പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മഹാരാഷ്ട്ര ഗവണ്മെന്റിന്റെ റോസ്ഗർ മേളയെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ധന്തേരസിൽ കേന്ദ്ര തലത്തിൽ റോസ്ഗർ മേള എന്ന ആശയം പ്രധാനമന്ത്രി ആരംഭിച്ചു. കേന്ദ്ര ഗവണ്മെന്റ് തലത്തിൽ 10 ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന പ്രചാരണത്തിന്റെ തുടക്കമായിരുന്നു ഇത്. അതിനുശേഷം പ്രധാനമന്ത്രി ഗുജറാത്തിലെയും ജമ്മു കാശ്മീരിലെയും തൊഴിൽ മേളകളെ അഭിസംബോധന ചെയ്തു. യുവാക്കൾക്ക് തൊഴിൽ നൽകാനുള്ള ശക്തമായ ദൃഢനിശ്ചയത്തോടെയാണ് മഹാരാഷ്ട്ര ഗവണ്മെന്റ് നീങ്ങുന്നതെന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ റോസ്ഗർ മേള സംഘടിപ്പിച്ചതിൽ നിന്ന് വ്യക്തമാണ്. വരും കാലങ്ങളിൽ ഇത്തരം തൊഴിൽ മേളകൾ മഹാരാഷ്ട്രയിൽ കൂടുതൽ വിപുലീകരിക്കപ്പെടുമെന്നതിൽ എനിക്ക് സന്തോഷമുണ്ട്,” ശ്രീ മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പിലും സംസ്ഥാനത്തെ ഗ്രാമവികസന വകുപ്പിലുമായി ആയിരക്കണക്കിന് നിയമനങ്ങളുണ്ടാകും.
യുവാക്കൾ പ്രധാന പങ്കുവഹിക്കുന്ന വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലാണ് അമൃത് കാലത്തു് രാജ്യം പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. മാറുന്ന കാലത്ത് തൊഴിലുകളുടെ സ്വഭാവം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും വിവിധ തരത്തിലുള്ള ജോലികൾക്കുള്ള അവസരങ്ങൾ ഗവണ്മെന്റ് നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുദ്രാ പദ്ധതി യുവാക്കൾക്ക് ഈട് രഹിത വായ്പകൾ നൽകുന്നുണ്ടെന്നും 20 ലക്ഷം കോടി രൂപയുടെ വായ്പകൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, സ്റ്റാർട്ടപ്പുകളും എം എസ എം ഇ മേഖലയും വലിയ രീതിയിൽ പിന്തുണയ്ക്കുന്നു.
ദലിത്-പിന്നാക്ക, ആദിവാസി, പൊതുവിഭാഗം, സ്ത്രീകൾ എന്നിവർക്ക് തൊഴിലിനും സ്വയം തൊഴിലിനുമുള്ള ഈ അവസരങ്ങൾ ഒരുപോലെ ലഭ്യമാകുന്നു എന്നതാണ് ഗവണ്മെന്റിന്റെ ശ്രമങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. സ്വയം സഹായ സംഘങ്ങളുമായി ബന്ധപ്പെട്ട 8 കോടി സ്ത്രീകൾക്ക് 5 ലക്ഷം കോടി രൂപയുടെ സഹായം പ്രധാനമന്ത്രി പരാമർശിച്ചു.
"ഇന്ന്, രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യങ്ങളിലും വിവരസാങ്കേതികവിദ്യയിലും മറ്റ് മേഖലകളിലും സർക്കാർ നടത്തുന്ന റെക്കോർഡ് നിക്ഷേപങ്ങൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്" എന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയെ പരാമർശിച്ച്, സംസ്ഥാനത്തിനായി 2 ലക്ഷം കോടിയിലധികം വരുന്ന 225 പദ്ധതികൾക്ക് കേന്ദ്ര ഗവണ്മെന്റ് അംഗീകാരം നൽകിയതായി പ്രധാനമന്ത്രി അറിയിച്ചു. 75,000 കോടി രൂപയുടെ റെയിൽവേ പദ്ധതികൾക്കും 50 കോടി രൂപയുടെ ആധുനിക റോഡുകൾക്കും അംഗീകാരം ലഭിച്ചു. ഈ പദ്ധതികളുടെ പ്രവർത്തനങ്ങൾ ഒന്നുകിൽ പുരോഗമിക്കുകയാണ് അല്ലെങ്കിൽ ഉടൻ തന്നെ പ്രവൃത്തി ആരംഭിക്കാൻ പോകുകയാണ്," അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിനായി ഗവണ്മെന്റ് ഇത്രയും വലിയ തുക ചെലവഴിക്കുമ്പോൾ ദശലക്ഷക്കണക്കിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുവെന്ന് പ്രധാനമന്ത്രി ഉപസംഹരിച്ചു.