



''സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ഊര്‍ജ്ജം'' എന്ന വിഷയത്തില്‍ നടന്ന വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ബജറ്റിന് ശേഷമുള്ള വെബിനാറുകളുടെ പരമ്പരയില്‍ പ്രധാനമന്ത്രി അഭിസംബോധന ചെയ്ത ഒന്‍പതാമത്തെ വെബിനാറാണിത്.
''സുസ്ഥിര വളര്‍ച്ചയ്ക്കുള്ള ഊര്‍ജം'' എന്നത് ഇന്ത്യന്‍ പാരമ്പര്യവുമായി പ്രതിദ്ധ്വനിക്കുക മാത്രമല്ല, ഭാവി ആവശ്യങ്ങളും അഭിലാഷങ്ങളും നേടിയെടുക്കാനുള്ള ഒരു വഴിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര ഊര്‍ജ സ്രോതസ്സുകളിലൂടെ മാത്രമേ സുസ്ഥിര വളര്‍ച്ച സാദ്ധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു. 2070-ഓടെ നെറ്റ് സീറോയിലെത്താന്‍ ഗ്ലാസ്‌ഗോയില്‍ താന്‍ കൈക്കൊണ്ട പ്രതിജ്ഞാബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പരിസ്ഥിതി സുസ്ഥിരമായ ജീവിതശൈലിയുമായി ബന്ധപ്പെട്ട ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും അദ്ദേഹം പരാമര്‍ശിച്ചു. അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മ പോലുള്ള ആഗോള സഹകരണങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കുന്നു. 2030 ഓടെ 500 ജിഗാവാട്ട് ഫോസില്‍ ഇതര ഊര്‍ജശേഷി കൈവരിക്കുന്നതിനെക്കുറിച്ചും സ്ഥാപിത ഊര്‍ജശേഷിയുടെ 50 ശതമാനം ഫോസില്‍ ഇതര ഊര്‍ജത്തിലൂടെ നേടിയെടുക്കാനുമുള്ള ലക്ഷ്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ''ഇന്ത്യ സ്വയം നിശ്ചയിച്ചിരിക്കുന്ന ലക്ഷ്യങ്ങള്‍ എന്തൊക്കെയാണെങ്കിലും, അവയെ ഞാന്‍ വെല്ലുവിളികളായല്ല, അവസരങ്ങളായാണ് കാണുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഈ കാഴ്ചപ്പാടോടെയാണ് ഇന്ത്യ നീങ്ങുന്നത്, ഈ വര്‍ഷത്തെ ബജറ്റില്‍ നയപരമായ തലത്തില്‍ തന്നെ അത് മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു'', അദ്ദേഹം പറഞ്ഞു. ഈ ബജറ്റില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ മൊഡ്യൂള്‍ നിര്‍മ്മാണത്തിനായി 19.500 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്, ഇത് സോളാര്‍ മൊഡ്യൂളുകളുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും നിര്‍മ്മാണത്തിലും ഗവേഷണ-വികസനത്തിലും ഇന്ത്യയെ ആഗോള ഹബ്ബാക്കി മാറ്റാന്‍ സഹായിക്കും.
സമൃദ്ധമായ പുനരുപയോഗ ഊര്‍ജത്തിന്റെ രൂപത്തില്‍ അതിന്റൈ അന്തര്‍ലീനമായ നേട്ടങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇന്ത്യക്ക് ഹരിത ഹൈഡ്രജന്റെ കേന്ദ്രമാകാന്‍ കഴിയുമെന്ന് ഈയിടെ പ്രഖ്യാപിച്ച ദേശീയ ഹൈഡ്രജന്‍ മിഷനെ പരാമര്‍ശിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു. ഈ മേഖലയില്‍ സ്വകാര്യമേഖലയുടെ പരിശ്രമങ്ങളും അദ്ദേഹം ആവശ്യപ്പെട്ടു.
ബജറ്റില്‍ കാര്യമായ ശ്രദ്ധ നേടിയ ഊര്‍ജ സംഭരണത്തിന്റെ വെല്ലുവിളികളും ശ്രീ മോദി ചൂണ്ടിക്കാട്ടി. ''ബാറ്ററി കൈമാറ്റ (സ്വാപ്പിംഗ്) നയം, പരസ്പരപ്രവര്‍ത്തനക്ഷമത(ഇന്റര്‍-ഓപ്പറബിലിറ്റി) മാനദണ്ഡങ്ങള്‍ എന്നിവയെ സംബന്ധിച്ചും ഈ വര്‍ഷത്തെ ബജറ്റില്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ ഉപയോഗത്തില്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കും'', അദ്ദേഹം പറഞ്ഞു.
ഊര്‍ജ ഉല്‍പ്പാദനത്തോടൊപ്പം ഊര്‍ജ സംരക്ഷണവും സുസ്ഥിരതയ്ക്ക് ഒരുപോലെ പ്രധാനമാണെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''നമ്മുടെ രാജ്യത്ത് കൂടുതല്‍ ഊര്‍ജ്ജ കാര്യക്ഷമതയുള്ള എ/സി, കാര്യക്ഷമമായ ഹീറ്ററുകള്‍, ഗീസറുകള്‍, ഓവനുകള്‍ എന്നിവ എങ്ങനെ നിര്‍മ്മിക്കാമെന്നതില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കണം'', അദ്ദേഹം പങ്കെടുത്തവരെ ഉദ്‌ബോധിപ്പിച്ചു.
ഊര്‍ജക്ഷമതയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, എല്‍.ഇ.ഡി ബള്‍ബുകള്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി. ആദ്യമായി ഗവണ്‍മെന്റ് ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് എല്‍.ഇ.ഡി ബള്‍ബുകളുടെ വില കുറയ്ക്കുകയും, തുടര്‍ന്ന് ഉജാല പദ്ധതിക്ക് കീഴില്‍ 37 കോടി എല്‍.ഇ.ഡി ബള്‍ബുകള്‍ വിതരണം ചെയ്യുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇത് നാല്‍പ്പത്തി എണ്ണായിരം ദശലക്ഷം കിലോ വാട്ട് മണിക്കൂര്‍ വൈദ്യുതി ലാഭിക്കുന്നതിനും ദരിദ്രരുടെയും ഇടത്തരക്കാരുടെയും കുടുംബങ്ങളിലെ വൈദ്യുതി ബില്ലില്‍ ഏകദേശം 20,000 കോടി രൂപ ലാഭിക്കുന്നതിലേക്കും നയിച്ചു. അതിനുപ്പറുമായി, വാര്‍ഷിക കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ 4 കോടി ടണ്ണിന്റെ കുറവുമുണ്ടായി. തെരുവുവിളക്കുകളില്‍ എല്‍.ഇ.ഡി ബള്‍ബുകള്‍ സ്വീകരിച്ചതുവഴി തദ്ദേശസ്ഥാപനങ്ങള്‍ പ്രതിവര്‍ഷം 6,000 കോടി രൂപ ലാഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്‍ക്കരി വാതകവല്‍ക്കരണം കല്‍ക്കരിയുടെ ശുദ്ധമായ ബദലാണെന്ന്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ വര്‍ഷത്തെ ബജറ്റില്‍ കല്‍ക്കരി വാതകവല്‍ക്കരണത്തിനായി 4 പൈലറ്റ് പ്രോജക്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഈ പദ്ധതികളുടെ സാങ്കേതിക, സാമ്പത്തിക പ്രവര്‍ത്തനക്ഷമത കൂടുതല്‍ ഉറപ്പിക്കുന്നതിന് ഇത് സഹായിക്കും.
അതുപോലെ, എഥനോള്‍ മിശ്രണത്തേയും ഗവണ്‍മെന്റ് തുടര്‍ച്ചയായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. മിശ്രണം ചെയ്യാത്ത ഇന്ധനത്തിന് വിവിധ അധിക എക്‌സൈസ് ഡ്യൂട്ടി സമാഹരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു. ഇന്‍ഡോറിലെ സമീപകാല ഉദ്ഘാടനം ചെയ്ത ഗോബര്‍ദന്‍ പ്ലാന്റിന്റെ അനുസ്മരിച്ചുകൊണ്ട്, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വകാര്യമേഖലയ്ക്ക് രാജ്യത്ത് ഇത്തരത്തിലുള്ള 500 അല്ലെങ്കില്‍ 1000 പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ ഊര്‍ജ്ജ ആവശ്യകതയിലെ ഭാവി വര്‍ദ്ധനയെ കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുകയും പുനരുപയോഗ ഊര്‍ജ്ജത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെ നിര്‍ണായകതയില്‍ അടിവരയിടുകയും ചെയ്തു. ഇന്ത്യയിലെ 24-25 കോടി കുടുംബങ്ങളിലെ ശുദ്ധ- പാചകം, കനാലുകളിലെ സൗരോര്‍ജ്ജ പാനലുകള്‍, കുടുംബങ്ങളിലെ പൂന്തോട്ടങ്ങളിലോ, ബാല്‍ക്കണിയിലോ ഉള്ള സൗരോര്‍ജ്ജ മരം, ഈ സൗരോര്‍ജ്ജ മരങ്ങളില്‍ നിന്ന് നിന്ന് കുടുംബങ്ങള്‍ക്ക് 15 ശതമാനം ഊര്‍ജം ലഭിക്കാനുള്ള സാദ്ധ്യതയുണ്ട്. തുടങ്ങി ഈ ദിശയിലേക്കുള്ള നിരവധി പദ്ധതികളുടെ പട്ടിക അദ്ദേഹം ചൂണ്ടിക്കാട്ടി. വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ മൈക്രോ ഹൈഡല്‍ പദ്ധതികള്‍ (സൂക്ഷ്മ ജലവൈദ്യുത പദ്ധതികള്‍) പര്യവേക്ഷണം ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. ''എല്ലാ തരത്തിലുള്ള പ്രകൃതി വിഭവങ്ങളുടെയും ശോഷണത്തിന് ലോകം സാക്ഷ്യം വഹിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ചാക്രിക സമ്പദ്‌വ്യവസ്ഥയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. അതിനെ നമുക്ക് നമ്മുടെ ജീവിതത്തിന്റെ നിര്‍ബന്ധിത ഭാഗമാക്കേണ്ടതുണ്ട്'', അദ്ദേഹം പറഞ്ഞു.