"സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം" എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റിനുശേഷം ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ 11-ാമത്തേതാണ് ഇത്.
2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള ശുഭകരമായ തുടക്കമായി ഈ വർഷത്തെ ബജറ്റിനെ രാജ്യം നോക്കിക്കണ്ടതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. “ഭാവിയിലെ അമൃതകാലത്തിന്റെ കാഴ്ചപ്പാടിൽനിന്നാണു ബജറ്റ് കാണുകയും പരീക്ഷിക്കുകയും ചെയ്തത്. ഈ ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച്, രാജ്യത്തെ പൗരന്മാരും അടുത്ത 25 വർഷത്തേക്ക് ഉറ്റുനോക്കുന്നുവെന്നതു രാജ്യത്തിനു നല്ല സൂചനയാണ്” - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 9 വർഷമായി സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം എന്ന കാഴ്ചപ്പാടോടെയാണു രാജ്യം മുന്നേറിയതെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. ഇന്ത്യയുടെ അധ്യക്ഷതയിലുള്ള ജി-20 ഉച്ചകോടിയിൽ ഇന്ത്യ ഈ ശ്രമങ്ങളെ ആഗോളതലത്തിലേക്ക് എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ബജറ്റ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെ ഈ ശ്രമങ്ങൾക്ക് പുതിയ ഊർജം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നാരീശക്തിയുടെ നിശ്ചയദാർഢ്യം, ഇച്ഛാശക്തി, ഭാവന, ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കാനുള്ള കഴിവ്, കഠിനാധ്വാനം എന്നിവ 'മാതൃ ശക്തി'യുടെ പ്രതിഫലനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ നൂറ്റാണ്ടിൽ ഇന്ത്യയുടെ വേഗതയും തോതും വർധിപ്പിക്കുന്നതിൽ ഈ ഗുണങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിനായുള്ള ശ്രമങ്ങളുടെ ഫലം ഇന്ന് ദൃശ്യമാണെന്നും രാജ്യത്തിന്റെ സാമൂഹിക ജീവിതത്തിൽ വിപ്ലവകരമായ മാറ്റമാണ് നാം അനുഭവിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്നും ഹൈസ്കൂൾ വരെയും അതിനുശേഷവും പഠിക്കുന്ന പെൺകുട്ടികളുടെ എണ്ണം കഴിഞ്ഞ 9-10 വർഷത്തിനിടെ മൂന്നിരട്ടിയായെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനിയറിങ്, കണക്ക് എന്നിവയിൽ പെൺകുട്ടികളുടെ പ്രവേശനം ഇന്ന് 43 ശതമാനമാണ്. അമേരിക്ക, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇതു കൂടുതലാണ്. വൈദ്യശാസ്ത്രം, കായികരംഗം, വ്യവസായം, രാഷ്ട്രീയം തുടങ്ങിയ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർധിക്കുക മാത്രമല്ല, അവർ മുന്നിൽ നിന്ന് നയിക്കുകയും ചെയ്യുന്നു.
മുദ്ര വായ്പയുടെ ഗുണഭോക്താക്കളിൽ 70 ശതമാനവും സ്ത്രീകളാണെന്ന വസ്തുത പ്രധാനമന്ത്രി പരാമർശിച്ചു. അതുപോലെ, സ്വനിധിക്കു കീഴിൽ ഈടുരഹിത വായ്പകൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളിൽ നിന്നും മൃഗസംരക്ഷണം, മത്സ്യബന്ധനം, ഗ്രാമവ്യവസായങ്ങൾ, എഫ്‌പിഒകൾ, കായികമേഖല എന്നിവയിലെ പ്രോത്സാഹന പദ്ധതികളിൽ നിന്നും സ്ത്രീകൾക്കു പ്രയോജനം ലഭിക്കുന്നു.
"രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്നവരുടെ സഹായത്തോടെ നമുക്ക് എങ്ങനെ രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാമെന്നും സ്ത്രീശക്തിയുടെ സാധ്യതകൾ എങ്ങനെ വർധിപ്പിക്കാം എന്നതിന്റെയും പ്രതിഫലനം ഈ ബജറ്റിൽ ദൃശ്യമാണ്" - ശ്രീ മോദി പറഞ്ഞു. സ്ത്രീകൾക്ക് 7.5 ശതമാനം പലിശ ലഭിക്കുന്ന മഹിളാ സമ്മാൻ സേവിങ്സ് സർട്ടിഫിക്കറ്റ് പദ്ധതിയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “3 കോടി വീടുകളിൽ ഭൂരിഭാഗവും സ്ത്രീകളുടെ പേരിലുള്ളതായതിനാൽ പിഎം ആവാസ് യോജനയ്ക്കുള്ള 80,000 കോടി രൂപ സ്ത്രീശാക്തീകരണത്തിന്റെ ദിശയിലേക്കുള്ള ചുവടുവയ്പാണ്” - ശ്രീ മോദി പറഞ്ഞു. പരമ്പരാഗതമായി സ്ത്രീകൾക്ക് അവരുടെ പേരിൽ സ്വത്ത് ഇല്ലാതിരുന്ന സാഹചര്യത്തിൽ പിഎം ആവാസ് ഒരുക്കുന്ന ശാക്തീകരണ വശത്തിനു പ്രധാനമന്ത്രി ഊന്നൽ നൽകി. "കുടുംബത്തിന്റെ സാമ്പത്തിക തീരുമാനങ്ങളിൽ പിഎം ആവാസ് സ്ത്രീകൾക്ക് പുതിയ ശബ്ദമേകി" - പ്രധാനമന്ത്രി പറഞ്ഞു.
സ്വയം സഹായ സംഘങ്ങൾക്കിടയിൽ പുതിയ യൂണികോണുകൾ സൃഷ്ടിക്കുന്നതിന് അവയ്ക്കു പിന്തുണ നൽകുന്നതിനുള്ള പ്രഖ്യാപനത്തെക്കുറിച്ചു പ്രധാനമന്ത്രി പറഞ്ഞു. മാറുന്ന സാഹചര്യങ്ങൾക്കൊപ്പം സ്ത്രീ ശാക്തീകരണത്തിനായുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടിന്റെ കരുത്തു പ്രധാനമന്ത്രി വിശദീകരിച്ചു. ഇന്ന് കാർഷികേതരമായ 5 വ്യവസായങ്ങളിൽ ഒന്ന് നടത്തുന്നത് ഒരു സ്ത്രീയാണ്. കഴിഞ്ഞ 9 വർഷത്തിനിടെ 7 കോടിയിലധികം സ്ത്രീകൾ സ്വയംസഹായ സംഘങ്ങളിൽ ചേർന്നു. ഈ സ്വയംസഹായ സംഘങ്ങൾ 6.25 ലക്ഷം കോടിയുടെ വായ്പ എടുത്തതിനാൽ അവരുടെ മൂല്യ സൃഷ്ടി അവരുടെ മൂലധന ആവശ്യകതയിൽ നിന്ന് മനസ്സിലാക്കാനാകും.
ചെറുകിട സംരംഭകർ എന്ന നിലയിൽ മാത്രമല്ല, കഴിവുള്ള റിസോഴ്സ് പേഴ്സൺ എന്ന നിലയിലും സ്ത്രീകൾ സംഭാവനയേകുന്നുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗ്രാമങ്ങളിൽ വികസനത്തിന്റെ പുതിയ മാനങ്ങൾ വികസിപ്പിക്കുന്ന ബാങ്ക് സഖി, കൃഷി സഖി, പശു സഖി എന്നീ പദ്ധതികൾ അദ്ദേഹം പരാമർശിച്ചു.
സഹകരണ മേഖലയിലെ പരിവർത്തനത്തെക്കുറിച്ചും മേഖലയിലെ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. “വരും വർഷങ്ങളിൽ 2 ലക്ഷത്തിലധികം വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളും ക്ഷീര സഹകരണ സംഘങ്ങളും മത്സ്യബന്ധന സഹകരണ സംഘങ്ങളും രൂപീകരിക്കും. ഒരു കോടി കർഷകരെ പ്രകൃതിദത്ത കൃഷിയുമായി ബന്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വനിതാ കർഷകർക്കും ഉൽപ്പാദക സംഘങ്ങൾക്കും ഇതിൽ വലിയ പങ്കു വഹിക്കാനാകും” - പ്രധാനമന്ത്രി പറഞ്ഞു.
ശ്രീ അന്നയുടെ പ്രചാരണത്തിൽ വനിതാ സ്വയം സഹായ സംഘങ്ങളുടെ പങ്കിനെക്കുറിച്ച് ശ്രീ മോദി വിശദീകരിച്ചു. ശ്രീ അന്നയിൽ പരമ്പരാഗത അനുഭവജ്ഞാനമുള്ള ഒരു കോടിയിലധികം ഗിരിവർഗ സ്ത്രീകൾ ഈ സ്വയം സഹായ സംഘങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. “ശ്രീ അന്നയുടെ വിപണനവുമായി ബന്ധപ്പെട്ട അവസരങ്ങൾ അതിൽ നിന്നുണ്ടാക്കുന്ന സംസ്കരിച്ച ഭക്ഷണങ്ങൾക്കായി നാം പ്രയോജനപ്പെടുത്തണം. പലയിടത്തും ചെറുകിട വനവിഭവങ്ങൾ സംസ്കരിച്ചു വിപണിയിലെത്തിക്കാൻ ഗവണ്മെന്റ് സ്ഥാപനങ്ങൾ സഹായിക്കുന്നുണ്ട്. ഇന്ന്, വിദൂര പ്രദേശങ്ങളിൽ നിരവധി സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. അതു നാം കൂടുതൽ വിശാലമായ തലത്തിലേക്കു കൊണ്ടുപോകണം” - അദ്ദേഹം പറഞ്ഞു.
നൈപുണ്യവികസനത്തിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകിയ പ്രധാനമന്ത്രി, ഈ ബജറ്റിൽ കൊണ്ടുവന്ന വിശ്വകർമ പദ്ധതി പ്രധാന പങ്കുവഹിക്കുമെന്നും ഒരു പാലമായി പ്രവർത്തിക്കുമെന്നും സ്ത്രീ ശാക്തീകരണത്തിനായി അതിന്റെ അവസരങ്ങൾ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും പറഞ്ഞു. അതുപോലെ, ഗവണ്മെന്റ് ഇ മാർക്കറ്റ് പ്ലേസും (ജിഇഎം) ഇ-കൊമേഴ്സും സ്ത്രീകളുടെ വ്യാവസായിക അവസരങ്ങൾ വിപുലീകരിക്കുന്നതിനുള്ള മാർഗങ്ങളായി മാറുന്നു. സ്വയംസഹായ സംഘങ്ങൾക്കു നൽകുന്ന പരിശീലനത്തിൽ പുതിയ സാങ്കേതികവിദ്യകൾക്കു മുൻഗണന നൽകേണ്ടതുണ്ട്.
‘ഏവര്‍ക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം’ എന്നീ ആശയങ്ങളോടെയാണു രാജ്യം മുന്നേറുന്നതെന്നു പ്രധാനമന്ത്രി ആവർത്തിച്ചു. രാജ്യത്തിന്റെ പുത്രിമാരെ ദേശീയ സുരക്ഷാ റോളുകളിലും റഫാൽ വിമാനങ്ങളിലും കാണാമെന്നും അവർ സംരംഭകരാകുമ്പോൾ, തീരുമാനങ്ങളും ഉത്തരവാദിത്വങ്ങളും എടുക്കുമ്പോൾ, അവരെക്കുറിച്ചുള്ള ചിന്തകൾ മാറുമെന്നും അദ്ദേഹം പറഞ്ഞു. നാഗാലാൻഡിൽ അടുത്തിടെ രണ്ട് വനിതാ എംഎൽഎമാർ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചും അവരിൽ ഒരാൾ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. “സ്ത്രീകളോടുള്ള ബഹുമാനത്തിന്റെയും സമത്വ ബോധത്തിന്റെയും തലങ്ങൾ ഉയർത്തുന്നതിലൂടെ മാത്രമേ ഇന്ത്യക്ക് മുന്നോട്ട് പോകാൻ കഴിയൂ. എല്ലാ സ്ത്രീകളുടെയും സഹോദരിമാരുടെയും പെൺമക്കളുടെയും വഴിയിൽ വരുന്ന എല്ലാ തടസ്സങ്ങളും നീക്കാനുള്ള ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകാൻ ഞാൻ നിങ്ങളേവരോടും ആഹ്വാനം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു എഴുതിയ ലേഖനം ഉദ്ധരിച്ചാണു പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്. രാഷ്ട്രപതി കുറിച്ചത് ഇങ്ങനെ: “പുരോഗതി വേഗത്തിലാക്കേണ്ടത് നമ്മളോരോരുത്തരുമാണ്. അതിനാൽ, ഇന്ന്, നിങ്ങളുടെ കുടുംബത്തിലോ അയൽപക്കത്തോ ജോലിസ്ഥലത്തോ - ഒരു പെൺകുട്ടിയുടെ മുഖത്തു പുഞ്ചിരി വിടർത്തുന്ന, ജീവിതത്തിൽ മുന്നോട്ടു പോകാനുള്ള അവളുടെ സാധ്യതകൾ മെച്ചപ്പെടുത്തുന്ന - ഏതൊരു മാറ്റത്തിനും സ്വയം പ്രതിജ്ഞാബദ്ധരാകാൻ ഞാൻ നിങ്ങൾ ഓരോരുത്തരോടും അഭ്യർഥിക്കുന്നു. ഞാൻ മുമ്പു പറഞ്ഞതുപോലെ മനസുനിറഞ്ഞ അഭ്യർഥനയാണിത്.”
बीते 9 वर्षों में देश Women Led Development के विज़न को लेकर आगे बढ़ा है। pic.twitter.com/aOCAv0D6UT
— PMO India (@PMOIndia) March 10, 2023
जब हम Women Led Development कहते हैं तब उसका आधार यही शक्तियां हैं... pic.twitter.com/DK9xLGvdJv
— PMO India (@PMOIndia) March 10, 2023
आज भारत में ऐसे अनेक क्षेत्र हैं जिनमें महिलाशक्ति का सामर्थ्य नजर आता है। pic.twitter.com/qVR8DFtwwI
— PMO India (@PMOIndia) March 10, 2023
महिलाओं का सम्मान बढ़ाकर, समानता का भाव बढ़ाकर ही भारत तेजी से आगे बढ़ सकता है। pic.twitter.com/Mze817qMOO
— PMO India (@PMOIndia) March 10, 2023
8 मार्च को, महिला दिवस, राष्ट्रपति द्रोपदी मुर्मू जी ने महिला सशक्तिकरण एक बहुत ही भावुक आर्टिकल लिखा है।
— PMO India (@PMOIndia) March 10, 2023
इस लेख का अंत राष्ट्रपति मुर्मू जी ने जिस भावना से किया है वो सभी को समझनी चाहिए। https://t.co/BJDbnzcJak pic.twitter.com/BlsEoRwxzI