പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ഗോവയിൽ ‘വികസിതഭാരതം, വികസിതഗോവ 2047’ പരിപാടിയിൽ 1330 കോടിരൂപയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചു. ചടങ്ങിൽ സംഘടിപ്പിച്ച പ്രദർശനവും ശ്രീ മോദി വീക്ഷിച്ചു. വിദ്യാഭ്യാസം, കായികം, ജലശുദ്ധീകരണം, മാലിന്യസംസ്കരണം, വിനോദസഞ്ചാരം എന്നീ മേഖലകളിലെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതാണ് ഇന്നത്തെ പദ്ധതികൾ. തൊഴിൽമേളയുടെ കീഴിൽ വിവിധ ഗവണ്മെന്റ് വകുപ്പുകളിലായി 1930 പുതിയ നിയമനങ്ങൾക്കുള്ള ഉത്തരവുകളും പ്രധാനമന്ത്രി വിതരണം ചെയ്തു. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കൾക്കുള്ള അനുമതിപത്രവും കൈമാറി.
ഗോവയുടെ പ്രകൃതിസൗന്ദര്യവും ആദികാലംമുതലുള്ള കടലോരങ്ങളും എടുത്തുകാട്ടിയാണു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഇന്ത്യയിലും വിദേശത്തുമുള്ള ലക്ഷക്കണക്കിനു വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട അവധിക്കാലകേന്ദ്രമാണിതെന്ന് അദ്ദേഹം പറഞ്ഞു. “ഗോവയിൽ ഏതു കാലയളവിലും ‘ഏകഭാരതം ശ്രേഷ്ഠഭാരതം അനുഭവിക്കാനാകും” - അദ്ദേഹം അഭിപ്രായപ്പെട്ടു. ഗോവയിൽ ജനിച്ച മഹദ് സന്ന്യാസിവര്യർ, പ്രശസ്ത കലാകാരർ, പണ്ഡിതർ എന്നിവരിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുകയും സന്ത് സോഹിരോബനാഥ് അംബിയെ, നാടകകൃത്ത് കൃഷ്ണ ഭട്ട് ബന്ദ്കർ, ഗായകൻ കേസർബായ് കെർക്കർ, ആചാര്യ ധർമാനന്ദ് കോസാമ്പി, രഘുനാഥ് അനന്ത് മഷേൽക്കർ എന്നിവരെ അനുസ്മരിക്കുകയും ചെയ്തു. ഭാരതരത്നം ലത മങ്കേഷ്‌കർജിയുടെ ചരമവാർഷികദിനത്തിൽ അവർക്കു ശ്രദ്ധാഞ്ജലിയർപ്പിച്ച പ്രധാനമന്ത്രി, സമീപത്തുള്ള മംഗേഷി ക്ഷേത്രവുമായുള്ള അടുത്ത ബന്ധവും എടുത്തുപറഞ്ഞു. “മഡ്ഗാവിലെ ദാമോദർ സാലിൽനിന്നാണു സ്വാമി വിവേകാനന്ദനു പുതിയ പ്രചോദനം ലഭിച്ചത്”- അദ്ദേഹം കൂട്ടിച്ചേർത്തു. കുങ്കോലിമിലെ ലോഹ്യ മൈതാനത്തെക്കുറിച്ചും ചീഫ്‌ടൻസ് സ്മാരകത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.
“ഗോയ്‌ചോ സായ്ബ്” എന്നറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ ഈ വർഷം നടക്കാനിരിക്കുന്ന പ്രദർശനത്തെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. സമാധാനത്തിന്റെയും ഒത്തൊരുമയുടെയും പ്രതീകമായി പ്രദർശനത്തെ പരാമർശിച്ച പ്രധാനമന്ത്രി, ജോർജിയയിലെ വിശുദ്ധ രാജ്ഞി കെതേവനെയും അനുസ്മരിച്ചു. അവരുടെ വിശുദ്ധ തിരുശേഷിപ്പുകൾ വിദേശകാര്യമന്ത്രി ജോർജിയയിലേക്കു കൊണ്ടുപോയി. “ക്രിസ്ത്യാനികളുടെയും മറ്റു സമുദായങ്ങളുടെയും സമാധാനപരമായ സഹവർത്തിത്വം ‘ഏകഭാരതം ശ്രേഷ്ഠഭാരത'ത്തിന്റെ ഉദാഹരണമാണ്” - അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസം, ആരോഗ്യം, വിനോദസഞ്ചാരം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ ഗോവയുടെ വികസനത്തിനു പുതിയ ഉത്തേജനം നൽകുമെന്ന് ഇന്നുദ്ഘാടനം ചെയ്തതും തറക്കല്ലിട്ടതുമായ 1300 കോടി രൂപയുടെ പദ്ധതികളെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി പറഞ്ഞു. ദേശീയ സാങ്കേതികശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥിരം ക്യാമ്പസും ജലകായികവിനോദങ്ങൾക്കായുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസും സംയോജിത മാലിന്യസംസ്കരണകേന്ദ്രവും 1930 നിയമനപത്രങ്ങളും സംസ്ഥാനത്തിന്റെ വികസനത്തെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“വിസ്തൃതിയിലും ജനസംഖ്യയിലും ഗോവ ചെറുതാണെങ്കിലും, സാമൂഹികമായി വൈവിധ്യമാർന്നതാണ്. വിവിധ സമൂഹങ്ങളിലും മതങ്ങളിലുംപെട്ടവർ നിരവധി തലമുറകളായി സമാധാനത്തോടെ ഇവിടെ സഹവസിക്കുന്നു” - പ്രധാനമന്ത്രി പറഞ്ഞു. ‘ഏവർക്കുമൊപ്പം ഏവരുടെയും വികസനം’ എന്ന തത്വം അദ്ദേഹം ഉയർത്തിക്കാട്ടുകയും സംസ്ഥാനത്തിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്നവർക്ക് എല്ലായ്പോഴും ഉചിതമായ മറുപടി നൽകുന്ന ഗോവയിലെ ജനങ്ങളുടെ മനോഭാവത്തെ പ്രശംസിക്കുകയും ചെയ്തു.
‘സ്വയംപൂർണ ഗോവ’യെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഗോവ ഗവണ്മെന്റിന്റെ സദ്ഭരണ മാതൃകയെ പ്രശംസിച്ചു. ഇതു ക്ഷേമത്തിന്റെ അളവുകോലിൽ ഗോവയിലെ ജനങ്ങളെ മുൻനിരയിലേക്കു നയിച്ചു. “ഇരട്ട എൻജിൻ ഗവണ്മെന്റിലൂടെ ഗോവയുടെ വികസനം അതിവേഗം പുരോഗമിക്കുകയാണ്” - അദ്ദേഹം പറഞ്ഞു. ‘ഹർ ഘർ നൽ സേ ജൽ’, വൈദ്യുതികണക്ഷനുകൾ, എൽപിജി പരിരക്ഷ, മണ്ണെണ്ണയിൽനിന്നുള്ള മുക്തി, തുറസ്സായ സ്ഥലത്തെ മലമൂത്രവിസർജനങ്ങളിൽനിന്നുള്ള മുക്തി, കേന്ദ്രഗവണ്മെന്റ് പദ്ധതികളുടെ സമ്പൂർണത എന്നിവയെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. “വിവേചനം ഇല്ലാതാക്കുന്നതിനും എല്ലാ ഗുണഭോക്താക്കൾക്കും ആനുകൂല്യങ്ങൾ പൂർണമായി കൈമാറുന്നതിനും സമ്പൂർണത ഇടയാക്കുന്നു. അതുകൊണ്ടാണു ഞാൻ പറയുന്നത്, ‘സമ്പൂർണതയാണു യഥാർഥ മതനിരപേക്ഷത; സമ്പൂർണതയാണു യഥാർഥ സാമൂഹ്യനീതി; സമ്പൂർണതയാണു ഗോവയ്ക്കും രാജ്യത്തിനും മോദിയുടെ ഉറപ്പ്’” - പ്രധാനമന്ത്രി പറഞ്ഞു. ഗോവയിൽ 30,000-ത്തിലധികം പേർക്കു വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’യെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.
ഈ വർഷത്തെ ബജറ്റിനെക്കുറിച്ചു പരാമർശിക്കവേ, പദ്ധതികളുടെ പരിപൂർണത എന്ന ഗവൺമെന്റിന്റെ തീരുമാനത്തിന് അത് ഊർജം പകർന്നതായി പ്രധാനമന്ത്രി പറഞ്ഞു. അടച്ചുറപ്പുള്ള നാലുകോടി വീടുകൾ എന്ന ലക്ഷ്യം ഇതിനകം കൈവരിച്ചതിനുശേഷമാണു പാവപ്പെട്ടവർക്കു രണ്ടുകോടി വീടുകൾ ഗവണ്മെന്റ് ഉറപ്പുനൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടച്ചുറപ്പുള്ള വീടുകൾ ലഭിക്കാതെ പോയവർക്കിടയിൽ ഗോവയിലെ ജനങ്ങൾ അവബോധം സൃഷ്ടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വർഷത്തെ ബജറ്റിൽ പിഎം ആവാസ് യോജനയും ആയുഷ്മാൻ യോജനയും കൂടുതൽ വിപുലീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഈ വർഷത്തെ ബജറ്റിലെ മത്സ്യസമ്പദ യോജനയെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, ഇതു മത്സ്യത്തൊഴിലാളിസമൂഹത്തിനു സഹായവും വിഭവങ്ങളും കൂടുതൽ വർധിപ്പിക്കുമെന്നും അതുവഴി സമുദ്രോൽപ്പന്ന കയറ്റുമതിയും മത്സ്യത്തൊഴിലാളികളുടെ വരുമാനവും വർധിപ്പിക്കുമെന്നും പറഞ്ഞു. ഇത്തരം ശ്രമങ്ങൾ മത്സ്യബന്ധനമേഖലയിൽ ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സ്യപ്രജനനം നടത്തുന്നവരുടെ ക്ഷേമത്തിനായുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി മോദി, സമര്‍പ്പിത മന്ത്രാലയത്തിന്റെ രൂപീകരണം, പിഎം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് സൗകര്യം, ഇന്‍ഷുറന്‍സ് തുക 5 ലക്ഷം രൂപയായി ഉയര്‍ത്തല്‍, ബോട്ടുകളുടെ നവീകരണത്തിനുള്ള സബ്‌സിഡി എന്നിവ പരാമര്‍ശിച്ചു.
''അടിസ്ഥാന സൗകര്യ വികസനത്തില്‍ റെക്കോര്‍ഡ് നിക്ഷേപം നടത്തുന്നതിനൊപ്പം ഡബിള്‍ എഞ്ചിന്‍ ഗവണ്‍മെന്റ് പാവപ്പെട്ടവരുടെ ക്ഷേമത്തിനായി ബൃഹദ് പദ്ധതികളും നടപ്പിലാക്കുന്നു'', രാജ്യത്തെ റോഡുകളുടെയും റെയില്‍വേയുടെയും വിമാനത്താവളങ്ങളുടെയും അതിവേഗ വികസനം ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യ വികസനത്തിന് 10 വര്‍ഷം മുമ്പ് രണ്ട് ലക്ഷം കോടി രൂപയില്‍ താഴെ ബജറ്റില്‍ വകയിരുത്തിയിരുന്നിടത്ത് ഈ വര്‍ഷത്തെ ബജറ്റില്‍ 11 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന പദ്ധതികള്‍ നടക്കുന്നിടത്ത് പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നും ഓരോ വ്യക്തിയുടെയും വരുമാനം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
''ഗോവയെ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുന്നതിനും ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുന്നതിനുമായി നമ്മുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുകയാണ്. ഗോവയിലെ മനോഹര്‍ പരീക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായ സൗകര്യമൊരുക്കി''. ബന്ധിപ്പിക്കല്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഗോവയെ ഒരു ലോജിസ്റ്റിക്‌സ് ഹബ്ബായി സ്ഥാപിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു. കഴിഞ്ഞ വര്‍ഷം ജനങ്ങള്‍ക്കായി സമര്‍പ്പിച്ച രാജ്യത്തെ ഏറ്റവും നീളമേറിയ രണ്ടാമത്തെ കേബിള്‍ പാലമായ ന്യൂ സുവാരി പാലത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ''ഈ വികസനങ്ങള്‍ ഗോവയുടെ വളര്‍ച്ചയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുന്നു'' പുതിയ റോഡുകള്‍, പാലങ്ങള്‍, റെയില്‍വേ റൂട്ടുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ ഗോവയിലെ ദ്രുതഗതിയിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് അടിവരയിടിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരികവും പ്രകൃതിദത്തവുമായ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി മോദി, ഇന്ത്യയെ ഒരു സമഗ്ര വിനോദസഞ്ചാര കേന്ദ്രമായി സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കി. ''നമ്മുടെ രാജ്യത്ത് എല്ലാ തരത്തിലുള്ള ടൂറിസവും ഒറ്റ വിസയില്‍ ലഭ്യമാണ്. വിനോദസഞ്ചാര ലക്ഷ്യകേന്ദ്രങ്ങള്‍, തീരപ്രദേശങ്ങള്‍, ദ്വീപുകള്‍ എന്നിവയുടെ വികസനം സംബന്ധിച്ച് മുന്‍ ഗവണ്‍മെന്റുകള്‍ക്ക് കാഴ്ചപ്പാട് ഇല്ലായിരുന്നു'' അദ്ദേഹം പ്രസ്താവിച്ചു. ഗോവയുടെ ഗ്രാമപ്രദേശങ്ങളിലെ ഇക്കോ ടൂറിസത്തിന്റെ സാദ്ധ്യതകള്‍ തിരിച്ചറിഞ്ഞ പ്രധാനമന്ത്രി, ഗോവയുടെ ഉള്‍പ്രദേശങ്ങളില്‍ തദ്ദേശവാസികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലുള്ള ഗവണ്‍മെന്റിന്റെ ശ്രദ്ധയ്ക്ക് അടിവരയിട്ടു. ഗോവയെ കൂടുതല്‍ ആകര്‍ഷകമായ സ്ഥലമാക്കി മാറ്റുന്നതിനായി ഫുഡ് കോര്‍ട്ടുകള്‍, റെസേ്റ്റാറന്റുകള്‍, വെയിറ്റിംഗ് റൂമുകള്‍ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ട് ഗോവയിലെ ടൂറിസം അടിസ്ഥാനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മുന്‍കൈകളുടെ പട്ടികയും പ്രധാനമന്ത്രി വിശദീകരിച്ചു.
''കോണ്‍ഫറന്‍സ് ടൂറിസത്തിനുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമായി ഗോവയെ വികസിപ്പിക്കാന്‍ ഗവണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്'', ഇന്ന് രാവിലെ ഇന്ത്യ എനര്‍ജി വീക്ക് 2024ല്‍ നടത്തിയ സന്ദര്‍ശനം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗോവയില്‍ നടന്ന നിരവധി സുപ്രധാന ജി20 യോഗങ്ങളും വലിയ നയതന്ത്ര യോഗങ്ങളും അദ്ദേഹം പരാമര്‍ശിച്ചു. ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്, ലോക ബീച്ച് വോളിബോള്‍ ടൂര്‍, ഫിഫ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പ്, 37-ാമത് ദേശീയ ഗെയിംസ് തുടങ്ങിയ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചതിന്റെ ഉദാഹരണം നല്‍കിയ അദ്ദേഹം അത് ഗോവയുടെ സ്വത്വത്തെ ലോകമാകെ എത്തിച്ചുവെന്നും പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇത്തരം പരിപാടികളുടെ വലിയ കേന്ദ്രമായി ഗോവ മാറുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.
ഗോവ ഫുട്‌ബോളിന് നല്‍കിയ സംഭാവനകളെയും കായികരംഗത്തിന് നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍ക്ക് ബ്രഹ്‌മാനന്ദ് ശംഖ്വാള്‍ക്കര്‍ക്ക് പത്മ പുരസ്‌കാരം നല്‍കി ആദരിച്ചതിനെയും അദ്ദേഹം അഭിനന്ദിച്ചു. ദേശീയ ഗെയിംസിനായി സംസ്ഥാനത്ത് വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങള്‍ കായികതാരങ്ങളെ അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസത്തില്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ഗോവയില്‍ നിരവധി സ്ഥാപനങ്ങള്‍ സ്ഥാപിച്ചതും അതിനെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റിയതും പരാമര്‍ശിക്കുകയും ചെയ്തു. സാങ്കേതിക പുരോഗതി പരിപോഷിപ്പിക്കുന്നതിനും യുവജനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതിനുമുള്ള ഗവേഷണത്തിനും നൂതനാശയത്തിനുമായി ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചതിനെക്കുറിച്ചും അദ്ദേഹം അറിയിച്ചു.
ഗോവയുടെ ദ്രുതഗതിയിലുള്ള വികസനത്തിന് കൂട്ടായ പ്രയത്‌നങ്ങള്‍ ആവശ്യമാണെമന്നതിന് ഊന്നല്‍ നല്‍കികൊണ്ടും സംസ്ഥാനത്തിന്റെ പുരോഗതിക്ക് എല്ലാവരോടും സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ടും പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചു.
ഗോവ ഗവര്‍ണര്‍ ശ്രീ പി.എസ് ശ്രീധരന്‍പിള്ള, ഗോവ മുഖ്യമന്ത്രി ശ്രീ പ്രമോദ് സാവന്ത്, കേന്ദ്ര ടൂറിസം, തുറമുഖം, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശ്രീ ശ്രീപദ് യെസ്സോ നായിക് എന്നിവര്‍ മറ്റുള്ളവര്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
പശ്ചാത്തലം
ഗോവയിലെ ദേശീയ സാങ്കേതികശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥിരം ക്യാമ്പസ് രാഷ്ട്രത്തിനു സമര്‍പ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉല്‍ഘാടനം ചെയ്തു. അദ്ധ്യയനസമുച്ചയം, വകുപ്പുതലസമുച്ചയം, ചര്‍ച്ചായോഗ സമുച്ചയം, ഭരണനിര്‍വഹണ സമുച്ചയം, ഹോസ്റ്റലുകള്‍, ആരോഗ്യകേന്ദ്രം, ജീവനക്കാരുടെ താമസസ്ഥലം, സുഖസൗകര്യ കേന്ദ്രം, കായികമൈതാനം, ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള വിവിധ സൗകര്യങ്ങള്‍ എന്നിവ പുതുതായി നിര്‍മിച്ച ക്യാമ്പസിലുണ്ട്.
ദേശീയ ജല കായികവിനോദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ക്യാമ്പസും പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചു. ജല കായികവിനോദങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പൊതുജനങ്ങള്‍ക്കും സായുധസേനകള്‍ക്കും വേണ്ടിയുള്ള ജല രക്ഷാപ്രവര്‍ത്തന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ലക്ഷ്യമിട്ടുള്ള പ്രത്യേകം തയാറാക്കിയ 28 കോഴ്‌സുകളും ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടാകും. ദക്ഷിണ ഗോവയില്‍ 100 ടി.പി.ഡി സംയോജിത മാലിന്യസംസ്‌കരണകേന്ദ്രവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഈര്‍പ്പമുള്ള 60 ടി.പി.ഡി മാലിന്യങ്ങളും ഉണങ്ങിയ 40 ടി.പി.ഡി മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്‌കരിക്കുന്ന തരത്തിലാണ് ഇതു രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, അതേസമയം 500 കിലോവാട്ട് മിച്ച വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സൗരനിലയവും ഇതില്‍ ഉള്‍പ്പെടുന്നു.
പനാജിയേയും റെയ്‌സ് മാഗോസിനെയും ബന്ധിപ്പിക്കുന്ന യാത്രക്കാര്‍ക്കുള്ള റോപ്‌വേയ്ക്കും അനുബന്ധ വിനോദസഞ്ചാരപ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ദക്ഷിണ ഗോവയില്‍ 100 എം.എല്‍.ഡി ജലശുദ്ധീകരണനിലയത്തിന്റെ നിര്‍മ്മാണത്തിനും അദ്ദേഹം തറക്കല്ലിട്ടു.
തൊഴില്‍ മേളയ്ക്കു കീഴില്‍ ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുകളിലായി തെരഞ്ഞെടുക്കപ്പെട്ട 1930 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പുതിയ നിയമന ഉത്തരവുകളും അതോടൊപ്പം വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കുള്ള അനുമതിപത്രങ്ങളും അദ്ദേഹം കൈമാറി.
गोवा क्षेत्र और आबादी के लिहाज़ से भले ही छोटा है, लेकिन सामाजिक विविधता के मामले में बहुत बड़ा है: PM @narendramodi pic.twitter.com/UIRImDiZ9h
— PMO India (@PMOIndia) February 6, 2024
जब सैचुरेशन होता है तो भेदभाव खत्म होता है।
— PMO India (@PMOIndia) February 6, 2024
जब सैचुरेशन होता है तो हर लाभार्थी तक पूरा लाभ पहुंचता है।
जब सैचुरेशन होता है तो लोगों को अपना हक पाने के लिए रिश्वत नहीं देनी होती: PM @narendramodi pic.twitter.com/Ssm5dY5ieU
हमने ही मछलीपालकों के लिए अलग मंत्रालय बनाया।
— PMO India (@PMOIndia) February 6, 2024
हमने ही मछलीपालकों को किसान क्रेडिट कार्ड की सुविधा दी: PM @narendramodi pic.twitter.com/b89C2EeWPZ
डबल इंजन सरकार गरीब कल्याण के लिए बड़ी योजनाएं चलाने के साथ ही इंफ्रास्ट्रक्चर पर रिकॉर्ड इन्वेस्टमेंट कर रही है: PM @narendramodi pic.twitter.com/UFZ25SuwGu
— PMO India (@PMOIndia) February 6, 2024
हमारी सरकार, गोवा में कनेक्टिविटी बेहतर करने के साथ ही इसे लॉजिस्टिक हब बनाने के लिए भी काम कर रही है: PM @narendramodi pic.twitter.com/kY4osVx5H5
— PMO India (@PMOIndia) February 6, 2024
भारत में हर प्रकार का टूरिज्म, एक ही देश में, एक ही वीज़ा पर उपलब्ध है: PM @narendramodi pic.twitter.com/VaGPfEaU6v
— PMO India (@PMOIndia) February 6, 2024
हमारा प्रयास है कि गोवा के अंदरूनी इलाकों में इको-टूरिज्म को बढ़ावा मिले: PM @narendramodi pic.twitter.com/zMw7gY0SX2
— PMO India (@PMOIndia) February 6, 2024