2021 നവംബർ 20-21 തീയതികളിൽ ലഖ്‌നൗവിൽ നടന്ന ഡി ജി പി മാരുടെയും ഐ ജി മാരുടെയും 56-ാമത്
സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുത്തു. സംസ്ഥാനങ്ങളിലെ/കേന്ദ്രഭരണ പ്രദേശങ്ങളിലെ 62 ഡി ജി പി/ഐ ജി മാരും കേന്ദ്ര സായുധ പോലീസ് സേനകൾ /കേന്ദ്ര പോലീസ് സംഘടനകൾ എന്നിവയിലെ ഡി ജി മാരും ലഖ്‌നൗവിൽ പങ്കെടുത്തു. രാജ്യത്തുടനീളമുള്ള ഐബി ഓഫീസുകളിൽ നിന്ന് വിവിധ റാങ്കുകളിലുള്ള 400-ലധികം ഉദ്യോഗസ്ഥർ കോൺഫറൻസിൽ പങ്കെടുത്തു.
ഇന്ന് ഉച്ചതിരിഞ്ഞ് നടന്ന കോൺഫറൻസിന്റെ സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, പോലീസുമായി ബന്ധപ്പെട്ട എല്ലാ സംഭവങ്ങളും വിശകലനം ചെയ്യാനും കേസ് സ്റ്റഡികൾ വികസിപ്പിക്കാനും അത് ഒരു സ്ഥാപനവൽക്കരിച്ച പഠന സംവിധാനമാക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. വിവിധ റാങ്കുകൾക്കിടയിൽ സ്വതന്ത്രമായ വിവരങ്ങളുടെ ഒഴുക്ക് അനുവദിച്ച സമ്മേളനത്തിന്റെ ഹൈബ്രിഡ് രൂപത്തെ അദ്ദേഹം അഭിനന്ദിച്ചു, . രാജ്യത്തുടനീളമുള്ള പോലീസ് സേനയ്ക്ക് പ്രയോജനം ചെയ്യുന്ന പരസ്പരപ്രവർത്തനക്ഷമതയുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. അടിസ്ഥാനത്താളത്തിലെ പോലീസിംഗ് ആവശ്യകതകൾക്കായി ഭാവി സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ഒരു ഉന്നതാധികാര പോലീസ് ടെക്നോളജി മിഷൻ രൂപീകരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ ജീവിതത്തിൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി കോവിൻ ജെം , യു പി ഐ എന്നിവയുടെ ഉദാഹരണങ്ങൾ നൽകി. പൊതുജനങ്ങളോടുള്ള, പ്രത്യേകിച്ച് കോവിഡിന് ശേഷമുള്ള പോലീസിന്റെ മനോഭാവത്തിൽ വന്ന നല്ല മാറ്റത്തെ അദ്ദേഹം അഭിനന്ദിച്ചു. ജനങ്ങളുടെ പ്രയോജനത്തിനായി ഡ്രോൺ സാങ്കേതികവിദ്യ നല്ല രീതിയിൽ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 2014-ൽ അവതരിപ്പിച്ച സ്മാർട്ട് പോലീസിംഗ് ആശയത്തിന്റെ അവലോകനത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു, പോലീസ് സേനയിൽ അതിന്റെ തുടർച്ചയായ പരിവർത്തനത്തിനും സ്ഥാപനവൽക്കരണത്തിനും ഒരു മാർഗ്ഗരേഖ വികസിപ്പിക്കാൻ നിർദ്ദേശിച്ചു. പോലീസ് അഭിമുഖീകരിക്കുന്ന പതിവ് വെല്ലുവിളികളെ നേരിടാൻ, ഹാക്കത്തോണിലൂടെ സാങ്കേതിക പരിഹാരങ്ങൾ തേടുന്നതിന് ഉയർന്ന യോഗ്യതയുള്ള യുവാക്കളെ ഉൾപ്പെടുത്താൻ അദ്ദേഹം അഭ്യർത്ഥിച്ചു.
സമ്മേളനത്തിലെ ചർച്ചകളിൽ പ്രധാനമന്ത്രി പങ്കെടുക്കുകയും വിലപ്പെട്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. സമ്മേളനത്തിന് മുന്നോടിയായി, ജയിൽ പരിഷ്‌കരണങ്ങൾ, ഭീകരവാദം, ഇടതു തീവ്രവാദം, സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, ഗവൺമെന്റിതര സംഘടനകൾക്കുള്ള വിദേശ ധനസഹായം, ഡ്രോണുമായി ബന്ധപ്പെട്ട കാര്യങ്ങൾ, അതിർത്തി ഗ്രാമങ്ങളുടെ വികസനം തുടങ്ങി ദേശീയ സുരക്ഷയുടെ പ്രധാന വശങ്ങളെക്കുറിച്ച് ചർച്ചകൾ നടത്താൻ ഡി ജി പി മാരുടെ വിവിധ പ്രധാന ഗ്രൂപ്പുകൾ രൂപീകരിച്ചു.
ഐബി ഉദ്യോഗസ്ഥർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും പ്രധാനമന്ത്രി സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ആദ്യമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥർ സമകാലിക സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ലേഖനങ്ങൾ സമർപ്പിച്ചത് സമ്മേളനത്തിന് കൂടുതൽ മൂല്യം നൽകി.
നേരത്തെ, 2021 നവംബർ 19 ന് കേന്ദ്ര ആഭ്യന്തര മന്ത്രി സമ്മേളനം ഉദ്ഘാടനം ചെയ്തു, അതിൽ രാജ്യത്തെ മൂന്ന് മികച്ച പോലീസ് സ്റ്റേഷനുകൾക്ക് ട്രോഫികൾ നൽകി. ആഭ്യന്തരമന്ത്രി എല്ലാ ചർച്ചകളിലും പങ്കെടുക്കുകയും വിലയേറിയ നിർദേശങ്ങളും മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു.