






'ഗതിശക്തി'യെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും 2022ലെ കേന്ദ്രബജറ്റില്‍ ഇതിനെ ഏതുരീതിയില്‍ സമന്വയിപ്പിക്കും എന്നതിനെയുംകുറിച്ചുള്ള വെബിനാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്തു. ബജറ്റിനുശേഷമുള്ള വെബിനാര്‍ പരമ്പരയിലെ ആറാമത്തെ വെബിനാറിനെയാണു പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്.
ഈ വര്‍ഷത്തെ ബജറ്റ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയുടെ വികസനത്തിന്റെ 'ഗതിശക്തി'ക്കു നിദാനമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യ അധിഷ്ഠിത വികസനത്തിന്റെ ഈ ദിശ നമ്മുടെ സമ്പദ്വ്യവസ്ഥയുടെ കരുത്തിന് അസാധാരണമായ പുരോഗതിയുണ്ടാക്കുമെന്നും ഇത് നിരവധി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള പരമ്പരാഗത മാര്‍ഗങ്ങളില്‍ പങ്കാളികള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍ക്കു വ്യക്തമായ വിവരങ്ങള്‍ ലഭിക്കാത്തതാണ് ഇതിനു കാരണം. ''പിഎം ഗതിശക്തിയുടെ പശ്ചാത്തലത്തില്‍, ഇപ്പോള്‍ എല്ലാവര്‍ക്കും പൂര്‍ണവിവരങ്ങളോടെ അവരുടെ പദ്ധതി തയ്യാറാക്കാന്‍ കഴിയും. ഇതു രാജ്യത്തെ വിഭവങ്ങള്‍ പരമാവധി വിനിയോഗിക്കുന്നതിലേക്കും നയിക്കും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവണ്‍മെന്റ് ഉദ്ദേശിക്കുന്ന വേഗതയില്‍ അടിസ്ഥാനസൗകര്യവികസനം നടപ്പാക്കുന്നതില്‍ പിഎം ഗതിശക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''2013-14 വര്‍ഷത്തില്‍, ഇന്ത്യാ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള മൂലധനച്ചെലവ് ഏകദേശം ഒന്നേമുക്കാൽ ലക്ഷം കോടി രൂപയായിരുന്നു. അത് 2022-23 വര്‍ഷത്തില്‍ ഏഴരലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു''- പ്രധാനമന്ത്രി പറഞ്ഞു. ''അടിസ്ഥാനസൗകര്യ ആസൂത്രണം, നടപ്പാക്കല്‍, നിരീക്ഷണം എന്നിവയ്ക്കു പിഎം ഗതി-ശക്തി പുതിയ ദിശാബോധം നല്‍കും. ഇതു പദ്ധതികളുടെ സമയവും ചെലവും ലാഭിക്കും.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''രാജ്യത്തിന്റെ കൂട്ടായ സഹകരണമെന്ന നയത്തിനു കരുത്തുപകര്‍ന്നുകൊണ്ട് ഈ വര്‍ഷത്തെ ബജറ്റില്‍ നമ്മുടെ ഗവണ്‍മെന്റ് സംസ്ഥാനങ്ങളുടെ സഹായത്തിനായി ഒരുലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ബഹുമുഖ അടിസ്ഥാനസൗകര്യങ്ങള്‍ക്കും മറ്റ് ഉല്‍പ്പാദന ആസ്തികള്‍ക്കും ഈ തുക ഉപയോഗിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാകും.''- അദ്ദേഹം പറഞ്ഞു. എത്തപ്പെടാന്‍ ബുദ്ധിമുട്ടുള്ള മലയോര മേഖലകളില്‍ സമ്പര്‍ക്കസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ റോപ്വേ വികസന പരിപാടിയെക്കുറിച്ചും പ്രധാനമന്ത്രിയുടെ വടക്കുകിഴക്കന്‍ വികസന സംരംഭത്തെ(പിഎം-ഡിവൈന്‍)ക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. പിഎല്‍ഐ സംരംഭത്തെ പരാമര്‍ശിച്ച്, രാജ്യത്തിന്റെ അടിസ്ഥാനസൗകര്യങ്ങളില്‍ നിക്ഷേപം നടത്താന്‍ സ്വകാര്യമേഖലയോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പിഎം ഗതി-ശക്തി ദേശീയ ആസൂത്രണപദ്ധതിയില്‍, നിലവിലുള്ളതും നിര്‍ദ്ദിഷ്ടവുമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചു മാത്രമല്ല, വനഭൂമിയെയും ലഭ്യമായ വ്യവസായ എസ്റ്റേറ്റിനെയും കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്ന 400-ലധികം ഡേറ്റാ ലെയറുകളും ഇപ്പോള്‍ ലഭ്യമാണെന്നു പ്രധാനമന്ത്രി അറിയിച്ചു. സ്വകാര്യമേഖല അവരുടെ ആസൂത്രണത്തിനായി ഇതു പരമാവധി ഉപയോഗിക്കണമെന്നും ദേശീയ ആസൂത്രണപദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സുപ്രധാന വിവരങ്ങളും ഇപ്പോള്‍ ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ''അതിനാല്‍ ഡിപിആര്‍ ഘട്ടത്തില്‍തന്നെ പദ്ധതിവിന്യാസത്തിനും വിവിധ തടസങ്ങള്‍ നീക്കുന്നതിനും കഴിയും.''- അദ്ദേഹം പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റുകളുടെ പദ്ധതികള്‍ക്കും സാമ്പത്തിക മേഖലകള്‍ക്കും പിഎം ഗതി-ശക്തി ദേശീയ ആസൂത്രണപദ്ധതി അടിസ്ഥാനമാക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
''ഇന്നും, ഇന്ത്യയിലെ സേവന-വിതരണപ്രക്രിയയിലെ ചെലവു ജിഡിപിയുടെ 13 മുതല്‍ 14 ശതമാനം വരെയാണ്. ഇതു മറ്റുരാജ്യങ്ങളെ അപേക്ഷിച്ചു കൂടുതലാണ്. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതില്‍ പിഎം ഗതി-ശക്തിക്കു വലിയ പങ്കുണ്ട്.''- പ്രധാനമന്ത്രി പറഞ്ഞു. ഈ ബജറ്റില്‍ നല്‍കിയിട്ടുള്ള യൂണിഫൈഡ് ലോജിസ്റ്റിക് ഇന്റര്‍ഫേസ് പ്ലാറ്റ്ഫോമിനെക്കുറിച്ചും (യുലിപ്) പ്രധാനമന്ത്രി സംസാരിച്ചു. ഇതു വിവിധ ഗവണ്‍മെന്റ് വകുപ്പുകള്‍ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചു രൂപപ്പെടുത്തുന്നു. സേവന-വിതരണപ്രക്രിയയിലെ ചെലവു കുറയ്ക്കാനും ഇതിടയാക്കുന്നു. ''6 മന്ത്രാലയങ്ങളിലെ 24 ഡിജിറ്റല്‍ സംവിധാനങ്ങള്‍ യുലിപ് വഴി സംയോജിപ്പിക്കും. ഇതു സേവന-വിതരണപ്രക്രിയയിലെ ചെലവുകുറയ്ക്കാന്‍ സഹായിക്കുന്ന ദേശീയ ഏകജാലക സേവന-വിതരണപോര്‍ട്ടല്‍ സൃഷ്ടിക്കും.''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ വകുപ്പുകളിലെയും സേവന-വിതരണവിഭാഗത്തിലെ നടപടികളെക്കുറിച്ചും മികച്ച ഏകോപനത്തിലൂടെ സേവന-വിതരണപ്രക്രിയയുടെ കാര്യക്ഷമതയ്ക്കായി സെക്രട്ടറിമാരുടെ ഉന്നതാധികാരസമിതിയെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ''നമ്മുടെ കയറ്റുമതിക്കും പിഎം ഗതി-ശക്തി വളരെയേറെ സഹായകമാകും; നമ്മുടെ എംഎസ്എംഇകള്‍ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാകും''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാനസൗകര്യ ആസൂത്രണംമുതല്‍ വികസനവും ഉപയോഗവും വരെയുള്ള അടിസ്ഥാനസൗകര്യസൃഷ്ടിയില്‍ പിഎം ഗതി-ശക്തി യഥാര്‍ത്ഥ പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഗവണ്‍മെന്റ് സംവിധാനവുമായി സഹകരിച്ചു സ്വകാര്യമേഖലയ്ക്ക് എങ്ങനെ മികച്ച നേട്ടങ്ങള്‍ കൈവരിക്കാനാകുമെന്നതിനെക്കുറിച്ച് ഈ വെബിനാര്‍ ചര്‍ച്ച ചെയ്യണമെന്നും ശ്രീ മോദി പറഞ്ഞു.