പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ജനാധിപത്യ ഉച്ചകോടിയെ അഭിസംബോധന ചെയ്തു. ലോകമെമ്പാടുമുള്ള ജനാധിപത്യ രാജ്യങ്ങൾക്ക് അനുഭവങ്ങൾ കൈമാറുന്നതിനും പരസ്പരം പഠിക്കുന്നതിനുമുള്ള നിർണായക വേദിയാണ് ജനാധിപത്യ ഉച്ചകോടിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, ജനാധിപത്യത്തോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത ആവർത്തിച്ചു , "ഇന്ത്യയ്ക്ക് പൗരാണികവും തകർക്കപ്പെടാത്തതുമായ ജനാധിപത്യ സംസ്കാരമുണ്ട്.ഇന്ത്യൻ സംസ്കാരത്തിന്റെ ജീവരക്തമാണത് " "ഇന്ത്യയുടെ ചരിത്രത്തിലുടനീളം സമവായ രൂപീകരണവും തുറന്ന സംവാദങ്ങളും സ്വതന്ത്ര ചർച്ചകളും പ്രതിധ്വനിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എൻ്റെ സഹയാത്രികർ ഇന്ത്യയെ ജനാധിപത്യത്തിൻ്റെ മാതാവായി കണക്കാക്കുന്നത്" എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
"ഇന്ന്, ഇന്ത്യ അതിൻ്റെ 1.4 ബില്യൺ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുക മാത്രമല്ല, ജനാധിപത്യം എന്നാൽ ഫലം നൽകലും ശാക്തീകരിക്കലുമാണെന്ന പ്രതീക്ഷ ലോകത്തിന് നൽകുകയും ചെയ്യുന്നു", പ്രധാനമന്ത്രി മോദി പറഞ്ഞു. വനിതാ പ്രാതിനിധ്യത്തിനായുള്ള നിയമനിർമ്മാണ നടപടികൾ, ദാരിദ്ര്യ നിർമ്മാർജ്ജന ശ്രമങ്ങൾ, COVID-19 മഹാമാരി സമയത്ത് അന്താരാഷ്ട്ര സഹായം എന്നിവ ഉൾപ്പെടെ ആഗോള ജനാധിപത്യത്തിന് ഇന്ത്യ നൽകിയ സംഭാവനകളുടെ ഉദാഹരണങ്ങൾ അദ്ദേഹം ഉദ്ധരിച്ചു.
ലോകമെമ്പാടും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ജനാധിപത്യ രാഷ്ട്രങ്ങൾ തമ്മിലുള്ള സഹകരണ ശ്രമങ്ങൾക്ക് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തു. അന്താരാഷ്‌ട്ര സംവിധാനങ്ങളിലും സ്ഥാപനങ്ങളിലും ഉൾച്ചേർക്കൽ, ന്യായബോധം, പങ്കാളിത്തത്തോടെയുള്ള തീരുമാനമെടുക്കൽ എന്നിവയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
"പ്രക്ഷുബ്ധങ്ങളുടെയും പരിവർത്തനങ്ങളുടെയും കാലഘട്ടത്തിൽ, ജനാധിപത്യം നിരവധി വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ഇതിനെ നേരിടാൻ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്," പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടു. " ഈ പരിശ്രമത്തിൽ ലോകത്തെ എല്ലാ ജനാധിപത്യ രാജ്യങ്ങളുമായി സ്വന്തം അനുഭവം പങ്കിടാൻ ഇന്ത്യ തയ്യാറാണ്."അദ്ദേഹം പറഞ്ഞു.