ലഖ്‌നൗ സര്‍വകലാശാലയുടെ നൂറാമതു സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അഭിസംബോധന ചെയ്തു. സര്‍വകലാശാലാ ശതാബ്ദി സ്മാരകമായ നാണയം ചടങ്ങില്‍ പ്രധാനമന്ത്രി പ്രകാശിപ്പിച്ചു. ഇന്ത്യാ പോസ്റ്റ് പുറത്തിറക്കിയ പ്രത്യേക അനുസ്മരണ തപാല്‍ സ്റ്റാംപും അതിന്റെ പ്രത്യേക കവറും ചടങ്ങില്‍ പ്രകാശിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രിയും ലഖ്‌നൗവില്‍നിന്നുള്ള പാര്‍ലമെന്റംഗവുമായ ശ്രീ. രാജ്‌നാഥ് സിങ്ങും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രീ. യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു.
പ്രാദേശിക കലകളെയും ഉല്‍പന്നങ്ങളെയും കുറിച്ച് കോഴ്‌സുകള്‍ ആരംഭിക്കാനും ഈ പ്രാദേശിക ഉല്‍പന്നങ്ങളുടെ മൂല്യവര്‍ധനയ്ക്കായി ഗവേഷണം നടത്താനും പ്രധാനമന്ത്രി സര്‍വകലാശാലാ അധിപന്‍മാരോട് ആഹ്വാനംചെയ്തു. ലഖ്‌നൗ ചികന്‍കാരി, മൊറാദാബാദിലെ പിച്ചളപ്പാത്രങ്ങള്‍, അലിഗഢിലെ പൂട്ടുകള്‍, ഭദോഹി പരവതാനികള്‍ തുടങ്ങിയ ഉല്‍പന്നങ്ങള്‍ ആഗോള തലത്തില്‍ തന്നെ മല്‍സര ക്ഷമത പിടിച്ചുപറ്റും വിധം പരിപാലിക്കാനും തന്ത്രങ്ങള്‍ മെനയാനും ബ്രാന്‍ഡ് ചെയ്യാനും ഉതകുന്ന കോഴ്‌സുകള്‍ ആരംഭിക്കണം. ഇത് ഒരു ജില്ല, ഒരു ഉല്‍പന്നം എന്ന ആശയം യാഥാര്‍ഥ്യമാകുന്നതിനു സഹായകമാകും.
ഒരാളുടെ കഴിവു തിരിച്ചറിയേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചു പരാമര്‍ശിക്കവേ, റായ്ബറേലി കോച്ച് ഫാക്ടറി ഉദാഹരണമായി പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. ഫാക്ടറിയിലെ നിക്ഷേപം ചെറിയ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കാനും കപൂര്‍ത്തലയില്‍ നിര്‍മിച്ച കോച്ചുകളില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനുമാണു ദീര്‍ഘകാലമായി ഉപയോഗിച്ചിരുന്നത്. കോച്ചുകള്‍ നിര്‍മിക്കാവുന്ന ഫാക്ടറിയിലെ സംവിധാനങ്ങള്‍ ഒരിക്കലും ഉപയോഗിക്കപ്പെട്ടില്ല. 2014ല്‍ ഫാക്ടറിയുടെ പൂര്‍ണ ശേഷി തിരിച്ചറിഞ്ഞ് ഈ സ്ഥിതി മാറ്റുകയും അങ്ങനെ ഇപ്പോള്‍ നൂറുകണക്കിനു കോച്ചുകള്‍ ഉല്‍പാദിപ്പിക്കുന്ന ഫാക്ടറിയായി ഇതു മാറുകയും ചെയ്തു.
ഗാന്ധിജയന്തി നാളില്‍ പോര്‍ബന്ദറില്‍ നടന്ന ഫാഷന്‍ ഷോയിലൂടെ വിദ്യാര്‍ഥികളുടെ സഹായം ഉപയോഗപ്പെടുത്തി ഖാദി പ്രചരിപ്പിച്ച തന്റെ അനുഭവവും ശ്രീ. നരേന്ദ്ര മോദി വിവരിച്ചു. ഇതു വഴി ഖാദി ഫാഷനായി. അതിനു മുന്‍പുള്ള 20 വര്‍ഷംകൊണ്ടു വിറ്റതിലേറെ ഖാദിയാണു കഴിഞ്ഞ ആറു വര്‍ഷത്തിനിടെ വിറ്റുപോയതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വയംപരിശോധനയ്ക്കുള്ള അവസരമാണ് പുതിയ വിദ്യാഭ്യാസ നയം വിദ്യാര്‍ഥികള്‍ക്കെന്ന് അദ്ദേഹം പറഞ്ഞു. പഴഞ്ചന്‍ ചിന്തകള്‍ ഉപേക്ഷിക്കാനും മാതൃകകള്‍ക്കതീതമായി ചിന്തിക്കാനും മാറ്റത്തെ പേടിക്കാതിരിക്കാനും പ്രധാനമന്ത്രി വിദ്യാര്‍ഥികളോട് ആഹ്വാനംചെയ്തു. പുതിയ നയം ചര്‍ച്ച ചെയ്യാനും അതു നടപ്പാക്കാന്‍ സഹായിക്കാനും വിദ്യാര്‍ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടു.