മഹനീയ പ്രധാനമന്ത്രി ഡോ. നവീൻചന്ദ്ര രാംഗൂലം ജി,
ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ,
മാധ്യമ സുഹൃത്തുക്കളെ,
നമസ്‌കാരം, 
 
140 കോടി ഇന്ത്യക്കാരുടെ പേരിൽ, മൗറീഷ്യസിലെ ജനങ്ങൾക്ക് നിങ്ങളുടെ ദേശീയ ദിനത്തിൽ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ദേശീയ ദിനത്തിൽ വീണ്ടും മൗറീഷ്യസ് സന്ദർശിക്കാൻ കഴിഞ്ഞത് വലിയ ബഹുമതിയായി ഞാൻ കരുതുന്നു. ഈ അവസരം നൽകിയതിന് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലം ജിക്കും മൗറീഷ്യസ് ഗവണ്മെന്റിനും ഞാൻ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

 

സുഹൃത്തുക്കളേ,

ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധം ഇന്ത്യൻ മഹാസമുദ്രവുമായി മാത്രമല്ല, നമ്മുടെ പങ്കിട്ട സംസ്കാരം, പാരമ്പര്യങ്ങൾ, മൂല്യങ്ങൾ എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ വികസനത്തിലേക്കുള്ള പാതയിൽ നാം സഹയാത്രികരാണ്. പ്രകൃതിദുരന്തമായാലും കോവിഡ് മഹാമാരിയായാലും, നാം എപ്പോഴും പരസ്പരം പിന്തുണച്ചിട്ടുണ്ട്. സുരക്ഷയോ വിദ്യാഭ്യാസമോ ആരോഗ്യ സംരക്ഷണമോ ബഹിരാകാശമോ ആകട്ടെ, എല്ലാ മേഖലകളിലും നമ്മൾ തോളോട് തോൾ ചേർന്ന് മുന്നോട്ടുപോകുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഞങ്ങളുടെ ബന്ധം നിരവധി പുതിയ മാനങ്ങൾ കൈവരിച്ചിട്ടുണ്ട്. വികസന സഹകരണത്തിലും ശേഷി വർദ്ധിപ്പിക്കലിലും ഞങ്ങൾ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു.

മൗറീഷ്യസിന്റെ വേഗത വർധിപ്പിക്കുന്ന മെട്രോ എക്സ്പ്രസ്, നീതി നിർവഹണത്തിനുള്ള സുപ്രീം കോടതി മന്ദിരം, ജീവിതം സുഖകരമാക്കുന്ന  സാമൂഹിക ഭവന നിർമ്മാണം,  മികച്ച ആരോഗ്യത്തിനായുള്ള ഇഎൻടി ആശുപത്രി, വ്യാപാരവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുന്നതിനായി യുപിഐയും റുപേ കാർഡും; താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ മരുന്നുകൾക്കായി ജൻ ഔഷധി കേന്ദ്രങ്ങൾ, തുടങ്ങി- 

സമയബന്ധിതമായി ഞങ്ങൾ പൂർത്തിയാക്കിയ നിരവധി ജനകേന്ദ്രീകൃത സംരംഭങ്ങളുണ്ട്. ചിഡോ ചുഴലിക്കാറ്റിൽ ദുരിതം നേരിട്ടവർക്ക് മാനുഷിക സഹായം വേഗത്തിൽ എത്തിക്കാൻ അഗലേഗയിലെ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ സഹായിച്ചു. ഇതുമൂലം നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞു. ഇരുപത് കമ്മ്യൂണിറ്റി വികസന പദ്ധതികൾക്കൊപ്പം കാപ് മാൽഹ്യൂറക്സ് ഏരിയ ഹെൽത്ത് സെന്ററും ഞങ്ങൾ അടുത്തിടെ ഉദ്ഘാടനം ചെയ്തു. താമസിയാതെ ഇവിടുത്തെ പ്രധാനമന്ത്രിയോടൊപ്പം, "അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് സർവീസ് ആൻഡ് ഇന്നൊവേഷൻ" ഉദ്ഘാടനം ചെയ്യാനും അത് മൗറീഷ്യസിന് കൈമാറാനുമുള്ള ബഹുമതിയും എനിക്ക് ലഭിക്കും.

സുഹൃത്തുക്കളേ,

ഇന്ന്, പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലവും ഞാനും ഇന്ത്യ-മൗറീഷ്യസ് പങ്കാളിത്തത്തെ 'മികച്ച തന്ത്രപരമായ പങ്കാളിത്ത'മായി ഉയർത്താൻ തീരുമാനിച്ചു. മൗറീഷ്യസിൽ ഒരു പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നതിൽ ഇന്ത്യ സഹകരിക്കാൻ തീരുമാനിച്ചു. ജനാധിപത്യത്തിന്റെ മാതാവിൽ നിന്ന് മൗറീഷ്യസിന് ലഭിക്കുന്ന ഒരു സമ്മാനമാണിത്. മൗറീഷ്യസിൽ 100 ​​കിലോമീറ്റർ ദൈർഘ്യമുള്ള ജല വിതരണ പൈപ്പ്‌ലൈൻ നവീകരിക്കാൻ ശ്രമങ്ങൾ നടത്തും.

 

സാമൂഹ്യ വികസന പദ്ധതികളുടെ രണ്ടാം ഘട്ടത്തിൽ, 500 ദശലക്ഷം മൗറീഷ്യൻ രൂപയുടെ പുതിയ പദ്ധതികൾ ആരംഭിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, മൗറീഷ്യസിൽ നിന്നുള്ള 500 സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഇന്ത്യയിൽ പരിശീലനം നൽകും. കൂടാതെ, പ്രാദേശിക കറൻസിയിലുള്ള പരസ്പര വ്യാപാര കരാറിലും ഞങ്ങൾ എത്തിച്ചേർന്നിട്ടുണ്ട്.

സുഹൃത്തുക്കളേ,

പ്രതിരോധ സഹകരണവും സമുദ്ര സുരക്ഷയും ഞങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭങ്ങളാണെന്ന് മൗറീഷ്യസ് പ്രധാനമന്ത്രിയും ഞാനും സമ്മതിക്കുന്നു. സ്വതന്ത്രവും, തുറന്നതും, സുരക്ഷിതവുമായ ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്കാണ് ഞങ്ങളുടെ പൊതുവായ മുൻഗണന. മൗറീഷ്യസിലെ പ്രത്യേക സാമ്പത്തിക മേഖലയുടെ സുരക്ഷയ്ക്ക് പൂർണ്ണ പിന്തുണ നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഇക്കാര്യത്തിൽ, തീര സംരക്ഷണ സേനയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സാധ്യമായ എല്ലാ സഹായവും ഞങ്ങൾ നൽകും.

മൗറീഷ്യസിൽ പോലീസ് അക്കാദമിയും നാഷണൽ മാരിടൈം ഇൻഫർമേഷൻ ഷെയറിംഗ് സെന്ററും സ്ഥാപിക്കുന്നതിന് ഇന്ത്യ സഹായം നൽകും. വൈറ്റ് ഷിപ്പിംഗ്, സമുദ്ര സമ്പദ്‌വ്യവസ്ഥ (ബ്ലൂ ഇക്കണോമി), ഹൈഡ്രോഗ്രാഫി എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കും.

ചാഗോസുമായി ബന്ധപ്പെട്ട് മൗറീഷ്യസിന്റെ പരമാധികാരത്തെ ഞങ്ങൾ പൂർണ്ണമായും ബഹുമാനിക്കുന്നു. കൊളംബോ സെക്യൂരിറ്റി കോൺക്ലേവ്, ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷൻ, ഇന്ത്യൻ ഓഷ്യൻ കോൺഫറൻസ് തുടങ്ങിയ ഫോറങ്ങളിലൂടെ ഞങ്ങൾ സഹകരണം വ്യാപിപ്പിക്കും.

സുഹൃത്തുക്കളേ,

ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധം നമ്മുടെ പങ്കാളിത്തത്തിന് ശക്തമായ അടിത്തറ പാകുന്നു. ഡിജിറ്റൽ ആരോഗ്യം, ആയുഷ് കേന്ദ്രം, സ്കൂൾ വിദ്യാഭ്യാസം, വൈദഗ്ധ്യം, മൊബിലിറ്റി തുടങ്ങിയ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കും. മനുഷ്യരാശിയുടെ വികസനത്തിനായി നിർമ്മിതബുദ്ധി (എഐ) ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ (ഡിപിഐ) എന്നിവ പ്രയോജനപ്പെടുത്തുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.

 

മൗറീഷ്യസിലെ ജനങ്ങൾക്ക്, ഇന്ത്യയിൽ ചാർ ധാം യാത്രയ്ക്കും രാമായണ പാത തീർത്ഥാടനത്തിനും സൗകര്യമൊരുക്കും. ഗിർമിതിയ പൈതൃകത്തിന്റെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും ഊന്നൽ നൽകും.

സുഹൃത്തുക്കളേ,

ആഗോള ദക്ഷിണ മേഖലയായാലും, ഇന്ത്യൻ മഹാസമുദ്രമായാലും, ആഫ്രിക്കൻ ഭൂഖണ്ഡമായാലും, മൗറീഷ്യസ് നമ്മുടെ പ്രധാന പങ്കാളിയാണ്. പത്ത് വർഷങ്ങൾക്ക് മുമ്പ്, "മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും" എന്നർത്ഥം വരുന്ന വിഷൻ സാഗറിന് മൗറീഷ്യസിൽ അടിത്തറ പാകി. ഈ മേഖലയുടെ സ്ഥിരതയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള സാഗർ ദർശനവുമായി ഞങ്ങൾ മുന്നോട്ട് പോകുകയാണ്.

ഇതിനെ അടിസ്ഥാനമാക്കി ഇന്ന്, ആഗോള ദക്ഷിണ മേഖലയെ കുറിച്ചുള്ള ഞങ്ങളുടെ ദർശനം - സാഗറിനപ്പുറം - മഹാസാഗർ, അതായത് "മേഖലകളിലുടനീളം സുരക്ഷയ്ക്കും വളർച്ചയ്ക്കും വേണ്ടിയുള്ള പരസ്പരവും സമഗ്രവുമായ പുരോഗതി" എന്ന്  പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വികസനത്തിനായുള്ള വ്യാപാരം, സുസ്ഥിര വളർച്ചയ്ക്കുള്ള ശേഷി വികസനം, ഭാവിക്കായുള്ള പരസ്പര സുരക്ഷ എന്നീ ആശയങ്ങൾ ഇതിൽ ഉൾക്കൊള്ളും. ഇതിന് കീഴിൽ, സാങ്കേതികവിദ്യ കൈമാറ്റം, വായ്പാ ഇളവുകൾ, ഗ്രാന്റുകൾ എന്നിവയിലൂടെ ഞങ്ങൾ സഹകരണം വ്യാപിപ്പിക്കും.

 

ബഹുമാന്യ പ്രധാനമന്ത്രി,

എനിക്ക് ഇവിടെ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് താങ്കൾക്കും മൗറീഷ്യസിലെ ജനങ്ങൾക്കും ഒരിക്കൽ കൂടി എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ഇന്ത്യ സന്ദർശിക്കാൻ ഞാൻ നിങ്ങളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു. അങ്ങയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്

എല്ലാവർക്കും വളരെ നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How NPS transformed in 2025: 80% withdrawals, 100% equity, and everything else that made it a future ready retirement planning tool

Media Coverage

How NPS transformed in 2025: 80% withdrawals, 100% equity, and everything else that made it a future ready retirement planning tool
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 20
December 20, 2025

Empowering Roots, Elevating Horizons: PM Modi's Leadership in Diplomacy, Economy, and Ecology