Quoteഒരിക്കൽകൂടി ഉത്തരാഖണ്ഡ് ദേവഭൂമിയിൽ എത്താനായതിൽ ഞാൻ അനുഗൃഹീതനാണ്: പ്രധാനമന്ത്രി
Quoteഈ ദശകം ഉത്തരാഖണ്ഡിന്റെ ദശകമായി മാറുകയാണ്: പ്രധാനമന്ത്രി
Quoteനമ്മുടെ വിനോദസഞ്ചാരമേഖലയെ വൈവിധ്യവൽക്കരിക്കുന്നതും ശാശ്വതമാക്കുന്നതും ഉത്തരാഖണ്ഡിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്: പ്രധാനമന്ത്രി
Quoteഉത്തരാഖണ്ഡിൽ ‘ഓഫ് സീസൺ’ ഉണ്ടാകരുത്; എല്ലാ കാലത്തും വിനോദസഞ്ചാരം സജീവമാകണം: പ്രധാനമന്ത്രി
Quoteഉത്തരാഖണ്ഡിനെ വികസിത സംസ്ഥാനമാക്കാൻ കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും ഞങ്ങളുടെ ഗവണ്മെന്റുകൾ കൂട്ടായി പ്രവർത്തിക്കുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തരാഖണ്ഡിലെ ഹർസിലിൽ ‘ട്രെക്ക് ആൻഡ് ബൈക്ക് റാലി’ ഫ്ലാഗ് ഓഫ് ചെയ്തശേഷം, ശൈത്യകാല വിനോദസഞ്ചാര പരിപാടിയിൽ പങ്കെടുത്തു. മുഖ്വയിലെ ഗംഗാമാതാവിന്റെ ശൈത്യകാല ഇരിപ്പിടത്തിൽ അദ്ദേഹം പൂജയും ദർശനവും നടത്തി. സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, മാണ ഗ്രാമത്തിലെ ദാരുണമായ സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ഈ പ്രതിസന്ധിഘട്ടത്തിൽ രാഷ്ട്രത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നും ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഇതു വളരെയധികം കരുത്തുപകർന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ദേവഭൂമി എന്നറിയപ്പെടുന്ന ഉത്തരാഖണ്ഡിന്റെ മണ്ണ് ആത്മീയോർജത്താൽ നിറഞ്ഞതും ചാർധാമിനാലും എണ്ണമറ്റ മറ്റു പുണ്യസ്ഥലങ്ങളാലും അനുഗൃഹീതവുമാണ്” - പ്രധാനമന്ത്രി പറഞ്ഞു. ജീവദായിനിയായ ഗംഗാമാതാവിന്റെ ശൈത്യകാല വാസസ്ഥലമായി ഈ പ്രദേശം വർത്തിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇവിടം വീണ്ടും സന്ദർശിക്കാനും ജനങ്ങളെയും അവരുടെ കുടുംബങ്ങളെയും കാണാനും ലഭിച്ച അവസരത്തിന് അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. ഇത് അനുഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. ഗംഗാമാതാവിന്റെ കൃപയാലാണു പതിറ്റാണ്ടുകളായി ഉത്തരാഖണ്ഡിനെ സേവിക്കാൻ തനിക്കു ഭാഗ്യം ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “ഗംഗാമാതാവിന്റെ അനുഗ്രഹങ്ങളാണ് എന്നെ കാശിയിലേക്കു നയിച്ചത്. ഇപ്പോൾ ഞാൻ അവിടെ പാർലമെന്റംഗമായി സേവനമനുഷ്ഠിക്കുന്നു” എന്നു പറഞ്ഞ ശ്രീ മോദി, ഗംഗാമാതാവു തന്നെ വിളിച്ചതായി കാശിയിൽ താൻ നടത്തിയ പ്രസ്താവന അനുസ്മരിച്ചു. ഗംഗാമാതാവ് തന്നെ സ്വീകരിച്ചു എന്ന് അടുത്തകാലത്തു തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഗംഗാമാതാവിനു തന്റെ കുഞ്ഞിനോടുള്ള വാത്സല്യവും സ്നേഹവുമായാണു പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. ഇതു മാതൃഭവനമായ മുഖ്വ ഗ്രാമത്തിലേക്കു തന്നെ എത്തിച്ചെന്നും മുഖീമഠ്-മുഖ്വയിൽ ദർശനവും പൂജയും നടത്താനുള്ള ഭാഗ്യമേക‌ിയെന്നും അദ്ദേഹം പറഞ്ഞു. ഹർസിലിലേക്കുള്ള തന്റെ സന്ദർശനത്തെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, “ദീദി-ഭൂലിയകൾ” എന്നു താൻ വിശേഷിപ്പിച്ച ഈ പ്രദേശത്തെ സ്ത്രീകൾ പ്രകടിപ്പിച്ച വാത്സല്യത്തെക്കുറിച്ചുള്ള പ്രിയപ്പെട്ട ഓർമകൾ പങ്കുവച്ചു. ഹർസിലിന്റെ രാജ്മയും മറ്റ് പ്രാദേശിക ഉൽപ്പന്നങ്ങളും തനിക്ക് അയച്ചുതന്നതിലൂടെ അവർ നടത്തിയ ചിന്താപൂർവമായ പ്രവൃത്തികളും അദ്ദേഹം എടുത്തുകാട്ടി. അവരുടെ ഊഷ്മളതയ്ക്കും ബന്ധത്തിനും സമ്മാനങ്ങൾക്കും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു.

 

|

ബാബ കേദാർനാഥ് സന്ദർശിച്ചപ്പോൾ, “ഈ ദശകം ഉത്തരാഖണ്ഡിന്റെ ദശകമായിരിക്കും” എന്നു പ്രഖ്യാപിച്ചതു പ്രധാനമന്ത്രി അനുസ്മരിച്ചു. ആ വാക്കുകൾക്ക് പിന്നിലെ ശക്തി ബാബ കേദാർനാഥിൽനിന്നു ലഭിച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാബ കേദാർനാഥിന്റെ അനുഗ്രഹത്താൽ ഈ ദർശനം ക്രമേണ യാഥാർഥ്യമാകുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഉത്തരാഖണ്ഡിന്റെ പുരോഗതിക്കായി പുതിയ വഴികൾ തുറക്കപ്പെടുന്നുണ്ടെന്നും, സംസ്ഥാന രൂപീകരണത്തിലേക്കു നയിച്ച അഭിലാഷങ്ങൾ നിറവേറ്റുന്നുണ്ടെന്നും പറഞ്ഞ ശ്രീ മോദി, തുടർച്ചയായ നേട്ടങ്ങളിലൂടെയും പുതിയ നാഴികക്കല്ലുകളിലൂടെയും ഉത്തരാഖണ്ഡിന്റെ വികസനത്തിനായി നടത്തിയ പ്രതിജ്ഞാബദ്ധതകൾ സാക്ഷാത്കരിക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. “ശീതകാല വിനോദസഞ്ചാരം ഈ ദിശയിലുള്ള സുപ്രധാന ചുവടുവയ്പ്പാണ്. ഇത് ഉത്തരാഖണ്ഡിന്റെ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ സഹായിക്കുന്നു” എന്നു പറഞ്ഞ ശ്രീ മോദി, ഈ നൂതനശ്രമത്തിന് ഉത്തരാഖണ്ഡ് ഗവണ്മെന്റിനെ അഭിനന്ദിക്കുകയും സംസ്ഥാനത്തിന്റെ പുരോഗതിക്ക് ആശംസകൾ നേരുകയും ചെയ്തു.

“വിനോദസഞ്ചാരമേഖലയെ വർഷം മുഴുവനും പ്രവർത്തിക്കുന്ന പ്രവർത്തനമാക്കി മാറ്റുന്നതും വൈവിധ്യവൽക്കരിക്കുന്നതും ഉത്തരാഖണ്ഡിന് പ്രധാനവും ആവശ്യവുമാണ്” എന്നു പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൽ “ഓഫ്-സീസൺ” ഉണ്ടാകരുതെന്നും എല്ലാ സീസണിലും വിനോദസഞ്ചാരം അഭിവൃദ്ധി പ്രാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ, മലയോര വിനോദസഞ്ചാരം സീസണൽ ആണെന്നും മാർച്ച്, ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ വിനോദസഞ്ചാരികളുടെ ഗണ്യമായ ഒഴുക്ക് ഉണ്ടാകുമെന്നും അദ്ദേഹം പരാമർശിച്ചു. എന്നിരുന്നാലും, പിന്നീട് വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറയുന്നുണ്ടെന്നും, ശൈത്യകാലത്തു മിക്ക ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും ഒഴിഞ്ഞുകിടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ അസന്തുലിതാവസ്ഥ ഉത്തരാഖണ്ഡിൽ വർഷത്തിന്റെ വലിയൊരു ഭാഗവും സാമ്പത്തിക സ്തംഭനത്തിലേക്കു നയിക്കുന്നുവെന്നും പരിസ്ഥിതിക്കു വെല്ലുവിളികൾ ഉയർത്തുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

​“ശൈത്യകാലത്ത് ഉത്തരാഖണ്ഡ് സന്ദർശിക്കുന്നതു ദേവഭൂമിയുടെ ദിവ്യമായ പ്രഭാവലയത്തിന്റെ യഥാർഥ  ദർശനമേകുന്നു” - ശ്രീ മോദി പറഞ്ഞു. ശൈത്യകാല വിനോദസഞ്ചാരം ട്രെക്കിങ്, സ്കീയിങ് തുടങ്ങിയ പ്രവർത്തനങ്ങളിടെ വലിയ ആവേശം പകരുന്നതു ശ്രീ മോദി ചൂണ്ടിക്കാട്ടി. ഉത്തരാഖണ്ഡിലെ മതപരമായ യാത്രകളുടെ കാര്യത്തി‌ൽ ശൈത്യകാലം പ്രത്യേക പ്രാധാന്യമർഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സമയത്തു നിരവധി പുണ്യസ്ഥലങ്ങൾ സവിശേഷമായ ആചാരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നു. മുഖ്വ ഗ്രാമത്തിലെ മതപരമായ ചടങ്ങുകൾ പ്രദേശത്തിന്റെ പുരാതനവും ശ്രദ്ധേയവുമായ പാരമ്പര്യങ്ങളുടെ അവിഭാജ്യഘടകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വർഷം മുഴുവനും വിനോദസഞ്ചാരം എന്ന ഉത്തരാഖണ്ഡ് ഗവണ്മെന്റിന്റെ കാഴ്ചപ്പാട്, ജനങ്ങൾക്കു ദിവ്യാനുഭവങ്ങളുമായി ബന്ധപ്പെടാനുള്ള അവസരങ്ങൾ നൽകുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ സംരംഭം വർഷം മുഴുവനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇത് ഉത്തരാഖണ്ഡിലെ പ്രാദേശിക ജനതയ്ക്കും യുവാക്കൾക്കും വലിയ തോതിൽ പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

 

|

“ഉത്തരാഖണ്ഡിനെ വികസിത സംസ്ഥാനമാക്കാൻ കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും നമ്മുടെ ഗവണ്മെന്റുകൾ കൂട്ടായി പ്രവർത്തിക്കുന്നു”- പ്രധാനമന്ത്രി പറഞ്ഞു. ചാർ ധാമിലെ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡ്, ആധുനിക അതിവേഗപാതകൾ, സംസ്ഥാനത്ത് റെയിൽവേ-വിമാന-ഹെലികോപ്റ്റർ സർവീസുകളു​ടെ വിപുലീകരണം എന്നിവയുൾപ്പെടെ കഴിഞ്ഞ ദശകത്തിൽ സംസ്ഥാനത്തു കൈവരിച്ച ഗണ്യമായ പുരോഗതിയെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. കേദാർനാഥ് റോപ്‌വേ പദ്ധതിക്കും ഹേമകുണ്ഡ് റോപ്‌വേ പദ്ധതിക്കും കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയതായും അദ്ദേഹം പരാമർശിച്ചു. യാത്രാ സമയം 8-9 മണിക്കൂറിൽനിന്ന് ഏകദേശം 30 മിനിറ്റായി കുറയ്ക്കാൻ കേദാർനാഥ് റോപ്‌വേയ്ക്കാകുമെന്നും ഇതു യാത്ര കൂടുതൽ എളുപ്പമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രായമായവർക്കും കുട്ടികൾക്കും ഇത് ഏറെ പ്രയോജനപ്രദമാകും. ആയിരക്കണക്കിനു കോടി രൂപ ഈ റോപ്‌വേ പദ്ധതികളിൽ നിക്ഷേപിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. ഈ പരിവർത്തനാത്മക സംരംഭങ്ങൾക്ക് ഉത്തരാഖണ്ഡിനും രാജ്യത്തിനാകെയും അദ്ദേഹം ആശംസകളേകി.

കുന്നുകളിലെ ‘എക്കോ-ലോഗ്’ കുടിലുകൾ, കൺവെൻഷൻ സെന്ററുകൾ, ഹെലിപാഡ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ചൂണ്ടിക്കാട്ടി, “ടിമ്മർ-സെയ്ൻ മഹാദേവ്, മാണാ ഗ്രാമം, ജാദുങ് ഗ്രാമം തുടങ്ങിയ സ്ഥലങ്ങളിൽ വിനോദസഞ്ചാര അടിസ്ഥാനസൗകര്യങ്ങൾ പുതുതായി വികസിപ്പിക്കുകയാണ്” എന്നു ശ്രീ മോദി പറഞ്ഞു. 1962 കാലഘട്ടത്തിൽ ഒഴിഞ്ഞുകിടന്നിരുന്ന മാണാ, ജാദുങ് ഗ്രാമങ്ങൾ പുനരുദ്ധതിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിന്റെ ഫലമായി, കഴിഞ്ഞ ദശകത്തിൽ ഉത്തരാഖണ്ഡ് സന്ദർശിക്കുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഗണ്യമായി വർധിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 2014നു മുമ്പ്, പ്രതിവർഷം ശരാശരി 18 ലക്ഷം തീർഥാടകരാണു ചാർ ധാം യാത്ര നടത്തിയിരുന്നത്. ഇപ്പോൾ ഇത് ഏകദേശം 50 ലക്ഷം തീർഥാടകരായി ഉയർന്നിട്ടുണ്ട്. ഈ വർഷത്തെ ബജറ്റിൽ 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാനും ഈ സ്ഥലങ്ങളിലെ ഹോട്ടലുകൾക്ക് അടിസ്ഥാനസൗകര്യ പദവി നൽകാനുമുള്ള പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും പ്രാദേശിക തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ സംരംഭം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

|

ഉത്തരാഖണ്ഡിന്റെ അതിർത്തിപ്രദേശങ്ങളും വിനോദസഞ്ചാരത്തിന്റെ ഗുണം നേടുന്നുണ്ടെന്നുറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, “ഒരിക്കൽ ‘അവസാന ഗ്രാമങ്ങൾ’ എന്നു വിളിക്കപ്പെട്ടിരുന്ന ഗ്രാമങ്ങളെ ഇപ്പോൾ രാജ്യത്തിന്റെ ‘ആദ്യ ഗ്രാമങ്ങൾ’ എന്നു വിശേഷിപ്പിക്കുന്നു”വെന്നും വ്യക്തമാക്ക‌ി. അവയുടെ വികസനത്തിനായി ‘‌ഊർജസ്വലഗ്രാമം’ പരിപാടി ആരംഭിച്ച കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. അതിൽ ഈ മേഖലയിലെ 10 ഗ്രാമങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ മോദി വ്യക്തമാക്കി. നെലോങ്, ജാദുങ് ഗ്രാമങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും നേരത്തെ നടന്ന പരിപാടിയിൽ ജാദുങ്ങിലേക്കു ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തതായും അദ്ദേഹം പരാമർശിച്ചു. ഹോംസ്റ്റേകൾ നിർമിക്കുന്നവർക്കു മുദ്ര യോജന പ്രകാരം ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഹോംസ്റ്റേകൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഉത്തരാഖണ്ഡ് ഗവണ്മെന്റ് ശ്രദ്ധ കേന്ദ്രീകരിച്ചതിനെ ശ്രീ മോദി അഭിനന്ദിച്ചു. പതിറ്റാണ്ടുകളായി അടിസ്ഥാനസൗകര്യങ്ങൾ നിഷേധിക്കപ്പെട്ട ഗ്രാമങ്ങളിൽ ഇപ്പോൾ പുതിയ ഹോംസ്റ്റേകൾ തുറക്കപ്പെടുന്നുണ്ടെന്നും ഇതു വിനോദസഞ്ചാരം വർധിപ്പിക്കുകയും പ്രദേശവാസികളുടെ വരുമാനം വർധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

​രാജ്യത്തിന്റെ എല്ലാ കോണുകളിൽനിന്നുമുള്ള ജനങ്ങളെ, പ്രത്യേകിച്ചു യുവാക്കളെ, പ്രത്യേകം അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശൈത്യകാലത്തു മൂടൽമഞ്ഞ് അനുഭവപ്പെടുമ്പോൾ, മലനിരകൾ സൂര്യപ്രകാശം ആസ്വദിക്കുന്നതിന്റെ ആനന്ദം പ്രദാനം ചെയ്യുന്നുവെന്നും ഇതു സവിശേഷ സംഭവമാക്കി മാറ്റാനാകുമെന്നും എടുത്തുപറഞ്ഞു. ഗഢ്‌വാലിയിൽ “ഘാം തപോ ടൂറിസം” എന്ന ആശയവും അദ്ദേഹം നിർദേശിച്ചു. ഇതു രാജ്യത്തുടനീളമുള്ള ജനങ്ങളെ ശൈത്യകാലത്ത് ഉത്തരാഖണ്ഡ് സന്ദർശിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. ദേവഭൂമി ഉത്തരാഖണ്ഡിലെ MICE മേഖലയുടെ വിശാലമായ സാധ്യതകൾക്ക് ഊന്നൽ നൽകിയ ശ്രീ മോദി, മേഖലയിൽ യോഗങ്ങൾ, സമ്മേളനങ്ങൾ, പ്രദർശനങ്ങൾ എന്നിവ സംഘടിപ്പിച്ച് ശൈത്യകാല വിനോദസഞ്ചാരത്തിന്റെ ഭാഗമാകാൻ അദ്ദേഹം കോർപ്പറേറ്റ് ലോകത്തോടു പ്രത്യേകം അഭ്യർഥിച്ചു. യോഗയിലൂടെയും ആയുർവേദത്തിലൂടെയും ഉത്തരാഖണ്ഡ് സന്ദർശകർക്ക് നവോന്മേഷം പകരാനും പുനരുജ്ജീവനത്തിനും അവസരങ്ങൾ നൽകുന്നുവെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാർഥികളുടെ ശൈത്യകാല യാത്രകൾക്കായി ഉത്തരാഖണ്ഡ് പരിഗണിക്കണമെന്നു സർവകലാശാലകളോടും സ്വകാര്യ സ്കൂളുകളോടും കോളേജുകളോടും അദ്ദേഹം അഭ്യർഥിച്ചു.

ആയിരക്കണക്കിനു കോടി രൂപയുടെ വിവാഹ സമ്പദ്‌വ്യവസ്ഥയുടെ ഗണ്യമായ സംഭാവന ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, “ഇന്ത്യയിൽ വിവാഹം കഴിക്കൂ” എന്ന രാജ്യത്തെ ജനങ്ങളോടുള്ള തന്റെ അഭ്യർഥന ആവർത്തിച്ചു. ശൈത്യകാല വിവാഹങ്ങൾക്കുള്ള ഇടമായി ഉത്തരാഖണ്ഡിനു മുൻഗണന നൽകാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. “ഏറ്റവും മികച്ച ചലച്ചിത്രസൗഹൃദ സംസ്ഥാനം” എന്ന പദവി ഉത്തരാഖണ്ഡിനു ലഭിച്ചിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിലെ തന്റെ പ്രതീക്ഷകളും അദ്ദേഹം പ്രകടിപ്പിച്ചു. ശൈത്യകാലത്ത് സിനിമാചിത്രീകരണത്തിന് അനുയോജ്യമായ ഇടമായി ഉത്തരാഖണ്ഡിനെ മാറ്റുന്ന മേഖലയിലെ ആധുനിക സൗകര്യങ്ങളുടെ ദ്രുതഗതിയിലുള്ള വികസനത്തിന് അദ്ദേഹം ഊന്നൽ നൽകി.

 

|

നിരവധി രാജ്യങ്ങളിലെ ശൈത്യകാല വിനോദസഞ്ചാരത്തിന്റെ ജനപ്രീതി ശ്രീ മോദി അടിവരയിട്ടു. സ്വന്തം ശൈത്യകാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാൻ ഉത്തരാഖണ്ഡിന് ആ അനുഭവങ്ങളിൽനിന്നു പഠിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഹോട്ടലുകളും റിസോർട്ടുകളും ഉൾപ്പെടെ ഉത്തരാഖണ്ഡിലെ വിനോദസഞ്ചാരമേഖലയിലെ എല്ലാ പങ്കാളികളും ഈ രാജ്യങ്ങളുടെ മാതൃകകൾ പഠിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അത്തരം പഠനങ്ങളിൽനിന്ന് ഉരുത്തിരിയുന്ന പ്രായോഗിക കാര്യങ്ങൾ സജീവമായി നടപ്പാക്കാൻ അദ്ദേഹം ഉത്തരാഖണ്ഡ് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. പ്രാദേശിക പാരമ്പര്യങ്ങൾ, സംഗീതം, നൃത്തം, പാചകരീതി എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് അദ്ദേഹം ഊന്നൽ നൽകി. ഉത്തരാഖണ്ഡിലെ ചൂടുനീരുറവകളെ ‘വെൽനസ് സ്പാ’കളായി വികസിപ്പിക്കാമെന്നും ശാന്തവും മഞ്ഞുമൂടിയതുമായ പ്രദേശങ്ങൾക്ക് ശൈത്യകാല യോഗ ധ്യാനകേന്ദ്രങ്ങൾക്ക് ആതിഥേയത്വം വഹിക്കാനാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. യോഗ ഗുരുക്കൾ വർഷംതോറും ഉത്തരാഖണ്ഡിൽ യോഗ ക്യാമ്പ് സംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിന് ഒരു സവിശേഷ സ്വത്വമേകുന്നതിനായി ശൈത്യകാലത്ത് പ്രത്യേക വന്യജീവി സഫാരികൾ സംഘടിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു. 360 ഡിഗ്രി സമീപനം സ്വീകരിക്കാനും ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്നതിനും അദ്ദേഹം ഊന്നൽ നൽകി.

സൗകര്യങ്ങൾ വികസിപ്പിക്കുന്നതുപോലെ പ്രധാനമാണ് അവബോധം പ്രചരിപ്പിക്കലുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിലെ ശൈത്യകാല വിനോദസഞ്ചാരസംരംഭം പ്രോത്സാഹിപ്പിക്കുന്നതിൽ രാജ്യത്തെ യുവ ഉള്ളടക്കസ്രഷ്ടാക്കൾ നിർണായക പങ്കു വഹിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. വിനോദസഞ്ചാരമേഖലയെ ഉത്തേജിപ്പിക്കുന്നതിൽ ഉള്ളടക്ക സ്രഷ്ടാക്കളുടെ ഗണ്യമായ സംഭാവന പരാമർശിച്ച ശ്രീ മോദി, ഉത്തരാഖണ്ഡിലെ പുതിയ സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യാനും അവരുടെ അനുഭവങ്ങൾ പൊതുജനങ്ങളുമായി പങ്കിടാനും ആവശ്യപ്പെട്ടു. ഉത്തരാഖണ്ഡിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഉള്ളടക്ക സ്രഷ്ടാക്കൾക്കായി ഹ്രസ്വചിത്രങ്ങൾ തയ്യാറാക്കുന്നതിനുള്ള മത്സരം സംഘടിപ്പിക്കാൻ അദ്ദേഹം സംസ്ഥാന ഗവണ്മെന്റിനോടു നിർദേശിച്ചു. വരുംവർഷങ്ങളിൽ ഈ മേഖല അതിവേഗ വളർച്ച കൈവരിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചാണ് അദ്ദേഹം ഉപസംഹരിച്ചത്. വർഷം മുഴുവനും വിനോദസഞ്ചാരത്തിന്റെ പ്രചാരണം നടത്തുന്നത്തിന് ഉത്തരാഖണ്ഡിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

 

|

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിങ് ധാമി, കേന്ദ്ര റോഡ് ഗതാഗത-ഹൈവേ സഹമന്ത്രി ശ്രീ അജയ് ടംട തുടങ്ങിയ വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

​ഉത്തരാഖണ്ഡ് ഗവണ്മെന്റ് ഈ വർഷം ശീതകാല വിനോദസഞ്ചാര പരിപാടി ആരംഭിച്ചിട്ടുണ്ട്. ആയിരക്കണക്കിനു ഭക്തർ ഇതിനകം ഗംഗോത്രി, യമുനോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലെ ശൈത്യകാല ഇരിപ്പിടങ്ങൾ സന്ദർശിച്ചു. മതപരമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥ, ഹോംസ്റ്റേകൾ, വിനോദസഞ്ചാര വ്യവസായങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Blood boiling but national unity will steer Pahalgam response: PM Modi

Media Coverage

Blood boiling but national unity will steer Pahalgam response: PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in an accident in Mandsaur, Madhya Pradesh
April 27, 2025
QuotePM announces ex-gratia from PMNRF

Prime Minister, Shri Narendra Modi, today condoled the loss of lives in an accident in Mandsaur, Madhya Pradesh. He announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased and Rs. 50,000 to the injured.

The Prime Minister's Office posted on X :

"Saddened by the loss of lives in an accident in Mandsaur, Madhya Pradesh. Condolences to those who have lost their loved ones. May the injured recover soon.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi"