രാം ചന്ദ്ര മിഷന്റെ 75 വർഷത്തെ സ്മരിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു. ജനങ്ങളിൽ അർത്ഥവത്തായ സമാധാനം, ആരോഗ്യം, ആത്മീയ ക്ഷേമം എന്നിവ പ്രദാനം ചെയ്യുന്നതിന് പ്രധാനമന്ത്രി മിഷനെ പ്രശംസിച്ചു. യോഗയെ ജനപ്രിയമാക്കിയതിനും അദ്ദേഹം മിഷനെ ശ്ലാഘിച്ചു. ജീവിതശൈലി സംബന്ധമായ രോഗങ്ങളോടും പകർച്ചവ്യാധിയോടും ലോകം പോരാടുമ്പോൾ ഇന്നത്തെ വേഗതയേറിയതും സമ്മർദ്ദകരവുമായ ജീവിതത്തിൽ സഹജ മാർഗം, യോഗ എന്നിവ ലോകത്തിന് പ്രതീക്ഷയുടെ ഒരു ദീപം പോലെയാണ്.
ഇന്ത്യ കൊറോണ കൈകാര്യം ചെയ്യുന്നതിനെ പരാമർശിച്ച്, 130 കോടി ഇന്ത്യക്കാരുടെ ജാഗ്രത ലോകത്തിന് ഒരു മാതൃകയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗാർഹിക വിവേകവും യോഗ-ആയുർവേദവും ഇതിൽ വലിയ പങ്കു വഹിച്ചു.
ആഗോള നന്മ മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യ മനുഷ്യ കേന്ദ്രീകൃത സമീപനമാണ് പിന്തുടരുന്നതെന്ന് ശ്രീ മോദി പറഞ്ഞു. ഈ മാനുഷിക കേന്ദ്രീകൃത സമീപനം ആരോഗ്യകരമായ ക്ഷേമം, സ്വാസ്ഥ്യം, സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ ആറ് വർഷത്തിനിടെ, ലോകത്തിലെ ഏറ്റവും വലിയ സാമൂഹികക്ഷേമ പദ്ധതികളിലൊന്നാണ് ഇന്ത്യ ഏറ്റെടുത്തത്. പാവപ്പെട്ടവർക്ക് അന്തസ്സും അവസരവും നൽകുന്നതാണ് ഈ ശ്രമങ്ങൾ. സാർവത്രിക ശുചിത്വ പരിരക്ഷയിൽ നിന്ന് സാമൂഹ്യക്ഷേമ പദ്ധതികൾ വരെ, പുകരഹിത അടുക്കള മുതൽ ബാങ്കിംഗ് വരെ എല്ലാവർക്കും സാങ്കേതികവിദ്യ പ്രാപ്തമാക്കൽ മുതൽ എല്ലാവർക്കും ഭവന നിർമ്മാണം വരെ, ഇന്ത്യയുടെ പൊതുജനക്ഷേമ പദ്ധതികൾ നിരവധി ജീവിതങ്ങളെ സ്പർശിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സ്വാസ്ഥ്യത്തിലുള്ള ഇന്ത്യയുടെ ശ്രദ്ധാ കേന്ദ്രീകരണത്തെ പരാമർശിച്ചു കൊണ്ട് ആരോഗ്യത്തെക്കുറിച്ചുള്ള ഇന്ത്യൻ ആശയം കേവലം ഒരു രോഗത്തെ സുഖപ്പെടുത്തുന്നതിനപ്പുറമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പ്രതിരോധ ആരോഗ്യ സംരക്ഷണത്തിനായി വിപുലമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്. അമേരിക്കയിലെയും നിരവധി യൂറോപ്യൻ രാജ്യങ്ങളിലെയും ജനസംഖ്യയേക്കാൾ കൂടുതൽ ഗുണഭോക്താക്കൾ ആയുഷ്മാൻ ഭാരതിലുണ്ടെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയാണിത്. മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും വില കുറച്ചിട്ടുണ്ട്.
ആഗോള പ്രതിരോധ കുത്തിവയ്പ്പിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാസ്ഥ്യത്തെ കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാട് ആഭ്യന്തരതലത്തിലും, ആഗോളതലത്തിലും ഒന്നാണ്. ആരോഗ്യ- സ്വാസ്ഥ്യക്ക് ഇന്ത്യയ്ക്ക് ഒട്ടേറെ നൽകാനുണ്ട്. ഇന്ത്യയെ ആത്മീയ, സ്വാസ്ഥ്യ ടൂറിസത്തിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനായി പ്രവർത്തിക്കാൻ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. നമ്മുടെ യോഗയ്ക്കും ആയുർവേദത്തിനും ആരോഗ്യകരമായ ഒരു ഭൂമിയെ പ്രദാനം ചെയ്യാൻ കഴിയും. ലോകം ആഗ്രഹിക്കുന്ന ഭാഷയിൽ ഇവ അവക്ക് മുന്നിൽ അവതരിപ്പിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആഗോള തലത്തിൽ യോഗയോടും ധ്യാനത്തോടും വർദ്ധിച്ചുവരുന്ന താല്പര്യം ശ്രീ മോദി അടിവരയിട്ടു. വിഷാദരോഗത്തിന്റെ വർദ്ധിച്ചുവരുന്ന വെല്ലുവിളിയും അദ്ദേഹം ചൂണ്ടിക്കാട്ടി. അത് പരിഹരിക്കാൻ ഹാർട്ട്ഫുൾനെസ് പരിപാടി സഹായിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. “രോഗരഹിതരായ പൗരന്മാർ, മാനസികമായി ശക്തരായ പൗരന്മാർ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കും”, പ്രധാനമന്ത്രി പറഞ്ഞു.