പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി കേന്ദ്ര മന്ത്രിമാരുമായി ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി.
മന്ത്രിമാരുടെ നേതൃത്വപരമായ പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും കൊവിഡ് 19ന് എതിരായ പോരാട്ടത്തിനു നയം രൂപീകരിക്കുന്നതിന് അവരില്‍ നിന്നുള്ള വിവരങ്ങള്‍ ഫലപ്രദമായെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. താഴേത്തട്ടിലെ സ്ഥിതി അറിയിക്കുകയും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍ സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളുമായി, പ്രത്യേകിച്ചും പകര്‍ച്ചവ്യാധി ഹോട്‌സ്‌പോട് ജില്ലകളുമായി നേതാക്കള്‍ സമഗ്ര ആശയവിനിമയം നടത്തേണ്ടത് അനിവാര്യമാണ്. പൊതുവിതരണ കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഫലപ്രദമായ മേല്‍നോട്ടം വേണം. പരാതികളില്‍ നടപടിയെടുക്കുകയും കരിഞ്ചന്തയും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും തടയുകയും വേണം.
കര്‍ഷകരുടെ ക്ഷേമത്തിനു വലിയ പ്രാധാന്യമാണുള്ളത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. വിളവെടുപ്പു കാലത്ത് കര്‍ഷകര്‍ക്ക് സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് സാങ്കേതിവിദ്യയുടെ സഹായം ഉപയോഗപ്പെടുത്തുകയും 'ട്രക്ക് അഗ്രഗേറ്റേഴ്‌സ്' പോലുള്ള നവീന പദ്ധതികളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യണം. ഓണ്‍ലൈന്‍, ആപ്പ് അധിഷ്ഠിത ടാക്‌സികള്‍ പോലെ കര്‍ഷകരെ വിപണിയുമായി ബന്ധിപ്പിക്കുന്നതാകണം ഇത്. ആദിവാസി വിഭാഗങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിന് ഒരു നയപരിപാടി രൂപപ്പെടുത്തേണ്ടത് ആവശ്യമാണ് എന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു; അങ്ങനെ ചെയ്താല്‍ മാത്രമേ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് തദ്ദേശീയ വിഭവങ്ങള്‍കൊണ്ട് ഉപജീവനം സാധ്യാമാവുകയുള്ളു.
അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ആനുകൂല്യം ലഭിക്കുന്നുവെന്ന് സ്ഥിരമായി നിരീക്ഷിച്ച് ഉറപ്പു വരുത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. രോഗാണു വ്യാപനം ഇനിയും വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്തു വേണം പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടത്. അവശ്യ മരുന്നുകളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ഉല്‍പ്പാദനം മുടങ്ങാതിരിക്കാന്‍ സ്ഥിരം മേല്‍നോട്ടം ഉണ്ടായിരിക്കണം. വിതരണ ശൃംഖലയും അവശ്യ സാധനങ്ങളുടെ ലഭ്യതയും നിലനിര്‍ത്താന്‍ താഴേത്തട്ടിലുള്ള ആസൂത്രണം അനിവാര്യമാണ്.
ലോക്ഡൗണ്‍ നടപടികളും സാമൂഹിക അകലം പാലിക്കല്‍ പ്രവര്‍ത്തനങ്ങളും കൈമാറി കൈമാറി എല്ലാവരിലും എത്തണം എന്ന് ചൂണ്ടിക്കാണിക്കവേ, ലോക്ഡൗണ്‍ അവസാനിക്കുമ്പോഴത്തെ അടിയന്തര ആവശ്യകതകള്‍ തിരിച്ചറിയുന്ന തന്ത്രം രൂപപ്പെടേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്ഡൗണ്‍ അവസാനിക്കുമ്പോള്‍ ഉണ്ടാകേണ്ട പ്രധാനപ്പെട്ട പത്ത് തീരുമാനങ്ങളുടെയും പത്ത് മുന്‍ഗണനാ മേഖലകളുടെയും പട്ടിക തയ്യാറാക്കണമെന്ന് മന്ത്രിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ മന്ത്രാലയങ്ങളില്‍ നടപ്പാക്കാതെ കെട്ടിക്കിടക്കുന്ന വിഷയങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ഇത് അവസരമാക്കണം. നിലവിലെ വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് മറ്റു രാജ്യങ്ങള്‍ക്ക് നമ്മെ ആശ്രയിക്കാന്‍ കഴിയുന്ന പാഠങ്ങള്‍ നമ്മുടെ രാജ്യത്തിന് ആവശ്യമാണ്. ഇന്ത്യയില്‍ നിര്‍മിക്കൂ ദൗത്യം പ്രോല്‍സാഹിപ്പിക്കുന്നതിന് തങ്ങളുടെ പ്രവര്‍ത്തനം ഏതുവിധമാണ് ഉപകരിക്കുക എന്നതില്‍ വകുപ്പുകള്‍ ഒരു ലക്ഷ്യ സൂചിക തയ്യാറാക്കണം.
കൊവിഡ്19ന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിലാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത്, കൊവിഡ് 19 രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് ഉണ്ടാക്കിയ പ്രത്യാഘാതം പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു; മന്ത്രിമാര്‍ ഒരു നടപടിത്തുടര്‍ച്ചാ പദ്ധതി തയ്യാറാക്കണം. വൈദ്യശാസ്ത്ര മേഖലയ്ക്ക് സ്വാശ്വയത്വം നേടാന്‍ ഈ പ്രതിസന്ധി ഒരു അവസരം കൊണ്ടുവന്നു കൊടുത്തിരിക്കുകയാണ്. ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കാന്‍ മന്ത്രിമാര്‍ പ്രായോഗിക പദ്ധതികള്‍ സമര്‍പ്പിക്കണം; ഇന്ത്യയുടെ കയറ്റുമതിശൃംഖലയില്‍ പുതിയ മേഖലകളെയും രാജ്യങ്ങളെയും കൂട്ടിച്ചേര്‍ക്കണം. പകര്‍ച്ചവ്യാധിയേക്കുറിച്ചുള്ള വിവകങ്ങളും അവബോധവും കൂടുതല്‍ വ്യാപിപ്പിക്കാന്‍ ആരോഗ്യസേതു ആപ്പ് ഗ്രാമങ്ങളിലും താഴേത്തട്ടിലുള്ള സ്ഥാപനങ്ങളിലും ജനകീയമാക്കണമെന്ന് പ്രധാനമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടു.
'9 മണിക്ക് 9 മിനിറ്റ്' സംരഭത്തെ മന്ത്രിമാര്‍ അഭിനന്ദിച്ചു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ജനങ്ങള്‍ പകര്‍ച്ചവ്യാധിക്ക് എതിരായ ഈ യുദ്ധത്തില്‍ ഒറ്റ മനസ്സോടെ പങ്കാളികളായി. ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പരിഭ്രാന്തി സൃഷ്ടിക്കുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും അവശ്യ സാധനങ്ങളുടെ വിതരണ ശൃംഖല നിലനിര്‍ത്താനും മുന്നണിയില്‍ നില്‍ക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പരിഹരിക്കുന്നതിനും പ്രധാനമന്ത്രി നടത്തുന്ന ശ്രമങ്ങളെ മന്ത്രിമാര്‍ അഭിനന്ദിച്ചു.
രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളി സംബന്ധിച്ച്ു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിശദമായ അവതരണം നടത്തി.
കേന്ദ്ര മന്ത്രിമാര്‍, പ്രിന്‍സിപ്പ്ല്‍ സെക്രട്ടറി, ക്യാബിനറ്റ് സെക്രട്ടറി, മറ്റു മുതിര്‍ന്ന കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആശയവിനിമയത്തില്‍ പങ്കെടുത്തു.