"വിദ്യാഭ്യാസം നമ്മുടെ നാഗരികത കെട്ടിപ്പടുത്തതിന്റെ അടിത്തറ മാത്രമല്ല, അത് മനുഷ്യരാശിയുടെ ഭാവിയുടെ ശിൽപ്പി കൂടിയാണ്"
"യഥാർഥ അറിവ് വിനയമേകുന്നു, വിനയത്തിൽനിന്ന് മൂല്യമുണ്ടാകുന്നു, മൂല്യത്തിൽനിന്ന് സമ്പത്ത് ലഭിക്കും, സമ്പത്ത് ഒരു വ്യക്തിയെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനാക്കുന്നു, ഇതു സന്തോഷം പകരുകയും ചെയ്യുന്നു"
"മെച്ചപ്പെട്ട ഭരണത്തിനൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം"
"നമ്മുടെ യുവാക്കളെ ഭാവിയിലേക്കു സജ്ജരാക്കുന്നതിന്, തുടർച്ചയായി നൈപുണ്യവും നവവൈദഗ്ധ്യവും വിപുലവൈദഗ്ധ്യവും നൽകേണ്ടത് ആവശ്യമാണ്"
"വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിലും ഭാവി ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതിലും കരുത്തുപകരുന്ന ഒന്നാണു ഡിജിറ്റൽ സാങ്കേതികവിദ്യ"

പുണെയിൽ നടന്ന ജി20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

വിദ്യാഭ്യാസം നമ്മുടെ നാഗരികത കെട്ടിപ്പടുത്തിരിക്കുന്ന അടിത്തറ മാത്രമല്ല, അത് മനുഷ്യരാശിയുടെ ഭാവിയുടെ ശിൽപ്പി കൂടിയാണെന്ന് സദസിനെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിമാരെ ഷെർപ്പകൾ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, എല്ലാവരുടെയും വികസനത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള പരിശ്രമത്തിൽ അവർ മനുഷ്യരാശിയെ നയിക്കുന്നുണ്ടെന്നും പറഞ്ഞു. ഇന്ത്യൻ ഗ്രന്ഥങ്ങൾ വിദ്യാഭ്യാസത്തിന്റെ പങ്കിനെ സന്തോഷം പകരുന്നതിനുള്ള താക്കോലായി വർണിക്കുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു. "യഥാർഥ അറിവ് വിനയമേകുന്നു, വിനയത്തിൽനിന്ന് മൂല്യമുണ്ടാകുന്നു, മൂല്യത്തിൽനിന്ന് സമ്പത്ത് ലഭിക്കും, സമ്പത്ത് ഒരു വ്യക്തിയെ നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനാക്കുന്നു, ഇതു സന്തോഷം പകരുകയും ചെയ്യുന്നു" എന്നു പറഞ്ഞ പ്രധാനമന്ത്രി, ഈ അർഥം വരുന്ന സംസ്കൃതശ്ലോകവും ചൊല്ലി. സമഗ്രവും വ്യാപകവുമായ യാത്രയ്ക്കാണ് ഇന്ത്യ തുടക്കംകുറിച്ചിരിക്കുന്നതെന്നുംപ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാന സാക്ഷരത യുവാക്കൾക്ക് കരുത്തുറ്റ അടിത്തറയേകുന്നുവെന്നും ഇന്ത്യ ഇതിനെ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുകയാണെന്നും ശ്രീ മോദി പറഞ്ഞു. ഗവണ്മെന്റിന്റെ ''ധാരണയിലൂടെയും സംഖ്യാബോധത്തിലൂടെയും വായനയിൽ പ്രാവീണ്യം നേടുന്നതിനുള്ള ദേശീയ സംരംഭം'' അഥവാ ''നിപുൺ ഭാരത്'' സംരംഭത്തെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു. 'അടിസ്ഥാന സാക്ഷരതയും സംഖ്യാശാസ്ത്രവും' ജി-20യും മുൻ‌ഗണനയായി കണ്ടെത്തിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. 2030-ഓടെ അതിനായി സമയബന്ധിതമായ രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നൂതനമായ ഇ-പഠനസംവിധാനങ്ങൾ ഉപയോഗിക്കുകയും  പൊരുത്തപ്പെടുത്തുകയും വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, മെച്ചപ്പെട്ട ഭരണത്തിനൊപ്പം ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടി. ഈ ദിശയിൽ ഗവണ്മെന്റ് സ്വീകരിച്ച നിരവധി സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം എടുത്തുപറഞ്ഞു. 9-ാം ക്ലാസ് മുതൽ ബിരുദാനന്തര തലം വരെയുള്ള എല്ലാ കോഴ്സുകളും ലഭ്യമാക്കുന്ന ''സ്റ്റഡി വെബ്‌സ് ഓഫ് ആക്റ്റീവ്-ലേണിങ് ഫോർ യങ് ആസ്പയറിങ് മൈൻഡ്‌സ്'', അഥവാ 'സ്വയം' എന്ന ഓൺലൈൻ സംവിധാനത്തെക്കുറിച്ച് അദ്ദേഹം പരാമർശിക്കുകയും ചെയ്തു. ഇത് വിദ്യാർഥികൾക്കു വിദൂരപഠനം പ്രാപ്തമാക്കുന്നു. പ്രവേശനം, തുല്യത, ഗുണനിലവാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. "34 ദശലക്ഷത്തിലധികം പ്രവേശനവും ഒമ്പതിനായിരത്തിലധികം കോഴ്സുകളും ഉള്ള 'സ്വയം' വളരെ ഫലപ്രദമായ പഠന ഉപാധിയായി മാറി" - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. വിദൂരമേഖലകളിലുള്ള വിദ്യാർഥികളെയും പതിവു ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്തവരെയും ലക്ഷ്യമിട്ടുള്ള ''വിജ്ഞാനം പങ്കിടലിനുള്ള ഡിജിറ്റൽ അടിസ്ഥാനസൗകര്യം'' അഥവാ 'ദീക്ഷ' പോർട്ടലിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. 29 ഇന്ത്യൻ ഭാഷകളിലും ഏഴ് വിദേശ ഭാഷകളിലുമുള്ള പഠനത്തെ ഇത് പിന്തുണയ്ക്കുന്നു. 137 ദശലക്ഷത്തിലധികം കോഴ്സ് പൂർത്തീകരണത്തിന് ഇത് സാക്ഷ്യം വഹിച്ചതായും ശ്രീ മോദി അറിയിച്ചു. ഈ അനുഭവങ്ങളും വിഭവങ്ങളും, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിൽ ഉള്ളവരുമായി, പങ്കുവയ്ക്കുന്നതിൽ ഇന്ത്യക്കു സന്തോഷമേയുള്ളൂവെന്നും ശ്രീ മോദി പറഞ്ഞു.

നമ്മുടെ യുവാക്കളുടെ ഭാവി സജ്ജമാക്കുന്നതിന്, അവർക്കു തുടർച്ചയായി വൈദഗ്ധ്യവും നവവൈദഗ്ധ്യവും വിപുലവൈദഗ്ധ്യവും നൽകേണ്ടതുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. വികസിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ മേഖലകളിലേക്കും സമ്പ്രദായങ്ങളിലേക്കും അവരുടെ കഴിവുകൾ വിന്യസിക്കേണ്ടതുണ്ട്. ഇന്ത്യയിൽ, ഞങ്ങൾ നൈപുണ്യങ്ങളുടെ രേഖപ്പെടുത്തൽ നടത്തുകയാണ്. ഞങ്ങളുടെ വിദ്യാഭ്യാസ, നൈപുണ്യ, തൊഴിൽ മന്ത്രാലയങ്ങൾ ഈ സംരംഭത്തിനായി യോജിച്ചു പ്രവർത്തിക്കുന്നു. ജി-20 രാജ്യങ്ങൾക്ക് ആഗോള തലത്തിൽ നൈപുണ്യം രേഖപ്പെടുത്തൽ നടത്താനും പരിഹരിക്കേണ്ട അന്തരങ്ങൾ കണ്ടെത്താനും കഴിയുമെന്നും ശ്രീ മോദി പറഞ്ഞു.

ഡിജിറ്റൽ സാങ്കേതികവിദ്യ തുല്യതയുറപ്പാക്കുന്ന സംവിധാനമായി വർത്തിക്കുകയും ഉൾക്കൊള്ളൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിലും ഭാവി ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നതിലും ഇതു കരുത്തേകുന്നു. ഇന്ന് വൈദഗ്ധ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ നിർമ‌ിതബുദ്ധി പഠനം വലിയ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. അവസരങ്ങൾക്കൊപ്പം സാങ്കേതികവിദ്യ വെല്ലുവിളികളും ഉയർത്തുന്നതിനാൽ നാം ശരിയായ സന്തുലിതാവസ്ഥ കൈവരിക്കണം. ജി-20ന് ഇതിൽ പ്രധാന പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗവേഷണത്തിനും നവീകരണത്തിനും ഊന്നൽ നൽകുന്നതിലേക്ക് വെളിച്ചം വീശി, രാജ്യത്തുടനീളം പതിനായിരം ''അടൽ ടിങ്കറിങ് ലാബുകൾ'' സ്ഥാപിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇവ സ്കൂൾ കുട്ടികൾക്കായി ഗവേഷണ, നവീകരണ നഴ്സറികളായി പ്രവർത്തിക്കുന്നു. 7.5 ദശലക്ഷത്തിലധികം വിദ്യാർഥികൾ ഈ ലാബുകളിൽ 1.2 ദശലക്ഷത്തിലധികം നൂതന പദ്ധതികളിൽ പ്രവർത്തിക്കുന്നു. ജി-20 രാജ്യങ്ങൾക്ക്, അവരുടേതായ കഴിവുകൾ ഉപയോഗിച്ച്, ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിൽ, പ്രത്യേകിച്ച് ഗ്ലോബൽ സൗത്ത് മേഖലയിൽ, പ്രധാന പങ്ക് വഹിക്കാനാകും. ഗവേഷണസഹകരണം വർധിപ്പിക്കുന്നതിന് പുതുപാത സൃഷ്ടിക്കാനും പ്രധാനമന്ത്രി വിശിഷ്ടാതിഥികളോട് അഭ്യർഥിച്ചു.

നമ്മുടെ കുട്ടികളുടെയും യുവാക്കളുടെയും ഭാവിയുടെ കാര്യത്തിൽ ജി-20 വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിന് ഏറെ പ്രാധാന്യമുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഉത്തേജകങ്ങളായി ഹരിതപരിവർത്തനം, ഡിജിറ്റൽ പരിവർത്തനങ്ങൾ, സ്ത്രീശാക്തീകരണം എന്നിവ തിരിച്ചറിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. “വിദ്യാഭ്യാസമാണ് ഈ ശ്രമങ്ങളുടെയെല്ലാം അടിസ്ഥാനം” - അദ്ദേഹം പറഞ്ഞു. ഏവരെയും ഉൾക്കൊള്ളുന്ന, പ്രവർത്തനാധിഷ്ഠിതവും ഭാവി മുന്നിൽ കാണുന്നതുമായ വിദ്യാഭ്യാസ കാര്യപരിപാടി യോഗത്തിന്റെ ഫലമായി ഉരുത്തിരിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. “ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന 'വസുധൈവ കുടുംബക'ത്തിന്റെ യഥാർഥ ചൈതന്യത്തിൽ ഇത് ലോകത്തിനാകെ പ്രയോജനം ചെയ്യും” - പ്രധാനമന്ത്രി ഉപസംഹരിച്ചു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage