പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിൽ എത്തിയതിനുപിന്നാലെ പൊതുപരിപാടിയെ അഭിസംബോധന ചെയ്തു. ലക്ഷദ്വീപിലാണു പ്രധാനമന്ത്രിയുടെ ഇന്നു രാത്രിയിലെ വിശ്രമം.
ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ലക്ഷദ്വീപ് വാഗ്ദാനം ചെയ്യുന്ന അനന്തസാധ്യതകൾ എടുത്തുപറയുകയും സ്വാതന്ത്ര്യാനന്തരം ദീർഘകാലം ലക്ഷദ്വീപ് നേരിട്ട അവഗണന ചൂണ്ടിക്കാട്ടുകയും ചെയ്തു. കപ്പൽവ്യാപാരം പ്രദേശത്തിന്റെ ജീവനാഡിയായിരുന്നിട്ടും തുറമുഖ അടിസ്ഥാനസൗകര്യങ്ങൾ ദുർബലമാണെന്ന് അദ്ദേഹം പരാമർശിച്ചു. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയ്ക്കു പുറമേ പെട്രോളിനും ഡീസലിനുംവരെ ഇതു ബാധകമാണ്. ഇപ്പോൾ ഗവണ്മെന്റ് വികസനദൗത്യം കൃത്യമായി ആത്മാർഥതയോടെ ഏറ്റെടുത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. “എല്ലാ വെല്ലുവിളികളും നമ്മുടെ ഗവണ്മെന്റ് നീക്കം ചെയ്യുകയാണ്” - അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ അഗത്തിയിൽ നിരവധി വികസനപദ്ധതികൾ പൂർത്തിയാക്കിയതായും മത്സ്യത്തൊഴിലാളികൾക്ക് ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ഇപ്പോൾ അഗത്തിയിൽ ഒരു വിമാനത്താവളവും ഐസ് പ്ലാന്റും ഉണ്ട്. ഇതിലൂടെ സമുദ്രോൽപ്പന്ന കയറ്റുമതി, സമുദ്രോൽപ്പന്ന സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലയ്ക്കു പുതിയ സാധ്യതകൾ സൃഷ്ടിക്കപ്പെടുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ലക്ഷദ്വീപിൽനിന്നു ട്യൂണ മത്സ്യം കയറ്റുമതി ചെയ്യാൻ തുടങ്ങിയതു ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വർധിപ്പിക്കുന്നതിനു വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ വികസനപദ്ധതികൾ പരാമർശിക്കവേ, ലക്ഷ്വദ്വീപ് നിവാസികളുടെ വൈദ്യുതി - ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സൗരോർജ നിലയവും വ്യോമയാന ഇന്ധന ഡിപ്പോയും ഉദ്ഘാടനത്തെ കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. അഗത്തി ദ്വീപിലെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കൽ പദ്ധതി സമ്പൂർണമാക്കുന്നതു സംബന്ധിച്ചു പ്രധാനമന്ത്രി സംസാരിക്കുകയും പാവപ്പെട്ടവർക്കു വീടുകൾ, ശൗചാലയങ്ങൾ, വൈദ്യുതി, പാചകവാതകം എന്നിവ ഉറപ്പാക്കാനുള്ള ഗവണ്മെന്റിന്റെ ശ്രമങ്ങൾ ആവർത്തിക്കുകയും ചെയ്തു. ‘‘അഗത്തി ഉൾപ്പെടെ, ലക്ഷദ്വീപിന്റെയാകെ വികസനത്തിനായി ഇന്ത്യാഗവൺമെന്റ് പൂർണ പ്രതിബദ്ധതയോടെ പ്രവർത്തിക്കുകയാണ്’’ - ലക്ഷദ്വീപിലെ ജനങ്ങൾക്കുള്ള കൂടുതൽ വികസനപദ്ധതികൾക്കായി കവരത്തിയിൽ നാളെ നടക്കുന്ന പരിപാടി പരാമർശിച്ചു ശ്രീ മോദി ഉപസംഹരിച്ചു.
പശ്ചാത്തലം
ലക്ഷദ്വീപ് സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി 1150 കോടിയിലധികം രൂപയുടെ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്യും.
കടലിനടിയിലൂടെയുള്ള കൊച്ചി-ലക്ഷദ്വീപ് ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന്‍ (കെഎല്‍ഐ - എസ്ഒഎഫ്‌സി) പദ്ധതിക്കു തുടക്കമിട്ടു ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ഇന്റര്‍നെറ്റിന്റെ വേഗതയില്ലായ്മ എന്ന വെല്ലുവിളി മറികടക്കാന്‍ പ്രധാനമന്ത്രി തീരുമാനിക്കുകയും 2020 ഓഗസ്റ്റില്‍ ചുവപ്പുകോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. പൂര്‍ത്തിയായ ഈ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് ഇന്റര്‍നെറ്റ് വേഗത 100 മടങ്ങില്‍ കൂടുതല്‍ (1.7 ജിബിപിഎസില്‍നിന്ന് 200 ജിബിപിഎസിലേക്ക്) വർധിപ്പിക്കും. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണു ലക്ഷദ്വീപിനെ കടലിനടിയിലൂടെയുള്ള ഒപ്റ്റിക് ഫൈബര്‍ കേബിള്‍വഴി ബന്ധിപ്പിക്കുന്നത്. വേഗതയേറിയതും വിശ്വസനീയവുമായ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ടെലിമെഡിസിന്‍, ഇ-ഗവേണന്‍സ്, വിദ്യാഭ്യാസസംരംഭങ്ങള്‍, ഡിജിറ്റല്‍ ബാങ്കിങ്, ഡിജിറ്റല്‍ കറന്‍സി ഉപയോഗം, ഡിജിറ്റല്‍ സാക്ഷരത മുതലായവ പ്രാപ്തമാക്കുന്ന കടലിനടിയിലൂടെയുള്ള സമര്‍പ്പിത ഒപ്റ്റിക് ഫൈബര്‍ കേബിള്‍, ലക്ഷദ്വീപ് ദ്വീപസമൂഹത്തിലെ ആശയവിനിമയ അടിസ്ഥാനസൗകര്യങ്ങളില്‍ മാതൃകാപരമായ മാറ്റം ഉറപ്പാക്കും,
കുറഞ്ഞ താപനിലയില്‍ കടല്‍ വെള്ളത്തില്‍നിന്ന് ഉപ്പു വേര്‍തിരിക്കുന്ന നിലയം (എല്‍ടിടിഡി) കദ്മത്ത് പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. ഇതു പ്രതിദിനം 1.5 ലക്ഷം ലിറ്റര്‍ ശുദ്ധമായ കുടിവെള്ളം ഉൽപ്പാദിപ്പിക്കും. അഗത്തി, മിനിക്കോയ് ദ്വീപുകളിലെ എല്ലാ വീടുകളിലും പ്രവര്‍ത്തനക്ഷമമായ കുടിവെള്ള പൈപ്പ് കണക്ഷനുകളും (എഫ്എച്ച്‌ടിസി) പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും. പവിഴപ്പുറ്റായതിനാല്‍ ഭൂഗര്‍ഭജല ലഭ്യത ലക്ഷദ്വീപില്‍ വളരെ പരിമിതമാണ്. അതിനാല്‍ ലക്ഷദ്വീപ് ദ്വീപുകളില്‍ കുടിവെള്ള ലഭ്യത എപ്പോഴും വെല്ലുവിളിയായിരുന്നു. ദ്വീപുകളുടെ വിനോദസഞ്ചാരശേഷി ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക തൊഴിലവസരങ്ങള്‍ വർധിപ്പിക്കുന്നതിനും ഈ കുടിവെള്ള പദ്ധതികള്‍ സഹായിക്കും.
ഡീസല്‍ അധിഷ്ഠിത ഊര്‍ജ ഉൽപ്പാദനനിലയത്തെ ആശ്രയിക്കുന്നതു കുറയ്ക്കാന്‍ സഹായിക്കുന്ന, ലക്ഷദ്വീപിലെ ആദ്യത്തെ ബാറ്ററി പിന്തുണയുള്ള, സൗരോര്‍ജ പദ്ധതിയായ കവരത്തിയിലെ സൗരോര്‍ജ നിലയം; കവരത്തിയിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ (ഐആര്‍ബിഎന്‍) കോംപ്ലക്സിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും പുരുഷന്മാര്‍ക്കായി 80 ബാരക്കും രാജ്യത്തിനു സമർപ്പിച്ചിരിക്കുന്ന മറ്റു പദ്ധതികളില്‍ ഉള്‍പ്പെടുന്നു.
കല്‍പ്പേനിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനും അന്ദ്രോത്ത്, ചെത്‌ലാത്ത്, കദ്മത്ത്, അഗത്തി, മിനിക്കോയ് എന്നീ അഞ്ചു ദ്വീപുകളില്‍ അഞ്ചു മാതൃകാ അങ്കണവാടികളുടെ (നന്ദ് ഘര്‍) നിര്‍മാണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.
Furthering development of Lakshadweep. pic.twitter.com/1ewwVAwWjr
— PMO India (@PMOIndia) January 2, 2024
The Government of India is committed for the development of Lakshadweep. pic.twitter.com/OigU87M2Tn
— PMO India (@PMOIndia) January 2, 2024