“അടിസ്ഥാനസൗകര്യ വികസനമാണു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തി”
“ഇത് ഓരോ പങ്കാളിക്കും പുതിയ ഉത്തരവാദിത്വങ്ങളുടെയും പുതിയ സാധ്യതകളുടെയും ധീരമായ തീരുമാനങ്ങളുടെയും സമയമാണ്”
“ഹൈവേകളുടെ പ്രാധാന്യം നൂറ്റാണ്ടുകളായി ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്”
“‘ദാരിദ്ര്യം ഒരു പുണ്യം’ എന്ന മനോഭാവം ഇല്ലാതാക്കുന്നതിൽ ഞങ്ങൾ വിജയിച്ചു”
“നമുക്കിനി നമ്മുടെ വേഗത മെച്ചപ്പെടുത്തുകയും ടോപ് ഗിയറിൽ മുന്നേറുകയും വേണം”
“പിഎം ഗതി ശക്തി ദേശീയ ആസൂത്രണ പദ്ധത‌ി ഇന്ത്യയുടെ അടിസ്ഥാനസൗകര്യങ്ങളുടെയും ബഹുതല ലോജിസ്റ്റിക്സിന്റെയും മുഖച്ഛായ മാറ്റാൻ പോകുന്നു”
“സാമ്പത്തിക - അടിസ്ഥാനസൗകര്യ പദ്ധതികളെ വികസനവുമായി സമന്വയിപ്പിക്കുന്ന നിർണായക ഉപാധിയാണു പിഎം ഗതി ശക്തി മാസ്റ്റർ പ്ലാൻ”
“ഗുണനിലവാരവും ബഹുതല അടിസ്ഥാനസൗകര്യങ്ങളും ഉപയോഗിക്കുന്നതിലൂടെ, വരും ദിവസങ്ങളിൽ നമ്മുടെ ലോജിസ്റ്റിക് ചെലവ് ഇനിയും കുറയും”
“ഭൗതിക അടിസ്ഥാനസൗകര്യങ്ങളുടെ ശക്തിക്കൊപ്പം, രാജ്യത്തിന്റെ സാമൂഹ്യ അടിസ്ഥാന സൗകര്യങ്ങളും കരുത്താർജിക്കേണ്ടത് അനിവാര്യമാണ്”
“നിങ്ങൾ രാജ്യത്തിന്റെ വികസനത്തിനു മാത്രമല്ല, ഇന്ത്യയുടെ വളർച്ചായന്ത്രത്തിനും ആക്കം കൂട്ടുന്നു”

'അടിസ്ഥാനസൗകര്യങ്ങളും നിക്ഷേപവും: പിഎം ഗതിശക്തി ദേശീയ ആസൂത്രണ പദ്ധതിയിലൂടെ ലോജിസ്റ്റിക്സ് കാര്യക്ഷമത മെച്ചപ്പെടുത്തൽ' എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ടു നടന്ന വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റ‌ിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ എട്ടാമത്തേതാണ് ഇത്.

വെബിനാറിനെ അഭിസംബോധന ചെയ്യവേ, ഇന്നത്തെ വെബിനാറിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് 700ലധികം സിഇഒമാർക്കും എംഡിമാർക്കുമൊപ്പം നൂറുകണക്കിനു പങ്കാളികൾ പങ്കെടുക്കുന്നതിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. എല്ലാ മേഖലയിലെ വിദഗ്ധരും വിവിധ പങ്കാളികളും ഈ വെബിനാർ വിജയകരവും ഫലപ്രദവുമാക്കുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ഈ വർഷത്തെ ബജറ്റ് അടിസ്ഥാനസൗകര്യ വികസനത്തിനു പുതിയ ഊർജമേകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ബജറ്റിനെയും അതിന്റെ തന്ത്രപരമായ തീരുമാനങ്ങളെയും വിദഗ്ധരും പ്രമുഖ മാധ്യമസ്ഥാപനങ്ങളും പ്രശംസിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 2013-14നെ അപേക്ഷിച്ച് ഇന്ത്യയുടെ പദ്ധതിച്ചെലവ് 5 മടങ്ങു വർധിച്ചിട്ടുണ്ടെന്നും ദേശീയ അടിസ്ഥാനസൗകര്യ പൈപ്പ്‌ലൈനിനു കീഴിൽ 110 ലക്ഷം കോടി രൂപ നിക്ഷേപിക്കാൻ ഗവണ്മെന്റ് ലക്ഷ്യമിടുന്നതായും അദ്ദേഹം അറിയിച്ചു. "ഇത് ഓരോ പങ്കാളിക്കും പുതിയ ഉത്തരവാദിത്വങ്ങളുടെയും പുതിയ സാധ്യതകളുടെയും ധീരമായ തീരുമാനങ്ങളുടെയും സമയമാണ്" - പ്രധാനമന്ത്രി പറഞ്ഞു.

"ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്ത്, വികസനത്തോടൊപ്പം ഏതൊരു രാജ്യത്തിന്റെയും സുസ്ഥിര വികസനത്തിൽ അടിസ്ഥാനസൗകര്യങ്ങൾക്കു പ്രധാന പങ്കു വഹിക്കാനുണ്ട്" - പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട ചരിത്രത്തെക്കുറിച്ച് അറിവുള്ളവർക്ക് ഈ വസ്തുത നന്നായി അറിയാമെന്ന് അദ്ദേഹം വ്യക്തമാക്കി. ചന്ദ്രഗുപ്ത മൗര്യയുടെ ഉത്തരപാതയുടെ നിർമാണം അശോകൻ മുന്നോട്ടുകൊണ്ടുപോകുകയും പിന്നീട് ഷേർഷാ സൂരി നവീകരിക്കുകയും ചെയ്തകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടീഷുകാരാണ് ഇതിനെ ജി.ടി. റോഡാക്കി മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. "നൂറ്റാണ്ടുകളായി ഇന്ത്യയിൽ ഹൈവേകളുടെ പ്രാധാന്യം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. " - പ്രധാനമന്ത്രി പറഞ്ഞു. നദീതീരങ്ങളെയും ജലപാതകളെയും പരാമർശിക്കവേ, ജലപാതകൾ വഴി കൊൽക്കത്തയുമായി നേരിട്ടു ബന്ധിപ്പിച്ചിരിക്കുന്ന ബനാറസിലെ ഘാട്ടുകളുടെ ഉദാഹരണം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇപ്പോഴും പ്രവർത്തനക്ഷമമായ, രണ്ടായിരം വർഷം പഴക്കമുള്ള തമിഴ്‌നാട്ടിലെ കല്ലണൈ അണക്കെട്ടിന്റെ ഉദാഹരണവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനു മുൻ ഗവൺമെന്റുകൾ  നിക്ഷേപം നടത്തുന്നതിനുണ്ടായ തടസങ്ങൾ ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 'ദാരിദ്ര്യം ഒരു പുണ്യ'മാണെന്ന നിലവിലെ മനോഭാവം ഉയർത്തിക്കാട്ടി. ഈ മനോഭാവം ഇല്ലാതാക്കുന്നതിൽ മാത്രമല്ല, ആധുനിക അടിസ്ഥാന സൗകര്യങ്ങളിൽ റെക്കോർഡ് നിക്ഷേപം നടത്തുന്നതിലും ഇപ്പോഴത്തെ ഗവണ്മെന്റ് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിലെ പുരോഗതിയും പ്രധാനമന്ത്രി വിശദീകരിച്ചു. 2014നു മുമ്പുള്ളതിനെ അപേക്ഷിച്ചു ദേശീയ പാതകളുടെ ശരാശരി നിർമാണം ഏകദേശം ഇരട്ടിയായെന്ന് അദ്ദേഹം വ്യക്തമാക്കി. അതുപോലെ, 2014നു മുമ്പു പ്രതിവർഷം 600 കിലോമീറ്റർ റെയിൽവേപ്പാത മാത്രമാണു വൈദ്യുതവൽക്കരിച്ചിരുന്നത്. ഇപ്പോൾ പ്രതിവർഷം 4000 കി. മീറ്ററായി. വിമാനത്താവളങ്ങളുടെ എണ്ണവും തുറമുഖശേഷിയും ഇരട്ടിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"അടിസ്ഥാനസൗകര്യ വികസനമാണു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തി" - ഈ പാത പിന്തുടരുന്നതിലൂടെ 2047ഓടെ വികസിത രാഷ്ട്രമാകുക എന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ഇനി നമുക്കു നമ്മുടെ വേഗത മെച്ചപ്പെടുത്തുകയും ടോപ്പ് ഗിയറിൽ മുന്നേറുകയും വേണം" - അദ്ദേഹം പറഞ്ഞു. സാമ്പത്തികവും അടിസ്ഥാനസൗകര്യപരവുമായ ആസൂത്രണത്തെ വികസനവുമായി സമന്വയിപ്പിക്കുന്ന നിർണായക ഉപാധിയാണു പിഎം ഗതിശക്തി ആസൂത്രണ പദ്ധതിയെന്നു ചൂണ്ടിക്കാട്ടി യ പ്രധാനമന്ത്രി, "ഗതി ശക്തി ദേശീയ ആസൂത്രണപദ്ധതി രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങളുടെയും ബഹുതല ലോജിസ്റ്റിക്സിന്റെയും മുഖച്ഛായ മാറ്റാൻ പോകുകയാണ്" എന്നും വ്യക്തമാക്കി.

 
.

പിഎം ഗതി ശക്തി ആസൂത്രണ പദ്ധതി‌യുടെ ഫലങ്ങൾ ദൃശ്യമായിക്കൊണ്ടിരിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. "ലോജിസ്റ്റിക്സിന്റെ കാര്യക്ഷമതയെ ബാധിക്കുന്ന വിടവുകൾ ഞങ്ങൾ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ഈ വർഷത്തെ ബജറ്റിൽ 100 നിർണായക പദ്ധതികൾക്കു മുൻഗണന നൽകുകയും 75,000 കോടി രൂപ വകയിരുത്തുകയും ചെയ്തത്. ഗുണനിലവാരവും ബഹുതല അടിസ്ഥാനസൗകര്യങ്ങളും ഉപയോഗിക്കുന്നതിലൂടെ, വരും ദിവസങ്ങളിൽ നമ്മുടെ ലോജിസ്റ്റിക്സ് ചെലവ് ഇനിയും കുറയും. ഇത് ഇന്ത്യയിൽ നിർമിക്കുന്ന ചരക്കുകളിലും നമ്മുടെ ഉൽപ്പന്നങ്ങളുടെ കാര്യക്ഷമതയിലും ഗുണപരമായ സ്വാധീനം ചെലുത്തും. ലോജിസ്റ്റിക്സ് മേഖലയ്ക്കൊപ്പം, ജീവിതം സുഗമമാക്കുന്നതിലും വ്യവസായ നടത്ത‌ിപ്പു സുഗമമാക്കുന്നതിലും വളരെയധികം പുരോഗതി ഉണ്ടാകും" - അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മേഖലയിൽ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളുടെ പങ്കിനെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി, 50 വർഷം വരെയുള്ള പലിശരഹിത വായ്പകൾ നൽകുന്നത് ഒരു വർഷത്തേക്കുകൂടി ദീർഘിപ്പിക്കുമെന്നും ഇതിനുള്ള ബജറ്റ് ചെലവ് 30 ശതമാനംവരെമായി വർധിപ്പിച്ചതായും അറിയിച്ചു.

അടിസ്ഥാനസൗകര്യ വികസനത്തിനു വിവിധ സാമഗ്രികൾ ആവശ്യമായതിനാൽ തങ്ങളുടെ മേഖലകളുടെ ആവശ്യങ്ങളെക്കുറിച്ചു കാലേക്കൂട്ടി അറിയിക്കുന്നതിനുള്ള വിപുലമായ സംവിധാനം വികസിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ വെബിനാറിൽ പങ്കെടുത്തവരോടു പ്രധാനമന്ത്രി  ആവശ്യപ്പെട്ടു. "ഭാവിയിലേക്കുള്ള രൂപരേഖ തയ്യാറാക്കുന്നതിനു നമുക്കു സംയോജിത സമീപനം ആവശ്യമാണ്. പിഎം ഗതി ശക്തി ദേശീയ ആസൂത്രണപദ്ധതിക്ക് ഇതിൽ വലിയ പങ്കുണ്ട്" - അദ്ദേഹം പറഞ്ഞു. ചാക്രിക സമ്പദ്‌വ്യവസ്ഥ എന്ന ആശയം ഈ മേഖലയുമായി സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി.

കച്ചിലെ ഭൂകമ്പത്തിനുശേഷമുള്ള തന്റെ അനുഭവം അനുസ്മരിച്ച പ്രധാനമന്ത്രി, രക്ഷാപ്രവർത്തനത്തിനുശേഷം കച്ച് വികസിപ്പിക്കുന്നതിനു തികച്ചും പുതിയ സമീപനം സ്വീകരിച്ചതെങ്ങനെയെന്നു വിശദീകരിച്ചു. രാഷ്ട്രീയമായി പ്രയോജനപ്പെടുന്ന വേഗത്തിലുള്ള പ്രതിവിധികൾക്കു പകരം, മേഖലയിൽ അടിസ്ഥാനസൗകര്യാധിഷ്ഠിത വികസനം നടത്തിയത്, സാമ്പത്തിക പ്രവർത്തനങ്ങളുടെ ഊർജസ്വലമായ കേന്ദ്രമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സാമൂഹ്യ അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ ഭൗതിക അടിസ്ഥാനസൗകര്യങ്ങളുടെ ദൃഢതയും പ്രധാനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ശക്തമായ സാമൂഹ്യ അടിസ്ഥാനസൗകര്യങ്ങൾ കൂടുതൽ കഴിവും വൈദഗ്ധ്യവുമുള്ള യുവാക്കളെ രാഷ്ട്രത്തെ സേവിക്കാൻ മുന്നോട്ടു കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനു നൈപുണ്യ വികസനം, പദ്ധതിനിർവഹണം, സാമ്പത്തിക വൈദഗ്ധ്യം, സംരംഭകത്വം എന്നിവയുടെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ നിന്നുള്ള ചെറുകിട, വൻകിട വ്യവസായങ്ങളെ സഹായിക്കുന്നതോടൊപ്പം രാജ്യത്തിന്റെ മാനവവിഭവശേഷിശേഖരത്തിനു പ്രയോജനം നൽകുന്ന, കാലേക്കൂട്ടി‌ നൈപുണ്യങ്ങൾ കണ്ടെത്തുന്നതിനുള്ള, സംവിധാനം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഗവണ്മെന്റിന്റെ വിവിധ മന്ത്രാലയങ്ങൾ ഈ ദിശയിൽ അതിവേഗം പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഈ വെബിനാറിലെ ഓരോ പങ്കാളിയുടെയും നിർദേശങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അവർ രാജ്യത്തിന്റെ വികസനത്തിനു സംഭാവനയേകുക മാത്രമല്ല, ഇന്ത്യയുടെ വളർച്ചായന്ത്രത്തിന് ആക്കം കൂട്ടുകയും ചെയ്യുന്നുവെന്നു വ്യക്തമാക്കി. അടിസ്ഥാനസൗകര്യ വികസനം റെയിൽ, റോഡ്, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ഈ വർഷത്തെ ബജറ്റിന്റെ ഭാഗമായി ഗ്രാമങ്ങളിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനു വൻ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. നഗരങ്ങളിലും ഗ്രാമങ്ങളിലും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വാസ്ഥ്യ കേന്ദ്രങ്ങൾ, പുതിയ റെയിൽവേ സ്റ്റേഷനുകൾ, ഓരോ കുടുംബത്തിനും പക്കാ വീടുകൾ എന്നിവ അദ്ദേഹം ഉദാഹരണമാക്കി.

ഈ വർഷത്തെ ബജറ്റ് വേഗത്തിലും കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് എല്ലാ പങ്കാളികളുടെയും കാഴ്ചപ്പാടുകളും  നിർദേശങ്ങളും അനുഭവങ്ങളും സഹായിക്കുമെന്നു പ്രത്യാശ പ്രകടിപ്പിച്ചാണു പ്രധാനമന്ത്രി പ്രസംഗം ഉപസംഹരിച്ചത്.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister visited the Indian Arrival monument at Monument Gardens in Georgetown today. He was accompanied by PM of Guyana Brig (Retd) Mark Phillips. An ensemble of Tassa Drums welcomed Prime Minister as he paid floral tribute at the Arrival Monument. Paying homage at the monument, Prime Minister recalled the struggle and sacrifices of Indian diaspora and their pivotal contribution to preserving and promoting Indian culture and tradition in Guyana. He planted a Bel Patra sapling at the monument.

The monument is a replica of the first ship which arrived in Guyana in 1838 bringing indentured migrants from India. It was gifted by India to the people of Guyana in 1991.