ആഗോള വ്യാപാര പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയും ഇന്‍വെസ്റ്റ് യു.പി 2.0ന് സമാരംഭം കുറിയ്ക്കുകയും ചെയ്തു
പ്രധാനമന്ത്രിയുടെ നേതൃത്വത്തെയും ഉത്തര്‍പ്രദേശിലെ വളര്‍ച്ചാ അവസരത്തെയും വ്യവസായ പ്രമുഖര്‍ അഭിനന്ദിച്ചു
''ഇപ്പോള്‍ ഉത്തര്‍പ്രദേശ് മികച്ച ഭരണത്തിനും മെച്ചപ്പെട്ട ക്രമസമാധാന നിലയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും പേരുകേട്ടതായി''
''ഇന്ന് യു.പി പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും ഉറവിടമായി മാറി''
''രാജ്യത്തെ ഓരോ പൗരനും വികസനത്തിന്റെ പാതയില്‍ അടിവയ്ക്കാനും, ഒരു 'വികസിത ഭാരതത്തിന് ' സാക്ഷ്യം വഹിക്കാനും ആഗ്രഹിക്കുന്നു''
'' നിര്‍ബന്ധം കൊണ്ടല്ല, ഇന്ന് ഇന്ത്യ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത് മറിച്ച് ദൃഢവിശ്വാസം കൊണ്ടാണ് ''
''ഒരു പുതിയ മൂല്യവും വിതരണ ശൃംഖലയും വികസിപ്പിക്കുന്ന കാര്യത്തില്‍ ഉത്തര്‍പ്രദേശ് ഒരു ജേതാവായി ഉയര്‍ന്നു''
''ഇരട്ട എന്‍ജിന്‍ ഗവണമെന്റിന്റെ നിശ്ചയദാര്‍ഢ്യവും ഉത്തര്‍പ്രദേശിന്റെ സാദ്ധ്യതകളും, ഇതിനേക്കാളും മികച്ച ഒരു പങ്കാളിത്തം ഉണ്ടാകില്ല''

ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപക ഉച്ചകോടി 2023 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്തു. ആഗോള വ്യാപാര പ്രദര്‍ശനത്തിന്റെ ഉദ്ഘാടനവും ഇന്‍വെസ്റ്റ് യു.പി 2.0യുടെ സമാരംഭം കുറിയ്ക്കലും പരിപാടിയില്‍ അദ്ദേഹം നിര്‍വഹിച്ചു. ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ സുപ്രധാന നിക്ഷേപ ഉച്ചകോടിയാണ് ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടി 2023. വ്യാപാര   അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നതിനും പങ്കാളിത്തം രൂപപ്പെടുത്തുന്നതിനും ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കള്‍, വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍, ആശയരൂപീകരണത്തിനുള്ള വിദഗ്ധസംഘങ്ങള്‍, നേതാക്കള്‍ എന്നിവരെ ഇത് ഒരുമിച്ച് കൊണ്ടുവരും. പ്രദര്‍ശനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നവ പ്രധാനമന്ത്രി നോക്കി കാണുകയും ചെയ്തു.

ചടങ്ങില്‍ വ്യവസായ പ്രമുഖര്‍ സംസാരിച്ചു. ഇന്ത്യ ശ്രദ്ധേയമായ സംരംഭകത്വ ചലനക്ഷമതയും നൂതനാശയത്വവും പ്രകടിപ്പിക്കുന്നുവെന്ന് ശ്രീ കുമാരമംഗലം ബിര്‍ല അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പുതിയ ഊര്‍ജം പകര്‍ന്നുനല്‍കിയതിന് അദ്ദേഹം പ്രധാനമന്ത്രിയെ പ്രശംസിക്കുകയും ചെയ്തു. ഈ വര്‍ഷത്തെ ബജറ്റ് വികസിത രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ ഉദയത്തിന് അടിത്തറ പാകിയതായി ശ്രീ മുകേഷ് അംബാനി ചൂണ്ടിക്കാട്ടി. മൂലധന  ചെലവുകള്‍ക്കായി കൂടുതല്‍ തുകവകയിരുത്തുന്നത് വലിയ സാമ്പത്തിക വളര്‍ച്ചയ്ക്കും സാമൂഹിക ക്ഷേമത്തിനും കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യം വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായെന്നും പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്റെയും നടപ്പാക്കുന്നതിനുള്ള ലേസര്‍ ഷാര്‍പ്പ് ശ്രദ്ധയുടെയും മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്റെയും കീഴില്‍ ധീരമായ ഒരു നവഇന്ത്യ രൂപപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വം ഇന്ത്യയെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാകാന്‍ പോകുന്ന സാഹചര്യം സൃഷ്ടിച്ചുവെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ ശ്രീ നടരാജന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. ''പ്രധാനമന്ത്രി പ്രാപ്തമാക്കിയത് ഈ സാമ്പത്തിക വളര്‍ച്ച മാത്രമല്ല, 360 ഡിഗ്രി വികസനമാണ്''. അദ്ദേഹം അഭിപ്രായപ്പെട്ടു. ബജറ്റില്‍ അനുവദിച്ചിട്ടുള്ള വിഹിതം അടിസ്ഥാന സൗകര്യങ്ങളുടെയും ഉപഭോഗത്തിന്റെയും നേതൃത്വത്തിലുള്ള വളര്‍ച്ച ഉറപ്പാക്കുമെന്നും അതോടൊപ്പം നമുക്ക് ഗ്രാമീണ വളര്‍ച്ചയും കാണാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ 75-ാം സ്വാതന്ത്ര്യം ആഘോഷിക്കുന്നതുപോലെ സൂറിച്ച് വിമാനത്താവളം അതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുകയാണെന്ന് സൂറിച്ച് എയർപോർട്ട്   ഏഷ്യയുടെ സി.ഇ.ഒ ഡാനിയല്‍ ബ്രിച്ചര്‍ പറഞ്ഞു. ഇന്ത്യയുമായുള്ള ദീര്‍ഘകാല പങ്കാളിത്തത്തെ സൂചിപ്പിച്ച അദ്ദേഹം രണ്ടുപതിറ്റാണ്ടു മുന്‍പ് ബെംഗലൂരു വിമാനത്താവളത്തിന്റെ വികസനത്തിന് സൂറിച്ച് വിമാനത്താവളം സഹായം നല്‍കിയതും ഇപ്പോള്‍ നോയിഡ അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നതും ചൂണ്ടിക്കാട്ടി. നോയിഡ അന്താരാഷ്ട്ര വിമാനത്താവളവും യമുന അതിവേഗപാതയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതില്‍ അദ്ദേഹം അടിവരയിട്ടു. ഇന്ത്യയില്‍ വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ 65 ശതമാനവും ഉത്തര്‍പ്രദേശിലാണ് നിര്‍മ്മിക്കുന്നതെന്ന് ഡിക്‌സണ്‍ ടെക്‌നോളജീസ് ചെയര്‍മാന്‍ ശ്രീ സുനില്‍ വചാനി വ്യക്തമാക്കി. ഇവിടം ഒരു ഉല്‍പ്പാദനകേന്ദ്രമാക്കി മാറ്റിയതിന്റെ ബഹുമതി ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ ചലനക്ഷമതയുള്ള നയങ്ങള്‍ക്ക് അദ്ദേഹം നല്‍കി. ഇന്ന് ഡിക്‌സണ്‍ ടെക്‌നോളജീസ് ഏകദേശം 100 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ഉയര്‍ന്നുവരുന്ന അവസരങ്ങളില്‍ എല്ലാ വ്യവസായ പ്രമുഖരും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി എന്ന നിലയിലും ഉത്തര്‍പ്രദേശില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമെന്ന നിലയിലും നിക്ഷേപക സമൂഹത്തെയും വ്യവസായ പ്രമുഖരെയും നയരൂപകര്‍ത്താക്കളേയും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പ്രധാനമന്ത്രി സ്വാഗതം ചെയ്തു.

സാംസ്‌കാരിക മഹത്വത്തിനും മഹത്തായ ചരിത്രത്തിനും സമ്പന്നമായ പൈതൃകത്തിനും പേരുകേട്ടതാണ് ഉത്തര്‍പ്രദേശിന്റെ ഭൂമിയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തിന്റെ കഴിവുകള്‍ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അവികസിതാവസ്ഥ, ബിമാരു, ഉത്തര്‍പ്രദേശിലെ മോശം ക്രമസമാധാന നില തുടങ്ങിയ അനാവശ്യ തൊങ്ങലുകളിലേയ്ക്ക്  ശ്രദ്ധ ആകര്‍ഷിച്ചു. മുന്‍കാലങ്ങളില്‍ ദിവസേന പുറത്തു വന്നുകൊണ്ടിരുന്ന ആയിരക്കണക്കിന് കോടികളുടെ അഴിമതികളും അദ്ദേഹം സ്പര്‍ശിച്ചു. 5-6 വര്‍ഷത്തിനുള്ളില്‍ ഉത്തര്‍ പ്രദേശ് ഒരു പുതിയ സ്വത്വം സ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ മികച്ച ഭരണത്തിനും മെച്ചപ്പെട്ട ക്രമസമാധാന നിലയ്ക്കും സമാധാനത്തിനും സ്ഥിരതയ്ക്കും പേരുകേട്ടതാണ് ഉത്തര്‍പ്രദേശ്. ''സമ്പത്ത് സൃഷ്ടിക്കുന്നവര്‍ക്കായി പുതിയ അവസരങ്ങള്‍ ഇവിടെ ഉണ്ടാകുന്നു'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. യു.പിയില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള സംരംഭങ്ങള്‍ ഫലം കാണുന്നുവെന്നും പ്രധാനമന്ത്രി തറപ്പിച്ചുപറഞ്ഞു. അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി ഉടന്‍ തന്നെ യു.പി അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചരക്ക് ഇടനാഴി മഹാരാഷ്ട്രയിലെ കടല്‍ത്തീരവുമായി സംസ്ഥാനത്തെ നേരിട്ട് ബന്ധിപ്പിക്കും. വ്യാപാരം സുഗമമാക്കുന്നതിന് യു.പിയിലെ ഗവണ്‍മെന്റിന്റെ ചിന്തകളിലുണ്ടായ അര്‍ത്ഥവത്തായ മാറ്റവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഇന്ന് യു.പി പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും ഉറവിടമായി മാറിയിരിക്കുന്നു'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ആഗോളവേദിയില്‍ ഒരു തിളക്കമുള്ള സ്ഥലമായി ഇന്ത്യ മാറിയതുപോലെ യു.പി രാജ്യത്തിലെ തിളക്കമുള്ള സ്ഥലമായി മാറിയെന്നതിനും അദ്ദേഹം അടിവരയിട്ടു.

മഹാമാരിയിലും യുദ്ധത്തിലും പ്രതിരോധം കാണിക്കുക മാത്രമല്ല, ദ്രുതഗതിയിലുള്ള വീണ്ടെടുക്കല്‍ പ്രകടിപ്പിക്കുകയും ചെയ്തതിനാല്‍, ലോകത്തിലെ വിശ്വസനീയമായ എല്ലാ ശബ്ദങ്ങളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഉയര്‍ച്ചയിലേക്കുള്ള ഗതിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തിന്റെയും ഇന്ത്യയിലെ യുവജനങ്ങളുടെയും ചിന്തകളിലും അഭിലാഷങ്ങളിലും കണ്ടുവരുന്ന വലിയ മാറ്റം പ്രധാനമന്ത്രി നിരീക്ഷിച്ചു. രാജ്യത്തെ ഓരോ പൗരനും വികസനത്തിന്റെ പാതയിലൂടെ അടിവയ്ക്കാനും വരുംകാലങ്ങളില്‍ ഒരു 'വികസിത് ഭാരത'ത്തിന് സാക്ഷ്യം വഹിക്കാനും ആഗ്രഹിക്കുന്നുവെന്നതിനും അദ്ദേഹം അടിവരയിട്ടു. രാജ്യത്ത് നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരുന്ന ഗവണ്‍മെന്റിന് പ്രേരകശക്തിയായി മാറിയത് ഇന്ത്യന്‍ സമൂഹത്തിന്റെ അഭിലാഷങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെപ്പോലെ യു.പിയിലും അഭിലാഷമുള്ള ഒരു സമൂഹം നിങ്ങളെ കാത്തിരിക്കുന്നുവെന്ന് ഉത്തര്‍പ്രദേശിന്റെ വലിപ്പവും ജനസംഖ്യയും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നിക്ഷേപകരോട് പറഞ്ഞു.

ഉത്തര്‍പ്രദേശ് സമൂഹം ഉള്‍ച്ചേര്‍ക്കുന്നതും ബന്ധിപ്പിക്കുന്നതുമായി ഡിജിറ്റല്‍ വിപ്ലവം മൂലം വളര്‍ന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഒരു വിപണിയെന്ന നിലയില്‍, ഇന്ത്യ തടസ്സങ്ങളില്ലാത്തതാകുകയാണ്. നടപടിക്രമങ്ങള്‍ ലളിതമാക്കുന്നു. പരിഷ്‌കാരങ്ങള്‍ ഇന്ന് ഇന്ത്യ നടപ്പിലാക്കുന്നത് നിര്‍ബന്ധം കൊണ്ടല്ല, മറിച്ച് ദൃഢനിശ്ചയത്തോടെയാണ്'', അദ്ദേഹം പറഞ്ഞു.

ഇന്നത്തെ ഇന്ത്യ, യഥാര്‍ത്ഥത്തില്‍, വേഗതയുടെയും തോതിന്റെയും  പാതയില്‍ സഞ്ചരിക്കാന്‍ തുടങ്ങിയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഒരു വലിയ വിഭാഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുകയും അവര്‍ മുന്നോട്ട് ചിന്തിക്കുകയും ചെയ്യുന്നു. ഇതാണ് ഇന്ത്യയിലെ വിശ്വാസത്തിന്റെ ഏറ്റവും വലിയ കാരണം.

ബജറ്റിനെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി അടിസ്ഥാന സൗകര്യത്തിനുള്ള വിഹിതത്തിലെ വര്‍ദ്ധനയ്ക്ക് അടിവരയിടുകയും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ നിക്ഷേപകര്‍ക്കുള്ള അവസരങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. അതുപോലെ, ഇന്ത്യ പുല്‍കിയ ഹരിത വളര്‍ച്ചാ പാതയിലെ അവസരങ്ങളിലേക്ക് അദ്ദേഹം നിക്ഷേപകരെ ക്ഷണിച്ചു. ഊര്‍ജ പരിവര്‍ത്തനത്തിനായി മാത്രം ഈ വര്‍ഷത്തെ ബജറ്റില്‍ 35,000 കോടി രൂപ വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു.

ഒരു പുതിയ മൂല്യവും വിതരണ ശൃംഖലയും വികസിപ്പിക്കുന്ന കാര്യത്തില്‍ ഉത്തര്‍ പ്രദേശ് ഒരു ജേതാവായി ഉയര്‍ന്നുവെന്ന് പ്രധാനമന്ത്രി പരാമര്‍ശിച്ചു. പരമ്പരാഗതവും ആധുനികവുമായ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ (എം.എസ്.എം.ഇ)കളുടെ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഊര്‍ജ്ജസ്വലമായ ശൃംഖല ചൂണ്ടിക്കാട്ടിയ അദ്ദേഹം യു.പിയെ ഇന്ത്യയുടെ ടെക്‌സ്‌റ്റൈല്‍ ഹബ്ബാക്കി മാറ്റിയ ഭദോഹി, വാരണാസി എന്നിവിടങ്ങളില്‍ നിന്നുള്ള പട്ടിന്റെ ഉദാഹരണം നല്‍കുകയും ചെയ്തു. ഇന്ത്യയിലെ 60 ശതമാനം മൊബൈല്‍ ഫോണുകളും മൊബൈല്‍ ഫോണിന്റെ ഘടകങ്ങളില്‍ ബഹുഭൂരിപക്ഷവും യു.പിയിലാണ് നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്തെ രണ്ട് പ്രതിരോധ ഇടനാഴികളില്‍ ഒന്ന് യു.പിയിലാണ് വികസിപ്പിക്കുന്നതെന്നതും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. ഇന്ത്യന്‍ സൈന്യത്തിന് ഇന്ത്യയില്‍ നിര്‍മ്മിച്ച പ്രതിരോധ സംവിധാനങ്ങളും പ്ലാറ്റ്‌ഫോമുകളും നല്‍കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയ്ക്കും പ്രധാനമന്ത്രി അടിവരയിട്ടു.

ക്ഷീരോല്‍പ്പാദനം, കൃഷി, മത്സ്യബന്ധനം, ഭക്ഷ്യ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലുള്ള അവസരങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സ്വകാര്യമേഖലയുടെ പങ്കാളിത്തം ഇപ്പോഴും പരിമിതമായിട്ടുള്ള ഒരു മേഖലയാണിതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിലെ ഉല്‍പ്പാദന ബന്ധിത ആനുകൂല്യ പ്രോത്സാഹനത്തെ (പി.എല്‍.ഐ)ക്കുറിച്ച് അദ്ദേഹം നിക്ഷേപകരോട് പറഞ്ഞു. കര്‍ഷകര്‍ക്ക് കൃഷിക്ക് ആവശ്യമുള്ള സാമഗ്രികൾ  മുതല്‍ വിളവെടുപ്പിന് ശേഷമുള്ള പരിപാലനം വരെ തടസ്സങ്ങളില്ലാത്ത ആധുനിക സംവിധാനം ഉറപ്പാക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ചെറുകിട നിക്ഷേപകര്‍ക്ക് അഗ്രി ഇന്‍ഫ്രാ ഫണ്ടുകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

വിള വൈവിദ്ധ്യവല്‍ക്കരണം, കര്‍ഷകര്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍, ഇന്‍പുട്ട് ചെലവ് കുറയ്ക്കല്‍ എന്നിവയെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പ്രകൃതി കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചു. യു.പിയില്‍ ഗംഗാ നദിയുടെ ഇരുകരകളിലും അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകൃതിദത്ത കൃഷി ആരംഭിച്ചത് അദ്ദേഹം അറിയിച്ചു. ഈ ബജറ്റില്‍ നിര്‍ദ്ദേശിച്ച 10,000 ബയോ-ഇന്‍പുട്ട് റിസോഴ്‌സ് സെന്ററുകളെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഇന്ത്യയില്‍ ശ്രീ അന്ന എന്ന് വിളിക്കപ്പെടുന്ന തിനയുടെ പോഷകമൂല്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയുടെ ശ്രീ അന്ന ആഗോള പോഷകാഹാര സുരക്ഷയുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളില്‍ അടിവരയിടുകയും ചെയ്തു. ശ്രീ അന്നയുടെ റെഡി-ടു-ഈറ്റ് (ഭക്ഷണത്തിന് തയാറായതും), റെഡി-ടു-കുക്ക് (പാചകത്തിന് തയാറായതും) എന്നിവയില്‍ നിക്ഷേപകര്‍ക്ക് അവസരങ്ങള്‍ കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാഭ്യാസ, നൈപുണ്യ വികസന മേഖലകളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലും പ്രധാനമന്ത്രി വെളിച്ചംവീശി. വ്യത്യസ്ത തരം നൈപുണ്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്ന സ്ഥാപനങ്ങളായ മഹായോഗി ഗുരു ഗോരഖ്‌നാഥ് ആയുഷ് യൂണിവേഴ്‌സിറ്റി, അടല്‍ ബിഹാരി വാജ്‌പേയി ഹെല്‍ത്ത് യൂണിവേഴ്‌സിറ്റി, രാജ മഹേന്ദ്ര പ്രതാപ് സിംഗ് യൂണിവേഴ്‌സിറ്റി, മേജര്‍ ധ്യാന്‍ ചന്ദ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി എന്നിവയുടെ പട്ടികയും അദ്ദേഹം നല്‍കി. നൈപുണ്യ വികസന മിഷനു കീഴില്‍ 16 ലക്ഷത്തിലധികം യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
പി.ജി.ഐ ലക്‌നൗവിലും ഐ.ഐ.ടി കാണ്‍പൂരിലും നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ യു.പി. ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തില്‍ സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന പങ്ക് എടുത്തുകാട്ടുകയും ചെയ്തു. വരും വര്‍ഷങ്ങളില്‍ 100 ഇന്‍കുബേറ്ററുകളും മൂന്ന് അത്യാധുനിക കേന്ദ്രങ്ങളും സ്ഥാപിക്കാന്‍ യു.പി ഗവണ്‍മെന്റ് ലക്ഷ്യമിടുന്നതായി അറിയിച്ച അദ്ദേഹം ഇതിലൂടെ പ്രതിഭകളുടെയും നൈപുണ്യമുള്ള യുവജനങ്ങളുടെയൂം വലിയൊരുപുള്‍ സൃഷ്ടിക്കപ്പെടുമെന്നും പറഞ്ഞു.

ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ ദൃഢനിശ്ചയവും ഉത്തര്‍പ്രദേശ് സംസ്ഥാനത്തിന്റെ സാദ്ധ്യതകളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. കൂടുതല്‍ സമയം പാഴാക്കാതെ സമൃദ്ധിയുടെ ഭാഗമാകാന്‍ അദ്ദേഹം നിക്ഷേപകരോടും വ്യവസായ പ്രമുഖരോടും അഭ്യര്‍ത്ഥിച്ചു. ''ലോകത്തിന്റെ അഭിവൃദ്ധി ഇന്ത്യയുടെ അഭിവൃദ്ധിയിലാണ്, സമൃദ്ധിയുടെ ഈ യാത്രയില്‍ നിങ്ങളുടെ പങ്കാളിത്തം വളരെ പ്രധാനമാണ്,'' പ്രധാനമന്ത്രി ഉപസംഹരിച്ചു.
ഉത്തര്‍പ്രദേശ് ഗവര്‍ണര്‍, ശ്രീമതി അനന്ദിബെന്‍ പട്ടേല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ്, ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിലെ മന്ത്രിമാര്‍, വിദേശത്തുനിന്നുള്ള വിശിഷ്ടവ്യക്തികള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പശ്ചാത്തലം
ഉത്തര്‍പ്രദേശ് ഗവണ്‍മെന്റിന്റെ സുപ്രധാന  നിക്ഷേപ ഉച്ചകോടിയാണ് 2023 ഫെബ്രുവരി 10 മുതല്‍ 12 വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഉത്തര്‍പ്രദേശ് ആഗോള നിക്ഷേപ ഉച്ചകോടി 2023. വ്യാപാര അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനും പങ്കാളിത്തം ഉണ്ടാക്കുന്നതിനുമായി ലോകമെമ്പാടുമുള്ള നയരൂപകര്‍ത്താക്കളെയും വ്യവസായ പ്രമുഖരെയും അക്കാദമിക് വിദഗ്ധരെയും ചിന്തകരെയും നേതാക്കളെയും ഇത് ഒരുമിച്ച് ഒരുമിച്ച് കൊണ്ടുവരും.
നിക്ഷേപകര്‍ക്ക് ഉചിതമായതും നന്നായി നിര്‍വചിക്കപ്പെട്ടതും നിലവാരമുള്ളതുമായ സേവനങ്ങള്‍ നല്‍കാന്‍ ശ്രമിക്കുന്ന ഉത്തര്‍പ്രദേശിലെ സമഗ്രവും നിക്ഷേപക കേന്ദ്രീകൃതവും സേവനാധിഷ്ഠിതവുമായ നിക്ഷേപ പരിസ്ഥിതിയാണ് ഇന്‍വെസ്റ്റര്‍ യു.പി 2.0

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi