“ബജറ്റിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ വെബിനാറുകൾ ഉത്തേജകമായി പ്രവർത്തിക്കുന്നു”
“വിനോദസഞ്ചാരത്തിൽ പുതിയ ഉയരങ്ങൾ കൈവരിക്കാൻ നാം പുതുരീതികൾ ചിന്തിക്കുകയും മുൻകൂട്ടി ആസൂത്രണം ചെയ്യുകയും വേണം”
“വിനോദസഞ്ചാരം എന്നതു സമ്പന്നരെ പ്രതിനിധാനം ചെയ്യുന്ന ഭാവനാപദമല്ല”
“ഈ വർഷത്തെ ബജറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളുടെ സമഗ്രവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു”
“സൗകര്യങ്ങളുടെ വർധന കാശി വിശ്വനാഥ്, കേദാർധാം, പാവാഗഢ് എന്നിവിടങ്ങളിൽ ഭക്തരുടെ വരവിൽ പലമടങ്ങു വർധനയ്ക്കു കാരണമായി”
“ഓരോ വിനോദസഞ്ചാര കേന്ദ്രത്തിനും അതിന്റേതായ വരുമാന മാതൃക വികസിപ്പിക്കാൻ കഴിയും”
“അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാൽ നമ്മുടെ ഗ്രാമങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറുകയാണ്”
“കഴിഞ്ഞ വർഷം ജനുവരിയിൽ 2 ലക്ഷം വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിലേക്ക് എത്തിയപ്പോൾ, ഈ വർഷം ജനുവരിയിൽ അത് 8 ലക്ഷമായി വർധിച്ചു”
“കൂടുതൽ ചെലവഴിക്കുന്ന വിനോദസഞ്ചാരികൾക്കായി ഇന്ത്യക്കും ധാരാളം കാര്യങ്ങൾ വാഗ്ദാനം ചെയ്യാനുണ്ട്”
“കൃഷി, റിയൽ എസ്റ്റേറ്റ് വികസനം, അടിസ്ഥാന സൗകര്യങ്ങൾ, തുണിവ്യവസായം എന്നിവയുടെ അതേ സാധ്യതകളാണു വിനോദസഞ്ചാരത്തിനും രാജ്യത്തുള്ളത്”

‘ദൗത്യരൂപത്തിൽ വിനോദസഞ്ചാരവികസനം’ എന്ന വിഷയത്തിൽ ബജറ്റുമായി ബന്ധപ്പെട്ട വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദേശങ്ങളും തേടുന്നതിനായി ബജറ്റുമായി ബന്ധപ്പെട്ടു ഗവണ്മെന്റ് സംഘടിപ്പിക്കുന്ന 12 വെബിനാറുകളുടെ പരമ്പരയിലെ ഏഴാമത്തേതാണ് ഇത്.

സദസിനെ അഭിസംബോധന ചെയ്യവേ, ഇന്നത്തെ നവഇന്ത്യ പുതിയ തൊഴിൽ സംസ്കാരത്തോടെ മുന്നേറുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ വർഷത്തെ ബജറ്റിനു രാജ്യത്തെ ജനങ്ങൾ നൽകിയ അംഗീകാരത്തിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു. ബജറ്റിനു മുമ്പും ശേഷവും എല്ലാ പങ്കാളികളുമായും ചർച്ച നടത്താനുള്ള ഇപ്പോഴത്തെ ഗവൺമെന്റിന്റെ മനോഭാവം ഇല്ലായിരുന്നുവെങ്കിൽ ബജറ്റിനു ശേഷമുള്ള വെബിനാറുകൾ പോലെ നൂതനമായ എന്തെങ്കി‌ലും ഉണ്ടാകില്ലായിരുന്നുവെന്നു മുൻവർഷത്തെ തൊഴിൽ സംസ്കാരത്തെ പ്രതിഫലിപ്പിച്ചുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു. ബജറ്റിന്റെ ഫലപ്രാപ്തി പരമാവധി വർധിപ്പിക്കുകയും അതോടൊപ്പം സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യുകയെന്നതാണ് ഈ വെബിനാറുകളുടെ പ്രധാന ലക്ഷ്യമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. “ബജറ്റിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഈ വെബിനാറുകൾ ഉത്തേജകമായി പ്രവർത്തിക്കുന്നു” - ശ്രീ മോദി പറഞ്ഞു. 20 വർഷത്തിലേറെയായി ഗവൺമെന്റിന്റെ തലവനായി പ്രവർത്തിച്ചതിന്റെ അനുഭവം ഉൾക്കൊണ്ടു സംസാരിച്ച പ്രധാനമന്ത്രി, ഗവണ്മെന്റ് സ്വീകരിക്കുന്ന തന്ത്രപരമായ തീരുമാനങ്ങളുമായി എല്ലാ പങ്കാളികളും യോജിക്കുമ്പോൾ നിശ്ചിത സമയത്തിനുള്ളിൽ ഉദ്ദേശിച്ച ഫലങ്ങൾ കൈവരിക്കാനാകുമെന്നു വ്യക്തമാക്കി. ബജറ്റുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ വെബിനാറുകളിലൂടെ ലഭിച്ച നിർദേശങ്ങളിൽ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിച്ചു.

ഇന്ത്യയിലെ വിനോദസഞ്ചാരത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പുതുരീതികളെക്കുറിച്ചു ചിന്തിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിനോദസഞ്ചാര കേന്ദ്രം വികസിപ്പിക്കുന്നതിനു മുമ്പുള്ള മാനദണ്ഡങ്ങളിലേക്കു വെളിച്ചം വീശിയ പ്രധാനമന്ത്രി, സ്ഥലത്തിന്റെ സാധ്യതകൾ, ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര സുഗമമാക്കൽ, വിനോദസഞ്ചാരകേന്ദ്രം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ എന്നിവ പട്ടികപ്പെടുത്തി. ഈ മാനദണ്ഡങ്ങൾക്ക് ഊന്നൽ നൽകുന്നതു ഭാവിയിലേക്കുള്ള രൂപരേഖ തയ്യാറാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ വിനോദസഞ്ചാരത്തിന്റെ വ്യാപ്തി ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി തീരദേശ - കടലോര - കണ്ടൽ - ഹിമാലയൻ - സാഹസിക - വന്യജീവി - ഇക്കോ - പൈതൃക - ആത്മീയ - കായിക വിനോദസഞ്ചാരങ്ങളെക്കുറിച്ചും വിവാഹ കേന്ദ്രങ്ങളും സമ്മേളനങ്ങളും വഴിയുള്ള വിനോദസഞ്ചാരത്തെക്കുറിച്ചും എടുത്തുപറഞ്ഞു. രാമായണ സർക്യൂട്ട്, ബുദ്ധ സർക്യൂട്ട്, കൃഷ്ണ സർക്യൂട്ട്, വടക്കു കിഴക്കൻ സർക്യൂട്ട്, ഗാന്ധി സർക്യൂട്ട്, എല്ലാ സന്ന്യാസിമാരുടെയും തീർഥാടനങ്ങൾ എന്നിവയുടെ ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളിലെല്ലാം കൂട്ടായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. ലക്ഷ്യസ്ഥാനങ്ങളുടെ സമഗ്രവികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം, ഈ വർഷത്തെ ബജറ്റിൽ മത്സര മനോഭാവത്തിലൂടെയും വെല്ലുവിളികളിലൂടെയും രാജ്യത്തെ നിരവധി സ്ഥലങ്ങൾ ത‌ിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യത്യസ്ത പങ്കാളികളെ എങ്ങനെ ഉൾപ്പെടുത്താം എന്നതിനെക്കുറിച്ചു വിശദമായ ചർച്ച നടത്തണമെന്നു ശ്രീ മോദി ആവശ്യപ്പെട്ടു.

വിനോദസഞ്ചാരം എന്നതു രാജ്യത്തെ ഉയർന്ന വരുമാനമുള്ള വിഭാഗങ്ങളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്ന ഭാവനാപദമാണെന്ന മിഥ്യാധാരണ പ്രധാനമന്ത്രി തകർത്തു. നൂറ്റാണ്ടുകളായി യാത്രകൾ ഇന്ത്യയുടെ സാംസ്കാരിക - സാമൂഹ്യ ജീവിതത്തിന്റെ ഭാഗമാണെന്നും വിഭവങ്ങൾ ലഭ്യമല്ലാതിരുന്നപ്പോഴും ജനങ്ങൾ തീർഥാടനത്തിനു പോയിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചാർധാം യാത്ര, ദ്വാദശ് ജ്യോതിർലിംഗ യാത്ര, 51 ശക്തിപീഠ യാത്ര എന്നിവയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തുന്നതിനൊപ്പം നമ്മുടെ വിശ്വാസകേന്ദ്രങ്ങളെ ബന്ധിപ്പിക്കാനും ഇത് ഉപയോഗിക്കുന്നുവെന്നു പറഞ്ഞു. രാജ്യത്തെ പല വൻ നഗരങ്ങളുടേയും സമ്പദ്‌വ്യവസ്ഥ മുഴുവനും ഈ യാത്രകളെ ആശ്രയിച്ചാണെന്നു പറഞ്ഞ പ്രധാനമന്ത്രി, യാത്രകളുടെ പഴക്കമുള്ള പാരമ്പര്യമുണ്ടെങ്കിലും കാലത്തിനനുസൃതമായ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള വികസനത്തിന്റെ അഭാവത്തെക്കുറിച്ചു ചൂണ്ടി‌ക്കാട്ടി. നൂറുകണക്കിനു വർഷത്തെ അടിമത്തവും സ്വാതന്ത്ര്യാനന്തര ദശകങ്ങളിൽ ഈ സ്ഥലങ്ങളോടുള്ള രാഷ്ട്രീയ അവഗണനയുമാണു രാജ്യത്തിനു നാശനഷ്ടമുണ്ടാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്നത്തെ ഇന്ത്യ ഈ അവസ്ഥ മാറ്റുകയാണ്” - സൗകര്യങ്ങൾ വർധിക്കുന്നതു വിനോദസഞ്ചാരികൾക്കിടയിലെ ആകർഷണം വർധിപ്പിക്കുന്നതിനു കാരണമാകുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. വാരാണസിയിലെ കാശി വിശ്വനാഥ് ധാമിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ക്ഷേത്രം പുനർനിർമിക്കുന്നതിനു മുമ്പുള്ള ഒരു വർഷത്തിൽ ഏകദേശം 80 ലക്ഷം പേർ ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നും, എന്നാൽ നവീകരണത്തിനുശേഷം കഴിഞ്ഞ വർഷം വിനോദസഞ്ചാരികളുടെ എണ്ണം 7 കോടി കവിഞ്ഞുവെന്നും പറഞ്ഞു. കേദാർഘാട്ടിലെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതിനു മുമ്പ് 4-5 ലക്ഷം ഭക്തർ മാത്രം എത്തിയിരുന്ന സ്ഥാനത്ത്, അതിനുശേഷം 15 ലക്ഷം ഭക്തർ ബാബ കേദാർ കാണാൻ എത്തിയെന്നും അദ്ദേഹം  പറഞ്ഞു. അതുപോലെ ഗുജറാത്തിലെ പാവാഗഢിൽ, നവീകരണത്തിനു മുമ്പ് 4000 മുതൽ 5000 വരെ തീർഥാടകർ പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ 80,000 തീർഥാടകരാണ് കാളികാ മാതാ ദർശനത്തിന് എത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. സൗകര്യങ്ങളുടെ വർധന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ നേരിട്ടു സ്വാധീനം ചെലുത്തുന്നുവെന്നും വർധിച്ചുവരുന്ന എണ്ണം തൊഴിലിനും സ്വയംതൊഴിലിനുമുള്ള കൂടുതൽ അവസരങ്ങളെ അർഥമാക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ ഏകതാ പ്രതിമയുടെ കാര്യം പരാമർശിച്ച പ്രധാനമന്ത്രി, ഒരു വർഷത്തിനുള്ളിൽ 27 ലക്ഷം വിനോദ സഞ്ചാരികൾ ഇവിടം സന്ദർശിച്ചുവെന്നു വ്യക്തമാക്കി. വർധിച്ചുവരുന്ന നാഗരിക സൗകര്യങ്ങൾ, മികച്ച ഡിജിറ്റൽ സമ്പർക്കസൗകര്യം, നല്ല ഹോട്ടലുകളും ആശുപത്രികളും, മാലിന്യത്തിന്റെ അംശമില്ലാതെയുള്ള മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാൽ രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ പലമടങ്ങു വർധിപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി‌.

ഗുജറാത്തിലെ അഹമ്മദാബാദിലെ കാങ്കരിയ തടാക പദ്ധതിയെക്കുറിച്ചു പരാമർശിച്ച പ്രധാനമന്ത്രി, തടാകത്തിന്റെ പുനർവികസനത്തിനു പുറമെ ഭക്ഷണശാലകളിൽ ജോലി ചെയ്യുന്നവർക്കുള്ള നൈപുണ്യ വികസനവും നടത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ആധുനിക അടിസ്ഥാനസൗകര്യങ്ങൾക്കൊപ്പം ശുചിത്വത്തിനും ഊന്നൽ നൽകിയ അദ്ദേഹം, പ്രവേശന ഫീസ് ഉണ്ടായിരുന്നിട്ടും പ്രതിദിനം 10,000ത്തോളം പേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ടെന്ന് അറിയിച്ചു. “ഓരോ വിനോദസഞ്ചാര കേന്ദ്രത്തിനും അതിന്റേതായ വരുമാന മാതൃക വികസിപ്പിക്കാൻ കഴിയും” - പ്രധാനമന്ത്രി പറഞ്ഞു.

“നമ്മുടെ ഗ്രാമങ്ങൾ വിനോദസഞ്ചാരത്തിന്റെ കേന്ദ്രങ്ങളായി മാറുകയാണ്” - അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാൽ വിദൂര ഗ്രാമങ്ങൾ ഇപ്പോൾ വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങൾക്കായി കേന്ദ്ര ഗവണ്മെന്റ് ‘ഊർജസ്വല ഗ്രാമം പദ്ധതി’ ആരംഭിച്ചിട്ടുണ്ടെന്നും ഹോംസ്റ്റേകൾ, ചെറുകിട ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്ന‌ിവ പോലുള്ള സംരംഭങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുകയും ചെയ്തു.

ഇന്ത്യയിൽ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നതു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇന്ത്യയിലേക്കുള്ള താൽപ്പര്യം വർധിക്കുന്നതിനെക്കുറിച്ചു പറയുകയും കഴിഞ്ഞ വർഷം ജനുവരിയിലെ 2 ലക്ഷം വിദേശ വിനോദസഞ്ചാരികളെ അപേക്ഷിച്ച് ഈ വർഷം ജനുവരിയിൽ 8 ലക്ഷം വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിലേക്കു വന്നുവെന്നു വ്യക്തമാക്കുകയും ചെയ്തു. അത്തരം വിനോദസഞ്ചാരികളെ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയും പരമാവധി ചെലവഴ‌ിക്കാൻ ശേഷിയുള്ള അവരെ രാജ്യത്തേക്ക് ആകർഷിക്കാൻ പ്രത്യേക തന്ത്രം രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെത്തുന്ന വിദേശ വിനോദസഞ്ചാരികൾ ശരാശരി 1700 ഡോളറും അന്താരാഷ്ട്ര സഞ്ചാരികൾ അമേരിക്കയിൽ ശരാശരി 2500 ഡോളറും ഓസ്ട്രേലിയയിൽ ഏകദേശം 5000 ഡോളറും ചെലവഴിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “കൂടുതൽ ചെലവഴിക്കുന്ന വിനോദസഞ്ചാരികൾക്കായി ഇന്ത്യക്കും ധാരാളം കാര്യങ്ങൾ വാഗ്ദാനം ചെയ്യാനുണ്ട്” - അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ചിന്തയുമായി പൊരുത്തപ്പെടാൻ ഓരോ സംസ്ഥാനവും തങ്ങളുടെ വിനോദസഞ്ചാര നയം മാറ്റേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. മാസങ്ങളോളം രാജ്യത്തു തങ്ങുന്ന പക്ഷിനിരീക്ഷകരുടെ ഉദാഹരണം ചൂണ്ടി‌ക്കാട്ടിയ അദ്ദേഹം, അത്തരത്തിൽ സാധ്യതകളുള്ള വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള നയങ്ങൾക്കു രൂപംനൽകണമെന്നും പറഞ്ഞു.

വിനോദസഞ്ചാര മേഖലയുടെ അടിസ്ഥാന വെല്ലുവിളി ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ഇവിടെ പ്രൊഫഷണൽ ടൂറിസ്റ്റ് ഗൈഡുകളുടെ അഭാവം ചൂണ്ടിക്കാട്ടുകയും ഗൈഡുകൾക്കായി പ്രാദേശിക കോളേജുകളിൽ സർട്ടിഫിക്കറ്റ് കോഴ്സുകളുടെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുകയും ചെയ്തു. ഒരു പ്രത്യേക വിനോദസഞ്ചാര കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഗൈഡുകൾക്കു പ്രത്യേക വസ്ത്രമോ യൂണിഫോമോ ഉണ്ടായിരിക്കണം. അതിലൂടെ വിനോദസഞ്ചാരികൾക്ക് അവരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരികളുടെ മനസു നിറയെ ചോദ്യങ്ങളാണെന്നും ആ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്താൻ ഗൈഡുകൾക്ക് അവരെ സഹായിക്കാനാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വടക്കുകിഴക്കൻ മേഖലകളിലേക്കുള്ള സ്കൂൾ, കോളേജ് യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിനു കൂടുതൽ പേരെ ബോധവാന്മാരാക്കാനും വിനോദസഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളും മറ്റു സൗകര്യങ്ങളും വികസിപ്പിക്കുന്നതിനും പ്രധാനമന്ത്രി ഊന്നൽ നൽകി. കായിക വിനോദസഞ്ചാരകേന്ദ്രങ്ങൾക്കൊപ്പം വിവാഹ വിനോദസഞ്ചാരകേന്ദ്രങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹം ഊന്നൽ നൽകി. ലോകമെമ്പാടുമുള്ള ഓരോ വിനോദസഞ്ചാരിയും ഇന്ത്യയിലേക്കുള്ള യാത്രയിൽ തീർച്ചയായും സന്ദർശിക്കേണ്ട 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കണമെന്നു പ്രധാനമന്ത്രി നിർദേശിച്ചു. ഐക്യരാഷ്ട്രസഭയുടെ പട്ടി‌കയിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ഭാഷകളിലും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കായി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.

പ്രസംഗം ഉപസംഹരിക്കവേ, വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളിലും ഈ വെബിനാർ ഗൗരവമായി ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മികച്ച പ്രതിവിധികൾ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. “കൃഷി, റിയൽ എസ്റ്റേറ്റ് വികസനം, അടിസ്ഥാന സൗകര്യങ്ങൾ, തുണിവ്യവസായം എന്നിവയുടെ അതേ സാധ്യതകൾ വി‌നോദസഞ്ചാരത്തിനും രാജ്യത്തുണ്ട്” - പ്രധാനമന്ത്രി ഉപസംഹരിച്ചു.

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...

Prime Minister Shri Narendra Modi paid homage today to Mahatma Gandhi at his statue in the historic Promenade Gardens in Georgetown, Guyana. He recalled Bapu’s eternal values of peace and non-violence which continue to guide humanity. The statue was installed in commemoration of Gandhiji’s 100th birth anniversary in 1969.

Prime Minister also paid floral tribute at the Arya Samaj monument located close by. This monument was unveiled in 2011 in commemoration of 100 years of the Arya Samaj movement in Guyana.