പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ ലോകാരോഗ്യ അസംബ്ലിയുടെ 76-ാം സമ്മേളനത്തെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, സന്നിഹിതരായ ഏവർക്കും ഊഷ്മളമായ ആശംസകൾ നേർന്നു. 75 വർഷം ലോകത്തെ സേവിക്കുക എന്ന ചരിത്രപരമായ നേട്ടത്തിലെത്തിയ ലോകാരോഗ്യ സംഘടനയെ അഭിനന്ദിക്കുകയും ചെയ്തു. സേവനത്തിന്റെ നൂറുവർഷത്തിലേക്കു പോകുന്ന ലോകാരോഗ്യ സംഘടന, അടുത്ത 25 വർഷത്തേക്കായുള്ള ലക്ഷ്യങ്ങൾ നിശ്ചയിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ആരോഗ്യസംരക്ഷണരംഗത്തെ കൂടുതൽ സഹകരണത്തിന് ഊന്നൽ നൽകിയ പ്രധാനമന്ത്രി, കോവിഡ്-19 മഹാമാരിക്കാലത്തെ ആഗോള ആരോഗ്യഘടനയിലെ വിടവുകൾ ചൂണ്ടിക്കാട്ടി. അതിജീവനശേഷിയുള്ള ആഗോള സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിലും ആഗോള ആരോഗ്യ തുല്യത വർധിപ്പിക്കുന്നതിലും കൂട്ടായ പരിശ്രമത്തിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു. അന്താരാഷ്ട്ര സഹകരണത്തിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഉയർത്തിക്കാട്ടിയ ശ്രീ മോദി, ഗ്ലോബൽ സൗത്തിലെ നിരവധി രാജ്യങ്ങൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിലേക്ക് ഏകദേശം 300 ദശലക്ഷം ഡോസ് കോവിഡ്-19 വാക്സിനുകൾ രാജ്യം കയറ്റിയയച്ചതായി അറിയിച്ചു. വരുംവർഷങ്ങളിൽ വിഭവങ്ങളുടെ തുല്യലഭ്യതയെ പിന്തുണയ്ക്കുന്നതിന് ലോകാരോഗ്യ സംഘടന പ്രഥമ പരിഗണന നൽകുമെന്നു പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
"രോഗത്തിന്റെ അഭാവം നല്ല ആരോഗ്യത്തിനു തുല്യമല്ലെന്ന് ഇന്ത്യയുടെ പരമ്പരാഗത ജ്ഞാനം പറയുന്നു"- ഏവരും രോഗങ്ങളിൽ നിന്ന് മുക്തരാകുക മാത്രമല്ല, സൗഖ്യത്തിലേക്കുള്ള ചുവടുവയ്പുകൂടി നടത്തണമെന്ന് സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. യോഗ, ആയുർവേദം, ധ്യാനം തുടങ്ങിയ പരമ്പരാഗത സമ്പ്രദായങ്ങളുടെ നേട്ടങ്ങൾ എടുത്തുകാട്ടിയ പ്രധാനമന്ത്രി, ആരോഗ്യത്തിന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ വശങ്ങളെ ഇത് അഭിസംബോധന ചെയ്യുന്നുവെന്ന് വിശദീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ പരമ്പരാഗത വൈദ്യശാസ്ത്രത്തിനായുള്ള ആദ്യ ആഗോള കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കുന്നതിൽ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചു. ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിൽ അന്താരാഷ്ട്ര ചെറുധാന്യ വർഷം നിർണായക പങ്ക് വഹിക്കുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
"വസുധൈവ കുടുംബകം" - ലോകത്തെ ഒരു കുടുംബമായി കാണാൻ നമ്മെ പഠിപ്പിക്കുന്ന ഇന്ത്യയിലെ പുരാതന വിശുദ്ധഗ്രന്ഥങ്ങൾ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ജി 20 പ്രമേയം പരാമർശിച്ച അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാട് ‘ഏകഭൂമി ഏകാരോഗ്യം’ ആണെന്നും പറഞ്ഞു. ഇന്ത്യയുടെ കാഴ്ചപ്പാട് കേവലം മനുഷ്യരിൽ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും, മൃഗങ്ങളും സസ്യങ്ങളും പരിസ്ഥിതിയും ഉൾപ്പെടെയുള്ള മുഴുവൻ ആവാസവ്യവസ്ഥയിലേക്കും വ്യാപിക്കുന്നതാണെന്നും ശ്രീ മോദി പറഞ്ഞു. നമ്മുടെ മുഴുവൻ ആവാസവ്യവസ്ഥയും ആരോഗ്യകരമാകുമ്പോൾ മാത്രമേ നമുക്ക് ആരോഗ്യമുള്ളവരാകാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യപരിരക്ഷയുടെ ലഭ്യത, പ്രാപ്യത, താങ്ങാവുന്ന നിരക്ക് എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടിയ പ്രധാനമന്ത്രി, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാപദ്ധതിയായ ആയുഷ്മാൻ ഭാരത്, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ വൻതോതിലുള്ള വർധന, രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ശുചിത്വവും കുടിവെള്ളവും ലഭ്യമാക്കാനുള്ള യജ്ഞം എന്നിവയുടെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ പല ശ്രമങ്ങളും രാജ്യത്തിന്റെ അവസാനകോണിലും ആരോഗ്യം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് അടിവരയിട്ടു പറഞ്ഞ പ്രധാനമന്ത്രി, വൈവിധ്യത്തിന്റെ അളവിനനുസരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യയുടെ സമീപനം മറ്റ് രാജ്യങ്ങൾക്കും ചട്ടക്കൂടായി മാറുമെന്ന് ചൂണ്ടിക്കാട്ടി. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ സമാനശ്രമങ്ങൾക്ക് ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കാനും ശ്രീ മോദി താൽപ്പര്യം പ്രകടിപ്പിച്ചു.
പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, എല്ലാവർക്കും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് 75 വർഷമായി ലോകാരോഗ്യ സംഘടന നടത്തുന്ന ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഭാവിയിൽ വരാനിരിക്കുന്ന വെല്ലുവിളികളിൽ ലോകാരോഗ്യ സംഘടന പോലുള്ള ആഗോള സ്ഥാപനങ്ങളുടെ പങ്ക് കൂടുതൽ പ്രാധാന്യമുള്ളതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. "ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളെയും സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്" - പ്രധാനമന്ത്രി ഉപസംഹരിച്ചു.