“ഇന്ത്യയുടെ ചാന്ദ്രദൗത്യം ശാസ്ത്രത്തിന്റെയും വ്യവസായത്തിന്റെയും വിജയമാണ്”
“ബി-20 ന്റെ പ്രമേയമായ ‘റൈസിൽ’ (RAISE) ‘I’ എന്നത് നൂതനത്വത്തെ (Innovation) പ്രതിനിധാനം ചെയ്യുന്നു. അതിനൊപ്പം മറ്റൊരു ‘I’ കൂടി ഞാൻ കാണുന്നു – ഉൾച്ചേർക്കൽ (Inclusiveness)”
“നമ്മുടെ നിക്ഷേപത്തിൽ ഏറ്റവുമധികം ആവശ്യമുള്ളത് ‘പരസ്പരവിശ്വാസമാണ്’”
“ആഗോള വളർച്ചയുടെ ഭാവി വ്യവസായത്തിന്റെ ഭാവിയെ ആശ്രയിച്ചിരിക്കുന്നു”
“കാര്യക്ഷമവും വിശ്വസനീയവുമായ ആഗോള വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിൽ ഇന്ത്യക്ക് സുപ്രധാന സ്ഥാനമുണ്ട്”
“സുസ്ഥിരത അവസരവും ഒപ്പം വ്യവസായ മാതൃകയുമാണ്”
“‘ഗ്രഹസൗഹൃദ’ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങൾക്കായി ‘ഗ്രീൻ ക്രെഡിറ്റി’ന്റെ ചട്ടക്കൂട് ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്”
“സ്വയം കേന്ദ്രീകൃത സമീപനം ഏവരേയും ദോഷകരമായി ബാധിക്കുമെന്നതിനാൽ കൂടുതൽ പേരുടെ വാങ്ങൽ ശേഷി മെച്ചപ്പെടുത്തുന്നതിൽ വ്യവസായങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണം”
“‘അന്താരാഷ്ട്ര ഉപഭോക്തൃ സംരക്ഷണ ദിന’ത്തിനായുള്ള സംവിധാനത്തെക്കുറിച്ച് നാം തീർച്ചയായും ചിന്തിക്കണം. ഇത് വ്യവസായങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള വിശ്വാസത്തിനു കരുത്തേകാൻ സഹായിക്കും”
“ക്രിപ്‌റ്റോകറൻസികളുമായി ബന്ധപ്പെട്ട് കൂടുതൽ സംയോജിതമായ സമീപനം ആവശ്യമാണ്”
“ധാർമിക നിർമിതബുദ്ധി പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആഗോള വ്യാവസായിക സമൂഹങ്ങളും ഗവൺമെന്റുകളും കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ട്”
“പരസ്പരബന്ധിതമായ ലോകം എന്നതുകൊണ്ട് അർഥമാക്കുന്നത് കൂട്ടായ ഉദ്ദേശ്യങ്ങളും പങ്കുവയ്ക്കപ്പെട്ട ഗ്രഹവും കൂട്ടായ സമൃദ്ധിയും കൂട്ടായ ഭാവിയുമാണ്”

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ബി 20 ഉച്ചകോടി ഇന്ത്യ 2023 നെ അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, വിദഗ്ധർ എന്നിവരെ  ബി 20 ഇന്ത്യ വിജ്ഞാപനത്തെക്കുറിച്ച് ആലോചിക്കാനും ചർച്ച ചെയ്യാനും ബി20 ഉച്ചകോടി കൂട്ടിയോജിപ്പിക്കുന്നു. ജി 20ക്ക് സമർപ്പിക്കുന്നതിനുള്ള 54 ശുപാർശകളും നയപരമായ 172 നടപടികളും ബി20 ഇന്ത്യ വിജ്ഞാപനത്തിൽ ഉൾപ്പെടുന്നു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ ദൗത്യം വിജയകരമായ ലാൻഡിങ് നടത്തിയതിന്റെ ആഘോഷ നിമിഷത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഉത്സവവേള പുരോഗമിക്കുകയാണെന്നും സമൂഹവും വ്യവസായവും ആഘോഷത്തിന്റെ മാനസികാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. വിജയകരമായ ചാന്ദ്ര ദൗത്യത്തിൽ ഐഎസ്ആർഒയുടെ പങ്ക് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ചന്ദ്രയാന്റെ പല ഘടകങ്ങളും സ്വകാര്യമേഖലയും എംഎസ്എംഇകളുമാണ് നൽകിയത് എന്നതിനാൽ ദൗത്യത്തിൽ വ്യവസായത്തിന്റെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ഇത് ശാസ്ത്രത്തിന്റെയും വ്യവസായത്തിന്റെയും വിജയമാണ്”- അദ്ദേഹം പറഞ്ഞു.

 

ഇന്ത്യക്കൊപ്പം ലോകം മുഴുവൻ ആഘോഷിക്കുകയാണെന്നും ഉത്തരവാദിത്വമുള്ള ബഹിരാകാശ പരിപാടി നടത്തുന്നതിനെക്കുറിച്ചാണ് ഈ ആഘോഷമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ ബി 20 യുടെ പ്രമേയമായ ഉത്തരവാദിത്വം, ത്വരിതപ്പെടുത്തൽ, നവീകരണം, സുസ്ഥിരത, സമത്വം എന്നിവയെക്കുറിച്ചാണ് ആഘോഷങ്ങളെന്ന് പ്രധാനമന്ത്രി പറഞ്ഞു. അത് മാനവികതയെക്കുറിച്ചും ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നിവയെക്കുറിച്ചുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബി 20 പ്രമേയമായ ‘R.A.I.S.E.’നെക്കുറിച്ചു പരാമർശിക്കവേ, ‘I’ എന്നത് നൂതനത്വത്തെ (Innovation) പ്രതിനിധാനം ചെയ്യുന്നുണ്ടെങ്കിലും ഏവരെയും ഉൾക്കൊള്ളുന്ന മറ്റൊരു ‘I’-യെ (Inclusiveness) ആണ് താൻ ചിത്രീകരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജി20യിലെ സ്ഥിരാംഗമായി ആഫ്രിക്കൻ യൂണിയനെ ക്ഷണിക്കുമ്പോഴും ഇതേ കാഴ്ചപ്പാട് പ്രയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ബി 20യിൽ പോലും, ആഫ്രിക്കയുടെ സാമ്പത്തിക വികസനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഈ വേദിയുടെ സമഗ്രമായ സമീപനം ഈ സംഘത്തിൽ നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു. ഇവിടെ കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ വിജയം ആഗോള സാമ്പത്തിക വെല്ലുവിളികളെ നേരിടുന്നതിലും സുസ്ഥിര വളർച്ച സൃഷ്ടിക്കുന്നതിലും നേരിട്ട് സ്വാധീനം ചെലുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന ദുരന്തത്തിൽ നിന്ന്, അതായത് കോവിഡ് -19 മഹാമാരിയിൽ നിന്ന്, പഠിച്ച പാഠങ്ങളെക്കുറിച്ച് സംസാരിച്ച ശ്രീ മോദി, നമ്മുടെ നിക്ഷേപത്തിൽ ഏറ്റവുമധികം ആവശ്യമുള്ളത് ‘പരസ്പര വിശ്വാസമാണ്’ എന്നാണ് ഈ മഹാമാരി നമ്മെ പഠിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി. മഹാമാരി പരസ്പര വിശ്വാസത്തിന്റെ സൗധം തകർത്തപ്പോൾ, പരസ്പര വിശ്വാസത്തിന്റെ പതാക ഉയർത്തി ആത്മവിശ്വാസത്തോടെയും വിനയത്തോടെയും ഇന്ത്യ നിലകൊണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്റെ ഔഷധശാല എന്ന പദവിക്ക് അനുസൃതമായി നിലകൊള്ളുന്ന ഇന്ത്യ 150-ലധികം രാജ്യങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതുപോലെ, കോടിക്കണക്കിന് ജീവനുകൾ രക്ഷിക്കാൻ വാക്സിൻ ഉൽപ്പാദനം വർധിപ്പിച്ചു. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ അതിന്റെ പ്രവർത്തനത്തിലും പ്രതികരണത്തിലും പ്രകടമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇന്ത്യയിലെ 50-ലധികം നഗരങ്ങളിൽ നടന്ന ജി20 യോഗങ്ങളിൽ ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങൾ പ്രകടമാണ്” - അദ്ദേഹം പറഞ്ഞു.

 

ആഗോള വ്യാവസായിക സമൂഹത്തിന് ഇന്ത്യയുമായുള്ള പങ്കാളിത്തത്തിലുള്ള ആകർഷണീയതയെക്കുറിച്ചു വ്യക്തമാക്കിയ പ്രധാനമന്ത്രി, ഇന്ത്യയുടെ യുവ പ്രതിഭകളെയും ഡിജിറ്റൽ വിപ്ലവത്തെയും പരാമർശിച്ചു. “ഇന്ത്യയുമായുള്ള നിങ്ങളുടെ സൗഹൃദം എത്രത്തോളം ആഴത്തിലാകുന്നുവോ, അത്രത്തോളം അഭിവൃദ്ധി ഇരുവർക്കും ലഭിക്കും”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

“വ്യവസായത്തിനു സാധ്യതകളെ അഭിവൃദ്ധിയായും പ്രതിബന്ധങ്ങളെ അവസരങ്ങളായും വികസനസ്വപ്നങ്ങളെ നേട്ടങ്ങളായും മാറ്റാൻ കഴിയും. അവ ചെറുതോ വലുതോ ആഗോളമോ പ്രാദേശികമോ ആകട്ടെ, വ്യവസായത്തിന് ഏവരുടെയും പുരോഗതി ഉറപ്പാക്കാൻ കഴിയും. അതിനാൽ, ആഗോള വളർച്ചയുടെ ഭാവി വ്യവസായത്തിന്റെ ഭാവിയെ ആശ്രയിച്ചിരിക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് 19 മഹാമാരിയുടെ ആരംഭത്തോടെ ജീവിതത്തിൽ സംഭവിച്ച പരിവർത്തനങ്ങളിലേക്ക് വെളിച്ചം വീശി, ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളുടെ പിൻവലിക്കാൻ കഴിയാത്ത മാറ്റത്തെക്കുറിച്ചു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളപ്പോൾ ഇല്ലാതായ ആഗോള വിതരണ ശൃംഖലയുടെ കാര്യക്ഷമത ചോദ്യം ചെയ്ത പ്രധാനമന്ത്രി, ലോകം ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിബന്ധങ്ങൾക്കുള്ള പ്രതിവിധിയാണ് ഇന്ത്യയെന്ന് അഭിപ്രായപ്പെട്ടു. ഇന്ന് ലോകത്ത് വിശ്വസനീയമായ വിതരണ ശൃംഖല സൃഷ്ടിക്കുന്നതിൽ ഇന്ത്യയുടെ സ്ഥാനം അദ്ദേഹം ഉയർത്തിക്കാട്ടുകയും ആഗോള വ്യവസായങ്ങളുടെ സംഭാവനകൾക്ക് ഊന്നൽ നൽകുകയും ചെയ്തു.

ജി 20 രാജ്യങ്ങളിലെ വ്യവസായങ്ങൾക്കിടയിൽ ബി 20 കരുത്തുറ്റ വേദിയായി ഉയർന്നുവന്നതിൽ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, സുസ്ഥിരതയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും ഊന്നൽ നൽകി. സുസ്ഥിരത അവസരവും വ്യവസായ മാതൃകയും ആയതിനാൽ ആഗോള വ്യവസായത്തോട് മുന്നേറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സൂപ്പർഫുഡെന്ന നിലയിലും പരിസ്ഥിതി സൗഹൃദമായതും ചെറുകിട കർഷകർക്ക് നല്ലതെന്ന നിലയിലും, സമ്പദ്‌വ്യവസ്ഥയുടെയും ജീവിതശൈലിയുടെയും കോണിൽ നിന്ന് ഏവർക്കും പ്രയോജനപ്പെടുന്ന മാതൃകയാക്കി മാറ്റാവുന്ന ചെറുധാന്യങ്ങളുടെ ഉദാഹരണം നൽകി അദ്ദേഹം ഇത് വിശദീകരിച്ചു. ചാക്രി‌ക സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും ഹരിതോർജത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ലോകത്തെ ഒപ്പം കൂട്ടുന്ന ഇന്ത്യയുടെ സമീപനം അന്താരാഷ്ട്ര സൗരസഖ്യം പോലുള്ള നടപടികളിൽ ദൃശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കൊറോണയ്ക്കു ശേഷമുള്ള ലോകത്ത്, ഓരോ വ്യക്തിയും അവരുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാണെന്നും ദൈനംദിന പ്രവർത്തനങ്ങളിൽ അതിന്റെ സ്വാധീനം വ്യക്തമായി കാണാമെന്നും പ്രധാനമന്ത്രി നിരീക്ഷിച്ചു. അത്തരം പ്രവർത്തനങ്ങളുടെ ഭാവിയിലെ സ്വാധീനങ്ങൾക്കായി ജനങ്ങൾ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വിശ്വാസത്തിന് കരുത്തേകിക്കൊണ്ട്, വ്യവസായങ്ങളും സമൂഹവും ഭൂമിയോടു സമാനമായ സമീപനം പുലർത്തണമെന്നും അവരുടെ തീരുമാനങ്ങൾ ഗ്രഹത്തിൽ ചെലുത്തുന്ന സ്വാധീനം വിശകലനം ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. “ഭൂമിയുടെ ക്ഷേമവും നമ്മുടെ ഉത്തരവാദിത്വമാണ്”- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മിഷൻ ലൈഫിനെക്കുറിച്ച് സംസാരിക്കവേ, ഭൂസൗഹൃദ ജനങ്ങളുടെ സംഘമോ കൂട്ടായ്മയോ സൃഷ്ടിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവിതശൈലിയും വ്യവസായങ്ങളും അനുകൂലമാകുമ്പോൾ പകുതി പ്രശ്‌നങ്ങളും കുറയുമെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിക്ക് അനുസൃതമായി ജീവിതവും വ്യവസായവും പൊരുത്തപ്പെടുത്തുന്നതിന് അദ്ദേഹം ഊന്നൽ നൽകി. വ്യവസായത്തിനായി ‘ഗ്രീൻ ക്രെഡിറ്റി’ന്റെ ചട്ടക്കൂട് ഇന്ത്യ തയ്യാറാക്കുന്നതിനെക്കുറിച്ച് അറിയിച്ചു. അത് ഗ്രഹസൗഹൃദ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകുന്നതാണ്. ഏവരും കൈകോർത്ത് അതിനെ ആഗോള പ്രസ്ഥാനമാക്കി മാറ്റണമെന്ന് ആഗോള വ്യാവസായിക രംഗത്തെ പ്രമുഖരോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

 

വ്യവസായത്തോടുള്ള പരമ്പരാഗത സമീപനം പുനഃപരിശോധിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബ്രാൻഡിനും വിൽപ്പനയ്ക്കും അപ്പുറത്തേയ്ക്കു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “ഒരു വ്യവസായം എന്ന നിലയിൽ, ദീർഘകാലാടിസ്ഥാനത്തിൽ നമുക്ക് പ്രയോജനം ചെയ്യുന്ന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലും നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇപ്പോൾ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യ നടപ്പാക്കിയ നയങ്ങൾ കാരണം, 13.5 കോടി പേർ വെറും 5 വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽ നിന്ന് കരകയറി. ഇവരാണ് പുതിയ ഉപഭോക്താക്കൾ. ഈ നവ മധ്യവർഗവും ഇന്ത്യയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നു. അതായത്, ദരിദ്രർക്കായി ഗവണ്മെന്റ് ചെയ്യുന്ന പ്രവർത്തനങ്ങളുടെ മൊത്തം ഗുണഭോക്താക്കൾ നമ്മുടെ മധ്യവർഗവും അതുപോലെ നമ്മുടെ എംഎസ്എംഇകളും ആണ്”- അദ്ദേഹം പറഞ്ഞു. സ്വയം കേന്ദ്രീകൃത സമീപനം ഏവരെയും ദോഷകരമായി ബാധിക്കുമെന്നതിനാൽ കൂടുതൽ പേരുടെ വാങ്ങൽ ശേഷി മെച്ചപ്പെടുത്തുന്നതിൽ വ്യവസായങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നതിൽ പ്രധാനമന്ത്രി ഊന്നൽ നൽകി. നിർണായക പദാർഥങ്ങളുടെയും അപൂർവ ലോഹങ്ങളുടെയും അസന്തുലിതമായ ലഭ്യതയുടെയും സാർവത്രിക ആവശ്യകതയുടെയും സമാനമായ വെല്ലുവിളി പരാമർശിച്ച പ്രധാനമന്ത്രി ശ്രീ മോദി, “അവയുള്ളവർ അവയെ ആഗോള ഉത്തരവാദിത്വമായി കാണുന്നില്ലെങ്കിൽ, അത് അധിനിവേശ മനോഭാവത്തിന്റെ പുതിയ മാതൃകയ്ക്കു പ്രോത്സാഹനമേകും” എന്നു ചൂണ്ടിക്കാട്ടി.

ഉൽപ്പാദകരുടെയും ഉപഭോക്താക്കളുടെയും താൽപ്പര്യങ്ങളിൽ സന്തുലിതാവസ്ഥ നിലനിൽക്കുമ്പോൾ ലാഭകരമായ വിപണി നിലനിർത്താനാകുമെന്നും അത് രാജ്യങ്ങൾക്കും ബാധകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മറ്റ് രാജ്യങ്ങളെ കമ്പോളമായി മാത്രം കണക്കാക്കുന്നത് ഫലപ്രദമാകില്ലെന്നും അത് ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളെപ്പോലും ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പുരോഗതിയിൽ എല്ലാവരെയും തുല്യ പങ്കാളികളാക്കുക എന്നതാണ് മുന്നിലുള്ള വഴിയെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കൾ വ്യക്തികളോ രാജ്യങ്ങളോ ആകാവുന്നിടത്ത് വ്യവസായങ്ങൾ കൂടുതൽ ഉപഭോക്തൃ കേന്ദ്രീകൃതമാക്കുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്ന് ചടങ്ങിൽ സന്നിഹിതരായ വ്യവസായ പ്രമുഖരോട് അദ്ദേഹം അഭ്യർഥിച്ചു. അവരുടെ താൽപ്പര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്നു പറഞ്ഞ അദ്ദേഹം ഇതിനായി വാർഷിക ക്യാമ്പയിൻ കൊണ്ടുവരണമെന്നും നിർദേശിച്ചു. “ഓരോ വർഷവും, ഉപഭോക്താക്കളുടെയും അവരുടെ വിപണികളുടെയും നന്മയ്ക്കായി പ്രതിജ്ഞയെടുക്കാൻ ആഗോള വ്യവസായങ്ങൾക്ക് ഒന്നിച്ചുകൂടാമോ” എന്ന് പ്രധാനമന്ത്രി ആരാഞ്ഞു.

ഉപഭോക്താവിന്റെ താൽപ്പര്യത്തെക്കുറിച്ച് സംസാരിക്കാൻ ഒരു ദിവസം നിശ്ചയിക്കാൻ ആഗോള വ്യവസായത്തോടു ശ്രീ മോദി ആവശ്യപ്പെട്ടു. “നാം ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചും നാം ശ്രദ്ധിക്കേണ്ടതല്ലേ? അന്താരാഷ്ട്ര ഉപഭോക്തൃ സംരക്ഷണ ദിനത്തിനായുള്ള സംവിധാനത്തെക്കുറിച്ച് നാം തീർച്ചയായും ചിന്തിക്കണം. വ്യവസായങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള വിശ്വാസത്തിനു കരുത്തേകാൻ ഇത് സഹായിക്കും” - പ്രധാനമന്ത്രി പറഞ്ഞു. ഉപഭോക്താക്കൾ പ്രത്യേക ഭൂപ്രദേശത്തെ ചില്ലറ ഉപഭോക്താക്കളിൽ മാത്രമായി പരിമിതപ്പെടുന്നില്ല; മറിച്ച്, ആഗോള വ്യാപാരം, ആഗോള ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ ഉപഭോക്താക്കളായ രാഷ്ട്രങ്ങൾ കൂടിയാണെന്നും അദ്ദേഹം വിശദീകരിച്ചു.

 

ലോകത്തെ വ്യവസായ പ്രമുഖരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, സുപ്രധാനമായ ചോദ്യങ്ങൾ ഉന്നയിക്കുകയും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളിലൂടെ വ്യവസായത്തിന്റെയും മാനവികതയുടെയും ഭാവി നിർണയിക്കപ്പെടുമെന്നും പറഞ്ഞു. ഉത്തരങ്ങൾ സംബന്ധിച്ച്, ഉത്തരം നൽകാൻ പരസ്പര സഹകരണം ആവശ്യമാണെന്ന് ശ്രീ മോദി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം, ഊർജമേഖലയിലെ പ്രതിസന്ധി, ഭക്ഷ്യ വിതരണ ശൃംഖലയിലെ അസന്തുലിതാവസ്ഥ, ജലസുരക്ഷ, സൈബർ സുരക്ഷ തുടങ്ങിയ പ്രശ്നങ്ങൾ വ്യവസായത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 10-15 വർഷം മുമ്പ് ആർക്കും ചിന്തിക്കാൻ കഴിയാത്ത വിഷയങ്ങളുടെ കാര്യവും അദ്ദേഹം പരാമർശിക്കുകയും ക്രിപ്‌റ്റോകറൻസികളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ഉദാഹരണമാക്കുകയും ചെയ്തു. ഈ വിഷയത്തിൽ കൂടുതൽ സംയോജിത സമീപനത്തിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, എല്ലാ പങ്കാളികളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്ന ആഗോള ചട്ടക്കൂട് സൃഷ്ടിക്കാൻ നിർദേശിച്ചു. നിർമിത ബുദ്ധിയുടെ കാര്യത്തിലും സമാനമായ സമീപനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. നിർമിത ബുദ്ധിയെ ചുറ്റിപ്പറ്റിയുള്ള തിരക്കും ആവേശവും ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, നൈപുണ്യവും  നവവൈദഗ്ധ്യവും സംബന്ധിച്ച ചില ധാർമ്മിക പരിഗണനകളിലേക്കും അൽഗോരിതം പക്ഷപാതത്തെക്കുറിച്ചും സമൂഹത്തിൽ അതിന്റെ സ്വാധീനത്തെക്കുറിച്ചുമുള്ള ആശങ്കകളിലേക്കും ശ്രദ്ധ ക്ഷണിച്ചു. “ഇത്തരം പ്രശ്നങ്ങൾ കൂട്ടായി പരിഹരിക്കണം. ധാർമിക നിർമിതബുദ്ധി പ്രോത്സാഹിപ്പിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ ആഗോള വ്യാവസായിക സമൂഹങ്ങളും ഗവൺമെന്റുകളും കൂട്ടായി പ്രവർത്തിക്കേണ്ടതുണ്ട്” - വിവിധ മേഖലകളിലെ തടസ്സങ്ങൾ മനസ്സിലാക്കുന്നതിനു പ്രധാനമന്ത്രി ഊന്നൽ നൽകി.

വ്യവസായങ്ങൾ അതിരുകൾക്കും അതിർത്തികൾക്കും അപ്പുറത്തേക്ക് വിജയകരമായി മുന്നേറിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ വ്യവസായങ്ങളെ അടിത്തട്ടിനപ്പുറത്തേക്കു കൊണ്ടുപോകാനുള്ള സമയമാണിതെന്നും പ്രസംഗം ഉപസംഹരിച്ചു പ്രധാനമന്ത്രി പറഞ്ഞു. വിതരണ ശൃംഖലയുടെ പ്രതിരോധത്തിലും സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് ഇത് നടപ്പിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ബി20 ഉച്ചകോടി കൂട്ടായ പരിവർത്തനത്തിന് വഴിയൊരുക്കിയതായി ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു. “പരസ്പരബന്ധിതമായ ലോകം എന്നത് സാങ്കേതികവിദ്യയിലൂടെയുള്ള സമ്പർക്കം മാത്രമല്ലെന്ന് നമുക്ക് ഓർക്കാം. ഇത് പങ്കുവയ്ക്കപ്പെട്ട സോഷ്യൽ പ്ലാറ്റ്‌ഫോമുകളെക്കുറിച്ച് മാത്രമല്ല, കൂട്ടായ ഉദ്ദേശ്യങ്ങൾ, പങ്കുവയ്ക്കപ്പെട്ട ഗ്രഹം, കൂട്ടായ സമൃദ്ധി, കൂട്ടായ ഭാവി എന്നിവയെക്കുറിച്ചു കൂടിയുമാണ്”- പ്രധാനമന്ത്രി പറഞ്ഞു.

 

പശ്ചാത്തലം

ആഗോള വ്യാവസായിക സമൂഹവുമായുള്ള ഔദ്യോഗിക ജി20 സംഭാഷണ വേദിയാണ് ബിസിനസ് 20 (ബി 20). 2010ൽ സ്ഥാപിതമായ ബി 20, ജി 20ലെ ഏറ്റവും പ്രധാനപ്പെട്ട സമ്പർക്കസംഘങ്ങളിൽ ‌ഒന്നാണ്. കമ്പനികളും വ്യവസായ സ്ഥാപനങ്ങളും ഇതിൽ പങ്കാളികളാണ്. സാമ്പത്തിക വളർച്ചയും വികസനവും ത്വരിതപ്പെടുത്തുന്നതിന് കൃത്യവും പ്രവർത്തനക്ഷമവുമായ നയ ശുപാർശകൾ നൽകുന്നതിന് ബി20 പ്രവർത്തിക്കുന്നു.

ഓഗസ്റ്റ് 25 മുതൽ 27 വരെയാണ് മൂന്ന് ദിവസത്തെ ഉച്ചകോടി. ഉത്തരവാദിത്വമുള്ളതും ത്വരിതപ്പെടുത്തിയതും നൂതനവും സുസ്ഥിരവും തുല്യവുമായ വ്യവസായങ്ങൾ (R.A.I.S.E.) എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. 55 രാജ്യങ്ങളിൽ നിന്നായി 1500-ലധികം പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s organic food products export reaches $448 Mn, set to surpass last year’s figures

Media Coverage

India’s organic food products export reaches $448 Mn, set to surpass last year’s figures
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister lauds the passing of amendments proposed to Oilfields (Regulation and Development) Act 1948
December 03, 2024

The Prime Minister Shri Narendra Modi lauded the passing of amendments proposed to Oilfields (Regulation and Development) Act 1948 in Rajya Sabha today. He remarked that it was an important legislation which will boost energy security and also contribute to a prosperous India.

Responding to a post on X by Union Minister Shri Hardeep Singh Puri, Shri Modi wrote:

“This is an important legislation which will boost energy security and also contribute to a prosperous India.”