“നീതി ഉറപ്പാക്കുന്നതു കാണുമ്പോൾ, ഭരണഘടനാസ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം ദൃഢമാകുന്നു”
“രാജ്യത്തെ ജനങ്ങൾ ഗവണ്മെന്റിന്റെ അഭാവമോ സമ്മർദമോ അനുഭവിക്കേണ്ട കാര്യമില്ല”
“കഴിഞ്ഞ 8 വർഷത്തിനിടെ, ഇന്ത്യ 1500ലധികം പഴയതും അപ്രസക്തവുമായ നിയമങ്ങൾ റദ്ദാക്കുകയും 32,000ത്തിലധികം ചട്ടങ്ങൾപാലിക്കൽ ഒഴിവാക്കുകയുംചെയ്തു”
“സംസ്ഥാനങ്ങളിലെ പ്രാദേശികതലത്തിൽ ബദൽ തർക്കപരിഹാരസംവിധാനം നിയമവ്യവസ്ഥയുടെ ഭാഗമാക്കുന്നത് എങ്ങനെയെന്നു നാം മനസിലാക്കണം”
“അങ്ങേയറ്റം ദരിദ്രരായ ജനങ്ങൾക്കുപോലും എളുപ്പത്തിൽ മനസിലാക്കാവുന്നതരത്തിൽ നിയമങ്ങൾ നിർമിക്കുന്നതിനായിരിക്കണം നമ്മുടെ ശ്രദ്ധ”
“നീതി സുഗമമാക്കുന്നതിനായി നിയമവ്യവസ്ഥയിൽ പ്രാദേശികഭാഷയ്ക്കു വലിയ പങ്കുണ്ട്”
“വിചാരണത്തടവുകാരോടു മാനുഷികസമീപനത്തോടെ സംസ്ഥാന ഗവണ്മെന്റുകൾ ഇടപെടണം; അതിലൂടെ നീതിന്യായവ്യവസ്ഥ മനുഷ്യത്വപരമായി മുന്നോട്ടുപോകും”
“ഭരണഘടനയുടെ അന്തഃസത്ത പരിശോധിക്കുകയാണെങ്കിൽ, വ്യത്യസ്തമായ പ്രവർത്തനങ്ങൾക്കിടയിലും നീതിന്യായസംവിധാനം, നിയമനിർമാണസഭ, കോടതികൾ എന്നിവയ്ക്കിടയിൽ തർക്കത്തിനോ മത്സരത്തിനോ സാധ്യതയില്ലെന്നു കാണാം”
“കഴിവുറ്റ രാജ്യത്തിനും യോജിപ്പുള്ള സമൂഹത്തിനും സംവേദനക്ഷമമായ നീതിന്യായവ്യവസ്ഥ അത്യന്താപേക്ഷിതമാണ്”

പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമമന്ത്രിമാരുടെയും നിയമസെക്രട്ടറിമാരുടെയും അഖിലേന്ത്യാസമ്മേളനത്തിന്റെ ഉദ്ഘാടനയോഗത്തെ ഇന്നു വീഡിയോസന്ദേശത്തിലൂടെ അഭിസംബോധനചെയ്തു. 

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും നിയമമന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും നിർണായകയോഗം ഏകതാപ്രതിമയുടെ മഹത്വത്തിനുകീഴിലാണു നടക്കുന്നതെന്നും 'ആസാദി കാ അമൃത് മഹോത്സവി'ന്റെ ഈ ഘട്ടത്തിൽ നമ്മെ ശരിയായ ദിശയിലേക്കു നയിച്ച്, സർദാർ പട്ടേൽ നൽകുന്ന പ്രചോദനം നമ്മുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്നും സമ്മേളനത്തെ അഭിസംബോധനചെയ്യവേ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

നമ്മുടേതുപോലുള്ള വികസ്വരരാജ്യത്ത് ആരോഗ്യകരവും ആത്മവിശ്വാസമുള്ളതുമായ സമൂഹത്തിനായി ആശ്രയയോഗ്യവും വേഗതയുള്ളതുമായ നീതിന്യായവ്യവസ്ഥ വേണ്ടതുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഓരോ സമൂഹത്തിലും നീതിന്യായവ്യവസ്ഥയും വിവിധ നടപടിക്രമങ്ങളും പാരമ്പര്യങ്ങളും കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസൃതമായി വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീതി ഉറപ്പാക്കുന്നതു കാണുമ്പോൾ ഭരണഘടനാസ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം ദൃഢമാകുമെന്നു ശ്രീ മോദി പറഞ്ഞു. നീതി ലഭിക്കുമ്പോൾ സാധാരണക്കാരന്റെ ആത്മവിശ്വാസം ഉയരും. രാജ്യത്തിന്റെ ക്രമസമാധാനം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിൽ ഇതു വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഇന്ത്യൻ സമൂഹത്തിന്റെ വികസനയാത്രയ്ക്ക് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ടെന്നും നിർണായവെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടിവന്നിട്ടും നാം സ്ഥിരമായ‌ി പുരോഗതി കൈവരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. "നമ്മുടെ സമൂഹത്തിന്റെ ഏറ്റവും പ്രധാനവശം എന്തെന്നാൽ, പുരോഗതിയുടെ പാതയിൽ മുന്നോട്ടുപോകുമ്പോഴും ആന്തരികമായി സ്വയം മെച്ചപ്പെടുത്താനുള്ള പ്രവണത ഉണ്ടെന്നതാണ്"- ശ്രീ മോദി കൂട്ടിച്ചേർത്തു. തുടർച്ചയായ പുരോഗതിയുടെ ആവശ്യകത ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, എല്ലാ സംവിധാനങ്ങളുടെയും സുഗമമായ പ്രവർത്തനത്തിന് ഇത് ഒഴിച്ചുകൂടാനാകാത്തതാണെന്നു ചൂണ്ടിക്കാട്ടി. “നമ്മുടെ സമൂഹം അപ്രസക്തമായ നിയമങ്ങളും തെറ്റായ ആചാരങ്ങളും ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നു. അല്ലാത്തപക്ഷം, ഏതൊരു പാരമ്പര്യവും യാഥാസ്ഥിതികതയായി മാറുമ്പോൾ, അതു സമൂഹത്തിനു ഭാരമായി മാറും”- അദ്ദേഹം കൂട്ടിച്ചേർത്തു, “രാജ്യത്തെ ജനങ്ങൾക്കു ഗവണ്മെന്റിന്റെ അഭാവമോ ഗവണ്മെന്റിന്റെ സമ്മർദ്ദമോ അനുഭവപ്പെടരുത്.”

ഇന്ത്യയിലെ പൗരന്മാരിൽ ഗവൺമെന്റിന്റെ സമ്മർദം നീക്കംചെയ്യുന്നതിനുള്ള പ്രത്യേക ഊന്നലിലേക്കു വെളിച്ചംവീശി, കഴിഞ്ഞ 8 വർഷത്തിനിടെ ഇന്ത്യ 1500ലധികം പഴയ നിയമങ്ങൾ റദ്ദാക്കുകയും 32,000ത്തിലധികം ചട്ടങ്ങൾപാലിക്കലുകൾ ഒഴിവാക്കുകയുംചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു. നവീകരണത്തിന്റെയും ജീവിതം സുഗമമാക്കുന്നതിന്റെയും പാതയ്ക്കു വിഘാതമാകുന്ന നിയമപരമായ തടസങ്ങൾ അവസാനിപ്പിക്കാനായാണിത്. "ഈ നിയമങ്ങളിൽ പലതും അടിമത്തത്തിന്റെ കാലംമുതൽ തുടരുന്നവയാണ്"- അദ്ദേഹം പറഞ്ഞു. അടിമത്തത്തിന്റെ കാലംമുതലുള്ള പല പഴയനിയമങ്ങളും ഇപ്പോഴും സംസ്ഥാനങ്ങളിലുണ്ടെന്നും ഈ സമ്മേളനം അത്തരം നിയമങ്ങൾ നിർത്തലാക്കുന്നതിന് അവസരമൊരുക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. "ഈ 'ആസാദി കാ അമൃത് കാലി'ൽ, അടിമത്തകാലംമുതൽ തുടരുന്ന നിയമങ്ങൾ ഇല്ലാതാക്കി പുതിയ നിയമങ്ങൾ നിർമിക്കണം"- ശ്രീ മോദി കൂട്ടിച്ചേർത്തു. ജനജീവിതം സുഗമമാക്കുന്നതിലും നീതി ലഭ്യമാക്കുന്നതിലും ഊന്നൽ നൽകി സംസ്ഥാനങ്ങളുടെ നിലവിലുള്ള നിയമങ്ങൾ അവലോകനംചെയ്യുന്നതു പരിശോധിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു.

നീതിലഭ്യമാക്കുന്നതിലുണ്ടാകുന്ന കാലതാമസം ഏറ്റവും വലിയ വെല്ലുവിളിയാണെന്നും നീതിന്യായവ്യവസ്ഥ ഈ ദിശയിൽ അതീവ ഗൗരവത്തോടെയാണു പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബദൽ തർക്കപരിഹാരസംവിധാനത്തിലേക്കു വെളിച്ചംവീശി, ഇന്ത്യയിലെ ഗ്രാമങ്ങളിൽ ഇതു വളരെക്കാലമായി മികച്ചരീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും അതു സംസ്ഥാനതലത്തിലേക്ക് ഉയർത്താമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. "സംസ്ഥാനങ്ങളിലെ പ്രാദേശികതലത്തിൽ ഇതു നിയമവ്യവസ്ഥയുടെ ഭാഗമാക്കുന്നത് എങ്ങനെയെന്നു നാം മനസിലാക്കേണ്ടതുണ്ട്"- ശ്രീ മോദി കൂട്ടിച്ചേർത്തു. 

താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം അനുസ്മരിച്ച്, അന്നത്തെ ഗവണ്മെന്റാണു സായാഹ്നകോടതി എന്ന ആശയം കൊണ്ടുവന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. വകുപ്പുകളുടെ കാര്യത്തിൽ ഗൗരവംകുറഞ്ഞ കേസുകൾ സായാഹ്നകോടതികൾ ഏറ്റെടുത്തുവെന്നും ഇതു ഗുജറാത്തിൽ സമീപവർഷങ്ങളിൽ 9 ലക്ഷത്തിലധികം കേസുകൾ തീർപ്പാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിനു കേസുകൾ തീർപ്പാക്കുന്നതിനും കോടതികളുടെ ഭാരംകുറയ്ക്കുന്നതിനും ഇടയാക്കിയ ലോക് അദാലത്തുകളുടെ ആവിർഭാവത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇതിൽനിന്നു വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പാർലമെന്റിൽ നിയമങ്ങൾക്കു രൂപംനൽകുന്നതിൽ മന്ത്രിമാർക്കുള്ള ഉത്തരവാദിത്വം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, നിയമത്തിൽതന്നെ ആശയക്കുഴപ്പം ഉണ്ടായാൽ ഭാവിയിൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുന്നതു സാധാരണ പൗരന്മാരാണെന്നും അഭിപ്രായപ്പെട്ടു. സാധാരണ പൗരന്മാർക്കു നീതി ലഭിക്കാൻ ധാരാളം പണം ചെലവഴിക്കേണ്ടിവരുമെന്നും വിവിധകോണുകളിലേക്കു പരക്കംപായേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "നിയമം സാധാരണക്കാരനു മനസിലാകുമ്പോൾ അതിന്റെ ഫലം മറ്റൊന്നാകും"- അദ്ദേഹം പറഞ്ഞു. 

പാർലമെന്റിലോ നിയമസഭയിലോ നിയമനിർമാണം നടത്തുമ്പോൾ, അതു നിയമത്തിന്റെ നിർവചനത്തിൽനിന്നു വിശദമാക്കാനാകാണം. രണ്ടാമതായി നിയമം എളുപ്പത്തിൽ ഉപയോഗിക്കാവുന്ന തരത്തിൽ സാധാരണക്കാരനു മനസിലാകുന്ന ഭാഷയിൽ തയ്യാറാക്കണമെന്നും മറ്റു രാജ്യങ്ങളിൽനിന്നുള്ള ഉദാഹരണങ്ങൾ നിരത്തി പ്രധാനമന്ത്രി പറഞ്ഞു. മാറിയ സാഹചര്യത്തിൽ, നിയമം നടപ്പിലാക്കുന്നതിന്റെ സമയക്രമം നിർണയിക്കപ്പെടുകയും നിയമം വീണ്ടും അവലോകനംചെയ്യുകയും ചെയ്യുന്നു. “നീതി സുഗമമാക്കുന്നതിനായി നിയമവ്യവസ്ഥയിൽ പ്രാദേശികഭാഷയ്ക്കു വലിയ പങ്കുണ്ട്. മാതൃഭാഷയിൽ യുവാക്കൾക്കായി അക്കാദമിക ആവാസവ്യവസ്ഥയും സൃഷ്ടിക്കേണ്ടതുണ്ട്. നിയമപരിശീലനങ്ങൾ മാതൃഭാഷയിലാകണം, നമ്മുടെ നിയമങ്ങൾ ലളിതമായ ഭാഷയിലാകണം, ഹൈക്കോടതികളിലെയും സുപ്രീം കോടതികളിലെയും സുപ്രധാന കേസുകളുടെ ഡിജിറ്റൽ ലൈബ്രറികൾ പ്രാദേശികഭാഷയിലാകണം”- അദ്ദേഹം കൂട്ടിച്ചേർത്തു. 

“സമൂഹത്തിനൊപ്പം നീതിന്യായവ്യവസ്ഥയും വളരുമ്പോൾ, ആധുനികതയിലേക്കുള്ള മാറ്റത്തിനായി സ്വാഭാവികമായ പ്രവണത അതിനുണ്ടാകും. തൽഫലമായി, സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ നീതിന്യായവ്യവസ്ഥയിലൂടെയും ദൃശ്യമാണ്”- ശ്രീ മോദി പറഞ്ഞു. നീതിന്യായവ്യവസ്ഥയിൽ സാങ്കേതികവിദ്യയുടെ സംയോജനം എന്ന കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച പ്രധാനമന്ത്രി, ഇ-കോടതികളുടെയും വെർച്വൽ വാദങ്ങളുടെയും ആവിർഭാവവും ഇ-ഫയലിങ്ങുകളുടെ പ്രോത്സാഹനവും ചൂണ്ടിക്കാട്ടി. രാജ്യത്ത് 5ജിയുടെ വരവോടെ ഈ സംവിധാനങ്ങൾക്കു വലിയ ഉത്തേജനം ലഭിക്കുമെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. “ഓരോ സംസ്ഥാനവും അതിന്റെ സംവിധാനങ്ങൾ പരിഷ്കരിക്കുകയും നവീകരിക്കുകയും വേണം. നമ്മുടെ നിയമവിദ്യാഭ്യാസത്തിന്റെ പ്രധാനലക്ഷ്യം അതു സാങ്കേതികവിദ്യയ്ക്കനുസൃതമായി തയ്യാറാക്കുക എന്നതുകൂടിയായിരിക്കണം”- അദ്ദേഹം കൂട്ടിച്ചേർത്തു. 

ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സംയുക്തയോഗത്തിൽ വിചാരണത്തടവുകാരുടെ പ്രശ്നം ഉന്നയിച്ചതിനെ അനുസ്മരിച്ച്, അത്തരം കേസുകൾ തീർപ്പാക്കുന്നതിനു വേഗത്തിലുള്ള വിചാരണയ്ക്കായി പ്രവർത്തിക്കണമെന്നു പ്രധാനമന്ത്രി സമ്മേളനത്തിൽ പങ്കെടുത്ത വ്യക്തികളോട് ആവശ്യപ്പെട്ടു. വിചാരണത്തടവുകാരോടു മാനുഷികസമീപനത്തോടെ സംസ്ഥാന ഗവണ്മെന്റുകൾ പ്രവർത്തിക്കണമെന്നും അതിലൂടെ നീതിന്യായവ്യവസ്ഥ മനുഷ്യത്വപരമായി മുന്നോട്ടുപോകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. "കഴിവുറ്റ രാജ്യത്തിനും യോജിപ്പുള്ള സമൂഹത്തിനും സംവേദനക്ഷമമായ നീതിന്യായവ്യവസ്ഥ അത്യന്താപേക്ഷിതമാണ്"- ശ്രീ മോദി കൂട്ടിച്ചേർത്തു. 

ഭരണഘടനയുടെ പരമാധികാരത്തിന് അടിവരയിട്ട്, ജുഡീഷ്യറിയുടെയും ലെജിസ്ലേറ്ററിയുടെയും എക്സിക്യൂട്ടീവിന്റെയും ഉത്ഭവം ഭരണഘടനയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. “ഗവണ്മെന്റാകട്ടെ, പാർലമെന്റാകട്ടെ, നമ്മുടെ കോടതികളാകട്ടെ; ഇവ മൂന്നും ഒരുതരത്തിൽ ഒരേ അമ്മയുടെ മക്കളാണ്. അതിനാൽ, പ്രവർത്തനങ്ങൾ വ്യത്യസ്തമാണെങ്കിലും, ഭരണഘടനയുടെ അന്തഃസത്ത പരിശോധിച്ചാൽ, തർക്കത്തിനോ മത്സരത്തിനോ സാധ്യതയില്ല. ഒരമ്മയുടെ മക്കളെപ്പോലെ, മൂവരും ഭാരതമാതാവിനെ സേവിക്കണം. ഒരുമിച്ച് 21-ാം നൂറ്റാണ്ടിൽ ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കണം”- പ്രധാനമന്ത്രി പറഞ്ഞു. 

കേന്ദ്ര നിയമ-നീതിമന്ത്രി കിരൺ റിജിജു, സഹമന്ത്രി എസ് പി സിങ് ബാഘേൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

പശ്ചാത്തലം: 

നിയമ-നീതി മന്ത്രാലയമാണു ഗുജറാത്തിലെ ഏകതാനഗറിൽ രണ്ടുദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. ഇന്ത്യൻ നിയമ-നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യാൻ നയആസൂത്രകർക്കു പൊതുവേദി നൽകുക എന്നതാണു സമ്മേളനത്തിന്റെ ലക്ഷ്യം. ഈ സമ്മേളനത്തിലൂടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അവരുടെ മികച്ച രീതികൾ പങ്കിടാനും പുതിയ ആശയങ്ങൾ കൈമാറാനും പരസ്പരസഹകരണം മെച്ചപ്പെടുത്താനും കഴിയും.

വേഗത്തിലുള്ളതും താങ്ങാനാകുന്നതരത്തിലുമുള്ള നീതിക്കായുള്ള ഇടപെടൽ, മൊത്തത്തിലുള്ള നിയമപരമായ അടിസ്ഥാനസൗകര്യങ്ങൾ നവീകരിക്കൽ, കാലഹരണപ്പെട്ട നിയമങ്ങൾ നീക്കംചെയ്യൽ, നീതിയിലേക്കുള്ള പ്രവേശനം സുഗമമാക്കൽ, കേസുകൾ കെട്ടിക്കിടക്കൽ കുറയ്ക്കൽ, വേഗത്തിലുള്ള തീർപ്പുറപ്പാക്കൽ, രാജ്യത്തെ നിയമവ്യവസ്ഥയ്ക്കു കരുത്തുപകരുന്നതിനും മികച്ച കേന്ദ്ര-സംസ്ഥാന ഏകോപനത്തിനുമായി സംസ്ഥാന ബില്ലുകളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ഏകീകരിക്കൽ തുടങ്ങിയ വിഷയങ്ങളിലെ ചർച്ചകൾക്കു സമ്മേളനം സാക്ഷ്യംവഹിക്കും.

 

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi