മദ്ധ്യപ്രദേശില്‍ പുതുതായി നിയമിതരായ അദ്ധ്യാപകര്‍ക്കായുള്ള പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
യുവജനങ്ങള്‍ക്ക് ഗവണ്‍മെന്റ് ജോലി ലഭ്യമാക്കുന്നതിനുള്ള സംഘടിതപ്രവര്‍ത്തനം മദ്ധ്യപ്രദേശില്‍ വലിയ വേഗത്തിലാണ് മുന്നോട്ടുപോകുന്നതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വിവിധ ജില്ലകളിലായി തൊഴില്‍ മേളകള്‍ സംഘടിപ്പിച്ച് ആയിരക്കണക്കിന് യുവാക്കളെ വിവിധ തസ്തികകളിലേക്ക് നിയമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപക തസ്തികയിലേക്ക് 22,400-ലധികം യുവജനങ്ങളെ നിയമിച്ചിട്ടുണ്ടെന്ന് അറിയിച്ച പ്രധാനമന്ത്രി, അദ്ധ്യാപനം പോലുള്ള സുപ്രധാന ജോലിയില്‍ ഏര്‍പ്പെടുന്നതിന് നിയമന കത്തുകള്‍ ലഭിച്ച യുവജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
ആധുനികവും വികസിതവുമായ ഇന്ത്യയുടെ ആവശ്യകതകള്‍ കണക്കിലെടുത്താണ് കേന്ദ്ര ഗവണ്‍മെന്റ് പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''കുട്ടികളുടെയും, അറിവ്, വൈദഗ്ധ്യം, സംസ്‌കാരം, ഇന്ത്യന്‍ മൂല്യങ്ങളുടെ പ്രോത്സാഹനം എന്നിവയുടെയും സമഗ്രമായ വികസനത്തിന് നയം ഊന്നല്‍ നല്‍കുന്നു'', ഈ നയം ഫലപ്രദമായി നടപ്പിലാക്കുന്നതില്‍ അദ്ധ്യാപകരുടെ സുപ്രധാന പങ്ക് ചൂണ്ടിക്കാട്ടിക്കൊണ്ട് ശ്രീ മോദി പറഞ്ഞു. മദ്ധ്യപ്രദേശില്‍ വന്‍തോതില്‍ നടക്കുന്ന അദ്ധ്യാപക നിയമനത്തിനുള്ള സംഘടിതപ്രവര്‍ത്തനം ഈ ദിശയിലുള്ള വലിയ ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് നിയമിതരായ അദ്ധ്യാപകരില്‍ പകുതിയോളംപേരെ ഗോത്രവര്‍ഗ്ഗ മേഖലകളിലേക്കായിരിക്കും നിയോഗിക്കുക. അത് കുട്ടികള്‍ക്ക് പ്രയോജനപ്പെടുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഈ വര്‍ഷം 60,000 അദ്ധ്യാപകര്‍ ഉള്‍പ്പെടെ 1 ലക്ഷത്തിലധികം ഗവണ്‍മെന്റ് തസ്തികകളിലേക്ക് നിയമനം നടത്താനാണ് മദ്ധ്യപ്രദേശ് ഗവണ്‍മെണ്‍മെന്റ് ലക്ഷ്യമിട്ടിരിക്കുന്നതെന്നതിലും അതിന്റെ ഫലമായി നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേയിലെ വിദ്യാഭ്യാസ നിലവാരത്തില്‍ സംസ്ഥാനത്തിന് വലിയ കുതിച്ചുചാട്ടം നടത്താനായതിലും പ്രധാനമന്ത്രി ആഹ്ലാദം പ്രകടിപ്പിച്ചു. പരസ്യങ്ങള്‍ക്കായി പണം മുടക്കാതെ തന്നെ സംസ്ഥാനം 17-ാം റാങ്കില്‍ നിന്ന് അഞ്ചാം സ്ഥാനത്തെത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും മദ്ധ്യപ്രദേശ് ഗവണ്‍മെന്റിനെയും പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
തൊഴിലും സ്വയം തൊഴിലും പ്രോത്സാഹിപ്പിക്കാന്‍ നൈപുണ്യ വികസനത്തിന് ഗവണ്‍മെന്റ് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പ്രകാരം യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനായി രാജ്യത്തുടനീളം നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നവയുഗ സാങ്കേതികവിദ്യയിലൂടെ യുവജനങ്ങളെ പരിശീലിപ്പിക്കുന്ന 30 സ്‌കില്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററുകള്‍ തുറക്കാനും പ്രധാനമന്ത്രി വിശ്വകര്‍മ്മ യോജന വഴി ചെറുകിട കൈത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കാനും അവരെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളു (എം.എസ്.എം.ഇ) ബന്ധിപ്പിക്കാനുമുള്ള മുന്‍കൈകള്‍ ഈ വര്‍ഷത്തെ ബജറ്റില്‍ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
നമ്മുടെ ജീവിതത്തില്‍ ഒരു മാതാവിന്റെയോ അദ്ധ്യാപകന്റെയോ സ്വാധീനത്തിന് സമാനമായി ഒരു ഇടം തങ്ങളുടെ ഹൃദയങ്ങളില്‍ അവരുടെ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കാന്‍ ഇന്ന് നിയമിതരായ ആയിരക്കണക്കിന് അദ്ധ്യാപകരിലേക്ക് അഭിസംബോധനയുടെ ദിശ തിരിച്ചുകൊണ്ട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ''നിങ്ങളുടെ വിദ്യാഭ്യാസം രാജ്യത്തിന്റെ വര്‍ത്തമാനത്തെ മാത്രമല്ല ഭാവിയെയും രൂപപ്പെടുത്തുമെന്നത് നിങ്ങള്‍ എപ്പോഴും ഓര്‍മ്മിക്കണം'', ശ്രീ മോദി പറഞ്ഞു. അദ്ധ്യാപകര്‍ പകര്‍ന്നുനല്‍കുന്ന വിദ്യാഭ്യാസം വിദ്യാര്‍ത്ഥിയില്‍ മാത്രമല്ല സമൂഹത്തിലും നല്ല മാറ്റം കൊണ്ടുവരുമെന്ന് സൂചിപ്പിച്ചാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ''നിങ്ങള്‍ ഉള്ളില്‍ കടത്തിവിടുന്ന മൂല്യങ്ങള്‍ ഇന്നത്തെ തലമുറയില്‍ മാത്രമല്ല, വരും തലമുറകളിലും നല്ല സ്വാധീനം ചെലുത്തും'', പ്രധാനമന്ത്രി ഉപസംഹരിച്ചു.