ഉത്തര്‍പ്രദേശില്‍ കാശിയിലെ ഗംഗാ പുഷ്‌കരലു ഉത്സവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
ഗംഗാ പുഷ്‌കരലു ഉത്സവത്തിന് തന്റെ ആശംസകള്‍ അറിയിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി എല്ലാവരേയും ഊഷ്മളമായി സ്വാഗതം ചെയ്യുകയും ചെയ്തു. ഇവിടെ സന്നിഹിതരായിരിക്കുന്നവരെല്ലാം തന്റെ വ്യക്തിപരമായ അതിഥികളാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തില്‍ അതിഥികള്‍ക്ക് ദൈവത്തിന് തുല്യമായ പദവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''നിങ്ങളെ സ്വാഗതം ചെയ്യാന്‍ എനിക്ക് അവിടെ സന്നിഹിതനാകാന്‍ കഴിഞ്ഞില്ലെങ്കിലും, എന്റെ മനസ്സ് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒപ്പമാണ്'', പ്രധാനമന്ത്രി പറഞ്ഞു. ഈ പരിപാടി സംഘടിപ്പിച്ചതിന് കാശി-തെലുങ്ക് കമ്മിറ്റിയെയും പാര്‍ലമെന്റ് അംഗമായ ശ്രീ ജി.വി.എല്‍ നരസിംഹ റാവുവിനേയും അദ്ദേഹം അഭിനന്ദിച്ചു. കാശി ഘാട്ടുകളിലെ ഗംഗ-പുഷ്‌കരലു ഉത്സവം ഗംഗ- ഗോദാവരി നദീ സംഗമം പോലെയാണെന്നതിന് അടിവരയിട്ട പ്രധാനമന്ത്രി, ഇത് ഇന്ത്യയുടെ പുരാതന നാഗരികതകളുടെയും സംസ്‌കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും സംഗമത്തിന്റെ ആഘോഷമാണെന്നും പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ നടന്ന കാശി - തമിഴ് സംഗമത്തെ അനുസ്മരിച്ച അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സൗരാഷ്ര്ട -തമിഴ് സംഗമത്തില്‍ പങ്കെടുത്തതും അവിടെ ആസാദി കാ അമൃത് കാലിനെ ഇന്ത്യയുടെ വൈവിദ്ധ്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗവുമായി സാമ്യപ്പെടുത്തിയതും പരാമര്‍ശിച്ചു. ''വൈവിദ്ധ്യങ്ങളുടെ ഈ സംഗമം ദേശീയതയുടെ അമൃതിന് ജന്മം നല്‍കുന്നു, അത് ഇന്ത്യക്ക് ഭാവിയില്‍ പൂര്‍ണ ഊര്‍ജ്ജം ഉറപ്പാക്കും'', പ്രധാനമന്ത്രി പറഞ്ഞു.
തലമുറകളായി കാശി അവരെ സ്വാഗതം ചെയ്യുന്നുണ്ടെന്നും ഈ നഗരത്തിനൊപ്പം പുരാതനമാണ് ഈ ബന്ധമെന്നും കാശിയും അവിടെ താമസിക്കുന്ന തെലുങ്കരും തമ്മിലുള്ള അഗാധമായ ബന്ധത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. കാശിയിലെ തെലുങ്ക് പശ്ചാത്തലമുള്ള ആളുകളുടെ വിശ്വാസം കാശിയെപ്പോലെ തന്നെ പവിത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാശി സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ എണ്ണം വരുന്നത് ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''തെലുങ്ക് സംസ്ഥാനങ്ങള്‍ കാശിക്ക് നിരവധി മഹാന്മാരായ സന്യാസിമാരെയും അനവധി ആചാര്യന്മാരെയും ഋഷിമാരെയും നല്‍കിയിട്ടുണ്ട്'', കാശിയിലെ ജനങ്ങളും തീര്‍ത്ഥാടകരും ബാബ വിശ്വനാഥനെ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍, തൈലാംഗ് സ്വാമിയുടെ ആശ്രമവും സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങാറുണ്ടെന്നതിന് അടിവരയിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തൈലാംഗ് സ്വാമി വിജയനഗരത്തിലാണ് ജനിച്ചതെങ്കിലും കാശിയിലെ ജീവിക്കുന്ന ശിവന്‍ എന്നാണ് അദ്ദേഹത്തെ സ്വാമി രാമകൃഷ്ണ പരമഹംസന്‍ വിളിച്ചതെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ജിദ്ദു കൃഷ്ണമൂര്‍ത്തിയേയും അതുപോലെയുള്ള മറ്റു മഹാത്മാക്കളെയും കാശി ഇന്നും സ്‌നേഹത്തോടെ സ്മരിക്കുന്നുവെന്നും അദ്ദേഹം പരാമര്‍ശിച്ചു.
തങ്ങളെ കാശി സ്വീകരിക്കുകയും മനസിലാക്കുകയും ചെയ്തതുപോലെ തന്നെ തെലുങ്ക് ജനതയും കാശിയെ തങ്ങളുടെ ആത്മാവിനോട് ചേര്‍ത്തു നിര്‍ത്തിയിട്ടുണ്ടെന്ന് തറപ്പിച്ചുപറഞ്ഞ പ്രധാനമന്ത്രി ദക്ഷിണ കാശി എന്നറിയപ്പെടുന്ന പുണ്യസ്ഥലമായ വെമുലവാഡ പരാമര്‍ശിക്കുകയും ചെയ്തു. ആന്ധ്രയിലെയും തെലങ്കാനയിലെയും ക്ഷേത്രങ്ങളില്‍ കൈകളില്‍ കെട്ടിയിരിക്കുന്ന കറുത്ത നൂലിന് കാശി ദാരം എന്നാണ് പറയുകയെന്നതിന് അദ്ദേഹം അടിവരയിട്ടു. കാശിയുടെ മഹത്വം തെലുഗു ഭാഷയിലും സാഹിത്യത്തിലും ആഴത്തില്‍ പതിഞ്ഞിട്ടുണ്ടെന്ന് ഉയര്‍ത്തിക്കാട്ടികൊണ്ട് ശ്രീനാഥ് മഹാകവിയുടെ കാശി ഖണ്ഡമു ഗ്രന്ഥം, ഏങ്കുല്‍ വീരസ്വമയ്യയുടെ കാശി യാത്രാ കഥാപാത്രം, ജനപ്രിയമായ കാശി മജിലി കാതലു എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. ''നൂറ്റാണ്ടുകളായി സജീവമായിട്ടുള്ള ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന വിശ്വാസം നിലനിര്‍ത്തുന്ന ഇന്ത്യയുടെ പൈതൃകമാണിത്'' ഇത്രയും അകലെയുള്ള ഒരു നഗരം അവരുടെ ഹൃദയത്തോട് എങ്ങനെ ഇത്ര അടുത്തുനില്‍ക്കുന്നുവെന്ന് പുറത്തുനിന്ന് നോക്കുന്ന ഒരാള്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമാണെന്നതിന് ഊന്നല്‍ നല്‍കികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
''കാശി വിമോചനത്തിന്റെയും മോക്ഷത്തിന്റെയും നാടാണ്'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആധുനിക കാലത്ത് സാഹചര്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്ന് കാശിയിലെത്താന്‍ തെലുങ്ക് ജനത ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നടന്നിരുന്ന കാലത്തെ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഒരു വശത്ത് വിശ്വനാഥധാമിന്റെ ദിവ്യമായ തേജസ്സിന്റെയും മറുവശത്ത് ഗംഗാഘട്ടിലെ ഘാട്ടുകളുടെ മഹത്വത്തിന്റെയും ഒരു വശത്ത് കാശിയുടെ തെരുവുകളുടെയും മറുവശത്ത് വിപുലമാക്കിയ പുതിയ റോഡ് ഹൈവേ ശൃംഖലകളുടെയും ഉദാഹരണങ്ങള്‍ അദ്ദേഹം നല്‍കി. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് മുന്‍പ് കാശിയില്‍ വന്നിട്ടുള്ളവര്‍ക്ക് നഗരത്തില്‍ സംഭവിക്കുന്ന മാറ്റം അനുഭവപ്പെടുന്നുണ്ടെന്നതിന് അടിവരയിട്ട അദ്ദേഹം, പുതിയ ഹൈവേയുടെ നിര്‍മ്മാണത്തോടെ വിമാനത്താവളത്തില്‍ നിന്ന് ദശാശ്വമേധ് ഘട്ടിലെത്താനുള്ള സമയം കുറഞ്ഞത് എടുത്തുപറയുകയും ചെയ്തു. ഭൂരിഭാഗം പ്രദേശങ്ങളിലെയും വൈദ്യുത കമ്പികള്‍ ഭൂമിക്കടിയിലാക്കിയതും, നഗരത്തിലെ കുണ്ടുകള്‍, ക്ഷേത്ര പാതകള്‍, സാംസ്‌കാരിക സ്ഥലങ്ങള്‍ എന്നിവയുടെ പുനരുജ്ജീവനം നടത്തിയതും, ഗംഗയില്‍ സി.എന്‍.ജി ബോട്ടുകളുടെ സഞ്ചാരവുമൊക്കെ നഗരത്തിലെ വികസനത്തിന്റെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പരാമര്‍ശിച്ചു. കാശിയിലെ പൗരന്മാര്‍ക്ക് പ്രയോജനം ചെയ്യുന്ന വരാനിരിക്കുന്ന റോപ്പ് വേയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ശുചീകരണ സംഘടിതപ്രവര്‍ത്തനങ്ങളുടെയും ഘാട്ടുകളുടെ ശുചിത്വത്തിന്റെയും കാര്യത്തില്‍ ഒരു ബഹുജന മുന്നേറ്റം സൃഷ്ടിച്ചതിന് നഗരവാസികളെയും യുവാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
അതിഥികളെ സേവിക്കാനും സ്വാഗതം ചെയ്യാനും ലഭിക്കുന്ന ഒരവസരവും കാശിയിലെ ജനങ്ങള്‍ നഷ്ടമാക്കില്ലെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ''ബാബയുടെ അനുഗ്രഹം, കാലഭൈരവന്റെയും അന്നപൂര്‍ണ മാതാവിന്റെയും ദര്‍ശനം എന്നിവതന്നെ അത്ഭുതകരമാണ്. ഗംഗാജിയില്‍ ഒന്നു മുങ്ങുന്നത് നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കും'', ലസ്സി, തണ്ടൈ, ചാട്ട്, ലിറ്റി-ചോഖ, ബനാറസി പാന്‍ തുടങ്ങിയ വിശിഷ്ടഭോജ്യങ്ങള്‍ യാത്രയെ കൂടുതല്‍ അവിസ്മരണീയമാക്കുമെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ആന്ധ്രാപ്രദേശ് തെലങ്കാന സ്വദേശികള്‍ക്ക് തങ്ങള്‍ക്കൊപ്പം കൊണ്ടുപോകാവുന്ന എട്ടികോപ്പ കളിപ്പാട്ടങ്ങള്‍ക്ക് സമാനമായ വരണാസിയിലെ തടികളിപ്പാട്ടങ്ങളേയും ബനാറസി സാരികളേയും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു.
'' നമ്മുടെ പൂര്‍വ്വപിതാക്കള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ഇന്ത്യയെന്ന ബോധമാണ് ഒന്നിച്ചുചേര്‍ന്ന് ഭാരത മാതാവിന്റെ സമ്പൂര്‍ണ്ണ രൂപത്തിന് കാരണമായത്'' പ്രധാനമന്ത്രി പറഞ്ഞു. കാശിയിലെ ബാബ വിശ്വനാഥിനെയും വിശാലാക്ഷി ശക്തിപീഠത്തെയും ആന്ധ്രയിലെ മല്ലികാര്‍ജുനയെയും തെലങ്കാനയിലെ ഭഗവാന്‍ രാജ്-രാജേശ്വറിനേയും ആന്ധ്രയിലെ മാ ഭ്രമരംബയെയും തെലങ്കാനയിലെ രാജരാജേശ്വരിയെയും ഉയര്‍ത്തിക്കാട്ടികൊണ്ട്, ഇത്തരം പുണ്യസ്ഥലങ്ങളെല്ലാം ഇന്ത്യയുടെ പ്രധാന കേന്ദ്രങ്ങളാണെന്നും അതിന്റെ സാംസ്‌കാരിക സ്വത്വമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വൈവിദ്ധ്യത്തെ അതിന്റെ സമഗ്രതയില്‍ കാണുമ്പോള്‍ മാത്രമേ ഇന്ത്യയുടെ സമ്പൂര്‍ണ്ണതയും പൂര്‍ണ്ണശേഷിയും തിരിച്ചറിയാന്‍ കഴിയൂ എന്നതിന് പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി അടിവരയിട്ടു. ''അപ്പോള്‍ മാത്രമേ നമുക്ക് നമ്മുടെ മുഴുവന്‍ കാര്യശേഷികയേയും ഉണര്‍ത്താന്‍ കഴിയൂ'', ശ്രീ മോദി പറഞ്ഞു. ഗംഗാ-പുഷ്‌കരലു പോലുള്ള ആഘോഷങ്ങള്‍ രാഷ്ട്രസേവനത്തിന്റെ ഈ പ്രതിജ്ഞ മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.