പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ജർമനിയിലെ സ്റ്റുട്ട്ഗാട്ടിൽ നടന്ന ന്യൂസ് 9 ആഗോള ഉച്ചകോടിയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്തു. ഉച്ചകോടി ഇന്ത്യ-ജർമൻ പങ്കാളിത്തത്തിന്റെ പുതിയ അധ്യായത്തിന്റെ കൂട്ടിച്ചേർക്കലാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “വിവരങ്ങൾ നിറഞ്ഞുനിൽക്കുന്ന ഇന്നിന്റെ യുഗത്തിൽ ജർമനിയുമായും ജർമൻ ജനതയുമായും ബന്ധപ്പെടാൻ ഇന്ത്യയിൽ നിന്നുള്ള മാധ്യമസംഘം ശ്രമിക്കുന്നതിൽ സന്തോഷമുണ്ട്. ജർമനിയെയും ജർമനിയിലെ ജനങ്ങളെയും മനസ്സിലാക്കാൻ ഇത് ഇന്ത്യയിലെ ജനങ്ങൾക്കു വേദിയൊരുക്കും” - പ്രധാനമന്ത്രി പറഞ്ഞു.
ജർമനിയിലെ എഫ്എയു സ്റ്റുട്ട്ഗാട്ടും ബാഡൻ വ്യൂർതെംബേർഗുമായി സഹകരിച്ച് ഇന്ത്യയുടെ ടിവി 9 ആണ് ഉച്ചകോടി സംഘടിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയും ജർമനിയും തമ്മിലുള്ള ഉത്തരവാദിത്വ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്ന, “ഇന്ത്യ-ജർമനി: സുസ്ഥിര വളർച്ചയ്ക്കുള്ള മാർഗരേഖ” എന്നതാണ് ഉച്ചകോടിയുടെ പ്രമേയം - പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ വ്യാപ്തി ഉയർത്തിക്കാട്ടി, കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പങ്കെടുത്തവർ സാമ്പത്തിക വിഷയങ്ങളിലും കായികവിനോദങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഫലപ്രദമായ ചർച്ചകളിൽ വ്യാപൃതരായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജർമനി ഇന്ത്യയുടെ പ്രധാന പങ്കാളികളിൽ ഒന്നായതിനാൽ, ഭൗമരാഷ്ട്രീയ ബന്ധങ്ങൾ, വ്യാപാരം, നിക്ഷേപം എന്നിവയുടെ കാര്യത്തിൽ ഇന്ത്യയോടുള്ള യൂറോപ്പിന്റെ തന്ത്രപരമായ പ്രാധാന്യത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊന്നൽ നൽകി. ഇന്ത്യ-ജർമനി തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ 25-ാം വാർഷികം അടയാളപ്പെടുത്തുന്നത് 2024നെ ചരിത്ര വർഷമാക്കി മാറ്റുന്നു. ചാൻസലർ ഷോൾസിന്റെ മൂന്നാമത്തെ ഇന്ത്യാ സന്ദർശനവും 12 വർഷത്തിന് ശേഷം ഡൽഹിയിൽ നടന്ന ജർമൻ വ്യവസായങ്ങളുടെ ഏഷ്യ-പസഫിക് സമ്മേളനവും ഉൾപ്പെടെയുള്ള ശ്രദ്ധേയമായ സംഭവങ്ങൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഫോക്കസ് ഓൺ ഇന്ത്യ” രേഖയും നിർദിഷ്ട രാജ്യത്തിനായുള്ള ആദ്യരേഖയായ “ഇന്ത്യക്കായുള്ള നൈപുണ്യമുള്ള തൊഴിൽ തന്ത്ര”വും പുറത്തിറക്കി ജർമനി ഉഭയകക്ഷിബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യ-ജർമനി തന്ത്രപ്രധാന പങ്കാളിത്തം 25 വർഷമായി നിലനിൽക്കുമ്പോഴും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒരു ജർമൻകാരനാണ് യൂറോപ്പിലെ ആദ്യത്തെ സംസ്കൃത വ്യാകരണ പുസ്തകങ്ങൾ തയ്യാറാക്കിയത്. ജർമൻ വ്യാപാരികൾ തമിഴ്-തെലുങ്ക് അച്ചടി യൂറോപ്പിനു പരിചയപ്പെടുത്തി. “ഇന്ന് ഏകദേശം മൂന്നുലക്ഷം ഇന്ത്യക്കാർ ജർമനിയിൽ താമസിക്കുന്നു. 50,000 ഇന്ത്യൻ വിദ്യാർഥികൾ അവിടെ പഠിക്കുന്നു. ഇന്ത്യയിൽ, കഴിഞ്ഞ 3-4 വർഷത്തിനിടെ 1800-ലധികം ജർമൻ കമ്പനികൾ 15 ശതകോടി ഡോളർ നിക്ഷേപിച്ചു” - പ്രധാനമന്ത്രി പറഞ്ഞു. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷിവ്യാപാരം ഏകദേശം 34 ശതകോടി ഡോളറാണ്. പങ്കാളിത്തത്തിനു കരുത്തേകുന്നതിനാൽ ഈ വ്യാപാരം വരുംവർഷങ്ങളിലും അഭിവൃദ്ധി പ്രാപിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ വളർച്ചയിൽ പങ്കാളിയാകാൻ ലോകത്തിനു താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജർമനിയുടെ “ഫോക്കസ് ഓൺ ഇന്ത്യ” രേഖ, ഇന്ത്യയുടെ തന്ത്രപരമായ പ്രാധാന്യം ലോകം തിരിച്ചറിയുന്നതിന്റെ പ്രതിഫലനമാണ്. മെച്ചപ്പെട്ട വ്യവസായ സാഹചര്യങ്ങൾ, ഉദ്യോഗസ്ഥ ഇടപെടൽ കുറഞ്ഞത്, മേഖലകളിലുടനീളമുള്ള നയങ്ങളുടെ നവീകരണം തുടങ്ങി കഴിഞ്ഞ ദശാബ്ദക്കാലത്തെ ഇന്ത്യയുടെ പരിഷ്കാരങ്ങളാണ് ഈ മാറ്റത്തിനു കാരണമായത്. ജിഎസ്‌ടിയിലൂടെ നികുതി സമ്പ്രദായം ലഘൂകരിക്കൽ, 30,000-ലധികം നിബന്ധനകൾ ഇല്ലാതാക്കൽ, ബാങ്കിങ് മേഖല സുസ്ഥിരമാക്കൽ എന്നിവയും പ്രധാന പരിഷ്കാരങ്ങളിൽ ഉൾപ്പെടുന്നു - പ്രധാനമന്ത്രി വിശദീകരിച്ചു. ഈ ശ്രമങ്ങൾ ഇന്ത്യയുടെ ഭാവി വികസനത്തിനു കരുത്തുറ്റ അടിത്തറ പാകിയെന്നും ഈ യാത്രയിൽ ജർമനി പ്രധാന പങ്കാളിയായി തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നിർമാണത്തിലും എൻജിനിയറിങ്ങിലും ജർമനിയുടെ സ്വന്തം വികസനത്തിനു സമാന്തരമായി, പ്രധാന ആഗോള ഉൽപ്പാദന കേന്ദ്രമായി മാറുന്നതിനുള്ള ഇന്ത്യയുടെ പുരോഗതി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “മെയ്ക്ക് ഇൻ ഇന്ത്യ” സംരംഭത്തിനു കീഴിൽ, നിർമാതാക്കൾക്ക് ഉൽപ്പാദനബന്ധിത ആനുകൂല്യങ്ങൾ രാജ്യം വാഗ്ദാനം ചെയ്യുന്നു. മൊബൈൽ ഫോൺ, ഇലക്ട്രോണിക്സ് ഉൽപ്പാദനത്തിൽ മുൻനിര രാജ്യമായും ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമാതാക്കളായും ഉരുക്ക്, സിമന്റ് എന്നിവയുടെ രണ്ടാമത്തെ വലിയ ഉൽപ്പാദകരായും ഇന്ത്യ ഗണ്യമായ മുന്നേറ്റം നടത്തി. ആഗോള ഉൽപ്പാദനത്തിൽ ഇന്ത്യയുടെ വർധിക്കുന്ന പ്രാധാന്യമാണ് ഈ പരിവർത്തനം അടയാളപ്പെടുത്തുന്നത്.
നാലുചക്ര വാഹനങ്ങളുടെ നാലാമത്തെ വലിയ നിർമാതാക്കളാണ് ഇന്ത്യയെന്നും രാജ്യത്തെ സെമികണ്ടക്ടർ വ്യവസായം ആഗോള വിജയത്തിനു തയ്യാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ലോജിസ്റ്റിക്സ് ചെലവു കുറയ്ക്കൽ, വ്യാവസായിക പ്രവർത്തനങ്ങൾ ലഘൂകരിക്കൽ, സുസ്ഥിരഭരണം ഉറപ്പാക്കൽ എന്നിവ ലക്ഷ്യമിട്ടുള്ള സമീപകാല ഗവണ്മെന്റ് നയങ്ങളാണ് ഈ പുരോഗതിക്കു കാരണം. നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ ശ്രദ്ധേയമായ ആഗോളസ്വാധീനം ചെലുത്തി, ഭൗതിക-സാമൂഹ്യ-ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളിൽ ഇന്ത്യ അതിവേഗം മുന്നേറുകയാണ്. ലോകത്തിലെ ഏറ്റവും സവിശേഷമായ ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങൾ ഇന്ത്യയിലാണെന്നതിൽ രാജ്യം അഭിമാനിക്കുന്നു.
ഇന്ത്യയിൽ ഇതിനകം സ്ഥാപിക്കപ്പെട്ട ജർമൻ കമ്പനികളെ നിക്ഷേപം വർധിപ്പിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രോത്സാഹിപ്പിക്കുകയും ഇതുവരെ എത്തിച്ചേരാത്തവരെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നത് പരിഗണിക്കാൻ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയുടെ വളർച്ചയ്‌ക്കൊപ്പം ചേരാനുള്ള ശരിയായ സമയമാണിതെന്നു പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയുടെ ചലനാത്മകതയും ജർമനിയുടെ കൃത്യതയും എൻജിനിയറിങ്ങും നൂതനത്വവും തമ്മിലുള്ള പങ്കാളിത്തത്തിന് ആഹ്വാനം ചെയ്തു. പൗരാണിക നാഗരികത എന്ന നിലയിൽ ഇന്ത്യ എല്ലായ്‌പ്പോഴും ആഗോള പങ്കാളിത്തത്തെ എങ്ങനെ സ്വാഗതം ചെയ്യുന്നുവെന്നു വ്യക്തമാക്കി, ലോകത്തിന്റെ സമൃദ്ധമായ ഭാവി കെട്ടിപ്പടുക്കുന്നതിൽ പങ്കുചേരാൻ ഏവരേയും ക്ഷണിച്ചാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉപസംഹരിച്ചത്.