





മൂന്നു സൈനികവിഭാഗങ്ങളിൽ അടിസ്ഥാനപരിശീലനം ആരംഭിച്ച അഗ്നിവീരന്മാരുടെ ആദ്യസംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു.
പുതപാത വെട്ടിത്തെളിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ ആദ്യസംഘമായതിനു അഗ്നിവീരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പരിവർത്തനനയം നമ്മുടെ സായുധസേനകൾക്കു കരുത്തേകുന്നതിലും ഭാവിയിലേക്ക് അവരെ സജ്ജരാക്കുന്നതിലും മാറ്റം വരുത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു. യുവ അഗ്നിവീരന്മാർ സായുധസേനയ്ക്കു കൂടുതൽ യുവത്വമേകുമെന്നും സാങ്കേതികവൈദഗ്ധ്യം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അഗ്നിവീരന്മാരുടെ സാധ്യതകൾ ഉയർത്തിക്കാട്ടിയ അദ്ദേഹം, രാഷ്ട്രത്തിന്റെ പതാക എപ്പോഴും ഉയർത്തിപ്പിടിക്കുന്ന സായുധസേനകളുടെ ധീരതയുടെ പ്രതിഫലനമാണ് അവരുടെ മനോഭാവമെന്നും പറഞ്ഞു. ഈ അവസരത്തിലൂടെ അവർ നേടുന്ന അനുഭവം ജീവിതത്തിന് അഭിമാനകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
നവ ഇന്ത്യ നവോന്മേഷം നിറഞ്ഞതാണെന്നു പറഞ്ഞ പ്രധാനമന്ത്രി, നമ്മുടെ സായുധസേനകളെ നവീകരിക്കാനും സ്വയംപര്യാപ്തമാക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ യുദ്ധ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക ഇടപെടൽ ആവശ്യമില്ലാത്ത യുദ്ധത്തിന്റെ പുതിയ രീതികളെക്കുറിച്ചും സൈബർ വെല്ലുവിളികളെക്കുറിച്ചും ചർച്ചചെയ്ത അദ്ദേഹം, നമ്മുടെ സായുധസേനകളിൽ സാങ്കേതികമായി പുരോഗമിച്ച സൈനികർക്കു പ്രധാന പങ്കു വഹിക്കാനാകുമെന്നും ചൂണ്ടിക്കാട്ടി. വിശേഷിച്ച്, ഇന്നത്തെ തലമുറയിലെ യുവാക്കൾക്ക് ഈ സാധ്യതയുണ്ടെന്നും അതിനാൽ വരും കാലങ്ങളിൽ നമ്മുടെ സായുധസേനകളിൽ അഗ്നിവീരന്മാർ പ്രധാനപങ്കു വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പദ്ധതി സ്ത്രീകളെ കൂടുതൽ ശാക്തീകരിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. വനിതാ അഗ്നിവീരർ നാവികസേനയ്ക്ക് അഭിമാനം പകരുന്നത് എങ്ങനെ എന്നതിൽ സന്തോഷം പ്രകടിപ്പിച്ച അദ്ദേഹം, മൂന്നുസേനകളിലും വനിതാ അഗ്നിവീരരെ കാണാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു. സിയാച്ചിനിലെ വനിതാ സൈനികരുടെയും ആധുനിക യുദ്ധവിമാനങ്ങൾ പറത്തുന്ന വനിതകളുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി. സ്ത്രീകൾ എങ്ങനെയാണു സായുധസേനകളെ നയിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവിധ പ്രദേശങ്ങളിൽ നിയമനം ലഭിക്കുന്നത് അവർക്കു വൈവിധ്യമാർന്ന അനുഭവങ്ങൾ ലഭിക്കാൻ അവസരമൊരുക്കുമെന്നും വിവിധ ഭാഷകളെക്കുറിച്ചും വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചും ജീവിതരീതികളെക്കുറിച്ചും പഠിക്കാൻ ശ്രമിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൂട്ടായ പ്രവർത്തനവും നേതൃപാടവവും അവരുടെ വ്യക്തിത്വത്തിനു പുതിയ മാനമേകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുത്ത മേഖലകളിൽ അവരുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായും ഒരേസമയം പ്രവർത്തിക്കുമ്പോൾ പുതിയ കാര്യങ്ങൾ പഠിക്കുന്നതിൽ ജിജ്ഞാസ നിലനിർത്താൻ അദ്ദേഹം അഗ്നിവീരന്മാരോട് ആഹ്വാനം ചെയ്തു. യുവാക്കളുടെയും അഗ്നിവീരന്മാരുടെയും കഴിവുകളെ പ്രകീർത്തിച്ച്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാഷ്ട്രത്തിനു നേതൃത്വം നൽകുന്നത് അവരാകുമെന്നു ചൂണ്ടിക്കാട്ടിയാണു പ്രധാനമന്ത്രി ഉപസംഹരിച്ചത്.