ബഹുമാനപ്പെട്ട സ്പീക്കർ,
വൈസ് പ്രസിഡന്റ്,
യുഎസ് കോൺഗ്രസിലെ വിശിഷ്ടാംഗങ്ങളേ,
മഹതികളേ, മഹാന്മാരേ,
നമസ്കാരം!
യുണൈറ്റഡ് സ്റ്റേറ്റ്‌സ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുകയെന്നത് എല്ലായ്പോഴും വലിയ ബഹുമതിയാണ്. രണ്ടുതവണ അങ്ങനെ ചെയ്യാന്‍ സാധിക്കുന്നത് സവിശേഷമായ ഭാഗ്യമാണ്. ഈ അവസരത്തിനും ബഹുമതിക്കും ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്ക് വേണ്ടി എന്റെ അഗാധമായ നന്ദി രേഖപ്പെടുത്തുകയാണ്. നിങ്ങള്‍ സെനറ്റര്‍മാരില്‍ പകുതിയോളം പേരും 2016-ല്‍ ഇവിടെ ഉണ്ടായിരുന്നു. പഴയ സുഹൃത്തുക്കളെന്ന നിലയില്‍ നിങ്ങളുടെ സ്‌നേഹോഷ്മളത എനിക്ക് അനുഭവപ്പെടുന്നു. പുതിയൊരു സൗഹൃദത്തിന്റെ ആവേശമാണ് പുതിയ വിഭാഗത്തിലുള്‍പ്പെടുന്ന മറുപകുതിയില്‍ എനിക്ക് കാണാന്‍ കഴിയുന്നത്. 2016-ല്‍ ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ കണ്ടുമുട്ടിയ സെനറ്റര്‍ ഹാരി റീഡ്, സെനറ്റര്‍ ജോണ്‍ മക്കെയ്ന്‍, സെനറ്റര്‍ ഓറിന്‍ ഹാച്ച്, ഏലിയ കമ്മിങ്സ്, ആല്‍സി ഹേസ്റ്റിങ്സ് എന്നിവര്‍ ഇപ്പോള്‍ നമുക്കൊപ്പമില്ലെന്നത് ദുഃഖകരമാണ്.
ബഹുമാനപ്പെട്ട സ്പീക്കര്‍,
ഏഴ് ജൂണുകൾക്ക് മുമ്പ്, ഹാമിൽട്ടൺ എല്ലാ അവാർഡുകളും നേടിയ ജൂണിൽ, ചരിത്രത്തിന്റെ നിസംഗത നമുക്കു പിന്നിലുണ്ടെന്ന് ഞാൻ പറഞ്ഞു. ഇപ്പോള്‍, നമ്മുടെ യുഗം ഒരു വഴിത്തിരിവിലാണ്. ഈ നൂറ്റാണ്ടിലേക്കുള്ള നമ്മുടെ ആഹ്വാനത്തെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ഇവിടെയുണ്ട്. ഇന്ത്യയും അമേരിക്കയും സഞ്ചരിച്ച ദീര്‍ഘവും പ്രതിസന്ധികള്‍ നിറഞ്ഞതുമായ പാതയില്‍ സൗഹൃദത്തിന്റെ പരീക്ഷണം നേരിട്ടു. ഏഴ് വേനൽക്കാലങ്ങൾക്കു മുന്‍പ് ഞാന്‍ ഇവിടെ വന്ന് മടങ്ങിയ ശേഷം ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം ആഴത്തിലാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധത പോലെ പലതും അതേപടി നിലനില്‍ക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, എഐ- നിർമിത ബുദ്ധിയിൽ നിരവധി പുരോഗതികള്‍ ഉണ്ടായിട്ടുണ്ട്. അതേ സമയം, മറ്റൊരു എഐ (അമേരിക്ക - ഇന്ത്യ) ബന്ധത്തില്‍ ഇതിലും വലിയ സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ബഹുമാനപ്പെട്ട സ്പീക്കര്‍, മറ്റ് വിശിഷ്ട അംഗങ്ങളേ
ജനാധിപത്യത്തിന്റെ സൗന്ദര്യം എന്തെന്നാല്‍ ജനങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കം, അവര്‍ പറയുന്നത് കേള്‍ക്കുക, അവരുടെ സ്പന്ദനം നേരിട്ട് അനുഭവിക്കുക എന്നിവയിലാണ്. ഇതിന് വളരെയധികം സമയവും ഊര്‍ജവും പരിശ്രമവും യാത്രയും ആവശ്യമാണെന്നത് സ്വന്തം അനുഭവത്തില്‍ നിന്ന് എനിക്ക് അറിയാം. നിങ്ങളില്‍ പലര്‍ക്കും ഇവിടേക്കെത്താന്‍ നീണ്ട യാത്രതന്നെ വേണ്ടിവന്നിരിക്കും, അതുകൊണ്ട് തന്നെ നിങ്ങളുടെ സമയത്തിന് ഞാന്‍ നന്ദിയുള്ളവനാണ്. ഈ കഴിഞ്ഞ മാസം നിങ്ങള്‍ എത്ര തിരക്കിലായിരുന്നു എന്നും എനിക്കറിയാം.
ഊർജസ്വലമായ ജനാധിപത്യത്തെ പ്രതിനിധാനം ചെയ്യുന്ന പൗരന്‍ എന്ന നിലയില്‍, എനിക്ക് ഒരു കാര്യം മനസ്സിലാക്കാന്‍ കഴിയും, സ്പീക്കര്‍ - നിങ്ങളുടേത് കഠിനമായ ജോലിയാണ്! അഭിനിവേശത്തിന്റെയും അനുനയത്തിന്റെയും നയത്തിന്റെയും പോരാട്ടങ്ങളും എനിക്ക് മനസിലാക്കാന്‍ കഴിയും. ആശയങ്ങളുടെയും പ്രത്യയശാസ്ത്രത്തിന്റെയും സംവാദം എനിക്ക് മനസ്സിലാകും. എന്നാല്‍ ലോകത്തിലെ രണ്ട് മഹത്തായ ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ആഘോഷിക്കാന്‍ നിങ്ങള്‍ ഇന്ന് ഒത്തുചേരുന്നത് കാണുന്നതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്. ശക്തമായ പരസ്പര യോജിപ്പ് ആവശ്യമുള്ളപ്പോഴെല്ലാം നിങ്ങള്‍ക്ക് കക്ഷിഭേദമെന്യേ അതില്‍ ഉൾപ്പെടാന്‍ കഴിയുന്നുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. കുടുംബത്തില്‍ ആശയങ്ങളുടെ ഒരു മത്സരം ഉണ്ടാകും - ഉണ്ടാകണം. പക്ഷേ, നമ്മുടെ രാജ്യത്തിന് വേണ്ടി സംസാരിക്കുമ്പോള്‍ എല്ലാവരും ഒന്നായി നില്‍ക്കണം. നിങ്ങള്‍ക്ക് അതിന് കഴിയുമെന്ന് നിങ്ങള്‍ കാണിച്ചുതന്നിരിക്കുന്നു, അതിന് നിങ്ങള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍!
ബഹുമാനപ്പെട്ട സ്പീക്കര്‍,
അമേരിക്കയുടെ അടിത്തറ തന്നെ തുല്യത അനുഭവിക്കുന്ന ജനങ്ങളുടെ രാഷ്ട്രമെന്ന കാഴ്ചപ്പാടില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. നിങ്ങളുടെ മഹത്തായ ചരിത്രത്തിലുടനീളം, ലോകമെമ്പാടുമുള്ള ജനങ്ങളെ നിങ്ങള്‍ ആശ്ലേഷിച്ചിട്ടുണ്ട്. ഒപ്പം, നിങ്ങള്‍ അവരെ അമേരിക്കയുടെ സ്വപ്നത്തില്‍ തുല്യ പങ്കാളികളാക്കി ചേര്‍ത്തു നിര്‍ത്തി. ഇന്ത്യയില്‍ വേരുകളുള്ള ദശലക്ഷക്കണക്കിനുപേർ ഇവിടെയുണ്ട്. അവരില്‍ ചിലര്‍ ഈ കോണ്‍ഗ്രസില്‍ അഭിമാനത്തോടെ ഇരിക്കുന്നു. എന്റെ പിന്നിലുണ്ട്, ചരിത്രം സൃഷ്ടിച്ച ഒരാള്‍! സമൂസ കോക്കസാണ് (ഇന്ത്യയില്‍ വേരുകളുള്ള അമേരിക്കന്‍ രാഷ്ട്രീയക്കാരെ പൊതുവായി വിളിക്കുന്നത് സമൂസ കോക്കസ് എന്നാണ്) ഇപ്പോള്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ രുചിയെന്നാണ് എന്നോട് പറയുന്നത്. ഇത് വളര്‍ന്ന് ഇന്ത്യന്‍ വിഭവങ്ങളുടെ പൂർണമായ വൈവിധ്യം ഇവിടെ കൊണ്ടുവരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. രണ്ടു നൂറ്റാണ്ടായി, അമേരിക്കക്കാരുടെയും ഇന്ത്യക്കാരുടെയും ജീവിതത്തിലൂടെ ഞങ്ങള്‍ പരസ്പരം പ്രചോദിപ്പിച്ചിട്ടുണ്ട്. മഹാത്മാഗാന്ധിക്കും മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിനും ഞങ്ങള്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. സ്വാതന്ത്ര്യത്തിനും സമത്വത്തിനും നീതിക്കും വേണ്ടി പ്രവര്‍ത്തിച്ച പലരെയും ഞങ്ങള്‍ ഓര്‍ക്കുന്നു. ഇന്ന്, അവരില്‍ ഒരാളായ കോൺഗ്രസ് അംഗം ജോണ്‍ ലൂയിസിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ബഹുമാനപ്പെട്ട സ്പീക്കര്‍,
ഇന്ത്യയും അമേരിക്കയും പങ്കിടുന്ന പല കാര്യങ്ങളില്‍ ജനാധിപത്യം പവിത്രമായ മൂല്യങ്ങളില്‍ ഒന്നാണ്. ഇത് വളരെക്കാലമായി പരിണമിക്കുന്നു. വിവിധ രൂപങ്ങളും സംവിധാനങ്ങളും സ്വീകരിച്ചു. എന്നിരുന്നാലും, ചരിത്രത്തിലുടനീളം സമത്വത്തെയും അന്തസ്സിനെയും പിന്തുണയ്ക്കുന്ന ആത്മാവാണ് ജനാധിപത്യം എന്ന കാര്യം വളരെ വ്യക്തമാണ്.
സംവാദങ്ങളെയും വ്യവഹാരങ്ങളെയും സ്വാഗതം ചെയ്യുന്ന ആശയമാണ് ജനാധിപത്യം. ചിന്തയ്ക്കും ആവിഷ്‌കാരത്തിനും ചിറകു നല്‍കുന്ന സംസ്‌കാരം കൂടിയാണ്. ചരിത്രാതീത കാലം മുതലേ അത്തരം മൂല്യങ്ങള്‍ ഉണ്ടെന്നതിനാല്‍ ഇന്ത്യ അനുഗൃഹീതമാണ്. ജനാധിപത്യ മനോഭാവത്തിന്റെ പരിണാമത്തിൽ ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. സഹസ്രാബ്ദങ്ങൾക്കുമുന്‍പ് നമ്മുടെ പുരാതന ഗ്രന്ഥങ്ങള്‍ പറഞ്ഞു: 'ഏകം സത് വിപ്രാ ബഹുധാ വദന്തി'. അതിന്റെ അര്‍ത്ഥം - സത്യം ഒന്നാണ്, എന്നാല്‍ ജ്ഞാനികള്‍ അത് വ്യത്യസ്ത രീതികളില്‍ പ്രകടിപ്പിക്കുന്നു എന്നതാണ്. ഇപ്പോള്‍, അമേരിക്ക ഏറ്റവും പഴക്കമേറിയതും ഇന്ത്യ ഏറ്റവും വലുതുമായ ജനാധിപത്യമാണ്. ഇരു രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം ജനാധിപത്യത്തിന്റെ ഭാവിക്ക് ശുഭപ്രതീക്ഷ നല്‍കുന്നു. നാം ഒരുമിച്ച് ലോകത്തിന് ഒരു നല്ല ഭാവിയും അതോടൊപ്പം ഭാവിക്കായി ഒരു മികച്ച ലോകവും സമ്മാനിക്കും.
ബഹുമാനപ്പെട്ട സ്പീക്കര്‍,
കഴിഞ്ഞ വര്‍ഷം ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിച്ചു. ഓരോ നാഴികക്കല്ലും പ്രധാനമാണെങ്കിലും ഇത് സവിശേഷമായിരുന്നു. ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആയിരം വര്‍ഷത്തെ വിദേശ ഭരണത്തിന് ശേഷം 75 വര്‍ഷത്തെ സ്വാതന്ത്ര്യത്തിന്റെ യാത്ര ഞങ്ങള്‍ ആഘോഷിച്ചു. ഇത് കേവലം ജനാധിപത്യത്തിന്റെ ആഘോഷമായിരുന്നില്ല, വൈവിധ്യങ്ങളുടെ കൂടി ആഘോഷമായിരുന്നു. ഭരണഘടന മാത്രമല്ല, സാമൂഹിക ശാക്തീകരണത്തിന്റെ ആത്മാവും. നമ്മുടെ മത്സരപരവും സഹകരണപരവുമായ ഫെഡറലിസത്തിന്റെ മാത്രമല്ല, നമ്മുടെ അനിവാര്യമായ ഐക്യത്തിന്റെയും സമഗ്രതയുടെയും കാര്യം കൂടിയാണ്.
രണ്ടായിരത്തി അഞ്ഞൂറിലധികം രാഷ്ട്രീയ കക്ഷികള്‍ ഇന്ത്യയിലുണ്ട്. ഇരുപതോളം വ്യത്യസ്ത പാര്‍ട്ടികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഭരിക്കുന്നു. ഞങ്ങള്‍ക്ക് ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളും ആയിരക്കണക്കിന് ഭാഷകളും ഉണ്ട്. എന്നിട്ടും ഞങ്ങള്‍ ഒരേ സ്വരത്തില്‍ സംസാരിക്കുന്നു. ഓരോ നൂറു മൈലുകള്‍ കൂടുമ്പോഴും ഞങ്ങളുടെ ഭക്ഷണരീതികള്‍ മാറുന്നു; ദോശ മുതല്‍ ആലു പറാത്ത വരെയും ശ്രീഖണ്ഡില്‍ നിന്ന് സന്ദേശ് വരെയും. ഇവയെല്ലാം ഞങ്ങള്‍ ആസ്വദിക്കുന്നു. ലോകത്തിലെ എല്ലാ വിശ്വാസങ്ങളുടെയും ഭവനമാണ് ഇന്ത്യ; അവയെല്ലാം ഞങ്ങള്‍ ആഘോഷിക്കുന്നു. ഇന്ത്യയില്‍, വൈവിധ്യം സ്വാഭാവിക ജീവിതരീതിയാണ്.
ഇന്ന് ലോകം ഇന്ത്യയെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു. ആ കൗതുകം ഈ സഭയിലും കാണുന്നു. കഴിഞ്ഞ ദശാബ്ദത്തിനിടെ ഇന്ത്യയില്‍ യു.എസ്. കോണ്‍ഗ്രസിലെ നൂറിലധികം അംഗങ്ങളെ സ്വീകരിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇന്ത്യയുടെ വികസനവും ജനാധിപത്യവും വൈവിധ്യവും മനസ്സിലാക്കാന്‍ എല്ലാവരും ആഗ്രഹിക്കുന്നു. ഇന്ത്യ എന്താണ് ശരിയായി ചെയ്യുന്നതെന്നും എങ്ങനെയാണെന്നും അറിയാന്‍ എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ട്. അടുത്ത സുഹൃത്തുക്കള്‍ക്കിടയില്‍, ഇത് പങ്കിടുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
ബഹുമാനപ്പെട്ട സ്പീക്കര്‍,
പ്രധാനമന്ത്രിയെന്ന നിലയില്‍ ഞാന്‍ ആദ്യമായി അമേരിക്കയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു. ഇന്ന് ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തി നില്‍ക്കുന്നു. അധികം വൈകാതെ തന്നെ ഇന്ത്യ ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനത്ത് എത്തും. ഞങ്ങള്‍ വളരുന്നുവെന്നത് മാത്രമല്ല, ഞങ്ങള്‍ വേഗത്തില്‍ വളരുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്ത്യ വളരുമ്പോള്‍ ലോകവും ഒപ്പം വളരുന്നു. ലോക ജനസംഖ്യയുടെ ആറിലൊന്ന് ഞങ്ങളാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയെടുത്തപ്പോള്‍ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മറ്റ് പല രാജ്യങ്ങളും കോളനിവാഴ്ചയിൽനിന്ന് സ്വാതന്ത്ര്യം നേടി. ഇപ്പോൾ, ഈ നൂറ്റാണ്ടില്‍ ഇന്ത്യ വളര്‍ച്ചയുടെ പുതിയ അളവുകോലുകള്‍ തീര്‍ക്കുമ്പോള്‍ മറ്റ് രാജ്യങ്ങളും അത് മാതൃകയാക്കുന്നു. ഞങ്ങളുടെ കാഴ്ചപ്പാട് ഏവർക്കുമൊപ്പം, ഏവരുടെയും വികസനം, ഏവരുടെയും വിശ്വാസം, കൂട്ടായ പരിശ്രമം എന്നതാണ്.
ഈ കാഴ്ചപ്പാടിനെ എപ്രകാരമാണ് വേഗതയിലും തോതിലും പ്രവൃത്തിയിലേക്ക് എത്തിക്കുന്നതെന്ന കാര്യം നിങ്ങളുമായി ഞാന്‍ പങ്കിടാം. അടിസ്ഥാന സൗകര്യ വികസനത്തിലാണ് ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 150 ദശലക്ഷത്തിലധികം പേർക്ക് അഭയം നല്‍കുന്നതിനായി ഞങ്ങള്‍ നാല്‍പ്പത് ദശലക്ഷം വീടുകള്‍ നല്‍കി. അത് ഓസ്ട്രേലിയയിലെ ജനസംഖ്യയുടെ ആറിരട്ടിയാണ്! അഞ്ഞൂറ് ദശലക്ഷം പേർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ഒരു ദേശീയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഞങ്ങള്‍ നടത്തുന്നു. ആ സംഖ്യ തെക്കേ അമേരിക്കയിലെ ജനസംഖ്യയേക്കാള്‍ കൂടുതലാണ്! ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉൾച്ചേർക്കൽ പരിപാടിയിലൂടെ ഞങ്ങള്‍ ബാങ്കിംഗ് സൗകര്യം ഇല്ലാത്തവരിലേക്ക് അത് എത്തിച്ചു. ഏകദേശം അഞ്ഞൂറ് ദശലക്ഷം പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്.
മേല്‍പ്പറഞ്ഞ സംഖ്യ നോര്‍ത്ത് അമേരിക്കയുടെ ജനസംഖ്യയോട് അടുത്ത് വരും. ഡിജിറ്റല്‍ ഇന്ത്യ എന്ന കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ഇന്ന് ഇന്ത്യയില്‍ 850 ദശലക്ഷം സ്മാര്‍ട്ട്‌ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. ഇത് മൊത്തം യൂറോപ്പിന്റെ ജനസംഖ്യയെക്കാള്‍ കൂടുതലാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനായി 2.5 ദശലക്ഷം ഇന്ത്യന്‍ നിര്‍മിത കോവിഡ് വാക്‌സിന്‍ ഞങ്ങള്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കി. ഇനി പറയാൻ ഭൂഖണ്ഡങ്ങൾ തികയാതെ വന്നേക്കാം. അതിനാൽ ഞാൻ അക്കാര്യങ്ങൾ ഇവിടെ നിർത്തുന്നു.
വിശിഷ്ട അംഗങ്ങളേ,
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗ്രന്ഥങ്ങളില്‍ ഒന്നാണ് വേദങ്ങള്‍. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രചിക്കപ്പെട്ട മനുഷ്യരാശിയുടെ ഏറ്റവും വലിയ നിധിയാണ് അവ. അക്കാലത്ത്, മഹര്‍ഷിണികൾ വേദങ്ങളില്‍ ധാരാളം ശ്ലോകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ന്, ആധുനിക ഇന്ത്യയില്‍, സ്ത്രീകള്‍ നമ്മെ മികച്ച ഭാവിയിലേക്ക് നയിക്കുന്നു. സ്ത്രീകള്‍ക്ക് പ്രയോജനപ്പെടുന്ന വികസനം എന്നതില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യയുടെ കാഴ്ചപ്പാട്. ഇത് സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനമാണ്; അവിടെ സ്ത്രീകള്‍ പുരോഗതിയുടെ യാത്ര നയിക്കുന്നു. ഒരു സ്ത്രീ എളിയ ഗോത്ര പശ്ചാത്തലത്തില്‍ നിന്ന് ഉയര്‍ന്ന് ഞങ്ങളുടെ രാഷ്ട്രപതിയായി മാറിയിരിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ട ഏതാണ്ട് 1.5 ദശലക്ഷം സ്ത്രീകള്‍ വിവിധ തലങ്ങളില്‍ ഇന്ന് ഞങ്ങളെ നയിക്കുന്നു. ഇന്ന് കരസേനയിലും നാവികസേനയിലും വ്യോമസേനയിലും സ്ത്രീകള്‍ ഞങ്ങളുടെ രാജ്യത്തെ സേവിക്കുന്നു. ലോകത്തെ ഏറ്റവും ഉയര്‍ന്ന വനിതാ വ്യോമപാതാപൈലറ്റുമാരുള്ളതും ഇന്ത്യയിലാണ്. കൂടാതെ, ചൊവ്വ ദൗത്യത്തിന് നേതൃത്വം നല്‍കി അവര്‍ ഞങ്ങളെ ചൊവ്വയില്‍ എത്തിച്ചു. ഒരു പെണ്‍കുട്ടിക്ക് വേണ്ടിയുള്ള നിക്ഷേപം മുഴുവന്‍ കുടുംബത്തെയും ശാക്തീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്ത്രീശാക്തീകരണം, രാജ്യത്തെ പരിവര്‍ത്തനം ചെയ്യുന്നു.
ബഹുമാനപ്പെട്ട സ്പീക്കര്‍,
ജനസംഖ്യയില്‍ യുവത്വം നിറഞ്ഞുനില്‍ക്കുന്ന പുരാതന രാജ്യമാണ് ഇന്ത്യ. അതിന്റെ പാരമ്പര്യങ്ങള്‍ക്ക് പേരുകേട്ട രാഷ്ട്രമാണ് ഇന്ത്യ. എന്നാല്‍ യുവതലമുറ രാജ്യത്തെ സാങ്കേതിക വിദ്യയുടെ കേന്ദ്രമാക്കുന്നു. ഇന്‍സ്റ്റയിലെ സർഗാത്മക റീലുകളോ തത്സമയ പണമിടപാടുകളോ കോഡിങ്ങോ ക്വാണ്ടം കമ്പ്യൂട്ടിങ്ങോ മെഷീന്‍ ലേണിങ്ങോ മൊബൈല്‍ ആപ്പുകളോ ഫിന്‍ടെക്കോ ഡാറ്റാ സയൻസോ ആകട്ടെ, ഒരു സമൂഹത്തിന് അത്യാധുനിക സാങ്കേതികവിദ്യയെ എങ്ങനെ സ്വീകരിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണ് ഇന്ത്യയിലെ യുവാക്കള്‍. ഇന്ത്യയില്‍, സാങ്കേതികവിദ്യ എന്നത് പുതുമ മാത്രമല്ല, ഉള്‍പ്പെടുത്തലും കൂടിയാണ്. ഇന്ന്, ഡിജിറ്റല്‍ ഇടങ്ങൾ വ്യക്തികളുടെ അവകാശങ്ങളും അന്തസ്സും ശാക്തീകരിക്കുന്നു; അതേസമയം സ്വകാര്യത സംരക്ഷിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍, ഒരു ബില്യണിലധികം പേർക്ക് അവരുടെ ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ ഫോണുമായും ബന്ധിപ്പിച്ച സവിശേഷമായ ഡിജിറ്റല്‍ ബയോമെട്രിക് ഐഡന്റിറ്റി ലഭിച്ചു. ഈ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം സാമ്പത്തിക സഹായവുമായി നിമിഷങ്ങള്‍ക്കുള്ളില്‍ പൗരന്മാരിലേക്ക് എത്താന്‍ ഞങ്ങളെ സഹായിക്കുന്നു. 850 ദശലക്ഷം പേർക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭിക്കുന്നു. ഒരു ബട്ടണില്‍ ക്ലിക്കുചെയ്താല്‍, വര്‍ഷത്തില്‍ മൂന്ന് തവണ, നൂറ് ദശലക്ഷത്തിലധികം കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ സഹായം ലഭിക്കുന്നു. അത്തരം കൈമാറ്റങ്ങളുടെ മൂല്യം 320 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. ഈ പ്രക്രിയയില്‍ ഞങ്ങള്‍ 25 ബില്യണ്‍ ഡോളറിലധികം ലാഭിച്ചു. നിങ്ങള്‍ ഇന്ത്യ സന്ദര്‍ശിച്ചാല്‍, വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പെടെ പണമിടപാടുകൾക്കായി എല്ലാവരും ഫോണുകള്‍ ഉപയോഗിക്കുന്നത് കാണാനാകും.
കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍, ലോകത്തിലെ ഓരോ 100 തത്സമയ ഡിജിറ്റല്‍ പണമിടപാടുകളിൽ 46 എണ്ണം ഇന്ത്യയിലാണ് നടന്നത്. ഏകദേശം നാല് ലക്ഷം മൈല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും കുറഞ്ഞ വിലയില്‍ ഡാറ്റയും അവസരങ്ങളുടെ വിപ്ലവത്തിന് തുടക്കമിട്ടു. കര്‍ഷകര്‍ കാലാവസ്ഥ സംബന്ധിച്ച പുതിയ വിവരങ്ങൾ പരിശോധിക്കുന്നു, വയോധികർക്ക് സാമൂഹിക സുരക്ഷാ ധനസഹായം ലഭിക്കുന്നു, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നു, ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് ടെലി മെഡിസിന്‍ വിതരണം ചെയ്യുന്നു, മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധന സ്ഥലങ്ങള്‍ പരിശോധിക്കുന്നു, ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പകള്‍ ലഭിക്കുന്നു, ഇതെല്ലാം സാധ്യമാകുന്നത് അവരുടെ കൈവശമുള്ള സ്മാര്‍ട്ട് ഫോണുകളിലെ ഒറ്റ ക്ലിക്കിലൂടെയാണെന്നതാണ് വിപ്ലവകരമായ മാറ്റം.
ബഹുമാനപ്പെട്ട സ്പീക്കര്‍,
ജനാധിപത്യം, എല്ലാവരേയും ഉള്‍പ്പെടുത്തല്‍, സുസ്ഥിരത എന്നിവയുടെ മനോഭാവം നമ്മെ നിര്‍വചിക്കുന്നു. ലോകത്തോടുള്ള നമ്മുടെ കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിലും ഇത് സഹായിക്കുന്നു. ഭൂമിയോടുള്ള ഉത്തരവാദിത്വം ചേർത്തുപിടിച്ചാണ് ഇന്ത്യയുടെ വളര്‍ച്ച.
'മാതാ ഭൂമിഃ പുത്രോ അഹം പൃഥിവ്യാഃ'
ഭൂമി നമ്മുടെ മാതാവും നാം ഓരോരുത്തരും ആ മാതാവിന്റെ കുട്ടികളാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പരിസ്ഥിതിയേയും ഒപ്പം ഭൂമിയേയും ആഴത്തില്‍ ബഹുമാനിക്കുന്നതാണ് ഇന്ത്യന്‍ സംസ്‌കാരം. ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറുമ്പോഴും സൗരോര്‍ജ ശേഷി 2300 ശതമാനം വര്‍ധിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതെ, നിങ്ങൾ കേട്ടതു ശരിയാണ് - 2300 ശതമാനം!
പാരീസ് പ്രതിബദ്ധത നടപ്പിലാക്കിയ ഒരേ ഒരു ജി20 രാജ്യം ഇന്ത്യയാണ്. ഞങ്ങളുടെ ഊർജസ്രോതസ്സുകളുടെ നാല്‍പ്പത് ശതമാനത്തിലേറെയും പുനരുപയോഗിക്കാവുന്നവയാണ്. 2030ല്‍ ലക്ഷ്യമിട്ടിരുന്ന ഇക്കാര്യം ഒന്‍പത് വര്‍ഷം മുൻപുതന്നെ ഇന്ത്യ നേടി. എന്നാല്‍ ഇത് ഇവിടംകൊണ്ട് നിര്‍ത്താന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഗ്ലാസ്ഗോ ഉച്ചകോടിയില്‍, ഞാന്‍ മിഷന്‍ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി) നിർദേശിച്ചു. സുസ്ഥിരതയെ യഥാര്‍ത്ഥ ജനകീയ പ്രസ്ഥാനമാക്കാനുള്ള മാര്‍ഗമാണിത്. അത് ഗവണ്മെന്റുകളുടെ മാത്രം ഉത്തരവാദിത്വമായി മാറാന്‍ പാടില്ല.
ശ്രദ്ധയോടെയുള്ള തിരഞ്ഞെടുക്കലുകളിലൂടെ ഓരോ വ്യക്തിക്കും മികച്ച സ്വാധീനം ചെലുത്താനാകും. സുസ്ഥിരതയെ ബഹുജന പ്രസ്ഥാനമാക്കുന്നത് ലോകത്തെ 'നെറ്റ് സീറോ' ലക്ഷ്യത്തിലെത്താന്‍ സഹായിക്കും. നമ്മുടെ കാഴ്ചപ്പാട് ഭൂമിയുടെ പുരോഗതിക്ക് അനുയോജ്യമാണ്. നമ്മുടെ കാഴ്ചപ്പാട് ഭൂസൗഹൃദമാണ്. നമ്മുടെ കാഴ്ചപ്പാട് ഭൂസൗഹൃദജനതയാണ്.
ബഹുമാനപ്പെട്ട സ്പീക്കര്‍,
'വസുധൈവ കുടുംബകം' അഥവാ ലോകം ഒരു കുടുംബമാണ് എന്ന ചിന്താഗതിയിലാണ് ഞങ്ങള്‍ ജീവിക്കുന്നത്. ലോകവുമായുള്ള ഞങ്ങളുടെ സഹകരണം എല്ലാവര്‍ക്കും ഗുണകരമായ രീതിയിലുള്ളതാണ്. 'ഏക സൂര്യന്‍, ഏകലോകം, ഏക ശൃംഖല' എന്ന ചിന്തയിലൂടെ ലോകത്തെ സംശുദ്ധ ഊര്‍ജ്ജവുമായി ബന്ധിപ്പിക്കുന്നതിന് ഞങ്ങളോടൊപ്പം ചേരുവാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. 'ഏകഭൂമി, ഏകാരോഗ്യം' എന്നത് മൃഗങ്ങളും സസ്യങ്ങളും ഉള്‍പ്പെടെ ഏവര്‍ക്കും ഗുണമേന്മയുള്ള ആരോഗ്യ സംരക്ഷണം എത്തിക്കുന്നതിനുള്ള ആഗോള പ്രവര്‍ത്തനത്തിനുള്ള കാഴ്ചപ്പാടാണ്.
ഇതേ മനോഭാവം നിങ്ങള്‍ക്ക് ഇന്ത്യയുടെ ജി20 അധ്യക്ഷതയുടെ ''ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി'' എന്ന പ്രമേയത്തിലും കാണാന്‍ സാധിക്കും. യോഗയിലൂടെയും ഐക്യം എന്ന സന്ദേശം ഞങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. കഴിഞ്ഞ ദിവസമാണ് ലോകം മുഴുവന്‍ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചത്. സമാധാന സേനാംഗങ്ങളെ ആദരിക്കുന്നതിനായി ഒരു സ്മാരകഭിത്തി നിര്‍മ്മിക്കാനുള്ള യുഎന്നിലെ ഞങ്ങളുടെ നിർദേശത്തോട് കഴിഞ്ഞയാഴ്ച എല്ലാ രാജ്യങ്ങളും യോജിച്ചു.
ഈ വര്‍ഷം, സുസ്ഥിരമായ കൃഷിയും പോഷകാഹാരവും ഒരുപോലെ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകം മുഴുവന്‍ അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷം ആഘോഷിക്കുന്നു. കോവിഡ് കാലത്ത് നൂറ്റമ്പതിലധികം രാജ്യങ്ങളിലേക്ക് ഞങ്ങള്‍ വാക്സിനുകളും മരുന്നുകളും എത്തിച്ചു. ദുരന്തസമയത്ത് ആദ്യം പ്രതികരിക്കുന്ന രാഷ്ട്രമായി ഞങ്ങൾ മറ്റുള്ളവരിലേക്ക് എത്തിച്ചേര്‍ന്നു. സ്വന്തം കാര്യത്തിന് വേണ്ടി ചെയ്യുന്നതുപോലെയാണ് ഈ പ്രവൃത്തിയില്‍ ഞങ്ങള്‍ ഏര്‍പ്പെട്ടത്. ഞങ്ങൾക്കുള്ള പരിമിതമായ വിഭവങ്ങള്‍ ഏറ്റവും ആവശ്യമുള്ളവരുമായി ഞങ്ങള്‍ പങ്കിടുന്നു. ഞങ്ങൾ ശേഷികളാണ് കെട്ടിപ്പടുക്കുന്നത്. ആശ്രിതത്വമല്ല.
ബഹുമാനപ്പെട്ട സ്പീക്കര്‍,
ലോകത്തോടുള്ള ഇന്ത്യയുടെ സമീപനത്തെപ്പറ്റി പറയുമ്പോള്‍ അതില്‍ അമേരിക്കയ്ക്ക് പ്രത്യേകമായ സ്ഥാനമുണ്ട്. ഞങ്ങളുമായുള്ള ബന്ധത്തെ വളരെ പ്രാധാന്യത്തോടെയാണ് നിങ്ങള്‍ കാണുന്നതെന്ന് എനിക്ക് അറിയാം. ഈ കോണ്‍ഗ്രസിലെ എല്ലാ അംഗങ്ങള്‍ക്കും അതില്‍ വലിയ താല്‍പര്യമുണ്ടെന്നും ഞാന്‍ മനസ്സിലാക്കുന്നു. ഇന്ത്യയലെ പ്രതിരോധവും എയ്റോസ്പേസ് മേഖലയും വളരുമ്പോള്‍, വാഷിംഗ്ടണ്‍, അരിസോണ, ജോര്‍ജിയ, അലബാമ, സൗത്ത് കരോലിന, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളിലെ വ്യവസായങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുന്നു. അമേരിക്കന്‍ കമ്പനികള്‍ വളരുമ്പോള്‍, അവരുടെ ഇന്ത്യയിലെ ഗവേഷണ വികസന കേന്ദ്രങ്ങള്‍ അഭിവൃദ്ധിപ്പെടും. ഇന്ത്യക്കാര്‍ കൂടുതല്‍ ആകാശയാത്ര ചെയ്യുമ്പോള്‍, വിമാനങ്ങള്‍ക്കായുള്ള ഒരൊറ്റ ഓര്‍ഡര്‍ അമേരിക്കയിലെ 44 സംസ്ഥാനങ്ങളില്‍ ഒരു ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു.
അമേരിക്കയിലെ ഒരു ഫോണ്‍ നിര്‍മ്മാണ കമ്പനി ഇന്ത്യയില്‍ മുതല്‍മുടക്ക് നടത്തുമ്പോള്‍ രണ്ട് രാജ്യത്തും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇന്ത്യയും യുഎസും സെമികണ്ടക്ടറുകളിലും നിര്‍ണ്ണായക ധാതുക്കളിലും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, വിതരണ ശൃംഖലകള്‍ കൂടുതല്‍ വൈവിധ്യവും പ്രതിരോധശേഷിയുള്ളതും വിശ്വസനീയവുമാക്കുന്നതിന് ലോകത്തെ സഹായിക്കുന്നു. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിന് മുന്‍പ് പ്രതിരോധ മേഖലയിലെ സഹകരണത്തില്‍ ഇന്ത്യയും അമേരിക്കയും അപരിചിതരായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയുടെ പ്രതിരോധ പങ്കാളികളിൽ പ്രധാനികളായി അമേരിക്ക മാറിയിരിക്കുന്നു. ബഹിരാകാശ മേഖലയിലും ശാസ്ത്രത്തിലും സെമികണ്ടക്ടർ മേഖലയിലും സ്റ്റാര്‍ട്ടപ്പിലും സുസ്ഥിരത കൈവരിക്കലിലും, വ്യാപാരം തുടങ്ങിയ മേഖലകളിലും ഇന്ത്യയും അമേരിക്കയും സഹകരിക്കുന്നു. കൃഷി, സാമ്പത്തികം, കല, നിർമിതബുദ്ധി, ഊർജം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങിയ മേഖലകളിലും ഈ സഹകരണം വ്യാപിച്ചിരിക്കുന്നു. എടുത്തുപറയാൻ ഇനിയും ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍ ഞാന്‍ പറയാനാഗ്രഹിക്കുന്നത് നമ്മുടെ സഹകരണത്തിന്റെ സാധ്യത അനന്തമാണെന്നാണ്. പരിധിയില്ലാത്തതാണ് നമ്മുടെ സമന്വയത്തിന്റെ സാധ്യതകള്‍. അതോടൊപ്പം തന്നെ നമ്മുടെ ബന്ധങ്ങളിലെ രസതന്ത്രം അനായാസമാണ്.
ഇതിലെല്ലാം ഇന്ത്യന്‍ അമേരിക്കക്കാര്‍ക്ക് വലിയ പങ്കുണ്ട്. സ്‌പെല്ലിങ് ബീയില്‍ മാത്രമല്ല എല്ലാ മേഖലയിലും അവര്‍ മിടുക്കരാണ്. അമേരിക്കയോടും ഇന്ത്യയോടും ഉള്ള സ്‌നേഹം കൊണ്ട്, അവരുടെ ഹൃദയത്തിലൂടെയും മനസ്സുകളിലൂടെയും പ്രതിഭകളിലൂടെയും വൈദഗ്ധ്യത്തിലൂടെയും അവര്‍ നമ്മെ ബന്ധിപ്പിച്ചു. പല വാതിലുകളും തുറന്നിട്ട് പങ്കാളിത്തത്തിന്റെ സാധ്യതകള്‍ അവര്‍ കാണിച്ചുതന്നു.
ബഹുമാനപ്പെട്ട സ്പീക്കര്‍, മറ്റ് വിശിഷ്ട അംഗങ്ങളെ,
ഇന്ത്യയിലെ ഓരോ പ്രധാനമന്ത്രിയും അമേരിക്കയിലെ ഓരോ പ്രസിഡന്റും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മുന്നോട്ടു കൊണ്ടുപോയി. പക്ഷേ, ഞങ്ങളുടെ തലമുറ അതിനെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചു. ഈ നൂറ്റാണ്ടിലെ തന്നെ നിര്‍ണായക കൂട്ടുകെട്ടിലൊന്നാണിതെന്ന പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകളോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അതിന് കാരണം അത് ഒരു വലിയ ലക്ഷ്യമാണ് നല്‍കുന്നത്. ജനാധിപത്യവും ജനസംഖ്യാശാസ്ത്രവും വിധിയും നമുക്ക് ആ ലക്ഷ്യം നല്‍കുന്നു. ആഗോളവല്‍ക്കരണത്തിന്റെ പരിണിതഫലമാണ് വിതരണ ശൃംഖലകളുടെ അമിതമായ കേന്ദ്രീകരണം.
വിതരണ ശൃംഖലകളെ വൈവിധ്യവല്‍ക്കരിക്കാനും വികേന്ദ്രീകരിക്കാനും ജനാധിപത്യവല്‍ക്കരിക്കാനും ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. സാങ്കേതികവിദ്യയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സുരക്ഷയും സമൃദ്ധിയും നേതൃത്വവും നിര്‍ണ്ണയിക്കുന്നത്. അക്കാരണത്താലാണ് രണ്ട് രാജ്യങ്ങളും 'ഇനിഷ്യേറ്റീവ് ഫോര്‍ ക്രിട്ടിക്കല്‍ ആന്‍ഡ് എമര്‍ജിംഗ് ടെക്‌നോളജീസി'നു തുടക്കം കുറിച്ചത്. ഞങ്ങളുടെ വിജ്ഞാന പങ്കാളിത്തം മാനവികതയെ സേവിക്കുകയും കാലാവസ്ഥാ വ്യതിയാനം, പട്ടിണി, ആരോഗ്യം പോലുള്ള ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരം തേടുകയും ചെയ്യുന്നു.
ബഹുമാനപ്പെട്ട സ്പീക്കര്‍,
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിനാശകരമായ ചില സംഭവവികാസങ്ങള്‍ നാം കണ്ടു. യുക്രൈനിലെ പ്രശ്‌നത്തോടെ യൂറോപ്പിലേക്ക് യുദ്ധം മടങ്ങിയെത്തിയിരിക്കുന്നു. ഇത് മേഖലയില്‍ വലിയ പ്രശ്‌നങ്ങളും വേദനയും സമ്മാനിച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട ശക്തികള്‍ യുദ്ധത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവെന്നതിനാല്‍ അതിന്റെ പ്രത്യാഘാതം വളരെ വലുതാണ്. ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങളെ ഇത് ബാധിച്ചിട്ടുണ്ട്. യുഎന്‍ ചാര്‍ട്ടറിന്റെ തത്വങ്ങളോടുള്ള ബഹുമാനം, തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കൽ, പരമാധികാരത്തോടും പ്രദേശിക സമഗ്രതയോടുമുള്ള ബഹുമാനം എന്നിവയെ അടിസ്ഥാനമാക്കിയാണ് ആഗോള ക്രമം നിലകൊള്ളുന്നത്.
ഇത് യുദ്ധത്തിന്റെ യുഗമല്ല എന്ന് മുന്‍പ് ഞാന്‍ പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. ഇത് ചര്‍ച്ചകളുടേയും പരസ്പര സഹകരണത്തിന്റേയും നയതന്ത്രത്തിന്റേയും കാലമാണ്. രക്തചൊരിച്ചിലും മനുഷ്യന്റെ യാതനകളും ഇല്ലാതാക്കാന്‍ നമ്മെകൊണ്ട് സാധ്യമാകുന്നത് നാം ഓരോരുത്തരും ചെയ്യണം. ബലപ്രയോഗത്തിന്റെയും ഏറ്റുമുട്ടലിന്റെയും ഇരുണ്ട മേഘങ്ങള്‍ ഇന്തോ പസഫിക്കില്‍ കരിനിഴല്‍ വീഴ്ത്തുന്നു. മേഖലയുടെ സ്ഥിരത നമ്മുടെ പങ്കാളിത്തത്തിന്റെ മുഖ്യ ആശങ്കകളിലൊന്നായി മാറിയിരിക്കുന്നു.
സുരക്ഷിതമായ കടലുകളാല്‍ ബന്ധിപ്പിച്ചിരിക്കുന്ന, അന്തര്‍ദേശീയ നിയമങ്ങളാല്‍ നിര്‍വചിക്കപ്പെട്ട, ആധിപത്യത്തില്‍ നിന്ന് മുക്തമായ, ആസിയന്‍ കേന്ദ്രീകൃതമായ, സ്വതന്ത്രവും തുറന്നതും ഉള്‍ക്കൊള്ളുന്നതുമായ ഇന്‍ഡോ പസഫിക്കിന്റെ കാഴ്ചപ്പാടാണു ഞങ്ങള്‍ പങ്കിടുന്നത്.
നമ്മുടെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളാനോ ഒഴിവാക്കാനോ ശ്രമിക്കുന്നില്ല, മറിച്ച് സമാധാനത്തിന്റെയും സമൃദ്ധിയുടെയും സഹകരണ മേഖല കെട്ടിപ്പടുക്കാനാണ് യത്നിക്കുന്നത്. ഞങ്ങള്‍ പ്രാദേശിക സ്ഥാപനങ്ങളിലൂടെയും പ്രദേശത്തിനകത്തും പുറത്തും നിന്നുള്ള ഞങ്ങളുടെ പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നു. ഇതില്‍ ക്വാഡ്, പ്രദേശത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന പ്രധാന ശക്തിയായി.
ബഹുമാനപ്പെട്ട സ്പീക്കര്‍,
9/11 ന് ശേഷം രണ്ടു പതിറ്റാണ്ടിലേറെയും മുംബൈയിലെ 26/11 ന് ശേഷം ഒരു ദശാബ്ദത്തിലേറെയും പിന്നിട്ടിട്ടും, മൗലികവാദവും ഭീകരവാദവും ഇപ്പോഴും ലോകത്തിന് മുഴുവന്‍ അപകടമായി തുടരുകയാണ്. ഈ പ്രത്യയശാസ്ത്രങ്ങള്‍ പുതിയ സ്വത്വങ്ങളും രൂപങ്ങളും സ്വീകരിക്കുന്നു, പക്ഷേ അവയുടെ ഉദ്ദേശ്യം ഒന്നുതന്നെയാണ്. ഭീകരവാദം മനുഷ്യരാശിയുടെയാകെ ശത്രുവാണ്. അതിനെ കൈകാര്യം ചെയ്യുന്നതില്‍ സംശയിക്കേണ്ട കാര്യമില്ല. ഭീകരതയെ പിന്തുണയ്ക്കുകയും വളർത്തുകയും ചെയ്യുന്ന എല്ലാ ശക്തികളെയും നാം ഒരുമിച്ച് മറികടക്കണം.
ബഹുമാനപ്പെട്ട സ്പീക്കര്‍,
കോവിഡ് 19ന്റെ ഏറ്റവും വലിയ പ്രത്യാഘാതം അതു നഷ്ടപ്പെടുത്തിയ മനുഷ്യ ജീവനുകളും ഒപ്പം അതുണ്ടാക്കിയ ദുരവസ്ഥയുമാണ്. അമേരിക്കന്‍ കോണ്‍ഗ്രസിലെ പ്രതിനിധിയായിരുന്ന റോണ്‍ റൈറ്റിന്റെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും കോവിഡ് കാരണമുള്ള മരണം ഞാന്‍ ഓര്‍ക്കുകയാണ്. ഇപ്പോള്‍ കോവിഡിനെ മറികടന്ന് മുന്നേറുമ്പോള്‍ നാം ലോകത്തിന് ഒരു പുതിയ ക്രമം ചിട്ടപ്പെടുത്തേണ്ടതുണ്ട്. പരിഗണനയും പരിചരണവുമാണ് ഈ സാഹചര്യം നമ്മോട് ആവശ്യപ്പെടുന്നത്. ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം കേള്‍ക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ടാണ് ആഫ്രിക്കന്‍ യൂണിയന് ജി20യില്‍ പൂര്‍ണ അംഗത്വം നല്‍കണം എന്ന് ഞാന്‍ വിശ്വസിക്കുന്നത്.
നാം ബഹുമുഖത്വത്തെ പുനരുജ്ജീവിപ്പിക്കുകയും മെച്ചപ്പെട്ട വിഭവങ്ങളും പ്രാതിനിധ്യവും നല്‍കി ബഹുമുഖ സ്ഥാപനങ്ങളെ നവീകരിക്കുകയും വേണം. അത് നമ്മുടെ എല്ലാ ആഗോള ഭരണ സ്ഥാപനങ്ങള്‍ക്കും, പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയ്ക്കും ബാധകമാണ്. ലോകം മാറുമ്പോള്‍ നമ്മുടെ സ്ഥാപനങ്ങളും മാറണം. അല്ലാത്തപക്ഷം നിയമങ്ങളുടെ അപര്യാപ്തത പരസ്പരം ശത്രുത വളരുന്ന അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. അന്താരാഷ്ട്ര നിയമങ്ങളില്‍ ഒരു പൊളിച്ചഴുത്തിനായി പങ്കാളികള്‍ എന്ന നിലയില്‍ ഇന്ത്യയും അമേരിക്കയും മുന്‍നിരയില്‍ തന്നെയുണ്ടാകും.
ബഹുമാനപ്പെട്ട സ്പീക്കര്‍, മറ്റ് വിശിഷ്ട അംഗങ്ങളേ,
ഇന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഈ ബന്ധം ഇന്ത്യയുടേയും അമേരിക്കയുടേയും മാത്രമല്ല മറിച്ച് ലോകത്തിന്റെ വിധിയെ തന്നെ മാറ്റിയെഴുതും.
യുവ അമേരിക്കന്‍ കവി അമന്‍ഡ ഗോര്‍മാന്‍ പറഞ്ഞതുപോലെ: 'ദിവസം വരുമ്പോള്‍ ഞങ്ങള്‍ തണലില്‍ നിന്ന് പുറത്തുകടക്കും, ജ്വലിച്ചുകൊണ്ടും ഭയപ്പെടാതെയും നാം അതിനെ സ്വതന്ത്രമാക്കുമ്പോള്‍ പുതിയ പ്രഭാതം പൂക്കുന്നു. കാരണം എപ്പോഴും വെളിച്ചമുണ്ട്, അത് കാണാന്‍ നമുക്ക് ധൈര്യമുണ്ടെങ്കില്‍ മാത്രം.'
പരസ്പര വിശ്വാസത്തോടെയുള്ള നമ്മുടെ പങ്കാളിത്തവും സഹകരണവും ഉദിച്ചുയരുന്ന സൂര്യനേപ്പോലെയാണ്. അത് ലോകത്തിനാകെ പ്രകാശം പകരും.
ഞാനെഴുതിയ കവിതയാണ് ഇപ്പോള്‍ എനിക്ക് ഓര്‍മ വരുന്നത്:
ആസ്മാൻ മേം സിർ ഉഠാക്കർ
ഘനേ ബാദലോം കോ ചീർകർ
റോഷ്നി കാ സങ്കൽപ്പ് ലേം
അഭീ തോ സൂരജ് ഉഗാ ഹെ |
ദൃഢ് നിശ്ചയ കേ സാഥ് ചൽകർ
ഹർ മുശ്കിൽ കോ പാർ കർ
ഘോർ അന്ധേരേ കോ മിടാനേ
അഭീ തോ സൂരജ് ഉഗാ ഹേ ||
''ആകാശത്തില്‍ തലയുയയര്‍ത്തിക്കൊണ്ട് മേഘങ്ങളെ തുളച്ച് മാറ്റി പ്രകാശത്തിന്റെ പ്രതീക്ഷയും വാഗ്ദാനവും നല്‍കി സൂര്യനിതാ ഉദിച്ചിരിക്കുന്നു. ദൃഢനിശ്ചയത്തോടെ, എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന്, ഇരുട്ടിന്റെ ശക്തികളെ അകറ്റാന്‍, സൂര്യനിതാ ഉദിച്ചിരിക്കുന്നു'' എന്നാണ് അതിനർഥം.
ബഹുമാനപ്പെട്ട സ്പീക്കര്‍, മറ്റ് വിശിഷ്ട അംഗങ്ങളേ,
നാം വരുന്നത് വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നും ചരിത്രത്തില്‍ നിന്നുമാണ്. എന്നാല്‍ നമ്മുടെ കാഴ്ചപ്പാട് നമ്മെ ഒന്നിപ്പിക്കുന്നു. നമ്മുടെ സഹകരണം തുടരുമ്പോള്‍ സാമ്പത്തിക പ്രതിരോധശേഷി മെച്ചപ്പെടുന്നു, നവീകരണം മെച്ചപ്പെട്ടതാകുന്നു. ശാസ്ത്രം വളരുന്നു, വിജ്ഞാനവും മാനവിക മൂല്യങ്ങളും വര്‍ധിക്കുന്നു. നമ്മുടെ ആകാശവും കടലും ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമാണ്, ജനാധിപത്യം കൂടുതല്‍ തിളങ്ങും. ലോകം കൂടുതല്‍ മെച്ചപ്പെട്ട ഒരു സ്ഥലമായി മാറും.
നമ്മുടെ പങ്കാളിത്തത്തിന്റെ ലക്ഷ്യം തന്നെ അതാണ്. ഈ നൂറ്റാണ്ടിലേക്കായി നമ്മുടെ ആഹ്വാനമാണിത്. ഈ സന്ദര്‍ശനം ശുഭകരമായ വലിയ പരിവര്‍ത്തനമാണ്. ജനാധിപത്യം പ്രാധാന്യമര്‍ഹിക്കുന്നുണ്ടെന്നും ജനാധിപത്യത്തിലൂടെ പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ നിറവേറ്റുമെന്നും നാം ഒരുമിച്ച് തെളിയിക്കും. ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണ പ്രതീക്ഷിക്കുന്നു.
സുപ്രധാനമായ ഭാവിക്ക് വേണ്ടിയുള്ളതാണ് നമ്മുടെ സഹകരണം എന്നാണ് 2016ല്‍ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ എനിക്ക് കേള്‍ക്കാനും മനസ്സിലാക്കാനും കഴിഞ്ഞത്. ആ ഭാവിയാണിപ്പോൾ. ബഹുമാനപ്പെട്ട സ്പീക്കര്‍, ബഹുമാനപ്പെട്ട വൈസ് പ്രസിഡന്റ്, മറ്റു വിശിഷ്ട അംഗങ്ങളേ, എല്ലാവര്‍ക്കും ഈ ആദരത്തിന് ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ.
ജയ് ഹിന്ദ്.
ഇന്ത്യ-യുഎസ് സൗഹൃദം നീണാൾ വാഴട്ടെ.
It is always a great honour to address the United States Congress.
— PMO India (@PMOIndia) June 22, 2023
It is an exceptional privilege to do so twice: PM @narendramodi pic.twitter.com/138dctuaqI
In the past few years, there have been many advances in AI – Artificial Intelligence.
— PMO India (@PMOIndia) June 22, 2023
At the same time, there have been even more momentous developments in another AI – America and India: PM @narendramodi pic.twitter.com/Ql80Xa5HGB
Throughout your history, you have embraced people from around the world.
— PMO India (@PMOIndia) June 22, 2023
There are millions here, who have roots in India.
Some of them sit proudly in this chamber: PM @narendramodi while addressing the US Congress pic.twitter.com/cNOILFNyNi
Over two centuries, we have inspired each other through the lives of great Americans and Indians: PM @narendramodi in his address to the US Congress pic.twitter.com/KTnOxHp3XT
— PMO India (@PMOIndia) June 22, 2023
Democracy is one of our sacred and shared values.
— PMO India (@PMOIndia) June 22, 2023
It has evolved over a long time, and taken various forms and systems. pic.twitter.com/S0X5gRVVJe
The US is the oldest and India the largest democracy.
— PMO India (@PMOIndia) June 22, 2023
Our partnership augurs well for the future of democracy. pic.twitter.com/h19Lsiydxw
Last year, India celebrated 75 years of its independence.
— PMO India (@PMOIndia) June 22, 2023
Every milestone is important, but this one was special. pic.twitter.com/8qrvIsuwjY
In India, diversity is a natural way of life. pic.twitter.com/yLd1U6qn1J
— PMO India (@PMOIndia) June 22, 2023
Everyone wants to understand India’s development, democracy and diversity. pic.twitter.com/6CPx1QzpvH
— PMO India (@PMOIndia) June 22, 2023
Today, India is the fifth largest economy. pic.twitter.com/cyLGq2c5tE
— PMO India (@PMOIndia) June 22, 2023
Our vision is सबका साथ, सबका विकास, सबका विश्वास, सबका प्रयास।
— PMO India (@PMOIndia) June 22, 2023
It means: Together, for everyone’s growth, with everyone’s trust and everyone’s efforts. pic.twitter.com/WtxNbMS8Pz
India’s vision is not just of development which benefits women.
— PMO India (@PMOIndia) June 22, 2023
It is of women-led development, where women lead the journey of progress. pic.twitter.com/FfPy8pP74h
The youth of India are a great example of how a society can embrace latest technology. pic.twitter.com/6ULIA0wroP
— PMO India (@PMOIndia) June 22, 2023
By being mindful in making choices, every individual can make a positive impact.
— PMO India (@PMOIndia) June 22, 2023
Making sustainability a mass movement, will help the world reach the Net Zero target faster. pic.twitter.com/OhHCGA6sa1
This is not an era of war.
— PMO India (@PMOIndia) June 22, 2023
But, it is one of dialogue and diplomacy. pic.twitter.com/IKeHOb7dDg
A free, open and inclusive Indo-Pacific. pic.twitter.com/1eh6KJwB42
— PMO India (@PMOIndia) June 22, 2023
Terrorism is an enemy of humanity and there can be no ifs or buts in dealing with it. pic.twitter.com/kfZtlhyTex
— PMO India (@PMOIndia) June 22, 2023
Giving a voice to the Global South is the way forward. pic.twitter.com/6OT4oztamT
— PMO India (@PMOIndia) June 22, 2023
When the world has changed, our institutions too must change. pic.twitter.com/KlavHuP63C
— PMO India (@PMOIndia) June 22, 2023