നമ്മുടെ ഉപഭോഗ രീതികൾ പരിശോധിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. അവയുടെ പാരിസ്ഥിതിക ആഘാതം എങ്ങനെ കുറയ്ക്കാമെന്നും പ്രധാനമന്ത്രി ചോദിച്ചു . ഇക്കാര്യത്തിൽ നമ്മുടെ പല വെല്ലുവിളികളും പരിഹരിക്കുന്നതിനുള്ള പ്രധാന നടപടിയാണ് സുസ്ഥിര സമ്പദ്ഘടന എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ -ഓസ്‌ട്രേലിയ സർക്കുലർ ഇക്കോണമി ഹാക്കത്തോണിനെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വസ്തുക്കൾ പുതുക്കി ഉപയോഗിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുക, മാലിന്യങ്ങൾ നീക്കം ചെയ്യുക, വിഭവ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹാക്കത്തോണിൽ പ്രദർശിപ്പിച്ച നവീനാശയങ്ങൾ സുസ്ഥിര സാമ്പത്തിക പരിഹാരങ്ങൾക്ക് മുൻകൈയെടുക്കാൻ ഇരു രാജ്യങ്ങളെയും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ ആശയങ്ങൾ മുന്നോട്ട് കൊണ്ട് പോകാനും ഇൻകുബേറ്റ് ചെയ്യുന്നതിനുമുള്ള വഴികൾ കണ്ടെത്താനും അദ്ദേഹം ആവശ്യപ്പെട്ടു. “നാം ഒരിക്കലും മറക്കരുത്, ഭൂമി വാഗ്ദാനം ചെയ്യുന്ന എല്ലാറ്റിന്റെയും ഉടമകളല്ല നാം, മറിച്ച് ഭാവിതലമുറകൾക്കായുള്ള അതിന്റെ രക്ഷാധികാരികളാണ് ”, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മുന്നോട്ടുള്ള പങ്കാളിത്തത്തിന്റെ പ്രതീകമാണ് ഹാക്കത്തോണിലെ ഇന്നത്തെ യുവാക്കളുടെ ഊർജ്ജവും ഉത്സാഹവും എന്ന് പ്രധാനമന്ത്രി പറഞ്ഞു . കോവിഡിനു ശേഷമുള്ള ലോകത്തെ രൂപപ്പെടുത്തുന്നതിൽ ശക്തമായ ഇന്ത്യ-ഓസ്‌ട്രേലിയ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും. നമ്മുടെ യുവാക്കൾ,നമ്മുടെ നവീനാശയക്കാർ , നമ്മുടെ സ്റ്റാർട്ടപ്പുകൾ ഈ പങ്കാളിത്തത്തിന്റെ മുൻപന്തിയിലായിരിക്കും ”പ്രധാനമന്ത്രി പറഞ്ഞു.