"വ്യക്തികൾ മുതൽ രാജ്യങ്ങൾവരെ എല്ലാ തലങ്ങളിലും ഊർജം വികസനത്തെ സ്വാധീനിക്കുന്നു"
"നിശ്ചയിച്ചതിന് ഒമ്പതുവർഷംമുമ്പ് ഇന്ത്യ ഫോസിൽ ഇതര സ്ഥാപിത വൈദ്യുതശേഷി ലക്ഷ്യം കൈവരിച്ചു"
"ഏവരെയും ഉൾക്കൊള്ളുന്ന, അതിജീവനശേഷിയുള്ള, തുല്യവും സുസ്ഥിരവുമായ ഊർജത്തിനായി പ്രവർത്തിക്കാനാണു ഞങ്ങളുടെ ശ്രമം"
"പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹരിത ഊർജശൃംഖലകൾ എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നത്, നമ്മുടെ കാലാവസ്ഥാലക്ഷ്യങ്ങൾ നിറവേറ്റാനും ഹരിതനിക്ഷേപത്തിന് ഉത്തേജനമേകാനും ദശലക്ഷക്കണക്കിനു ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നമ്മെയേവരെയും പ്രാപ്തരാക്കും"
"നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും എല്ലായ്പ്പോഴും നമ്മുടെ 'ഏകഭൂമി' സംരക്ഷിക്കാനും നമ്മുടെ 'ഏകകുടുംബത്തിന്റെ' താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഹരിതാഭമായ 'ഏകഭാവി'യിലേക്കു നീങ്ങാനുമുതകണം"

ഗോവയിൽ നടന്ന ജി20 ഊർജമന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

വിശിഷ്ടാതിഥികളെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഊർജം എല്ലാതലങ്ങളിലുമുള്ള വ്യക്തികളുടെയും രാജ്യങ്ങളുടെയും വികസനത്തെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഭാവി, സുസ്ഥിരത, വളർച്ച, വികസനം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ഊർജത്തെക്കുറിച്ചു പരാമർശിക്കാതെ പൂർണമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഓരോ രാജ്യത്തിനും ഊർജപരിവർത്തനത്തിൽ വ്യത്യസ്തമായ യാഥാർഥ്യവും പാതയുമുണ്ടെങ്കിലും എല്ലാ രാജ്യത്തിന്റെയും ലക്ഷ്യങ്ങൾ ഒന്നുതന്നെയാണെന്നു താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ഹരിത വളർച്ചയിലും ഊർജപരിവർത്തനത്തിലും ഇന്ത്യയുടെ ശ്രമങ്ങളിലേക്കു വെളിച്ചം വീശിയ അദ്ദേഹം, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ളതും അതിവേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയുള്ളതുമായ രാജ്യമാണ് ഇന്ത്യയെന്നും, എന്നിട്ടും കാലാവസ്ഥാ പ്രതിബദ്ധതകളിലേക്കു ശക്തമായി രാജ്യം നീങ്ങുകയാണെന്നും ചൂണ്ടിക്കാട്ടി. ഫോസിൽ ഇതര സ്ഥാപിത വൈദ്യുതശേഷി ലക്ഷ്യം ഇന്ത്യ നിശ്ചയിച്ചതിനും ഒമ്പതു വർഷം മുമ്പു കൈവരിച്ചെന്നും ഉയർന്ന ലക്ഷ്യം നിശ്ചയിച്ചി‌ട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. 2030-ഓടെ 50 ശതമാനം ഫോസിൽ ഇതര സ്ഥാപിതശേഷി കൈവരിക്കാനാണു രാജ്യം പദ്ധതിയിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. "സൗരോർജത്തിന്റെയും പവനോർജത്തിന്റെയും കാര്യത്തിൽ ആഗോളതലത്തിൽ മുൻനിരയിലുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ" - പാവഗഡ സോളാർ പാർക്ക്, മൊഢേര സോളാർ ഗ്രാമം എന്നിവ സന്ദർശിച്ചതിലൂടെ സംശുദ്ധ ഊർജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ നിലവാരത്തിനും തോതിനും സാക്ഷ്യം വഹിക്കാൻ പ്രവർത്തകസമിതി പ്രതിനിധികൾക്ക് അവസരം ലഭിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു.

190 ദശലക്ഷത്തിലധികം കുടുംബങ്ങളെ എൽപിജി ഉപയോഗിച്ച് ഇന്ത്യ കൂട്ടിയിണക്കിയിട്ടുണ്ടെന്നും എല്ലാ ഗ്രാമങ്ങളെയും വൈദ്യുതിയുമായി ബന്ധിപ്പിക്കുന്ന ചരിത്രപരമായ നാഴികക്കല്ലു രേഖപ്പെടുത്തിയെന്നും കഴിഞ്ഞ 9 വർഷത്തെ രാജ്യത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഏതാനും വർഷങ്ങൾക്കുള്ളിൽ ജനസംഖ്യയുടെ 90 ശതമാനത്തിലധികം പേരെയും ഉൾക്കൊള്ളാൻ ശേഷിയുള്ള  പൈപ്പിലുടെ പാചകവാതകം എത്തിക്കുന്നതിനുള്ള പ്രവർത്തനത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. "എല്ലാവരെയും ഉൾക്കൊള്ളുന്നതും അതിജീവനശേഷിയുള്ളതും തുല്യവും സുസ്ഥിരവുമായ ഊർജത്തിനായി പ്രവർത്തിക്കാനാണു ഞങ്ങളുടെ ശ്രമം" - അദ്ദേഹം കൂട്ടിച്ചേർത്തു.

2015-ൽ, എൽഇഡി ലൈറ്റുകളുടെ ഉപയോഗത്തിനായുള്ള പദ്ധതി ആരംഭിച്ച്, ഇന്ത്യ ഒരു ചെറിയ പ്രസ്ഥാനത്തിനു തുടക്കമിട്ടതായി പ്രധാനമന്ത്രി അറിയിച്ചു. ഇതു ലോകത്തിലെ ഏറ്റവും വലിയ എൽഇഡി വിതരണ പരിപാടിയായി മാറി. ഇതു പ്രതിവർഷം 45 ബില്യൺ യൂണിറ്റിലധികം ഊർജം ലാഭിക്കുന്നു. കാർഷിക പമ്പുകൾ സൗരോർജത്തിലൂടെ പ്രവർത്തിക്കുന്നതാക്കുന്നതിനായുള്ള ലോകത്തിലെ ഏറ്റവും വലിയ സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ചും 2030 ഓടെ ഇന്ത്യയുടെ ആഭ്യന്തര വൈദ്യുത വാഹന വിപണിയുടെ വാർഷിക വിൽപ്പന 10 ദശലക്ഷം ആകുമെന്ന കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. ഈ വർഷം 20 ശതമാനം എഥനോൾ മിശ്രണം ചെയ്ത പെട്രോൾ പുറത്തിറക്ക‌ിയതും 2025ഓടെ ഇതു രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന്, ബദൽ മാർഗമെന്ന നിലയിൽ, ഹരിത ഹൈഡ്രജന്റെ കാര്യത്തിൽ ദൗത്യമെന്ന നിലയിൽ രാജ്യം പ്രവർത്തിക്കുകയാണ്. ഹരിത ഹൈഡ്രജന്റെയും അതിന്റെ ഡെറിവേറ്റീവുകളുടെയും  ഉൽപ്പാദനത്തിനും ഉപയോഗത്തിനും കയറ്റുമതിക്കുമുള്ള ആഗോളകേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയാണു ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

സുസ്ഥിരവും നീതിയുക്തവും താങ്ങാനാകുന്ന നിരക്കിലുള്ളതും ഏവരെയും ഉൾക്കൊള്ളുന്നതും സംശുദ്ധവുമായ ഊർജ പരിവർത്തനത്തിനായി ലോകം ജി-20 സംഘത്തെ ഉറ്റുനോക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഗ്ലോബൽ സൗത്തിനെ ഒപ്പം കൊണ്ടുപോകേണ്ടതിന്റെയും വികസ്വര രാജ്യങ്ങൾക്കു കുറഞ്ഞ ചെലവിൽ ധനസഹായം ഉറപ്പാക്കുന്നതിന്റെയും പ്രാധാന്യത്തിനും ഊന്നൽ നൽകി. സാങ്കേതിക വിടവുകൾ നികത്തുന്നതിനും ഊർജസുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിനും വിതരണശൃംഖലകൾ വൈവിധ്യവൽക്കരിക്കുന്നതിനുമുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനും അദ്ദേഹം ഊന്നൽ നൽകി. ‘ഭാവിയിലെ ഇന്ധനങ്ങൾ’ സംബന്ധിച്ച സഹകരണം ശക്തമാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. ‘ഹൈഡ്രജനെ സംബന്ധിച്ച ഉന്നതതല തത്വങ്ങൾ’ ശരിയായ ദിശയിലേക്കുള്ള ചുവടുവയ്പാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്തർദേശീയ ഊർജശൃംഖലയുടെ പരസ്പരബന്ധങ്ങൾക്ക് ഊർജസുരക്ഷ വർധിപ്പിക്കാൻ കഴിയുമെന്നു പറഞ്ഞ അദ്ദേഹം, അയൽരാജ്യങ്ങളുമായി പരസ്പരപ്രയോജനകരമായ ഈ സഹകരണത്തെ ഇന്ത്യ പ്രോത്സാഹിപ്പിക്കുകയാണെന്നും കൂട്ടിച്ചേർത്തു. "പരസ്പരം ബന്ധിപ്പിക്കപ്പെട്ട ഹരിത ഊർജശൃംഖലകൾ എന്ന കാഴ്ചപ്പാടു സാക്ഷാത്കരിക്കുന്നത്, നമ്മുടെ കാലാവസ്ഥാലക്ഷ്യങ്ങൾ നിറവേറ്റാനും ഹരിതനിക്ഷേപത്തിന് ഉത്തേജനമേകാനും ദശലക്ഷക്കണക്കിനു ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നമ്മെയേവരെയും പ്രാപ്തരാക്കും" -പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര സൗരസഖ്യത്തിന്റെ 'ഒരു സൂര്യൻ, ഒരു ലോകം, ഒരു ശൃംഖല'  എന്ന ഹരിത ഊർജശൃംഖല സംരംഭത്തിന്റെ ഭാഗമാകാൻ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളെയും അദ്ദേഹം സ്വാഗതം ചെയ്തു.

ചുറ്റുപാടുകളെ പരിപാലിക്കുന്നതു സ്വാഭാവികമോ സാംസ്കാരികമോ ആകാമെന്നും, എന്നാൽ ഇന്ത്യയുടെ പരമ്പരാഗത ജ്ഞാനമാണു മിഷൻ ലൈഫിനെ (പരിസ്ഥിതിക്കിണങ്ങുന്ന ജീവിതശൈലി) ശക്തിപ്പെടുത്തുന്നതെന്നും, ഈ ജനകീയ മുന്നേറ്റം നമ്മെ ഓരോരുത്തരെയും കാലാവസ്ഥാ ചാമ്പ്യന്മാരാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. "നമ്മുടെ ചിന്തകളും പ്രവർത്തനങ്ങളും എല്ലായ്പ്പോഴും നമ്മുടെ 'ഏകഭൂമി' സംരക്ഷിക്കാനും നമ്മുടെ 'ഏകകുടുംബത്തിന്റെ' താൽപ്പര്യങ്ങൾ സംരക്ഷിക്കാനും ഹരിതാഭമായ 'ഏകഭാവി'യിലേക്കു നീങ്ങാനുമുതകണം" - പ്രധാനമന്ത്രി ഉപസംഹരിച്ചു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi