻ സമ്മാൻ നിധി ലോകത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയായി ഉയർന്നു"
"പിഎം കിസാൻ സമ്മാൻ നിധി അർഹരായ ഗുണഭോക്താവിലേക്ക് എത്തിച്ചേരാൻ സാങ്കേതികവിദ്യ ശരിയായി ഉപയോഗിച്ചതിൽ ഞാൻ സന്തുഷ്ടനാണ്"
"ലോകത്തിലെ എല്ലാ തീൻമേശകളിലും ഇന്ത്യയിൽ നിന്നുള്ള ഏതെങ്കിലും ഭക്ഷ്യധാന്യമോ ഭക്ഷ്യ ഉൽപ്പന്നമോ ഉണ്ടായിരിക്കണം എന്നതാണ് എന്റെ സ്വപ്നം"
"അമ്മമാരും സഹോദരിമാരും ഇല്ലാതെയുള്ള കൃഷി സങ്കൽപ്പിക്കാൻ പോലും കഴിയില്ല"
"ബനാസ് ഡയറിയുടെ വരവിനുശേഷം, ബനാറസിലെ പാൽ ഉൽപ്പാദകരിൽ പലരുടെയും വരുമാനം 5 ലക്ഷം രൂപ വരെ വർധിച്ചു"
"നഗരവികസനത്തിന്റെ പുതിയ അധ്യായം രചിക്കാൻ ഈ പൈതൃക നഗരത്തിന് കഴിയുമെന്ന് കാശി ലോകത്തിനാകെ കാട്ടിക്കൊടുത്തു"

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ നടന്ന കിസാൻ സമ്മാൻ സമ്മേളനത്തെ അഭിസംബോധന ചെയ്തു. 9.26 കോടി ഗുണഭോക്തൃ കർഷകർക്ക് 20,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) 17-ാം ഗഡു അദ്ദേഹം വിതരണം ചെയ്തു. പരിപാടിയിൽ, സ്വയം സഹായ സംഘങ്ങളിലെ (എസ്എച്ച്ജി) 30,000-ത്തിലധികം സ്ത്രീകൾക്ക് അദ്ദേഹം കൃഷിസഖി സർട്ടിഫിക്കറ്റും നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരെ സാങ്കേതിക വിദ്യയിലൂടെ പരിപാടിയുമായി കൂട്ടിയിണക്കി.

സദസിനെ അഭിസംബോധന ചെയ്യവേ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽനിന്നു വിജയിച്ചതിനുശേഷമുള്ള തന്റെ ആദ്യ സന്ദർശനവേളയിൽ കാശിയിലെ ജനങ്ങളെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. തുടർച്ചയായി മൂന്നാം തവണയും തന്നെ തെരഞ്ഞെടുത്തതിന് അദ്ദേഹം നന്ദി പറഞ്ഞു. “ഇപ്പോൾ ഗംഗാമാതാവുപോലും എന്നെ ദത്തെടുത്തതായി തോന്നുന്നു, ഞാൻ കാശി നിവാസിയായി മാറി”- പ്രധാനമന്ത്രി മോദി നന്ദിപൂർവം പറഞ്ഞു.

 

പതിനെട്ടാം ലോക്‌സഭയിലേക്ക് അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിശാലത, കഴിവുകൾ, സമഗ്രത, വേരുകൾ എന്നിവയുടെ പ്രതീകമാണെന്നും അതു ലോകത്തിനു മുന്നിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി അടിവരയിട്ടു. ഈ തെരഞ്ഞെടുപ്പുകളിൽ 64 കോടിയിലധികം പേർ വോട്ടു ചെയ്തുവെന്നു ചൂണ്ടിക്കാട്ടി, പൗരന്മാരുടെ ഇത്രയധികം പങ്കാളിത്തത്തിനു സാക്ഷ്യം വഹിക്കുന്ന ഇത്രയും വലിയ തെരഞ്ഞെടുപ്പ് മറ്റൊരിടത്തും നടക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ ഇറ്റലിയിൽ നടന്ന ജി-7 ഉച്ചകോടിയിൽ പങ്കെടുത്തത് അനുസ്മരിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം ജി-7 രാജ്യങ്ങളിലെയാകെ വോട്ടർമാരുടെ എണ്ണത്തേക്കാൾ ഒന്നര മടങ്ങു കൂടുതലാണെന്നും യൂറോപ്യൻ യൂണിയനിലെ എല്ലാ അംഗരാജ്യങ്ങളിലെയും വോട്ടർമാരുടെ എണ്ണത്തേക്കാൾ രണ്ടര ഇരട്ടിയിലേറെയാണെന്നും ചൂണ്ടിക്കാട്ടി. 31 കോടിയിലധികം വരുന്ന വനിതാവോട്ടർമാരുടെ വലിയ പങ്കാളിത്തം ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി മോദി, ഒരു രാജ്യത്ത് ലോകത്തിലെ ഏറ്റവും ഉയർന്ന എണ്ണം വനിതാ വോട്ടർമാർ ഇന്ത്യയിലാണെന്നും പറഞ്ഞു. ഇത് അമേരിക്കയിലെ മുഴുവൻ ജനസംഖ്യക്ക് അടുത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും ലോകത്തെ മുഴുവൻ ആകർഷിക്കുക മാത്രമല്ല; സ്വാധീനിക്കുകയും ചെയ്യുന്നു"- ശ്രീ മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കെടുത്തു വൻ വിജയമാക്കിയതിനു വാരാണസിയിലെ ജനങ്ങൾക്കു നന്ദി അറിയിക്കാനും പ്രധാനമന്ത്രി ഈ അവസരം വിനിയോഗിച്ചു. വാരാണസിയിലെ ജനങ്ങൾ പാർലമെന്റ് അംഗത്തെ മാത്രമല്ല, പ്രധാനമന്ത്രിയെത്തന്നെയാണു തെരഞ്ഞെടുത്തത് എന്ന് നന്ദി അറിയിച്ചു പ്രധാനമന്ത്രി മോദി പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിനെ മൂന്നാം തവണയും അധികാരത്തിലെത്തിച്ച തെരഞ്ഞെടുപ്പു ജനവിധി ‘അഭൂതപൂർവം’ എന്നു വിശേഷിപ്പിച്ച പ്രധാനമന്ത്രി, ആഗോള ജനാധിപത്യ രാജ്യങ്ങൾക്കിടയിൽ ഇതൊരു അപൂർവ നേട്ടമാണെന്ന് പറഞ്ഞു. “ഇത്തരത്തിലുള്ള ഹാട്രിക് 60 വർഷത്തിനുമുമ്പാണ് ഇന്ത്യയിൽ സംഭവിച്ചത്” - പ്രധാനമന്ത്രി പറഞ്ഞു, “ഇന്ത്യയെപ്പോലെ യുവാക്കളുടെ അഭിലാഷങ്ങൾ വളരെ ഉയർന്ന ഒരു രാജ്യത്ത്, 10 വർഷത്തെ ഭരണത്തിനുശേഷവും ഒരു ഗവണ്മെന്റ് അധികാരത്തിൽ തിരിച്ചെത്തിയാൽ, അത് വലിയ വിജയവും വിശ്വാസത്തിന്റെ വലിയ അടയാളവുമാണ്. നിങ്ങളുടെ ഈ വിശ്വാസമാണ് എന്റെ ഏറ്റവും വലിയ മൂലധനം. രാജ്യത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ ഇതെന്നെ ഊർജസ്വലനാക്കുന്നു.”- അദ്ദേഹം പറഞ്ഞു.

 

വികസിത ഇന്ത്യയുടെ നെടുംതൂണുകളായി കർഷകർ, സ്ത്രീശക്തി, യുവാക്കൾ, ദരിദ്രർ എന്നിവർക്ക് താൻ നൽകുന്ന പ്രാധാന്യം ആവർത്തിച്ച പ്രധാനമന്ത്രി, രൂപവൽക്കരണത്തിനുശേഷമുള്ള ഗവണ്മെന്റിന്റെ ആദ്യ തീരുമാനം കർഷകരെയും ദരിദ്ര കുടുംബങ്ങളെയും കുറിച്ചുള്ളതാണെന്ന് അനുസ്മരിച്ചു. പിഎം ആവാസ് യോജനയ്ക്കു കീഴിൽ അധികമായി വരുന്ന 3 കോടി കുടുംബങ്ങളെയോ പിഎം കിസാൻ സമ്മാൻ നിധി ഗഡു വിതരണമോ സംബന്ധിച്ച ഈ തീരുമാനങ്ങൾ കോടിക്കണക്കിനു ജനങ്ങൾക്കു സഹായകമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വേദിയിൽ സന്നിഹിതരായ കർഷകരെയും സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിപാടിയിൽ പങ്കെടുത്തവരെയും പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. കോടിക്കണക്കിന് കർഷകരുടെ അക്കൗണ്ടിൽ 20,000 കോടി രൂപ നിക്ഷേപിച്ചതായും അദ്ദേഹം പരാമർശിച്ചു. 3 കോടി ‘ലഖ്പതി ദീദികളെ’ സൃഷ്ടിക്കുന്നതിനുള്ള കരുത്തുറ്റ ചുവടുവയ്പ്പാണു കൃഷിസഖി സംരംഭമെന്നും അദ്ദേഹം പറഞ്ഞു. ഈ സംരംഭം ഗുണഭോക്താക്കളായ സ്ത്രീകൾക്ക് അന്തസും വരുമാന സ്രോതസ്സും ഉറപ്പാക്കും- പ്രധാനമന്ത്രി പറഞ്ഞു.

"പിഎം കിസാൻ സമ്മാൻ നിധി ലോകത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പദ്ധതിയായി ഉയർന്നു"- കോടിക്കണക്കിന് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 3.25 ലക്ഷം കോടിയിലധികം രൂപ കൈമാറിയിട്ടുണ്ടെന്നും വാരാണസിയിലെ കുടുംബങ്ങൾക്കു മാത്രം 700 കോടി രൂപ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അർഹരായ ഗുണഭോക്താക്കളിലേക്ക് ആനുകൂല്യങ്ങൾ എത്തിക്കുന്നതിൽ സാങ്കേതികവിദ്യയുടെ ഉപയോഗത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി, പിഎം കിസാൻ പദ്ധതിക്കു കീഴിൽ ഒരു കോടിയിലധികം കർഷകരെ രജിസ്റ്റർ ചെയ്യാൻ പ്രാപ്തമാക്കിയ ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യെ പ്രശംസിക്കുകയും ചെയ്തു. പ്രവേശനക്ഷമത വർധിപ്പിക്കുന്നതിനായി നിയമങ്ങളും നിയന്ത്രണങ്ങളും ലളിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഉദ്ദേശ്യവും വിശ്വാസവും ശരിയായ സ്ഥലത്തായിരിക്കുമ്പോൾ കർഷകക്ഷേമവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അതിവേഗം നടക്കുന്നു"- ശ്രീ മോദി കൂട്ടിച്ചേർത്തു.

 

ഇന്ത്യയെ 21-ാം നൂറ്റാണ്ടില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയാക്കി മാറ്റുന്നതില്‍ കാര്‍ഷിക ആവാസവ്യവസ്ഥയുടെ പങ്കിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി, ആഗോളവീക്ഷണത്തിന്റെയും പയര്‍വര്‍ഗ്ഗങ്ങളിലും എണ്ണക്കുരുക്കളിലും സ്വാശ്രയത്വത്തിന്റെയും അടിയന്തര ആവശ്യകത ഊന്നിപ്പറഞ്ഞു. ഒരു പ്രമുഖ കാര്‍ഷിക കയറ്റുമതിക്കാരനാകേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ഈ മേഖലയില്‍ നിന്നുള്ള പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണി കണ്ടെത്തുന്നുണ്ടെന്നും എല്ലാ ജില്ലകളിലേയും ഒരു ജില്ല ഒരു ഉല്‍പ്പന്ന പദ്ധതിയിലൂടെയും കയറ്റുമതി ഹബ്ബുകളിലൂടെയും കയറ്റുമതിക്ക് പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ''ലോകമെമ്പാടുമുള്ള എല്ലാ തീന്‍മേശകളിലും കുറഞ്ഞത് ഒരു ഇന്ത്യന്‍ ഭക്ഷ്യ ഉല്‍പ്പന്നമെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് എന്റെ സ്വപ്‌നം'', കാര്‍ഷിക മേഖലയിലും സീറോ ഡിഫെക്റ്റ്-സീറോ ഇഫക്റ്റ് മന്ത്രം ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിസാന്‍ സമിദ്ധി കേന്ദ്രങ്ങളിലൂടെ ചെറുധാന്യങ്ങള്‍, ഔഷധ ഉല്‍പ്പന്നങ്ങള്‍, പ്രകൃതി കൃഷി എന്നിവയെ പിന്തുണയ്ക്കുന്നതിനായി ഒരു വലിയ ശൃംഖല സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വന്‍തോതിലെ സ്ത്രീകളുടെ സാന്നിദ്ധ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, കൃഷിയിലെ അവരുടെ പ്രാധാന്യത്തിനും പിന്തുണയ്ക്കും അടിവരയിടുകയും അവരുടെ സംഭാവനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കൃഷിയുടെ വ്യാപ്തി വിപുലീകരിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ഡ്രോണ്‍ ദീദി പരിപാടിക്ക് സമാനമായി ഈ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണ് കൃഷി സഖി പരിപാടിയെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആശാ വര്‍ക്കര്‍മാര്‍, ബാങ്ക് സഖികള്‍ എന്നീ നിലകളിലെ സ്ത്രീകളുടെ സംഭാവനയ്ക്ക് അടിവരയിട്ട പ്രധാനമന്ത്രി, കൃഷി സഖികള്‍ എന്ന നിലയിലെ അവരുടെ കഴിവുകള്‍ക്ക് രാജ്യം ഇനി സാക്ഷ്യം വഹിക്കുമെന്നും പറഞ്ഞു. 30,000-ത്തിലധികം കൃഷി സഖിസര്‍ട്ടിഫിക്കറ്റുകള്‍ സ്വാശ്രയ സംഘങ്ങള്‍ക്ക് നല്‍കുന്ന കാര്യം പരാമര്‍ശിച്ച പ്രധാനമന്ത്രി മോദി, നിലവില്‍ 11 സംസ്ഥാനങ്ങളില്‍ നടക്കുന്ന പദ്ധതി രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് സ്വാശ്രയ സംഘങ്ങളുമായി ബന്ധിപ്പിക്കുമെന്നും 3 കോടി ലക്ഷാധിപതി ദിദികളെ സൃഷ്ടിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നും അറിയിച്ചു.
കാശിയിലെയും പൂര്‍വാഞ്ചലിലെയും കര്‍ഷകരോടുള്ള കേന്ദ്രത്തിന്റെയും സംസ്ഥാന ഗവണ്‍മെന്റിന്റെയും കൂറ് എടുത്തുപറഞ്ഞ പ്രധാനമന്ത്രി ബനാസ് ഡയറി സങ്കുല്‍, വേഗത്തില്‍ നശിച്ചുപോകുന്നവയ്ക്കുവേണ്ടിയുള്ള ചരക്ക് കേന്ദ്രം, സംയോജിത പാക്കേജിംഗ് ഹൗസ് എന്നിവയെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു. ''ബനാറസിലെയും പരിസരങ്ങളിലെയും കര്‍ഷകരുടെയും കന്നുകാലി വളര്‍ത്തുന്നവരുടെയും ഭാഗ്യം ബനാസ് ഡയറി മാറ്റിമറിച്ചു. ഇന്ന് ഈ ക്ഷീരസംഘം പ്രതിദിനം 3 ലക്ഷം ലിറ്റര്‍ പാലാണ് ശേഖരിക്കുന്നത്. ബനാറസിലെ മാത്രം 14,000-ലധികം പശുപരിപാലന കുടുംബങ്ങളാണ് ഈ ഡയറിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ കാശിയില്‍ നിന്നുള്ള 16,000 കന്നുകാലി പരിപാലകരെക്കൂടി കൂട്ടിചേര്‍ക്കാന്‍ ബനാസ് ഡയറി ഒരുങ്ങുകയാണ്. ബനാസ് ഡയറിയുടെ വരവിനു ശേഷം ബനാറസിലെ പല പാലുല്‍പ്പാദകരുടെയും വരുമാനം 5 ലക്ഷം രൂപ വരെയായി വര്‍ദ്ധിച്ചിട്ടുണ്ട്'' പ്രധാനമന്ത്രി പറഞ്ഞു.
 

മത്സ്യകര്‍ഷകരുടെ വരുമാനം മെച്ചപ്പെടുത്തുന്നതിനായി ഗവണ്‍മെന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജനയെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ നേട്ടങ്ങളെയും കുറിച്ച് പരാമര്‍ശിച്ചു. വാരണാസിയില്‍ മത്സ്യകൃഷി നടത്തുന്നവരെ സഹായിക്കുന്നതിനായി ചന്ദൗലിയില്‍ 70 കോടി രൂപ ചെലവില്‍ ആധുനിക മത്സ്യ മാര്‍ക്കറ്റ് നിര്‍മ്മിക്കുന്നതിനെക്കുറിച്ചും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജിലി യോജന വാരണാസിയില്‍ പുരോഗമിക്കുന്നതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ഏകദേശം 40,000 തദ്ദേശവാസികള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 2,500 വീടുകള്‍ക്ക് ഇതിനകം സോളാര്‍ പാനലുകള്‍ ലഭിച്ചുവെന്നും 3,000 വീടുകളുടെ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. വൈദ്യുതി ബില്ല് ശൂന്യമാക്കുകയും ഗുണഭോക്താക്കള്‍ക്ക് അധിക വരുമാനവും നല്‍കികൊണ്ട് ഇത് ഇരട്ട ആനുകൂല്യം ലഭ്യമാക്കുന്നു.
വാരാണസിയിലും സമീപ ഗ്രാമങ്ങളിലും ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ 10 വര്‍ഷമായി നടത്തിയ പ്രവര്‍ത്തനങ്ങളെ സ്പര്‍ശിച്ച പ്രധാനമന്ത്രി, അവസാനഘട്ടത്തിലെത്തിയ രാജ്യത്തെ ആദ്യത്തേതായ വരാണസിയിലെ സിറ്റി റോപ്പ്വേ പദ്ധതി, ഗാസിപൂര്‍, അസംഗഡ്, ജൗന്‍പൂര്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റിങ് റോഡ്, പൂര്‍ത്തീകരണം, ഫുല്‍വാരിയ, ചൗകാഘട്ട് എന്നിവിടങ്ങളിലെ മേല്‍പ്പാലങ്ങള്‍, കാശി, വാരണാസി, കാന്റ് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് നല്‍കിയ പുതിയ രൂപം, വ്യോമഗതാഗതവും വ്യാപാരവും സുഗമമാക്കാന്‍ സഹായിക്കുന്ന ബാബത്പൂര്‍ വിമാനത്താവളം, ഗംഗാഘട്ടിലൂടെയുള്ള വികസനം, ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പുതിയ സൗകര്യങ്ങള്‍, നഗരത്തിലെ നവീകരിച്ച കുണ്ഡുകള്‍, വാരാണസിയിലെ വിവിധ സ്ഥലങ്ങളില്‍ വികസിപ്പിക്കുന്ന പുതിയ സംവിധാനങ്ങള്‍.എന്നിവയെ കുറിച്ച് പരാമര്‍ശിച്ചു. കാശിയിലെ കായിക അടിസ്ഥാന സൗകര്യ വികസനവും പുതിയ സ്‌റ്റേഡിയവും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അറിവിന്റെ തലസ്ഥാനമെന്ന നിലയിലുള്ള കാശിയുടെ ഖ്യാതി അനുസ്മരിച്ച പ്രധാനമന്ത്രി, ഒരു പൈതൃക നഗരത്തിന് എങ്ങനെ നഗരവികസനത്തിന്റെ പുതിയ ഗാഥ രചിക്കാമെന്ന് ലോകത്തെ മുഴുവന്‍ പഠിപ്പിച്ച നഗരമായി പുരാതന നഗരം മാറിയതിനെ പ്രശംസിച്ചു. ''വികസനത്തിന്റെയും പൈതൃകത്തിന്റെയും മന്ത്രം കാശിയില്‍ എല്ലായിടത്തും ദൃശ്യമാണ്. ഈ വികസനം കാശിക്ക് മാത്രമല്ല ഗുണം ചെയ്യുന്നത്. തങ്ങളുടെ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി കാശിയിലെത്തുന്ന പൂര്‍വാഞ്ചലിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ധാരാളം സഹായം ലഭിക്കുന്നു'', പ്രധാനമന്ത്രി പറഞ്ഞു. ബാബ വിശ്വനാഥന്റെ അനുഗ്രഹത്താല്‍ കാശിയുടെ വികസനത്തിന്റെ ഈ നവഗാഥ തടസ്സമില്ലാതെ തുടരും, ശ്രീ മോദി ഉപസംഹരിച്ചു.
 

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍, ശ്രീമതി ആനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി, ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, കേന്ദ്ര കൃഷി, കര്‍ഷക ക്ഷേമ സഹമന്ത്രി ശ്രീ ഭഗീരഥ് ചൗധരി, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ, ശ്രീ ബ്രജേഷ് പഥക് എന്നിവരും ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാരും മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം, കര്‍ഷക ക്ഷേമത്തിനായുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത പ്രതിഫലിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി കിസാന്‍ നിധിയുടെ 17-ാം ഗഡു വിതരണം ചെയ്യുന്നതിന് അനുമതി നല്‍കുന്ന ഫയലിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി ഒപ്പുവച്ചത്. ഈ പ്രതിജ്ഞാബദ്ധതയുടെ തുടര്‍ച്ചയായി, പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് (പിഎം-കിസാന്‍) കീഴിലുള്ള 9.26 കോടി ഗുണഭോക്താക്കള്‍ക്ക് 17-ാം ഗഡു നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ നല്‍കുന്നതിനായി 20,000 കോടി രൂപയിലധികം പ്രധാനമന്ത്രി അനുവദിച്ചു. യോഗ്യരായ 11 കോടിയിലധികം കര്‍ഷക കുടുംബങ്ങള്‍ക്ക് പിഎം-കിസാന് കീഴില്‍ ഇതുവരെ, 3.04 ലക്ഷം കോടി രൂപയിലധികം ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

സ്വയം സഹായ സംഘങ്ങളിലെ (എസ്.എച്ച്.ജി) 30,000-ത്തിലധികം സ്ത്രീകള്‍ക്ക് കൃഷി സഖികള്‍ എന്ന സര്‍ട്ടിഫിക്കറ്റും പ്രധാനമന്ത്രി വിതരണം ചെയ്തു. പാരാ എക്‌സ്റ്റന്‍ഷന്‍ വര്‍ക്കേഴ്സ് എന്ന നിലയില്‍ പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്‍കിക്കൊണ്ട് ഗ്രാമീണ സ്ത്രീകളെ കൃഷി സഖിയായി ശാക്തീകരിക്കുന്നതിലൂടെ ഗ്രാമീണ ഇന്ത്യയെ മാറ്റുകയാണ് കൃഷി സഖി കണ്‍വേര്‍ജന്‍സ് പ്രോഗ്രാം (കെ.എസ്.സി.പി) ലക്ഷ്യമിടുന്നത്. ലഖ്പതി ദീദി പരിപാടിയുടെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Ayushman driving big gains in cancer treatment: Lancet

Media Coverage

Ayushman driving big gains in cancer treatment: Lancet
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi meets Chief Minister of Odisha
December 23, 2024

The Prime Minister, Shri Narendra Modi, met today Chief Minister of Odisha, Shri Mohan Charan Majhi.

The Prime Minister's Office posted on X:
"Chief Minister of Odisha, Shri Mohan Charan Majhi, met Prime Minister @narendramodi