“നമ്മുടെ ഗവൺമെന്റ് അടിസ്ഥാനസൗകര്യങ്ങൾ കെട്ടിപ്പടുക്കുന്ന വേഗതയും തോതും അഭൂതപൂർവമാണ്”
“ഇന്നു നാം ചർച്ച ചെയ്യുന്നത് വികസിത ഭാരതത്തിലേക്കുള്ള യാത്രയെക്കുറിച്ചാണ്. ഇത് വൈകാരികമായ മാറ്റത്തെ മാത്രമല്ല, ആത്മവിശ്വാസത്തിലെ മാറ്റത്തെയും പ്രതിഫലിപ്പിക്കുന്നു.”
“ഇന്ത്യയുടെ വളർച്ചയും സ്ഥിരതയും ഈ അനിശ്ചിതത്വമാർന്ന ലോകത്തിന് അപവാദമാണ്”
“നമ്മുടെ എല്ലാ പൗരന്മാർക്കും ‘ജീവിതസൗകര്യങ്ങളും’ ‘ജീവിതനിലവാരവും’ നമ്മൾ ഉറപ്പാക്കുന്നു”
“മഹാമാരിക്കിടയിലും ഇന്ത്യ പ്രദർശിപ്പിച്ച സാമ്പത്തിക വിവേകം ലോകത്തിന് മാതൃകയാണ്”
“നമ്മുടെ ഗവണ്മെന്റിന്റെ ഉദ്ദേശ്യവും പ്രതിബദ്ധതയും വളരെ വ്യക്തമാണ്. നമ്മുടെ ദിശയിൽ വ്യതിചലനമേതുമില്ല”
“നമ്മുടെ ഗവണ്മെന്റിനു രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമില്ല. നമ്മെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെയും പൗരന്മാരുടെയും അഭിലാഷങ്ങളാണ് പരമപ്രധാനം”
“വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള കരുത്തുറ്റ മാധ്യമമായി വ്യവസായത്തെയും ഇന്ത്യയിലെ സ്വകാര്യമേഖലയെയും നാം കണക്കാക്കുന്നു”

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഇന്ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ സംഘടിപ്പിച്ച ‘വികസിത ഭാരതത്തിലേക്കുള്ള യാത്ര: കേന്ദ്ര ബജറ്റ് 2024-25-ന് ശേഷമുള്ള സമ്മേളന’ത്തിന്റെ  ഉദ്ഘാടനയോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. വളർച്ചയ്ക്കും വ്യവസായത്തിന്റെ പങ്കിനുമുള്ള ഗവൺമെന്റിന്റെ വലിയ കാഴ്ചപ്പാടിന്റെ രൂപരേഖ അവതരിപ്പിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. വ്യവസായം, ഗവൺമെന്റ്, നയതന്ത്ര സമൂഹം, ചിന്തകർ എന്നീ മേഖലകളിൽനിന്നുള്ള ആയിരത്തിലധികം പേർ സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തു. രാജ്യത്തുടനീളവും വിദേശത്തുമുള്ള വിവിധ സിഐഐ കേന്ദ്രങ്ങളിൽനിന്നും നിരവധി പേർ സമ്മേളനത്തിന്റെ ഭാഗമായി.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാജ്യത്തെ പൗരന്മാർ സ്ഥിരത കൈവരിക്കുകയും ഉത്സാഹഭരിതരാകുകയും ചെയ്യുമ്പോൾ രാഷ്ട്രത്തിന് ഒരിക്കലും പിന്നോട്ട് പോകാനാകില്ലെന്ന് സദസിനെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിനെ അഭിസംബോധന ചെയ്യാൻ ക്ഷണിച്ചതിന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിക്ക് (സിഐഐ) അദ്ദേഹം നന്ദി രേഖപ്പെടുത്തി.

 

വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ സംബന്ധിച്ച് വ്യവസായ സമൂഹവുമായി മഹാമാരിക്കാലത്തു നടത്തിയ ചർച്ചകൾ പരാമർശിച്ച പ്രധാനമന്ത്രി, അന്ന് താൻ പ്രകടിപ്പിച്ച ശുഭാപ്തിവിശ്വാസം ഓർമ്മിക്കുകയും രാജ്യം ഇന്ന് സാക്ഷ്യം വഹിക്കുന്ന അതിവേഗ വളർച്ച പരാമർശിക്കുകയും ചെയ്തു. “ഇന്ന് നാം ചർച്ച ചെയ്യുന്നത് വികസിത ഭാരതത്തിലേക്കുള്ള യാത്രയാണ്. ഇത് വൈകാരികമായ മാറ്റത്തെ മാത്രമല്ല; ആത്മവിശ്വാസത്തിലെ മാറ്റത്തെയും പ്രതിഫലിപ്പിക്കുന്നു”- ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ എന്ന നിലയിലുള്ള ഇന്ത്യയുടെ സ്ഥാനം ആവർത്തിച്ച് അദ്ദേഹം പറഞ്ഞു. മൂന്നാം സ്ഥാനത്തേക്ക് അതിവേഗം കുതിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

2014ൽ നിലവിലെ ഗവണ്മെന്റ് അധികാരത്തിൽ വന്ന സമയത്തെ പ്രധാനമന്ത്രി അനുസ്മരിക്കുകയും സമ്പദ്‌വ്യവസ്ഥ തിരിച്ചുകൊണ്ടുവരുന്നതിനായുള്ള കാലഘട്ടത്തിന്റെ ആവശ്യകത ഉയർത്തിക്കാട്ടുകയും ചെയ്തു. 2014-ന് മുമ്പുള്ള കാലഘട്ടത്തിൽ രാജ്യം ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ ഉൾപ്പെടുകയും ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതിയും കുംഭകോണങ്ങളും കൊണ്ട് തകർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധവളപത്രത്തിൽ ഗവണ്മെന്റ് വിവരിച്ച സാമ്പത്തിക സാഹചര്യങ്ങളുടെ പ്രത്യേകതകൾ പരിശോധിക്കാതെ, രേഖ അവലോകനം ചെയ്യാനും മുൻകാല സാമ്പത്തിക സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാനും പ്രധാനമന്ത്രി വ്യവസായ പ്രമുഖരെയും സംഘടനകളെയും പ്രോത്സാഹിപ്പിച്ചു. നിലവിലെ ഗവൺമെന്റ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോയെന്നും കടുത്ത പ്രതിസന്ധിയിൽ നിന്ന് കരകയറ്റിയെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ അവതരിപ്പിച്ച ബജറ്റിലെ ചില ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നിലവിലെ 48 ലക്ഷം കോടി രൂപയുടെ ബജറ്റിനെ 2013-14 ലെ 16 ലക്ഷം കോടി രൂപയുടെ ബജറ്റുമായി താരതമ്യം ചെയ്തു. മൂന്നിരട്ടി വർധന അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭവ നിക്ഷേപത്തിന്റെ ഏറ്റവും വലിയ അളവുകോലായിരുന്ന മൂലധനച്ചെലവ് 2004-ൽ 90,000 കോടി രൂപയായിരുന്നു. ഇത് 2014 വരെയുള്ള 10 വർഷത്തിനുള്ളിൽ 2 ലക്ഷം കോടിയെന്ന നിലയിൽ രണ്ടു മടങ്ങ് വർധിച്ചു. താരതമ്യപ്പെടുത്തുമ്പോൾ, ഈ സുപ്രധാന സൂചി‌ക ഇന്ന് 5 മടങ്ങ് വർധനയോടെ 11 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലകളെയും പരിപാലിക്കാൻ തന്റെ ഗവണ്മെന്റ് ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്ന് ആവർത്തിച്ച പ്രധാനമന്ത്രി, “നിങ്ങൾ വിവിധ മേഖലകൾ നോക്കുകയാണെങ്കിൽ, അവ ഓരോന്നിലും ഇന്ത്യ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ധാരണലഭിക്കും” എന്നു വ്യക്തമാക്കി. കഴിഞ്ഞ 10 വർഷത്തിനിടെ റെയിൽവേയുടെയും ഹൈവേയുടെയും ബജറ്റ് 8 മടങ്ങ് വർധിച്ചതായി മുൻ ഗവണ്മെന്റുമായി താരതമ്യം ചെയ്തു ശ്രീ മോദി പറഞ്ഞു. അതോടൊപ്പം, കാർഷിക-പ്രതിരോധ ബജറ്റുകൾ യഥാക്രമം 4, 2 മടങ്ങ് വർധനയ്ക്കു സാക്ഷ്യം വഹിച്ചു.

 

നികുതിയിൽ റെക്കോർഡ് ഇളവുകൾക്ക് ശേഷമാണ് എല്ലാ മേഖലയുടെയും ബജറ്റിൽ റെക്കോർഡ് വർധന ഉണ്ടായതെന്നു പ്രധാനമന്ത്രി പറഞ്ഞു. “2014ൽ ഒരു കോടി രൂപ വരുമാനമുള്ള എംഎസ്എംഇകൾ അനുമാന നികുതി അടയ്ക്കേണ്ടിയിരുന്നു, ഇപ്പോൾ മൂന്ന് കോടി രൂപ വരെ വരുമാനമുള്ള എംഎസ്എംഇകൾക്കും ഇത് പ്രയോജനപ്പെടുത്താം” - പ്രധാനമന്ത്രി അറിയിച്ചു. 2014ൽ 50 കോടി രൂപ വരെ വരുമാനമുള്ള എംഎസ്എംഇകൾക്ക് 30 ശതമാനം നികുതി അടയ്‌ക്കേണ്ടി വന്നിരുന്നെങ്കിൽ ഇന്ന് ഇത് 22 ശതമാനമാണ്. 2014ൽ കമ്പനികൾ 30 ശതമാനം കോർപ്പറേറ്റ് നികുതി അടച്ചിരുന്നുവെങ്കിൽ ഇന്ന് 400 കോടി രൂപ വരെ വരുമാനമുള്ള കമ്പനികൾക്ക് ഈ നിരക്ക് 25 ശതമാനമാണ്.

ബജറ്റ് വിഹിതത്തേയും നികുതി കുറയ്ക്കലിനേയും കുറിച്ചുള്ളത് മാത്രമല്ല ഈ കേന്ദ്ര ബജറ്റെന്നും അത്, മികച്ച ഭരണത്തെക്കുറിഞ്ഞ് കൂടിയുള്ളതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആരോഗ്യകരമായ സമ്പദ്വ്യവസ്ഥയുടെ മുഖച്ഛായ സൃഷ്ടിക്കുന്നതിനായി ബജറ്റുകളില്‍ 2014-ന് മുന്‍പ് വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നതായി ശ്രീ മോദി അനുസ്മരിച്ചു. എന്നാല്‍, നടപ്പാക്കലിന്റെ ഘട്ടം വരുമ്പോള്‍ ആ പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വെളിച്ചം കണ്ടിരുന്നില്ല. അടിസ്ഥാന സൗകര്യവികസനത്തിനായി അനുവദിച്ച തുക പോലും പൂര്‍ണമായി ചെലവഴിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല, പക്ഷേ പ്രഖ്യാപനങ്ങളുടെ സമയത്ത് തലക്കെട്ടുകള്‍ ഉണ്ടാക്കിയിരുന്നു. ഓഹരിവിപണികളില്‍ ചെറിയ കുതിച്ചുചാട്ടങ്ങള്‍ കാണപ്പെടാറുണ്ടായിരുന്നെങ്കിലും, അവരുടെ ഗവണ്‍മെന്റുകള്‍ ഒരിക്കലും പദ്ധതികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കിയിരുന്നില്ല. ''കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ഈ അവസ്ഥ ഞങ്ങള്‍ മാറ്റി. ഓരോ അടിസ്ഥാന സൗകര്യ പദ്ധതികളും ഞങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേഗതയും വ്യാപ്തിയും നിങ്ങള്‍ എല്ലാവരും കാണുന്നതാണ്'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു.
നിലവിലെ ആഗോള സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങളെ പരാമര്‍ശിച്ച  പ്രധാനമന്ത്രി അതിനപവാദമായി ഇന്ത്യയുടെ വളര്‍ച്ചയുടെയും സ്ഥിരതയും ഉയര്‍ത്തിക്കാട്ടി. ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ശക്തമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതാണ്, കുറഞ്ഞ വളര്‍ച്ചയും ഉയര്‍ന്ന പണപ്പെരുപ്പവും ഉള്ള ആഗോള സാഹചര്യത്തില്‍ ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചയും കുറഞ്ഞ പണപ്പെരുപ്പവുമാണ് കാണിക്കുന്നത്. മഹാമാരിയുടെ സമയത്തെ ഇന്ത്യയുടെ സാമ്പത്തിക കാര്യക്ഷമത ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള ചരക്ക് സേവന കയറ്റുമതിയില്‍ ഇന്ത്യയുടെ സംഭാവന തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മഹാമാരി, പ്രകൃതി ദുരന്തങ്ങള്‍, യുദ്ധങ്ങള്‍ തുടങ്ങി കാര്യമായ ആഗോള ആഘാതങ്ങള്‍ക്കിടയിലും ആഗോള വളര്‍ച്ചയില്‍ ഇന്ത്യയുടെ സംഭാവന 16 ശതമാനത്തില്‍ എത്തിയിട്ടുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
''വികസിത് ഭാരത് എന്ന ദൃഢനിശ്ചയത്തോടൊപ്പം രാഷ്ട്രം മുന്നേറുകയാണ്'', കഴിഞ്ഞ 10 വര്‍ഷത്തിനിടെ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറിയതായി പരാമര്‍ശിച്ചുകൊണ്ടും ജീവിത സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിത നിലവാരം ഉയര്‍ത്തുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ പരിശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കികൊണ്ടും പ്രധാനമന്ത്രി മോദി പറഞ്ഞു.

 

വ്യവസായ 4.0 മാനദണ്ഡങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നൈപുണ്യ വികസനത്തിലും തൊഴിലവസരങ്ങളിലും ഗവണ്‍മെന്റ് വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുദ്ര യോജന, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ സംഘടിതപ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങള്‍ നല്‍കിയ പ്രധാനമന്ത്രി, 8 കോടിയിലധികം ജനങ്ങൾ  പുതിയ ബിസിനസുകള്‍ ആരംഭിച്ചതായും അറിയിച്ചു. ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന 1.40 ലക്ഷം സ്റ്റാര്‍ട്ടപ്പുകളുടെ നാടാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ ബജറ്റില്‍ ഏറെ പ്രശംസ നേടിയ 2 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി പാക്കേജിനെ പരാമര്‍ശിച്ച പ്രധാനമന്ത്രി 4 കോടിയിലധികം യുവാക്കള്‍ക്ക് ഇത് പ്രയോജനപ്പെടുമെന്നും പറഞ്ഞു. ''പ്രധാനമന്ത്രിയുടെ പാക്കേജ് എല്ലാം ഉള്‍ക്കൊള്ളുന്നതും സമഗ്രവുമാണ്. ഇത് എന്‍ഡ്-ടു-എന്‍ഡ് സൊല്യൂഷനുകളുമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതുമാണ്'' പ്രധാനമന്ത്രി വിശദീകരിച്ചു. ഗുണനിലവാരത്തിലും മൂല്യത്തിലും ഇന്ത്യയുടെ മാനവശേഷിയേയും ഉല്‍പ്പന്നങ്ങളേയും ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാക്കുകയാണ് പി.എം. പാക്കേജിന്റെ ലക്ഷ്യമെന്ന് ഇതിനെക്കുറിച്ച് പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. യുവാക്കള്‍ക്ക് നൈപുണ്യവും എക്‌സ്‌പോഷറും മെച്ചപ്പെടുത്താനും അതുവഴി അവരുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനും അതോടൊപ്പം വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് പ്രോത്സാഹിപ്പിക്കുന്നതിനുമായി അവതരിപ്പിച്ച ഇന്റേണ്‍ഷിപ്പ് പദ്ധതിയേയും ശ്രീ മോദി സ്പര്‍ശിച്ചു. അതുകൊണ്ടാണ് ഇ.പി.എഫ്.ഒ സംഭാവനയില്‍ ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗവണ്‍മെന്റിന്റെ ഉദ്ദേശ്യവും പ്രതിബദ്ധതയും വളരെ വ്യക്തമാണെന്നും അതിന്റെ ദിശയില്‍ ഒരു വ്യതിചലനമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥാ ലക്ഷ്യം, പരിപൂര്‍ണ്ണതാ സമീപനം, സീറോ ഇഫക്റ്റ്-സീറോ ഡിഫെക്റ്റിന്റെ ഊന്നല്‍, ആത്മനിര്‍ഭര്‍ ഭാരത് അല്ലെങ്കില്‍ വികസിത് ഭാരത് പ്രതിജ്ഞ എന്നിവയില്‍ രാഷ്ട്രം ആദ്യം എന്ന പ്രതിബദ്ധത പ്രതിഫലിക്കുന്നു. പദ്ധതികളുടെ വിപുലീകരണത്തിലും നിരീക്ഷണത്തിലുമുള്ള ശ്രദ്ധയും ഊന്നലും അദ്ദേഹം എടുത്തുകാട്ടുകയും ചെയ്തു.

ബജറ്റില്‍ ഉല്‍പ്പാദനത്തിന്റെ വശത്തിലും പ്രധാനമന്ത്രി സ്പര്‍ശിച്ചു. മേക്ക് ഇന്‍ ഇന്ത്യ, വിവിധ മേഖലകളിലെ എഫ്.ഡി.ഐ നിയമങ്ങള്‍ ലളിതമാക്കല്‍, വിവിധോദ്ദേശ്യ ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, 14 മേഖലകള്‍ക്കുള്ള പി.എല്‍.ഐ എന്നിവ അദ്ദേഹം പരാമര്‍ശിച്ചു. ഈ ബജറ്റ് രാജ്യത്തെ 100 ജില്ലകളില്‍ പ്ലഗ് ആന്‍ഡ് പ്ലേ നിക്ഷേപത്തിന് തയ്യാറുള്ള നിക്ഷേപ പാര്‍ക്കുകള്‍ പ്രഖ്യാപിച്ചു. ''ഈ 100 നഗരങ്ങള്‍ വികസിത് ഭാരതത്തിന്റെ പുതിയ കേന്ദ്രങ്ങളായി മാറും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലുള്ള വ്യവസായ ഇടനാഴികള്‍ നവീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

 

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ (എംഎസ്എംഇ) മന്ത്രാലയത്തെ ശാക്തീകരിക്കാനുള്ള തന്റെ ഗവണ്‍മെന്റിന്റെ വീക്ഷണം പങ്കുവച്ച പ്രധാനമന്ത്രി, അവര്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ മനസ്സിലാക്കുന്നുവെന്നും അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുമെന്നും പറഞ്ഞു. 'എംഎസ്എംഇകള്‍ക്ക് ആവശ്യമായ പ്രവര്‍ത്തന മൂലധനവും വായ്പയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 2014 മുതല്‍ ഞങ്ങള്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു; അവരുടെ വിപണി പ്രവേശനവും സാധ്യതകളും മെച്ചപ്പെടുത്തുകയും അവ ശരിയായ വിധമാക്കുകയും ചെയ്യുന്നു,' ശ്രീ മോദി പറഞ്ഞു. നികുതി ഇളവിനെയും അവര്‍ക്കുമേലുള്ള അമിത ഭാരം ലഘൂകരിച്ചതിനേയും കുറിച്ചും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ആണവോര്‍ജ്ജ ഉല്‍പ്പാദനത്തിനുള്ള വര്‍ധിച്ച വിഹിതം, കൃഷിക്ക് ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം, കര്‍ഷകരുടെ ഭൂമിക്ക് നമ്പര്‍ നല്‍കുന്നതിന് ഭൂ-ആധാര്‍ കാര്‍ഡ്, ബഹിരാകാശ സമ്പദ് വ്യവസ്ഥയ്ക്ക് 1000 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്, ക്രിട്ടിക്കല്‍ മിനറല്‍ മിഷന്‍,ഖനനത്തിനായി ഓഫ്ഷോര്‍ ബ്ലോക്കുകളുടെ വരാനിരിക്കുന്ന ലേലം തുടങ്ങി ബജറ്റില്‍ പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. ഈ പുതിയ പ്രഖ്യാപനങ്ങള്‍ പുരോഗതിയുടെ പുതിയ വഴികള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്നതിനാല്‍, പ്രത്യേകിച്ച് ഉദിച്ചുയരുന്ന പുതിയ മേഖലകളില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുവെന്ന് എടുത്തുകാണിച്ച പ്രധാനമന്ത്രി, ഭാവിയില്‍ അര്‍ദ്ധചാലക മൂല്യ ശൃംഖലയില്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. അതുകൊണ്ട് അര്‍ദ്ധചാലക വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രത്യേകിച്ച് മൊബൈല്‍ നിര്‍മ്മാണ വിപ്ലവത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍  ഇലക്ട്രോണിക്‌സ് നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. മുന്‍കാലങ്ങളില്‍ ഒരു ഇറക്കുമതിരാജ്യം എന്ന നിലയില്‍ നിന്ന് ഇന്ത്യ എങ്ങനെ മികച്ച മൊബൈല്‍ നിര്‍മ്മാതാവും കയറ്റുമതിക്കാരനുമായി രൂപാന്തരപ്പെട്ടു എന്നതിന് അദ്ദേഹം ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഹരിത ഹൈഡ്രജന്‍, ഇ-വാഹന വ്യവസായങ്ങള്‍ എന്നിവയെ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയിലെ ഹരിത തൊഴില്‍ മേഖലയ്ക്കുള്ള റോഡ് മാപ്പും പ്രധാനമന്ത്രി മോദി പരാമര്‍ശിച്ചു.  ഈ വര്‍ഷത്തെ ബജറ്റിലെ ശുദ്ധ ഊര്‍ജ സംരംഭങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി, ഇന്നത്തെ കാലഘട്ടത്തില്‍ ഊര്‍ജ്ജ സുരക്ഷയും ഊര്‍ജ പരിവര്‍ത്തനവും സമ്പദ്വ്യവസ്ഥയ്ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രാധാന്യമുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ചെറുകിട ആണവ റിയാക്ടറുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പരാമര്‍ശിച്ചുകൊണ്ട്, ഊര്‍ജ ലഭ്യതയുടെ രൂപത്തില്‍ വ്യവസായത്തിന് ഇത് ഗുണം ചെയ്യുമെന്ന് മാത്രമല്ല, ഈ മേഖലയുമായി ബന്ധപ്പെട്ട മുഴുവന്‍ വിതരണ ശൃംഖലയ്ക്കും പുതിയ വ്യവസായ അവസരങ്ങള്‍ ലഭിക്കുമെന്നും ശ്രീ മോദി പറഞ്ഞു.  'നമ്മുടെ വ്യവസായങ്ങളും സംരംഭകരും രാജ്യത്തിന്റെ വികസനത്തില്‍ തങ്ങളുടെ പ്രതിബദ്ധത എല്ലായ്പ്പോഴും പ്രകടമാക്കിയിട്ടുണ്ട്', എല്ലാ മേഖലകളിലും ഇന്ത്യയെ ആഗോള പങ്കാളി ആക്കുന്നതില്‍ അവര്‍ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

 

നമ്മുടെ ഗവണ്‍മെന്റിന് രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവൊന്നുമില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നമ്മെ സംബന്ധിച്ചിടത്തോളം രാജ്യത്തിന്റെയും പൗരന്മാരുടെയും അഭിലാഷങ്ങളാണ് പരമപ്രധാനം.  ഇന്ത്യയുടെ സ്വകാര്യമേഖലയെ ഒരു വികസിത ഭാരതം സൃഷ്ടിക്കുന്നതിനുള്ള ശക്തമായ മാധ്യമമെന്ന് വിളിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ വളര്‍ച്ചാ ഗാഥയുടെ പ്രധാന ചാലകശക്തി വിഭവങ്ങള്‍ സൃഷ്ടിക്കുന്നവരാണെന്ന് പറഞ്ഞു.  ഇന്ത്യയുടെ നയങ്ങള്‍, പ്രതിബദ്ധത, ദൃഢനിശ്ചയം, തീരുമാനങ്ങള്‍, നിക്ഷേപങ്ങള്‍ എന്നിവ ആഗോള പുരോഗതിയുടെ അടിസ്ഥാനമായി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു.  ആഗോള നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന താല്‍പര്യം ചൂണ്ടിക്കാട്ടി, നിക്ഷേപ സൗഹൃദ രൂപരേഖകള്‍ സൃഷ്ടിക്കുന്നതിനും നിക്ഷേപ നയങ്ങളില്‍ വ്യക്തത കൊണ്ടുവരുന്നതിനും നിക്ഷേപത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായുള്ള തന്റെ ആഹ്വാനത്തേക്കുറിച്ച് നിതി ആയോഗ് അടുത്തിടെ നടത്തിയ യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരെ പ്രധാനമന്ത്രി അറിയിച്ചിരുന്നു.  .  

കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിര്‍മല സീതാരാമന്‍, കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍, കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) പ്രസിഡന്റ് ശ്രീ സഞ്ജീവ് പുരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi