പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ത്യയിലെ ഏറ്റവും വലുതും ആദ്യത്തേതുമായ മൊബിലിറ്റി എക്സിബിഷൻ ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’നെ അഭിസംബോധന ചെയ്തു. എക്സ്‌പോ അദ്ദേഹം വീക്ഷിക്കുകയും ചെയ്തു. മൊബിലിറ്റി, ഓട്ടോമോട്ടീവ് മൂല്യശൃംഖലകളിലുടനീളമുള്ള ഇന്ത്യയുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതാണു ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’. പ്രദർശനങ്ങൾ, സമ്മേളനങ്ങൾ, വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും സംഗമം, സംസ്ഥാനസെഷനുകൾ, റോഡ് സുരക്ഷാ പവലിയൻ, ഗോ-കാർട്ടിങ് പോലുള്ള പൊതു കേന്ദ്രീകൃത ആകർഷണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് എക്സ്പോ.
സമ്മേളനത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി, മഹത്തായ പരിപാടിക്ക് ഇന്ത്യയിലെ വാഹനവ്യവസായത്തെ അഭിനന്ദിക്കുകയും എക്സ്‌പോയിൽ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച പ്രദർശകരുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. രാജ്യത്ത് ഇത്രയും പ്രൗഢിയും വ്യാപ്തിയുമുള്ള പരിപാടി സംഘടിപ്പിക്കുന്നതു സന്തോഷവും ആത്മവിശ്വാസവും നിറയ്ക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ‘ഭാരത് മൊബിലിറ്റി ആഗോള എക്സ്‌പോ 2024’നു സാക്ഷ്യം വഹിക്കാൻ ഡൽഹിയിലെ ജനങ്ങളോടു നിർദേശിച്ച പ്രധാനമന്ത്രി, ഇത് മൊബിലിറ്റി-വിതരണശൃംഖലാസമൂഹത്തെയാകെ ഒരൊറ്റവേദിയിൽ കൊണ്ടുവരുന്നെന്നു ചൂണ്ടിക്കാട്ടി.
മൊബിലിറ്റിയുമായി ബന്ധപ്പെട്ടു തന്റെ ആദ്യ ഭരണകാലയളവിൽ നടന്ന സമ്മേളനത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, ബാറ്ററി, വൈദ്യുതവാഹനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് അനുസ്മരിക്കുകയും രണ്ടാം കാലയളവിൽ കാര്യമായ പുരോഗതി കാണാനായതിൽ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. മൂന്നാം കാലയളവിൽ മൊബിലിറ്റി പുതിയ ഉയരങ്ങൾ താണ്ടുമെന്നും അദ്ദേഹം പറഞ്ഞു.
‘2047-ഓടെ വികസിതഭാരതം’ എന്ന ലക്ഷ്യം ആവർത്തിച്ച പ്രധാനമന്ത്രി, മൊബിലിറ്റി മേഖലയുടെ നിർണായകപങ്കിന് അടിവരയിട്ടു. ചുവപ്പുകോട്ടയുടെ കൊത്തളത്തിൽനിന്നു നൽകിയ ‘യേ ഹീ സമയ് ഹേ, സഹീ സമയ് ഹേ’ (ഇതാണു ശരിയായ സമയം) എന്ന ആഹ്വാനം അദ്ദേഹം ആവർത്തിച്ചു. “ഇന്ത്യ മുന്നേറുകയാണ്; അതിവേഗം” - മൊബിലിറ്റി മേഖലയുടെ സുവർണകാലഘട്ടത്തിന്റെ തുടക്കമാണ് ഈ യുഗമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ അതിവേഗം വികസിക്കുകയാണെന്നും നിലവിലെ ഗവണ്മെന്റിന്റെ മൂന്നാം കാലയളവിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഗവണ്മെന്റ് നടത്തിയ പരിശമ്രങ്ങളിലേക്കു വെളിച്ചംവീശിയ പ്രധാനമന്ത്രി, ഏകദേശം 25 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്നു കരകയറിയതായി അഭിപ്രായപ്പെട്ടു. ഒരു പൗരൻ ദാരിദ്ര്യത്തിൽനിന്നു കരകയറുമ്പോൾ, സൈക്കിളോ ഇരുചക്ര-നാലുചക്ര വാഹനമോ ഏതുമാകട്ടെ, യാത്രാമാർഗം അവരുടെ പ്രഥമ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നവ-മധ്യവർഗത്തിന്റെ ആവിർഭാവം പരാമർശിച്ച പ്രധാനമന്ത്രി, അത്തരം സാമ്പത്തികതലങ്ങളിൽ കാണപ്പെടുന്ന അഭിലാഷങ്ങൾ നിറവേറ്റേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകി. വികസിക്കുന്ന മേഖലകളും രാജ്യത്തെ മധ്യവർഗത്തിന്റെ വർധിക്കുന്ന വരുമാനവും ഇന്ത്യയുടെ മൊബിലിറ്റി മേഖലയ്ക്കു കരുത്തേകുമെന്നു പ്രധാനമന്ത്രി പറഞ്ഞു. “വളരുന്ന സമ്പദ്‌വ്യവസ്ഥയുടെ എണ്ണവും വർധിക്കുന്ന വരുമാനവും മൊബിലിറ്റി മേഖലയിൽ പുതിയ ആത്മവിശ്വാസമേകും” – അദ്ദേഹം പറഞ്ഞു. 2014നു മുമ്പുള്ള 10 വർഷം ഇന്ത്യയിൽ വിറ്റ കാറുകളുടെ എണ്ണം 12 കോടിയായിരുന്നെന്നും 2014നു ശേഷമുള്ള 10 വർഷത്തിൽ ഇത് 21 കോടിയിലധികമായതായും ശ്രീ മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ വിറ്റഴിക്കുന്ന വൈദ്യുതകാറുകളുടെ എണ്ണം 10 വർഷം മുമ്പു പ്രതിവർഷം 2000 ആയിരുന്നത്, ഇന്നു പ്രതിവർഷം 12 ലക്ഷമായി ഉയർന്നു. കഴിഞ്ഞ 10 വർഷത്തിനിടെ യാത്രാവാഹനങ്ങളുടെ എണ്ണത്തിൽ 60 ശതമാനം വർധനയുണ്ടായപ്പോൾ ഇരുചക്രവാഹനങ്ങളിൽ 70 ശതമാനം വർധനയുണ്ടായി. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾപ്രകാരം ജനുവരിയിലെ കാർവിൽപ്പന മുൻകാല റെക്കോർഡുകളെല്ലാം തകർത്തെന്നു പ്രധാനമന്ത്രി പറഞ്ഞു. “മൊബിലിറ്റി മേഖല രാജ്യത്ത് അഭൂതപൂർവമായ അന്തരീക്ഷത്തിനു സാക്ഷ്യം വഹിക്കുന്നു; അതു നിങ്ങൾ പ്രയോജനപ്പെടുത്തണം” - ചടങ്ങിൽ പങ്കെടുത്ത വ്യവസായപ്രമുഖരോടു പ്രധാനമന്ത്രി അഭ്യർഥിച്ചു.
ഭാവിയുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഇന്നത്തെ ഇന്ത്യ പുതിയ നയങ്ങള്‍ ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 2014ല്‍ ഇന്ത്യയുടെ മൂലധനച്ചെലവ് 2 ലക്ഷം കോടിയില്‍ താഴെയായിരുന്നുവെന്നും ഇന്ന് അത് 11 ലക്ഷം കോടിയിലേറെയായി ഉയര്‍ന്നെന്നും ഇന്നലെ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി അറിയിച്ചു. ഇത് ഇന്ത്യയുടെ മൊബിലിറ്റി മേഖലയ്ക്ക് നിരവധി അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുന്‍പൊന്നുമുണ്ടായിട്ടില്ലാത്ത ഇത്തരം ചെലവ് റെയില്‍, റോഡ്, വിമാനത്താവള, ജലപാത ഗതാഗതം തുടങ്ങി എല്ലാത്തരം ഗതാഗതത്തെയും പരിവര്‍ത്തനപ്പെടുത്തുന്നു. റെക്കാര്‍ഡ് സമയപരിധിക്കുള്ളില്‍ അടല്‍ ടണല്‍ മുതല്‍ അടല്‍ സേതു വരെയുള്ള എഞ്ചിനീയറിംഗ് വിസ്മയങ്ങള്‍ പൂര്‍ത്തിയാക്കിയതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ 75 പുതിയ വിമാനത്താവളങ്ങള്‍ നിലവില്‍ വന്നു, ഏകദേശം 4 ലക്ഷം കിലോമീറ്റര്‍ ഗ്രാമീണ റോഡുകള്‍ നിര്‍മ്മിച്ചു, 90,000 കിലോമീറ്റര്‍ ദേശീയ പാതകള്‍ നിര്‍മ്മിച്ചു, 3500 കിലോമീറ്റര്‍ അതിവേഗ ഇടനാഴികള്‍ വികസിപ്പിച്ചെടുത്തു, 15 പുതിയ നഗരങ്ങള്‍ക്ക് മെട്രോ ലഭിക്കുകയും 25,000 റെയില്‍വേ റൂട്ടുകള്‍ നിര്‍മ്മിക്കുകയും ചെയ്തു. 40,000 റെയില്‍ കോച്ചുകളെ ആധുനിക വന്ദേ ഭാരത് ബോഗികളാക്കി മാറ്റുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ ട്രെയിനുകളില്‍ ഈ കോച്ചുകള്‍ ഘടിപ്പിക്കുമ്പോള്‍ അത് ഇന്ത്യന്‍ റെയില്‍വേയെ തന്നെ മാറ്റിമറിക്കും.
''നമ്മുടെ ഗവണ്‍മെന്റിന്റെ വേഗതയും വ്യാപ്തിയും ഇന്ത്യയിലെ ചലനക്ഷമതയുടെ നിര്‍വചനത്തെ തന്നെ മാറ്റിമറിച്ചു''പ്രധാനമന്ത്രി പറഞ്ഞു. വ്യവസ്ഥാപിതവും സമയബന്ധിതവുമായി ജോലികള്‍ പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചും ലോജിസ്റ്റിക് തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പ്രധാനമന്ത്രി ദേശീയ ഗതിശക്തി മാസ്റ്റര്‍പ്ലാന്‍ രാജ്യത്ത് സംയോജിത ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നു. വിമാനം കപ്പല്‍ എന്നിവയുടെ പാട്ടത്തിന് നിയന്ത്രണ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിനായി ഗിഫ്റ്റ് സിറ്റി പ്രവര്‍ത്തിക്കുന്നു. ലോജിസ്റ്റിക്‌സിന്റെ പ്രശ്‌നങ്ങളെ ദേശീയ ലോജിസ്റ്റിക്‌സ് നയം അഭിസംബോധന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമര്‍പ്പിത ചരക്ക് ഇടനാഴികള്‍ ചെലവ് കുറയ്ക്കുന്നു. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച മൂന്ന് റെയില്‍വേ സാമ്പത്തിക ഇടനാഴികള്‍ രാജ്യത്തെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കും.
വ്യാപാരം ത്വരിതപ്പെടുത്തുന്നതിലും സംസ്ഥാന അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകള്‍ ഇല്ലാതാക്കുന്നതിലുമുള്ള ചരക്ക് സേവന നികുതിയുടെ (ജി.എസ്.ടി) പരിവര്‍ത്തനപരമായ സ്വാധീനവും പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി. അതിനുപുറമെ, വ്യവസായത്തില്‍ ഇന്ധനവും സമയവും ലാഭിക്കുന്നതില്‍ ഫാസ്റ്റ്-ടാഗ് സാങ്കേതികവിദ്യയുടെ പങ്കിനും പ്രധാനമന്ത്രി മോദി അടിവരയിട്ടു. ''ഫാസ്റ്റ്-ടാഗ് സാങ്കേതികവിദ്യ വ്യവസായത്തില്‍ ഇന്ധനവും സമയവും ലാഭിക്കാന്‍ സഹായിക്കുന്നു'', അദ്ദേഹം തറപ്പിച്ചുപറഞ്ഞു. ഫാസ്റ്റ്-ടാഗ് സാങ്കേതികവിദ്യ സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവര്‍ഷം 40,000 കോടി രൂപയുടെ നേട്ടമുണ്ടാക്കുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
''ഇന്ത്യ ഇപ്പോള്‍ ഒരു ആഗോള സാമ്പത്തിക ശക്തിയായി മാറുന്നതിന്റെ പടിവാതില്‍ക്കലാണ്, ഓട്ടോ, ഓട്ടോമോട്ടീവ് ഘടകവ്യവസായം ഇതില്‍ ഒരു സുപ്രധാന പങ്കുവഹിക്കുന്നു'' പ്രധാനമന്ത്രി മോദി പറഞ്ഞു. ''ഇന്ന്, ലോകത്തില്‍ യാത്രാ വാഹനങ്ങളുടെ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യ, ആഗോളതലത്തില്‍ വാണിജ്യ വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന ആദ്യ മൂന്ന് രാജ്യങ്ങളില്‍ ഒന്നുമാണ്'' ആഗോള വാഹന വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തിക്കാട്ടികൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. അതിനുപുറമെ, ഉല്‍പ്പാദ ബന്ധിത ആനുകൂല്യ പ്രോത്സാഹന(പി.എല്‍.ഐ) പദ്ധതി പോലുള്ള മുന്‍കൈകളിലൂടെ വിവിധ മേഖലകളെ പിന്തുണയ്ക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധതയും പ്രധാനമന്ത്രി മോദി ആവര്‍ത്തിച്ചു. ''വ്യവസായത്തിനായി, 25,000 കോടിയിലധികം രൂപയുടെ ഉല്‍പ്പാദ ബന്ധത ആനുകൂല്യ പ്രോത്സാഹന പദ്ധതി ഗവണ്‍മെന്റ് അവതരിപ്പിച്ചിട്ടുണ്ട്,'' അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഇലക്ട്രിക് മൊബിലിറ്റി മിഷന്‍ വൈദ്യുത വാഹനങ്ങളുടെ നിര്‍മ്മാണത്തെ പ്രോത്സാഹിപ്പിക്കുന്നുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുത വാഹനങ്ങളുടെ ആവശ്യം സൃഷ്ടിക്കുന്നതിനായി ഗവണ്‍മെന്റ് 10,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. ഫെയിം പദ്ധതി തലസ്ഥാനത്തേയും മറ്റ് പല നഗരങ്ങളേയും വൈദ്യുത ബസുകളിലേക്ക് നയിച്ചു, അദ്ദേഹം പറഞ്ഞു.
ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി ഈ വര്‍ഷത്തെ ബജറ്റില്‍ ഒരു ലക്ഷം കോടി രൂപയുടെ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതി ഇളവുകള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി അറിയിച്ചു. ''ഈ തീരുമാനങ്ങള്‍ ചലനക്ഷമത മേഖലയില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും'', പ്രധാനമന്ത്രി മോദി പറഞ്ഞു. വൈദ്യുത വാഹന (ഇ.വി) വ്യവസായത്തിലെ ചെലവിന്റെയും ബാറ്ററിയുടെയും ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെ സ്പര്‍ശിച്ച പ്രധാനമന്ത്രി, ഈ ഫണ്ടുകള്‍ അതിന്റെ ഗവേഷണത്തില്‍ ഉപയോഗിക്കാനും ശുപാര്‍ശ ചെയ്തു.
ബാറ്ററി നിര്‍മ്മാണത്തിനായി ഇന്ത്യയുടെ സമൃദ്ധമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്നതിനും ഹരിത ഹൈഡ്രജന്‍, എഥനോള്‍ തുടങ്ങിയ മേഖലകളില്‍ ഗവേഷണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ പര്യവേക്ഷണം ചെയ്യാനും പ്രധാനമന്ത്രി മോദി വ്യവസായമേഖലയെ പ്രോത്സാഹിപ്പിച്ചു. ''ഇന്ത്യയില്‍ ലഭ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ബാറ്ററികള്‍ നിര്‍മ്മിക്കുന്നതിനുള്ള ഗവേഷണം എന്തുകൊണ്ട് നടത്തിക്കൂടാ? ഹരിത ഹൈഡ്രജനിലും എഥനോളിലും വാഹനമേഖലയും ഗവേഷണം നടത്തണം'' അദ്ദേഹം പറഞ്ഞു.
ഷിപ്പിങ് വ്യവസായത്തില്‍ ഹൈബ്രിഡ് കപ്പലുകള്‍ വികസിപ്പിക്കുന്നതിന് തദ്ദേശീയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. 'ഇന്ത്യയുടെ ഷിപ്പിങ് മന്ത്രാലയം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൈബ്രിഡ് കപ്പലുകള്‍ നിര്‍മ്മിക്കുന്നതിലേക്ക് മുന്നേറുകയാണ്,' അദ്ദേഹം വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പുകള്‍ കാരണം ഇന്ത്യയില്‍ ഡ്രോണ്‍ മേഖലയ്ക്ക് പുതിയ വിമാനം ലഭിക്കുന്നതിനെക്കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു. ഡ്രോണുകളുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ഫണ്ട് ഉപയോഗപ്പെടുത്തണമെന്നു ശുപാര്‍ശ ചെയ്യുകയും ചെയ്തു. ജലപാതകള്‍ വഴിയുള്ള ചെലവ് കുറഞ്ഞ ഗതാഗത മാര്‍ഗ്ഗങ്ങളുടെ ആവിര്‍ഭാവത്തിലേക്കു ശ്രദ്ധ തിരിച്ചു. കൂടാതെ തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഹൈബ്രിഡ് കപ്പലുകള്‍ നിര്‍മ്മിക്കുന്നതിലേക്ക് ഷിപ്പിംഗ് മന്ത്രാലയം നടത്തുന്ന നീക്കത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
മൊബിലിറ്റി വ്യവസായത്തിലെ ഡ്രൈവര്‍മാരുടെ മാനുഷിക വശങ്ങളിലേക്കും പ്രധാനമന്ത്രി മോദി ശ്രദ്ധ ആകര്‍ഷിച്ചു. ഒപ്പം ട്രക്ക് ഡ്രൈവര്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എടുത്തുകാണിക്കുകയും ചെയ്തു. 'ട്രക്ക് ഡ്രൈവര്‍മാരുടെയും അവരുടെ കുടുംബങ്ങളുടെയും ആശങ്ക ഗവണ്‍മെന്റ് മനസ്സിലാക്കുന്നു', എല്ലാ ദേശീയ പാതകളിലും ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, ശൗചാലയങ്ങള്‍, പാര്‍ക്കിങ്, വിശ്രമം എന്നീ സൗകര്യങ്ങളുള്ള ആധുനിക കെട്ടിടങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി അറിയിച്ചു. ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം ഇത്തരത്തിലുള്ള 1,000 കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ ഗവണ്‍മെന്റ് ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രക്ക്, ടാക്സി ഡ്രൈവര്‍മാര്‍ക്ക് ജീവിക്കാനുള്ള എളുപ്പത്തിനും യാത്രാ സൗകര്യത്തിനും ഇത് ഉത്തേജനം നല്‍കുമെന്നും അത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും അപകടങ്ങള്‍ തടയാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത 25 വര്‍ഷത്തിനുള്ളില്‍ മൊബിലിറ്റി മേഖലയിലെ അപാരമായ സാധ്യതകള്‍ എടുത്തുകാണിച്ച പ്രധാനമന്ത്രി, ഈ സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്തുന്നതിന് വ്യവസായം അതിവേഗം മാറണമെന്ന് അഭ്യര്‍ഥിച്ചു. മൊബിലിറ്റി മേഖലയിലെ സാങ്കേതിക തൊഴിലാളികളുടെയും പരിശീലനം ലഭിച്ച ഡ്രൈവര്‍മാരുടെയും ആവശ്യകതയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഇന്ന് ഈ വ്യവസായത്തിന് മനുഷ്യശേഷി നല്‍കുന്ന രാജ്യത്തെ 15,000ത്തിലധികം ഐടിഐകളെക്കുറിച്ചു പരാമര്‍ശിച്ചു. വ്യവസായത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് കോഴ്സുകള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ഐടിഐകളുമായി സഹകരിക്കണമെന്ന് അദ്ദേഹം വ്യവസായ പ്രമുഖരോട് അഭ്യര്‍ത്ഥിച്ചു. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിന് പകരമായി പുതിയ വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവ് നല്‍കുന്ന ഗവണ്‍മെന്റിന്റെ സ്‌ക്രാപ്പേജ് നയത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.
എക്സ്പോ - ബിയോണ്ട് ബൗണ്ടറീസ് എന്ന ടാഗ്ലൈനിനെക്കുറിച്ചു പരാമര്‍ശിച്ച പ്രധാനമന്ത്രി, ഇത് ഇന്ത്യയുടെ ആത്മാവിനെ പ്രകടമാക്കുന്നു എന്നു പറഞ്ഞു. ''ഇന്നു നാം പഴയ തടസ്സങ്ങള്‍ തകര്‍ത്ത് ലോകത്തെ മുഴുവന്‍ ഒരുമിച്ച് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ പങ്ക് വിപുലീകരിക്കാന്‍ നാം ആഗ്രഹിക്കുന്നു. ഇന്ത്യന്‍ വാഹനവ്യവസായത്തിന് മുന്നില്‍ സാധ്യതകളുടെ ഒരു ആകാശമുണ്ട്.'', അമൃതകാലത്തിന്റെ കാഴ്ചപ്പാടുമായി മുന്നോട്ടു പോകാനും ഇന്ത്യയെ ആഗോള നേതാവാക്കി മാറ്റാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കര്‍ഷകരുടെ സഹകരണത്തോടെ റബറിന്റെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കണമെന്ന് ടയര്‍ വ്യവസായത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയിലെ കര്‍ഷകരിലുള്ള തന്റെ വിശ്വാസം ഊന്നിപ്പറഞ്ഞ അദ്ദേഹം, സംയോജിതവും സമഗ്രവുമായ സമീപനത്തിനായി വാദിച്ചു. കള്ളിക്കുപുറത്തു കടന്നു ചിന്തിക്കാനും സഹകരിച്ചു ചിന്തിക്കാനും അദ്ദേഹം സദസ്സിനോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ എല്ലാ പ്രമുഖ രൂപകല്‍പനാ വിദഗ്ധരുടെയും സാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശിച്ച പ്രധാനമന്ത്രി, തദ്ദേശീയമായ രൂപകല്‍പനാ ശേഷികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വ്യവസായത്തോട് ആഹ്വാനം ചെയ്തു. യോഗയ്ക്ക് ആഗോളതലത്തില്‍ ലഭിച്ച സ്വീകാര്യത ഉദാഹരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 'നിങ്ങള്‍ സ്വയം വിശ്വസിക്കുമ്പോള്‍ ലോകം നിങ്ങളില്‍ വിശ്വസിക്കുന്നു', അദ്ദേഹം ഉപസംഹരിച്ചു.
മറ്റുള്ളവര്‍ക്കൊപ്പം കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയല്‍, കേന്ദ്ര റോഡ്, ഗതാഗത, ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി, കേന്ദ്ര ചെറുകിട, ഇടത്തരം വ്യവസായ മന്ത്രി നാരായണ് റാണെ, കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ശ്രീ ഹര്‍ദീപ് സിംഗ് പുരി കേന്ദ്ര ഘനവ്യവസായ മന്ത്രി ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പശ്ചാത്തലം
50-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 800-ലധികം പ്രദര്‍ശകര്‍ ഉള്ള എക്‌സ്‌പോ അത്യാധുനിക സാങ്കേതികവിദ്യകളും സുസ്ഥിരമായ പരിഹാരങ്ങളും ചലനാത്മകതയിലെ മുന്നേറ്റങ്ങളും ഉയര്‍ത്തിക്കാട്ടുന്നു. എക്സ്പോയില്‍ 28-ലധികം വാഹന നിര്‍മാതാക്കളുടെ പങ്കാളിത്തവും 600-ലധികം വാഹന ഘടക നിര്‍മാതാക്കളുടെ സാന്നിധ്യവും ഉണ്ട്. 13-ലധികം ആഗോള വിപണികളില്‍ നിന്നുള്ള 1000-ലധികം ബ്രാന്‍ഡുകള്‍ പരിപാടിയില്‍ അവരുടെ ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും സേവനങ്ങളും പ്രദര്‍ശിപ്പിക്കും.
പ്രദര്‍ശനത്തിനും കോണ്‍ഫറന്‍സുകള്‍ക്കുമൊപ്പം മൊബിലിറ്റി പരിഹാരങ്ങളില്‍ സമഗ്ര സമീപനം പ്രോത്സാഹിപ്പിക്കുന്ന, ദേശീയ, പ്രാദേശിക തലങ്ങളില്‍ സഹകരണം പ്രാപ്തമാക്കുന്നതിനുള്ള പ്രാദേശിക സംഭാവനകളും സംരംഭങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനു സംസ്ഥാനങ്ങള്‍ക്കായുള്ള സെഷനുകളും പരിപാടിയില്‍ ഉണ്ട്.
आज का भारत, 2047 तक विकसित बनने के लक्ष्य को लेकर आगे बढ़ रहा है: PM @narendramodi pic.twitter.com/ewrGSTQGfF
— PMO India (@PMOIndia) February 2, 2024
India is on the move, and is moving fast: PM @narendramodi pic.twitter.com/Gf3lRDx2mi
— PMO India (@PMOIndia) February 2, 2024
हम समुद्र और पहाड़ों को चुनौती देते हुए एक के बाद एक engineering marvel तैयार कर रहे हैं, वो भी record समय में: PM @narendramodi pic.twitter.com/g6xlcWZhxz
— PMO India (@PMOIndia) February 2, 2024
हमारी सरकार की Fame Scheme भी बहुत सफल रही है।
— PMO India (@PMOIndia) February 2, 2024
इसी स्कीम के तहत आज राजधानी दिल्ली समेत कई शहरों में हजारों इलेक्ट्रिक बसें चलनी शुरू हुई हैं: PM @narendramodi pic.twitter.com/RCsh4VF0CI
जो ट्रक चलाते हैं, जो टैक्सी चलाते हैं, वो ड्राइवर हमारी सामाजिक और आर्थिक व्यवस्था का एक अभिन्न हिस्सा हैं: PM @narendramodi pic.twitter.com/lwltLDzp1C
— PMO India (@PMOIndia) February 2, 2024