ആരോഗ്യമേഖലയില്‍ നവീകരണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയതിന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ പ്രധാനമന്ത്രിയേയും ഇന്ത്യാ ഗവണ്‍മെന്റിനെയും അഭിനന്ദിച്ചു
''ഈ മേഖലയിലെ നിങ്ങളുടെ അജയ്യ നേട്ടം പരമ്പരാഗത മരുന്നുകളുടെ ഉപയോഗത്തില്‍ സവിശേഷമായ മാറ്റം കൊണ്ടുവരും''- ഡിജി പ്രധാനമന്ത്രിയോട് പറഞ്ഞു
പ്രധാനമന്ത്രി ഡോ. ടെഡ്രോസ് ഗബ്രിയേസസിനെ ഗുജറാത്ത് നാമമായ 'തുളസി ഭായി' എന്ന് വിശേഷിപ്പിച്ചു
''ആയുഷ് രംഗത്തെ നിക്ഷേപത്തിനും ആധുനികവല്‍ക്കരണത്തിനുമുള്ള സാധ്യതകള്‍ക്ക് പരിധിയില്ല''
''ആയുഷ് മേഖല 2014ലെ 3 ബില്യണ്‍ ഡോളറില്‍ നിന്ന് 18 ബില്യണ്‍ ഡോളറായി വളര്‍ന്നു''
''ആയുര്‍വേദ പച്ചമരുന്നുകളുടെ കലവറയാണ് ഇന്ത്യ. ഒരു തരത്തില്‍ അത് നമ്മുടെ 'ഹരിത സ്വര്‍ണ'മാണ്''
''വിവിധ രാജ്യങ്ങളുമായി കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ 50ലധികം ധാരണാപത്രങ്ങള്‍ ഒപ്പിട്ടു കഴിഞ്ഞു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുമായി സഹകരിച്ച് നമ്മുടെ ആയുഷ് വിദഗ്ധര്‍ ഐഎസ്ഒ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നു. ഇത് 150ലധികം രാജ്യങ്ങളിലായി ബൃഹത്തായ കയറ്റുമതി വിപണി തുറന്ന് നല്‍കും''
''എഫ്എസ്എസ്എഐയുടെ 'ആയുഷ് ആഹാര്‍' ഔഷധ സസ്യങ്ങളില്‍ നിന്നുള്ള പോഷകാഹാര സപ്ലിമെന്റുകള്‍ പ്രോത്സാഹിപ്പിക്കും''
''പ്രത്യേക ആയുഷ് മാര്‍ക്ക് ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ഗുണനിലവാരമുള്ള ആയുഷ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ആത്മവിശ്വാസം നല്‍കും.''
രാജ്യത്തുടനീളം ആയുഷ് ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം, ഗവേഷണം, നിര്‍മ്മാണം എന്നിവയ്ക്കായി ആയുഷ് പാര്‍ക്കുകളുടെ ശൃംഖല വികസിപ്പിക്കും''
''ആയുഷ് തെറാപ്പിക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിന് ഇന്ത്യ പ്രത്യേക ആയുഷ് വിസ വിഭാഗം ആവിഷ്‌കരിക്കും''
''ആയുര്‍വേദത്തിന്റെ അഭിവൃദ്ധിക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍ അതിന്റെ തുറന്ന ഉറവിട മാതൃകയാണ്''
''അടുത്ത 25 വര്‍ഷത്തെ അമൃത് കാലം പരമ്പരാഗത മരുന്നുകളുടെ സുവര്‍ണ്ണ കാലഘട്ടമാണെന്ന് തെളിയിക്കും''

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറത്തിലെ ഗാന്ധിനഗറിലെ മഹാത്മ മന്ദിറില്‍ നടന്ന ചടങ്ങില്‍ ആഗോള ആയുഷ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ഉച്ചകോടി ഉദ്ഘടനം ചെയ്തു മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത്, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ ഡോ. മന്‍സുഖ് മാണ്ഡവ്യ, ശ്രീ സര്‍ബാനന്ദ സോനോവാള്‍, ശ്രീ മുഞ്ജപാര മഹേന്ദ്രഭായ്, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്ന് ദിവസത്തെ ഉച്ചകോടിയുടെ ഭാഗമായി അഞ്ച് പ്ലീനറി സെഷനുകള്‍, 8 വട്ടമേശ സമ്മേളനങ്ങള്‍, ആറ് ശില്‍പ്പശാലകള്‍, രണ്ട് സിമ്പോസിയങ്ങള്‍ എന്നിവ നടക്കും. ഇതില്‍ 90 ഓളം പ്രമുഖ പ്രഭാഷകരും 100 സ്റ്റാളുകളും ഉണ്ടാകും. നിക്ഷേപ സാധ്യതകള്‍ കണ്ടെത്തുന്നതിനും നൂതനാശയങ്ങള്‍, ഗവേഷണവും വികസനവും, സ്റ്റാര്‍ട്ട് അപ്പ് ആവാസവ്യവസ്ഥ, ആതുരസേവന രംഗം എന്നിവയ്ക്ക് ഉത്തേജനം നല്‍കുന്നതിനും ഉച്ചകോടി സഹായിക്കും. വ്യവസായ പ്രമുഖര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും ഭാവിയില്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ഇത് സഹായിക്കും.

'ലോകത്തിന്റെ അഭിമാനം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാത്മാഗാന്ധിയുടെ രാജ്യത്ത് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനായതില്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസ് സന്തോഷം പ്രകടിപ്പിച്ചു. 'വസുധൈവ കുടുംബകം' എന്ന ഇന്ത്യയുടെ തത്വചിന്തയാണ് ഇന്നലെ ജാംനഗറില്‍ ലോകാരോഗ്യ സംഘടനയുടെ പാരമ്പര്യ ഔഷധങ്ങള്‍ക്കുള്ള ആഗോളകേന്ദ്രം (ജിസിടിഎം) ആരംഭിച്ചതിന് പിന്നിലെ ചാലകശക്തിയെന്ന് അദ്ദേഹം പറഞ്ഞു. ഈ കേന്ദ്രം സ്ഥാപിച്ച നടപടി ചരിത്രപരമാണെന്ന് പറഞ്ഞ അദ്ദേഹം നടപടി വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നും പറഞ്ഞു. തെളിവുകള്‍, ഡാറ്റ, സുസ്ഥിരത, പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഉപയോഗം ഒപ്റ്റിമൈസേഷന്‍ എന്നിവയുടെ അജണ്ട നടപ്പിലാക്കുന്നതിന് കേന്ദ്രത്തെ നവീകരണത്തിന്റെ ഒരു എഞ്ചിനായി രൂപകല്‍പ്പന ചെയ്തതായി അദ്ദേഹം പറഞ്ഞു. പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ നൂതനാശയങ്ങളുടെ ശക്തി പ്രയോജനപ്പെടുത്തിയതില്‍ പ്രധാനമന്ത്രിയെയും ഇന്ത്യന്‍ ഗവണ്‍മെന്റിനെയും അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യന്‍ ആശുപത്രികളില്‍ നടക്കുന്ന ഡാറ്റയുടെയും സംയോജിത വിവര പങ്കിടല്‍ സംവിധാനങ്ങളുടെയും ഉപയോഗത്തെ അദ്ദേഹം അഭിനന്ദിച്ചു. പാരമ്പര്യ വൈദ്യശാസ്ത്രത്തില്‍ ഗവേഷണങ്ങള്‍ നടത്തുന്നതിനുള്ള വിവര ശേഖരണം നടത്തിയ ആയുഷ് മന്ത്രാലയത്തെ അദ്ദേഹം അഭിനന്ദിച്ചു.

ആയുഷ് ഉല്‍പ്പന്നങ്ങളുടെ ആഗോള ആവശ്യകതയും നിക്ഷേപവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് വരുകയാണെന്നും ഇന്ത്യ മുഴുവന്‍ ലോകത്തേക്ക് പോകുകയാണെന്നും ഡിജി പറഞ്ഞു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സുസ്ഥിരവും നീതിയുക്തവുമായ രീതിയില്‍ നൂതനാശയങ്ങള്‍, വ്യവസായം, ഗവണ്‍മെന്റ് എന്നിവര്‍ പരമ്പരാഗത മരുന്നുകള്‍ വികസിപ്പിക്കുകയും ഈ പാരമ്പര്യങ്ങള്‍ വികസിപ്പിച്ചെടുത്ത കമ്മ്യൂണിറ്റികളുടെ താല്‍പ്പര്യം സംരക്ഷിക്കുകയും ചെയ്യുന്നത് ബൗദ്ധിക സ്വത്തിന്റെ ഫലങ്ങള്‍ പങ്കിടുന്നത് ഉള്‍പ്പെടെ ഈ മരുന്നുകള്‍ വിപണിയില്‍ കൊണ്ടുവരുമ്പോള്‍ ഗുണം ചെയ്യും. പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഡിജി പ്രസംഗം അവസാനിപ്പിച്ചത് 'ഈ സുപ്രധാന സംരംഭത്തെ പിന്തുണച്ചതിന് അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു പരമ്പരാഗത മരുന്നുകളുടെ ഉപയോഗത്തിന്റ കേന്ദ്രം എന്ന നില കൂടാതെ നിങ്ങളുടെ മുന്നേറ്റത്തിനും പ്രകടമായ മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,' ലോകാരോഗ്യ സംഘടന ഡിജി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോട് പറഞ്ഞു. പാരമ്പര്യ വൈദ്യശാസ്ത്ര രംഗത്തോട് പ്രകടിപ്പിക്കുന്ന പ്രതിബദ്ധതയ്ക്ക് മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നൗത്തിനെയും അദ്ദേഹം അഭിനന്ദിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ അതേ വര്‍ഷം ലോകാരോഗ്യ സംഘടന 75 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ സന്തോഷകരമായ യാദൃശ്ചികതയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

പാരമ്പര്യ വൈദ്യശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ട് നല്‍കി വരുന്ന സംഭാവനകളുടെ പേരില്‍ ഇന്ത്യയേയും ഗുജറാത്തിനേയും ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത് അഭിനന്ദിച്ചു. മൗറീഷ്യസിന്റെ ആരോഗ്യരംഗത്ത് ഇന്ത്യ നല്‍കുന്ന പിന്തുണയും അദ്ദേഹം എടുത്തു പറഞ്ഞു. ഇന്ത്യയുമായുള്ള പൊതുവായ വംശപരമ്പരയെക്കുറിച്ച് പരാമര്‍ശിച്ച മൗറീഷ്യസ് പ്രധാനമന്ത്രി തന്റെ രാജ്യത്ത് ആയുര്‍വേദത്തിന് നല്‍കുന്ന പ്രാധാന്യം ആവര്‍ത്തിച്ച് വ്യക്തമാക്കി.  മൗറീഷ്യസില്‍ ആയുര്‍വേദ ആശുപത്രി സ്ഥാപിക്കാനുള്ള പദ്ധതിയെക്കുറിച്ച് അറിയിക്കുന്നതിനൊപ്പം ആദ്യ ലോക്ക്ഡൗണ്‍ സമയത്ത് പരമ്പരാഗത മരുന്നുകള്‍ സംഭാവന ചെയ്തതിന് ഇന്ത്യയ്ക്ക് നന്ദി പറയുകയും ചെയ്തു. 'ഇന്ത്യന്‍ ഗവണ്‍മെന്റിനോടും പ്രത്യേകിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയോടും ഞങ്ങള്‍ എക്കാലവും കടപ്പെട്ടിരിക്കുന്ന സഹകരണത്തിന്റെ മേഖലയിലെ നിരവധി കാര്യങ്ങളില്‍ ഒന്നായിരുന്നു ഇത്'- ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നൗത്ത് പറഞ്ഞു.

ജനങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് ആയുഷ് ശക്തമായ പിന്തുണ നല്‍കുകയും ആയുഷ് ഉല്‍പ്പന്നങ്ങള്‍ക്കായുള്ള താല്‍പര്യവും ആവശ്യകതയും വര്‍ധിക്കുകയും ചെയ്ത കോവിഡ് മഹാമാരിയുടെ കാലത്താണ് ഗ്ലോബല്‍ ആയുഷ് ഇന്‍വസ്റ്റ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ഉച്ചകോടി എന്ന ആശയം തനിക്ക് ലഭിച്ചതെന്ന്  പ്രധാനമന്ത്രി പറഞ്ഞു. പകര്‍ച്ചവ്യാധിയെ നേരിടാനുള്ള ഇന്ത്യന്‍ ശ്രമങ്ങളെ അനുസ്മരിച്ച പ്രധാനമന്ത്രി കൃത്യമായ സമയത്ത് നിക്ഷേപം ലഭിക്കുകയാണെങ്കില്‍ ആധുനിക ഫാര്‍മ കമ്പനികളും വാക്സിന്‍ നിര്‍മ്മാതാക്കളും പ്രകടിപ്പിക്കുന്ന മികവിനെക്കുറിച്ചും പരാമര്‍ശിച്ചു. 'കൊറോണ വാക്സിന്‍ ഇത്ര വേഗം വികസിപ്പിക്കാന്‍ കഴിയുമെന്ന് ആരെങ്കിലും ചിന്തിച്ചിരുന്നോ?', അദ്ദേഹം ചോദിച്ചു.

''ആയുഷ് മരുന്നുകള്‍, സപ്ലിമെന്റുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ഉല്‍പ്പാദനത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്ക് നാം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. 2014 ല്‍ ആയുഷ് മേഖല 3 ബില്യണ്‍ ഡോളറില്‍ താഴെയായിരുന്നിടത്ത്, ഇന്ന് അത് 18 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചു'' ആയുഷ് മേഖല കൈവരിച്ച മുന്നേറ്റങ്ങളെക്കുറിച്ച് വിവരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. പാരമ്പര്യ മരുന്നുകളുടെ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ആയുഷ് മന്ത്രാലയം നിരവധി സുപ്രധാന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ വികസിപ്പിച്ചെടുത്ത ഇന്‍ക്യുബേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തതായി മോദി അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യം, യൂണികോണുകളുടെ കാലഘട്ടം എന്നിവ വിവരിച്ച പ്രധാനമന്ത്രി, 2022 ല്‍ ഇതുവരെ ഇന്ത്യയില്‍ നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണ്‍ ക്ലബ്ബില്‍ ചേര്‍ന്നതായി അറിയിച്ചു. 'ഞങ്ങളുടെ ആയുഷ് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് യൂണികോണുകള്‍ ഉടന്‍ തന്നെ ഉയര്‍ന്നുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്' അദ്ദേഹം പറഞ്ഞു. ഔഷധസസ്യങ്ങളുടെ ഉല്‍പാദനം കര്‍ഷകരുടെ വരുമാനവും ഉപജീവനമാര്‍ഗവും വര്‍ ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള സാധ്യതകള്‍ നല്‍കുന്നുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഔഷധസസ്യങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് വിപണിയുമായി വേഗത്തില്‍ ബന്ധപ്പെടാനുള്ള സൗകര്യത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. ഇതിനായി, ആയുഷ് ഇ-മാര്‍ക്കറ്റ് സ്ഥലത്തിന്റെ ആധുനികവല്‍ക്കരണത്തിനും വിപുലീകരണത്തിനും ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യ ഔഷധസസ്യങ്ങളുടെ നിധി ശേഖരമാണ്, അത് ഒരു തരത്തില്‍ നമ്മുടെ 'ഹരിത സ്വര്‍ണം' ആണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ആയുഷ് ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ആയുഷ് മരുന്നുകള്‍ക്ക് മറ്റു രാജ്യങ്ങളുമായി പരസ്പര അനുമതിയുള്ള അംഗീകാരത്തിന് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഇതിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വിവിധ രാജ്യങ്ങളുമായി 50 ലധികം ധാരണാപത്രങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്. 'ഞങ്ങളുടെ ആയുഷ് വിദഗ്ധര്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡുമായി സഹകരിച്ച് ഐഎസ്ഒ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുകയാണ്. ഇത് 150 ലധികം രാജ്യങ്ങളില്‍ ആയുഷിനായി ഒരു വലിയ കയറ്റുമതി വിപണി തുറക്കും' അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞയാഴ്ച എഫ്എസ്എസ്എഐ 'ആയുഷ് ആഹാര്‍' എന്ന പേരില്‍ ഒരു പുതിയ വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇത് ഹെര്‍ബല്‍ പോഷകാഹാര സപ്ലിമെന്റുകളുടെ നിര്‍മ്മാതാക്കള്‍ക്ക് വളരെയധികം പ്രയോജനം നല്‍കും. അതുപോലെ, ഇന്ത്യയും ഒരു പ്രത്യേക ആയുഷ് അടയാളം സൃഷ്ടിക്കാന്‍ പോകുകയാണ്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ഉയര്‍ന്ന ഗുണനിലവാരമുള്ള ആയുഷ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈ മാര്‍ക്ക് ബാധകമാക്കും. ഈ ആയുഷ് മാര്‍ക്കില്‍ ആധുനിക സാങ്കേതികവിദ്യയുടെ വ്യവസ്ഥകള്‍ അടങ്ങിയിരിക്കും. ഇത് ഗുണമേന്മയുള്ള ആയുഷ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ആത്മവിശ്വാസം ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തുടനീളം ആയുഷ് ഉല്‍പ്പന്നങ്ങളുടെ പ്രോത്സാഹനം, ഗവേഷണം, നിര്‍മ്മാണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ആയുഷ് പാര്‍ക്കുകളുടെ ശൃംഖല വികസിപ്പിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ഈ ആയുഷ് പാര്‍ക്കുകള്‍ ഇന്ത്യയിലെ ആയുഷ് ഉല്‍പ്പാദനത്തിന് പുതിയ ദിശാബോധം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പാരമ്പര്യ വൈദ്യശാസ്ത്രത്തിന്റെ സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ വിനോദസഞ്ചാര മേഖല വികസിപ്പിക്കുന്ന തില്‍ പാരമ്പര്യ മരുന്നുകളുടെ പങ്ക് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. 'ഈ സാധ്യത ഇന്ത്യയുടെ എല്ലാ കോണിലും ഉണ്ട്.' ഇന്ത്യയില്‍ ആയുഷ് ഈ ദശകത്തിലെ ഒരു വലിയ ബ്രാന്‍ഡായി മാറും'- അദ്ദേഹം പറഞ്ഞു. ആയുര്‍വേദം, യുനാനി, സിദ്ധ മുതലായവയെ അടിസ്ഥാനമാക്കിയുള്ള സുഖചികിത്സാകേന്ദ്രങ്ങള്‍ വളരെയേറെ ജനപ്രിയമായിരിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആയുഷ് തെറാപ്പി പ്രയോജനപ്പെടുത്താന്‍ ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കായി ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'താമസിയാതെ, ഇന്ത്യ ഒരു പ്രത്യേക ആയുഷ് വിസ വിഭാഗം അവതരിപ്പിക്കാന്‍ പോകുന്നു. ആയുഷ് തെറാപ്പിക്കായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ ഇത് ജനങ്ങള്‍ക്ക് സൗകര്യമൊരുക്കും,'' പ്രധാനമന്ത്രി പറഞ്ഞു. 

കെനിയയിലെ മുന്‍ പ്രധാനമന്ത്രി റെയ്ല ഒഡിംഗയുടെ മകള്‍ റോസ്മേരി ഒഡിംഗ ആയുഷ് ചികിത്സയ്ക്ക് ശേഷം കാഴ്ചശക്തി വീണ്ടെടുത്തതായി പറഞ്ഞ നരേന്ദ്ര മോദി ആയുര്‍വേദത്തിന്റെ വിജയമാണിതെന്ന് പറഞ്ഞു. റോസ്മേരി ഒഡിംഗ സദസ്സില്‍ ഉണ്ടായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ അതിന്റെ അനുഭവങ്ങളും അറിവുകളും ലോകവുമായി പങ്കുവെച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 'നമ്മുടെ പൈതൃകം മുഴുവന്‍ മനുഷ്യരാശിക്കും ഒരു പൈതൃകം പോലെയാണ്', അദ്ദേഹം പറഞ്ഞു. ആയുര്‍വേദത്തിന്റെ അഭിവൃദ്ധിക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ തുറന്ന ഉറവിട മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഐ.ടി മേഖലയിലെ തുറന്ന ഉറവിടവുമായി ഇതിനെ താരതമ്യം ചെയ്ത പ്രധാനമന്ത്രി, അറിവ് പങ്കുവയ്ക്കുന്നതിലൂടെ ആയുര്‍വേദ പാരമ്പര്യം അനുദിനം ശക്തിയാര്‍ജ്ജിക്കുമെന്ന് പറഞ്ഞു. നമ്മുടെ പൂര്‍വികരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തുറന്ന ഉറവിടത്തിന്റെ അതേ മനോഭാവത്തോടെ പ്രവര്‍ ത്തിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. അടുത്ത 25 വര്‍ഷത്തേക്കുള്ള അമൃത് കാലം പാരമ്പര്യ മരുന്നുകളുടെ സുവര്‍ണ കാലമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വ്യക്തിപരവും രസകരവുമായ ഒരു വസ്തുത പങ്കുവച്ചാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. ഡോ. ടെഡ്രോസ് ഗെബ്രിയേസസിന്റെ ഇന്ത്യയോടുള്ള സ്‌നേഹവും ഇന്ത്യന്‍ അധ്യാപകരോടുള്ള ആദരവും ഗുജറാത്തിനോടുള്ള സ്നേഹവും വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി അദ്ദേഹത്തിന് 'തുളസി ഭായ്' എന്ന ഗുജറാത്തി നാമം നല്‍കി. ഇന്ത്യന്‍ പാരമ്പര്യത്തില്‍ തുളസിയുടെ ശുഭകരവും ഉന്നതവുമായ പദവി അദ്ദേഹം സദസ്സിനോടും ലോകാരോഗ്യ സംഘടനയുടെ ഡിജിയോടും വിശദീകരിക്കുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുത്തതിന് ഡിജിക്കും മൗറീഷ്യസ് പ്രധാനമന്ത്രി ശ്രീ പ്രവിന്ദ് കുമാര്‍ ജുഗ്നൗത്തിനും അദ്ദേഹം നന്ദി പറയുകയും ചെയ്തു.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi