“പതിനേഴാം ലോക്‌സഭ നിരവധി സുപ്രധാന തീരുമാനങ്ങൾക്കു സാക്ഷ്യം വഹിച്ചു. 'പരിഷ്കരണം, പ്രവർത്തനം, പരിവർത്തനം' എന്നിവയുമായി ബന്ധപ്പെട്ടതായിരുന്നു ഈ അഞ്ചുവർഷം”.
"ഇന്ത്യയുടെ പൈതൃകത്തിന്റെ വീണ്ടെടുക്കലിന്റെയും സ്വാതന്ത്ര്യത്തിന്റെ ആദ്യ നിമിഷത്തിന്റെ സ്മരണയുടെയും പ്രതീകമാണു ചെങ്കോൽ "
"ഇക്കാലയളവിൽ ഇന്ത്യക്കു ജി-20 അധ്യക്ഷപദം ലഭിച്ചു; ഓരോ സംസ്ഥാനവും രാജ്യത്തിന്റെ ശക്തിയും വ്യക്തിത്വവും ലോകത്തിനു മുന്നിൽ അവതരിപ്പിച്ചു"
"നൂറ്റാണ്ടുകളായി നിരവധി തലമുറകൾ കാത്തിരുന്ന ദൗത്യങ്ങൾ പതിനേഴാം ലോക്‌സഭയിൽ പൂർത്തീകരിച്ചുവെന്നു ഞങ്ങൾക്കു സംതൃപ്തിയോടെ പറയാൻ കഴിയും"
“സാമൂഹിക നീതിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇന്നു ജമ്മു കശ്മീരിലെ ജനങ്ങളിലേക്ക് എത്തുകയാണ്”
"ഈ രാജ്യം 75 വർഷം ശിക്ഷാനിയമത്തിനു കീഴിൽ ജീവിച്ചിരുന്നിരിക്കാം; എന്നാൽ ഇപ്പോൾ നാം ജീവിക്കുന്നതു ന്യായസംഹിതയുടെ കീഴിലാണെന്ന് അഭിമാനത്തോടെ പറയാൻ കഴിയും"
"നമ്മുടെ ജനാധിപത്യത്തിന്റെ മഹത്വത്തിന് അനുസൃതമായി തിരഞ്ഞെടുപ്പു നടക്കുമെന്ന് എനിക്കുറപ്പുണ്ട്"
"ശ്രീരാമക്ഷേത്രത്തെക്കുറിച്ചുള്ള ഇന്നത്തെ പ്രസംഗങ്ങളിൽ 'ഏവർക്കുമൊപ്പം ഏവരുടെയും വികസനം’ എന്ന സന്ദേശത്തോടൊപ്പം 'സംവേദ്ന', 'സങ്കൽപ്പ്', 'സഹാനുഭൂതി' എന്നിവയുണ്ട്"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പതിനേഴാം ലോക്‌സഭയുടെ അവസാനസമ്മേളനത്തെ അഭിസംബോധന ചെയ്തു.

സഭയെ അഭിസംബോധന ചെയ്യവേ, ഇന്ത്യയുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഇന്നത്തെ സന്ദർഭം വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിലും രാജ്യത്തിന് ദിശാബോധം നൽകുന്നതിലും പതിനേഴാം ലോക്‌സഭയിലെ എല്ലാ അംഗങ്ങളുടെയും ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ആശയപരമായ യാത്രയും രാഷ്ട്രത്തിന്റെ  ഉന്നമനത്തിനായുള്ള സമയവും സമർപ്പിക്കാനുള്ള സവിശേഷ അവസരമാണ് ഇന്നത്തേതെന്ന് അദ്ദേഹം പറഞ്ഞു. “പരിഷ്കരണം, പ്രവർത്തനം, പരിവർത്തനം എന്നിവയാണ് കഴിഞ്ഞ 5 വർഷമായുള്ള തത്വം” - അത് ഇന്ന് രാജ്യത്തിനാകെ അനുഭവിക്കാൻ കഴിയുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പതിനേഴാം ലോക്‌സഭയുടെ പ്രയത്നങ്ങളെ ഇന്ത്യയിലെ ജനങ്ങൾ തുടർന്നും അനുഗ്രഹിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. സഭയിലെ എല്ലാ അംഗങ്ങളുടെയും സംഭാവനകൾക്ക് അടിവരയിട്ട ശ്രീ മോദി, അവർക്കും  പ്രത്യേകിച്ച് സഭാധ്യക്ഷനും നന്ദി രേഖപ്പെടുത്തി. സഭയെ എപ്പോഴും പുഞ്ചിരിയോടെയും സന്തുലിതമായും നിഷ്പക്ഷമായും കൈകാര്യം ചെയ്തതിന് സ്പീക്കർക്ക് പ്രധാനമന്ത്രി നന്ദി പറയുകയും അഭിനന്ദിക്കുകയും ചെയ്തു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായ കൊറോണ മഹാമാരിയെക്കുറിച്ചു പ്രധാനമന്ത്രി പരാമർശിച്ചു. പാർലമെന്റിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നെന്നും രാജ്യത്തിനായുള്ള പ്രവർത്തനം സഭയിൽ തടസപ്പെടുത്താൻ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാമാരിക്കാലത്ത് അംഗങ്ങൾ ‘സാൻസദ് നിധി’ ഉപേക്ഷിച്ചതിനും അവരുടെ ശമ്പളത്തിൽ 30 ശതമാനം വെട്ടിക്കുറച്ചതിനും അദ്ദേഹം അംഗങ്ങൾക്ക് നന്ദി പറഞ്ഞു. ജനങ്ങളുടെ പ്രതികൂല അഭിപ്രായങ്ങൾക്ക് കാരണമായ അംഗങ്ങൾക്കുള്ള സബ്‌സിഡി ക്യാന്റീൻ സൗകര്യങ്ങൾ എടുത്തുകളഞ്ഞതിന് സ്പീക്കർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിന്റെ കാര്യത്തിൽ എല്ലാ അംഗങ്ങളെയും യോജിപ്പിച്ചതിന് പ്രധാനമന്ത്രി സ്പീക്കറെ അഭിനന്ദിച്ചു. ഇത് മന്ദിരത്തിന്റെ നിർമാണത്തിലേക്കും നിലവിലെ സമ്മേളനം ഇവിടെ നടക്കുന്നതിലേക്കും നയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്ഥാപിച്ച ചെങ്കോലിനെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയുടെ പൈതൃകം വീണ്ടെടുക്കുന്നതിന്റെയും സ്വാതന്ത്ര്യത്തിന്റെ ആദ്യ നിമിഷത്തിന്റെ സ്മരണയുടെയും പ്രതീകമാണെന്ന് പറഞ്ഞു. ചെങ്കോൽ വാർഷികച്ചടങ്ങിന്റെ ഭാഗമാക്കാനുള്ള സ്പീക്കറുടെ തീരുമാനത്തെ അഭിനന്ദിച്ച അദ്ദേഹം, പ്രചോദനത്തിന്റെ ഉറവിടമായി ഇന്ത്യ സ്വാതന്ത്ര്യം നേടിയ നിമിഷത്തെ ഭാവി തലമുറകളുമായി ഇത് ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജി-20 ഉച്ചകോടി അധ്യക്ഷപദം കൊണ്ടുവന്ന ആഗോള അംഗീകാരം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ സംസ്ഥാനവും ദേശീയശേഷി പ്രകടിപ്പിച്ചു. അതുപോലെ, പി-20 ഉച്ചകോടി ജനാധിപത്യത്തിന്റെ മാതാവെന്ന ഇന്ത്യയുടെ യോഗ്യതയ്ക്കു കരുത്തേകി.

പ്രസംഗ-ഉപന്യാസ മത്സരങ്ങൾ നടത്തി ആചാരപരമായ വാർഷികപുഷ്പാഞ്ജലി രാജ്യവ്യാപക പരിപാടിയായി വ്യാപിപ്പിക്കുന്നതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതിൽ ഓരോ സംസ്ഥാനത്തു നിന്നുമുള്ള മികച്ച 2 മത്സരാർഥികൾ ഡൽഹിയിൽ വന്ന് ഓരോ വിശിഷ്ടവ്യക്തിയെക്കുറിച്ചും സംസാരിക്കുന്നു. ഇത് ലക്ഷക്കണക്കിന് വിദ്യാർഥികളെ രാജ്യത്തിന്റെ പാർലമെന്ററി പാരമ്പര്യവുമായി ബന്ധിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. സാധാരണ പൗരന്മാർക്കായി പാർലമെന്റ് ലൈബ്രറി തുറന്നുകൊടുക്കാനുള്ള സുപ്രധാന തീരുമാനത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു.

സ്പീക്കർ അവതരിപ്പിച്ച കടലാസ് രഹിത പാർലമെന്റ് എന്ന ആശയത്തെക്കുറിച്ചും ഡിജിറ്റൽ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിനെക്കുറിച്ചും പരാമർശിച്ച പ്രധാനമന്ത്രി, ഈ സംരംഭത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

പതിനേഴാം ലോക്‌സഭയുടെ ഉൽപ്പാദനക്ഷമത 97 ശതമാനമായി ഉയർത്താൻ കഴിഞ്ഞതിൽ അംഗങ്ങളുടെ കൂട്ടായ പരിശ്രമത്തെയും സ്പീക്കറുടെ വൈദഗ്ധ്യത്തെയും അംഗങ്ങളുടെ അവബോധത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. ഇത് ശ്രദ്ധേയമായ സംഖ്യയാണെങ്കിലും, 18-ാം ലോക്‌സഭയുടെ തുടക്കത്തിൽത്തന്നെ ദൃഢനിശ്ചയമെടുക്കാനും ഉൽപ്പാദനക്ഷമത 100 ശതമാനമായി ഉയർത്താനും പ്രധാനമന്ത്രി അംഗങ്ങളോട് അഭ്യർത്ഥിച്ചു. അർദ്ധരാത്രിവരെ സഭ സമ്മേളിച്ചപ്പോൾ 7 സെഷനുകൾ 100 ശതമാനത്തിലധികം ഫലപ്രദമായിരുന്നുവെന്നും എല്ലാ അംഗങ്ങൾക്കും അവരുടെ അഭിപ്രായം പറയാൻ അവസരം ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിൽ 30 ബില്ലുകൾ പാസാക്കിയത് റെക്കോർഡാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘ആസാദി കാ അമൃത് മഹോത്സവ്’ വേളയിൽ പാർലമെന്റ് അംഗമായിരിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, തങ്ങളുടെ മണ്ഡലങ്ങളിൽ മഹോത്സവത്തെ ജനകീയ പ്രസ്ഥാനമാക്കിയതിന് അംഗങ്ങളെ പ്രശംസിച്ചു. അതുപോലെ, ഭരണഘടനയുടെ 75-ാം വർഷവും എല്ലാവർക്കും പ്രചോദനമായി.

21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ശക്തമായ അടിത്തറ അക്കാലത്തെ മാറ്റിമറിച്ച പരിഷ്കാരങ്ങളിൽ കാണാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. “തലമുറകൾ കാത്തിരുന്ന പല കാര്യങ്ങളും പതിനേഴാം ലോക്‌സഭയിലൂടെ സാധിച്ചുവെന്ന് സംതൃപ്തിയോടെ നമുക്ക് പറയാൻ കഴിയും”- പ്രധാനമന്ത്രി പറഞ്ഞു. അനുച്ഛേദം 370 റദ്ദാക്കിയതോടെ ഭരണഘടനയുടെ മുഴുവൻ മഹത്വവും പ്രകടമായെന്നും അദ്ദേഹം പറഞ്ഞു. ഇത് ഭരണഘടനാ ശിൽപ്പികളെ സന്തോഷിപ്പിച്ചിരിക്കണം- അദ്ദേഹം പറഞ്ഞു. “സാമൂഹിക നീതിയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇന്ന് ജമ്മു കശ്മീരിലെ ജനങ്ങളിലേക്ക് എത്തുകയാണ്” - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

സഭ നിര്‍മ്മിച്ച കര്‍ശനമായ നിയമങ്ങള്‍ ഭീകരവാദത്തിനെതിരായ യുദ്ധത്തെ ശക്തിപ്പെടുത്തിയതായി ഭീകരവാദത്തിന്റെ വിപത്തുക്കളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഇത് പോരാട്ടത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിവെന്നും തീവ്രവാദത്തെ പൂര്‍ണമായി ഉന്മൂലനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.


''ഈ രാജ്യം 75 വര്‍ഷം ശിക്ഷാ നിയമത്തിന് കീഴില്‍ ജീവിച്ചിരിക്കാം, എന്നാല്‍ ഇപ്പോള്‍ നാം നീതി സംഹിതയുടെ കീഴിലാണ് ജീവിക്കുന്നതെന്ന് നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും, പുതിയ നിയമസംഹിതകള്‍ സ്വീകരിച്ചതിനെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
നാരി ശക്തി വന്ദന്‍ അധീനിയം പാസാക്കിയതിലൂടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നടപടികള്‍ ആരംഭിച്ചതിന് പ്രധാനമന്ത്രി സ്പീക്കര്‍ക്ക് നന്ദി പറഞ്ഞു. ആദ്യ സമ്മേളനം ബാക്കിയുള്ളവയെക്കാള്‍ ഹ്രസ്വമായിരുന്നെങ്കിലും, നാരീശക്തി വന്ദന്‍ അധീനിയം പാസാക്കിയതിന്റെ ഫലമായി വരും കാലങ്ങളില്‍ വനിതാ അംഗങ്ങളെക്കൊണ്ട് സഭ നിറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി പതിനേഴാം ലോക്‌സഭ മുത്തലാഖ് നിര്‍ത്തലാക്കിയതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.


രാഷ്ട്രത്തിന്റെ അടുത്ത 25 വര്‍ഷത്തെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി നമ്മുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പ്രതിജ്ഞ രാജ്യം കൈകൊണ്ടതായും പറഞ്ഞു. 1930-ല്‍ മഹാത്മാഗാന്ധിയും സ്വദേശി ആന്ദോളനും ചേര്‍ന്ന് ആരംഭിച്ച ഉപ്പ് സത്യാഗ്രഹത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ഈ സംഭവങ്ങള്‍ അതിന്റെ ആരംഭസമയത്ത് നിസ്സാരമായിരുന്നിരിക്കാം എന്നും, എന്നാല്‍ 1947-ല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചതും അടുത്ത 25 വര്‍ഷത്തേക്ക് അടിത്തറ പാകിയതും അവയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള പ്രതിജഞ ഓരോ വ്യക്തിയും സ്വീകരിച്ചതിനാല്‍ വരും കാലത്ത് രാജ്യത്തിനുള്ളില്‍ സമാനമായ ഒരു വികാരം അനുഭവിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
യുവജനങ്ങള്‍ക്കുള്ള മുൻഗണയും നിയമങ്ങളും ചൂണ്ടിക്കാണിച്ച പ്രധാനമന്ത്രി, പേപ്പര്‍ ചോര്‍ച്ച വിഷയത്തിനെതിരെയുള്ള ശക്തമായ നിയമത്തെ കുറിച്ചും പറഞ്ഞു. ഗവേഷണത്തിന്റെ പ്രധാന്യത്തെപ്പറ്റി പ്രധാനമന്ത്രി ഊന്നിപ്പറയുകയും, നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ നിയമത്തിന്റെ ദൂരവ്യാപകമായ പ്രാധാന്യത്തെ അംഗീകരിക്കുകയും ചെയ്തു. ഈ നിയമം ഇന്ത്യയെ ഗവേഷണത്തിന്റെയും നൂതനാശയത്തിന്റെയും ആഗോള കേന്ദ്രമാക്കി മാറ്റാന്‍ സഹായിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.


ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ലോകത്തിലെ എല്ലാ വിധ അടിസ്ഥാന ആവശ്യങ്ങളും മാറിയെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഡാറ്റയുടെ മൂല്യത്തെക്കുറിച്ചും പരാമര്‍ശിച്ചു. ഡിജിറ്റല്‍ പേഴ്‌സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ട് പാസാക്കിയതിലൂടെ ഇന്നത്തെ തലമുറയുടെ ഡാറ്റ സംരക്ഷിക്കുകയും ലോകമെമ്പാടുമുള്ള താല്‍പ്പര്യം നേടിയെടുക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ അതിന്റെ പ്രാധാന്യത്തിന് അടിവരയിട്ട പ്രധാനമന്ത്രി, രാജ്യത്തിന്റെ വൈവിദ്ധ്യവും അത് രാജ്യത്തിനുള്ളില്‍ സൃഷ്ടിച്ച വൈവിദ്ധ്യമാര്‍ന്ന കാര്യങ്ങളെയും ഉയര്‍ത്തിക്കാട്ടി.
സമുദ്രം, ബഹിരാകാശം, സൈബര്‍ സുരക്ഷ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് സുരക്ഷയുടെ പുതിയ മാനങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി സംസാരിച്ചു. '' ഈ മേഖലകളില്‍ നാം സകാരാത്മക കാര്യശേഷികള്‍ സൃഷ്ടിക്കുകയും നിഷേധാത്മക ശക്തികളെ നേരിടാനുള്ള ഉപാധികള്‍ വികസിപ്പിക്കുകയും വേണം'', ദീര്‍ഘകാല വിവക്ഷകളോടെ മുന്നോട്ട് നോക്കുന്നതാണ് ബഹിരാകാശമേഖലയിലെ പരിഷ്‌കാരങ്ങള്‍ എന്നും പ്രധാനമന്ത്രി പറഞ്ഞു.


സാധാരണ പൗരന്മാരുടെ ജീവിതം സുഗമമാക്കുന്നതിന് ആയിരക്കണക്കിന് അനുവര്‍ത്തനങ്ങള്‍ നീക്കം ചെയ്തതായി പതിനേഴാം ലോക്‌സഭ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളെ പരാമർശിച്ചുകൊണ്ട് പ്രധാനമന്ത്രി അറിയിച്ചു. 'മിനിമം ഗവണ്‍മെന്റും മാക്‌സിമം ഗവേണന്‍സും' എന്നതിലുള്ള വിശ്വാസം ആവര്‍ത്തിച്ച പ്രധാനമന്ത്രി, ഒരു പൗരന്റെ ജീവിതത്തില്‍ മിനിമം ഗവണ്‍മെന്റ് ഇടപെടല്‍ ഉറപ്പാക്കുന്നതിലൂടെ ഏതൊരു ജനാധിപത്യത്തിന്റെയും കഴിവുകള്‍ പരമാവധി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെന്നും പറഞ്ഞു.
കാലഹരണപ്പെട്ട 60-ലധികം നിയമങ്ങള്‍ നീക്കം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു. വ്യാപാരം ചെയ്യുന്നത് സുഗമമാക്കുന്നതിന് ഇത് ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരെ വിശ്വസിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. ജന്‍ വിശ്വാസ് നിയമത്തിലൂടെ 180 പ്രവര്‍ത്തനങ്ങള്‍ ക്രിമിനല്‍ കുറ്റമല്ലാതായെന്ന് അദ്ദേഹം അറിയിച്ചു. അനാവശ്യ വ്യവഹാര സംബന്ധിയായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ മധ്യസ്ഥ നിയമം സഹായിച്ചു.


ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ ദുരവസ്ഥ പരാമര്‍ശിച്ച പ്രധാനമന്ത്രി മോദി, ആ സമൂഹത്തിന് വേണ്ടി നിയമം കൊണ്ടുവന്നതിന് അംഗങ്ങളെ അഭിനന്ദിച്ചു. ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള സംവേദനക്ഷമമായ വ്യവസ്ഥകള്‍ ആഗോള പ്രശംസ അര്‍ഹിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി ട്രാന്‍സ്‌ജെന്‍ഡറുകള്‍ വ്യക്തിത്വം നേടുകയും സംരംഭകരായി മാറുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്മ അവാര്‍ഡ് ജേതാക്കളുടെ പട്ടികയില്‍ ട്രാന്‍സ്‌ജെന്‍ഡറുകളും ഇടംപിടിച്ചിട്ടുണ്ട്.
ഏകദേശം 2 വര്‍ഷത്തോളം സഭാ നടപടികളെ ബാധിച്ച കോവിഡ് മഹാമാരി മൂലം അംഗങ്ങളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി.


''ഇന്ത്യന്‍ ജനാധിപത്യത്തിന്റെ യാത്ര ശാശ്വതമാണ്, മനുഷ്യരാശിയെയാകെ സേവിക്കുക എന്നതാണ് രാഷ്ട്രത്തിന്റെ ഉദ്ദേശ്യം'', ഇന്ത്യയുടെ ജീവിതരീതിയെ ലോകം അംഗീകരിക്കുന്നതായി പരാമര്‍ശിച്ചുകൊണ്ട് ഈ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാന്‍ പ്രധാനമന്ത്രി മോദി അംഗങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.


വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ജനാധിപത്യത്തിന്റെ സ്വാഭാവികവും അനിവാര്യവുമായ മാനമാണ് തെരഞ്ഞെടുപ്പെന്നും പറഞ്ഞു. ''നമ്മുടെ ജനാധിപത്യത്തിന്റെ മഹത്വത്തിന് അനുസൃതമായി തെരഞ്ഞെടുപ്പ് നടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്'', പ്രധാനമന്ത്രി പറഞ്ഞു.

പതിനേഴാം ലോക്‌സഭയുടെ പ്രവര്‍ത്തനത്തിന് നല്‍കിയ സംഭാവനകള്‍ക്ക് സഭയിലെ എല്ലാ അംഗങ്ങള്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനെക്കുറിച്ച് ഇന്ന് പാസാക്കിയ പ്രമേയത്തെ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇത് രാജ്യത്തിലെ ഭാവി തലമുറകള്‍ക്ക് അതിന്റെ പൈതൃകത്തില്‍ അഭിമാനിക്കാന്‍ ഭരണഘടനാപരമായ അധികാരം നല്‍കുമെന്നും പറഞ്ഞു. 'സബ്കാ സാത്ത് സബ്കാ വികാസ്' എന്ന മന്ത്രത്തോടൊപ്പം 'സംവേദന', 'സങ്കല്‍പ്പ്', 'സഹാനുഭൂതി' എന്നിവ കൂടി ഉള്‍പ്പെടുന്നതാണ് പ്രമേയമെന്നും അദ്ദേഹം പറഞ്ഞു.


ഭാവി തലമുറകള്‍ക്കായി ഒരു പൈതൃകം അവശേഷിപ്പിക്കാനും അതിലെ എല്ലാ അംഗങ്ങളുടെയും കൂട്ടായ പരിശ്രമത്തോടെ ഭാവി തലമുറയുടെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനായി പ്രവര്‍ത്തിക്കാനും അംഗങ്ങളെ പ്രചോദിപ്പിക്കുന്നത് പാര്‍ലമെന്റ് തുടരുമെന്നും പ്രസംഗം ഉപസംഹരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi hails diaspora in Kuwait, says India has potential to become skill capital of world

Media Coverage

PM Modi hails diaspora in Kuwait, says India has potential to become skill capital of world
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi