പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ജി20 തൊഴിൽ മന്ത്രിമാരുടെ യോഗത്തെ വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
വിശിഷ്ടാതിഥികളെ ഇൻഡോറിലേക്കു സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ചരിത്രപരവും ഊർജസ്വലവുമായ നഗരം അതിന്റെ സമ്പന്നമായ പാചകപാരമ്പര്യങ്ങളിൽ അഭിമാനിക്കുന്നുവെന്നും വിശിഷ്ടാതിഥികൾക്കു നഗരം അതിന്റെ എല്ലാ വർണങ്ങളിലും രുചികളിലും ആസ്വദിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തികവും സാമൂഹ്യവുമായ ഘടകങ്ങളിലൊന്നാണു തൊഴിലെന്നു പറഞ്ഞ പ്രധാനമന്ത്രി, തൊഴിൽ മേഖലയിലെ ഏറ്റവും വലിയ ചില മാറ്റങ്ങളുടെ പടിവാതിൽക്കൽ എത്തിനിൽക്കുകയാണു ലോകമെന്നു ചൂണ്ടിക്കാട്ടി. ദ്രുതഗതിയിലുള്ള ഈ പരിവർത്തനങ്ങളെ അഭിസംബോധന ചെയ്യാൻ പ്രതികരണാത്മകവും ഫലപ്രദവുമായ തന്ത്രങ്ങൾ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയ്ക്കും അദ്ദേഹം ഊന്നൽ നൽകി. നാലാം വ്യാവസായിക വിപ്ലവത്തിന്റെ ഈ കാലഘട്ടത്തിൽ, സാങ്കേതികവിദ്യ തൊഴിലവസരങ്ങളുടെ പ്രധാന ചാലകശക്തിയായി മാറിയെന്നും അതേ രീതിയിൽ നിലനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ പരിവർത്തനവേളയിൽ എണ്ണമറ്റ സാങ്കേതിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള ഇന്ത്യയുടെ കഴിവ് അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരം പരിവർത്തനങ്ങളുടെ പുതിയ തരംഗത്തിനു നേതൃത്വം നൽകുന്ന നിരവധി സ്റ്റാർട്ടപ്പുകളുടെ ആസ്ഥാനമാണ് ആതിഥേയ നഗരമായ ഇൻഡോറെന്നും അദ്ദേഹം പറഞ്ഞു.
നൂതന സാങ്കേതികവിദ്യകളും പ്രക്രിയകളും ഉപയോഗിച്ചു തൊഴിലാളികൾക്കു വൈദഗ്ധ്യകേുന്നതിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, നൈപുണ്യവും നവവൈദഗ്ധ്യവും വിപുല വൈദഗ്ധ്യവും ഭാവിയിലെ തൊഴിലാളികളുടെ മന്ത്രങ്ങളാണെന്നും വ്യക്തമാക്കി. ഇതു യാഥാർഥ്യമാക്കുന്ന ഇന്ത്യയുടെ 'സ്കിൽ ഇന്ത്യ മിഷൻ', ഇന്ത്യയിലെ 12.5 ദശലക്ഷത്തിലധികം യുവാക്കളെ ഇതുവരെ പരിശീലിപ്പിച്ച 'പ്രധാനമന്ത്രി കൗശൽ വികാസ് യോജന' എന്നിവയുടെ ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. "നിർമിതബുദ്ധി, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഡ്രോണുകൾ എന്നിവയുൾപ്പെടെ വ്യവസായ ‘4.0’ മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നു"- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് ഇന്ത്യയിലെ മുൻനിര ആരോഗ്യ പ്രവർത്തകരുടെ വൈദഗ്ധ്യവും അർപ്പണബോധവും എടുത്തുപറഞ്ഞ പ്രധാനമന്ത്രി, അത് ഇന്ത്യയുടെ സേവനത്തിന്റെയും അനുകമ്പയുടെയും സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും വ്യക്തമാക്കി. വൈദഗ്ധ്യമുള്ള തൊഴിൽശക്തി ലഭ്യമാക്കുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി മാറാനുള്ള കെൽപ്പ് ഇന്ത്യക്കുണ്ട്. ആഗോളതലത്തിൽ ചലനാത്മകതയുള്ള തൊഴിൽശക്തി ഭാവിയിൽ യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. യഥാർഥ അർഥത്തിൽ നൈപുണ്യവികസനവും പങ്കിടലും ആഗോളവൽക്കരിക്കുന്നതിൽ ജി-20യുടെ പങ്കിനെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു. നൈപുണ്യവും യോഗ്യതയും കണക്കിലെടുത്തു തൊഴിലുകൾ അന്താരാഷ്ട്രതലത്തിൽ പരാമർശിക്കാൻ അംഗരാജ്യങ്ങൾ നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇതിന് അന്താരാഷ്ട്ര സഹകരണത്തിന്റെയും ഏകോപനത്തിന്റെയും പുതിയ മാതൃകകളും കുടിയേറ്റ-ചലനക്ഷമതാ പങ്കാളിത്തവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലുടമകളെയും തൊഴിലാളികളെയും കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും വിവരങ്ങളും ഡാറ്റയും പങ്കിടാൻ അദ്ദേഹം നിർദേശിച്ചു. ഇതു മികച്ച നൈപുണ്യത്തിനും തൊഴിൽശക്തി ആസൂത്രണത്തിനും തൊഴിൽ നേടുന്നതിനുമുള്ള തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയങ്ങൾ രൂപപ്പെടുത്താൻ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കു കരുത്തേകും.
മഹാമാരിക്കാലത്തു പ്രതിരോധത്തിന്റെ നെടുംതൂണായി ഉയർന്നുവന്ന ഗിഗ് ആൻഡ് പ്ലാറ്റ്‌ഫോം സമ്പദ്‌വ്യവസ്ഥയിലെ പുതിയ വിഭാഗം തൊഴിലാളികളുടെ പരിണാമമാണു പരിവർത്തനപരമായ മാറ്റമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇതു സൗകര്യപ്രദമായ പ്രവർത്തനക്രമീകരണങ്ങൾ വാഗ്ദാനം ചെയ്യുന്നതായും വരുമാനസ്രോതസ്സുകൾക്കു പൂരകമാകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക ശാക്തീകരണത്തിനുള്ള പരിവർത്തന ഉപകരണമായി മാറുന്നതിനൊപ്പം, വിശേഷിച്ചും യുവാക്കൾക്കു നേട്ടമുണ്ടാക്കുന്ന തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അനന്തമായ സാധ്യതകൾ ഇതിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഈ പുതുയുഗത്തിലെ തൊഴിലാളികൾക്കായി പുതിയ കാലത്തെ നയങ്ങളും ഇടപെടലുകളും രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്കും ശ്രീ മോദി ഊന്നൽ നൽകി. സ്ഥിരമായ ജോലിക്കുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിനു സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്താനും സാമൂഹ്യസുരക്ഷ, ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കാൻ പുതിയ മാതൃകകൾ കൊണ്ടുവരാനും അദ്ദേഹം നിർദേശിച്ചു. ഏകദേശം 280 ദശലക്ഷം രജിസ്ട്രേഷനുകൾ കണ്ട ഇന്ത്യയുടെ ‘ഇ-ശ്രം പോർട്ടലി’നെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഈ തൊഴിലാളികൾക്കായി ലക്ഷ്യമിട്ടുള്ള ഇടപെടലുകൾക്കായി ഇതു പ്രയോജനപ്പെടുത്തുന്നതായും ചൂണ്ടിക്കാട്ടി. അന്തർദേശീയതലത്തിലുള്ളതാണു ജോലിയുടെ സ്വഭാവം എന്നതിനാൽ രാജ്യങ്ങളും സമാനമായ പ്രതിവിധികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾക്കു സാമൂഹ്യപരിരക്ഷ നൽകുക എന്നത് 2030-ലെ കാര്യപരിപാടിയുടെ പ്രധാന വശമാണെങ്കിലും, അന്താരാഷ്ട്ര സംഘടനകൾ സ്വീകരിച്ച നിലവിലെ ചട്ടക്കൂട്, ചില ഇടുങ്ങിയ വഴികളിൽ ക്രമീകരിച്ചിട്ടുള്ള ആനുകൂല്യങ്ങൾക്കു മാത്രമേ കാരണമാകൂ എന്നും മറ്റു രൂപങ്ങളിൽ നൽകുന്ന നിരവധി ആനുകൂല്യങ്ങൾ ഈ ചട്ടക്കൂടിനു കീഴിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ സാമൂഹ്യസുരക്ഷാ പരിരക്ഷയുടെ ശരിയായ ചിത്രം മനസിലാക്കുന്നതിനു സാർവത്രിക പൊതുജനാരോഗ്യം, ഭക്ഷ്യസുരക്ഷ, ഇൻഷുറൻസ്, പെൻഷൻ പദ്ധതികൾ തുടങ്ങിയ ആനുകൂല്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ടെന്നു ശ്രീ മോദി പറഞ്ഞു. "ഓരോ രാജ്യത്തിന്റെയും സമാനതകളില്ലാത്ത സാമ്പത്തിക ശേഷി, കരുത്തുകൾ, വെല്ലുവിളികൾ എന്നിവ നാം പരിഗണിക്കണം. സാമൂഹ്യപരിരക്ഷയുടെ സുസ്ഥിര ധനസഹായത്തിന് ഏവരിലും ഒരേ രീതിയിലുള്ള സമീപനം സ്വീകരിക്കുന്നത് അനുയോജ്യമല്ല"- അദ്ദേഹം പറഞ്ഞു.
പ്രസംഗം ഉപസംഹരിക്കവേ, ലോകമെമ്പാടുമുള്ള എല്ലാ തൊഴിലാളികളുടെയും ക്ഷേമത്തിനായി ഈ കൂടിക്കാഴ്ച ശക്തമായ സന്ദേശം നൽകുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഈ മേഖലയിലെ ഏറ്റവും അടിയന്തിരമായ ചില പ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ പ്രമുഖരും നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.