“വ്യവസായത്തെ പരിവർത്തനം ചെയ്യുന്നതിനുള്ള മികച്ച മുന്നേറ്റങ്ങളോടെ ഇന്ത്യയുടെ സെമികണ്ടക്ടർ മേഖല വിപ്ലവത്തിന്റെ വക്കിലാണ്”
“ഇന്നത്തെ ഇന്ത്യ ലോകത്തിന് ആത്മവിശ്വാസം പകരുന്നു.. പ്രതിസന്ധികൾ വരുമ്പോൾ നിങ്ങൾക്ക് ഇന്ത്യയെ ആശ്രയിക്കാം”
“ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായം ഇരുദിശകളിലേക്കും ഊർജം പരത്തുന്ന പ്രത്യേക ഡയോഡുകളാൽ സജ്ജീകരിച്ചിരിക്കുന്നു”
“പരിഷ്കരണം നടത്തുന്ന നിലവിലെ ഗവൺമെന്റ്, രാജ്യത്തിന്റെ വളരുന്ന ഉൽപ്പാദന അടിത്തറ, സാങ്കേതിക പ്രവണതകളെക്കുറിച്ച് ബോധമുള്ള രാജ്യത്തിന്റെ ഉത്കർഷേച്ഛയുള്ള വിപണി എന്നിങ്ങനെ ത്രിമാന ശക്തിയാണ് ഇന്ത്യയ്ക്കുള്ളത്”
“ഈ ചെറിയ ചിപ്പ് ഇന്ത്യയിൽ സാർവത്രിക വിതരണം ഉറപ്പാക്കാൻ വലിയ കാര്യങ്ങൾ ചെയ്യുന്നു”
“ലോകത്തിലെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം”
“ആഗോള സെമികണ്ടക്ടർ വ്യവസായത്തെ നയിക്കുന്നതിൽ ഇന്ത്യ പ്രധാന പങ്ക് വഹിക്കാൻ ഒരുങ്ങുന്നു”
“ഇലക്ട്രോണിക് ഉല്പാദനത്തിന്റെ 100 ശതമാനവും ഇന്ത്യയിലാകണം എന്നതാണ് നമ്മുടെ ലക്ഷ്യം”
“ഇലക്ട്രോണിക് ഉല്പാദനത്തിന്റെ 100 ശതമാനവും ഇന്ത്യയിലാകണം എന്നതാണ് നമ്മുടെ ലക്ഷ്യം” “മൊബൈൽ നിർമാണമോ, ഇലക്ട്രോണിക്സോ സെമികണ്ടക്ടറുകളോ ആകട്ടെ, നമ്മുടെ ലക്ഷ്യം വ്യക്തമാണ് - പ്രതിസന്ധി സമയങ്ങളിൽ നിന്നുപോകാതെ മുന്നോട്ടു നീങ്ങുന്ന ലോകം കെട്ടിപ്പടുക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്ഡയിലെ ഇന്ത്യ എക്സ്‌പോ മാർട്ടിൽ ‘സെമികോൺ ഇന്ത്യ 2024’ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നടന്ന പ്രദർശനം ശ്രീ മോദി വീക്ഷിച്ചു. സെപ്തംബർ 11 മുതൽ 13 വരെ നടക്കുന്ന ത്രിദിന സമ്മേളനം ഇന്ത്യയെ സെമികണ്ടക്ടറുകളുടെ ആഗോള കേന്ദ്രമാക്കി മാറ്റാൻ വിഭാവനം ചെയ്യുന്ന, ഇന്ത്യയുടെ സെമികണ്ടക്ടർ തന്ത്രവും നയവും പ്രദർശിപ്പിക്കും.

 

ആഗോള സെമികണ്ടക്ടർ വ്യവസായവുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിക്കുന്ന ലോകത്തിലെ എട്ടാമത്തെ രാജ്യമാണ് ഇന്ത്യയെന്ന്, SEMIയിലെ എല്ലാ അംഗങ്ങൾക്കും നന്ദി അറിയിച്ച് തന്റെ അഭിസംബോധനയിൽ പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയിലായിരിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ ശരിയായ സമയത്ത് ശരിയായ സ്ഥലത്താണ്” - പ്രധാനമന്ത്രി മോദി പറഞ്ഞു. “21-ാം നൂറ്റാണ്ടിലെ ഇന്ത്യയിൽ ചിപ്പുകൾ ഒരിക്കലും പ്രവർത്തനരഹിതമാകില്ല” - പ്രതിസന്ധികൾ വരുമ്പോൾ നിങ്ങൾക്ക് ഇന്ത്യയെ ആശ്രയിക്കാമെന്ന് ഇന്നത്തെ ഇന്ത്യ ലോകത്തിന് ഉറപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സെമികണ്ടക്ടർ വ്യവസായവും ഊർജം ഒരു ദിശയിൽ മാത്രം സഞ്ചരിക്കുന്ന ഡയോഡും തമ്മിലുള്ള ബന്ധം ഉയർത്തിക്കാട്ടി, ഇന്ത്യയുടെ സെമികണ്ടക്ടർ വ്യവസായം രണ്ട് ദിശകളിലേക്കും ഊർജം ഒഴുകുന്ന പ്രത്യേക ഡയോഡുകളാൽ സജ്ജീകരിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യവസായങ്ങൾ നിക്ഷേപം നടത്തുകയും മൂല്യം സൃഷ്ടിക്കുകയും ചെയ്യുമ്പോൾ, മറുവശത്ത് ഗവൺമെന്റ് സുസ്ഥിരമായ നയങ്ങളും വ്യാപാരം സുഗമമാക്കലും പ്രദാനം ചെയ്യുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. സെമികണ്ടക്ടർ വ്യവസായത്തിൽ ഉപയോഗിക്കുന്ന ഒരു സംയോജിത സർക്യൂട്ടിന് സമാന്തരമായി സംയോജിത ആവാസവ്യവസ്ഥ ഇന്ത്യ നൽകുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ ഡിസൈനർമാരുടെ ഏറെ ചർച്ച ചെയ്യപ്പെട്ട കഴിവുകളെ എടുത്തുകാട്ടുകയും ചെയ്തു. രൂപകൽപ്പനാ ലോകത്ത് ഇന്ത്യയുടെ സംഭാവന 20 ശതമാനമാണെന്നും തുടർച്ചയായി വളരുകയാണെന്നും അറിയിച്ച പ്രധാനമന്ത്രി മോദി, 85,000 സാങ്കേതിക വിദഗ്ധർ, എൻജിനിയർമാർ, ഗവേഷണ വികസന വിദഗ്ധർ എന്നിവരടങ്ങുന്ന സെമികണ്ടക്ടർ തൊഴിൽ ശക്തിയം ഇന്ത്യ സൃഷ്ടിക്കുകയാണെന്നും പറഞ്ഞു. “ഇന്ത്യ അതിന്റെ വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും വ്യവസായ സജ്ജരാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു” എന്ന് ഇന്ത്യയുടെ ഗവേഷണ ആവാസവ്യവസ്ഥയ്ക്ക് പുതിയ ദിശാബോധവും ഊർജവും നൽകാൻ ലക്ഷ്യമിടുന്ന അനുസന്ധാൻ ദേശീയ ഗവേഷണ ഫൗണ്ടേഷന്റെ ആദ്യ യോഗത്തെ അനുസ്മരിച്ച് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഒരു ട്രില്ല്യൺ രൂപയുടെ പ്രത്യേക ഗവേഷണ ഫണ്ടിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

 

ഇത്തരം സംരംഭങ്ങൾ സെമികണ്ടക്ടറുകളുടെ വ്യാപ്തി വർധിപ്പിക്കുമെന്നും ശാസ്ത്രമേഖലയിലെ നൂതനാശയങ്ങൾ വർധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പരിഷ്കരണം നടത്തുന്ന നിലവിലെ ഗവൺമെന്റ്, രാജ്യത്തിന്റെ വളരുന്ന ഉൽപ്പാദന അടിത്തറ, സാങ്കേതിക പ്രവണതകളെക്കുറിച്ചു ബോധമുള്ള രാജ്യത്തിന്റെ വികസനമോഹമുള്ള വിപണി എന്നിങ്ങനെ ത്രിമാന ശക്തിയാണ് ഇന്ത്യക്കുള്ളത് എന്നു വിശദീകരിച്ച പ്രധാനമന്ത്രി, ഈ ത്രിമാന ശക്തിയുടെ അടിത്തറ മറ്റെവിടെയെങ്കിലും കണ്ടെത്താൻ പ്രയാസമാണെന്ന് പറഞ്ഞു.

ഇന്ത്യയുടെ വികസനത്വരവും സാങ്കേതികവിദ്യാധിഷ്‌ഠിതവുമായ സമൂഹത്തിന്റെ പ്രത്യേകത എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയിലെ ചിപ്പുകളുടെ അർത്ഥം സാങ്കേതികവിദ്യയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും കോടിക്കണക്കിന് പൗരന്മാരുടെ വികസനമോഹങ്ങൾ നിറവേറ്റുന്നതിനുള്ള മാധ്യമമാണെന്നും പറഞ്ഞു. ഇത്തരം ചിപ്പുകളുടെ വലിയ ഉപഭോക്താവാണ് ഇന്ത്യയെന്ന് അടിവരയിട്ട പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യം നിർമിച്ചത് അതിലാണെന്ന് ഊന്നിപ്പറഞ്ഞു. “ഈ ചെറിയ ചിപ്പ് ഇന്ത്യയിൽ സാർവത്രിക വിതരണം ഉറപ്പാക്കാൻ വലിയ കാര്യങ്ങൾ ചെയ്യുന്നു” - പ്രധാനമന്ത്രി മോദി പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധിയെ അനുസ്മരിച്ച പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും ശക്തമായ ബാങ്കിങ് സംവിധാനങ്ങൾ തകർന്നപ്പോൾ, ഇന്ത്യയിലെ ബാങ്കുകൾ തുടർച്ചയായി പ്രവർത്തിച്ചുവെന്നു ചൂണ്ടിക്കാട്ടി. “ഇന്ത്യയുടെ യുപിഐ, റുപേ കാർഡ്, ഡിജി ലോക്കർ, ഡിജി യാത്ര എന്നിങ്ങനെ വിവിധ ഡിജിറ്റൽ സംവിധാനങ്ങൾ ഇന്ത്യയിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി” - അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി, ഇന്ത്യ എല്ലാ മേഖലകളിലും ഉൽപ്പാദനം വർധിപ്പിക്കുകയാണെന്നും, വലിയ തോതിൽ ഹരിത പരിവർത്തനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡാറ്റാ സെന്ററുകളുടെ ആവശ്യം വർധിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഗോള സെമികണ്ടക്ടർ വ്യവസായത്തെ നയിക്കുന്നതിൽ ഇന്ത്യ വലിയ പങ്ക് വഹിക്കാൻ ഒരുങ്ങുകയാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

 

എന്താണോ സംഭവിക്കുന്നത്, അത് അങ്ങനെ തന്നെ നടക്കട്ടെ എന്നർഥമുള്ള പഴഞ്ചൊല്ലും പ്രധാനമന്ത്രി പരാമർശിച്ചു. എന്നാൽ ഇന്നത്തെ യുവത്വവും വികസനമോഹവുമുള്ള ഇന്ത്യ ഈ വികാരം പിന്തുടരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഇന്ത്യയുടെ പുതിയ തത്വം ഇന്ത്യയിൽ നിർ​മിക്കുന്ന ചിപ്പുകളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ്” എന്നും അദ്ദേഹം പറഞ്ഞു. സെമികണ്ടക്ടർ നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്മെന്റ് സ്വീകരിച്ച നിരവധി നടപടികൾ ചൂണ്ടിക്കാട്ടി, സെമികണ്ടക്ടർ നിർമാണകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് ഗവണ്മെന്റ് 50% സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും, ഈ ശ്രമത്തിൽ സംസ്ഥാന ഗവണ്മെന്റുകളും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. ഈ നയങ്ങൾ കാരണം, വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ 1.5 ട്രില്യൺ രൂപയിലധികം നിക്ഷേപം ഇന്ത്യ ആകർഷിച്ചിട്ടുണ്ടെന്നും ഇനിയും നിരവധി പദ്ധതികൾ അണിയറയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രണ്ട്-എൻഡ് ഫാബുകൾ, ഡിസ്‌പ്ലേ ഫാബുകൾ, സെമികണ്ടക്ടർ പാക്കേജിങ്, വിതരണശൃംഖലയിലെ മറ്റ് നിർണായക ഘടകങ്ങൾ എന്നിവയ്ക്ക് സാമ്പത്തിക സഹായം നൽകുന്ന സെമികോൺ ഇന്ത്യ പരിപാടിയുടെ സമഗ്രമായ സമീപനത്തെക്കുറിച്ചും ശ്രീ മോദി പറഞ്ഞു. “ലോകത്തിലെ എല്ലാ ഉപകരണങ്ങളിലും ഇന്ത്യൻ നിർമിത ചിപ്പ് ഉണ്ടായിരിക്കണം എന്നതാണ് നമ്മുടെ സ്വപ്നം” - ഈ വർഷം ചുവപ്പുകോട്ടയിൽനിന്ന് പ്രഖ്യാപിച്ചത് അദ്ദേഹം അനുസ്മരിച്ചു. സെമികണ്ടക്ടർ ശക്തികേന്ദ്രമാകാൻ ആവശ്യമായതെല്ലാം ചെയ്യാനുള്ള ഇന്ത്യയുടെ ആഗ്രഹം അദ്ദേഹം ആവർത്തിച്ചു.

സെമികണ്ടക്ടർ വ്യവസായത്തിന് ആവശ്യമായ നിർണായക ധാതുക്കൾ സംരക്ഷിക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു. ആഭ്യന്തര ഉൽപ്പാദനവും വിദേശ ഏറ്റെടുക്കലും വർധിപ്പിക്കുന്നതിനായി അടുത്തിടെ പ്രഖ്യാപിച്ച നിർണായക ധാതു ദൗത്യത്തെക്കുറിച്ചും പരാമർശിച്ചു. കസ്റ്റംസ് തീരുവ ഇളവുകളിലും നിർണായക ധാതുക്കളുടെ ഖനന ലേലത്തിലും ഇന്ത്യ അതിവേഗം പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഐഐടികളുടെ സഹകരണത്തോടെ ഹൈടെക് ചിപ്പുകളും, അടുത്തതലമുറ ചിപ്പുകളും നിർമിക്കാനുള്ള സെമികണ്ടക്ടർ ​ഗവേഷണ കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതിയും ശ്രീ മോദി വെളിപ്പെടുത്തി. അന്താരാഷ്‌ട്ര സഹകരണങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ‘എണ്ണ നയതന്ത്രം’ അനുസ്മരിക്കുകയും ലോകം ഇന്ന് ‘സിലിക്കൺ നയതന്ത്ര’ത്തിന്റെ യുഗത്തിലേക്ക് നീങ്ങുകയാണെന്ന് പറയുകയും ചെയ്തു. ഇന്തോ-പസഫിക് സാമ്പത്തിക ചട്ടക്കൂടിന്റെ വിതരണശൃംഖല സമിതി ഉപാധ്യക്ഷനായി ഇന്ത്യയെ തെരഞ്ഞെടുത്തെന്നു പ്രധാനമന്ത്രി അറിയിച്ചു. ക്വാഡ് സെമികണ്ടക്ടർ വിതരണശൃംഖല ഉദ്യമത്തിന്റെ പ്രധാന പങ്കാളികൂടിയാണ് ഇന്ത്യ. ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളുമായും ഇന്ത്യ കരാറുകളിൽ ഒപ്പുവച്ചിട്ടുണ്ട്. സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യ അമേരിക്കയുമായുള്ള സഹകരണം ശക്തമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

സെമികണ്ടക്ടർ രം​ഗത്ത് ഇന്ത്യ നൽകുന്ന ശ്രദ്ധയെ ചോദ്യം ചെയ്യുന്നവരോട് ഡിജിറ്റൽ ഇന്ത്യ മിഷന്റെ വിജയത്തെക്കുറിച്ച് പഠിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. രാജ്യത്തിന് സുതാര്യവും ഫലപ്രദവും ചോർച്ചയില്ലാത്തതുമായ ഭരണം നൽകാനാണ് ഡിജിറ്റൽ ഇന്ത്യ മിഷൻ ലക്ഷ്യമിട്ടതെന്നും അതിന്റെ ഗുണിതഫലം ഇന്ന് അനുഭവിക്കാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡിജിറ്റൽ ഇന്ത്യയുടെ വിജയത്തിനായി,  ഇന്ത്യയിൽ മൊബൈൽ ഹാൻഡ്സെറ്റുകളും ഡാറ്റയും താങ്ങാനാകുന്നതാക്കി മാറ്റുന്നതിന് ആവശ്യമായ പരിഷ്‌കാരങ്ങളും അടിസ്ഥാന സൗകര്യങ്ങൾക്കും തുടക്കം കുറിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഒരു ദശാബ്ദം മുമ്പ് ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യയെങ്കിൽ, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോണുകളുടെ നിർമ്മാതാവും കയറ്റുമതിക്കാരനുമാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ദ്രുതഗതിയിലുള്ള, പ്രത്യേകിച്ച് 5ജി ഹാൻഡ്സെറ്റ് വിപണിയിലെ പുരോഗതി ഉദ്ധരിച്ച അദ്ദേഹം, 5ജി അവതരിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ തന്നെ ആഗോളതലത്തിൽ  5ജി ഹാൻഡ്സെറ്റുകളുടെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യയെന്നും അദ്ദേഹം പ്രസ്താവിച്ചു.

 

ഇപ്പോൾ 150 ബില്യൺ ഡോളറിനു മുകളിലാണ് ഇന്ത്യയുടെ ഇലക്ട്രോണിക്സ് മേഖലയുടെ മൂല്യമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ രാജ്യത്തെ ഇലക്ട്രോണിക്സ് മേഖലയെ 500 ബില്യൺ ഡോളറായി ഉയർത്തുന്നതിനും 6 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള വലിയൊരു ലക്ഷ്യത്തെ വിശദീകരിക്കുകയും ചെയ്തു. ഈ വളർച്ച ഇന്ത്യയുടെ സെമികണ്ടക്ടർ മേഖലയ്ക്ക് നേരിട്ട് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ''100% ഇലക്ട്രോണിക് നിർമ്മാണവും ഇന്ത്യയിൽ നടക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യ സെമികണ്ടക്ടർ ചിപ്പുകളും പൂർത്തിയായ ഉൽപ്പന്നങ്ങളും നിർമ്മിക്കും'', അദ്ദേഹം കൂട്ടിച്ചേർത്തു.

 

''ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസവ്യവസ്ഥ ഇന്ത്യയുടെ മാത്രമല്ല, ആഗോള വെല്ലുവിളികൾക്കും ഒരു പരിഹാരമാണ്'', പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ഡിസൈൻ മേഖലയിൽ നിന്നുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ' ഘടനയിൽ ഒരിടത്തുണ്ടാകുന്ന പരാജയം സംവിധാനത്തെ മൊത്തം ബാധിക്കുമെന്ന ഭാവാർത്ഥത്തെ പരാമർശിക്കുകയും, സംവിധാനം ഒരു ഘടകത്തെ മാത്രം ആശ്രയിക്കുന്നതിനാലാണെന്ന് വിശദീകരിച്ചുകൊണ്ട് ഈ പിഴവ് ഒഴിവാക്കാൻ ഡിസൈൻ വിദ്യാർത്ഥികളെ പ്രധാനമായും പഠിപ്പിക്കുന്നതെന്നും പറഞ്ഞു.

വിതരണ ശൃംഖലകൾക്കും ഈ തത്ത്വം ഒരുപോലെ ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. '' കോവിഡായാലും യുദ്ധമായാലും, വിതരണ ശൃംഖലയിലെ തടസ്സങ്ങളാൽ ബാധിക്കപ്പെടാത്ത ഒരു വ്യവസായം പോലും ഉണ്ടായിട്ടില്ല'', അദ്ദേഹം അഭിപ്രായപ്പെട്ടു. സുസ്ഥിരമായ വിതരണ ശൃംഖലയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വിതരണശൃംഖലകളെ സംരക്ഷിക്കുന്നതിനുള്ള ആഗോള ദൗത്യത്തിൽ പ്രധാനപങ്കാളിയായി പ്രതിഷ്ഠിക്കപ്പെട്ടുകൊണ്ട് മേഖലകളിലുടനീളം പ്രതിരോധം നിർമ്മിക്കുന്നതിനുള്ള ഇന്ത്യയുടെ സുപ്രധാനപങ്കിൽ അഭിമാനവും പ്രകടിപ്പിച്ചു.

 

സാങ്കേതികവിദ്യയും ജനാധിപത്യ മൂല്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ജനാധിപത്യ മൂല്യങ്ങളുമായി സംയോജിപ്പിക്കുമ്പോൾ സാങ്കേതികവിദ്യയുടെ പോസീറ്റീവ് ശക്തി വർദ്ധിക്കുമെന്നും പറഞ്ഞു. സാങ്കേതികവിദ്യയിൽ നിന്ന് ജനാധിപത്യ മൂല്യങ്ങൾ പിൻവലിക്കുന്നത് പെട്ടെന്നുതന്നെ ദോഷം വരുത്തുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. ''മൊബൈൽ നിർമ്മാണമോ ഇലക്ട്രോണിക്സോ സെമികണ്ടക്‌ടേഴ്‌സോ എന്തോ ആകട്ടെ, നമ്മുടെ ശ്രദ്ധ വ്യക്തമാണ് - പ്രതിസന്ധിഘട്ടത്തിൽ നിശ്ചലമാകുകയോ താൽക്കാലികമായി നിന്നുപോകുകയോ ചെയ്യാത്ത  ഒരു ലോകം കെട്ടിപ്പടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'' പ്രതിസന്ധി ഘട്ടങ്ങളിലും പ്രവർത്തനക്ഷമമായി മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു ലോകം സൃഷ്ടിക്കുന്നതിൽ ഇന്ത്യയുടെ ശ്രദ്ധ ആവർത്തിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. ആഗോള ശ്രമങ്ങളെ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ കഴിവിൽ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ പങ്കാളികൾക്കും ആശംസകൾ നേരുകയും ചെയ്തു.

 

ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി ശ്രീ ജിതിൻ പ്രസാദ്, SEMI പ്രസിഡന്റും സി.ഇ.ഒയുമായ ശ്രീ അജിത് മനോച, ടാറ്റ ഇലക്ട്രോണിക്സ്,പ്രസിഡന്റും സി.ഇ.ഒയുമായ ഡോ രൺധീർ താക്കൂർ, എൻ.എക്സ്.പി സെമികണ്ടക്ടേഴ്സിന്റെ സി.ഇ.ഒ , മിസ്റ്റർ കുർട്ട് സീവേഴ്സ്, റെനെസാസിന്റെ സി.ഇ.ഒ ഹിഡെതോഷി ഷിബാറ്റ, ഐ.എം.ഇ.സി സി.ഇ.ഒ മിസ്റ്റർ ലൂക് വാൻ ഡെൻ ഹോവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

പശ്ചാത്തലം
സെമികണ്ടക്ടറുകളുടെ രൂപകൽപ്പന, നിർമ്മാണം, സാങ്കേതിക വികസനം എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ പ്രതിഷ്ഠിക്കുക എന്നത് പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ്. ഈ കാഴ്ചപ്പാടിന് കീഴിൽ,   ''സെമികണ്ടക്ടർ ഭാവിക്ക് രൂപം നൽകൽ ''എന്ന പ്രമേയത്തിൽ 2024 സെപ്തംബർ 11 മുതൽ 13 വരെ സെമികോൺ ഇന്ത്യ സംഘടിപ്പിക്കുന്നു. മൂന്ന് ദിവസത്തെ സമ്മേളനം ഇന്ത്യയുടെ സെമികണ്ടക്ടർ തന്ത്രവും നയവും പ്രദർശിപ്പിക്കും. ആഗോള സെമികണ്ടക്ടർ ഭീമന്മാരുടെ ഉന്നത നേതൃത്വത്തിന്റെ പങ്കാളിത്തത്തിന് ഇത് സാക്ഷ്യം വഹിക്കുകയും സെമികണ്ടക്ടർ വ്യവസായത്തിലെ ആഗോള തലവന്മാരെയും കമ്പനികളെയും വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുകയും ചെയ്യും. 250-ലധികം പ്രദർശകരും 150 പ്രഭാഷകരും സമ്മേളനത്തിൽ പങ്കെടുക്കുന്നു.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets Prime Minister
December 25, 2024

Chief Minister of Andhra Pradesh, Shri N Chandrababu Naidu met Prime Minister, Shri Narendra Modi today in New Delhi.

The Prime Minister's Office posted on X:

"Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi

@AndhraPradeshCM"