അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് ഇന്ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തു നടന്ന പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 'അമൃതകാലം: ഊർജസ്വലമായ ഇന്ത്യക്കായി സഹകരണത്തിലൂടെ സമൃദ്ധി' എന്നതാണു പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസിന്റെ പ്രധാന പ്രമേയം. സഹകരണ വിപണനത്തിനുള്ള ഇ-കൊമേഴ്സ് വെബ്‌സൈറ്റിന്റെ ഇ-പോർട്ടലുകളും സഹകരണ വിപുലീകരണ, ഉപദേശക സേവന പോർട്ടലും ശ്രീ മോദി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, ഏവരെയും അഭിനന്ദിച്ച പ്രധാനമന്ത്രി, ‘വികസിത- സ്വയംപര്യാപ്ത ഭാരതം' എന്ന ലക്ഷ്യത്തിനായി രാജ്യം പ്രവർത്തിക്കുകയാണെന്ന് പറഞ്ഞു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് കൂട്ടായ പരിശ്രമം വേണ്ടതിന്റെ ആവശ്യകത അദ്ദേഹം ആവർത്തിച്ചു. ഏവരുടെയും പ്രയത്നത്തിന്റെ സന്ദേശം പകരുന്ന ഒന്നാണ് സഹകരണ മനോഭാവമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ലോകത്തെ മുൻനിര പാൽ ഉൽപ്പാദക രാജ്യമാക്കി മാറ്റുന്നതിൽ ക്ഷീര സഹകരണ സംഘത്തിന്റെ സംഭാവനകളും ലോകത്ത് ഏറ്റവും മികച്ച പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യയെ മാറ്റുന്നതിൽ സഹകരണ സംഘങ്ങളുടെ പങ്കും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറുകിട കർഷകർക്കുള്ള വലിയ പിന്തുണാ സംവിധാനമായി സഹകരണ സ്ഥാപനങ്ങൾ മാറിയെന്ന് അദ്ദേഹം പറഞ്ഞു. ക്ഷീരമേഖലയിലെ സ്ത്രീകളുടെ സംഭാവന ഏകദേശം 60 ശതമാനമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അതിനാൽ, വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുന്നതിന് സഹകരണ മേഖലയെ ശക്തിപ്പെടുത്താൻ ഗവണ്മെന്റ് തീരുമാനിച്ചു. ആദ്യമായാണ് ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ച് സഹകരണ സ്ഥാപനങ്ങൾക്ക് ബജറ്റ് വകയിരുത്തുന്നതെന്നും അതിന്റെ ഫലമായി കോർപ്പറേറ്റ് മേഖലയെപ്പോലെ ഒരുവേദി സഹകരണ സംഘങ്ങൾക്കും അവതരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, നികുതി നിരക്കുകളിലെ ഇളവിനെക്കുറിച്ചും പരാമർശിച്ചു. സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ചും അദ്ദേഹം അറിയിച്ചു. പുതിയ ബാങ്ക് ശാഖകൾ തുറക്കുന്നതും വീട്ടുപടിക്കൽ ബാങ്കിങ് സൗകര്യങ്ങൾ എത്തിക്കുന്നതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
പരിപാടിയുമായി ബന്ധപ്പെട്ട നിരവധി കർഷകരെ ചൂണ്ടിക്കാട്ടി, കഴിഞ്ഞ 9 വർഷമായി കർഷകരുടെ ക്ഷേമത്തിനായി കൈക്കൊണ്ട നടപടികളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. മുൻകാലങ്ങളിലെ വിരളമായ പിന്തുണയിൽ നിന്ന് വ്യത്യസ്തമായി, ഇടനിലക്കാരെ ഒഴിവാക്കി, ഇപ്പോൾ, കോടിക്കണക്കിന് കർഷകർക്ക് കിസാൻ സമ്മാൻ നിധി നേരിട്ട് അവരുടെ അക്കൗണ്ടുകളിൽ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടെ 2.5 ലക്ഷം കോടി രൂപ ഈ പദ്ധതിക്ക് കീഴിൽ സുതാര്യമായ രീതിയിൽ കൈമാറി. 2014ന് മുമ്പുള്ള 5 വർഷത്തെ മൊത്തം കാർഷിക ബജറ്റായ 90,000 കോടി രൂപയുമായി താരതമ്യപ്പെടുത്തുമ്പോൾ 2.5 ലക്ഷം കോടി രൂപ എന്നതു വലിയ തുകയാണ് എന്നും അദ്ദേഹം സദസ്സിനോട് വിശദീകരിച്ചു. അതിനർഥം, ആ അഞ്ച് വർഷത്തെ മൊത്തം കാർഷിക ബജറ്റിന്റെ മൂന്നിരട്ടിയിലധികം ഒരു പദ്ധതിക്ക് വേണ്ടി ചെലവഴിച്ചു എന്നാണ് - പ്രധാനമന്ത്രി പറഞ്ഞു.
ആഗോളതലത്തിൽ രാസവള വില വർധിക്കുന്നത് കർഷകർക്ക് ഭാരമാകാതിരിക്കാനുള്ള വഴികളെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു. ഒരു ചാക്ക് യൂറിയയ്ക്ക് ഇന്ന് ഒരു കർഷകൻ 270 രൂപ നൽകുമ്പോൾ അതേ ബാഗിന് ബംഗ്ലാദേശിൽ 720 രൂപയും പാകിസ്ഥാനിൽ 800 രൂപയും ചൈനയിൽ 2100 രൂപയും അമേരിക്കയിൽ 3000 രൂപയുമാണ് വിലയെന്നും അദ്ദേഹം പറഞ്ഞു. “ഒരുറപ്പ് എങ്ങനെയാണെന്നും കർഷകരുടെ ജീവിതത്തിൽ മാറ്റംവരുത്താൻ എത്ര വലിയ ശ്രമങ്ങൾ ആവശ്യമാണെന്നുമാണ് ഇതു കാണിക്കുന്നത്” - അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 9 വർഷത്തിനിടെ രാസവളം സബ്സിഡിക്കായി മാത്രം 10 ലക്ഷം കോടിയിലധികം രൂപ ചെലവഴിച്ചതായി പ്രധാനമന്ത്രി അറിയിച്ചു.
കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾക്ക് ശരിയായ വില നൽകുന്നതിൽ ഗവൺമെന്റ് ശ്രദ്ധ നൽകുന്നതിനെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, കർഷകരുടെ ഉൽപ്പന്നങ്ങൾ വർധിപ്പിച്ച താങ്ങുവിലയിൽ ഗവണ്മെന്റ് വാങ്ങുകയും കഴിഞ്ഞ 9 വർഷത്തിനിടെ 15 ലക്ഷം കോടിയിലധികം രൂപ കർഷകർക്ക് നൽകുകയും ചെയ്തുവെന്ന് വ്യക്തമാക്കി. കാർഷിക മേഖലയ്ക്കും കർഷകർക്കുമായി പ്രതിവർഷം ശരാശരി 6.5 ലക്ഷം കോടിയിലധികം രൂപ ഗവണ്മെന്റ് ചെലവഴിക്കുന്നുണ്ടെന്നു ശ്രീ മോദി പറഞ്ഞു. "രാജ്യത്തെ ഓരോ കർഷകനും ഓരോ വർഷവും 50,000 രൂപ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ലഭിക്കുന്നുണ്ടെന്ന് ഗവണ്മെന്റ് ഉറപ്പാക്കുന്നു" - അദ്ദേഹം പറഞ്ഞു.
ഗവണ്മെന്റിന്റെ കർഷകക്ഷേമ സമീപനത്തെക്കുറിച്ചു തുടർന്നും വിവരിച്ച ശ്രീ മോദി, സമീപകാലത്തെ 3,70,000 കോടി രൂപയുടെ പാക്കേജിനെക്കുറിച്ചും കരിമ്പ് കർഷകർക്ക് ക്വിന്റലിന് 315 രൂപ എന്ന നിലയിൽ ന്യായവും ആദായകരവുമായ വില ലഭിക്കുന്നതിനെക്കുറിച്ചും പറഞ്ഞു. ഇത് 5 ലക്ഷം കരിമ്പ് കർഷകർക്കും പഞ്ചസാര മില്ലുകളിൽ ജോലി ചെയ്യുന്നവർക്കും നേരിട്ട് ഗുണം ചെയ്യും.
അമൃതകാലത്ത് ഗ്രാമങ്ങളുടെയും കർഷകരുടെയും വളർച്ചയിൽ സഹകരണ മേഖലയുടെ പങ്ക് വലുതായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. "ഗവണ്മെന്റും സഹകരണവും ഒത്തുചേർന്ന് വികസിത ഭാരതം എന്ന സ്വപ്നത്തിന് ഇരട്ടി ശക്തിയേകും" - പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ യജ്ഞത്തിലൂടെ ഗവണ്മെന്റ് സുതാര്യത വർധിപ്പിക്കുകയും ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ഉറപ്പാക്കുകയും ചെയ്തുവെന്ന് അദ്ദേഹം വിശദീകരിച്ചു. “ഇന്ന്, ഉന്നത തലങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവും തുടച്ചുനീക്കപ്പെട്ടുവെന്ന് ഏറ്റവും പാവപ്പെട്ടവർ പോലും കരുതുന്നു. സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ, നമ്മുടെ കർഷകർക്കും കന്നുകാലികളെ പോറ്റുന്നവർക്കും ദൈനംദിന ജീവിതത്തിൽ ഇത് അനുഭവപ്പെടേണ്ടത് പ്രാധാന്യമർഹിക്കുന്നു. സുതാര്യതയുടെയും അഴിമതിരഹിത ഭരണത്തിന്റെയും മാതൃകയായി സഹകരണ മേഖല മാറേണ്ടത് അനിവാര്യമാണ്. ഇതിനായി സഹകരണ മേഖലയിൽ ഡിജിറ്റൽ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്” - പ്രധാനമന്ത്രി പറഞ്ഞു.
"ഡിജിറ്റൽ പണമിടപാടുകളുടെ പേരിൽ ഇന്ത്യ ലോകത്ത് അറിയപ്പെടുന്നു" - ഡിജിറ്റൽ ഇടപാടുകളുടെ കാര്യത്തിൽ സഹകരണ സംഘങ്ങളും ബാങ്കുകളും മുന്നിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് വിപണിയിൽ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനൊപ്പം മികച്ച മത്സരം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക തലത്തിലെ പ്രധാന സഹകരണ സംഘങ്ങൾ അഥവാ പിഎസിഎസുകൾ സുതാര്യതയുടെ മാതൃകയാകുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, 60,000-ലധികം പിഎസിഎസുകളുടെ കമ്പ്യൂട്ടർവൽക്കരണം ഇതിനകം നടന്നതായി അറിയിച്ചു. സഹകരണ സ്ഥാപനങ്ങൾ തങ്ങൾക്ക് ലഭ്യമായ സാങ്കേതിക വിദ്യ പൂർണമായി പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സഹകരണ സംഘങ്ങൾ കോർ ബാങ്കിങ്ങും ഡിജിറ്റൽ ഇടപാടുകളും സ്വീകരിക്കുന്നതിലൂടെ രാജ്യത്തിന് വലിയ നേട്ടമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അനുദിനം വർധിച്ചുവരുന്ന കയറ്റുമതിയെക്കുറിച്ചു പരാമർശിക്കവേ, സഹകരണ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ സംഭാവന നൽകണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഉൽപ്പാദനവുമായി ബന്ധപ്പെട്ട സഹകരണ സംഘങ്ങളുടെ പ്രത്യേക പ്രോത്സാഹനത്തിനു പിന്നിലെ കാരണം ഇതാണ്. അവരുടെ നികുതി ഭാരം കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച കയറ്റുമതി പ്രകടനത്തിനായി ക്ഷീരമേഖലയെ അദ്ദേഹം പ്രത്യേകം പരാമർശിക്കുകയും നമ്മുടെ ഗ്രാമങ്ങളുടെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തുന്നതിനു ദൃഢനിശ്ചയത്തോടെ നീങ്ങേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. ഈ നിശ്ചയദാർഢ്യത്തിന്റെ ഉദാഹരണമായി അദ്ദേഹം ശ്രീ അന്നയ്ക്ക് (ചെറുധാന്യങ്ങൾ) പുതിയ പ്രചോദനമേകിയതായി പരാമർശിച്ചു. അടുത്തിടെ അമേരിക്കയിലെ വൈറ്റ് ഹൗസിൽ നടന്ന ഔദ്യോഗിക വിരുന്നിൽ, ശ്രീ അന്നയ്ക്കു പ്രാധാന്യം ലഭിച്ച കാര്യം അദ്ദേഹം പരാമർശിച്ചു. ഇന്ത്യയുടെ ശ്രീ അന്നയെ ആഗോള വിപണികളിലേക്ക് എത്തിക്കണമെന്ന് അദ്ദേഹം സഹകരണ സംഘങ്ങളോട് ആഹ്വാനം ചെയ്തു.
കരിമ്പ് കർഷകർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. അവർക്ക് ആദായകരമായ വിലയും കൃത്യസമയത്ത് പണവും ലഭിക്കാത്ത പ്രശ്നമുണ്ട്. കർഷകരുടെ കുടിശ്ശിക തീർക്കുന്നതിനായി പഞ്ചസാര മില്ലുകൾക്ക് 20,000 കോടി രൂപയുടെ പാക്കേജ് അനുവദിച്ചു. പെട്രോളിൽ എഥനോൾ മിശ്രണത്തിന് മുൻഗണന നൽകി. കഴിഞ്ഞ 9 വർഷത്തിനിടെ 70,000 കോടി രൂപയുടെ എഥനോൾ പഞ്ചസാര മില്ലുകളിൽ നിന്ന് വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന കരിമ്പുവിലയുടെ നികുതി ഒഴിവാക്കിയതായും അദ്ദേഹം അറിയിച്ചു. നികുതിയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങളെക്കുറിച്ച് സംസാരിക്കവെ, പഴയ കുടിശ്ശിക തീർപ്പാക്കുന്നതിനായി സഹകരണ പഞ്ചസാര മില്ലുകൾക്ക് 10,000 കോടി രൂപയുടെ പിന്തുണ ഈ ബജറ്റിൽ നൽകുമെന്നു പ്രധാനമന്ത്രി അറിയിച്ചു. ഈ ശ്രമങ്ങളെല്ലാം ഈ മേഖലയിൽ ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരികയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഭക്ഷ്യസുരക്ഷ ഗോതമ്പിലും അരിയിലും മാത്രം ഒതുങ്ങുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഭക്ഷ്യ എണ്ണ, പയർവർഗങ്ങൾ, മത്സ്യത്തീറ്റ, സംസ്കരിച്ച ഭക്ഷണം തുടങ്ങിയവയുടെ ഇറക്കുമതിക്കായി ഏകദേശം 2 മുതൽ 2.5 ലക്ഷം കോടി രൂപ വരെ ഇന്ത്യ ചെലവഴിക്കുന്നുവെന്ന വസ്തുത ശ്രദ്ധയിൽപ്പെടുത്തി. ഈ ദിശയിൽ പ്രവർത്തിക്കാനും ഭക്ഷ്യ എണ്ണ ഉൽപ്പാദനത്തിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കാനും അദ്ദേഹം സഹകരണ സംഘങ്ങളോടും കർഷകരോടും ആഹ്വാനം ചെയ്തു. ഗവൺമെന്റ് ദൗത്യമെന്ന നിലയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നു പറഞ്ഞ പ്രധാനമന്ത്രി പാം ഓയിൽ ദൗത്യത്തിന്റെയും എണ്ണക്കുരു ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളുടെയും ഉദാഹരണങ്ങളും എടുത്തുപറഞ്ഞു. സഹകരണസംഘങ്ങൾ ഗവണ്മെന്റുമായി കൈകോർക്കുകയും ഈ ദിശയിൽ പ്രവർത്തിക്കുകയും ചെയ്യുമ്പോൾ ഭക്ഷ്യ എണ്ണ ഉൽപ്പാദനത്തിൽ രാജ്യത്തിന് സ്വയംപര്യാപ്തത കൈവരിക്കാനാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കർഷകർക്ക് തോട്ടം സാങ്കേതികവിദ്യ, ഉപകരണങ്ങൾ വാങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട എല്ലാത്തരം സേവനങ്ങളും വിവരങ്ങളും നൽകാൻ സഹകരണ സംഘങ്ങൾക്ക് കഴിയുമെന്ന് ശ്രീ മോദി പറഞ്ഞു.
പിഎം മത്സ്യ സമ്പദ യോജനയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഗ്രാമവാസികൾക്കും ജലാശയത്തിനരികിൽ താമസിക്കുന്ന കർഷകർക്കും അധിക വരുമാന മാർഗമായി ഇതു മാറിയെന്നും പരാമർശിച്ചു. മത്സ്യസംസ്കരണം, മത്സ്യം ഉണക്കൽ, മത്സ്യ ശുദ്ധീകരണം, മത്സ്യ സംഭരണം, മത്സ്യ ഭക്ഷ്യപദാർഥങ്ങൾ സൂക്ഷിക്കൽ, മത്സ്യങ്ങൾ കൊണ്ടുപോകൽ തുടങ്ങിയ വ്യവസായങ്ങൾ കരുത്തേകിയ മത്സ്യമേഖലയിൽ 25,000-ത്തിലധികം സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉൾനാടൻ മത്സ്യബന്ധനവും കഴിഞ്ഞ 9 വർഷത്തിനുള്ളിൽ ഇരട്ടിയായെന്നും സഹകരണമേഖല ഈ യജ്ഞത്തിനു പിന്തുണ നൽകേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മത്സ്യക്കൃഷി പോലുള്ള നിരവധി പുതിയ മേഖലകളിൽ പിഎസിഎസിന്റെ പങ്ക് വികസിക്കുകയാണെന്നും രാജ്യത്തുടനീളം 2 ലക്ഷം പുതിയ വിവിധോദ്ദേശ്യ സംഘങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിൽ ഗവണ്മെന്റ് പ്രവർത്തിക്കുകയാണെന്നും ശ്രീ മോദി പറഞ്ഞു. ഇതോടെ, ഈ സംവിധാനം പ്രവർത്തനക്ഷമമല്ലാത്ത ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും പോലും സഹകരണ സംഘങ്ങളുടെ ശക്തി എത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി എഫ്‌പിഒകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചു പരാമർശിക്കവേ, 10,000 പുതിയ എഫ്‌പിഒകൾ സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും അതിൽ 5000 എണ്ണം ഇതിനകം സൃഷ്ടിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. "ഈ എഫ്‌പിഒകൾ ചെറുകിട കർഷകർക്ക് വലിയ ശക്തി നൽകും. ചെറുകിട കർഷകരെ വിപണിയിൽ വലിയ ശക്തിയാക്കാനുള്ള മാർഗങ്ങളാണിവ. വിത്ത് മുതൽ വിപണി വരെ, ചെറുകിട കർഷകന് എങ്ങനെ എല്ലാ സംവിധാനങ്ങളെയും അനുകൂലമാക്കാൻ കഴിയും, വിപണിയുടെ ശക്തിയെ എങ്ങനെ വെല്ലുവിളിക്കാൻ കഴിയും, അതിനുള്ള യജ്ഞമാണ് ഇത്" - പ്രധാനമന്ത്രി പറഞ്ഞു. പിഎസികൾ വഴിയും എഫ്‌പിഒകൾ സൃഷ്ടിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട്. ഇത് ഈ മേഖലയിൽ പരിധിയില്ലാത്ത സാധ്യതകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
തേൻ ഉൽപ്പാദനം, ജൈവ ഭക്ഷണങ്ങൾ, സൗരോർജ പാനലുകൾ, മണ്ണ് പരിശോധന തുടങ്ങി കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുള്ള മറ്റ് നടപടികളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇവയിൽ സഹകരണ മേഖലയുടെ പിന്തുണയുടെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. രാസരഹിത കൃഷി പ്രചരിപ്പിക്കാനും ബദൽ വളങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന രാസരഹിത കൃഷിയുടെ പശ്ചാത്തലത്തിൽ അടുത്തിടെ നടപ്പാക്കിയ പിഎം-പ്രണാം പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചു. ഇതിനും സഹകരണ സംഘങ്ങളുടെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിൽ രാസവസ്തുക്കളുടെ ഉപയോഗം ഇല്ലെന്ന് ഉറപ്പാക്കാൻ ഓരോ ജില്ലയിലും 5 ഗ്രാമങ്ങൾ ദത്തെടുക്കാൻ അദ്ദേഹം സഹകരണ സംഘങ്ങളോട് ആവശ്യപ്പെട്ടു.
'മാലിന്യത്തെ സമ്പത്താ'ക്കി മാറ്റുന്നതിന് രാജ്യത്തുടനീളം പ്രവർത്തനങ്ങൾ നടക്കുന്ന ഗോബർധൻ പദ്ധതിയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ചാണകവും മാലിന്യവും വൈദ്യുതിയും ജൈവവളവുമാക്കി മാറ്റുന്ന പ്ലാന്റുകളുടെ വലിയ ശൃംഖലയാണ് ഗവണ്മെന്റ് ഒരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. നിരവധി കമ്പനികൾ രാജ്യത്ത് ഇതുവരെ 50 ലധികം ബയോഗ്യാസ് പ്ലാന്റുകൾ നിർമിച്ചിട്ടുണ്ടെന്നും ഗോബർധൻ പ്ലാന്റുകളെ പിന്തുണയ്ക്കാൻ സഹകരണ സംഘങ്ങൾ മുന്നോട്ട് വരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കന്നുകാലികളെ മേയ്ക്കുന്നവർക്ക് മാത്രമല്ല, റോഡിൽ ഉപേക്ഷിക്കപ്പെട്ട മൃഗങ്ങൾക്കും ഇത് പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
ക്ഷീര, മൃഗസംരക്ഷണ മേഖലകളിൽ നടത്തിയ സമഗ്രമായ പ്രവർത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. കന്നുകാലി വളർത്തുന്നവരിൽ വലിയൊരു വിഭാഗം സഹകരണ പ്രസ്ഥാനവുമായി ബന്ധമുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുളമ്പുരോഗത്തിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇത് വളരെക്കാലമായി മൃഗങ്ങൾക്ക് വലിയ ദുരിതം സൃഷ്ടിക്കുന്നുണ്ടെന്നും കന്നുകാലി കർഷകർക്ക് ഓരോ വർഷവും ആയിരക്കണക്കിന് കോടി രൂപയുടെ വലിയ നഷ്ടം വരുത്തിവയ്ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 24 കോടി മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പു നൽകിയ കേന്ദ്ര ഗവണ്മെന്റ് രാജ്യത്തുടനീളം ഇതാദ്യമായി സൗജന്യ പ്രതിരോധ കുത്തിവയ്പു യജ്ഞം ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. കുളമ്പുരോഗം ഇതുവരെ വേരോടെ പിഴുതെറിയാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിരോധ കുത്തിവയ്പു യജ്ഞമാകട്ടെ, മൃഗങ്ങളെ കണ്ടെത്തുന്ന കാര്യമാകട്ടെ, ഇവയിലെല്ലാം സഹകരണസംഘങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കന്നുകാലികളെ വളർത്തുന്നവർ മാത്രമല്ല ക്ഷീരമേഖലയിലെ പങ്കാളികളെന്നും നമ്മുടെ മൃഗങ്ങളും തുല്യ പങ്കാളികളാണെന്നും ശ്രീ മോദി പറഞ്ഞു.
ഗവൺമെന്റ് ആരംഭിച്ച വിവിധ ദൗത്യങ്ങൾ നിറവേറ്റുന്നതിനു സംഭാവനയേകാൻ സഹകരണ സംഘങ്ങളോട് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അമൃതസരോവരങ്ങൾ, ജലസംരക്ഷണം, ഓരോ തുള്ളിയിലും കൂടുതൽ വിള, തുള്ളിനന സംവിധാനം തുടങ്ങിയ ദൗത്യങ്ങളിൽ പങ്കാളികളാകാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
സംഭരണം എന്ന വിഷയത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. സംഭരണ സൗകര്യങ്ങളുടെ അഭാവം വളരെക്കാലമായി ഭക്ഷ്യസുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉൽപ്പാദിപ്പിക്കുന്ന ധാന്യത്തിന്റെ 50 ശതമാനത്തിൽ താഴെ മാത്രമേ നമുക്ക് സംഭരിക്കാനാകൂവെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സംഭരണ പദ്ധതിയാണ് കേന്ദ്ര ഗവണ്മെന്റ് കൊണ്ടുവന്നിരിക്കുന്നത്. പതിറ്റാണ്ടുകളായി മൊത്തം 1400 ലക്ഷം ടൺ സംഭരണശേഷിയുള്ള സ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 700 ലക്ഷം ടൺ സംഭരണശേഷി സൃഷ്ടിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്- അദ്ദേഹം പറഞ്ഞു. കാർഷിക അടിസ്ഥാന സൗകര്യവികസനത്തിനായി ഒരു ലക്ഷം കോടി രൂപയുടെ സഹായനിധിക്കു രൂപം നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ 3 വർഷത്തിനുള്ളിൽ 40,000 കോടിയിലധികം രൂപ അതിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ നിക്ഷേപത്തിന്റെ വലിയൊരു ഭാഗം പിഎസികളിൽ നിന്നുള്ളതാണെന്നും കാർഷികോൽപ്പന്ന വിതരണ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കുന്നതിൽ സഹകരണ സംഘങ്ങളിൽ നിന്ന് കൂടുതൽ ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഇന്ത്യയിൽ സഹകരണ സ്ഥാപനങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സിന്റെ ശക്തമായ മാധ്യമമായി മാറുമെന്ന് പ്രസംഗം ഉപസംഹരിക്കവേ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സഹകരണ മാതൃക പിന്തുടർന്ന് സ്വയംപര്യാപ്തത കൈവരിക്കുന്ന ഗ്രാമങ്ങൾ കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. സഹകരണ സംഘങ്ങളിലെ സഹകരണം മെച്ചപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. രാഷ്ട്രീയത്തിന് പകരം സാമൂഹിക നയത്തിന്റെയും ദേശീയ നയത്തിന്റെയും വാഹകരായി സഹകരണ സ്ഥാപനങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ, കേന്ദ്ര സഹകരണ സഹമന്ത്രി ശ്രീ ബി എൽ വർമ, ഏഷ്യാ പസഫിക്കിനായുള്ള അന്താരാഷ്ട്ര സഹകരണ സഖ്യം ചെയർമാൻ ഡോ. ചന്ദ്രപാൽ സിങ് യാദവ്, ദേശീയ സഹകരണ യൂണിയൻ പ്രസിഡന്റ് ശ്രീ ദിലീപ് സംഘാനി തുടങ്ങിയവർ പങ്കെടുത്തു.
പശ്ചാത്തലം
‘സഹകാർ സേ സമൃദ്ധി’ എന്ന കാഴ്ചപ്പാടിലുള്ള പ്രധാനമന്ത്രിയുടെ ഉറച്ച വിശ്വാസത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട്, രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ഗവണ്മെന്റ് തുടർച്ചയായി കൈക്കൊള്ളുന്നു. ഈ ഉദ്യമത്തിനു കരുത്തേകാൻ ഗവണ്മെന്റ് പ്രത്യേക സഹകരണ മന്ത്രാലയത്തിനു രൂപംനൽകി. പ്രധാനമന്ത്രി പരിപാടിയിൽ പങ്കെടുത്തത് ഈ ദിശയിലേക്കുള്ള മറ്റൊരു ചുവടുവയ്പാണ്.
സഹകരണ പ്രസ്ഥാനത്തിലെ വിവിധ പ്രവണതകൾ ചർച്ച ചെയ്യുക, സ്വീകരിക്കുന്ന മികച്ച സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുക, അഭിമുഖീകരിക്കുന്ന ബോധപൂർവമായ വെല്ലുവിളികൾ പ്രകടിപ്പിക്കുക, ഇന്ത്യയുടെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഭാവി നയങ്ങൾ രൂപപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പതിനേഴാമത് ഇന്ത്യൻ സഹകരണ കോൺഗ്രസ് 2023 ജൂലൈ ഒന്നിനും രണ്ടിനും സംഘടിപ്പിക്കുന്നത്. ‘അമൃതകാലം: ഊർജസ്വലമായ ഇന്ത്യക്കായി സഹകരണത്തിലൂടെ സമൃദ്ധി’ എന്ന വിഷയത്തിൽ ഏഴ് സാങ്കേതിക സെഷനുകൾ നടക്കും. പ്രാഥമികതലം മുതൽ ദേശീയതലം വരെയുള്ള സഹകരണ സ്ഥാപനങ്ങൾ, അന്താരാഷ്ട്ര സഹകരണ സംഘടനകളുടെ പ്രതിനിധികൾ, അന്താരാഷ്ട്ര സഹകരണ സഖ്യം പ്രതിനിധികൾ, മന്ത്രാലയങ്ങളുടെയും സർവകലാശാലകളുടെയും പ്രമുഖ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ എന്നിവരുൾപ്പെടെ 3600-ലധികം പേർ പങ്കെടുക്കുന്നുണ്ട്.
मैंने लाल किले से कहा है, हमारे हर लक्ष्य की प्राप्ति के लिए सबका प्रयास आवश्यक है।
— PMO India (@PMOIndia) July 1, 2023
सहकार की स्पिरिट भी तो यही है: PM @narendramodi pic.twitter.com/GYWnPSzf4B
जब विकसित भारत के लिए बड़े लक्ष्यों की बात आई, तो हमने सहकारिता को एक बड़ी ताकत देने का फैसला किया। pic.twitter.com/GujRgc53iI
— PMO India (@PMOIndia) July 1, 2023
करोड़ों छोटे किसानों को पीएम किसान सम्मान निधि मिल रही है।
— PMO India (@PMOIndia) July 1, 2023
कोई बिचौलिया नहीं, कोई फर्ज़ी लाभार्थी नहीं। pic.twitter.com/8Ptp8MOQ4i
किसान हितैषी अप्रोच को जारी रखते हुए, कुछ दिन पहले एक और बड़ा निर्णय लिया गया है। pic.twitter.com/Qyv119vAVf
— PMO India (@PMOIndia) July 1, 2023
अमृतकाल में देश के गांव, देश के किसान के सामर्थ्य को बढ़ाने के लिए अब देश के कॉपरेटिव सेक्टर की भूमिका बहुत बड़ी होने वाली है। pic.twitter.com/Pm1WTnlWQX
— PMO India (@PMOIndia) July 1, 2023
केंद्र सरकार ने मिशन पाम ऑयल शुरु किया है।
— PMO India (@PMOIndia) July 1, 2023
इसके तहत तिलहन की फसलों को बढ़ावा दिया जा रहा है। pic.twitter.com/18TDetCKuJ
बीते वर्षों में हमने किसान उत्पादक संघों यानि FPOs के निर्माण पर भी विशेष बल दिया है। pic.twitter.com/iYgpZx7n58
— PMO India (@PMOIndia) July 1, 2023
आज कैमिकल मुक्त खेती, नैचुरल फार्मिंग, सरकार की प्राथमिकता है। pic.twitter.com/fwl3aSu5Bk
— PMO India (@PMOIndia) July 1, 2023
Per Drop More Crop
— PMO India (@PMOIndia) July 1, 2023
ज्यादा पानी, ज्यादा फसल की गारंटी नहीं है।
Micro-irrigation का कैसे गांव-गांव तक विस्तार हो, इसके लिए सहकारी समितियों को अपनी भूमिका का भी विस्तार करना होगा। pic.twitter.com/5lG4XuwN49